Sunday, July 27, 2008

പ്രതീക്ഷ



പറഞ്ഞു പഴകിയ ഒരു കാര്യം..."പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍" എന്ന് വേണമെന്കില്‍ പറയാം..
****** ****** ****** ****** ******* ******* ******* ******* ******* ******

പ്രതീക്ഷയോടെ കലണ്ടറിലെ ദിവസങ്ങള്‍ വീണ്ടും അവള്‍ എണ്ണിക്കൂട്ടി.പതിനെട്ട്,പത്തൊമ്പത്,ഇരുപത്....വീണ്ടും മാസത്തിലെ ആ ദിനങ്ങള്‍ വരുന്നു.നാട്ടില്‍ നിന്നു അമ്മമാര്‍ വിളിക്കുമ്പോള്‍ എന്ത് പറയും?ദൈവമേ,ഇത്തവണയെങ്കിലും കൈവിടല്ലേ..എത്ര നാളായി ഇങ്ങനെ ഈ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിന്നു കലണ്ടറിലെ പേജുകള്‍ എണ്ണി തുടങ്ങിയിട്ട്?ഇതു കൃത്യം എട്ടാമത്തെ വര്‍ഷം.എട്ടുവര്‍ഷമായി,താന്‍ വായുവില്‍ വിരല്‍ കൊണ്ടു എഴുതിയും,മായ്ച്ചും,അതെ വിരലുകള്‍ നിവര്‍ത്തിയും,മടക്കിയും ഓരോ മാസത്തെയും ആ ദിനങ്ങളെ പ്രതീക്ഷയോടെ എണ്ണുന്നത്. പ്രായമാണെങ്കില്‍ കൂടി വരുന്നു...കാലികമായ മാറ്റങ്ങളെ എന്നും അംഗീകരിച്ചേ തീരൂ..എങ്കിലും...

"മടുത്തോ തനിക്ക്?" അയാള്‍ ചോദിച്ചു."ഇല്ല, എങ്കിലും....." ആ 'എങ്കിലും' പിന്നീടുള്ള അവരുടെ സംഭാഷണത്തെ എവിടെയോ മുറിച്ചു.മനസ്സിന്‍റെ ഇടുങ്ങിയ അകത്തളങ്ങളില്‍, അവയുടെ മൂലകളില്‍ മാറാല പിടിച്ചു തുടങ്ങിയിരിക്കുന്നു എന്നത് സത്യം തന്നെ.തിങ്കളാഴ്ച വീണ്ടും ഡോക്ടറെ കാണണം.എന്നും ഒരേ വാചകങ്ങള്‍ തന്നെ.."പ്രതീക്ഷ കൈവിടണ്ട.രണ്ടാള്‍ക്കും ഒരു കുഴപ്പവും ഇല്ല.നമ്മള് മാത്രം വിചാരിച്ചാല്‍ പോരല്ലോ,ദൈവം എല്ലാം നിശ്ചയിച്ചു വച്ചിട്ടുണ്ടാകും." ചിരിക്കാനുള്ള വിമുഖത,ഡോക്ടറുടെ മുഖത്ത് പ്രകടമായിരുന്നു എന്നും...

പതിവുപോലെ അയാളുടെ അമ്മ വിളിച്ചു."പാരമ്പര്യമായി,ഈ തറവാട്ടില്‍ ആര്ക്കും കുട്ടികളില്ലാതില്ല.അതിപ്പോ,എന്റെ തറവാട്ടിലും,അവന്‍റെ അച്ഛന്റെ തറവാട്ടിലും പ്രസവിക്കാത്ത പെണ്ണുങ്ങള്‍ ഇല്ല.എന്താപ്പോ ചെയ്യ്വാ?ഡോക്ടറെ കണ്ടോ നീയ്?എന്താ പറഞ്ഞെ?" എന്നത്തേയും പോലെ,അവളെ അവര് സംസാരിക്കാന്‍ അനുവദിക്കാതെ,ഉള്ളിലുള്ള പരിഭവം മുഴുവന്‍ എണ്ണിതീര്ത്തു ഫോണ്‍ വെച്ചു.

