Sunday, July 27, 2008

പ്രതീക്ഷ



പറഞ്ഞു പഴകിയ ഒരു കാര്യം..."പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍" എന്ന് വേണമെന്കില്‍ പറയാം..
****** ****** ****** ****** ******* ******* ******* ******* ******* ******

പ്രതീക്ഷയോടെ കലണ്ടറിലെ ദിവസങ്ങള്‍ വീണ്ടും അവള്‍ എണ്ണിക്കൂട്ടി.പതിനെട്ട്,പത്തൊമ്പത്,ഇരുപത്....വീണ്ടും മാസത്തിലെ ആ ദിനങ്ങള്‍ വരുന്നു.നാട്ടില്‍ നിന്നു അമ്മമാര്‍ വിളിക്കുമ്പോള്‍ എന്ത് പറയും?ദൈവമേ,ഇത്തവണയെങ്കിലും കൈവിടല്ലേ..എത്ര നാളായി ഇങ്ങനെ ഈ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിന്നു കലണ്ടറിലെ പേജുകള്‍ എണ്ണി തുടങ്ങിയിട്ട്?ഇതു കൃത്യം എട്ടാമത്തെ വര്‍ഷം.എട്ടുവര്‍ഷമായി,താന്‍ വായുവില്‍ വിരല്‍ കൊണ്ടു എഴുതിയും,മായ്ച്ചും,അതെ വിരലുകള്‍ നിവര്‍ത്തിയും,മടക്കിയും ഓരോ മാസത്തെയും ആ ദിനങ്ങളെ പ്രതീക്ഷയോടെ എണ്ണുന്നത്. പ്രായമാണെങ്കില്‍ കൂടി വരുന്നു...കാലികമായ മാറ്റങ്ങളെ എന്നും അംഗീകരിച്ചേ തീരൂ..എങ്കിലും...

"മടുത്തോ തനിക്ക്?" അയാള്‍ ചോദിച്ചു."ഇല്ല, എങ്കിലും....." ആ 'എങ്കിലും' പിന്നീടുള്ള അവരുടെ സംഭാഷണത്തെ എവിടെയോ മുറിച്ചു.മനസ്സിന്‍റെ ഇടുങ്ങിയ അകത്തളങ്ങളില്‍, അവയുടെ മൂലകളില്‍ മാറാല പിടിച്ചു തുടങ്ങിയിരിക്കുന്നു എന്നത് സത്യം തന്നെ.തിങ്കളാഴ്ച വീണ്ടും ഡോക്ടറെ കാണണം.എന്നും ഒരേ വാചകങ്ങള്‍ തന്നെ.."പ്രതീക്ഷ കൈവിടണ്ട.രണ്ടാള്‍ക്കും ഒരു കുഴപ്പവും ഇല്ല.നമ്മള് മാത്രം വിചാരിച്ചാല്‍ പോരല്ലോ,ദൈവം എല്ലാം നിശ്ചയിച്ചു വച്ചിട്ടുണ്ടാകും." ചിരിക്കാനുള്ള വിമുഖത,ഡോക്ടറുടെ മുഖത്ത് പ്രകടമായിരുന്നു എന്നും...

പതിവുപോലെ അയാളുടെ അമ്മ വിളിച്ചു."പാരമ്പര്യമായി,ഈ തറവാട്ടില്‍ ആര്ക്കും കുട്ടികളില്ലാതില്ല.അതിപ്പോ,എന്റെ തറവാട്ടിലും,അവന്‍റെ അച്ഛന്റെ തറവാട്ടിലും പ്രസവിക്കാത്ത പെണ്ണുങ്ങള്‍ ഇല്ല.എന്താപ്പോ ചെയ്യ്വാ?ഡോക്ടറെ കണ്ടോ നീയ്?എന്താ പറഞ്ഞെ?" എന്നത്തേയും പോലെ,അവളെ അവര് സംസാരിക്കാന്‍ അനുവദിക്കാതെ,ഉള്ളിലുള്ള പരിഭവം മുഴുവന്‍ എണ്ണിതീര്ത്തു ഫോണ്‍ വെച്ചു.

ഇനി അടുത്ത ഊഴം തന്‍റെ അമ്മയ്ക്കാണ്."പിന്നെ,ഇന്നലെ ഭഗവതീടെ അമ്പലത്തില് തൊട്ടിലു കെട്ടി.മുപ്പെട്ടു വെള്ളീടന്നു വീണ്ടും ഉരുളി കമഴ്ത്തി.അവന് ഇനി എന്നാ ലീവ്?ഇനി വരുമ്പോ,ഗുരുവായൂര് ശയനപ്രദക്ഷിണം ചെയ്യിക്കാംന്നു നേര്ന്നുണ്ട്.ശിവന്‍റെ അമ്പലത്തിലെ നെയ്യ് ദിവസോം കഴിക്കണില്ലേ?മുടങ്ങാന്ടെ 'സന്താനഗോപാലം' ജപിച്ചോളൂ...നീയ് വിഷമിക്യൊന്നും വേണ്ട.കല്യാണം കഴിഞ്ഞു ,പത്തും,ഇരുപതും കൊല്ലം കഴിഞ്ഞട്ട് കുട്ടികളുണ്ടായിരിക്കുന്നൂന്ന് എത്രടത്ത് വായിച്ചിരിക്കുണൂ”

