Thursday, April 5, 2018

സ്കൂള്‍ ബസിലെ കുട്ടി







വെളുത്ത പൂക്കള്‍ നിറഞ്ഞ ഈ സ്ഥലത്ത് ചാര നിറമുള്ള മഞ്ഞ് പോലെ ഒഴുകിപ്പരന്നു നടക്കുന്ന എനിക്ക് ഒന്നും പറയാനില്ല....ആരോടും.. ഓര്‍ത്തെടുക്കാനേയുള്ളൂ.. അത് അന്ന് തന്നെയായിരുന്നു...എന്നെ പ്രസവിച്ച അമ്മ ശരീരം ശോഷിപ്പിച്ച് സൌന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി ജി.എം. ഡയറ്റ് പരീക്ഷിച്ചു തുടങ്ങിയതിന്‍റെ മൂന്നാം ദിവസം.. ജി.എം. ഡയറ്റ് - അതെന്താണെന്ന് കൃത്യമായി അറിയില്ല. ഒന്നാം ദിവസം ധാരാളം വെള്ളം കുടിക്കുന്നതിനോടൊപ്പം ഫ്രൂട്സ് മാത്രം കഴിക്കണം. രണ്ടാമത്തെ ദിവസം പച്ചക്കറികള്‍ മാത്രം. ഉപ്പ്, മുളക്, എണ്ണ എന്നിവ തൊടാതെ വേണമെങ്കില്‍ പുഴുങ്ങിയെടുക്കാം. അല്ലെങ്കില്‍ പച്ചയ്ക്ക് കഴിക്കാം, മൂന്നാം ദിവസം ഫ്രൂട്സും, പച്ചക്കറികളും മിക്സ്‌ ചെയ്തു കഴിക്കാം. പറയുമ്പോ എന്ത് രസം !!! എന്ത് വേഗം പണി തീര്‍ന്നു. പക്ഷെ, ബുദ്ധിമുട്ടാണെന്നു ചെയ്തു നോക്കിയപ്പോള്‍ പിടി കിട്ടിക്കാണും, അങ്ങനെ ബുദ്ധി മുട്ടുള്ള ഒരു ദിവസമാണ് 5 നു പകരം 10 മില്ലി സിര്‍റ്റെക് എന്റെ വായില്‍ നിര്‍ബന്ധിച്ച് ഒഴിച്ച് തന്ന് സ്കൂള്‍ ബസില്‍യറ്റി വിട്ടത്.


എക്സ്ടേണല്‍ എക്സാമിന്റെ മോഡല്‍ പേപ്പര്‍ എന്‍റെ മൂത്ത ചേട്ടനെ തല്ലിത്തിരുമ്മി, ഭീഷണിയോടെ പഠിപ്പിച്ചെടുക്കുമ്പോഴും അമ്മ ഓര്‍ത്തതേയില്ല കിട്ടാത്ത മാര്‍ക്കിനേക്കാള്‍ വിലയുണ്ട്‌ ഉള്ളിലേയ്ക്കെടുക്കാന്‍ കഴിയുന്ന ഒരു തണുത്ത ശ്വാസത്തിനെന്ന്. ഉമ്മറത്തിരുന്നാല്‍ കാണാമായിരുന്ന മഞ്ഞച്ച വിളഞ്ഞ നെല്‍പ്പാടത്തിന്റെ നാട്ടില്‍ നിന്ന് , ഇരുമ്പിന്‍റെ ഘനമുള്ള കല്ലിനെ കാച്ചി ഉരുക്കിയെടുക്കാന്‍ പോന്ന ചൂടുകാറ്റിന്‍റെ നാട്ടിലെത്തിയപ്പോള്‍ ഒരിയ്ക്കലും ഇഷ്ടം തോന്നിയില്ല ഈ നാടിനോട്. ആകെ ഇഷ്ടക്കേടായിരുന്നു എല്ലാത്തിനോടും.നേരം വെളുക്കുന്നതിന് മുന്‍പ് ഇത്ര വേഗത്തില്‍ സ്കൂള്‍ ബസ്‌ വരുന്നതെന്തിന് എന്നുള്ള ഇഷ്ടക്കേട് ആദ്യം. ഒരിയ്ക്കലും മതിയാവോളം ഉറങ്ങി എണീക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ജീവനായി മാറേണ്ട ജലകണികകള് തിളച്ച് മറിഞ്ഞ് ലാവാ പ്രവാഹമായി ടാപ്പിലൂടെ പതിക്കുന്നത് വേറൊരു ഇഷ്ടക്കേടായി. പ്രകൃതിയുടെ സ്വഭാവ വൈരുദ്ധ്യം!! ചൂടു കാറ്റേറ്റ് ഉഷ്ണിച്ചു തളര്‍ന്ന്, ഉപ്പ് രസമുള്ള മുഖവുമായി, പുഴുക്കത്തോടെ വീട്ടില്‍ വന്നു കയറുമ്പോള്‍ എനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന മറ്റൊരു കാര്യം ജനലുകളില്ലാത്ത വീട്ടിനുള്ളിലെ പുഴുക്ക മണമായിരുന്നു.


