Wednesday, December 31, 2008

അല്‍ - താനി ബില്‍ഡിംഗ്‌ നമ്പര്‍ വണ്‍


അല്‍ - താനി ബില്‍ഡിംഗ്‌ നമ്പര്‍ വണ്‍ .....ഇനി ഞങ്ങളുടെ ഓര്‍മ്മയിലേയ്ക്ക്.മൂന്നു വര്‍ഷം അഭയം തന്ന ഈ ബില്‍ഡിംഗില്‍ നിന്ന് ഞങ്ങള്‍ കുടിയൊഴിയുന്നു.പകരം മറ്റൊന്നിലേയ്ക്ക്..


"എവിടെയാ താമസം?" അതിന് മറുപടിയായി പറഞ്ഞു ശീലിച്ച വാക്കുകള്‍ക്കു പകരം ഇനി പുതിയത് തേടേണ്ടിയിരിക്കുന്നു.അടുക്കലും,പെറുക്കലും അവസാനിപ്പിച്ച്,പ്രിയപ്പെട്ടതെല്ലാം വാരിക്കൂട്ടി പുതിയൊരു കൂട്ടിലേയ്ക്ക്‌ ഞങ്ങള്‍ ചേക്കേറുന്നു.


പടിയിറങ്ങുമ്പോള്‍ ഉള്ള തിരിഞ്ഞു നോക്കലിന് ഇവിടെ പ്രസക്തിയില്ല.കാരണം,ഈ ഫ്ലാറ്റ് ഞങ്ങളുടെ സ്വന്തമല്ലല്ലോ.. ഇനിയുള്ളതും അങ്ങനെ തന്നെ.എല്ലാം വെറും ഇടത്താവളങ്ങള്‍ മാത്രം.എങ്കിലും,ദോഹയും,ഫ്ലാറ്റ് ജീവിതവും ഇഷ്ടപ്പെടാതിരുന്ന ഞാന്‍ ഇത്തരം ജീവിത താളക്രമങ്ങള്‍ ശീലിച്ചത് ഈ ഒമ്പതാം നമ്പര്‍ ഫ്ലാറ്റില്‍ ആണ്.എല്ലാവര്‍ക്കുമെന്ന പോലെ,ഈ ഇടത്താവളവും,എനിക്കെന്തൊക്കെയോ തന്നിട്ടുണ്ട്.ഇവിടെ എന്തൊക്കെയോ നഷ്ടപ്പെട്ടിട്ടും ഉണ്ട്.ലാഭ-നഷ്ടങ്ങളുടെ കണക്കെടുക്കാതെ, പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയലയുന്ന ഒരു പ്രവാസിയായി ഞാനും എണ്ണപ്പെടുന്നു. അത്,ഭാഗ്യമോ.. ദൗര്‍ഭാഗ്യമോ ..അറിയില്ല.


നാട്ടിലെ വിശേഷപ്പെട്ട ദിവസങ്ങള്‍ പ്രതീക്ഷയോടെ തിരയാറുള്ള രണ്ടായിരത്തിഎട്ടിലെ പഴയ കലണ്ടറും ഉപേക്ഷിച്ച്,ഞാന്‍ പടിയിറങ്ങുന്നു.ഒട്ടും ചെറുതല്ലാത്ത വേദനയോടെത്തന്നെ.ബ്രൌണ്‍ നിറത്തിലുള്ള കട്ടി ചട്ടയോടു കൂടിയ എന്റെ ഡയറിയോട് കിന്നരിക്കാന്‍ സ്ഥലം തന്നിരുന്ന ഈ വിശാലമായ അടുക്കള എന്നില്‍ തീര്‍ച്ചയായും നഷ്ട ബോധം ഉണര്‍ത്തും,ഉറപ്പ്..എന്റെ ഏകാന്തതയെ സമ്പന്നമാക്കിയതും ഈ ഊണ്‍തളം തന്നെ.


ഈ ഫ്ലാറ്റിലെ നഷ്ടങ്ങളുടെ പട്ടിക നിരത്തിയാല്‍ അടുത്ത അക്കമിട്ട് എഴുതേണ്ടത് എന്റെ "ഓപ്പണ്‍ ടെറസ്' ആണ്.ദോഹയിലെ ആകാശം ഒട്ടും ഭംഗി തോന്നിയിട്ടില്ല ഒരിയ്ക്കലും.ഒന്നുമില്ലാതതിനേക്കാള്‍ ഭേദം എന്നോര്‍മ്മിപ്പിച്ചു കൊണ്ടു,ഇടയ്ക്ക് നന്ദു ടെറസില്‍ നിന്ന് കൊണ്ടു മുകളിലേയ്ക്ക് നോക്കി പറയും"ഹായ് ആകാശത്ത്,ഇന്നു ടൂ-ത്രീ സ്റ്റാര്‍ ഉണ്ടല്ലോ"ഇനിമുതല്‍ ടെറസിലെ ആ കാഴ്ചയും നിന്നു.