ജോമോനും ഡെയിസിയും ഡിന്നറിനു വന്നപ്പോള്‍ പറഞ്ഞ ആ വാചകം അവളുടെ മനസ്സിനുള്ളില്‍ മാറ്റൊലി കൊള്ളിച്ചു. ലോ വെയിസ്റ്റ് ജീന്‍സും,ശരീരത്തിലെ അവയവ മുഴുപ്പ് കാണിക്കുന്ന ടോപ്പും ഇട്ടു വന്ന അവള്‍ തികച്ചും സന്തോഷവതിയായിരുന്നു.പക്ഷെ,അതിനിടയില്‍ ഡെയിസിക്കും ,തന്നെപോലെ ചില കുറവുകള്‍ ഉണ്ടെന്നു കണ്ടുപിടിച്ചത് വെറും മണ്ടത്തരം.ഇടയ്ക്കെപ്പോഴോ അവള്‍ ഡെയിസിയോട് പറഞ്ഞു,"ഒരുകണക്കിന് നമ്മള്‍ തുല്യ ദു:ഖിതരാ അല്ലെ?സാരല്യ,ദൈവം എപ്പോഴും അത്ഭുതങ്ങള്‍ കാണിക്കുന്ന ആളല്ലേ?"...ചക്രവാള സീമയിലേക്ക് ഉറ്റു നോക്കിക്കൊണ്ട്‌ അവള്‍ കുലുങ്ങി ചിരിച്ചു.ചിരി അമര്‍ത്തിക്കൊണ്ടു അവള്‍ പറഞ്ഞു,"നീയിത്ര പൊട്ടിയായി പോയല്ലോ,ഞങ്ങള് പ്ലാനിങ്ങിലാ.ഇത്ര ചെറുപ്പത്തിലെ ഒരു കുട്ടി!!! ഞങ്ങളതിനെ കുറിച്ചു ചിന്തിച്ചിട്ട് പോലും ഇല്ല,മെന്റലി ഒരു കുഞ്ഞിന്‍റെ പാരെന്റ്സ് ആവാന്‍ ഞങ്ങള് പ്രീപ്പേര്‍ ചെയ്തിട്ടില്ല." ഇത്ര ചെറുപ്പമോ?മുപ്പതു വയസ്സ് ഒരു ചെറുപ്പമാണോ?ഒരു അമ്മയാവാന്‍ മുപ്പതു വയസ്സ് പോരെ?തന്‍റെ കളിക്കൂട്ടുകാരിയും,അവളുടെ ഭര്‍ത്താവും ഇത്ര പച്ചപരിഷ്കാരികളായത് അറിഞ്ഞതേയില്ല. പരിഹാസമായോ,അതോ അഹങ്കാരമായോ ഏത് ഭാവത്തിലാണ് ആ ചിരി തന്‍റെ കാതുകളില്‍ അലച്ചതെന്നു അപ്പോള്‍ അവള്‍ക്ക് മനസ്സിലായില്ല.

അവളുടെ കവിള്‍ത്തടത്തില്‍ മൃദുവായി തലോടിക്കൊണ്ട് അയാള്‍ പറഞ്ഞു,"സാരല്യ,നമ്മള്‍ എന്നും ഒരു ബിന്ദുവിനെ കേന്ദ്രമാക്കികൊണ്ട് മാത്രമാ ചിന്തിക്കുന്നതും,ജീവിക്കുന്നതും,ശ്വസിക്കുന്നത് പോലും..അതല്ലേ അങ്ങനെ പറഞ്ഞതു?നമുക്കൊന്ന് നാട്ടില്‍ പോകാം,ഒന്നു ഫ്രെഷ് ആയി വരാം"..."ഇല്ല,ഞാനില്ല.നാട്ടുകാരുടെയും,വീട്ടുകാരുടെയും മുന്നില്‍ ഞാനൊരു വലിയ ചോദ്യ ചിഹ്നമായി നില്‍ക്കണ്ടേ?വയ്യ,എന്‍റെ ഉള്ളിലെ തീയണയ്ക്കാന്‍ ഒന്നിനും ആവില്ലെന്ന് തോന്നുന്നു."അവള്‍ നിരാശയോടെ പറഞ്ഞു. "അതൊന്നും സാരല്യ. നമ്മളെന്തായാലും പോണൂ.ക്ലൈമറ്റ് ചേഞ്ച്‌ നല്ലതാണെന്ന് ഡോക്ടറും പറഞ്ഞതല്ലേ?" അയാള്‍ അവളെ ആശ്വസിപ്പിച്ചു.

