Wednesday, June 25, 2008
അയ്യോ !!! ബൂലോകരേ ഓടിവരണേ....
യാരിദ് ചേട്ടന്‍ പറഞ്ഞതു കൊണ്ടു മാത്രം ഞാന്‍ ഇതു അറിഞ്ഞു.എനിക്കിതു തന്നെ വരണം...കാരണം, സ്കൂളില്‍ പോണ്ടാന്ന് വാശി പിടിച്ചു കരഞ്ഞ എന്റെ വാവയെ, അത് മൈന്‍ഡ് ചെയ്യാതെ നിര്‍ബന്ധിച്ചു സ്കൂള്‍ ബസില്‍ കയറ്റി വിട്ടിട്ടാണ് ഈ ബ്ലോഗ് കുത്തിപ്പിടിച്ചു ഇരുന്നു എഴുതിയത്.അവളുടെ ഒരു "കുഞ്ഞി പ്രാക്ക്" എനിക്ക് ഏറ്റു കാണും തീര്‍ച്ച.
നാട്ടില്‍ വച്ചു “മാതൃഭൂമിയില്‍ “ വായിച്ചു,ഇഞ്ചി പെണ്ണിനും,സജിക്കും മറ്റു പലര്ക്കും സംഭവിച്ചത്. പലരും എല്ലാം അടിച്ച് മാറ്റിയതും,അശ്ലീലം എഴുതിയതും എല്ലാം വായിച്ചു.പക്ഷെ,നാട്ടില്‍ ആര്‍മാദിച്ചു നടക്കുന്നതിന്‍റെ തിരക്കിനിടയില്‍ പ്രതികരിച്ചു ഒരു കമന്‍റ് പോലും എഴുതിയില്ല. എല്ലാം വായിച്ചു വിട്ടു. മുകളിലിരിക്കുന്നവന്‍ വിചാരിച്ചു കാണും,ഇവളെന്താ പ്രതികരിക്കാതിരുന്നത് എന്ന്... അത് കൊണ്ടു തന്നെ എന്‍റെ പോസ്റ്റ് അടിച്ച് മാറ്റാന്‍ മൂപ്പരും കൂട്ട് നിന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. എന്നാലും എന്നോടീ ചതി ചെയ്യും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.
നാട്ടില്‍ നിന്നും വന്നു പെട്ടി വച്ചതേയുള്ളൂ.വീട് അടുക്കിപ്പെറുക്കി വയ്ക്കുന്നതിനു മുന്‍പ്തന്നെ ആക്രാന്തം മൂത്ത് ബ്ലോഗ് തപ്പി വന്നതാണ്, യാരിദ് ചേട്ടന്‍ പറഞ്ഞപ്പോഴാണ് ഞാനും ആ കാര്യം ശ്രദ്ധിച്ചത്.ഒരു പാവം സുമോദ് എന്‍റെ "ഒര്കുടിലെ കള്ളനാണയം " എന്ന പോസ്റ്റ് അടിച്ച് മാറ്റിയിരിക്കുന്നു.ദാ ഇതു കണ്ടോ?.....എന്‍റെ ബ്ലോഗ് നെയിം അടക്കം മൂപ്പര് കിളച്ചു പറിച്ചോണ്ട് പോയി,ഇപ്പോള്‍ മൂപ്പര് അത് അക്സസ്സ് ചെയ്യുന്നത് റെസ്ട്രിക്ട് ചെയ്തിരിക്കുന്നു.കാരണം അന്വേഷിച്ചു തേടിപ്പിടിച്ചു ഒരു മെസ്സേജ് അയച്ച എനിക്ക് ഇങ്ങനെ ഒരു മറുപടി വന്നു."സോറി,ഇനി ചെയ്യില്ല.ഒരു നല്ല കാര്യമാണെന്ന് കരുതി ചെയ്തതാണ്" എന്ന്. മൂപ്പര് എന്താണ് ഉദേശിച്ചത് എന്ന് മനസ്സിലായില്ല.
ഭാഗ്യം !!! എന്നെ തെറി വിളിച്ചു മറുപടി അയച്ചില്ലല്ലോ..അതില്‍ ഞാന്‍ സുമോദ് നോട് കടപ്പെട്ടിരിക്കുന്നു.മാത്രമല്ല മൂപ്പര് ആ ലിങ്ക് ഇപ്പോള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.ബൂലോകത്തിലെ മൊത്തം ബ്ലോഗ്ഗുകള്‍ അടിച്ച് മാറ്റുകയും,ചിലരുടെ പേരില്‍ അശ്ലീലം എഴുതി നിറക്കുകയും ചെയ്തത് വച്ചു നോക്കുമ്പോള്‍ എന്‍റെ ഈ കൊച്ചു പോസ്റ്റ് മോഷണം പോയത് ഒരു കാര്യമേയല്ല ...അല്ലെ?മോഷണം എന്നെ കൈയോടെ അറിയിച്ചതിനും,സുമോദ് നോട് കാര്യം അന്വേഷിക്കാന്‍ കൂടെ വന്നതിനും യാരിദ് ചേട്ടനോട് "സ്പെഷ്യല്‍ താങ്ക്സ്"
Saturday, May 17, 2008
ഞാനും പോകുന്നു,നാട്ടിലേയ്ക്ക് ............

