Monday, March 7, 2016

അമ്മുവേടേത്തി

ജനുവരി ലക്കം ഇ-മഷിയിൽ വന്ന ഒരു ഓർമ്മക്കുറിപ്പ്.
http://emashi.in/jan-2016/ormakkurippu-ammuvedathi.html
ഇവിടെ  ക്ലിക്കിയാൽ ലിങ്ക് കാണാം

"നിന്നെക്കാണാൻ അമ്മുവേടത്തി വന്നട്ട്ണ്ട്. എണീറ്റേ ".

അമ്മ വന്നു വിളിച്ചപ്പോൾ പകലുറക്കം മുറിഞ്ഞ അനിഷ്ടത്തിലും പഴയ ഓർമ്മകൾ തിളങ്ങി. പല്ല് പൊന്തിയ മുഖത്ത് വിടർന്നു പരന്ന ചിരിയുള്ള അമ്മുവേടത്തി എന്നാൽ എനിക്ക് കപ്പലണ്ടി മിഠായിയാണ്. വെയിലിൽ വാടിയ ആ മുഖത്തെ ദൈന്യതയ്ക്കിടയിൽ "കൊട്ടക്കണക്കിന്" വാൽസല്യം ഞാൻ എണ്ണി മടുത്തിട്ടുണ്ട്. ഒരു പ്രത്യേകതയും ഇല്ലെന്ന് തോന്നിപ്പിക്കുന്ന ഈ അമ്മുവേടത്തി വളരെ പെട്ടെന്നാണ് എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത്. അത് വളരെ ലളിതമായി പറഞ്ഞാൽ പച്ച നിറത്തിലുള്ള ഒരു കഷ്ണം അലുവയിലൂടെയായിരുന്നു. ചേറൂരിലെ വായനശാല ബസ് സ്റ്റോപ്പിന് മുന്നിൽ ഇടതു വശത്തായി ഉണ്ടായിരുന്ന ലാസറേട്ടന്റെ കടയിലെ പല നിറത്തിലുള്ള മിഠായികളും, മിഠായികളെന്ന് തോന്നിപ്പിക്കുന്ന പലഹാരങ്ങളും എനിക്ക് ആദ്യമായി രുചിക്കാൻ തന്നത് ഈ അമ്മുവേടത്തിയായിരുന്നു.

ദൂരദർശൻ കാലത്ത് ഞായറാഴ്ച മുഴുവനായും വിഡ്ഢിപ്പെട്ടിക്ക് നൽകിയിരുന്ന എന്റെ വാരാന്ത്യങ്ങളെ ചിലപ്പോഴെങ്കിലും സജീവയാക്കിയിരുന്നത് , കാറ്റടിച്ചാൽ പറന്നു പോകുന്ന ഇലയുടെ അത്രയും ഭാരമില്ലാതിരുന്ന ഈ വൃദ്ധയായിരുന്നു. അജയ് ദേവ്ഗണിന്റെ ചിത്രമുള്ള നോട്ട് ബുക്ക് വാങ്ങണോ, ഷാരൂഖ് ഖാന്റെ ചിത്രം അലമാരയുടെ സൈഡിൽ ഒട്ടിക്കണോ, അതോ അമ്മേടെ ചീത്ത കേട്ടാലും വേണ്ടില്ല ചുമരിൽത്തന്നെ ഒട്ടിച്ചാ മതിയോ എന്നൊക്കെയുള്ള വെല്ലു വിളികൾ ഏറ്റെടുക്കാനിരുന്ന എന്നോട്

"മര്യാദയ്ക്ക് തുണി ഉടുക്കാണ്ട് എല്ലാം കാട്ടി കുലുക്കിത്തുള്ളുന്ന ഈ പെണ്ണുങ്ങൾടെ ഈ ജാതി കൂത്ത് എന്തിനാ കാണണേ കുട്ട്യേ ? ! "

എന്ന ഒറ്റ ചോദ്യത്തിൽ, ഞാൻ ടി.വി. ഓഫ് ചെയ്ത് അമ്മുവേടത്തിയുടെ അസിസ്റ്റന്റായി കൂടെ കൂടി. കാരം ചേർത്ത് പുഴുങ്ങിയലക്കിയ വെള്ള മുണ്ട് നീലം കലക്കിയ കഞ്ഞിവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് വെയിലത്ത് ഉണക്കിയെടുത്താലേ നല്ല നിറം കിട്ടൂന്ന് അവരെന്നോട് വീമ്പു പറയാറുണ്ട്. സ്റ്റോറൂമിൽ ചാക്കിലായി സൂക്ഷിച്ചിരുന്ന നെല്ല് അളന്ന് ചെമ്പിലേയ്ക്കിടുമ്പോഴും ആ ചെമ്പിന്മേൽ വെണ്ണീറ് പൂശി നെല്ല് പുഴുങ്ങാൻ പടിഞ്ഞാപ്പുറത്തെ മുറ്റത്തെ അടുപ്പിൽ വയ്ക്കുമ്പോഴും അമ്മുവേടത്തിയുടെ മുണ്ടിന്റെ വെണ്മയിൽ അഴുക്ക് പടരുന്നത് അവർ ശ്രദ്ധിക്കാറേ ഇല്ല.