വിചാരിച്ചതുപോലെ തന്നെ ഉത്തരമില്ലാത്ത ചോദ്യങ്ങളും,കീറാമുട്ടികളായ പ്രസ്താവനകളും അവരുടെ തലയ്ക്കു മുകളില്‍ ചിറകടിച്ചു പറന്നു."നിരാശപ്പെടണ്ട.വായ്ക്കരീടാനെന്കിലും ഒന്നിനെ ദൈവം തരാണ്ടിരിക്കില്യ....തലമുറ അന്യം നിന്നു പോയാ എന്താ ചെയയ്വ?...സഹതാപത്തിന്റെ നിലയില്ലാ കയങ്ങളില്‍ നില്‍ക്കകള്ളിയില്ലാതെ അവര്‍ മുങ്ങി താണു. "എനിക്ക് കുട്ടികളുണ്ടാവാഞ്ഞിട്ടാണോ?ആണും,പെണ്ണും ഒക്കെ ആയി എനിക്കും തന്നില്ലേ ഏഴ് എണ്ണത്തിനെ?എന്നിട്ടിപ്പോ എന്താ കാര്യണ്ടായെ?മരുന്നിനു പോലും ഒരെണ്ണം ഇവിടുണ്ടോ?എല്ലാരും പോയീല്യെ,അവരോരടെ പാടും നോക്കീട്ട്?മക്കളുണ്ടായാ മാത്രം പോര,അവറ്റെ കൊണ്ടു നമ്മക്ക് ഉപകാരംണ്ടാവും കൂടീം വേണം.എന്‍റെ അവസ്ഥ നീ നോക്ക്.നീയെന്തിനാ വെറുതെ വിഷമിക്കണേ?ഞാന്‍ പറയാച്ചാ,കുട്ട്യോളില്യാതേന് നീയിങ്ങനെ സങ്കടപ്പെടാന്‍ ഒന്നൂല്യ.നിനക്കു അവനും,അവന് നീയും ഇല്യേ?"..ചെറിയമ്മ നീട്ടിപരത്തി പറഞ്ഞതു ശരിയാണെന്ന് തോന്നി."അതെ,അങ്ങനെയൊക്കെ ചിന്തിച്ചു നമുക്കു ആശ്വസിക്കാം.പൊതുവായ നിരീക്ഷണത്തിലൂടെ കിട്ടിയ അറിവോടെ അയാള്‍ അവളോടെ പറഞ്ഞു.

അവളതോന്നും കേള്‍ക്കുന്നെയില്ലായിരുന്നു.എന്നും,എപ്പോഴും ബന്ധങ്ങളുടെ തീവ്രത രുചിച്ചറിഞ്ഞിരുന്നത് കൊണ്ടുതന്നെ ആ മാനസിക സംഘര്ഷാവസ്ഥയിലും അവള്‍ തന്‍റെ ഉള്ളില്‍ ഒരു സ്നേഹ മര്‍മ്മരം കാത്തിരുന്നു.അവളുടെ ജീവിതത്തിന്റെ ഭാഗമായ ആ കലണ്ടറില്‍ കൂട്ടിയും,കിഴിച്ചും,എണ്ണിയും അക്കങ്ങള്‍ തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു, സ്വപ്നങ്ങുടെ ഗര്‍ഭഭാരത്തിനു താങ്ങാവുന്നതിനേക്കാള്‍ കനം കൂടുതലാണെന്ന് അവള്ക്കറിയാമായിരുന്നിട്ടും...... "സര്‍പ്പദോഷം ഉണ്ടെന്നാ ജ്യോല്‍സ്യര് പറഞ്ഞതു.അയാള് പറഞ്ഞതുപോലെ ഒരു കളം നടത്താം.ഇനി അതിന്‍റെ ഒരു കുറവ് വേണ്ട.ലീവ് ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്." തലമുറയുടെ പുതു നാമ്പിനായി ,മരണശേഷം ആരും കൊതിക്കുന്ന ഒരു ഉരുള ബലി ചോറിനായി.....എന്ത് വിട്ടു വീഴ്ചയ്ക്കും അയാളും തയ്യാറായി.


പരസ്യമാണ് ....എന്നാലും ഇതൊന്നുhttp://chokklitales.blogspot.com/ നോക്കണേ പ്ലീസ്....

Thursday, July 10, 2008

ഒരു തൊഴിലന്വേഷണം

ഇനി ഇയാള്‍ക്ക് ജോലിക്ക് പോവാലോ?മോള് സ്കൂളില്‍ പോയി തുടങ്ങിയില്ലേ?വിജയന്‍ അങ്കിള്‍ന്‍റെ ആ ചോദ്യത്തില്‍ പിടിച്ചു ഞാനങ്ങ് കയറി.ഭര്‍ത്താവിനോട് പറഞ്ഞു," എനിക്കും ജോലിക്ക് പോണംന്നേ..വീട്ടിലിരുന്നു മടുത്തു.ഇനി,നാട്ടില്‍ തിരിച്ചെത്തി,എന്‍റെ പഴയ ജോലിയില്‍ എന്ന് ജോയിന്‍ ചെയ്യാനാ?" മൂപ്പര് പറഞ്ഞു,"നിനക്കു പിന്നെ വേഗം ജോലി കിട്ടും,ഡിമാന്ടസ് അത്ര കുറച്ചല്ലേ ഉള്ളൂ..ഉച്ചവരെയേ വര്‍കിംഗ് അവേര്സ് പാടുള്ളൂ,വെള്ളി,ശനി അവധി വേണം,ജോലിയില്ലേലും ശമ്പളം വേണം,അമ്മയെ കാണാന്‍ തോന്നുമ്പോ നാട്ടില്‍ പോണം,പറ്റുന്ന ദിവസമൊക്കെ ലീവ് എടുക്കണം,ബി.എഡ്. കഴിഞ്ഞ നിനക്കു ടീച്ചിംഗ് നോട്സ്‌ എഴുതാന്‍ പറ്റില്ല.അതുകൊണ്ട് ജോലി സ്കൂളില്‍ വേണ്ട.ഇത്രയൊക്കെയല്ലേ ഉള്ളൂ.."