നന്ദു, വണ്‍,ടൂ,ത്രീ കോറിയിട്ട ചുമരുകളുള്ള ഈ ഒമ്പതാം നമ്പര്‍ ഫ്ലാറ്റിനോട് "ഗുഡ് ബൈ " പറഞ്ഞു കൊണ്ട്,പുതുവര്‍ഷത്തെ ഞങ്ങളും വരവേല്‍ക്കുന്നു.കൂടുതല്‍ സന്തോഷവും,സ്നേഹവും,നന്മയും പ്രതീക്ഷിച്ചുകൊണ്ട്...
എല്ലാ ബൂലോകര്‍ക്കും സന്തോഷം നിറഞ്ഞ പുതുവല്‍സരാശംസകള്‍.

ചിത്രം : ഗൂഗിളില്‍ നിന്നു കിട്ടിയതാണ്.

Thursday, December 25, 2008

ബാന്‍ഡ്സെറ്റ് ചരിതം


തലക്കഷ്ണം : ലോകത്തിലെ എല്ലാ കന്യാസ്ത്രീകളും സിസ്റ്റര്‍ സെഫിമാരല്ല.


"സ്കൂള്‍ യൂത്ത് ഫെസ്റിവല്‍നോടനുബന്ധിച്ചുള്ള മലയാളം കഥാ രചനയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികള്‍ ഓപ്പണ്‍ സ്റ്റേജ്ന് സമീപം വരേണ്ടതാണ്." ഇങ്ങനെയൊരു അനൌണ്‍സ്മെന്റ് കേട്ടതും ക്ലാസ്സിലെ പകുതിയിലേറെപ്പേരും താഴേയ്ക്ക് "ചട പടാ"ന്നു ചാടിയിറങ്ങി."വേര്‍ ആര്‍ യു ഗോയിംഗ്?"ഈ റാലി കണ്ടു സൂസന്‍ ടീച്ചര്‍ ചോദിച്ചു." അത്..പിന്നെ...ഞങ്ങള് കഥയെഴുതാന്‍ പൂവ്വാ..."കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു." എനിക്ക് മനസ്സിലായി,ഈ പീരീഡ്‌ ഹിന്ദി 'പോയെം' ഞാന്‍ ചൊല്ലിക്കും. അത് ചൊല്ലാന്‍ പറ്റണോര് മാത്രം മാധവിക്കുട്ടിമാരായാല്‍ മതി."ടീച്ചര്‍ തറപ്പിച്ചു പറഞ്ഞു.ഇതാരും തീരെ പ്രതീക്ഷിച്ചില്ല.ഇളിഞ്ഞു പാളീസായി എല്ലാവരും ക്ലാസ്സില്‍ തിരിച്ചു കയറി.

ദൈവമേ,ഇനിയെന്ത് ? എന്ന് കണ്ണ് മിഴിച്ചു ഇരിക്കുമ്പോഴാണ് സ്കൂളിലെ ആയ മറിയാമ്മ ചേടത്തി ക്ലാസ്സിലെത്തി,"സ്മിതയെ വിളിക്കുന്നുണ്ട്,താഴേയ്ക്ക്" എന്നും പറഞ്ഞു പാഞ്ഞ് തിരിച്ചു പോയത്."സ്മിത എവിടെ?" സൂസന്‍ ടീച്ചര്‍ ചോദിച്ചു.ക്ലാസ്സിലെ ഏഴ് സ്മിതമാരും പ്രതീക്ഷയോടെ ചാടി എണീറ്റു. അത് വാസ്തവം !ഞങ്ങളുടെ ക്ലാസ്സില്‍ സ്മിതമാരെ തട്ടിമുട്ടി നടക്കാന്‍ സ്ഥലമില്ലായിരുന്നു.കൂടെ ഏഴ് സുനിത,അഞ്ചു അശ്വതി,ആറ് നിഷ,നാല് ബിന്ദു..ദീപമാരുടെ കാര്യം പിന്നെ പറയണ്ട.ഇതൊക്കെ പോരാതെ സ്കൂളില്‍ ലില്ലി ടീച്ചര്‍മാര്‍ നാലഞ്ചെണ്ണം വേറെ.