ഡിസ്ട്രിക്ട് യൂത്ത് ഫെസ്റ്റിവലിനുള്ള ബാന്റ് സെറ്റ് പ്രാക്ടീസ് കഴിഞ്ഞ് സ്കൂളിൽ നിന്നും വൈകിയെത്തിയ ആവലാതിയ്ക്കിടയിൽ ട്യൂഷൻ ക്ലാസ്സിലേയ്ക്ക് പാഞ്ഞ് പോകുന്ന എന്നെക്കണ്ട് അമ്മുവേടത്തി പുച്ഛരസം മുഖത്ത് വാരിപ്പൂശി

"അപ്പൊ ഇന്നും പീപ്പി വിളി ഉണ്ടാർന്നാ? വെർതെയല്ല കറത്ത് കൊരഞ്ഞ് കഴുത്തൊക്കെ നീണ്ട് കോലം കെട്ടേ. ആ മൊട്ടച്ചികൾക്ക് വേറെ പണിയൊന്നൂല്യേ ?"

വാദ്യോപകരണത്തിലൂടെ സംഗീതത്തിന്റെ മാസ്മരിക സൗന്ദര്യശാസ്ത്രം മുഴുവനായും മാറ്റി മറിക്കാൻ ശ്രമിക്കുന്ന ട്രംപറ്റ് വായനയെ ആണ് ഒറ്റയടിക്ക് ഈ കക്ഷി പീപ്പിവിളിയായി എഴുതിത്തള്ളിയത്. മിലിറ്ററി ബാൻഡിലെ ഫീൽഡ് ട്രപറ്ററാകാൻ പെണ്കുട്ടികൾക്ക് പറ്റുമോ , അതോ ഏതെങ്കിലും മ്യൂസിക് ബാൻഡിലോ, ഓർക്കസ്ട്രയിലോ ചേംബർ ട്രംപറ്റർ ആവണോ എന്ന ആശയക്കുഴപ്പത്തിൽ നടന്നിരുന്ന എന്നെ ഈ ഒറ്റ ചോദ്യത്തിൽ അമ്മുവേടത്തി മിണ്ടാട്ടം മുട്ടിച്ചു. ഒരു മികച്ച ട്രംപറ്റർ ആകാനാണ് നാമെല്ലാം ഈ ഭൂമിയിൽ ജനിച്ചത് അല്ലെങ്കിൽ ജീവിതം കംപ്ലീറ്റ് വേസ്റ്റ് എന്ന മട്ടിലുള്ള ബാന്റ് മാഷ്ടെ ഉപദേശം കേട്ടിരുന്ന എന്റെ മോഹനാമ്പുകളെ നിഷ്ക്കരുണം ,അവർ തുടക്കത്തിലേ നുള്ളിക്കളഞ്ഞു.

അമ്മുവേടത്തിക്ക് മക്കളില്ലാതിരുന്നത് കൊണ്ടാവും മനസ്സിൽ പെയ്യാതെ കെട്ടി നിന്ന വാൽസല്യം മേഘമറ നീക്കി സ്നേഹ മഴയായി എന്നിൽ കോരിച്ചൊരിഞ്ഞത്. കഞ്ഞുണ്ണി ഇട്ട് എണ്ണ കാച്ചി തേച്ചാ ഈ മുടി ഇനീം വലുതാവും. വെള്ളി നിറത്തിലുള്ള പരു പരുപ്പൻ ശൂ മുടി കാട്ടി അമ്മുവേടത്തി പ്രസ്താവിച്ചു. ഞാനിപ്പഴും ഇത് തല നെറച്ചും തേയക്കണുണ്ട് എന്ന് കടുപ്പിച്ച് പറഞ്ഞതോടെ ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. ഒരിയ്ക്കലെപ്പഴോ കൈയിലെ ഉണങ്ങാത്ത മുറിവും വച്ച് അമ്മുവേടത്തി തെങ്ങിൻ പട്ട വെട്ടി വിറകാക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.

"മുറിവ് ഉണങ്ങീട്ട് വെട്ടിക്കീറിയാ പോരേ? കയ്യിളക്കിയാ വേദനയെടുക്കില്ല?...... "

പറയാൻ വന്ന മറുപടി തൊണ്ടയിൽത്തടഞ്ഞു അമ്മുവേടത്തിയ്ക്ക് ,

"എന്നെ നോക്കാൻ മക്കളായിട്ട് ആരൂല്യാലോ. അപ്പൊ പിന്നെ ഞാൻ തന്നെ എനിക്കിതൊക്കെ ചെയ്യണ്ടേ. നാളത്തേയ്ക്ക് ചോറ് വയ്ക്കാൻ വിറകില്യ കുട്ട്യേ ."