"ഊം..ഊം..ഊം.. കളിയാക്കിയതാണ് അല്ലെ?വേണ്ട കേട്ടോ,പറ്റുമെങ്കില്‍ എനിക്ക് ഒരു ജോലി ശരിയാക്കി തരൂ. ഡിമാനട്സില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.വര്‍കിംഗ് അവേര്സ് ഞാന്‍ നാലുമണി വരെ നീട്ടിയിട്ടുണ്ട്.മതിയോ?ഇവിടെ,ബന്ദും,ഹര്‍ത്താലും,കല്യാണവും,ചോരൂണും ഒന്നും ഇല്ലല്ലോ..അപ്പൊ,ഇടക്കൊക്കെ ലീവ് എടുത്തെന്ന് വരും.” ഞാന്‍ തിരിച്ചടിച്ചു.കണവന്‍ എന്നത്തേയും പോലെ രാഷ്ട്രീയക്കാരെ വെട്ടിക്കുന്ന വിധത്തിലുള്ള പലതരം വാഗ്ദാനങ്ങളും വിളിച്ചു പറഞ്ഞു.ഉറപ്പ്.ഒരുമാസത്തിനുള്ളില്‍ നിനക്കു ജോയിന്‍ ചെയ്യാം.എല്ലാം ശരിയാക്കിയിട്ടുണ്ടെന്നെ.മാസങ്ങള്‍ പിന്നിട്ടതല്ലാതെ,ജോലി പോയിട്ട് ഒരു കുന്തോം കിട്ടിയില്ല.


അങ്ങനെയിരിക്കെ,"ഹോണ്ടയില്‍ കൊടുത്ത ബയോഡാറ്റാ അവര്‍ ആക്സെപ്റ്റ് ചെയ്തു.ഈ നമ്പരില്‍ ഒന്നു വിളിക്കണം"...വിജയന്‍ അങ്കിള്‍ തന്നെ വിളിച്ചു പറഞ്ഞപ്പോള്‍,.പറഞ്ഞ നമ്പരില്‍ വിളിക്കുന്നു,ഇന്റര്‍വ്യൂ ഡേറ്റ് ഫിക്സ് ചെയ്യുന്നു. ഭര്‍ത്താവിനെ വിളിക്കുന്നു.സന്തോഷം പങ്കു വയ്ക്കുന്നു.ഉറങ്ങിക്കിടന്ന മോളെ വിളിച്ചു എണീപ്പിച്ചു സംഗതി പറയുന്നു. കണ്ണ് മിഴിച്ചു അവള്‍ ചോദിച്ചു,"ശരിക്കും ജോലി കിട്ടിയോ?".."ശ്ശ്ശെ..ഇവളെന്താ ഇങ്ങനെ?ബി,ഒപ്ടിമിസ്റിക്..അമ്മയ്ക്ക് ജോലിയൊക്കെ കിട്ടും,നാളെ ഇന്റര്‍വ്യൂ നു പോണുണ്ട്." ഞാന്‍ വച്ചു കാച്ചി."അത്രേള്ളൂ,വാവച്ചു ഉറക്കം മതിയായില്ല." അവള് ചന്തിയും പൊക്കി,വീണ്ടും കമഴ്ന്നു കിടന്നു ഉറങ്ങി.


അയല്‍വാസിയായ ഗീത ചേച്ചി പറഞ്ഞു,"നന്നായി ഒരുങ്ങി പോകണം കേട്ടോ"..ഇതു കേട്ടപ്പോള്‍,ഭര്‍ത്താവ് ചോദിച്ചു,"എടീ, ചക്ക പോത്തെ....നീയെന്താ ഡാന്‍സ് കോംപടീഷന്‍ ആണോ പോണേ?"....അല്ലെങ്കിലും,സ്വന്തം ഭാര്യയെ ചക്ക പോത്തെന്നു വിളിക്കുന്ന ഒരേ ഒരു മനുഷ്യന്‍ ഇങ്ങേരായിരിക്കും.എന്‍റെ അച്ഛാച്ചന്‍ അച്ഛന്മ്മയെ "അതേയ്,പിന്നെ ഒരു കാര്യം"..ഇങ്ങനെ വിളിക്കുന്നതെ കേട്ടിട്ടുള്ളൂ..,അച്ഛന്‍ അമ്മയെ,"കുട്ടീ" എന്നും...ഇങ്ങേരു ഇതൊക്കെ ഇനി എവിടെ ചെന്നു പഠിക്കാനാ?ഇതു കേട്ടതോടെ,പിറ്റേന്ന് ഇട്ടു പോകാന്‍ എടുത്തു വച്ചിരുന്ന ഡ്രസ്സ് തിരികെ അലമാരയില്‍ തന്നെ കുത്തികേറ്റി.. ഇന്റര്‍വ്യൂ നു പോകുന്ന വഴി മൂപ്പര് എന്നോട് ചോദിച്ചു,"നീ ഇന്റര്‍വ്യൂന് ചെന്നിട്ടു അവിടെ പോയി മുട്ടയിട്വോ?"..ഈശ്വരാ!! സ്വന്തം ഭാര്യയുടെ കഴിവില്‍ ഇത്രേം വിശ്വാസം ഇല്ലാത്ത ഒരു മനുഷ്യന്‍ !!! ഇങ്ങേരെയാണല്ലോ,ഞാന്‍ കല്യാണം കഴിച്ചത്? എനിക്കിതു തന്നെ വേണം. "പിന്നെ,ചിലപ്പോ മുട്ടയിട്ടെന്നു വരും.ഇട്ടാല്‍ ഞാന്‍ അത് തരാം.പുഴുങ്ങി തിന്നേക്കണം കേട്ടോ." പറ്റുന്ന ഭാഷയില്‍ ഞാന്‍ തിരിച്ചടിച്ചു."പേടിക്കാതെ എല്ലാത്തിനും ആന്‍സര്‍ ചെയ്‌താല്‍ മതി"...എന്നോടൊന്നു സോപ്പിട്ടു.