അങ്ങനെ അഞ്ചു മാസത്തിനു ശേഷം ഞാന്‍ വീണ്ടും നാട്ടിലേക്ക് പോകുന്നു...
ഒരുപാടുണ്ട് ചെയ്യാന്‍..
അമ്മയുടെ കൂടെ ഉറങ്ങണം,
ദൈവങ്ങളെ നേരില്‍ കാണണം,
അച്ഛനു ശ്രാദ്ധം ഊട്ടണം ,
ഫ്രണ്ട്സ് നെ കാണണം,
അണിഞ്ഞൊരുങ്ങി പോകാന്‍ കല്യാണമുണ്ട്,
സദ്യ ഉണ്ണണം,പാലട കുടിക്കണം,
വേനല്‍ക്കാലം തീരും മുന്പേ ചക്കയും മാങ്ങയും ഒക്കെ തിന്നണം,
എനിക്കെന്റെ, തോട്ടരുകിലെ വീട്ടിലെത്താന്‍ കൊതിയായി...
എനിക്ക് കിട്ടിയ ബാല്യമൊന്നും എന്റെ കുഞ്ഞിനു കിട്ടില്ല.അതെനിക്കു നന്നായറിയാം... എങ്കിലും,നാട്ടിലെ വേനല്‍ ചൂടും,ജൂണിലെ തോരാത്ത മഴയും എന്‍റെ മോള് കാണട്ടെ..പുതുമഴയ്ക്ക്,മണ്ണിന്‍റെ മണം ഉണ്ടെന്നു ഈ മരുഭൂമിയില്‍ കിടക്കുന്ന അവള്‍ക്ക് അറിയില്ലല്ലോ..!!!
നമ്മുടെ നാട്ടിലെ കാക്കയെയും,പൂച്ചയേയും, തുമ്പിയെയും, പൂമ്പാറ്റയേയും, ഒച്ചിനെയും, തേരട്ടയെയും, ഞ്ഞണ്ടിനെയും, പാമ്പിനെയും, തവളയെയും, നനചീരുകളെയും, പശുവിനെയും,ആടിനെയും ഒക്കെ കാണട്ടെ..ദോഹയിലെ രാത്രികള്‍ക്ക് ഒരിക്കലും ഇരുട്ടിന്റെ കറുപ്പില്ല.എല്ലാ ലൈറ്റ്കളും ഒന്നിച്ചു തെളിയിച്ചു ഇരുട്ടിനെ പകലാക്കുന്ന ഈ നാട്ടില്‍ ജീവിക്കുന്ന എന്‍റെ കുഞ്ഞ്,നമ്മുടെ നാട്ടിലെ കണ്ണില്‍ കുത്തിയാല്‍ കാണാത്ത ഇരുട്ടും,പേടിയും ഒക്കെ കണ്ടു നേരില്‍ അനുഭവിക്കട്ടെ..!!!!
മുറ്റത്ത് ഓടിക്കളിക്കട്ടെ,മണ്ണ് മാന്തട്ടെ..ഇവിടെ ഫ്ലാടിനെവിടെ മുറ്റം? മുറ്റതെവിടെ മണ്ണ്?അമ്പലത്തില്‍ പോയി തീര്‍ത്ഥം കുടിക്കണം ,ചന്ദനം തൊടീക്കണം, തൃമധുരം കഴിക്കണം,ആനയെ കാണിക്കണം.... ഭാണ്ടാരത്തില്‍ നാണയതുട്ടു വീഴുന്ന ഒച്ച കേട്ടു എനിക്കൊപ്പം എന്‍റെ കുഞ്ഞിന്‍റെ മനസ്സും നിറയട്ടെ..
അപ്പോള്‍ ഒരു മാസത്തേക്ക് ബ്ലോഗിങ്ങ്നു അവധി.തിരിച്ചു വന്നു ബാക്കി വിശേഷം...നേരില്‍ ..!!
Tuesday, May 13, 2008
ഓര്‍കുട്ടിലെ ഒരു കള്ളനാണയം

ഈ വിവരണത്തില്‍ പറഞ്ഞിരിക്കുന്ന സംഭവം തികച്ചും ഒരു സാങ്കല്പികം മാത്രമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല.കാരണം, അത് ശരിക്കും സംഭവിച്ചതാണ്.ഇതില്‍ പറയുന്ന ആളുകള്‍ ശരിക്കും ജീവിച്ചിരിപ്പുണ്ട്. പക്ഷെ, എനിക്ക് എന്‍റെ ശരീരത്തിനു അംഗവൈകല്യം വരുത്താന്‍ താത്പര്യം ഇല്ലാത്തതു കൊണ്ടു ചില ചില്ലറ സൂത്രപണികള്‍ നടത്തിയിട്ടുണ്ട്. അതായത്,പേരുകള്‍ മാറ്റിയിട്ടുണ്ട്. ഇതു ഇവിടെ ദോഹയില്‍ വച്ചു നടന്ന സംഭവം....പിന്നെ പറഞ്ഞു കേട്ടതായത് കൊണ്ടു ഇതില്‍ എത്രമാത്രം വള്ളി, പുള്ളി, എരിവ്, പുളി, മസാലകള്‍ ചേര്‍ന്നിട്ടുണ്ട് എന്നെനിക്കറിയില്ല. ഇതു നടന്ന സംഭവമാണ്. അത് സത്യം മാത്രം എനിക്കറിയാം, ഈ പോസ്റ്റ് വായിച്ചു എന്നെ പിച്ചികീറാന്‍ തോന്നുന്നവര്‍ ഉണ്ടാകും.എന്നാലും എനിക്ക് പറയാനുള്ളത് പറയട്ടെ..... ഓര്‍കുട്ടിലൂടെ പരിചയപ്പെട്ടു കൊലപാതകം വരെ നടത്തിയവര്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട്...!!! അപ്പോള്‍,പിന്നെ ഇതൊരു സംഭവമേ അല്ല..