സ്മിതമാരുടെ മാര്‍ച്ച് താഴേയ്ക്ക്.അവിടെ ചെന്നപ്പോള്‍ മനസ്സിലായി,വിളിച്ചത് ബാന്‍ഡ് സെറ്റില്‍ ഉള്ള സ്മിതയെയാണ്.എന്ന്‍ വച്ചാല്‍ എന്നെ.ബാന്‍ഡ് ടീമിന് പുതിയ യൂണിഫോം തയ്പ്പിക്കാനുള്ള തയ്യാറെടുപ്പ്.ബാന്‍ഡ് കുട്ടികളുടെ "കലപില".മെറ്റീരിയല്‍ സെലക്റ്റ് ചെയ്യലും, അളവെടുപ്പിക്കാനുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നു.ഒരു ടെക്സ്ടൈല്‍ ഷോറൂമില് ഉള്ളതിനേക്കാള്‍ കൂടുതല്‍ "സ്റ്റഫ് " തുണികളും അതിനിടയില്‍ 'ബാന്‍ഡ് കുട്ടികളും',കന്യാസ്ത്രീകളും.



ഞങ്ങളുടെ സ്കൂളില്‍ എന്നും ബാന്‍ഡ് സെറ്റ് കോണ്‍വെന്റ്ന്റെ പ്രൌഡിയുയര്‍ത്താന്‍ വേണ്ടി,കന്യാസ്ത്രീകള്‍ പണിപ്പെട്ട് നിലനിര്‍ത്തിപ്പോന്നിരുന്ന ഒരു സംഗതിയായിരുന്നു."നീണ്ട" അഞ്ചു വര്‍ഷം ഞാന്‍ ഞാന്‍ സ്കൂളിലെ ബാന്‍ഡ് സെറ്റില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സബ് ജില്ല,ജില്ല,സ്റ്റേറ്റ് യൂത്ത് ഫെസ്റിവലുകളില്‍ "എ" ഗ്രേഡ് അടക്കം അഞ്ചു പോയിന്റ് ലക്ഷ്യമിട്ട്കൊണ്ട് അധ്യയന വര്‍ഷാരംഭത്തില്‍തന്നെ ഞങ്ങള്‍ ഇരുപത്തിഒന്ന് പേര്‍ അടങ്ങുന്ന ടീം പ്രാക്ടീസ് തുടങ്ങും.ഐവി ടീച്ചെരുടെയും,മേഴ്സി ടീച്ചെരുടെയും മേല്‍നോട്ടത്തില്‍ പോലീസ് ബാന്‍ഡ് ടീം അംഗമായ വര്‍ഗ്ഗീസ് മാഷിന്റെ നേതൃത്വത്തില്‍ പരിശീലനം...എല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ബഹുരസം....


സ്കൂള്‍ ജീവിതത്തില്‍ 'മിസ്' ചെയ്യുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് എനിക്കീ ബാന്‍ഡ് സെറ്റ്.അതില്‍ നിന്നു ലഭിച്ച അച്ചടക്കവും,വിട്ടു വീഴ്ച്ചാ മനോഭാവങ്ങളും,സൌഹൃദങ്ങളും എന്നും വിലയേറിയതായി അനുഭവപ്പെട്ടിട്ടും ഉണ്ട്.ഞങ്ങളുടെ സ്കൂളിന്റെ - തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്ട്‌ കോണ്‍വെന്റ് ന്റെ - മുഖ്യഎതിരാളികള്‍ തൃശ്ശൂര്‍ ഹോളി ഫാമിലി കോണ്‍വെന്റ് ആയിരുന്നു.അതിന് പ്രധാന കാരണം,ആ സ്കൂളിന്റെ ബാന്‍ഡ് സെറ്റില്‍ നമ്മുടെ ബാന്‍ഡ് മാഷിന്റെ മോള് ഉണ്ട് എന്നത് തന്നെ. എത്ര വിശാല ഹൃദയനായാലും മാഷ്‌,മോള്‍ടെ സ്കൂളിന്റെ കാര്യത്തില്‍ സ്വാര്‍ഥനാകും.മൂപ്പര്,മറ്റേതു സ്കൂളില്‍ ബാന്‍ഡ് ട്രെയിനിംഗ് നല്‍കുന്നതിനേക്കാള്‍ രണ്ടോ-മൂന്നോ സ്പെഷ്യല്‍ ട്യൂണ്കളും ഫോര്‍മേഷന്‍സും ബാന്‍ഡ് ഡിസ്പ്ലയില്‍ ഹോളിഫാമിലിയെ മാത്രം പഠിപ്പിച്ചിരിക്കും.രസകരമായ മറ്റൊരു വസ്തുത ,മിക്കവാറും എല്ലാ സ്കൂളിന്റെയും ബാന്‍ഡ് മാഷ്‌ ഇതേ വര്‍ഗീസ്മാഷ്‌ തന്നെയായിരിക്കും.മൂപ്പര് എല്ലാ സ്കൂളിലും ഒരുപോലെ ഓടിനടന്നു ട്രെയിനിംഗ് നല്‍കിയിരുന്നത് എങ്ങനെയാണാവോ?