സ്മോള്‍ ലെറ്റര്‍ 'ബി' യ്ക്കും സ്മോള്‍ ലെറ്റര്‍ 'ഡി'യ്ക്കും ഉള്ള സമാനതയില്‍ അത്ഭുതം കൂറുന്നതിനിടയില്‍ ടി.വി.യിലെ ഫോണ്‍ ഇന്‍ പ്രോഗ്രാമ്മിലെ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ഞാന്ന്‍ ശ്രദ്ധിച്ചു. വീണ്ടും അതെ കണ്ണുകളോട് കൂടിയ ഒരു ചേട്ടനെ പിറ്റേ ദിവസം സ്കൂള്‍ ബസില്‍ കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു. ബോയ്സ്ന് ഇത്രേം കണ്പീലികള്‍ ഉണ്ടാക്വോ? അതിനുത്തരം കണ്ടെത്തുമ്പോഴേയ്ക്കും പലപ്പോഴും വാട്ടര്‍ ബോട്ടില്‍ കഴുത്തില്‍ത്തന്നെ തൂക്കിയിട്ടു പാതി മയക്കത്തിലായിട്ടുണ്ടാകും ഞാന്‍. നീണ്ട കണ്‍പീലികളുള്ള ചേട്ടന്‍ തോളിലിട്ട ബാഗ് സഹിതം എന്നെ എടുത്തുയര്‍ത്തി ബസ്സിനകത്ത് വയ്ക്കുമ്പോഴെയ്ക്കും കഴുത്തിലെ ചരടില്‍ തൂക്കിയിട്ട വിസില്‍ ഇരു ചുണ്ടുകള്‍ക്കിടയില്‍ തിരുകി വച്ച് നീളത്തില്‍ ഊതി ശബ്ദമുണ്ടാക്കുന്ന ചേട്ടനെ ഞാന്‍ സാകൂതം വീക്ഷിച്ചു. ഇടയ്ക്കെപ്പോഴോ അടുത്തിരിയ്ക്കാറുള്ള... വെളുത്തു സുന്ദരിയായ ടീച്ചറുടെ മേല്‍ ചാരിയിരുന്ന് ഉറങ്ങാനും തുടങ്ങും. ഇടയ്ക്കെപ്പോഴോ സുന്ദരി ടീച്ചര്‍ എന്നെ ഉറക്കത്തില്‍ നിന്നെണീപ്പിച്ച് സ്നേഹവായ്പ്പോടെ കൈ പിടിച്ച് ക്ലാസ്സില്‍ കൊണ്ട് പോയിരുന്നു.


ഞരങ്ങി പ്രവര്‍ത്തിച്ച് ക്ഷീണിച്ച ചൂട് വായു മാത്രം മുറിയ്ക്കുള്ളില്‍ നിറയ്ക്കുന്ന എ.സി.യുടെ ശബ്ദം നാല് വയസ്സുകാരിയായ ഞാന്‍ തീരെ ശ്രദ്ധിച്ചില്ലെങ്കിലും മുറിയ്ക്ക് പുറത്തിറങ്ങുമ്പോള്‍ ചൂടുള്ള തന്തൂരി അടുപ്പിനടുത്ത് പോകുന്നതുപോലെ എന്ന് ഞാന്‍ അമ്മയോട് പരാതി പറഞ്ഞു. "നാട് മാറുമ്പോള്‍ കാലാവസ്ഥയും മാറും". മകളുടെ പരാതി ഗൌനിക്കാതെ അമ്മ എന്നോട് 'ഇ' ഫോര്‍ 'എഗ്ഗ്' പഠിയ്ക്കാന്‍ പറഞ്ഞു. വിസില് വിളി കേട്ടില്ലെങ്കിലും ബസ്സിന് മുന്നോട്ടു പോകാനാകും എന്നുള്ളത് എന്നെ രസിപ്പിച്ചു. വിസില് വിളിക്കുന്ന ചേട്ടന് പരീക്ഷയാത്രേ. അപ്പൊ,എന്നെപ്പോലെ ചേട്ടനും പഠിക്കാന്‍ പോകുന്നുണ്ടായിരിക്കും എന്ന് ഞാന്‍ ഓര്‍ത്തു.