സംഭവം തുടങ്ങുന്നതിങ്ങനെ : രഹന കെട്ട്യോനും,കുട്ട്യോളും ഓഫീസിലും,സ്കൂളിലും പോയപ്പോള്‍ വീട്ടു ജോലികള്‍ കഴിഞ്ഞു പതിവു സമയം കൊല്ലലിലേക്ക് കടക്കുന്നു. ഓര്‍കുട്ടിംഗ്, ചാറ്റിംഗ്, മെയിലിംഗ്...എന്നിവ തകൃതിയായി നടക്കുന്നു. അല്ലാതെ ഇവിടെ ദോഹയില്‍ പറമ്പില്‍ പോയി തെങ്ങിന് വെള്ളമൊഴിക്കാനോ, വാഴയ്ക്ക് പുതിയ കൂമ്പ് വന്നോ എന്നൊന്നും നോക്കാന്‍ പറ്റില്ലല്ലോ..ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്തപ്പോള്‍ പുതിയ ഒരു "ഫ്രണ്ട് റിക്വസ്റ്റ് ". ഒരു ഗോപു...പ്രൊഫൈല്‍ വിശദമായി പഠിച്ചു. ഇല്ല, ഒരു രക്ഷയും ഇല്ല. ഒരു പിടിയും കിട്ടുന്നില്ല. സ്ക്രാപ്പ് ബുക്ക് തുറന്നപ്പോള്‍ ഒരു സ്ക്രാപ്പും. "ഓയ്,ചേച്ചി..ഞാനും ദോഹയില്‍ എത്തിയ ഒരു എറണാകുളംകാരനാണെ. ഫ്രണ്ട്സ് ലിസ്റ്റില്‍ ഒന്നു ആഡ് ചെയ്യണേ.. ഞാനൊരു പാവം അനിയന്‍.." വെറുതെയെന്തിനു പുലിവാല് പിടിക്കണം?ഉടനെ മറുപടി കൊടുത്തു."പരിചയം ഇല്ലാത്തവരെ എന്തിന് ആഡ് ചെയ്യണം? പോയി പണിനോക്കൂ മാഷേ"..ആ സ്ക്രാപ്പ് പോസ്റ്റ് ചെയ്ത ഉടന്‍ അവിടെ നിന്നും അടുത്ത റിപ്ലെ "എനിക്കും,അമ്മേം പെങ്ങളും ഒക്കെ ഉണ്ട്. അല്ലാതെ മാനത്ത് നിന്നും പൊട്ടി വീണതൊന്നും അല്ല." അതില്‍ രഹ്ന വീഴുന്നു. ഇവന്‍ ആള് കൊള്ളാമല്ലോ.. ഫ്രണ്ട്സ് ലിസ്റ്റില്‍ ആഡ് ചെയ്യുന്നു.
എന്നും രാവിലെ രസകരമായ സ്ക്രാപ്പ് കണികള്‍. ശരിക്കും ഒരു സുഹൃത്ത്ബന്ധം ക്രമേണ ശക്തിപ്പെട്ടു. അതോ,ഒരു സഹോദര ബന്ധമോ?"ചേച്ചി" എന്ന് വിളിക്കുമ്പോള്‍ തന്നെ രണ്ടു ബക്കറ്റ് തേന്‍ മഴ!!ചേച്ചിക്കും അങ്ങനെ തന്നെ.ചുരുക്കി പറഞ്ഞാല്‍ രണ്ടുപേരും നല്ല ക്ലോസ് ഫ്രണ്ട്സ് ആയി. തമ്മില്‍ കണ്ടിട്ടില്ലെങ്കിലും ആത്മാര്‍ത്ഥത മുന്നിട്ടു മുഴച്ചു നിന്നു. വീട്ടിലെ കറി മുതല്‍ തലേ ദിവസം കണ്ട സിനിമ വരെ സ്ക്രാപ്പ്നു വിഷയങ്ങളായി. ചേച്ചിയുടെ കുട്ടികളെ സ്നേഹിക്കാനും, അവരുടെ കുസൃതികള്‍ അന്വേഷിക്കാനും ഗോപു കാണിച്ച ഒരു ശുഷ്കാന്തി!!! ഇടയ്ക്ക് ഗോപുവിന്റെ ഒരു ടെസ്ടിമോണിയലും!!!! "എന്‍റെ പ്രിയപ്പെട്ട ചേച്ചിക്ക് പിറക്കാതെ പോയ അനിയന്‍".... അതുകണ്ട് രഹന യുടെ കണ്ണും,മനസ്സും ഒപ്പം നിറഞ്ഞു. അഭിമാനത്തോടെ ഭര്‍ത്താവ് ബഷീര്‍ ഇക്കയ്ക്ക് കാണിച്ചു കൊടുത്തു. ബഷീര്‍ മൊഴിഞ്ഞു."ചെക്കന്‍ നല്ല വാചക കസര്‍ത്ത് ആണല്ലോ..