യൂത്ത് ഫെസ്ടിവലിലെ മറ്റേത് ഐറ്റത്തിനേക്കാളും കൂടുതല്‍ പ്രാക്ടീസും,പണച്ചിലവും കൂടുതല്‍ ഉള്ളത് കൊണ്ടാണോ ,പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണക്കൂടുതലോ ,പരിപാടിയുടെ ദൈര്‍ഘ്യമോ അതോ ബാന്‍ഡ് സെറ്റിന്റെ മേളക്കൊഴുപ്പ് കൊണ്ടാണോ ....ബാന്‍ഡ് സെറ്റിനു ഞങ്ങളുടെ സ്കൂളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കപ്പെട്ടിരുന്നത് എന്നെനിക്കറിയില്ല.സബ്-ജില്ലാ യുവജനോല്‍സവം വന്നാല്‍ ഞങ്ങളുടെ സ്കൂളില്‍ "ഗുരുകുല വിദ്യാഭ്യാസ" രീതിയായിരുന്നു.എന്ന്‍ വച്ചാല്‍ എല്ലാവരും സ്കൂളില്‍ തന്നെ നില്‍ക്കണം.രാത്രിയടക്കം പ്രാക്ടീസ്."യുവജനോല്‍സവക്കുട്ടികളുടെ" ബഹളം സ്കൂളില്‍ ഇരുപത്തിനാല് മണിക്കൂറും.രാത്രിയില്‍ പതിനൊന്നു മണി വരെ നീളുന്ന പ്രാക്ടീസും,സമ്മാനം വാങ്ങേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള നീണ്ട "ബ്രെയിന്‍ വാഷിംഗ്" വേറെയും

പാതിരാത്രിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍,ഞങ്ങള്‍ 'ബാന്‍ഡ് കുട്ടികള്‍' തകര്‍ത്ത്‌ പ്രാക്ടീസ്. സ്കൂള്‍ ഗ്രൌണ്ട്ന് തൊട്ടടുത്ത്‌ താമസിക്കുന്ന ഡോക്ടറും,സ്കൂളിലെ സിസ്റ്റെര്‍മാരും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ബാന്‍ഡ് പരിശീലനത്തെപ്പറ്റി വാക്തര്‍ക്കം.അതും ഫോണിലൂടെ.ഞങ്ങളുടെ സിസ്റെര്‍മാരെ വാക്ക് സാമര്‍ത്ഥ്യത്തില്‍ തോല്‍പ്പിക്കാന്‍ സാക്ഷാല്‍ അശ്വമേധം ഫെയിം ജി.എസ്.പ്രദീപ് വന്നാലും തോറ്റ് മടങ്ങും.പതിവുപോലെ ഡോക്ടര്‍ പത്തിമടക്കി നല്ല കുട്ടിയായി,ചെവിയില്‍ പഞ്ഞി തിരുകി കിടന്നുറങ്ങിയിട്ടുണ്ടാകും.


കുട്ടികളുടെ പ്രാക്ടീസ് സമയത്ത്,സിസ്റെര്‍മാരും കണ്ണില്‍ എണ്ണയൊഴിച്ചു കൂടെ കാവല്‍.കുട്ടികള്ക്ക് കിട്ടാന്‍ പോകുന്ന ഓരോ പോയിന്റും സ്കൂളിന്റെതാണ്‌.അതിന് പുറകിലെ അധ്യാപകരുടെ കഷ്ടപ്പാടുകളും എനിക്കോര്‍മ്മയുണ്ട്.പ്രാക്ടീസിന്റെ ബോറടി മാറ്റാന്‍ സിസ്റ്റര്‍മാര്‍ സ്പോണ്സര്‍ ചെയ്യുന്ന 'ട്രഷര്‍ ഹണ്ടിംഗ്' ആണ് മാസ്റെര്‍ പീസ്.തപ്പി തടഞ്ഞു,ഓടി ചാടി എത്തുന്നത്‌ പത്തു പൈസയുടെ മിഠായി പാക്കറ്റ്,സോപ്പ് പെട്ടി,യേശു-മാതാവ് - ജോസഫ് എന്നിവരുടെ ഫാമിലി ഫോട്ടോ ഇത്യാദി "നിധികള്‍" വേട്ടയാടാനായിരിക്കും. ക്ഷീണം തോന്നാതിരിക്കാന്‍ ഇടയ്ക്ക് നാരങ്ങാ വെള്ളം, ബിസ്കറ്റ് സപ്ലൈ എന്നിവ മുറയ്ക്ക്‌ ഉണ്ടാകും.അന്നൊക്കെ പക്ഷെ,ആ പ്രാക്ടീസെല്ലാം ഞങ്ങളെ സംബന്ധിച്ച് 'തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന രീതിയാണെന്ന്' തോന്നിയതെ ഇല്ല.