അമ്മയുടെ ഡയറ്റിന്‍റെ കൃത്യം മൂന്നാം ദിവസം ആ വെളുത്ത സുന്ദരിടീച്ചര്‍ ബസ്സിലുണ്ടായിരുന്നില്ല. എന്നെ അതിശയിപ്പിച്ച മറ്റൊരു വസ്തുത ബസ്‌ ഓടിക്കുന്ന അങ്കിള്‍നു പകരം വിസില്‍ വിളിക്കുന്ന ചേട്ടനാണ് അന്ന് രാവിലെ സ്കൂള്‍ ബസ്‌ ഓടിച്ചിരുന്നത് എന്നായിരുന്നു. പതിവ് പോലെ ജനലരികിലെ സീറ്റിലിരുന്ന് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ഉറക്കം തൂങ്ങി ചാരാന്‍ വെളുത്ത ടീച്ചറുടെ ചുമലുകള്‍ ഉണ്ടായിരുന്നില്ല. രക്തത്തിന് ജലത്തിനെക്കാള്‍ കൊഴുപ്പുണ്ടെങ്കിലും, രക്ത ബന്ധത്തിന് ആരുടേയും ഭാവി പ്രവചിക്കാനുള്ള കഴിവില്ലല്ലോ. ഉണ്ടെങ്കില്‍ എന്‍റെ അഞ്ചാം ക്ലാസ്സുകാരനായ ഏട്ടന്‍ പുറകിലെ വലിയ ഗ്ലാസ്സിനടുത്തുള്ള നീളം കൂടിയ സീറ്റില്‍ ഇരിയ്ക്കാന്‍ പോകില്ലല്ലോ.


സ്കൂള്‍ ബസ്സിലെ പതിവ് മയക്കത്തിലേയ്ക്കു വഴുതി വീഴുമ്പോള്‍ എനിക്കറിയില്ലായിരുന്നു പ്രാണവായുവിനുള്ള യുദ്ധം നടത്തി കുഴഞ്ഞു വീഴാനാണ് ഞാന്‍ പോകുന്നതെന്ന്. പതിവുകാരനല്ലാത്ത ഡ്രൈവര്‍ കുട്ടികളെ സ്കൂളിലിറക്കി തിരിച്ചു കൊണ്ടുപോയി വണ്ടി പാര്‍ക്ക് ചെയ്തപ്പോഴും മനസ്സിലാക്കിയില്ല ഞാന്‍ അതില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്ന്. വെളുത്ത സുന്ദരി ടീച്ചര്‍ ഉണ്ടായിരുന്നെങ്കില്‍ പതിവുപോലെ എന്നെ എണീപ്പിച്ചേനെ. ദയയുടെ ഉറവുകള്‍ ഇനിയും വറ്റാത്ത ഈ ലോകത്തിലേയ്ക്ക് പക്ഷെ ദൈവദൂതന്‍ വന്നു ഉയരം കൂടിയ സീറ്റുകള്‍ക്കിടയില് ഉറങ്ങുന്ന എന്നെ രക്ഷിക്കാനായി കൈകളില്‍ കോരിയെടുത്തില്ല.


ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത് മുതല്‍ എന്‍റെ ചൂടുള്ള ശരീരം കൂടുതല്‍ ചൂട് കയറിക്കയറി ഉണക്കമീന്‍ പോലെ വരണ്ടുണങ്ങിയത് വരെ എന്നില്‍ എങ്ങനെ എന്നില്‍ പ്രാണന്‍ അവശേഷിച്ചു? ഞാനനുഭവിച്ച ഭയം, ഭയാനകമായ എന്‍റെ സ്വരത്തിന്റെ തന്നെ പ്രതിധ്വനി, ദാഹിച്ചു വരണ്ട എന്‍റെ തൊണ്ടയിലെ ആര്‍ത്തനാദം ... ഇതൊന്നും ആരും കേട്ടില്ല.ആരെയും കുറ്റപ്പെടുത്താനില്ല.ആരും മനപൂര്‍വ്വം ചെയ്തതല്ലല്ലോ.. പറഞ്ഞുകേട്ട കഥകളിലെ പാതാളത്തിലെ അകക്കറുപ്പ് ഞാന്‍ കണ്ടു. തൊണ്ട ഉണങ്ങി, വറ്റി വരണ്ട് ...എന്‍റെ കഴുത്തിലെ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളമെടുത്തു കുടിയ്ക്കാന്‍ അറിയാതെ ...ഞാന്‍ അങ്ങനെ ദാഹിച്ചു മരിച്ചു. ‌