"അതിനിടയില്‍ രഹ്നയുടെ മോന്റെ പിറന്നാള്‍ വരുന്നു. വീടും,അഡ്രസ്സും കൃത്യമായി പറഞ്ഞു കൊടുത്തുകൊണ്ട് ബഷീര്‍ ഇക്കയുടെ സമ്മതത്തോടെ ഗോപു വിനെ പിറന്നാളിന് ക്ഷണിക്കുന്നു. "വരണം"."ഇല്ല, ഞാന്‍ വരില്ല. ഇങ്ങനെ നിങ്ങളുടെ കാണാമറയത് ഇരിക്കുന്ന അനിയനായാല്‍ മതി". ഒരു ഫോട്ടോ ഇടാത്തത് എന്താ? രഹന ചോദിച്ചു."ഈ പെണ്‍കുട്ടികളെ കൊണ്ടുള്ള ശല്യം. ഫോട്ടോ കണ്ടു അവരൊന്നും പുറകെന്നു മാറുന്നില്ല. " ഇതുകേട്ടു രഹന ചിരിച്ചു കുത്തി മറിഞ്ഞു. ഗോപു അവന്റെ ഫോട്ടോയ്ക്ക് പകരം രജനീകാന്ത്ന്‍റെ ഫോട്ടോയും മറ്റും മാറി മാറി ഇട്ടു തുടങ്ങി... പ്രൊഫൈല്‍ നെയിം എന്നും സ്ഥിതി ഗതി,കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചു മാറ്റുന്നു.ചേച്ചി ചോദിച്ചപ്പോള്‍ പറഞ്ഞു, അതൊക്കെ ഒരു സ്റ്റൈല്‍ അല്ലെ, ചേച്ചീ. അങ്ങനെ ഗോപു പലപ്പോഴും സ്റ്റൈല്‍ മന്നനും, സൂപ്പര്‍സ്റ്റാറും ഒക്കെയായി ഓര്‍ക്കുട്ടില്‍ വിലസി..
ഒരുദിവസം രാത്രി പതിവില്ലാത്ത സമയത്തു രഹ്നയെ ഓണ്‍ ലൈനില്‍ കണ്ടപ്പോള്‍ ഗോപു ചോദിച്ചു.."ഇതെന്തു പറ്റി, ഈ സമയത്തു ഓണ്‍ലൈന്‍ വരാറില്ലല്ലോ..?".. "ബഷീര്‍ ഇക്ക മസ്കറ്റില്‍ പോയിരിക്കുന്നു. ഒരു ഒഫീഷ്യല്‍ ട്രിപ്പ്. നാളെ കഴിഞ്ഞേ എത്തൂ."അവന്‍ തിരിച്ചു മൊഴിഞ്ഞു."ഓക്കേ,ബൈ ചേച്ചീ..പിന്നെ കാണാം." അര മണിക്കൂര്‍ കഴിഞ്ഞില്ല. അതിന് മുന്പേ രഹ്നയുടെ ഡോര്‍ ബെല്ലടിച്ച ശബ്ദം. ഗ്രോസറിയില്‍ നിന്നു സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടായിരുന്നത് കൊണ്ടു സംശയം തോന്നിയില്ല.വാതില്‍ തുറക്കുന്നു. പല്ലു കാട്ടിചിരിച്ചു കൊണ്ടു ഒരു അപരിചിതന്‍!!! സംശയിച്ചു നില്‍ക്കുമ്പോള്‍ അയാള്‍ തന്നെ പരിചയപ്പെടുത്തി."മനസ്സിലായില്ലേ..ഞാനാ ഗോപു"."ഗോപു" ... രഹ്ന കുറച്ചു നേരം ആശയകുഴപ്പത്തിലായി. അവന്‍ തന്നെ സംശയം തീര്‍ത്തു."ചേച്ചീ...ഞാന്‍ ഓർക്കുട്ടിലെ ഗോപു".."ഓഹോ..നീയോ? വാ കടന്നിരിക്ക്. ഞാന്‍ വിചാരിച്ചു, ഗ്രോസറി ബോയ് ആയിരിക്കും എന്ന്. കുട്ടികളെ കാണണ്ടേ?". ഷംനയെയും അക്കുവിനെയും വിളിച്ചു മാമനെ കാണിക്കുന്ന തിരക്കില്‍ നമ്മുടെ ഗോപു, സ്നേഹം കാണിക്കുന്ന അനിയനില്‍ നിന്നും രൂപാന്തരം പ്രാപിച്ചു ഒരു വില്ലനിലേക്ക് എത്തിയിരുന്നു. അവന്‍,രഹ്നയെ എവിടെയോ കയറി പിടിച്ചു !!!! രഹ്ന പക്ഷെ, പിറക്കാതെ പോയ അനിയനില്‍ നിന്നും ഇതു തീരെ പ്രതീക്ഷിച്ചില്ലല്ലോ. കുട്ടികള്‍ പേടിക്കുന്നു, രഹ്ന ഞെട്ടിതെറിക്കുന്നു, കാര്യങ്ങള്‍ വഷളാകുന്നു.പ്രതികരണം അയൽ ഫ്ലാറ്റുകളില്‍ കേള്‍ക്കുന്നു. അയല്‍ ഫ്ലാറ്റുകളില്‍ നിന്നും ആളുകള്‍ ഓടിയെത്തി കാരണം അന്വേഷിക്കുന്നു.
