Thursday, April 5, 2018

സ്കൂള്‍ ബസിലെ കുട്ടി







വെളുത്ത പൂക്കള്‍ നിറഞ്ഞ ഈ സ്ഥലത്ത് ചാര നിറമുള്ള മഞ്ഞ് പോലെ ഒഴുകിപ്പരന്നു നടക്കുന്ന എനിക്ക് ഒന്നും പറയാനില്ല....ആരോടും.. ഓര്‍ത്തെടുക്കാനേയുള്ളൂ.. അത് അന്ന് തന്നെയായിരുന്നു...എന്നെ പ്രസവിച്ച അമ്മ ശരീരം ശോഷിപ്പിച്ച് സൌന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി ജി.എം. ഡയറ്റ് പരീക്ഷിച്ചു തുടങ്ങിയതിന്‍റെ മൂന്നാം ദിവസം.. ജി.എം. ഡയറ്റ് - അതെന്താണെന്ന് കൃത്യമായി അറിയില്ല. ഒന്നാം ദിവസം ധാരാളം വെള്ളം കുടിക്കുന്നതിനോടൊപ്പം ഫ്രൂട്സ് മാത്രം കഴിക്കണം. രണ്ടാമത്തെ ദിവസം പച്ചക്കറികള്‍ മാത്രം. ഉപ്പ്, മുളക്, എണ്ണ എന്നിവ തൊടാതെ വേണമെങ്കില്‍ പുഴുങ്ങിയെടുക്കാം. അല്ലെങ്കില്‍ പച്ചയ്ക്ക് കഴിക്കാം, മൂന്നാം ദിവസം ഫ്രൂട്സും, പച്ചക്കറികളും മിക്സ്‌ ചെയ്തു കഴിക്കാം. പറയുമ്പോ എന്ത് രസം !!! എന്ത് വേഗം പണി തീര്‍ന്നു. പക്ഷെ, ബുദ്ധിമുട്ടാണെന്നു ചെയ്തു നോക്കിയപ്പോള്‍ പിടി കിട്ടിക്കാണും, അങ്ങനെ ബുദ്ധി മുട്ടുള്ള ഒരു ദിവസമാണ് 5 നു പകരം 10 മില്ലി സിര്‍റ്റെക് എന്റെ വായില്‍ നിര്‍ബന്ധിച്ച് ഒഴിച്ച് തന്ന് സ്കൂള്‍ ബസില്‍യറ്റി വിട്ടത്.


എക്സ്ടേണല്‍ എക്സാമിന്റെ മോഡല്‍ പേപ്പര്‍ എന്‍റെ മൂത്ത ചേട്ടനെ തല്ലിത്തിരുമ്മി, ഭീഷണിയോടെ പഠിപ്പിച്ചെടുക്കുമ്പോഴും അമ്മ ഓര്‍ത്തതേയില്ല കിട്ടാത്ത മാര്‍ക്കിനേക്കാള്‍ വിലയുണ്ട്‌ ഉള്ളിലേയ്ക്കെടുക്കാന്‍ കഴിയുന്ന ഒരു തണുത്ത ശ്വാസത്തിനെന്ന്. ഉമ്മറത്തിരുന്നാല്‍ കാണാമായിരുന്ന മഞ്ഞച്ച വിളഞ്ഞ നെല്‍പ്പാടത്തിന്റെ നാട്ടില്‍ നിന്ന് , ഇരുമ്പിന്‍റെ ഘനമുള്ള കല്ലിനെ കാച്ചി ഉരുക്കിയെടുക്കാന്‍ പോന്ന ചൂടുകാറ്റിന്‍റെ നാട്ടിലെത്തിയപ്പോള്‍ ഒരിയ്ക്കലും ഇഷ്ടം തോന്നിയില്ല ഈ നാടിനോട്. ആകെ ഇഷ്ടക്കേടായിരുന്നു എല്ലാത്തിനോടും.നേരം വെളുക്കുന്നതിന് മുന്‍പ് ഇത്ര വേഗത്തില്‍ സ്കൂള്‍ ബസ്‌ വരുന്നതെന്തിന് എന്നുള്ള ഇഷ്ടക്കേട് ആദ്യം. ഒരിയ്ക്കലും മതിയാവോളം ഉറങ്ങി എണീക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ജീവനായി മാറേണ്ട ജലകണികകള് തിളച്ച് മറിഞ്ഞ് ലാവാ പ്രവാഹമായി ടാപ്പിലൂടെ പതിക്കുന്നത് വേറൊരു ഇഷ്ടക്കേടായി. പ്രകൃതിയുടെ സ്വഭാവ വൈരുദ്ധ്യം!! ചൂടു കാറ്റേറ്റ് ഉഷ്ണിച്ചു തളര്‍ന്ന്, ഉപ്പ് രസമുള്ള മുഖവുമായി, പുഴുക്കത്തോടെ വീട്ടില്‍ വന്നു കയറുമ്പോള്‍ എനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന മറ്റൊരു കാര്യം ജനലുകളില്ലാത്ത വീട്ടിനുള്ളിലെ പുഴുക്ക മണമായിരുന്നു.


സ്മോള്‍ ലെറ്റര്‍ 'ബി' യ്ക്കും സ്മോള്‍ ലെറ്റര്‍ 'ഡി'യ്ക്കും ഉള്ള സമാനതയില്‍ അത്ഭുതം കൂറുന്നതിനിടയില്‍ ടി.വി.യിലെ ഫോണ്‍ ഇന്‍ പ്രോഗ്രാമ്മിലെ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ഞാന്ന്‍ ശ്രദ്ധിച്ചു. വീണ്ടും അതെ കണ്ണുകളോട് കൂടിയ ഒരു ചേട്ടനെ പിറ്റേ ദിവസം സ്കൂള്‍ ബസില്‍ കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു. ബോയ്സ്ന് ഇത്രേം കണ്പീലികള്‍ ഉണ്ടാക്വോ? അതിനുത്തരം കണ്ടെത്തുമ്പോഴേയ്ക്കും പലപ്പോഴും വാട്ടര്‍ ബോട്ടില്‍ കഴുത്തില്‍ത്തന്നെ തൂക്കിയിട്ടു പാതി മയക്കത്തിലായിട്ടുണ്ടാകും ഞാന്‍. നീണ്ട കണ്‍പീലികളുള്ള ചേട്ടന്‍ തോളിലിട്ട ബാഗ് സഹിതം എന്നെ എടുത്തുയര്‍ത്തി ബസ്സിനകത്ത് വയ്ക്കുമ്പോഴെയ്ക്കും കഴുത്തിലെ ചരടില്‍ തൂക്കിയിട്ട വിസില്‍ ഇരു ചുണ്ടുകള്‍ക്കിടയില്‍ തിരുകി വച്ച് നീളത്തില്‍ ഊതി ശബ്ദമുണ്ടാക്കുന്ന ചേട്ടനെ ഞാന്‍ സാകൂതം വീക്ഷിച്ചു. ഇടയ്ക്കെപ്പോഴോ അടുത്തിരിയ്ക്കാറുള്ള... വെളുത്തു സുന്ദരിയായ ടീച്ചറുടെ മേല്‍ ചാരിയിരുന്ന് ഉറങ്ങാനും തുടങ്ങും. ഇടയ്ക്കെപ്പോഴോ സുന്ദരി ടീച്ചര്‍ എന്നെ ഉറക്കത്തില്‍ നിന്നെണീപ്പിച്ച് സ്നേഹവായ്പ്പോടെ കൈ പിടിച്ച് ക്ലാസ്സില്‍ കൊണ്ട് പോയിരുന്നു.


ഞരങ്ങി പ്രവര്‍ത്തിച്ച് ക്ഷീണിച്ച ചൂട് വായു മാത്രം മുറിയ്ക്കുള്ളില്‍ നിറയ്ക്കുന്ന എ.സി.യുടെ ശബ്ദം നാല് വയസ്സുകാരിയായ ഞാന്‍ തീരെ ശ്രദ്ധിച്ചില്ലെങ്കിലും മുറിയ്ക്ക് പുറത്തിറങ്ങുമ്പോള്‍ ചൂടുള്ള തന്തൂരി അടുപ്പിനടുത്ത് പോകുന്നതുപോലെ എന്ന് ഞാന്‍ അമ്മയോട് പരാതി പറഞ്ഞു. "നാട് മാറുമ്പോള്‍ കാലാവസ്ഥയും മാറും". മകളുടെ പരാതി ഗൌനിക്കാതെ അമ്മ എന്നോട് 'ഇ' ഫോര്‍ 'എഗ്ഗ്' പഠിയ്ക്കാന്‍ പറഞ്ഞു. വിസില് വിളി കേട്ടില്ലെങ്കിലും ബസ്സിന് മുന്നോട്ടു പോകാനാകും എന്നുള്ളത് എന്നെ രസിപ്പിച്ചു. വിസില് വിളിക്കുന്ന ചേട്ടന് പരീക്ഷയാത്രേ. അപ്പൊ,എന്നെപ്പോലെ ചേട്ടനും പഠിക്കാന്‍ പോകുന്നുണ്ടായിരിക്കും എന്ന് ഞാന്‍ ഓര്‍ത്തു.