ഇനി അടുത്ത ഊഴം തന്‍റെ അമ്മയ്ക്കാണ്."പിന്നെ,ഇന്നലെ ഭഗവതീടെ അമ്പലത്തില് തൊട്ടിലു കെട്ടി.മുപ്പെട്ടു വെള്ളീടന്നു വീണ്ടും ഉരുളി കമഴ്ത്തി.അവന് ഇനി എന്നാ ലീവ്?ഇനി വരുമ്പോ,ഗുരുവായൂര് ശയനപ്രദക്ഷിണം ചെയ്യിക്കാംന്നു നേര്ന്നുണ്ട്.ശിവന്‍റെ അമ്പലത്തിലെ നെയ്യ് ദിവസോം കഴിക്കണില്ലേ?മുടങ്ങാന്ടെ 'സന്താനഗോപാലം' ജപിച്ചോളൂ...നീയ് വിഷമിക്യൊന്നും വേണ്ട.കല്യാണം കഴിഞ്ഞു ,പത്തും,ഇരുപതും കൊല്ലം കഴിഞ്ഞട്ട് കുട്ടികളുണ്ടായിരിക്കുന്നൂന്ന് എത്രടത്ത് വായിച്ചിരിക്കുണൂ”

ജോമോനും ഡെയിസിയും ഡിന്നറിനു വന്നപ്പോള്‍ പറഞ്ഞ ആ വാചകം അവളുടെ മനസ്സിനുള്ളില്‍ മാറ്റൊലി കൊള്ളിച്ചു. ലോ വെയിസ്റ്റ് ജീന്‍സും,ശരീരത്തിലെ അവയവ മുഴുപ്പ് കാണിക്കുന്ന ടോപ്പും ഇട്ടു വന്ന അവള്‍ തികച്ചും സന്തോഷവതിയായിരുന്നു.പക്ഷെ,അതിനിടയില്‍ ഡെയിസിക്കും ,തന്നെപോലെ ചില കുറവുകള്‍ ഉണ്ടെന്നു കണ്ടുപിടിച്ചത് വെറും മണ്ടത്തരം.ഇടയ്ക്കെപ്പോഴോ അവള്‍ ഡെയിസിയോട് പറഞ്ഞു,"ഒരുകണക്കിന് നമ്മള്‍ തുല്യ ദു:ഖിതരാ അല്ലെ?സാരല്യ,ദൈവം എപ്പോഴും അത്ഭുതങ്ങള്‍ കാണിക്കുന്ന ആളല്ലേ?"...ചക്രവാള സീമയിലേക്ക് ഉറ്റു നോക്കിക്കൊണ്ട്‌ അവള്‍ കുലുങ്ങി ചിരിച്ചു.ചിരി അമര്‍ത്തിക്കൊണ്ടു അവള്‍ പറഞ്ഞു,"നീയിത്ര പൊട്ടിയായി പോയല്ലോ,ഞങ്ങള് പ്ലാനിങ്ങിലാ.ഇത്ര ചെറുപ്പത്തിലെ ഒരു കുട്ടി!!! ഞങ്ങളതിനെ കുറിച്ചു ചിന്തിച്ചിട്ട് പോലും ഇല്ല,മെന്റലി ഒരു കുഞ്ഞിന്‍റെ പാരെന്റ്സ് ആവാന്‍ ഞങ്ങള് പ്രീപ്പേര്‍ ചെയ്തിട്ടില്ല." ഇത്ര ചെറുപ്പമോ?മുപ്പതു വയസ്സ് ഒരു ചെറുപ്പമാണോ?ഒരു അമ്മയാവാന്‍ മുപ്പതു വയസ്സ് പോരെ?തന്‍റെ കളിക്കൂട്ടുകാരിയും,അവളുടെ ഭര്‍ത്താവും ഇത്ര പച്ചപരിഷ്കാരികളായത് അറിഞ്ഞതേയില്ല. പരിഹാസമായോ,അതോ അഹങ്കാരമായോ ഏത് ഭാവത്തിലാണ് ആ ചിരി തന്‍റെ കാതുകളില്‍ അലച്ചതെന്നു അപ്പോള്‍ അവള്‍ക്ക് മനസ്സിലായില്ല.

അവളുടെ കവിള്‍ത്തടത്തില്‍ മൃദുവായി തലോടിക്കൊണ്ട് അയാള്‍ പറഞ്ഞു,"സാരല്യ,നമ്മള്‍ എന്നും ഒരു ബിന്ദുവിനെ കേന്ദ്രമാക്കികൊണ്ട് മാത്രമാ ചിന്തിക്കുന്നതും,ജീവിക്കുന്നതും,ശ്വസിക്കുന്നത് പോലും..അതല്ലേ അങ്ങനെ പറഞ്ഞതു?നമുക്കൊന്ന് നാട്ടില്‍ പോകാം,ഒന്നു ഫ്രെഷ് ആയി വരാം"..."ഇല്ല,ഞാനില്ല.നാട്ടുകാരുടെയും,വീട്ടുകാരുടെയും മുന്നില്‍ ഞാനൊരു വലിയ ചോദ്യ ചിഹ്നമായി നില്‍ക്കണ്ടേ?വയ്യ,എന്‍റെ ഉള്ളിലെ തീയണയ്ക്കാന്‍ ഒന്നിനും ആവില്ലെന്ന് തോന്നുന്നു."അവള്‍ നിരാശയോടെ പറഞ്ഞു. "അതൊന്നും സാരല്യ. നമ്മളെന്തായാലും പോണൂ.ക്ലൈമറ്റ് ചേഞ്ച്‌ നല്ലതാണെന്ന് ഡോക്ടറും പറഞ്ഞതല്ലേ?" അയാള്‍ അവളെ ആശ്വസിപ്പിച്ചു.