ഞങ്ങള്ക്ക് ചിലപ്പോ ട്യൂഷന്‍ ക്ലാസ്സില്‍ നിന്നൊക്കെ 'ലീക്കായി' ചില ന്യൂസ് കിട്ടും.അതായത്,ഹോളിഫാമിലി കുട്ടികള്‍ വൈകുന്നേരം തൊട്ടു പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്നൊക്കെ.ഞങ്ങള്‍ വഴി,അതറിഞ്ഞ സിസ്റെര്മാര്‍ ഞങ്ങള്ക്ക് ഉച്ച തൊട്ടേ സേക്രഡ്ഹാര്‍ട്ട്‌നു പ്രാക്ടീസ് പ്രഖ്യാപിക്കും.വന്ന് വന്ന് സേക്രഡ് ഹാര്‍ട്ട് - ഹോളി ഫാമിലി യുവജനോല്‍സവ തയ്യാറെടുപ്പ് ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം പോലെയായി ഞങ്ങള്ക്ക്. സിസ്റെര്മാരെ സംബന്ധിച്ചും അങ്ങനെ തന്നെ.ഒരുപക്ഷെ,ഞങ്ങളെക്കാള്‍ കൂടുതല്‍ ഉഷാറ് അവര്‍ക്ക്‌.സ്പിരിറ്റ് കൂടിക്കൂടി ബാന്ഡ് മാഷിനു പകരം അവര്‍ രംഗത്ത് ഇറങ്ങും..മാഷിനെക്കേറി ഭരിക്കാന്‍ തുടങ്ങുന്നു.."ഈ കൌണ്ടര്‍ മാര്‍ച്ച് വേണ്ട,പകരം ടു ലൈന്‍ ഫോര്‍മേഷന്‍ മതി.കഴിഞ്ഞ കൊല്ലാതെ പോലെ 'വന്ദേമാതരം' വേണ്ട,പകരം 'ഓം ജയ് ജഗദീശ് ഹരേ'..മതി."എന്നൊക്കെ നിര്‍ദ്ദേശം വരികയായി.ഇതൊക്കെ കേട്ട്‌ ചൂടായ ബാന്‍ഡ് മാഷ്‌ ,"എന്നാ പിന്നെ,നിങ്ങള്ക്ക് പഠിപ്പിച്ചാ പോരെ?എന്നെ എന്തിനാ വിളിച്ചേ?ദേ,സിസ്റെരെ ,ഇങ്ങനെ ബുദ്ധിമുട്ടിച്ചാ ഞാന്‍ എന്റെ പാട്ടിനു പൂവ്വും ട്ടാ..." .ആ ഭീഷണിയില്‍ പാവം സിസ്റെര്മാര്‍ ഒതുങ്ങും.


സിസ്റെര്മാര്‍ വേണ്ടതിനും,വേണ്ടാത്തതിനും ഇടപെട്ട് മാക്സിമം 'കുളങ്ങള്‍' കുഴിച്ചിടും.അന്നങ്ങനെ ഞങ്ങള്ക്ക് തോന്നിയിരുന്നു.പക്ഷെ,കാലം കടന്ന് ഞാനുമൊരു അധ്യാപികയായപ്പോള്‍,ഇത്തരം 'ഡെഡിക്കെഷന്‍' ഒരു ചുമതലാ ബോധമായി കാണാന്‍ കഴിയുന്നു...എങ്കിലും,ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന രസകരമായ ചിലത് കൂടി പറയട്ടെ.. പകല്‍ സമയത്ത്,ബാന്‍ഡ് പ്രാക്ടീസ് ചെയ്യുന്ന ശബ്ദം കേട്ടാല്‍ അപ്പോള്‍ തന്നെ, അത് കാണാന്‍ തൊട്ടടുത്ത മോഡല്‍ ബോയ്സ് ലെ 'ചേട്ടന്മാര്‍' ചുറ്റുമുള്ള മതിലില്‍ കയറിയിരിക്കും.അവരെ ഓടിക്കാന്‍ സിസ്റെര്മാര്‍ ചൂരലും പിടിച്ചു മതിലിനു ചുറ്റും ഓട്ടം തന്നെ ഓട്ടം!!മല്‍സരത്തിന്‌ ഏകദേശം രണ്ടു ദിവസം മുന്‍പ് മാത്രമായിരിക്കും സിസ്റ്റര്‍ ഫൈനല്‍ പര്‍ച്ചെയ്സ് ലിസ്റ്റ് തരിക. അത് പരമ രഹസ്യമായിരിക്കും,.ആരോടും പറയരുത്.എതിര്‍ സ്കൂളുകാര്‍ എങ്ങാനും മണത്തറിഞ്ഞാല്‍ കോപ്പിയടിച്ചാലോ.യൂണിഫോംനെപ്പറ്റി ഒരു കുട്ടി പോലും ജീവന്‍ പോയാലും പുറത്തു പറയാനേ പാടില്ല. .മിക്കവാറും ആ ലിസ്റ്റ് ഇങ്ങനെയായിരിക്കും : വൈറ്റ് കാന്‍വാസ് ഷൂ, വൈറ്റ് റിബ്ബണ്‍, വൈറ്റ് ഗ്ലൌസ്, വൈറ്റ് സോക്സ്‌...ഇങ്ങനെ ആകെ വൈറ്റ് മയം..