അമ്മയുടെ ഡയറ്റിന്‍റെ കൃത്യം മൂന്നാം ദിവസം ആ വെളുത്ത സുന്ദരിടീച്ചര്‍ ബസ്സിലുണ്ടായിരുന്നില്ല. എന്നെ അതിശയിപ്പിച്ച മറ്റൊരു വസ്തുത ബസ്‌ ഓടിക്കുന്ന അങ്കിള്‍നു പകരം വിസില്‍ വിളിക്കുന്ന ചേട്ടനാണ് അന്ന് രാവിലെ സ്കൂള്‍ ബസ്‌ ഓടിച്ചിരുന്നത് എന്നായിരുന്നു. പതിവ് പോലെ ജനലരികിലെ സീറ്റിലിരുന്ന് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ഉറക്കം തൂങ്ങി ചാരാന്‍ വെളുത്ത ടീച്ചറുടെ ചുമലുകള്‍ ഉണ്ടായിരുന്നില്ല. രക്തത്തിന് ജലത്തിനെക്കാള്‍ കൊഴുപ്പുണ്ടെങ്കിലും, രക്ത ബന്ധത്തിന് ആരുടേയും ഭാവി പ്രവചിക്കാനുള്ള കഴിവില്ലല്ലോ. ഉണ്ടെങ്കില്‍ എന്‍റെ അഞ്ചാം ക്ലാസ്സുകാരനായ ഏട്ടന്‍ പുറകിലെ വലിയ ഗ്ലാസ്സിനടുത്തുള്ള നീളം കൂടിയ സീറ്റില്‍ ഇരിയ്ക്കാന്‍ പോകില്ലല്ലോ.


സ്കൂള്‍ ബസ്സിലെ പതിവ് മയക്കത്തിലേയ്ക്കു വഴുതി വീഴുമ്പോള്‍ എനിക്കറിയില്ലായിരുന്നു പ്രാണവായുവിനുള്ള യുദ്ധം നടത്തി കുഴഞ്ഞു വീഴാനാണ് ഞാന്‍ പോകുന്നതെന്ന്. പതിവുകാരനല്ലാത്ത ഡ്രൈവര്‍ കുട്ടികളെ സ്കൂളിലിറക്കി തിരിച്ചു കൊണ്ടുപോയി വണ്ടി പാര്‍ക്ക് ചെയ്തപ്പോഴും മനസ്സിലാക്കിയില്ല ഞാന്‍ അതില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്ന്. വെളുത്ത സുന്ദരി ടീച്ചര്‍ ഉണ്ടായിരുന്നെങ്കില്‍ പതിവുപോലെ എന്നെ എണീപ്പിച്ചേനെ. ദയയുടെ ഉറവുകള്‍ ഇനിയും വറ്റാത്ത ഈ ലോകത്തിലേയ്ക്ക് പക്ഷെ ദൈവദൂതന്‍ വന്നു ഉയരം കൂടിയ സീറ്റുകള്‍ക്കിടയില് ഉറങ്ങുന്ന എന്നെ രക്ഷിക്കാനായി കൈകളില്‍ കോരിയെടുത്തില്ല.


ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത് മുതല്‍ എന്‍റെ ചൂടുള്ള ശരീരം കൂടുതല്‍ ചൂട് കയറിക്കയറി ഉണക്കമീന്‍ പോലെ വരണ്ടുണങ്ങിയത് വരെ എന്നില്‍ എങ്ങനെ എന്നില്‍ പ്രാണന്‍ അവശേഷിച്ചു? ഞാനനുഭവിച്ച ഭയം, ഭയാനകമായ എന്‍റെ സ്വരത്തിന്റെ തന്നെ പ്രതിധ്വനി, ദാഹിച്ചു വരണ്ട എന്‍റെ തൊണ്ടയിലെ ആര്‍ത്തനാദം ... ഇതൊന്നും ആരും കേട്ടില്ല.ആരെയും കുറ്റപ്പെടുത്താനില്ല.ആരും മനപൂര്‍വ്വം ചെയ്തതല്ലല്ലോ.. പറഞ്ഞുകേട്ട കഥകളിലെ പാതാളത്തിലെ അകക്കറുപ്പ് ഞാന്‍ കണ്ടു. തൊണ്ട ഉണങ്ങി, വറ്റി വരണ്ട് ...എന്‍റെ കഴുത്തിലെ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളമെടുത്തു കുടിയ്ക്കാന്‍ അറിയാതെ ...ഞാന്‍ അങ്ങനെ ദാഹിച്ചു മരിച്ചു. ‌


ശ്വാസോച്ച്വാസം ചെയ്യാന്‍ കഴിയാതെ ഞാന്‍ പിടഞ്ഞു. പുറത്തുള്ളതിനേക്കാള്‍ പൊള്ളുന്ന മരുഭൂമിയിലെ ചൂട് ബസ്സിനകത്തുണ്ടെന്ന് എനിക്കറിയാതെ പോയി. ഭയന്ന്, മരവിച്ച്....ഒപ്പം ദാഹിച്ച് എന്റെ സ്വരം പലപ്പോഴും പുറത്തു വരാതെ, ഒരു സഹായമഭ്യര്‍ത്ഥിക്കാന്‍ കഴിയാതെ..... ബസ്സിന്‍റെ ഡോര്‍ തുറക്കാന്‍ ഒരു പാഴ് ശ്രമം പോലും നടത്താതെ കുഴഞ്ഞു വീണ ഞാന്‍ ചര്‍ദ്ദിച്ചത് ചോരയായിരുന്നോ?... അല്ല, അത് അതിരാവിലെ കുടിച്ച ഹോര്‍ലിക്സ് ആയിരുന്നു. ചോര വന്നത് പക്ഷെ, മൂക്കില്‍ കൂടിയായിരുന്നു. പ്രാണന്‍ പോകുമ്പോഴുണ്ടാകുന്ന വേദന ഞാനെന്ന നാല് വയസ്സുകാരിയ്ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. മേല് മുഴുവന്‍ പൊള്ളി, ഒപ്പം ശ്വാസം മുട്ടി, ഉള്ളിലെ നീറ്റല്‍ പറയാനാകാതെ ഞെരങ്ങി ബസ്സിലെ നിലത്ത് വീണ് .... കരയാതെ കരഞ്ഞപ്പോള്‍ എന്‍റെ പിങ്ക് നിറമുള്ള ചുണ്ടുകള്‍ കറുത്ത് തുടങ്ങിയിരുന്നു. നീണ്ട ഒന്നര മണിക്കൂര്‍ നേരത്തെ ആ വെപ്രാളം ആരും അനുഭവിക്കരുത്. ആരും കാണരുത്..ഉള്ളം പൊള്ളിക്കുന്ന വേദനാജനകമായ കാഴ്ചയാകും അത്.


ഇനി,പറഞ്ഞു തീര്‍ത്ത...... തീര്‍ക്കാത്ത വിടവുകള്‍ എനിക്കിനി നികത്താനാവില്ല.എന്‍റെ കിണുങ്ങലും, ചിണുങ്ങലും നിന്നിട്ട് കൃത്യം പത്താം മാസം ചിറകില്ലാത്ത മറ്റൊരു മാലാഖ എന്‍റെ അമ്മയ്ക്ക് കുഞ്ഞായി പിറന്നു.ചിറകു മുളച്ച് ....മാലാഖയായി ...ഞാന്‍ പറന്നു കൊണ്ടേയിരിക്കുന്നു. ആരോടും പരിഭവിക്കാതെ..എല്ലാം ഓര്‍ത്തു വച്ച്. ഉള്ളം പൊള്ളിക്കുന്ന ഓര്‍മ്മകളുമായി... മുത്തശ്ശിയുടെ മൃത്യുഞ്ജയ മന്ത്രങ്ങളൊന്നും വിലപ്പോയില്ലെന്ന പരാതിയില്ലാതെ ഞാന്‍ ലക്ഷ്യമില്ലാതെ ഇങ്ങനെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു..വിധിയെന്ന വാള്‍ തല നാരിഴയില്‍ തൂങ്ങി എല്ലാവരുടെയും തലയ്ക്കു മുകളില്‍ക്കിടന്നാടുന്നു.. ഉഷ്ണിപ്പിച്ച്, ദാഹിപ്പിച്ച്, വിശപ്പ്‌ കയറ്റി, പൊള്ളിപ്പിച്ച്, വേദനിപ്പിച്ച്,ഉള്ളം നീറ്റി മറ്റു ചിലപ്പോള്‍ ശ്വാസം മുട്ടിച്ച് ആരുടെയൊക്കെയോ മനസ്സിനെ ഭ്രാന്ത് പിടിപ്പിച്ച് വിധിയുടെ നാടകം തകര്‍ത്താടിക്കൊണ്ടിരിക്കുന്നു.

Monday, March 7, 2016

അമ്മുവേടേത്തി

ജനുവരി ലക്കം ഇ-മഷിയിൽ വന്ന ഒരു ഓർമ്മക്കുറിപ്പ്.
http://emashi.in/jan-2016/ormakkurippu-ammuvedathi.html
ഇവിടെ  ക്ലിക്കിയാൽ ലിങ്ക് കാണാം

"നിന്നെക്കാണാൻ അമ്മുവേടത്തി വന്നട്ട്ണ്ട്. എണീറ്റേ ".