വിചാരിച്ചതുപോലെ തന്നെ ഉത്തരമില്ലാത്ത ചോദ്യങ്ങളും,കീറാമുട്ടികളായ പ്രസ്താവനകളും അവരുടെ തലയ്ക്കു മുകളില്‍ ചിറകടിച്ചു പറന്നു."നിരാശപ്പെടണ്ട.വായ്ക്കരീടാനെന്കിലും ഒന്നിനെ ദൈവം തരാണ്ടിരിക്കില്യ....തലമുറ അന്യം നിന്നു പോയാ എന്താ ചെയയ്വ?...സഹതാപത്തിന്റെ നിലയില്ലാ കയങ്ങളില്‍ നില്‍ക്കകള്ളിയില്ലാതെ അവര്‍ മുങ്ങി താണു. "എനിക്ക് കുട്ടികളുണ്ടാവാഞ്ഞിട്ടാണോ?ആണും,പെണ്ണും ഒക്കെ ആയി എനിക്കും തന്നില്ലേ ഏഴ് എണ്ണത്തിനെ?എന്നിട്ടിപ്പോ എന്താ കാര്യണ്ടായെ?മരുന്നിനു പോലും ഒരെണ്ണം ഇവിടുണ്ടോ?എല്ലാരും പോയീല്യെ,അവരോരടെ പാടും നോക്കീട്ട്?മക്കളുണ്ടായാ മാത്രം പോര,അവറ്റെ കൊണ്ടു നമ്മക്ക് ഉപകാരംണ്ടാവും കൂടീം വേണം.എന്‍റെ അവസ്ഥ നീ നോക്ക്.നീയെന്തിനാ വെറുതെ വിഷമിക്കണേ?ഞാന്‍ പറയാച്ചാ,കുട്ട്യോളില്യാതേന് നീയിങ്ങനെ സങ്കടപ്പെടാന്‍ ഒന്നൂല്യ.നിനക്കു അവനും,അവന് നീയും ഇല്യേ?"..ചെറിയമ്മ നീട്ടിപരത്തി പറഞ്ഞതു ശരിയാണെന്ന് തോന്നി."അതെ,അങ്ങനെയൊക്കെ ചിന്തിച്ചു നമുക്കു ആശ്വസിക്കാം.പൊതുവായ നിരീക്ഷണത്തിലൂടെ കിട്ടിയ അറിവോടെ അയാള്‍ അവളോടെ പറഞ്ഞു.

അവളതോന്നും കേള്‍ക്കുന്നെയില്ലായിരുന്നു.എന്നും,എപ്പോഴും ബന്ധങ്ങളുടെ തീവ്രത രുചിച്ചറിഞ്ഞിരുന്നത് കൊണ്ടുതന്നെ ആ മാനസിക സംഘര്ഷാവസ്ഥയിലും അവള്‍ തന്‍റെ ഉള്ളില്‍ ഒരു സ്നേഹ മര്‍മ്മരം കാത്തിരുന്നു.അവളുടെ ജീവിതത്തിന്റെ ഭാഗമായ ആ കലണ്ടറില്‍ കൂട്ടിയും,കിഴിച്ചും,എണ്ണിയും അക്കങ്ങള്‍ തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു, സ്വപ്നങ്ങുടെ ഗര്‍ഭഭാരത്തിനു താങ്ങാവുന്നതിനേക്കാള്‍ കനം കൂടുതലാണെന്ന് അവള്ക്കറിയാമായിരുന്നിട്ടും...... "സര്‍പ്പദോഷം ഉണ്ടെന്നാ ജ്യോല്‍സ്യര് പറഞ്ഞതു.അയാള് പറഞ്ഞതുപോലെ ഒരു കളം നടത്താം.ഇനി അതിന്‍റെ ഒരു കുറവ് വേണ്ട.ലീവ് ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്." തലമുറയുടെ പുതു നാമ്പിനായി ,മരണശേഷം ആരും കൊതിക്കുന്ന ഒരു ഉരുള ബലി ചോറിനായി.....എന്ത് വിട്ടു വീഴ്ചയ്ക്കും അയാളും തയ്യാറായി.


പരസ്യമാണ് ....എന്നാലും ഇതൊന്നുhttp://chokklitales.blogspot.com/ നോക്കണേ പ്ലീസ്....