ഓഫീസ് തപ്പിപിടിച്ച് കൃത്യ സമയത്തു തന്നെ എത്തി.മൂന്നു പേര്‍ എന്നോടായി തലങ്ങും,വിലങ്ങും ചോദ്യ ശരങ്ങള്‍!ഇടയ്ക്കിടക്ക് അവര്‍ തന്നെ പറയുന്നു,"പ്ലീസ് ഡോണ്‍ട് കന്‍സിഡേര്‍ ദിസ് ആസ് ആന്‍ ഇന്റര്‍വ്യൂ.ദിസ് ഇസ് ഒണ്‍ലി എ പേര്‍സണല്‍ ടോക്"..ഊം.ഇതു പേര്‍സണല്‍ ടോക് ആണെന്കില്‍,ഇവര് ഉദ്ദേശിക്കുന്ന ഇന്റര്‍വ്യൂ എന്താ?ബയോഡാറ്റയിലെ എം.എ.ഹിസ്റ്ററി കണ്ടിട്ടാണെന്ന് തോന്നുന്നു,മുഗള്‍ ഹിസ്റ്ററിയെ പറ്റി ചോദിച്ചിരിക്കുന്നു.അക്കൌണ്ട് സെക്ഷനിലെ പോസ്റ്റിനു മുഗള്‍ ഹിസ്റ്ററിയും ആയിട്ട് എന്ത് ബന്ധം?ഞാനും വിട്ടു കൊടുത്തില്ല.ഭര്‍ത്താവ് പറഞ്ഞതു അക്ഷരം പ്രതി അനുസരിച്ചു.എല്ലാത്തിനും ഉത്തരം വച്ചു കാച്ചി.എന്‍റെ ഉത്തരം കേട്ടിട്ട് ഞാനൊരു "മിസ്സിസ്.സര്‍ദാര്‍ജി " ആണ് എന്ന് തോന്നിയോ,എന്തോ?


വിവരം അവര്‍ രണ്ടു ദിവസത്തിനുള്ളില്‍ അറിയിക്കാം എന്ന് പറഞ്ഞു.ഇതു കേട്ടപ്പോള്‍ തന്നെ ഭര്‍ത്താവ് പറഞ്ഞു,സെലക്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുന്ടെന്കില്‍ അവര് ഇപ്പോള്‍ തന്നെ പറയും.".."അതെയോ?ശോ! ഞാന്‍ വിചാരിച്ചു,സാരമില്ല,ദോഹയിലെ എന്‍റെ ആദ്യത്തെ ഇന്റര്‍വ്യൂ എന്ന് ഓര്‍മകളില്‍ സൂക്ഷിച്ചു വക്കാം" ഞാന്‍ മൊഴിഞ്ഞു.ദിവസം മൂന്നു-നാല് കഴിഞ്ഞു .ഹോണ്ടയില്‍ നിന്നു ഒരു വിവരവും ഇല്ല.പ്രതീക്ഷ കൈ വിട്ടപ്പോഴാണ് അവര്‍ വിളിച്ചു പറഞ്ഞതു, നാളെ വന്നു ജോയിന്‍ ചെയ്യൂ എന്ന്.സന്തോഷം കൊണ്ടു ഞാന്‍ പറന്നു,പറന്നു ആകാശത്ത് എത്തി.അവിടെ എത്തിയപ്പോഴാണ് ഓര്‍ത്തത്‌,ആരെയും വിളിച്ചു പറഞ്ഞില്ലെന്നു.പറന്നു തന്നെ താഴെ ലാന്‍ഡ് ചെയ്തു. ഭര്‍ത്താവിനെ വിളിച്ചു പറയുന്നു,ഓര്‍കുടില്‍ കയറി സ്ക്രാപ്പ് ഇടുന്നു - നാളെ തൊട്ടു ജോലിക്ക് പോകുന്നു,ഇനി പണ്ടത്തെ പോലെ സ്ക്രാപ്പ് ഒന്നും പ്രതീക്ഷിക്കണ്ട എന്ന്.അഹങ്കാരം ഇത്തിരി കടന്നു പോയി.മൂഷികസ്ത്രീ പിന്നേം മൂഷികസ്ത്രീ ആകാന്‍ പോവുകയാണ് എന്ന് എനിക്കപ്പോള്‍ അറിയില്ലായിരുന്നു.ഞാന്‍ ശമ്പളമായി വാഗ്ദാനം ചെയ്ത റിയാലിനെ പതിനൊന്നു കൊണ്ടു ഗുണിച്ച്‌,ഇന്ത്യന്‍ രൂപയാക്കി നോക്കി,ഞാന്‍ തന്നെ എന്നില്‍ വലിയ മതിപ്പുളവാക്കി.