സിസ്റ്റര്‍ തന്ന ലിസ്റ്റും കൊണ്ടു വീട്ടില്‍ ചെല്ലുമ്പോള്‍,എല്ലാ 'ബാന്‍ഡ് കുട്ടികളുടെയും' വീട്ടില്‍ നിന്നു ഒരേ പ്രതികരണം : "ഈ മൊട്ടച്ചികള് ഈ തലേ ദിവസമാണോ ഈ ലിസ്റ്റ് കൊടുത്തയക്കുന്നത്?ഇനി ഇതു കിട്ട്വോ ആവോ?" ഞങ്ങളാ പ്രതികരണം അപ്പാടെ ബാന്‍ഡ് സിസ്റെരോട് അറിയിക്കും.ബാന്‍ഡ് സിസ്റ്റെര്‍ ഓടി നടന്നു എണ്ണം എടുത്ത്‌,തൃശ്ശൂര്‍ ടൌണിലെ സകല കടകളിലും കയറിയിറങ്ങി,തപ്പി പിടിച്ചു സാധനങ്ങള്‍ സംഘടിപ്പിച്ചിരിക്കും. ബാന്‍ഡ് ഇന്‍സ്ട്രുമെന്റ്സ് പോളിഷിംഗ് ചെയ്യല്‍,യൂണിഫോം തയ്പ്പിക്കല്‍ എല്ലാം ഭംഗിയായി വേറൊരു വശത്ത് നടന്നിട്ടുണ്ടാകും.യൂത്ത്ഫെസ്ടിവലിലെ ഓരോ ഇനത്തിനും ഓരോ ടീച്ചര്‍മാര്‍ക്ക് ചാര്‍ജ് ഉണ്ടാകും.നമ്മുടെ ബാന്‍ഡ് സെറ്റിനു മാത്രം സിസ്റ്റര്‍മാര്‍.ഇവിടെ ടീച്ചര്‍മാര്‍ വെറും മേല്‍നോട്ടക്കാര്‍.

പ്രാക്ടീസെല്ലാം കഴിഞ്ഞു,പുതിയതായി തയ്പ്പിച്ച ഡ്രസ്സ് ഒക്കെ ഇട്ടു ഞങ്ങള്‍ ഒരു പോക്കുണ്ട്.അതിന് മുന്‍പായി ഹെഡ്മിസ്ട്രെസ്സ് ന്റെ നേതൃത്വത്തില്‍ ഒരു കൂട്ടായ പ്രാര്‍ഥനയും.."ഓ,മൈ ജീസസ് , മൈ ഗേള്‍സ് ആര്‍ ഗോയിംഗ്" .. എന്ന് തുടങ്ങുന്ന സിസ്റ്റര്‍ടെ ഒരു 'സ്വയം കൃതി' പ്രാര്‍ത്ഥന. അത് കഴിഞ്ഞാണ് ' അഡ്വൈസ് സെഷന്‍ '.അതിങ്ങനെ തുടങ്ങും..'' ഇന്‍സ്ട്രുമെന്റ്സ്ന്റെ കനം സാരല്യ..ആകെ ഇരുപതു മിനിറ്റല്ലേ വേണ്ടോ,പിന്നെ,അവിടെ ഒരുപാട് വായ് നോക്കി ആമ്പിള്ളാര് ഉണ്ടാവും,അവരോടൊന്നും,ചിരിക്കാനും,കൊഴയാനും നിക്കണ്ടാ ട്ടാ.കഴിഞ്ഞ കൊല്ലത്തെ റിപബ്ലിക്‌ഡേ പരേഡ്നു പോയിട്ട് ജാസ്മിന്‍ ചെക്കമ്മാരോട് ചിരിച്ചു മറിന്ഞത് ഞാന്‍ കണ്ടുണ്ടാര്‍ന്നു. അത് ഇത്തവണ വേണ്ടാ ട്ടാ."