Thursday, July 10, 2008

ഒരു തൊഴിലന്വേഷണം

ഇനി ഇയാള്‍ക്ക് ജോലിക്ക് പോവാലോ?മോള് സ്കൂളില്‍ പോയി തുടങ്ങിയില്ലേ?വിജയന്‍ അങ്കിള്‍ന്‍റെ ആ ചോദ്യത്തില്‍ പിടിച്ചു ഞാനങ്ങ് കയറി.ഭര്‍ത്താവിനോട് പറഞ്ഞു," എനിക്കും ജോലിക്ക് പോണംന്നേ..വീട്ടിലിരുന്നു മടുത്തു.ഇനി,നാട്ടില്‍ തിരിച്ചെത്തി,എന്‍റെ പഴയ ജോലിയില്‍ എന്ന് ജോയിന്‍ ചെയ്യാനാ?" മൂപ്പര് പറഞ്ഞു,"നിനക്കു പിന്നെ വേഗം ജോലി കിട്ടും,ഡിമാന്ടസ് അത്ര കുറച്ചല്ലേ ഉള്ളൂ..ഉച്ചവരെയേ വര്‍കിംഗ് അവേര്സ് പാടുള്ളൂ,വെള്ളി,ശനി അവധി വേണം,ജോലിയില്ലേലും ശമ്പളം വേണം,അമ്മയെ കാണാന്‍ തോന്നുമ്പോ നാട്ടില്‍ പോണം,പറ്റുന്ന ദിവസമൊക്കെ ലീവ് എടുക്കണം,ബി.എഡ്. കഴിഞ്ഞ നിനക്കു ടീച്ചിംഗ് നോട്സ്‌ എഴുതാന്‍ പറ്റില്ല.അതുകൊണ്ട് ജോലി സ്കൂളില്‍ വേണ്ട.ഇത്രയൊക്കെയല്ലേ ഉള്ളൂ.."

"ഊം..ഊം..ഊം.. കളിയാക്കിയതാണ് അല്ലെ?വേണ്ട കേട്ടോ,പറ്റുമെങ്കില്‍ എനിക്ക് ഒരു ജോലി ശരിയാക്കി തരൂ. ഡിമാനട്സില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.വര്‍കിംഗ് അവേര്സ് ഞാന്‍ നാലുമണി വരെ നീട്ടിയിട്ടുണ്ട്.മതിയോ?ഇവിടെ,ബന്ദും,ഹര്‍ത്താലും,കല്യാണവും,ചോരൂണും ഒന്നും ഇല്ലല്ലോ..അപ്പൊ,ഇടക്കൊക്കെ ലീവ് എടുത്തെന്ന് വരും.” ഞാന്‍ തിരിച്ചടിച്ചു.കണവന്‍ എന്നത്തേയും പോലെ രാഷ്ട്രീയക്കാരെ വെട്ടിക്കുന്ന വിധത്തിലുള്ള പലതരം വാഗ്ദാനങ്ങളും വിളിച്ചു പറഞ്ഞു.ഉറപ്പ്.ഒരുമാസത്തിനുള്ളില്‍ നിനക്കു ജോയിന്‍ ചെയ്യാം.എല്ലാം ശരിയാക്കിയിട്ടുണ്ടെന്നെ.മാസങ്ങള്‍ പിന്നിട്ടതല്ലാതെ,ജോലി പോയിട്ട് ഒരു കുന്തോം കിട്ടിയില്ല.


അങ്ങനെയിരിക്കെ,"ഹോണ്ടയില്‍ കൊടുത്ത ബയോഡാറ്റാ അവര്‍ ആക്സെപ്റ്റ് ചെയ്തു.ഈ നമ്പരില്‍ ഒന്നു വിളിക്കണം"...വിജയന്‍ അങ്കിള്‍ തന്നെ വിളിച്ചു പറഞ്ഞപ്പോള്‍,.പറഞ്ഞ നമ്പരില്‍ വിളിക്കുന്നു,ഇന്റര്‍വ്യൂ ഡേറ്റ് ഫിക്സ് ചെയ്യുന്നു. ഭര്‍ത്താവിനെ വിളിക്കുന്നു.സന്തോഷം പങ്കു വയ്ക്കുന്നു.ഉറങ്ങിക്കിടന്ന മോളെ വിളിച്ചു എണീപ്പിച്ചു സംഗതി പറയുന്നു. കണ്ണ് മിഴിച്ചു അവള്‍ ചോദിച്ചു,"ശരിക്കും ജോലി കിട്ടിയോ?".."ശ്ശ്ശെ..ഇവളെന്താ ഇങ്ങനെ?ബി,ഒപ്ടിമിസ്റിക്..അമ്മയ്ക്ക് ജോലിയൊക്കെ കിട്ടും,നാളെ ഇന്റര്‍വ്യൂ നു പോണുണ്ട്." ഞാന്‍ വച്ചു കാച്ചി."അത്രേള്ളൂ,വാവച്ചു ഉറക്കം മതിയായില്ല." അവള് ചന്തിയും പൊക്കി,വീണ്ടും കമഴ്ന്നു കിടന്നു ഉറങ്ങി.