രാവിലെ ഏഴ് തൊട്ടു മൂന്നു മണിവരെയാണ് ഓഫീസ് ടൈം.ഓഫീസ് അങ്ങ് ഇന്ഡസ്ട്രിയല് ഏരിയയില്‍.ഇവിടെ നിന്നു കൃത്യം ഇരുപതു കിലോമീറ്റര്‍.ട്രാന്‍സ്പോര്‍ടെഷന്‍ ഉണ്ട്.ആദ്യത്തെ ദിവസമായത്‌ കൊണ്ടു ഹസ് കൊണ്ടു വിട്ടു.തിരിച്ചു അവരുടെ വണ്ടിയില്‍ വരാമല്ലോ..മൂന്നു മണി വരെ എങ്ങനെ അവിടെ ഇരുന്നു എന്നറിയില്ല.തേനീച്ച കൂട്ടില്‍ കയറിയ പോലെ.ആകെ ഒരു മൂളല്‍.ആര്ക്കും,ഒന്നിനും സമയം ഇല്ല.ഈ ലോകം അവരവരുടെ തലയിലാണെന്ന് ഓരോരുത്തര്‍ക്കും ഭാവം ഉള്ള പോലെ.നാളെ തൊട്ടു ഞാനും അങ്ങനെയാകും.നോ,സ്കോപ് ഫോര്‍ "പഞ്ചാര & പരദൂഷണം".നാട്ടിലെ സമാധാനം നിറഞ്ഞ സ്കൂളും,സ്റ്റാഫ് റൂമും ഓര്ത്തു പോയി.

മൂന്നു മണി കഴിഞ്ഞു ,ഡ്രൈവര്‍ വന്നു വിളിച്ചു.പോകാം.കാറ് പ്രതീക്ഷിച്ചു ചെന്നു.പക്ഷെ,കണ്ടത് ഒരു "മുട്ടന്‍ ബസ്സ്"!!! ശോ!! അയല്‍വാസി ചേച്ചി വരുന്നതു കാറിലാണല്ലോ???ഹൊ! ബസ്സെങ്കില്‍ ബസ്സ്...ഒന്നു വീട്ടിലെത്തിയാല്‍ മതി.അയ്യോടാ, ഇതില് ഇത്രമാത്രം ആളുണ്ടായിരുന്നോ?ഹസ്ബന്ടിനെ വിളിച്ചു ഡ്രൈവര്‍ക്ക് കൊടുത്തു.റൂട്ട് അറിയണമല്ലോ.മൂപ്പര് പറഞ്ഞ വഴിയിലൂടെയാണ് യാത്ര എങ്കില്‍ മൂന്നര കഴിയുമ്പോള്‍ ഞാന്‍ വീട് എത്തേണ്ടതാണ്.അതുകൊണ്ട് തന്നെ,എന്‍റെ സ്നേഹമയനായ ഹസ് ഇടക്കിടെ വിളിച്ചു കൊണ്ടിരുന്നു,എത്താരായില്ലേ?ഇതെന്താ എത്താത്തെ?ദോഹ മാത്രമല്ല,ഖത്തര്‍ മുഴുവന്‍ കറങ്ങി കൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ബസില്‍ ഭാര്യ യാത്ര ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് മൂപ്പര്‍ക്ക് അറിയില്ലല്ലോ..!! അങ്ങനെ രണ്ടര കൊല്ലമായി കാണാതെ ഇരുന്ന സ്ഥലങ്ങള്‍ എല്ലാം ഒറ്റദിവസം കൊണ്ടു കണ്ടുതീര്‍ത്തു.എന്നെ സമ്മതിക്കണം...


വീട്ടിലെത്തിയത് അഞ്ചു.പത്തിന് !!! മാത്രമല്ല,പിറ്റേ ദിവസം,എന്നെ എടുക്കാന്‍ വരുന്ന സമയം കേട്ട് ഞാന്‍ വല്ലാതായി.രാവിലെ അഞ്ചു.നാല്പതിന്... ഇതിന്,നാട്ടില്‍ ഞാനൊക്കെ "രാവിലെ" എന്ന് പറയാറില്ല."പുലര്‍ച്ചെ" എന്നാണു പറഞ്ഞിരുന്നത്.ആലോചിച്ചു എന്‍റെ സകല നാഡീവ്യൂഹങ്ങളും ഒപ്പം തളര്‍ന്നു.ആറര കഴിയാതെ മോള് എണീക്കില്ല.എല്ലാ വിധ പരീക്ഷണങ്ങളും,മുന്‍‌പേ നടത്തി നോക്കിയിട്ടുള്ളതാണ്. അത്കൊണ്ടു തന്നെ റെഗുലര്‍ സ്കൂളില്‍ ചെര്‍ത്തിയിട്ടും ഇല്ല.വെറും പ്ലേസ്കൂളില്‍.അവള് ഉറങ്ങട്ടെ,കളിക്കട്ടെ,വരക്കട്ടെ,കൂടെ പഠിച്ചോട്ടെ എന്നൊക്കെ വിചാരിച്ചാണ് പ്ലേസ്കൂളില്‍ വിട്ടത്.ഇപ്പോള്‍, അത് എനിക്ക് തന്നെ പാരയായി.എന്ത് ചെയ്യാം..