രക്ഷപ്പെടാനായി ഗോപു പറയുന്നു,"ഇക്ക ഇല്ലാത്തോണ്ട് രഹ്ന ചേച്ചി വിളിച്ചിട്ട് വരാന്‍ പറഞ്ഞു! അങ്ങനെ വന്നതാണ്".... അന്ന് രഹ്ന ഉറപ്പിച്ചു, ഭൂമി കറങ്ങുന്നത് അതിവേഗത്തില്‍ തന്നെ എന്ന്. തന്‍റെ നിരപരാധിത്വം വെളിപ്പെടുതുന്നതിനു പലതും പറഞ്ഞു നോക്കുന്നു. അയല്‍ക്കാര്‍ എന്ത് വിശ്വസിക്കും? ഓര്‍കുട്ടില്‍നിന്നും പരിചയപ്പെട്ട "ഒരുത്തന്‍" വീട്ടില്‍ വന്നു,"മിസ്‌ബിഹെവ്" ചെയ്തു എന്ന ഒരു കാര്യം അവര്ക്കു തൊണ്ട തൊടാതെ വിഴുങ്ങാനായില്ല. അവര്‍ ബഷീറിന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുന്നു. തുടര്‍ നടപടികള്‍ക്കായി ശ്രമം തുടരുന്നു.
പരാതി പോലീസ് സ്റ്റേഷന്‍ വരെ എത്തുന്നു. ഫ്ലാറ്റിലെ സെക്യൂരിറ്റിയാണ് പോലീസ് നെ അറിയിച്ചത്. എന്തായാലും ബഷീര്‍ ഇക്ക വരാതെ ഒന്നും നടക്കില്ലെന്ന അവസ്ഥ. ഒരു സുഹൃത്ത് മസ്കറ്റില്കു വിളിക്കുന്നു." ഡാ , ബഷീറേ, നീയൊന്നു വേഗം വന്നേ !!!...കിട്ടുന്ന ഫ്ലൈറ്റ് പിടിച്ചു പോരെ, ഇവിടൊരു സംഭവം നടന്നു. നിന്‍റെ ഭാര്യയേയും ,ഒരു ചെക്കനേയും നിങ്ങള്‍ടെ ഫ്ലാറ്റില്‍ നിന്നു പിടിച്ചു !!! അയല്‍ക്കാരാ ഞങ്ങളെ അറിയിച്ചത്". എന്തായിരിക്കും ബഷീര്‍ ഇക്കയുടെ അവസ്ഥ എന്ന് പറയേണ്ടതില്ലല്ലോ....!!! മൂപ്പര് ഒരുകണക്കിന് ഏന്തി, വലിഞ്ഞു ഭാര്യയുടെ "ദുര്നടപ്പിനെ" പറ്റി ചിന്തിച്ചു സ്ഥലത്തെത്തി.
ഇനി പോലീസ് സ്റ്റേഷനിലെ കാഴ്ച : പറഞ്ഞു കേട്ടതായത് കൊണ്ടു അലങ്കാര പണികളൊക്കെ നടത്തി ഒന്നും കൂട്ടി എഴുതാന്‍ നിര്‍വാഹം ഇല്ല. വളരെ ചുരുക്കി പറയാം. ഖത്തര്‍ പോലീസിനു കാര്യം അറിഞ്ഞു പുച്ഛം!! എന്തുകൊണ്ട് ഇങ്ങനെ പെരുമാറി എന്ന ചോദ്യത്തിന് ഗോപുവിന്റെ ഉത്തരം ഇങ്ങനെ: "ഓ,അല്ലേലും എനിക്ക് പ്രായത്തില്‍ മൂത്തവരോടാ "ക്രേസ്". ഞാന്‍ സ്ക്രാപ്പ് ഇട്ടില്ലെങ്കിലും ഈ ചേച്ചി ഗുഡ്മോര്‍ണിഗ് പറഞ്ഞു ഇങ്ങോട്ട് മുട്ടാന്‍ വരാറുണ്ടല്ലോ"..രഹ്ന ഇതു കേട്ട് നെറുകയില്‍ കൈ വച്ചു. ബഷീര്‍ നെഞ്ചത്തും. ബഷീറിന്റെ കൂട്ടുകാര്‍ മൂക്കത്ത് വിരല്‍ വച്ചു.