സിസ്റ്റെര്‍ടെ വാണിംഗ് ന് ജാസ്മിന്‍ന്റെ മറുപടി," അത് പിന്നെ സിസ്റ്റെരെ,നമ്മള് ഒരു സ്ഥലത്തു 'ഹോള്‍ട്ട്' ചെയ്തപ്പോ ഒരാള്,അയാള്‍ടെ കുട്ടീനെ എടുത്ത്‌ പൊക്കീട്ടു,എന്റെ സാക്സഫോണിന്റെ സ്പീക്കരില്‍ക്ക് കാണിച്ചിട്ട് പറയ്വാ..''ഈ കോളാംമ്പി ക്കൂടെപോയാ ആ ചേച്ചീടെ വായില് എത്തുംന്നു.''.ഇതു കേട്ടാ ആരായാലും ചിരിക്കില്ല്യെ?"അവള്‍ നയം വ്യക്തമാക്കി.അപ്പൊ,പിന്നെ സുജ ചിരിച്ചതോ?ഐവി ടീചര്‍ പറഞ്ഞല്ലോ..സുജ ഒരു കൊല്ലമായി അടക്കിപിടിച്ചു വച്ചിരിക്കുന്ന ആ ഭീകരസത്യം പുറത്തു വിട്ടു,"എന്റെ ട്യൂ ഷന്‍ ക്ലാസ്സിലെ വിനു എന്നെ കണ്ടപ്പോ, അടുത്ത് വന്നു ചോദിച്ചു,"ഈ പെണ്‍ഗ്വിന്‍ ആണോ നിന്റെ സിസ്റ്റെര്‍ എന്ന്.അപ്പൊ, എനിക്ക് ചിരി വന്നു.സിസ്റ്റെര്‍ടെ വെളുത്ത ഉടുപ്പിന്റെ കൂടെ ഉള്ള തലേലെ ഈ തുണി കറുപ്പല്ലേ..അതോണ്ടാ അങ്ങനെ ചോദിച്ചേ"....സിസ്റ്റെര്‍ വീണ്ടും,വീണ്ടും ഉറപ്പിച്ചു പറഞ്ഞു," അത് തന്നെയാ പറഞ്ഞെ,നമ്മള് ഒരു കോണ്‍വെന്റ് ലെ കുട്ടികളാ .അതിന്റേതായ അടക്കോം,ഒതുക്കോം ,സംസ്കാരോം,അന്തസ്സും എവിടെ ചെന്നാലും കാണിക്കണം. അത് ആരും മറക്കണ്ട."


മിക്കവാറും എല്ലാ കൊല്ലത്തെയും യൂത്ത്ഫെസ്റിവലുകള്‍ പതിവുപോലെ അധ്യാപകരുടെ "കടിപിടി'യിലാണ് അവസാനിക്കാറ്. ഭരത നാട്യത്തിന്‌ 'എ' ഗ്രേഡ് അല്ലേ ഞങ്ങള്ക്ക് കിട്ടിയത്,അപ്പൊ പിന്നെ 'ഗ്രൂപ്പ് ഡാന്‍സ്' നും 'എ' ഗ്രേഡ് വാങ്ങാന്‍ ഞങ്ങള്ക്ക് അറിയാം നിങ്ങളൊക്കെ കോടതി ഉത്തരവ് വാങ്ങിയിട്ടല്ലേ,ഈ അര്‍ഹതയില്ലാത്ത സമ്മാനം വാങ്ങാന്‍ വന്നിരിക്കുന്നത്?. എരിതീയില്‍ എണ്ണ ഒഴിക്കാന്‍ അച്ഛനമ്മമാരും,ഡാന്‍സ് മാഷ്-ടീച്ചര്‍ മാരും.പരസ്യമായ വെല്ലുവിളി എവിടെയും കേള്‍ക്കാം.കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്ന അധ്യാപകരുടെ യഥാര്‍ത്ഥ അച്ചടക്കം നമ്മള്‍ക്കവിടെ കാണാം. ഇതിനിടയില്‍ മിഴിച്ചു നില്ക്കുന്ന കുട്ടികള്‍..!ഇങ്ങനെ വളരെയധികം അച്ചടക്കത്തോടെ ''കാക്കയില്‍ നിന്നും,പരുന്തില്‍ നിന്നും കാക്കുന്ന കോഴിയമ്മയെ' പോലെ ഞങ്ങളെ മല്‍സര വേദിയായ ഗ്രൌണ്ട്ന് സമീപം ഏതെങ്കിലും ഒരു വണ്ടിയില്‍ ഇരുത്തി പുറത്തു സിസ്റ്റെര്മാര്‍ കാവല്‍ നില്ക്കും.എല്ലാവരെയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ചെസ്റ്റ് നമ്പര്‍ ആകുമ്പോഴേ പുറത്തിറങ്ങൂ..