മോള്‍ എന്നെക്കാണാതെ എന്താക്കിയോ ആവോ?നേരെ ഓടിച്ചെന്നു പൂര്‍ണിമാ ദീതിയുടെ ഫ്ലാറ്റില്‍ ചെന്നു കോളിംഗ്ബെല്ലടിച്ചു.തൊട്ടടുത്ത ഫ്ലാറ്റിലെ പൂര്‍ണിമാ ദീതി ഡേകെയര്‍ നടത്തുന്നത് കൊണ്ടാണ്,ശരിക്കും ഞാന്‍ ജോലിക്ക് പോകാന്‍ തന്നെ തീരുമാനിച്ചത്.ദീതി വാതില്‍ തുറന്നു.കോഴിവസന്ത വന്ന കോഴിയെ പോലെ,അവള്‍ടെ ഇരിപ്പ് കണ്ടു എന്‍റെ ചങ്കൊന്നു പെടച്ചു.ദൈവമേ,ഇതെന്തു പറ്റി?പൂര്‍ണിമ ദീതി,വിശദീകരിച്ചു,പാല് കുടിപ്പിക്കാന്‍ പഠിച്ചപണി പതിനെട്ടു നോക്കിയിട്ടും പറ്റിയില്ലെന്ന്.കുട്ടികളുടെ കൂടെ കളിക്കാനും കൂടിയില്ല,ഉറങ്ങിയില്ല...കാരണം എന്താണെന്നോ,ഞാന്‍ ജോലിക്ക് പോകുമ്പോ അവളെ കൂടെ കൂട്ടിയില്ല എന്ന്.പോരെ? ഇതിലും കൂടുതല്‍ എന്ത് വേണം?സാധാരണ ദിവസങ്ങളില്‍ എന്നും വൈകിയിട്ടു അവിടെ അവള്‍ കളിക്കാന്‍ പോകാരുള്ളതാണ്.ഓടിക്കളിക്കാനും,തലകുത്തിമറിയാനും,അവരുടെ വീട്ടില്‍ നിന്നു എന്തെങ്കിലും സാപ്പിടാനും ഹിന്ദിയൊന്നും അറിയേണ്ട കാര്യം ഇല്ലല്ലോ. എത്ര വിളിച്ചാലും തിരിച്ചു വരാറേ ഇല്ല.വിളക്ക് വക്കാനും,നാമം ചൊല്ലാനും വേണ്ടി,വിളിക്കാന്‍ ചെന്നാല്‍ കോഴിയെ കൊല്ലാന്‍ ഓടിച്ചിട്ട്‌ പിടിക്കുന്നത്‌ പോലെ,നല്ല "എഫര്‍ട്ട് " എടുക്കണം.അതിനെ തുടര്‍ന്ന് ഒരു പത്തു-ഇരുപതു മിനിട്ട് വായ്പൂട്ടാതെയുള്ള കാതടപ്പിക്കുന്ന "സരിഗമ"കേള്‍ക്കാം.ഇതാണ് പതിവു പരിപാടി.ആ പെണ്ണാണ് ഈ മൌനവ്രതം ആചരിച്ചു ഇരിക്കുന്നത്,എന്ത് സല്‍സ്വഭാവിയായ സന്താനം!!



ഭര്‍ത്താവ് ഓഫീസില്‍ നിന്നും വന്നു ഞങ്ങള്‍ ഒരു നീളന്‍മേശ സമ്മേളനം തന്നെ നടത്തി.മോള്‍ടെ കൊച്ചുവെളുപ്പാന്‍കാലത്തെ പള്ളിയുറക്കം എന്‍റെ ജോലിക്കൊരു പാരയായി.ഒരു ബദല്‍ ട്രാന്സ്പോര്ടെഷന് അന്വേഷിച്ചു.ശരിയായില്ല. എനിക്ക് ശമ്പളം വാങ്ങേണ്ടി വരില്ല,പകരം ടാക്സി ഡ്രൈവെരോട് നേരിട്ടു എന്‍റെ ശമ്പളം വാങ്ങികോളാന്‍ പറയേണ്ടി വരുന്ന ഒരു അവസ്ഥ. അത്രയ്ക്കും "കത്തി" ചാര്‍ജ് ..അവസാനം ഭര്‍ത്താവ് മൊഴിഞ്ഞു,"നിനക്കു ജോലിക്ക് പോകാനുള്ള സമയം ആയിട്ടില്ല എന്ന് തോന്നുന്നു."