കരച്ചില്‍, പിഴിച്ചില്‍, തെറി വിളി...എല്ലാം മുറയ്ക്ക് നടന്നു. ഗോപുവിന്റെ ബന്ധുക്കളില്‍ ചിലര്‍ ദോഹയില്‍ ഉണ്ടായിരുന്നു.അവര്‍ സാമാന്യം നന്നായി മുറുക്കെ തന്നെ ബഷീര്‍ ഇക്കയുടെ കാല് പിടിച്ചത് കൊണ്ടു സംഭവം "കോംബ്രമൈസ് ടോക്ക്" ഇല്‍ ഒതുക്കി. വീട്ടില്‍ തിരിച്ചെത്തി എന്ത് സംഭവിചിരിക്കും എന്ന് നമുക്കു നമ്മുടെ ഭാവനാ സമ്പത്ത് പോലെ ഊഹിച്ചെടുക്കാം. തല്‍ക്കാലം,ഭാര്യയുടെ ദുര്നടപ്പ് നിമിത്തം ബഷീറിക്ക, ഒന്നു പുറത്തു ഇറങ്ങണം എങ്കില്‍, സാമാന്യം നല്ല വീതിയും നീളവും ഉള്ള ഒരു തോര്‍ത്ത് മുണ്ട് തലയില്‍ ഇടേണ്ടി വന്നു. രഹ്ന ഓര്‍ക്കുട്ട് അക്കൌണ്ട് തന്നെ ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിതയായി. ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ തന്നെ ഓര്‍ക്കുട്ട് തുറന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ ഗോപുവിന്റെ സ്ക്രാപ്പ് "ചേച്ചി,ഗുഡ്മോര്‍നിംഗ്.എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?" !!!! എങ്ങനെയുണ്ട് അനിയന്റെ സ്നേഹം? മറുനാട്ടില്‍ എന്നും മലയാളിക്ക് പാര മലയാളി തന്നെ എന്ന സത്യവും കൂടെ ഇതിലൂടെ ഊട്ടി ഉറപ്പിക്കാം….
ഇനി ഇവിടെ എന്‍റെ വീട്ടില്‍ നടന്നത് : പിറ്റേ ദിവസം തന്നെ എന്‍റെ ഫ്രണ്ട്സ് ലിസ്റ്റില്‍ ഞാനും ഒരു ശുദ്ധികലശം നടത്തി. അങ്ങനെ ഞാന്‍ വലിയ ഹൃദയ വേദനയോടെ ഓര്‍ക്കുട്ടില്‍ നിന്നും കിട്ടിയ അഞ്ചു - ആറു പേരെ ഔട്ട് ആക്കി.കാരണം മറ്റൊരു രഹനയാവാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. ഒരു ഭര്‍ത്താവും കേള്‍ക്കാന്‍ പാടില്ലാത്ത കാര്യം പോലീസ് സ്‌റ്റേഷനില്‍ വച്ചു - അതും കൂട്ടുകാരുടെ മുന്നില്‍ വച്ചു മൂപ്പരെ കേള്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മുന്‍ പരിചയവും,അതിന്‍റെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ എല്ലാം കഴിഞ്ഞേ ഞാന്‍ ഇപ്പോള്‍ ഓര്‍കുട്ടില്‍ ഫ്രണ്ട്സ് ആയി ആളെ എടുക്കുന്നുള്ളൂ.അങ്ങനെ ഞാനും നന്നായി.
Thursday, May 8, 2008
സഹാബ്ലോഗ്ഗെര്‍ക്ക് അന്ത്യാഞ്ജലി

കരച്ചിലിന്റെയും,പ്രാര്ത്ഥനയുടെയും നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫ്ലൈറ്റ്നു സമയം ആയി.വിനി ചേച്ചി ഒരുങ്ങിയിറങ്ങുന്നു.സാധാരണ കാണാറുള്ളതിനേക്കാള്‍ കൂടുതല്‍ സിന്ദൂരം , സീമന്തരേഖയില്‍ അണിഞ്ഞിരിക്കുന്നു.മനുവേട്ടന് വേണ്ടി ,ഇതു അവസാനത്തെ സിന്ദൂരം അണിയല്‍ ആണ് എന്ന് അറിയാതെ തന്നെ !!! മരണത്തെ നേരിടാനുള്ള യാത്ര !! അതിന് ഏറ്റവും ഭീകരമായ മുഖവും ഉണ്ട്.എവിടെയോ ഒരു നെഞ്ചിടിപ്പ് തന്‍റെ തന്‍റെ പ്രിയതമനില്‍ അവശേഷിക്കുന്നു എന്ന വിശ്വാസത്തില്‍ ആ അമ്മ, മക്കളെയും ചേര്ത്തു പിടിച്ചു വിമാനം കയറി.പ്രവാസികളുടെ ജീവിത ദുരന്തങ്ങളില്‍ ഒന്നു മാത്രം ഇത്.മോഹിച്ചു വാങ്ങിയ എല്‍.സി.ഡി - ടി.വി.യും, ഓരോ തവണ വാങ്ങിക്കൂട്ടിയ പല വിലപ്പെട്ട വീട്ടുപകരണങ്ങളും,ഫര്‍ണിച്ചര്‍കളും ആ വീട്ടില്‍ അവശേഷിപ്പിച്ചു കൊണ്ടു അവര്‍ യാത്രയായി.