യുവജനോല്‍സവത്തില്‍ ബാന്‍ഡ് സെറ്റിന്റെ പെര്‍ഫോമന്‍സ് ടൈം കൃത്യം ഇരുപതു മിനിട്ട്.അതില്‍ 'കടുകിട' വ്യത്യാസം വരാന്‍ പാടില്ല.ഒന്നോ-രണ്ടോ സെക്കന്റുകളില്‍ എങ്ങാനും ചില്ലറ ഏറ്റക്കുറച്ചില്‍ വന്നാല്‍ പിന്നെ കഴിഞ്ഞു കഥ !!!പിന്നെ,ഞങ്ങള്‍ ബാന്‍ഡ് കുട്ടികള്‍ ആ ഡിസ്ട്രിക്ട് വിടണം.ഇല്ലെങ്കില്‍,സ്കൂളിലെ സകല ടീച്ചര്‍മാരും,സിസ്റ്റെര്‍മാരും കൂടി ഞങ്ങളെ വളഞ്ഞു 'ചീത്തപറച്ചില്‍ സെഷന്‍' ആരഭിക്കും.പ്രൈസ് കിട്ടിയാല്‍ പിന്നെ പറയണ്ട....ഞങ്ങളെ അങ്ങ്,സ്നേഹിച്ചു,പുകഴ്ത്തി,മാനം മുട്ടിച്ചു കൊല്ലും...പിന്നെ,എടുത്ത്‌ പൊക്കലായി,ഫോട്ടോ എടുക്കലായി...തിരിച്ചു സ്കൂളില്‍ വന്നു ഓപ്പണ്‍ അസംബ്ലി വിളിച്ചു കൂട്ടി ഞങ്ങളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കലായി..ഒരുവിധം എല്ലാ സ്കൂളുകളിലും ഇങ്ങനെയൊക്കെ തന്നെയാണ് യുവജനോല്‍സവങ്ങള്‍ ഇപ്പോഴും 'കൊണ്ടാടുന്നത്' എന്ന് എനിക്ക് തോന്നുന്നു.


ഈ ബാന്‍ഡ് ടീം കൊണ്ടു എനിക്കുണ്ടായ വേറൊരു ഗുണം ഞാന്‍ സ്കൂളില്‍ "ബാന്‍ഡ് സ്മിത' എന്നറിയപ്പെട്ടു എന്നതാണ്.ബാക്കി സ്മിതമാരൊക്കെ,"കുട്ടി സ്മിത, സോഡാ ഗ്ലാസ് ,സില്‍ക്ക് " എന്നൊക്കെ അറിയപ്പെട്ടപ്പോള്‍ ഞാന്‍ ബാന്‍ഡ് സ്മിതയായി വിലസി.വെറുതെയിരിക്കുമ്പോള്‍,ഇടയ്ക്കെങ്കിലും അന്ന് പ്രാക്ടീസ് സമയത്ത് കാണിച്ചു കൂട്ടിയ "കോപ്രായങ്ങള്‍" ഓര്‍ക്കുമ്പോള്‍ എനിക്കാ പഴയ 'ബാന്‍ഡ് സ്മിത'യാകാന്‍ ഒരു പൂതി! "ബാന്‍ഡ് റെഡി" എന്ന കമാന്‍ഡ് കേള്‍ക്കുമ്പോള്‍ ആ പഴയ 'ബാന്‍ഡ് കുട്ടി'യാകാന്‍ ഒരു കൊതി!


ഫോട്ടോ : ഗൂഗിളില്‍ നിന്നു 'കഷ്ടപ്പെട്ട്' അടിച്ച് മാറ്റി,രൂപ പരിവര്‍ത്തനം ചെയ്തത്..ഷേപ്പ് മാറ്റാതെ ഇട്ടാല്‍ യഥാര്‍ത്ഥ അവകാശികള്‍ ചീത്ത വിളിച്ചാലോ എന്ന ഭയത്താലാണ് ഇങ്ങനെ ചെയ്തത്.ഞങ്ങളുടെ എല്ലാ കൊല്ലത്തെയും ഫോട്ടോസ് വീട്ടില്‍ ഭദ്രമായി ഇരിപ്പുണ്ട്. അത് ഇവിടെ എത്തിക്കാനും ,സ്കാന്‍ ചെയ്യാനും യാതൊരു മാര്‍ഗ്ഗവും കാണാത്തതിനാലാണ് ഈ കടും കൈ ചെയ്തത്.

Sunday, December 14, 2008

ഇതെന്താണെന്നു പറയാമോ?

ഇതെന്താണെന്നു പറയാമോ?
സൂക്ഷിച്ചു നോക്കിയാല്‍ പിടികിട്ടും.
പിടി കിട്ടിയോ?
അതെ... അത് തന്നെ...നല്ല അസ്സല്‍ "ആമ"ക്കുട്ടന്മാര്‍ !!!
വരിവരിയായി കിടക്കുന്നു."ചാച്ചി ഒറങ്ങാന്‍ " പൂവ്വാന്ന് തോന്നുണു...
ആദ്യം വിചാരിച്ചത് "കല്ല്‌" വരിവരിയായി വച്ചിരിക്ക്യാണെന്നാ ...
സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ പിടി കിട്ടിയത്..
ആമകള്‍ ആണ് എന്ന്.

ദോഹയിലെ 'മൃഗശാലയില്‍' നിന്നൊരു കാഴ്ച...

ചിത്രത്തില്‍ "ക്ലിക്കി'യാല്‍ വലുതായി കാണാം കേട്ടോ.