അമ്മ വന്നു വിളിച്ചപ്പോൾ പകലുറക്കം മുറിഞ്ഞ അനിഷ്ടത്തിലും പഴയ ഓർമ്മകൾ തിളങ്ങി. പല്ല് പൊന്തിയ മുഖത്ത് വിടർന്നു പരന്ന ചിരിയുള്ള അമ്മുവേടത്തി എന്നാൽ എനിക്ക് കപ്പലണ്ടി മിഠായിയാണ്. വെയിലിൽ വാടിയ ആ മുഖത്തെ ദൈന്യതയ്ക്കിടയിൽ "കൊട്ടക്കണക്കിന്" വാൽസല്യം ഞാൻ എണ്ണി മടുത്തിട്ടുണ്ട്. ഒരു പ്രത്യേകതയും ഇല്ലെന്ന് തോന്നിപ്പിക്കുന്ന ഈ അമ്മുവേടത്തി വളരെ പെട്ടെന്നാണ് എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത്. അത് വളരെ ലളിതമായി പറഞ്ഞാൽ പച്ച നിറത്തിലുള്ള ഒരു കഷ്ണം അലുവയിലൂടെയായിരുന്നു. ചേറൂരിലെ വായനശാല ബസ് സ്റ്റോപ്പിന് മുന്നിൽ ഇടതു വശത്തായി ഉണ്ടായിരുന്ന ലാസറേട്ടന്റെ കടയിലെ പല നിറത്തിലുള്ള മിഠായികളും, മിഠായികളെന്ന് തോന്നിപ്പിക്കുന്ന പലഹാരങ്ങളും എനിക്ക് ആദ്യമായി രുചിക്കാൻ തന്നത് ഈ അമ്മുവേടത്തിയായിരുന്നു.

ദൂരദർശൻ കാലത്ത് ഞായറാഴ്ച മുഴുവനായും വിഡ്ഢിപ്പെട്ടിക്ക് നൽകിയിരുന്ന എന്റെ വാരാന്ത്യങ്ങളെ ചിലപ്പോഴെങ്കിലും സജീവയാക്കിയിരുന്നത് , കാറ്റടിച്ചാൽ പറന്നു പോകുന്ന ഇലയുടെ അത്രയും ഭാരമില്ലാതിരുന്ന ഈ വൃദ്ധയായിരുന്നു. അജയ് ദേവ്ഗണിന്റെ ചിത്രമുള്ള നോട്ട് ബുക്ക് വാങ്ങണോ, ഷാരൂഖ് ഖാന്റെ ചിത്രം അലമാരയുടെ സൈഡിൽ ഒട്ടിക്കണോ, അതോ അമ്മേടെ ചീത്ത കേട്ടാലും വേണ്ടില്ല ചുമരിൽത്തന്നെ ഒട്ടിച്ചാ മതിയോ എന്നൊക്കെയുള്ള വെല്ലു വിളികൾ ഏറ്റെടുക്കാനിരുന്ന എന്നോട്

"മര്യാദയ്ക്ക് തുണി ഉടുക്കാണ്ട് എല്ലാം കാട്ടി കുലുക്കിത്തുള്ളുന്ന ഈ പെണ്ണുങ്ങൾടെ ഈ ജാതി കൂത്ത് എന്തിനാ കാണണേ കുട്ട്യേ ? ! "

എന്ന ഒറ്റ ചോദ്യത്തിൽ, ഞാൻ ടി.വി. ഓഫ് ചെയ്ത് അമ്മുവേടത്തിയുടെ അസിസ്റ്റന്റായി കൂടെ കൂടി. കാരം ചേർത്ത് പുഴുങ്ങിയലക്കിയ വെള്ള മുണ്ട് നീലം കലക്കിയ കഞ്ഞിവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് വെയിലത്ത് ഉണക്കിയെടുത്താലേ നല്ല നിറം കിട്ടൂന്ന് അവരെന്നോട് വീമ്പു പറയാറുണ്ട്. സ്റ്റോറൂമിൽ ചാക്കിലായി സൂക്ഷിച്ചിരുന്ന നെല്ല് അളന്ന് ചെമ്പിലേയ്ക്കിടുമ്പോഴും ആ ചെമ്പിന്മേൽ വെണ്ണീറ് പൂശി നെല്ല് പുഴുങ്ങാൻ പടിഞ്ഞാപ്പുറത്തെ മുറ്റത്തെ അടുപ്പിൽ വയ്ക്കുമ്പോഴും അമ്മുവേടത്തിയുടെ മുണ്ടിന്റെ വെണ്മയിൽ അഴുക്ക് പടരുന്നത് അവർ ശ്രദ്ധിക്കാറേ ഇല്ല.

ഡിസ്ട്രിക്ട് യൂത്ത് ഫെസ്റ്റിവലിനുള്ള ബാന്റ് സെറ്റ് പ്രാക്ടീസ് കഴിഞ്ഞ് സ്കൂളിൽ നിന്നും വൈകിയെത്തിയ ആവലാതിയ്ക്കിടയിൽ ട്യൂഷൻ ക്ലാസ്സിലേയ്ക്ക് പാഞ്ഞ് പോകുന്ന എന്നെക്കണ്ട് അമ്മുവേടത്തി പുച്ഛരസം മുഖത്ത് വാരിപ്പൂശി

"അപ്പൊ ഇന്നും പീപ്പി വിളി ഉണ്ടാർന്നാ? വെർതെയല്ല കറത്ത് കൊരഞ്ഞ് കഴുത്തൊക്കെ നീണ്ട് കോലം കെട്ടേ. ആ മൊട്ടച്ചികൾക്ക് വേറെ പണിയൊന്നൂല്യേ ?"

വാദ്യോപകരണത്തിലൂടെ സംഗീതത്തിന്റെ മാസ്മരിക സൗന്ദര്യശാസ്ത്രം മുഴുവനായും മാറ്റി മറിക്കാൻ ശ്രമിക്കുന്ന ട്രംപറ്റ് വായനയെ ആണ് ഒറ്റയടിക്ക് ഈ കക്ഷി പീപ്പിവിളിയായി എഴുതിത്തള്ളിയത്. മിലിറ്ററി ബാൻഡിലെ ഫീൽഡ് ട്രപറ്ററാകാൻ പെണ്കുട്ടികൾക്ക് പറ്റുമോ , അതോ ഏതെങ്കിലും മ്യൂസിക് ബാൻഡിലോ, ഓർക്കസ്ട്രയിലോ ചേംബർ ട്രംപറ്റർ ആവണോ എന്ന ആശയക്കുഴപ്പത്തിൽ നടന്നിരുന്ന എന്നെ ഈ ഒറ്റ ചോദ്യത്തിൽ അമ്മുവേടത്തി മിണ്ടാട്ടം മുട്ടിച്ചു. ഒരു മികച്ച ട്രംപറ്റർ ആകാനാണ് നാമെല്ലാം ഈ ഭൂമിയിൽ ജനിച്ചത് അല്ലെങ്കിൽ ജീവിതം കംപ്ലീറ്റ് വേസ്റ്റ് എന്ന മട്ടിലുള്ള ബാന്റ് മാഷ്ടെ ഉപദേശം കേട്ടിരുന്ന എന്റെ മോഹനാമ്പുകളെ നിഷ്ക്കരുണം ,അവർ തുടക്കത്തിലേ നുള്ളിക്കളഞ്ഞു.

അമ്മുവേടത്തിക്ക് മക്കളില്ലാതിരുന്നത് കൊണ്ടാവും മനസ്സിൽ പെയ്യാതെ കെട്ടി നിന്ന വാൽസല്യം മേഘമറ നീക്കി സ്നേഹ മഴയായി എന്നിൽ കോരിച്ചൊരിഞ്ഞത്. കഞ്ഞുണ്ണി ഇട്ട് എണ്ണ കാച്ചി തേച്ചാ ഈ മുടി ഇനീം വലുതാവും. വെള്ളി നിറത്തിലുള്ള പരു പരുപ്പൻ ശൂ മുടി കാട്ടി അമ്മുവേടത്തി പ്രസ്താവിച്ചു. ഞാനിപ്പഴും ഇത് തല നെറച്ചും തേയക്കണുണ്ട് എന്ന് കടുപ്പിച്ച് പറഞ്ഞതോടെ ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. ഒരിയ്ക്കലെപ്പഴോ കൈയിലെ ഉണങ്ങാത്ത മുറിവും വച്ച് അമ്മുവേടത്തി തെങ്ങിൻ പട്ട വെട്ടി വിറകാക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.

"മുറിവ് ഉണങ്ങീട്ട് വെട്ടിക്കീറിയാ പോരേ? കയ്യിളക്കിയാ വേദനയെടുക്കില്ല?...... "

പറയാൻ വന്ന മറുപടി തൊണ്ടയിൽത്തടഞ്ഞു അമ്മുവേടത്തിയ്ക്ക് ,

"എന്നെ നോക്കാൻ മക്കളായിട്ട് ആരൂല്യാലോ. അപ്പൊ പിന്നെ ഞാൻ തന്നെ എനിക്കിതൊക്കെ ചെയ്യണ്ടേ. നാളത്തേയ്ക്ക് ചോറ് വയ്ക്കാൻ വിറകില്യ കുട്ട്യേ ."

കണ്ണ് തുടച്ച്, മൂക്ക് പിഴിഞ്ഞ് മക്കളില്ലാത്ത വിഷമം എന്നോട് പങ്കുവച്ചപ്പോൾ നൂറ് കണ്ണീർപ്പുഴകൾ ആ കവിളിലൂടെ ഒന്നിച്ചൊഴുകുന്നത് ഞാൻ കണ്ടു.

"അമ്മുവേടത്തിക്ക് ഞാനില്ലേ, എന്തിനാ സങ്കടപ്പെടണേ? വലുതാകുമ്പൊ അമ്മുവേടത്തിനെ ഞാൻ പൊന്നുപോലെ നോക്കില്ലേ. "

ഓരോ വാക്കിനും ജീവൻ കൊടുക്കാൻ പ്രയാസപ്പെട്ടുകൊണ്ട് ഞാൻ ഉച്ചരിച്ചപ്പോൾ എനിക്കവരെ എന്തുകൊണ്ടോ കെട്ടിപ്പിടിക്കാതിരിക്കാനായില്ല.