കണ്ണ് തുടച്ച്, മൂക്ക് പിഴിഞ്ഞ് മക്കളില്ലാത്ത വിഷമം എന്നോട് പങ്കുവച്ചപ്പോൾ നൂറ് കണ്ണീർപ്പുഴകൾ ആ കവിളിലൂടെ ഒന്നിച്ചൊഴുകുന്നത് ഞാൻ കണ്ടു.

"അമ്മുവേടത്തിക്ക് ഞാനില്ലേ, എന്തിനാ സങ്കടപ്പെടണേ? വലുതാകുമ്പൊ അമ്മുവേടത്തിനെ ഞാൻ പൊന്നുപോലെ നോക്കില്ലേ. "

ഓരോ വാക്കിനും ജീവൻ കൊടുക്കാൻ പ്രയാസപ്പെട്ടുകൊണ്ട് ഞാൻ ഉച്ചരിച്ചപ്പോൾ എനിക്കവരെ എന്തുകൊണ്ടോ കെട്ടിപ്പിടിക്കാതിരിക്കാനായില്ല.

ഉറക്കച്ചടവോടെ ഉമ്മറത്തെത്തിയ എന്നെക്കണ്ട് എന്നത്തേയും പോലെ അധികാരത്തിൽ അമ്മുവേടത്തി ചോദിച്ചു. "പകല് കെടന്ന് ഒറങ്ങ്വാ? "

ഞാൻ ചോദിക്കാൻ തുടങ്ങുന്നതിനും മുന്നേ വിശേഷങ്ങളുടെ ഭാണ്ഡങ്ങൾ എന്റെ മുന്നിൽ ഇറക്കി വയ്ക്കാൻ തുടങ്ങി. കാഴ്ചയിൽ എടുത്തു പറയത്തക്ക മാറ്റമൊന്നും ഇല്ല. മുഖത്തെ കണ്ണട പുതിയതായി തോന്നി. കാലിലൊരു മുറിവിന്റെ കെട്ട് കാണിച്ചു തന്നു വളരേ നിഷ്കളങ്കതയോടെ പറഞ്ഞു - "പാമ്പ് കടിച്ചതാ. മുഴുവനും ഉണങ്ങീട്ടില്യ . മിഷൻ ആശുത്രീല് പത്തായിരത്തിൽ കൂടുതൽ ചെലവായി രാജിക്ക്. എന്നെ അവര് നല്ലോണം നോക്കണുണ്ട്. "

അനിയന്റെ മകളെപ്പറ്റിപ്പറയാൻ നൂറ് നാവ്. ഇടയ്ക്കെവിടെയോ എന്റെ ഉള്ളിൽ കുറ്റബോധം തലപൊക്കി. ഇതെല്ലാം അമ്മ ഫോണ്‍ വിളിച്ചറിയിച്ച നാട്ടുവിശേഷങ്ങളായി ഒതുങ്ങിയിരുന്നു എനിക്ക്. ഞാൻ കുറച്ചു രൂപയെടുത്ത് ചുരുട്ടിപ്പിടിച്ച് അമ്മുവേടത്തിയുടെ കൈകളിൽ പിടിപ്പിച്ചു.

അവർ ഗർവ്വോടെ പറഞ്ഞു. "ഞാൻ കാശിനല്ല വന്നേ. കുട്ടീടെ വിശേഷം അറിയാനാ. പിന്നെ കണ്ണ് നിറച്ചൊന്ന് കാണാനും."

പഴം നുറുക്കിന്റെ മധുരത്തോടൊപ്പം ബാക്കി വിശേഷങ്ങളും ഞാൻ നുണഞ്ഞിറക്കി.

"എനിക്ക് കർഷകപ്പെൻഷൻ കിട്ടണുണ്ട്. ഞങ്ങൾക്ക് കുട്ടികള് ഇല്ലാത്തേന് സർക്കാര്ന്ന് കാശ് കിട്ടണുണ്ട്. അത് അനിയേട്ടന്റെ പേരിലാ കിട്ടണേ. "

പതിവു പോലെ മുണ്ടിന്റെ കോന്തലയിൽ നിന്ന് കപ്പലണ്ടി മിഠായിയുടെ ഒരു പാക്കറ്റെടുത്ത് എന്റെ കൈയിൽ വച്ച് തന്നു. അവർക്ക് എന്നോടുള്ള കരുതൽ ഒരു ആലിലക്കാറ്റിന്റെ സുഖത്തിൽ ഏറ്റു വാങ്ങുമ്പോഴും അവർക്കു മുന്നിൽ ഞാനെത്രയോ ചെറുതായി ..... അവർക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ചേ ഇല്ല . ഞാനൊരു നീചയായി എന്നിലേക്ക് തന്നെ ചുരുങ്ങി.