അയല്‍വാസിയായ ഗീത ചേച്ചി പറഞ്ഞു,"നന്നായി ഒരുങ്ങി പോകണം കേട്ടോ"..ഇതു കേട്ടപ്പോള്‍,ഭര്‍ത്താവ് ചോദിച്ചു,"എടീ, ചക്ക പോത്തെ....നീയെന്താ ഡാന്‍സ് കോംപടീഷന്‍ ആണോ പോണേ?"....അല്ലെങ്കിലും,സ്വന്തം ഭാര്യയെ ചക്ക പോത്തെന്നു വിളിക്കുന്ന ഒരേ ഒരു മനുഷ്യന്‍ ഇങ്ങേരായിരിക്കും.എന്‍റെ അച്ഛാച്ചന്‍ അച്ഛന്മ്മയെ "അതേയ്,പിന്നെ ഒരു കാര്യം"..ഇങ്ങനെ വിളിക്കുന്നതെ കേട്ടിട്ടുള്ളൂ..,അച്ഛന്‍ അമ്മയെ,"കുട്ടീ" എന്നും...ഇങ്ങേരു ഇതൊക്കെ ഇനി എവിടെ ചെന്നു പഠിക്കാനാ?ഇതു കേട്ടതോടെ,പിറ്റേന്ന് ഇട്ടു പോകാന്‍ എടുത്തു വച്ചിരുന്ന ഡ്രസ്സ് തിരികെ അലമാരയില്‍ തന്നെ കുത്തികേറ്റി.. ഇന്റര്‍വ്യൂ നു പോകുന്ന വഴി മൂപ്പര് എന്നോട് ചോദിച്ചു,"നീ ഇന്റര്‍വ്യൂന് ചെന്നിട്ടു അവിടെ പോയി മുട്ടയിട്വോ?"..ഈശ്വരാ!! സ്വന്തം ഭാര്യയുടെ കഴിവില്‍ ഇത്രേം വിശ്വാസം ഇല്ലാത്ത ഒരു മനുഷ്യന്‍ !!! ഇങ്ങേരെയാണല്ലോ,ഞാന്‍ കല്യാണം കഴിച്ചത്? എനിക്കിതു തന്നെ വേണം. "പിന്നെ,ചിലപ്പോ മുട്ടയിട്ടെന്നു വരും.ഇട്ടാല്‍ ഞാന്‍ അത് തരാം.പുഴുങ്ങി തിന്നേക്കണം കേട്ടോ." പറ്റുന്ന ഭാഷയില്‍ ഞാന്‍ തിരിച്ചടിച്ചു."പേടിക്കാതെ എല്ലാത്തിനും ആന്‍സര്‍ ചെയ്‌താല്‍ മതി"...എന്നോടൊന്നു സോപ്പിട്ടു.



ഓഫീസ് തപ്പിപിടിച്ച് കൃത്യ സമയത്തു തന്നെ എത്തി.മൂന്നു പേര്‍ എന്നോടായി തലങ്ങും,വിലങ്ങും ചോദ്യ ശരങ്ങള്‍!ഇടയ്ക്കിടക്ക് അവര്‍ തന്നെ പറയുന്നു,"പ്ലീസ് ഡോണ്‍ട് കന്‍സിഡേര്‍ ദിസ് ആസ് ആന്‍ ഇന്റര്‍വ്യൂ.ദിസ് ഇസ് ഒണ്‍ലി എ പേര്‍സണല്‍ ടോക്"..ഊം.ഇതു പേര്‍സണല്‍ ടോക് ആണെന്കില്‍,ഇവര് ഉദ്ദേശിക്കുന്ന ഇന്റര്‍വ്യൂ എന്താ?ബയോഡാറ്റയിലെ എം.എ.ഹിസ്റ്ററി കണ്ടിട്ടാണെന്ന് തോന്നുന്നു,മുഗള്‍ ഹിസ്റ്ററിയെ പറ്റി ചോദിച്ചിരിക്കുന്നു.അക്കൌണ്ട് സെക്ഷനിലെ പോസ്റ്റിനു മുഗള്‍ ഹിസ്റ്ററിയും ആയിട്ട് എന്ത് ബന്ധം?ഞാനും വിട്ടു കൊടുത്തില്ല.ഭര്‍ത്താവ് പറഞ്ഞതു അക്ഷരം പ്രതി അനുസരിച്ചു.എല്ലാത്തിനും ഉത്തരം വച്ചു കാച്ചി.എന്‍റെ ഉത്തരം കേട്ടിട്ട് ഞാനൊരു "മിസ്സിസ്.സര്‍ദാര്‍ജി " ആണ് എന്ന് തോന്നിയോ,എന്തോ?