ഉറക്കച്ചടവോടെ ഉമ്മറത്തെത്തിയ എന്നെക്കണ്ട് എന്നത്തേയും പോലെ അധികാരത്തിൽ അമ്മുവേടത്തി ചോദിച്ചു. "പകല് കെടന്ന് ഒറങ്ങ്വാ? "

ഞാൻ ചോദിക്കാൻ തുടങ്ങുന്നതിനും മുന്നേ വിശേഷങ്ങളുടെ ഭാണ്ഡങ്ങൾ എന്റെ മുന്നിൽ ഇറക്കി വയ്ക്കാൻ തുടങ്ങി. കാഴ്ചയിൽ എടുത്തു പറയത്തക്ക മാറ്റമൊന്നും ഇല്ല. മുഖത്തെ കണ്ണട പുതിയതായി തോന്നി. കാലിലൊരു മുറിവിന്റെ കെട്ട് കാണിച്ചു തന്നു വളരേ നിഷ്കളങ്കതയോടെ പറഞ്ഞു - "പാമ്പ് കടിച്ചതാ. മുഴുവനും ഉണങ്ങീട്ടില്യ . മിഷൻ ആശുത്രീല് പത്തായിരത്തിൽ കൂടുതൽ ചെലവായി രാജിക്ക്. എന്നെ അവര് നല്ലോണം നോക്കണുണ്ട്. "

അനിയന്റെ മകളെപ്പറ്റിപ്പറയാൻ നൂറ് നാവ്. ഇടയ്ക്കെവിടെയോ എന്റെ ഉള്ളിൽ കുറ്റബോധം തലപൊക്കി. ഇതെല്ലാം അമ്മ ഫോണ്‍ വിളിച്ചറിയിച്ച നാട്ടുവിശേഷങ്ങളായി ഒതുങ്ങിയിരുന്നു എനിക്ക്. ഞാൻ കുറച്ചു രൂപയെടുത്ത് ചുരുട്ടിപ്പിടിച്ച് അമ്മുവേടത്തിയുടെ കൈകളിൽ പിടിപ്പിച്ചു.

അവർ ഗർവ്വോടെ പറഞ്ഞു. "ഞാൻ കാശിനല്ല വന്നേ. കുട്ടീടെ വിശേഷം അറിയാനാ. പിന്നെ കണ്ണ് നിറച്ചൊന്ന് കാണാനും."

പഴം നുറുക്കിന്റെ മധുരത്തോടൊപ്പം ബാക്കി വിശേഷങ്ങളും ഞാൻ നുണഞ്ഞിറക്കി.

"എനിക്ക് കർഷകപ്പെൻഷൻ കിട്ടണുണ്ട്. ഞങ്ങൾക്ക് കുട്ടികള് ഇല്ലാത്തേന് സർക്കാര്ന്ന് കാശ് കിട്ടണുണ്ട്. അത് അനിയേട്ടന്റെ പേരിലാ കിട്ടണേ. "

പതിവു പോലെ മുണ്ടിന്റെ കോന്തലയിൽ നിന്ന് കപ്പലണ്ടി മിഠായിയുടെ ഒരു പാക്കറ്റെടുത്ത് എന്റെ കൈയിൽ വച്ച് തന്നു. അവർക്ക് എന്നോടുള്ള കരുതൽ ഒരു ആലിലക്കാറ്റിന്റെ സുഖത്തിൽ ഏറ്റു വാങ്ങുമ്പോഴും അവർക്കു മുന്നിൽ ഞാനെത്രയോ ചെറുതായി ..... അവർക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ചേ ഇല്ല . ഞാനൊരു നീചയായി എന്നിലേക്ക് തന്നെ ചുരുങ്ങി.

Wednesday, December 3, 2014

ത്രേസ്യച്ചേടത്തിയുടെ ദത്ത്

ഒരു കഥയും കൂടെ ഉണ്ടേ.. ഇത് ഇവിടെ ഒരു മാഗസിനിൽ അച്ചടിച്ച്‌ വന്നു പോയി.. അപ്പൊ ഞാൻ അപ്‌ലോഡ്‌ ചെയ്യുന്നു.. വായിക്കണേ..പ്ലീസ്

ത്രേസ്യച്ചേടത്തിയുടെ  ദത്ത്






Wednesday, September 24, 2014

ജൻപഥിലെ ഞായറാഴ്ചകൾ

കൂട്ടുകാരേ, ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ബ്ലോഗ്ഗിൽ. ഇതൊരു കഥയാണ്. ഖത്തറിലെ സംസ്കൃതിയുടെ "മിഴി" മാഗസിനിൽ അച്ചടിച്ച്‌ വന്നത്. അഭിപ്രായം കമന്റ്‌ ആയി ഇടണേ..




Saturday, July 16, 2011

മറവി




ആഴ്ചാവസാനം കിട്ടിയ ഒരു അവധിദിനത്തില്‍ പതിവുപോലെ മടുപ്പിക്കുന്ന സ്വയം പരാതി പറച്ചിലിന് മുടക്ക് നല്‍കി മോള്‍ടെ കൂടെ കടംകഥ പറഞ്ഞു കളിക്കുന്നതിനിടയിലാണ് എനിക്കാദ്യമായി ആ സംശയം മനസ്സില്‍ മുള പൊട്ടിയത്. എനിക്ക് മറവിയുണ്ടോ? ഓര്‍മ്മക്കുറവുണ്ടോ? അതോ എല്ലായ്പ്പോഴത്തേയും പോലെ തോന്നലാണോ? ഞാന്‍ എന്‍റെ മകള്‍ക്ക് പഴമയുടെ മൂല്യം കൈമോശം വരാതെ പകര്‍ന്നു കൊടുക്കാനെന്ന മട്ടില്‍ എന്‍റെ അച്ഛമ്മയുടെ പഴയ കടംകഥ കളക്ഷനുമായി കളിക്കാനിരുന്നതാണ്. മോള്‍ ഓര്‍മ്മിപ്പിച്ചു-അടുത്തത് അമ്മേടെ ടേണ്‍... ഞാന്‍ ചോദിച്ചു."കുത്തീട്ടാല്‍ മുളയ്ക്കില്ല.പക്ഷെ, വേലിയില്‍ പടരും.ന്താ?" എനിക്ക് ചോദ്യം ഓര്‍മ്മയുണ്ട്.പക്ഷെ,ഉത്തരം ഓര്‍മ്മയില്ല.അതെന്താ അങ്ങനെ? ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ തല പുകച്ച് തീ വന്നതല്ലാതെ ഉത്തരം വന്നില്ല.ആകെ വല്ലായ്മ തോന്നി. വിട്ടു കളഞ്ഞേക്കാം, ആദ്യം തോന്നി. അങ്ങനെ പറ്റില്ലല്ലോ..ഉത്തരം അറിയണ്ടേ?ഉത്തരം ഓര്‍ത്തെടുക്കാന്‍ കഴിയാതെ പരാജയമടഞ്ഞ് കനം തൂങ്ങിയ മനസ്സുമായി അമ്മയെ വിളിച്ചു ചോദിച്ചു. ഒറ്റ വാചകത്തില്‍ അമ്മ മറുപടി തന്നു. "അത് ചിതലല്ലേ?ഇത്ര ചെറുപ്പത്തിലേ മറവിയോ? നല്ല കാര്യായിപ്പോയി!!" ആ മറുപടി എന്‍റെ ചിന്തയ്ക്ക് ഭാരം കൂട്ടിയതല്ലാതെ തെല്ലും ആശ്വാസം നല്‍കിയില്ല.


ധൃതിയില്‍ സ്കൂളിലേയ്ക്കോടുമ്പോള്‍ വീടിന്റെ താക്കൊലെടുക്കാന്‍ മറന്നാല്‍, മോള്‍ടെ ബാഗില്‍ വാട്ടര്‍ ബോട്ടില്‍ വയ്ക്കാന്‍ മറന്നാല്‍, ക്ലാസ് ലോക്കറിന്റെ കീ അടങ്ങുന്ന എന്‍റെ പൌച് എടുക്കാന്‍ വിട്ടുപോയാല്‍ ഞാന്‍ വീണ്ടും,വീണ്ടും നടുങ്ങിപ്പോകും.ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാവുന്നതിലധികം തളര്‍ന്നു പോകും. മറവിയെപ്പേടിക്കാന്‍ തക്ക കാരണം എന്‍റെ മനസ്സിന്‍റെ ഉള്ളറയ്ക്കുള്ളില്‍ ഭദ്രം!!


അൽഷിമേഴ്സ് രോഗിയുടെ ജീവിതത്തെ വരച്ചു കാണിച്ച ബ്ലെസ്സിയുടെ 'തന്മാത്ര' എന്ന ചലച്ചിത്രം തീയറ്ററിലിരുന്ന് എങ്ങനെ കണ്ടു മുഴുമിപ്പിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല.ഞങളുടെ ജീവിതം അതേപടി സ്ക്രീനില്‍ കണ്ടപ്പോഴുണ്ടായ വികാരം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അതേ അവസ്ഥകള്‍ പിന്നിട്ട് ഞങ്ങളുടെ അച്ഛന്‍ ഓര്‍മ്മകളെ കുഴിച്ചിട്ട് മറവിയെന്ന മേലങ്കി എടുത്തണിഞ്ഞ് മരണത്തിനു മുന്നില്‍ കീഴടങ്ങിയത് വെറും നാല്പത്തിനാലാമത്തെ വയസ്സിലായിരുന്നു. ആ നടുക്കുന്ന ഓര്‍മ്മകളും,ഓര്‍മ്മക്കുറവുകളും ഇപ്പോഴും ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്നു. അൽഷിമേഴ്സ് ബാധിച്ച് മരിച്ച അച്ഛന്‍റെ മകള്‍ക്കും അൽഷിമേഴ്സ് പിടിപെടാം. ഈ ഒരു ധാരണ എന്‍റെ മനസ്സിലെങ്ങനെയോ അരക്കിട്ടുറച്ചുപോയി. അതുകൊണ്ട് തന്നെ, ഞാനൊന്നും ഒരിയ്ക്കലും മറന്നു കൂടാ. ഓര്‍മ്മ എന്നും തെളിഞ്ഞ് എന്തും ഞൊടിയിടയില്‍ മുന്നില്‍ സ്ക്രീനിലെന്ന പോലെ തെളിയണം.ഇല്ലെങ്കില്‍ ഞാന്‍ അസ്വസ്ഥയാകും.