ശ്വാസോച്ച്വാസം ചെയ്യാന്‍ കഴിയാതെ ഞാന്‍ പിടഞ്ഞു. പുറത്തുള്ളതിനേക്കാള്‍ പൊള്ളുന്ന മരുഭൂമിയിലെ ചൂട് ബസ്സിനകത്തുണ്ടെന്ന് എനിക്കറിയാതെ പോയി. ഭയന്ന്, മരവിച്ച്....ഒപ്പം ദാഹിച്ച് എന്റെ സ്വരം പലപ്പോഴും പുറത്തു വരാതെ, ഒരു സഹായമഭ്യര്‍ത്ഥിക്കാന്‍ കഴിയാതെ..... ബസ്സിന്‍റെ ഡോര്‍ തുറക്കാന്‍ ഒരു പാഴ് ശ്രമം പോലും നടത്താതെ കുഴഞ്ഞു വീണ ഞാന്‍ ചര്‍ദ്ദിച്ചത് ചോരയായിരുന്നോ?... അല്ല, അത് അതിരാവിലെ കുടിച്ച ഹോര്‍ലിക്സ് ആയിരുന്നു. ചോര വന്നത് പക്ഷെ, മൂക്കില്‍ കൂടിയായിരുന്നു. പ്രാണന്‍ പോകുമ്പോഴുണ്ടാകുന്ന വേദന ഞാനെന്ന നാല് വയസ്സുകാരിയ്ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. മേല് മുഴുവന്‍ പൊള്ളി, ഒപ്പം ശ്വാസം മുട്ടി, ഉള്ളിലെ നീറ്റല്‍ പറയാനാകാതെ ഞെരങ്ങി ബസ്സിലെ നിലത്ത് വീണ് .... കരയാതെ കരഞ്ഞപ്പോള്‍ എന്‍റെ പിങ്ക് നിറമുള്ള ചുണ്ടുകള്‍ കറുത്ത് തുടങ്ങിയിരുന്നു. നീണ്ട ഒന്നര മണിക്കൂര്‍ നേരത്തെ ആ വെപ്രാളം ആരും അനുഭവിക്കരുത്. ആരും കാണരുത്..ഉള്ളം പൊള്ളിക്കുന്ന വേദനാജനകമായ കാഴ്ചയാകും അത്.


ഇനി,പറഞ്ഞു തീര്‍ത്ത...... തീര്‍ക്കാത്ത വിടവുകള്‍ എനിക്കിനി നികത്താനാവില്ല.എന്‍റെ കിണുങ്ങലും, ചിണുങ്ങലും നിന്നിട്ട് കൃത്യം പത്താം മാസം ചിറകില്ലാത്ത മറ്റൊരു മാലാഖ എന്‍റെ അമ്മയ്ക്ക് കുഞ്ഞായി പിറന്നു.ചിറകു മുളച്ച് ....മാലാഖയായി ...ഞാന്‍ പറന്നു കൊണ്ടേയിരിക്കുന്നു. ആരോടും പരിഭവിക്കാതെ..എല്ലാം ഓര്‍ത്തു വച്ച്. ഉള്ളം പൊള്ളിക്കുന്ന ഓര്‍മ്മകളുമായി... മുത്തശ്ശിയുടെ മൃത്യുഞ്ജയ മന്ത്രങ്ങളൊന്നും വിലപ്പോയില്ലെന്ന പരാതിയില്ലാതെ ഞാന്‍ ലക്ഷ്യമില്ലാതെ ഇങ്ങനെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു..വിധിയെന്ന വാള്‍ തല നാരിഴയില്‍ തൂങ്ങി എല്ലാവരുടെയും തലയ്ക്കു മുകളില്‍ക്കിടന്നാടുന്നു.. ഉഷ്ണിപ്പിച്ച്, ദാഹിപ്പിച്ച്, വിശപ്പ്‌ കയറ്റി, പൊള്ളിപ്പിച്ച്, വേദനിപ്പിച്ച്,ഉള്ളം നീറ്റി മറ്റു ചിലപ്പോള്‍ ശ്വാസം മുട്ടിച്ച് ആരുടെയൊക്കെയോ മനസ്സിനെ ഭ്രാന്ത് പിടിപ്പിച്ച് വിധിയുടെ നാടകം തകര്‍ത്താടിക്കൊണ്ടിരിക്കുന്നു.