വെറും രണ്ടു കൊല്ലം മുമ്പു പരിചയപ്പെട്ട മനുവേട്ടന്‍ !!ആദ്യം കണ്ടപ്പോള്‍ തോന്നി - "ഒരു ജാഡയുള്ള മനുഷ്യന്‍".ദോഹയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ജി.എച്ച് .ഡി.യില്‍ സീനിയര്‍ പ്രൊജക്റ്റ്സ് മാനേജരായ മൂപ്പര്‍ക്ക് സ്വല്‍പ്പം ജാടയൊക്കെ ആകാം.പക്ഷെ,പിന്നീട് അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായി , ബന്ധങ്ങള്‍ക്ക് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ വില നല്കുന്ന സ്നേഹ സംബൂര്‍ണനായ പിതാവും,ഭര്‍ത്താവും ആയ മനുഷ്യനാണ് എന്ന്.മലയാളത്തെ സ്നേഹിക്കുന്ന,നാടിനെ സ്നേഹിക്കുന്ന,സൌഹൃദങ്ങള്‍ക്ക് വില നല്കുന്ന,അക്ഷരങ്ങളെ സ്നേഹിക്കുന്ന,ഒരുപാടു റൊമാന്റിക് ആയ,എല്ലാത്തിനുമുപരി ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന ഒരു ഏട്ടനായിരുന്നു അത്.
പരദേശിയുടെ ബ്ലോഗ് നിങ്ങള്‍ക്കും സന്ദര്‍ശിക്കാം.. http://paradesy.blogspot.com ഇവിടെ നോക്കിയാല്‍ മതി..
Saturday, May 3, 2008
ഫ്ലാറ്റിലെ അറബി
മറ്റു പലര്‍ക്കും ചലന സ്വാതന്ത്ര്യം വിലക്കിക്കൊണ്ട് പിന്നേം പോസ്റ്ററുകള്‍ പല വാതിലുകളിലും പതിഞ്ഞു."ഡോണ്ട് ഫീഡ് ദ കാറ്റ്സ്" .പോസ്ടരുകളില്‍ ഒന്നു അങ്ങനെ ആയിരുന്നു.ശ്ശെ.!! നാണക്കേട്.ആരുടെയോ ജന്തു സ്നേഹതിനിട്ടു അയാള്‍ പാര പണിതിരിക്കുന്നു.ആരോ,പൂച്ചക്ക് ചോറു കൊടുത്തതിനു മൂപ്പര് പണി കൊടുത്തു !! പോസ്റ്റര്‍ കണ്ടവര്‍,കണ്ടവര്‍ കാണാതതവരെ വിളിച്ചു കാണിച്ചു. മൂപ്പരുടെ വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്ത് ആരെങ്കിലും കാര്‍ പാര്‍ക്ക് ചെയ്‌താല്‍, അയാള്‍ എല്ലാ ഫ്ലാറ്റിലും കയറിയിറങ്ങി കാളിംഗ് ബെല്ലടിച്ചു,വാതില്‍ തുറക്കുന്നവരെ ചീത്ത വിളിക്കുന്നത് ഒരു ഹോബിയായി വളര്‍ത്തിയെടുത്തു.മൂപ്പര് ഒരിക്കല്‍ എന്നെയും ഈ തെറി വിളിയില്‍ അഭിഷേകം ചെയ്തു.എനിക്കാകെ മനസ്സിലായത്,"മിട്സുബിഷി" എന്ന ഒരേ ഒരു വാക്ക്!! മിനിമം എന്‍റെ പിതാമഹനെ എങ്കിലും എന്തെങ്കിലും തെറി ഉറപ്പായും വിളിച്ചിരിക്കും.. അത് എനിക്ക് മനസ്സിലാകാതിരുന്നത് എത്ര നന്നായി??? വന്നു വന്നു,തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ട് സ്ഥാനം മാറ്റി,പുനര്‍നിര്‍മാണം നടത്തണം എന്ന് ഖത്തര്‍ ഗവണ്മെന്റ് നോട് പറയും എന്ന ഒരു അവസ്ഥ വരെ സംജാതമായി.
ഇങ്ങനെ ഈ അറബിയെ പേടിച്ചു വളരെ പതുക്കെ മാത്രം സംസാരിക്കാനും,ജീവിക്കാനും പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ ഫ്ലാറ്റിലെ ഒരു എ.സി.പ്രശ്നക്കാരനായത്.ടി.വി.റൂമിലെ എ.സി.ക്ക് റോക്കറ്റ് പോകുന്ന തരത്തിലുള്ള ശബ്ദം.പോരാത്തതിന് ഞാന്‍ ഒരു സത്യം കൂടി കണ്ടു പിടിച്ചു.എ.സി.ക്ക് ലീക്ക് ഉണ്ട്.അതില്‍ നിന്നും ലീക്ക് ചെയ്യുന്ന വെള്ളം ഇറ്റിറ്റായി വീണു,താഴെ ഉള്ള കാര്‍പെറ്റ് നനയുന്നു.ഈ പ്രശ്നം ഭര്‍ത്താവിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.അദ്ദേഹം പറഞ്ഞു"എടീ,പൊട്ടി, അത് എ.സി.ലീക്ക് ചെയ്യുന്നതല്ല.വിന്‍ഡോ എ.സി. ആയതുകൊണ്ട് അതിലെ ഡ്രെയിന്‍ വാട്ടര്‍ വീഴുന്നതാ.വെള്ളം താഴെ വീഴുന്നത് ഒഴിവാക്കാന്‍ ഒരു ഹോസ് ഇട്ടു തരാം.ടെക്നിഷ്യന്‍ വരുന്നതു വരെ നീ തല്‍കാലം വെള്ളം വീഴുന്നിടത് ഒരു ബക്കറ്റ് വച്ചോളൂ.നിറയുമ്പോള്‍ എടുത്തു കളയാം." "വേഗം വേണം കേട്ടോ..ഇല്ലെങ്കില്‍ എ.സി ശബ്ദം കാരണം ഉറങ്ങാന്‍ പറ്റുന്നില്ലെന്നും പറഞ്ഞു ആ അറബി പോസ്റെറോട്ടിച്ചു മനുഷ്യനെ നാണം കെടുത്തും" ഭര്‍ത്താവിനു ഞാന്‍ മുന്നറിയിപ്പ് കൊടുത്തു.