ഒരിയ്ക്കല്‍ തിരക്കുപിടിച്ച മീറ്റിങ്ങിനിടയില്‍ കോളിംഗ് ബെല്ലടിച്ച് കാറ്റുപോലെ വേഗത്തില്‍ പാഞ്ഞു ചെന്ന് കൈകഴുകി ഉച്ചയൂണിന് സ്ഥാനം പിടിച്ച എന്‍റെ ഭര്‍ത്താവിനു മുന്നില്‍ ഞാന്‍ അവിയല്‍,പപ്പടം,പരിപ്പുകറി എന്നിവ വിളമ്പി വച്ചു. "ചോറെവിടെ"? മൂപ്പരുടെ അക്ഷമയോടെയുള്ള ചോദ്യം കേട്ട് ഞാന്‍ അടുക്കളയില്‍ ചെന്ന് പരതി. പറഞ്ഞപോലെ ചോറെവിടെ? ഇനി ഫ്രിഡ്ജില് ഉണ്ടാവ്വോ? ആകെ സംശയമായി. വയ്ക്കാത്ത ചോറ് എവിടന്ന് വരും? ഒരു ചെറിയ നടുക്കത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു. "ചോറ് വയ്ക്കാന്‍ മറന്നു പോയി".നിഷ്കളങ്കതയോടെ ഞാന്‍ പറഞ്ഞു. "ഹ്മം.. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ 'ചിദംബര സ്മരണ' ലഹരിപിടിച്ചിരുന്ന് വായിക്കുന്നത് കണ്ടപ്പഴേ ഞാന്‍ വിചാരിച്ചിരുന്നു ഇന്ന് എന്തെങ്കിലും മറന്നു പോകുംന്ന്". ഊണിനു പകരം രാവിലത്തെ ബാക്കിയുണ്ടായിരുന്ന പുട്ട് കഴിക്കുന്നതിനിടയില്‍ പരാതിയെന്ന ഭാവത്തിലല്ലാതെ മൂപ്പര് പറഞ്ഞു.



എന്‍റെ ഒന്നാം ക്ലാസ്സിലെ ദിനങ്ങള്‍ പ്രധാനമായും ആരംഭിച്ചിരുന്നത് അമ്മയുടെ സാരി മാറലിലാണ്.വീട്ടിലെ വേഷത്തില്‍ നിന്ന് ധൃതിയില്‍ പുറത്തു പോകാനുള്ള സാരിയെടുത്ത് ഉടുക്കുന്നതിനിടയില്‍ അച്ഛനെയും വേഷം മാറ്റിക്കും. തത്രപ്പെട്ട് എന്നെ വേഗം സ്കൂളിലേയ്ക്ക് അയക്കുന്നതിന്റെ ലക്‌ഷ്യം അച്ഛനെ പുതിയ ഡോക്ടറെ കാണിക്കലാണ്. ഞാന്‍ സ്നേഹത്തോടെ അച്ഛയെന്നു വിളിക്കുന്ന അച്ഛന്‍റെ പ്രധാന അസുഖം മറവി. വീട്ടിലെ മറ്റു അംഗങ്ങളുടെ ബ്രഷെടുത്ത് പല്ല് തേയ്ക്കുന്ന അച്ഛയ്ക്ക് ഓഫീസില്‍ രജിസ്റ്ററിലെ കോളം തെറ്റി മറ്റുള്ളവരുടെ പേരിനു നേരെ ഒപ്പിട്ട ആരോപണവും കൂടിയാകുമ്പോള്‍ നില്ക്കക്കള്ളിയില്ലാതാകുന്നു. ഉള്ളിലെ അസ്വസ്ഥതയുടെ അഗ്നിപര്‍വ്വതം പൊട്ടി വിഷമതകളുടെ ലാവാ പ്രവാഹമാണ് പിന്നീട്. ഒന്നും കയ്യൊതുക്കത്തോടെ ചെയ്യാനാകുന്നില്ലെന്ന നിസ്സഹായതയ്ക്ക്‌ മുന്നില്‍ അമ്മയുടെ മനസ്സും വെന്തു തുടങ്ങി. മെഴുകുതിരി വാങ്ങാന്‍ പോയ അച്ഛ തിരിച്ചു വരുന്നത് മീന്‍ വാങ്ങിയായിരിക്കും.അതും,തന്‍റെ വീട് ഇത് തന്നെയോ എന്ന് സംശയിച്ച്.. പതിയെ,പതിയെ അമ്മയ്ക്ക് ഭയമായി.വീട്ടില്‍ നിന്നും പോയ ആള്‍ വഴി തെറ്റി തിരിച്ചു വന്നില്ലെങ്കിലോ, അതുകൊണ്ട് അച്ഛയുടെ വീടിനു പുറത്തേയ്ക്കുള്ള യാത്രകള്‍ സിഗരറ്റ് വാങ്ങാന്‍ വേണ്ടി മാത്രമുള്ളതായി ഒതുങ്ങി. കൂടെ ഞാനും പോകും.എന്‍റെ ലക്‌ഷ്യം യൂണിയന്‍ ഓഫീസിന്‍റെ അടുത്തുള്ള പരമേട്ടന്റെ കടയിലെ ബബിള്‍ ഗം ആയിരുന്നു.



തിരുവനന്തപുരത്തെ ശ്രീചിത്തിരാ ഹോസ്പിറ്റലില്‍ പോയി വന്നതിനു ശേഷം അച്ഛ പിന്നീടു ഓഫീസില്‍ പോയിട്ടേ ഇല്ല.അന്ന് മുതല്‍ ഞാനെന്ന അഞ്ചു വയസ്സുകാരി എന്‍റെ അച്ഛയുടെ ടീച്ചറായി. മറന്നു പോയ കാര്യങ്ങള്‍ ഞാന്‍ പഠിപ്പിച്ചിട്ടേ ഉള്ളു ബാക്കി കാര്യം എന്ന മട്ടില്‍. പഠിപ്പിച്ചതോന്നും ഓര്‍മ്മയില്‍ വയ്ക്കാത്ത 'ശിഷ്യനെ'പ്പറ്റി അമ്മയോട് ഞാനെന്നും പരാതി പറഞ്ഞു. "കട്ടിയുള്ള പുറന്തോടുള്ള ജീവിയേത്?" എന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ മിഴിച്ചിരുന്ന അച്ഛയെ ഞാന്‍ കൈത്തണ്ടയില്‍ നുള്ളി. ഇലെക്ട്രിസിറ്റി ബോര്‍ഡില്‍ സബ്എഞ്ചിനീയര് ആയിരുന്ന അച്ഛയ്ക്ക് ഞാന്‍ എടുത്തിരുന്ന ഡിക്റ്റെഷന്‍ ബാലികേറാമലയായിത്തോന്നി. 'ഒട്ടകം, ഓല, ഔഷധം' എന്നീ വാക്കുകള്‍ എഴുതാനറിയാതെ അച്ഛ കുഴങ്ങി. ഇതുകണ്ട് അമ്മയുടെ ഉള്ളിലെ തീക്കനലിന്റെ ചൂട് തട്ടി ഞാനും തേങ്ങിക്കരഞ്ഞു. കാഴ്ചയില്‍ സുന്ദരനായിരുന്ന അച്ഛയുടെ താടി രോമങ്ങള്‍ വളര്‍ന്നത്‌ ഇഷ്ടമാകാതെ പതിനൊന്നു വയസ്സുള്ള എന്‍റെ ചേട്ടന്‍ അച്ഛയെ ഷേവ് ചെയ്തു വൃത്തിയാക്കി. അൽഷിമേഴ്സ് എന്ന അസുഖത്തെപ്പറ്റി കേട്ടുകേള്‍വി
പോലും ഇല്ലാതിരുന്ന കാലത്ത് അച്ഛയുടെ ഓര്മ്മക്കുറവിനെക്കുറിച്ചും, ഓര്മ്മക്കുറവിനോട് പൊരുത്തപ്പെടാനാകാതെ ദേഷ്യപ്പെട്ടതിനെക്കുറിച്ചും, വയസ്സായവര്ക്ക്ച മാത്രം വരുന്ന ഓര്മ്മക്കുറവ് എങ്ങനെ ഇയാള്ക്ക് ഇത്ര ചെറുപ്പത്തില്‍ വന്നു എന്ന്ആകുലപ്പെട്ടും നാട്ടുകാര്‍ ചര്‍ച്ച ചെയ്ത് ഊതിപ്പെരുപ്പിച്ചു.