വിവരം അവര്‍ രണ്ടു ദിവസത്തിനുള്ളില്‍ അറിയിക്കാം എന്ന് പറഞ്ഞു.ഇതു കേട്ടപ്പോള്‍ തന്നെ ഭര്‍ത്താവ് പറഞ്ഞു,സെലക്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുന്ടെന്കില്‍ അവര് ഇപ്പോള്‍ തന്നെ പറയും.".."അതെയോ?ശോ! ഞാന്‍ വിചാരിച്ചു,സാരമില്ല,ദോഹയിലെ എന്‍റെ ആദ്യത്തെ ഇന്റര്‍വ്യൂ എന്ന് ഓര്‍മകളില്‍ സൂക്ഷിച്ചു വക്കാം" ഞാന്‍ മൊഴിഞ്ഞു.ദിവസം മൂന്നു-നാല് കഴിഞ്ഞു .ഹോണ്ടയില്‍ നിന്നു ഒരു വിവരവും ഇല്ല.പ്രതീക്ഷ കൈ വിട്ടപ്പോഴാണ് അവര്‍ വിളിച്ചു പറഞ്ഞതു, നാളെ വന്നു ജോയിന്‍ ചെയ്യൂ എന്ന്.സന്തോഷം കൊണ്ടു ഞാന്‍ പറന്നു,പറന്നു ആകാശത്ത് എത്തി.അവിടെ എത്തിയപ്പോഴാണ് ഓര്‍ത്തത്‌,ആരെയും വിളിച്ചു പറഞ്ഞില്ലെന്നു.പറന്നു തന്നെ താഴെ ലാന്‍ഡ് ചെയ്തു. ഭര്‍ത്താവിനെ വിളിച്ചു പറയുന്നു,ഓര്‍കുടില്‍ കയറി സ്ക്രാപ്പ് ഇടുന്നു - നാളെ തൊട്ടു ജോലിക്ക് പോകുന്നു,ഇനി പണ്ടത്തെ പോലെ സ്ക്രാപ്പ് ഒന്നും പ്രതീക്ഷിക്കണ്ട എന്ന്.അഹങ്കാരം ഇത്തിരി കടന്നു പോയി.മൂഷികസ്ത്രീ പിന്നേം മൂഷികസ്ത്രീ ആകാന്‍ പോവുകയാണ് എന്ന് എനിക്കപ്പോള്‍ അറിയില്ലായിരുന്നു.ഞാന്‍ ശമ്പളമായി വാഗ്ദാനം ചെയ്ത റിയാലിനെ പതിനൊന്നു കൊണ്ടു ഗുണിച്ച്‌,ഇന്ത്യന്‍ രൂപയാക്കി നോക്കി,ഞാന്‍ തന്നെ എന്നില്‍ വലിയ മതിപ്പുളവാക്കി.

രാവിലെ ഏഴ് തൊട്ടു മൂന്നു മണിവരെയാണ് ഓഫീസ് ടൈം.ഓഫീസ് അങ്ങ് ഇന്ഡസ്ട്രിയല് ഏരിയയില്‍.ഇവിടെ നിന്നു കൃത്യം ഇരുപതു കിലോമീറ്റര്‍.ട്രാന്‍സ്പോര്‍ടെഷന്‍ ഉണ്ട്.ആദ്യത്തെ ദിവസമായത്‌ കൊണ്ടു ഹസ് കൊണ്ടു വിട്ടു.തിരിച്ചു അവരുടെ വണ്ടിയില്‍ വരാമല്ലോ..മൂന്നു മണി വരെ എങ്ങനെ അവിടെ ഇരുന്നു എന്നറിയില്ല.തേനീച്ച കൂട്ടില്‍ കയറിയ പോലെ.ആകെ ഒരു മൂളല്‍.ആര്ക്കും,ഒന്നിനും സമയം ഇല്ല.ഈ ലോകം അവരവരുടെ തലയിലാണെന്ന് ഓരോരുത്തര്‍ക്കും ഭാവം ഉള്ള പോലെ.നാളെ തൊട്ടു ഞാനും അങ്ങനെയാകും.നോ,സ്കോപ് ഫോര്‍ "പഞ്ചാര & പരദൂഷണം".നാട്ടിലെ സമാധാനം നിറഞ്ഞ സ്കൂളും,സ്റ്റാഫ് റൂമും ഓര്ത്തു പോയി.