ഇങ്ങനെ ഒരു വാഗ്ദാനം നടന്നതല്ലാതെ ഒരു ടെക്നിഷ്യന്‍ പോലും ഈ വഴി വന്നില്ല.അതുകൊണ്ട് തന്നെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കി. ഏകദേശം രണ്ടു ദിവസം ആകുമ്പോഴേക്കും ബക്കറ്റില്‍ വെള്ളം നിറയുന്നു. അത്,അവിടെ നിന്നു താങ്ങിപ്പിടിച്ച്,എടുത്തു കൊണ്ടുവന്ന് ബാത്രൂമില്‍ ഒഴിക്കേണ്ട ശ്രമകരമായ ദൌത്യം എന്‍റെ സ്നേഹമയനായ ഭര്‍ത്താവ് എന്‍റെ തലയില്‍ വച്ചു കെട്ടി.ഒരു കൊച്ചു വാതില്‍ തുറന്നു വേണം ആ ബക്കറ്റ് ഉള്ളിലെക്കെടുക്കാന്‍.അങ്ങനെ വാതില്‍ തുറക്കുമ്പോള്‍,സൈഡില്‍ വച്ചിരിക്കുന്ന നിലവിളക്ക്,ശ്രീകൃഷ്ണന്‍,ഗണപതി ഇവര്‍ക്കൊന്നും അനക്കം തട്ടരുത്.കൂടാതെ ഒട്ടും അകലെയല്ലാതെ വച്ചിരിക്കുന്ന ടീപോയില്‍ ബക്കറ്റ് തട്ടി വെള്ളം താഴെ പോവരുത്.അതിനടുതിരിക്കുന്ന മോള്‍ടെ സ്കൂട്ടര്‍ അനങ്ങുകയെ ചെയ്യരുത്.എന്നിങ്ങനെയുള്ള അലിഖിത നിയമങ്ങള്‍ പാലിച്ചു കൊണ്ടു മേലനങ്ങാന്‍ ഇഷ്ടമല്ലതിരുന്ന ഞാന്‍ ഈ ജോലി കൃത്യമായി നിര്‍വഹിച്ചു പോന്നു.
Monday, April 21, 2008
ചില കലപിലകള്‍

Sunday, April 1, 2007
തോട്ടരുകിലെ വീട്

ഇതെന്തു സ്ഥലം? ഈ ഭരതെട്ടന് ഇതെന്തു ഭ്രാന്താ?ഇവിടെയാണോ നമ്മള്‍ വീട് പണിയാന്‍ പോണേ? ഈശ്വരാ !!! ഈ വെള്ളതിലാണോ കുട്ടികള് കളിക്ക്യാ..?" നാലുപുറവും വെള്ളം കെട്ടിക്കിടക്കുന്ന നെല്പാടം കണ്ടു, അതിശയത്തോടെ രതി ചോദിച്ചു.പോരാത്തതിന് , തൊട്ട അയല്‍വക്കം സാമാന്യം നല്ല ഒഴുക്കുള്ള തോടും...."നീയൊന്നു പേടിക്കാതെ..മഴക്കാലം ആയതു കൊണ്ടാ വെള്ളം കെട്ടിക്കിടക്കുന്നത്.മഴ മാറിയാല്‍ ഈ വെള്ളം ഒന്നും ഉണ്ടാവില്ല.കുറച്ചുകാലം കഴിയട്ടെ,ഈ സ്ഥലം തന്നെ ആകെ മാറും.നോക്കിക്കോളൂ, നമ്മള് വീട് വച്ചു കഴിഞ്ഞാല്‍ പിന്നെ ആളുകള്‍ക്ക് ധൈര്യമായി.പിന്നെ,ഇതും ആള്‍ താമസം ഉള്ള സ്ഥലം ആണെന്നും പറഞ്ഞു ഇവിടെ നിറയെ വീടുകള്‍ കൊണ്ടു നിറയും,അന്ന് ആളുകള്‍ പറയും,അന്ന് ആദ്യമായി ഈ പാടത്ത് വീട് വയ്ക്കാന്‍ ധൈര്യം കാണിച്ചത് ഭരതനാണെന്ന് ".രതിയെ ആശ്വസിപ്പിച്ചു കൊണ്ടു ഭരതന്‍ പറഞ്ഞു."പിന്നെ, എന്ത് വന്നാലും നേരിടാന്‍ ഈ ഞാനില്ലേ കൂട്ടിനു...?''.....അവളെ ആശ്വസിപ്പിച്ചു കൊണ്ടു അയാള്‍ പറഞ്ഞു.