മനസ്സിന്‍റെ വിങ്ങലുകള്‍ മറച്ചു വച്ച് ഇടയ്ക്കെപ്പോഴോ കോരിച്ചൊരിയുന്ന മഴ മാറി ഓര്‍മ്മ തെളിഞ്ഞു വന്നപ്പോള്‍ അച്ഛ എനിയ്ക്ക് തന്‍റെ പ്രിയപ്പെട്ട ഒരു ഭക്തി ഗാനം പാടിത്തന്നു.
"വടക്കുംനാഥന് സുപ്രഭാതം പാടും
വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍.." ടേപ്പ്റെകോര്‍ഡറില്‍ കാസെറ്റുകള്‍ മാറി ഇട്ട് സംഗീതം ശ്രവിച്ചിരുന്ന അച്ഛന്‍ " ഇതിനോ ആദമേ, നിന്നെ ഞാന്‍ തോട്ടത്തിലാക്കി ...തോട്ടം,സൂക്ഷിപ്പാനോ... കായ്കനികള്‍ ഭക്ഷിപ്പാനോ..." എന്ന ഗാനം മൂളി നടന്നിരുന്നത് ഇപ്പോഴും എന്‍റെ കാതിലുണ്ട്. "അത് സിനിമാപ്പാട്ടാണോ? ഇതു സിനിമയിലെയാ? ആര് പാടിയതാ?" ഞാന്‍ ആവര്‍ത്തിച്ചുകൊണ്ട് ആരാഞ്ഞ ഈ ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് മറുപടി തരാന്‍ അച്ഛയ്ക്ക് കഴിഞ്ഞില്ല. മുത്തച്ഛന്‍ പാടാറുള്ളതെന്ന ലേബലില്‍ ഈ വരികള്‍ മോള്‍ക്ക്‌ പാടിക്കൊടുത്തപ്പോള്‍ അവളും അതെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഉത്തരത്തിനായി നെറ്റ് മുഴുവനും ,യു ട്യൂബും അരിച്ചു പെറുക്കിയിട്ടും ഒന്നും കിട്ടിയില്ല.



ഇത്ര നേരത്തെ സ്മൃതി നാശം സംഭവിക്കാന്‍ തക്ക കാരണം അന്വേഷിച്ച് ഡോക്ടര്‍മാര്‍ വലഞ്ഞു. മരുന്നില്ലാത്ത അസുഖമാണ് അതെന്ന് അറിയാതെ അച്ഛയെയും കൊണ്ട് ഒരു ഹോസ്പിറ്റലില് നിന്ന് മറ്റൊരു ഹോസ്പിറ്റലിലേയ്ക്കുള്ള സഞ്ചാരം ഒടുവില്‍ അവസാനിച്ചത്‌ മദ്രാസിലെ അപ്പോളോ ഹോസ്പിറ്റലില്‍ ആണ്.അവിടത്തെ പ്രശസ്തനായ ഡോക്ടര്‍ രാമമൂര്‍ത്തി ഒരു പരീക്ഷണമെന്ന നിലയില്‍ അച്ഛയുടെ ബ്രെയിന്‍ സര്‍ജറി ചെയ്തു. വീട്ടിലെത്തിയതിനുശേഷം അധികം താമസിയാതെ തലച്ചോറില്‍ ഇന്‍ഫെക്ഷന്‍ ആകുകയും തുടര്‍ന്ന് ശയ്യാവലംബിയായി മാസങ്ങള്‍ക്കുള്ളില്‍ അച്ഛയും,അച്ഛയുടെ നിസ്സഹായതയും ഞങ്ങള്‍ക്ക് ഓര്‍മ്മ മാത്രമാകുകയും ചെയ്തു. അതിനും എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ക്ക് തന്നെ അച്ഛയുടെ അസുഖം അൽഷിമേഴ്സ്ആണെന്ന് അറിവ് കിട്ടിയത് !!! ചിന്തിക്കാനുള്ള ശേഷി മനുഷ്യനുമാത്രം കൊടുത്ത ദൈവം ചിലപ്പോഴൊക്കെ മാറി നിന്ന് അതിലും ചില സൂത്രപ്പണികള്‍ ഒപ്പിക്കുന്നു.




എന്‍റെ ഓരോ കൊച്ചു മറവിയും എന്‍റെ മനസ്സിന്‍റെ ഭാരം കൂട്ടി. അത് ഏതൊരാള്‍ക്കും എപ്പോഴും സംഭവിക്കാവുന്ന ഒരു ജീവിതക്രമം മാത്രമാണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ഒരു ദിവസം കൃത്യസമയത്ത് സ്കൂളിലെത്തിയ ഞാന്‍ അറ്റന്‍ഡന്‍സ് പഞ്ച് ചെയ്യാനായി പഞ്ചിംഗ് മെഷീനിന്റെ മുന്നില്‍ നിന്നതോര്‍മ്മയുണ്ട്‌.കൂടെ നിന്നവരോട് വായ്‌ തോരാതെ സംസാരിച്ച് പഞ്ച് ചെയ്യാതെ ക്ലാസ്സിലേയ്ക്ക് പോയി. പിറ്റേന്ന് അതറിഞ്ഞപ്പോള്‍ 'ഞാനെങ്ങനെ അത് മറന്നു' എന്നോര്‍ത്ത് കണ്ണ് നിറഞ്ഞു. അടുക്കളയിലെ പാചകത്തിനിടയില്‍ എന്തോ എടുക്കാന്‍ ഫ്രിഡ്ജ്‌ തുറന്ന് നിന്നു. എന്തിനു തുറന്നു? എന്തെടുക്കാനാ വന്നത്? ഹോ! എന്‍റെ നശിച്ച മറവി!! സ്വയം പ്രാകിക്കൊണ്ട്‌ തിരിച്ച് അടുക്കളയില്‍ ചെന്നപ്പോഴാണ് ഓ! കറിവേപ്പില എടുക്കാനാണ് ഫ്രിഡ്ജ്‌നടുത്തെയ്ക്ക് ഓടിയത് എന്ന് ഓര്‍മ്മ വന്നത്.മനസ്സില്‍ കണക്കുകൂട്ടി,ഇനി ബ്രഹ്മി കഴിച്ചു നോക്കിയാലോ? പ്രയോജനം ഉണ്ടാകുമോ? ഞാന്‍ ആലോചിച്ചു വിഷമിച്ചു.





മറവിയുടെ കാര്യത്തില്‍ താന്‍ ഒരു 'മിസ്സിസ് ഫോര്‍ഗെറ്റ്ഫുള്‍നെസ്' ആണെന്ന് എന്‍റെ ഒരു കൂട്ടുകാരി അവകാശപ്പെട്ടു. വാഷിംഗ് മഷീനില്‍ വെള്ളം തുറന്നിട്ട്‌ കിടന്നുറങ്ങി. വെള്ളം നിറഞ്ഞു കവിഞ്ഞ് താഴത്തെ ഫ്ലാറ്റുകളെക്കൂടി സ്വിമ്മിംഗ് പൂള്‍ ആക്കിയതിന്റെ ക്രെഡിറ്റ്‌ അവള്‍ക്കു ഒറ്റയ്ക്ക് അവകാശപ്പെട്ടത്. മറവിയെപ്പറ്റി അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞത് ഇങ്ങനെ : "ശ്രദ്ധക്കുറവു കൊണ്ടാ അങ്ങനെ വരുന്നത്. നീ യോഗയും, ധ്യാനവും മുടങ്ങാതെ ചെയ്യൂ" .


‍ എന്‍റെ ഭയാശങ്കകള്‍ മനസ്സിലിരിക്കാതെ കൂടെ ഉള്ള ടീച്ചറായ അര്ച്ചനയോട്‌ കാര്യം പറഞ്ഞു."ചിന്തിച്ച് പെരുപ്പിച്ച് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. ഞാനിത് ഈ ആഴ്ച എത്ര ദോശ കരിച്ചു കളഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല. അലാറം വയ്ക്കാന്‍ മറന്നിട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ വേറെ. എപ്പൊ ഷോപ്പിങ്ങ്നു പോയാലും പകുതി സാധനങ്ങള്‍ വാങ്ങാന്‍ മറന്നു പോകും. ചിന്തിച്ച് തുടങ്ങിയാല്‍ എനിക്കാണ് പ്രശ്നം.ഞാന്‍ അതൊന്നും ഓര്‍ക്കാറേയില്ല. നീ മിണ്ടാതിരിക്ക്‌.ഇത് എല്ലാവര്ക്കും ഉണ്ടാകുന്നത് സ്വാഭാവികം." അവള്‍ പറഞ്ഞത് എനിക്ക് ആശ്വാസമായി.




"എന്താടീ സിക്സിന്‍റെ ടേബിള്‍ നിനക്ക് ശരിക്കും അറിയാത്തെ?" മോളോട് എന്‍റെ പുലി ശൌര്യം പുറത്തെടുത്ത് ചോദിച്ചു. "അത് ശരി! അപ്പൊ,അമ്മയ്ക്ക് മാത്രേ മറക്കാന്‍ പാടുള്ളോ. ഞാന്‍ പഠിച്ചതാ. പക്ഷെ,മറന്നു പോയി".അവളുടെ കൂളായ മറുപടി എന്നെ എലിയാക്കി മാറ്റി. "മറവി" എന്നത് സര്‍വ്വലോകര്‍ക്കും അവകാശപ്പെട്ടതാണെന്ന തത്ത്വം അവള്‍ വളരെ ലളിതായി എന്നെ പഠിപ്പിച്ചു. എന്‍റെ മോളും,പ്രിയതമനും എന്‍റെ "മറവിപ്പരാതി"കളെ തമാശയാക്കിമാറ്റി എന്‍റെ ഓര്‍മ്മയെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റുന്നു. മറക്കാതെ ചെയ്യാനുള്ളതെന്തെങ്കിലും ഓര്‍മ്മപ്പെടുത്താനുള്ള ചെറുകുറിപ്പുകള്‍ എന്‍റെ കൈപ്പത്തിയ്ക്ക് മുകളില്‍ ചുവന്ന മഷി കൊണ്ടെഴുതുന്ന ശീലം കണ്ട് "സ്മിത മാഡം ഗജിനിയാവണ്ട. മാഡം ഒന്നും മറക്കാറെയില്ല " എന്ന് എന്‍റെ ശിഷ്യഗണങ്ങള്‍ എന്‍റെ ആകുലതകള്‍ മയപ്പെടുത്തുന്നു. എന്നെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞ കുശുമ്പും, കുന്നായ്മയും, കുത്തുവാക്കുകളും ഒന്നും ഒരിയ്ക്കലും മറന്നു പോകാത്തതു കൊണ്ട് പേടിക്കേണ്ടതില്ല എന്ന് എന്‍റെ ഭര്‍ത്താവ് എനിയ്ക്ക് ധൈര്യം തരുന്നു. കൌമാരത്തില്‍ എനിക്ക് കിട്ടിയ പ്രേമലേഖനങ്ങളിലെ വരികള്‍ ഇത്ര തെളിമയോടെ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് മൂപ്പരെന്നെ ഓര്‍മ്മിപ്പിക്കുന്നു.