മൂന്നു മണി കഴിഞ്ഞു ,ഡ്രൈവര്‍ വന്നു വിളിച്ചു.പോകാം.കാറ് പ്രതീക്ഷിച്ചു ചെന്നു.പക്ഷെ,കണ്ടത് ഒരു "മുട്ടന്‍ ബസ്സ്"!!! ശോ!! അയല്‍വാസി ചേച്ചി വരുന്നതു കാറിലാണല്ലോ???ഹൊ! ബസ്സെങ്കില്‍ ബസ്സ്...ഒന്നു വീട്ടിലെത്തിയാല്‍ മതി.അയ്യോടാ, ഇതില് ഇത്രമാത്രം ആളുണ്ടായിരുന്നോ?ഹസ്ബന്ടിനെ വിളിച്ചു ഡ്രൈവര്‍ക്ക് കൊടുത്തു.റൂട്ട് അറിയണമല്ലോ.മൂപ്പര് പറഞ്ഞ വഴിയിലൂടെയാണ് യാത്ര എങ്കില്‍ മൂന്നര കഴിയുമ്പോള്‍ ഞാന്‍ വീട് എത്തേണ്ടതാണ്.അതുകൊണ്ട് തന്നെ,എന്‍റെ സ്നേഹമയനായ ഹസ് ഇടക്കിടെ വിളിച്ചു കൊണ്ടിരുന്നു,എത്താരായില്ലേ?ഇതെന്താ എത്താത്തെ?ദോഹ മാത്രമല്ല,ഖത്തര്‍ മുഴുവന്‍ കറങ്ങി കൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ബസില്‍ ഭാര്യ യാത്ര ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് മൂപ്പര്‍ക്ക് അറിയില്ലല്ലോ..!! അങ്ങനെ രണ്ടര കൊല്ലമായി കാണാതെ ഇരുന്ന സ്ഥലങ്ങള്‍ എല്ലാം ഒറ്റദിവസം കൊണ്ടു കണ്ടുതീര്‍ത്തു.എന്നെ സമ്മതിക്കണം...


വീട്ടിലെത്തിയത് അഞ്ചു.പത്തിന് !!! മാത്രമല്ല,പിറ്റേ ദിവസം,എന്നെ എടുക്കാന്‍ വരുന്ന സമയം കേട്ട് ഞാന്‍ വല്ലാതായി.രാവിലെ അഞ്ചു.നാല്പതിന്... ഇതിന്,നാട്ടില്‍ ഞാനൊക്കെ "രാവിലെ" എന്ന് പറയാറില്ല."പുലര്‍ച്ചെ" എന്നാണു പറഞ്ഞിരുന്നത്.ആലോചിച്ചു എന്‍റെ സകല നാഡീവ്യൂഹങ്ങളും ഒപ്പം തളര്‍ന്നു.ആറര കഴിയാതെ മോള് എണീക്കില്ല.എല്ലാ വിധ പരീക്ഷണങ്ങളും,മുന്‍‌പേ നടത്തി നോക്കിയിട്ടുള്ളതാണ്. അത്കൊണ്ടു തന്നെ റെഗുലര്‍ സ്കൂളില്‍ ചെര്‍ത്തിയിട്ടും ഇല്ല.വെറും പ്ലേസ്കൂളില്‍.അവള് ഉറങ്ങട്ടെ,കളിക്കട്ടെ,വരക്കട്ടെ,കൂടെ പഠിച്ചോട്ടെ എന്നൊക്കെ വിചാരിച്ചാണ് പ്ലേസ്കൂളില്‍ വിട്ടത്.ഇപ്പോള്‍, അത് എനിക്ക് തന്നെ പാരയായി.എന്ത് ചെയ്യാം..


മോള്‍ എന്നെക്കാണാതെ എന്താക്കിയോ ആവോ?നേരെ ഓടിച്ചെന്നു പൂര്‍ണിമാ ദീതിയുടെ ഫ്ലാറ്റില്‍ ചെന്നു കോളിംഗ്ബെല്ലടിച്ചു.തൊട്ടടുത്ത ഫ്ലാറ്റിലെ പൂര്‍ണിമാ ദീതി ഡേകെയര്‍ നടത്തുന്നത് കൊണ്ടാണ്,ശരിക്കും ഞാന്‍ ജോലിക്ക് പോകാന്‍ തന്നെ തീരുമാനിച്ചത്.ദീതി വാതില്‍ തുറന്നു.കോഴിവസന്ത വന്ന കോഴിയെ പോലെ,അവള്‍ടെ ഇരിപ്പ് കണ്ടു എന്‍റെ ചങ്കൊന്നു പെടച്ചു.ദൈവമേ,ഇതെന്തു പറ്റി?പൂര്‍ണിമ ദീതി,വിശദീകരിച്ചു,പാല് കുടിപ്പിക്കാന്‍ പഠിച്ചപണി പതിനെട്ടു നോക്കിയിട്ടും പറ്റിയില്ലെന്ന്.കുട്ടികളുടെ കൂടെ കളിക്കാനും കൂടിയില്ല,ഉറങ്ങിയില്ല...കാരണം എന്താണെന്നോ,ഞാന്‍ ജോലിക്ക് പോകുമ്പോ അവളെ കൂടെ കൂട്ടിയില്ല എന്ന്.പോരെ? ഇതിലും കൂടുതല്‍ എന്ത് വേണം?സാധാരണ ദിവസങ്ങളില്‍ എന്നും വൈകിയിട്ടു അവിടെ അവള്‍ കളിക്കാന്‍ പോകാരുള്ളതാണ്.ഓടിക്കളിക്കാനും,തലകുത്തിമറിയാനും,അവരുടെ വീട്ടില്‍ നിന്നു എന്തെങ്കിലും സാപ്പിടാനും ഹിന്ദിയൊന്നും അറിയേണ്ട കാര്യം ഇല്ലല്ലോ. എത്ര വിളിച്ചാലും തിരിച്ചു വരാറേ ഇല്ല.വിളക്ക് വക്കാനും,നാമം ചൊല്ലാനും വേണ്ടി,വിളിക്കാന്‍ ചെന്നാല്‍ കോഴിയെ കൊല്ലാന്‍ ഓടിച്ചിട്ട്‌ പിടിക്കുന്നത്‌ പോലെ,നല്ല "എഫര്‍ട്ട് " എടുക്കണം.അതിനെ തുടര്‍ന്ന് ഒരു പത്തു-ഇരുപതു മിനിട്ട് വായ്പൂട്ടാതെയുള്ള കാതടപ്പിക്കുന്ന "സരിഗമ"കേള്‍ക്കാം.ഇതാണ് പതിവു പരിപാടി.ആ പെണ്ണാണ് ഈ മൌനവ്രതം ആചരിച്ചു ഇരിക്കുന്നത്,എന്ത് സല്‍സ്വഭാവിയായ സന്താനം!!



ഭര്‍ത്താവ് ഓഫീസില്‍ നിന്നും വന്നു ഞങ്ങള്‍ ഒരു നീളന്‍മേശ സമ്മേളനം തന്നെ നടത്തി.മോള്‍ടെ കൊച്ചുവെളുപ്പാന്‍കാലത്തെ പള്ളിയുറക്കം എന്‍റെ ജോലിക്കൊരു പാരയായി.ഒരു ബദല്‍ ട്രാന്സ്പോര്ടെഷന് അന്വേഷിച്ചു.ശരിയായില്ല. എനിക്ക് ശമ്പളം വാങ്ങേണ്ടി വരില്ല,പകരം ടാക്സി ഡ്രൈവെരോട് നേരിട്ടു എന്‍റെ ശമ്പളം വാങ്ങികോളാന്‍ പറയേണ്ടി വരുന്ന ഒരു അവസ്ഥ. അത്രയ്ക്കും "കത്തി" ചാര്‍ജ് ..അവസാനം ഭര്‍ത്താവ് മൊഴിഞ്ഞു,"നിനക്കു ജോലിക്ക് പോകാനുള്ള സമയം ആയിട്ടില്ല എന്ന് തോന്നുന്നു."


ഈ മനുഷ്യന്,അടുത്ത ജന്മം നൈറ്റ് ഡ്യൂട്ടിക്ക് മാത്രം പോകുന്ന ഒരു നഴ്സ്നെ ഭാര്യയായി കിട്ടണേന്നു മനസ്സുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടു,ഓഫീസിലെ തലമൂത്ത സാറമ്മാരെ വിളിച്ച്‌,ഞാന്‍ വരുന്നില്ലെന്ന് ഫോണ്‍ ചെയ്തു പറഞ്ഞു. പണ്ടാണെങ്കില്‍ ഒരു വിചാരിച്ച കാര്യം നടന്നില്ലെങ്കില്‍ വളരെ നല്ല രീതിയില്‍ മോങ്ങിയേനെ.ഇതിപ്പോ,ഈ പ്രായത്തില്‍ ആ നമ്പര് ചേരില്ലല്ലോ,അതുകൊണ്ട് നല്ല സ്റ്റൈലന്‍ മൊരിഞ്ഞ മസാലദോശ ഞാന്‍തന്നെ ഉണ്ടാക്കി,ഞാന്‍തന്നെ വെട്ടിവിഴുങ്ങി....കൂടെ ഓര്‍ത്തു,അന്യ നാട്ടില്‍ വന്നു കുട്ടികളെയും,ഭര്‍ത്താവിനെയും നോക്കി,വീട്ടു ജോലിയും കഴിഞ്ഞു ...പിന്നേ ഓഫീസില്‍ പോകുന്ന സ്ത്രീ രത്നങ്ങളെ സമ്മതിക്കണം....