എന്നെ വിവാഹം കഴിക്കാനിരുന്ന നാളുകളില്‍ എന്‍റെ ഭര്‍ത്താവിനോട് അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കളിലാരോ ഒരാള്‍ അടക്കം പറഞ്ഞു - മറവിരോഗം വന്നാണ് ആ കുട്ടീടെ അച്ഛന്‍ മരിച്ചത്. ഈ കാരണം പറഞ്ഞു, മൂപ്പരന്ന് ഈ വിവാഹത്തില്‍ നിന്നു പിന്മാറിയിരുന്നെങ്കില്‍ എന്നെ ഒരിയ്ക്കലും കുറ്റപ്പെടുത്താതെ ഞാന്‍ ഗ്യാസ് ഓഫ് ചെയ്തോ,അയേണ്‍ ബോക്സ് ഓണ്‍ അല്ലല്ലോ എന്നൊക്കെ ഞാനറിയാതെ ചെന്ന് ഉറപ്പുവരുത്താനും,നിനക്ക് ഞാനില്ലേ എന്ന് കൂടെക്കൂടെ പറയാനും വേറെ ആരുണ്ടാകുമായിരുന്നു? മറവിയെന്നത് ശാപമല്ല, അനുഗ്രഹമാണെന്ന് ഞാന്‍ മനസ്സിനെപ്പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

Thursday, December 16, 2010

വെറുതെ ഒരു പോസ്റ്റ്‌.





"ദേ, സ്കൂള് പൂട്ടി.നാട്ടില് പോകാന്‍ നാലഞ്ചു ദിവസം കൂടി.ബോറടി മാറ്റാന്‍ സിറ്റി സെന്‍റെറില്കൊണ്ട് വിടണം". അങ്കവും കാണാം, താളിയും ഒടിക്കാം എന്ന എന്‍റെ ഉള്ളിരിരിപ്പ് മനസ്സിലാക്കി മൂപ്പര് കൂലങ്കഷമായി ചിന്തിച്ചു. പേഴ്സ് കാലിയാക്കല്‍ എന്ന ചടങ്ങിനോട് വലിയ താല്പര്യമില്ലാത്തതുകൊണ്ട് എന്നോട് ഇങ്ങനെ മൊഴിഞ്ഞു,"എന്തുകൊണ്ട് നിനക്ക് വല്ലതും എഴുതാന്‍ ശ്രമിച്ചു കൂടാ? എത്ര നാളായി ഒരു പോസ്റ്റ്‌ ഇട്ടിട്ട്? നാട്ടില് പോണേനു മുന്‍പ് ഒരു പോസ്റെങ്കിലും ഇട്. " ഒരു നിമിഷത്തേയ്ക്ക് ഞാന്‍ അന്യഗ്രഹത്തിലാണോ എന്ന് പോലും തോന്നിപ്പോയി.ഇങ്ങനെ ഒക്കെ ആ വായീന്ന് കേള്‍ക്കുന്നത് അപൂര്‍വ്വം.വെറുതെ ഇരിക്കുമ്പോള്‍ ആള്‍ടെ തല തിന്നാന്‍ ചെന്നാലോ എന്ന് പേടിച്ച് സൂത്രത്തില്‍ എനിക്ക് തന്ന പണിയാണോ ആവോ?




പക്ഷെ,ചുമ്മാ ഡയറിയുമായി ഇരുന്നാല്‍ വരുന്നതാണോ പോസ്റ്റ്‌? ക്ലാസ്സിലെ തലതെറിച്ച മുപ്പത്തൊന്ന് പിള്ളേരും,അതിനെ വെല്ലുന്ന സ്വന്തം 'പിള്ളയും' , അവരെ മേയ്ക്കലും എല്ലാം കൂടി ഒരു ദിവസം ഇരുപത്തിനാല് മണിക്കൂര്‍ പോരാതെ വരുന്നു എന്ന പോലെ.ഒരു ദിവസം ഇരുപത്തിനാലില്‍ നിന്ന് മുപ്പത് മണിക്കൂറാക്കി മാറ്റാന്‍ ദൈവത്തിനൊരപേക്ഷ എഴുതി ഒപ്പിട്ടു കൊടുത്താലോ എന്ന ചിന്തയിലാണ്. പുതിയ പോസ്ടിടല്‍ പോയിട്ട് മെയില്‍ ചെക്ക് ചെയ്യുന്നത് തന്നെ അഞ്ചാറ് ദിവസം കൂടുമ്പോള്‍. ആകെ മുടങ്ങാതെ ചെയ്യുന്നത് സ്കൂള്‍ വെബ്‌ സൈറ്റില്‍ മുടങ്ങാതെ കേറി നിരങ്ങുന്നത് മാത്രം.വീകെന്റുകള്‍ക്ക് ഇവിടെ നീളം കുറവാണെന്ന് ഞാന്‍ മുന്നേ കണ്ടുപിടിച്ചതാ.അതുകൊണ്ട് വീകെന്റിലെയ്ക്ക് എടുത്തു വയ്ക്കുന്ന പണികള്‍ എപ്പോഴും എനിക്ക് പണി തന്നു കൊണ്ടേയിരിക്കുന്നു.

വെറുതെ ഇരുന്ന്, വെറുതെ കിടന്ന്, വെറുതെ തീര്‍ത്തു കളയാന് ഒരു ദിവസം എന്ന് കിട്ടും? കുക്കറി ഷോകളില്‍ ‍നിന്നും എഴുതിയെടുത്തു വച്ച പുതിയ ഐറ്റംസ് എന്ന് പരീക്ഷിക്കും? അതൊക്കെ പോട്ടെ, ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ ജീവിതം തീര്‍ന്നു പോകുമെന്ന് കരുതിയിരുന്ന ഞാന്‍ തുടര്‍ച്ചയായി ആറ് മണിക്കൂറെങ്കിലും എന്ന് ഉറങ്ങാനാ?


രാവിലെ അഞ്ച് മണിയ്ക്ക് തുടങ്ങുന്ന ഗുസ്തി രാത്രി പത്തരയ്ക്കെങ്കിലും തീര്‍ക്കണമെന്ന ആഗ്രഹം വ്യാമോഹമായി അവശേഷിക്കുന്നു.സ്കൂളില്‍ നിന്ന് കൊണ്ട് വന്ന അസൈന്‍മെന്‍റ് ഷീറ്റുകളും വീക്ക്‌ലി ടെസ്റ്റ്‌ പേപ്പറുകളും അപ്പോഴും നോക്കി പല്ലിളിക്കും.ടീച്ചര്‍ പണിയ്ക്ക് മാത്രേ ഈ ബുദ്ധിമുട്ട് ഉള്ളൂ എന്ന് ചിലപ്പോഴെങ്കിലും ഓര്‍ക്കാറുണ്ട്. ഇന്ന് ഫ്ലവര്‍ ഷേപ്പില്‍ ഉണ്ടാക്കിയ ദോശയെങ്കിലും ബാക്കി വയ്ക്കരുത്ട്ടോ എന്ന് വീട്ടിലെ ജൂനിയറെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തിരിച്ചു മറുപടി : " അയ്യേ! ഫ്ലവര്‍ ഷേപ്പിലുള്ള ദോശ ഒരു ടേസ്റ്റും ഇല്ല.ഇന്ന് ഹാര്‍ട്ട്‌ ഷേപ്പ് മതി." എന്ന് തിരിച്ചു കല്‍പ്പന.എടീ ഹാര്‍ട്ട്‌ ഇല്ലാത്തവളെ, മര്യാദയ്ക്ക് തിന്നോ,ഇല്ലെങ്കി നിന്റെ ബോഡീടെ ഷേപ്പ് ഞാന്‍ മാറ്റും എന്നുള്ള എന്‍റെ ഉള്ളിലെ മറുപടി വെറും നെടുവീര്‍പ്പായി മാറും.


ഇനി സ്കൂളില്‍ ചെന്നാലോ, "നിന്‍റെ തലേലെഴുത്ത് എനിക്ക് വായിക്കാന്‍ പറ്റുന്നില്ല." എന്നത് ഭാഷയും,വ്യാകരണവും,ശൈലിയും മാറ്റി,മനോജിനോട് ഇങ്ങനെ പറയും,"മൈ ഡിയര്‍...എന്നും ഹാന്‍ഡ്‌ റൈറ്റിംഗ് പ്രാക്ടീസ് ചെയ്യണം". ഉടനെ വരും ഉരുളയ്ക്കുപ്പേരി!! "ദിസ് ഈസ്‌ ദി എയ്ജ് ഓഫ് ലാപ്ടോപ്സ്.സൊ,നോ നീഡ്‌ ടു ഡു ദാറ്റ്‌." തൃപ്തിയായി മനോജേ,തൃപ്തിയായി..ബ്രഹ്മാവ്‌ സൃഷ്ടി കര്‍മ്മം നടത്തുമ്പോള്‍ എന്തിനാണാവോ എല്ലാവര്ക്കും ഇത്ര മൂര്‍ച്ചയേറിയ ജിഹ്വകള്‍ പ്രദാനം ചെയ്യുന്നത്?കൂടെ നമ്മളും നാക്കിനു മൂര്‍ച്ച കൂട്ടി,കൂട്ടി അത് എന്നാണാവോ തേഞ്ഞ് പൊട്ടിപ്പോകുന്നത്? ആകെ കൂടിയുള്ള പിടി വള്ളിയാ.ഇവരെയൊക്കെ ആവശ്യത്തില്‍ കൂടുതല്‍ മര്യാദ പഠിപ്പിക്കാന്‍ പോയാല്‍ യഥാര്‍ത്ഥ മര്യാദക്കാര്‍ - പാരെന്റ്സ്- യുദ്ധത്തിന് കച്ച കെട്ടിയിറങ്ങും.ഞാനൊരു സമാധാനപ്രിയയായത് കൊണ്ട് "എന്‍റെ മോനെ ----- കുട്ടി സ്വിമ്മിംഗ്പൂളില്‍ വച്ച് ഉന്തിയിട്ടു." എന്നുള്ള പരാതിയ്ക്ക് അങ്ങനെ വലുതായൊന്നും ഉന്തിയില്ല. നിങ്ങടെ മോനാ ശരിയായ പ്രശ്നക്കാരന്‍. ഞങ്ങള് നാല് ടീച്ചേര്‍സ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. പിന്നെ, "പ്രയാസി'നും ഈയ്യിടെ കുറുമ്പ് ഇത്തിരി കൂടുതലാ. പക്ഷെ, ടാലന്റ് ഹണ്ടിന് അവന്‍ ചെയ്ത 'സോളോ ഡാന്‍സ്' സാക്ഷാല്‍ മൈക്കിള്‍ ജാക്സനെ വരെ കടത്തി വെട്ടി... എന്നാക്കി മാറ്റി അവതരിപ്പിച്ച് പാരെന്റ്സ്ന്‍റെ കണ്ണിലുണ്ണിയായ ടീച്ചര്‍ ആകാന്‍ മാക്സിമം പയറ്റിക്കൊണ്ടിരിക്കുന്നു. "പ്രയാസ്" പക്ഷെ,സ്കൂളിലെ എല്ലാവര്ക്കും അങ്ങേയറ്റം പ്രയാസം ഉണ്ടാക്കുന്നു എന്ന വസ്തുത തീരെ മറച്ചു പിടിക്കാന്‍ പറ്റിയ ഒന്നല്ല.ആരാണാവോ ആ കുട്ടിയ്ക്ക് 'പ്രയാസ്' എന്ന പേരിട്ടത്? ‌

ആഴ്ചയില്‍ മൂന്നു ദിവസം വീട്ടില്‍ സഹായത്തിന് വരുന്ന "ഋത്വിക് റോഷന്‍" അപ്രഖ്യാപിത ലീവ് എടുക്കുമ്പോള്‍ അവിടെയും നമ്മളാക്ടീവായേ പറ്റൂ."എന്‍റെ സൈക്കിള്‍ കേടാ.മൊബൈല്‍ റീ-ചാര്‍ജ് ചെയ്യണം,മോള്‍ടെ ബര്‍ത്ത്ഡേയ്ക്ക് സമ്മാനം വാങ്ങി അയക്കണം." ആവശ്യങ്ങളുടെ ലിസ്റ്റ് കൂടുമ്പോള്‍, ബംഗ്ലാദേശി ഋത്വിക്കിനെ കാത്തിരിക്കുന്ന ഈ ഫ്ലാറ്റിലെ ജോലിക്കാരായ മുഴുവന്‍ ഗൃഹലക്ഷ്മികളുടെയും ചങ്കിടിപ്പ് കൂടും.എന്‍റെ ഹിന്ദി കേള്‍ക്കാനുള്ള ശേഷി ഇല്ലാഞ്ഞിട്ടാണോ ഇനി അവന്‍ ലീവ് എടുക്കുന്നത് എന്നുള്ള ഗൃഹനാഥന്റെ സംശയം ഞാന്‍ മുളയിലെ നുള്ളേണ്ടതായിരുന്നു.

തിരക്കിനിടയില്‍ ട്രെഡ്‌മില്ലിലെ മല്‍പ്പിടുത്തം നിറുത്തി ഫ്ലാറ്റിനു പുറത്തുള്ള റോഡില്‍ ഈവനിംഗ് വോക്ക് തുടങ്ങിയത് ആരോഗ്യപരിപാലനത്തിന് മാത്രം. തണുപ്പ് വന്നത് കൊണ്ടും,കാല്‍മുതലായി ഉണ്ടായിരുന്ന പാദസരം ഒന്ന് കളഞ്ഞു പോയതുകൊണ്ടും,അതും അവസാനിപ്പിച്ചു.സ്വര്‍ണ്ണ വിലവര്‍ദ്ധനക്കാലത്ത് തന്നെ ഉണ്ടായ ഈ നഷ്ടത്തില്‍ പരിതപിച്ച് എന്‍റെ ശ്രദ്ധ ടി.വി.യില്‍ "അലാവുദ്ധീനും അത്ഭുതവിളക്കും" കാണലിലും, പച്ചക്കറി അരിയലിലും, ഫോണ്‍ വിളികളിലും കേന്ദ്രീകരിക്കുന്നു.



സമീപ പ്രദേശത്ത് എന്ത് നടക്കുന്നു എന്നറിയാനുള്ള ആകാംഷ തീരെ ഇല്ലാത്തത് കൊണ്ട് മാത്രം അയല്‍ ഫ്ലാറ്റുകളിലേയ്ക്കു ഫോണ്‍ വിളികള്‍ നന്നേ കുറഞ്ഞു. അതുകൊണ്ട് മാത്രം അടുത്ത ഫ്ലാറ്റിലെ തമിഴന്‍ അങ്കിള്‍ തന്‍റെ തലയ്ക്കു മുകളില്‍ താമസിക്കുന്ന കൊളീഗിന് അയച്ച എസ്.എം.എസ് ഇതിവൃത്തം വളരെ വൈകി മാത്രമേ എനിക്ക് അറിയാനായുള്ളൂ.പാതിരാത്രിയ്ക്ക് അയച്ച എസ്.എം.എസ്. ഇങ്ങനെ "ഒന്നുകില്‍ താങ്കളുടെ മക്കളോട് രാത്രി പത്തര കഴിഞ്ഞുള്ള ഫുട്ബോള്‍ മാച്ച് വീട്ടിനകത്ത് നടത്തരുതെന്ന് പറയുക.അല്ലെങ്കില്‍ മൂന്നെണ്ണത്തിനും ഓരോ കത്തി കൊടുത്ത് ഇങ്ങോട്ട് പറഞ്ഞയച്ച് എന്നെ കൊല്ലാന്‍ പറയുക". സംഗതി ഏതായാലും ഏറ്റു.രണ്ടു മിനിട്ടിനുള്ളില്‍ തലയ്ക്കു മുകളിലെ ഭൂമികുലുക്കത്തിന്റെ ശബ്ദം നിന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തി.


സ്കൂളിലിരിക്കുമ്പോ വിചാരിക്കും, സ്കൂള്‍ പൂട്ടിയിട്ടു വേണം എവെരസ്റ്റ് മറിക്കാനെന്ന്. പക്ഷെ സ്കൂള് പൂട്ടിയപ്പോ വല്ലാത്ത വീര്‍പ്പുമുട്ടല്‍.സ്കൂളിലെ തിക്കും,തിരക്കും, കുട്ടികളുടെ ബഹളവും പരാതികളും, നാല്‍പ്പതിയഞ്ചു മിനിട്ട് കൂടുമ്പോഴുള്ള ബെല്ലടി ശബ്ദവും ഇല്ലാതെ ആകെ വല്ലാത്ത ഒരു അസ്വസ്ഥത.വന്നു,വന്ന് നിശ്ശബ്ദതയോട് ഒരു താല്പര്യക്കുറവ്.ഡാഷ് പോയ അണ്ണാന്റെ പോലെ.വാരികയിലെ മന:ശ്ശാസ്ത്രജ്ഞനോട് എഴുതി ചോദിക്കേണ്ടി വരുമോ ആവോ? ഇടയ്ക്ക് പോസ്ടിടാത്തത് കൊണ്ട് ഞാനെന്ന ബ്ലോഗിണിയേ ബൂലോകത്തെ പുതുമുഖങ്ങളില് എത്ര ‍പേര്‍ക്ക് അറിയുമോ ആവോ?

ചിത്രം: ഗൂഗിളില്‍ സെര്ച്ചിയപ്പോള്‍ കിട്ടിയത്.

Saturday, August 28, 2010

പകല്‍കിനാവ് "മാതൃഭൂമി - ബ്ലോഗ്ഗന"യില്‍...



കൂട്ടുകാരേ, അങ്ങനെ എന്‍റെ "പകല്‍കിനാവ്" മാതൃഭൂമി ആഴ്ചപ്പതിപ്പിലെ "ബ്ലോഗ്ഗന"യില്‍..
എല്ലാവരും നോക്കണേ..
"മാതൃഭൂമി"യ്ക്കും , പിന്നെ അറിയപ്പെടാനാഗ്രഹിക്കാത്ത ഒരു നല്ല സുഹൃത്തിനും നന്ദി..