ഈ മനുഷ്യന്,അടുത്ത ജന്മം നൈറ്റ് ഡ്യൂട്ടിക്ക് മാത്രം പോകുന്ന ഒരു നഴ്സ്നെ ഭാര്യയായി കിട്ടണേന്നു മനസ്സുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടു,ഓഫീസിലെ തലമൂത്ത സാറമ്മാരെ വിളിച്ച്‌,ഞാന്‍ വരുന്നില്ലെന്ന് ഫോണ്‍ ചെയ്തു പറഞ്ഞു. പണ്ടാണെങ്കില്‍ ഒരു വിചാരിച്ച കാര്യം നടന്നില്ലെങ്കില്‍ വളരെ നല്ല രീതിയില്‍ മോങ്ങിയേനെ.ഇതിപ്പോ,ഈ പ്രായത്തില്‍ ആ നമ്പര് ചേരില്ലല്ലോ,അതുകൊണ്ട് നല്ല സ്റ്റൈലന്‍ മൊരിഞ്ഞ മസാലദോശ ഞാന്‍തന്നെ ഉണ്ടാക്കി,ഞാന്‍തന്നെ വെട്ടിവിഴുങ്ങി....കൂടെ ഓര്‍ത്തു,അന്യ നാട്ടില്‍ വന്നു കുട്ടികളെയും,ഭര്‍ത്താവിനെയും നോക്കി,വീട്ടു ജോലിയും കഴിഞ്ഞു ...പിന്നേ ഓഫീസില്‍ പോകുന്ന സ്ത്രീ രത്നങ്ങളെ സമ്മതിക്കണം....

Wednesday, June 25, 2008

അയ്യോ !!! ബൂലോകരേ ഓടിവരണേ....

എന്‍റെ ഒരു പോസ്റ്റ് സ്റ്റൈല്‍ ആയി ഒരുത്തന്‍ അടിച്ച് മാറ്റിയേ !!!! എല്ലാവരും ഒന്നു ഓടിവരണേ !!! അയ്യോ..എന്‍റെ ദൈവമേ!!! മാസം ഒന്നു ഇവിടെ നിന്നും മാറി നിന്നതെ ഉള്ളൂ..അതിനിടയില്‍ എന്‍റെ സമ്മതം കൂടാതെ എന്‍റെ പോസ്റ്റ്,ബ്ലോഗ് നെയിം അടക്കം അടിച്ച് മാറ്റി...പുനര്‍ പോസ്റ്റിങ്ങ്‌ നടത്തിയിരിക്കുന്നു ആ മഹാന്‍ !!!

യാരിദ്‌ ചേട്ടന്‍ പറഞ്ഞതു കൊണ്ടു മാത്രം ഞാന്‍ ഇതു അറിഞ്ഞു.എനിക്കിതു തന്നെ വരണം...കാരണം, സ്കൂളില്‍ പോണ്ടാന്ന് വാശി പിടിച്ചു കരഞ്ഞ എന്റെ വാവയെ, അത് മൈന്‍ഡ് ചെയ്യാതെ നിര്‍ബന്ധിച്ചു സ്കൂള്‍ ബസില്‍ കയറ്റി വിട്ടിട്ടാണ് ഈ ബ്ലോഗ് കുത്തിപ്പിടിച്ചു ഇരുന്നു എഴുതിയത്.അവളുടെ ഒരു "കുഞ്ഞി പ്രാക്ക്" എനിക്ക് ഏറ്റു കാണും തീര്‍ച്ച.


നാട്ടില്‍ വച്ചു “മാതൃഭൂമിയില്‍ “ വായിച്ചു,ഇഞ്ചി പെണ്ണിനും,സജിക്കും മറ്റു പലര്ക്കും സംഭവിച്ചത്. പലരും എല്ലാം അടിച്ച് മാറ്റിയതും,അശ്ലീലം എഴുതിയതും എല്ലാം വായിച്ചു.പക്ഷെ,നാട്ടില്‍ ആര്‍മാദിച്ചു നടക്കുന്നതിന്‍റെ തിരക്കിനിടയില്‍ പ്രതികരിച്ചു ഒരു കമന്‍റ് പോലും എഴുതിയില്ല. എല്ലാം വായിച്ചു വിട്ടു. മുകളിലിരിക്കുന്നവന്‍ വിചാരിച്ചു കാണും,ഇവളെന്താ പ്രതികരിക്കാതിരുന്നത് എന്ന്... അത് കൊണ്ടു തന്നെ എന്‍റെ പോസ്റ്റ് അടിച്ച് മാറ്റാന്‍ മൂപ്പരും കൂട്ട് നിന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. എന്നാലും എന്നോടീ ചതി ചെയ്യും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.


നാട്ടില്‍ നിന്നും വന്നു പെട്ടി വച്ചതേയുള്ളൂ.വീട് അടുക്കിപ്പെറുക്കി വയ്ക്കുന്നതിനു മുന്‍പ്തന്നെ ആക്രാന്തം മൂത്ത് ബ്ലോഗ് തപ്പി വന്നതാണ്, യാരിദ്‌ ചേട്ടന്‍ പറഞ്ഞപ്പോഴാണ് ഞാനും ആ കാര്യം ശ്രദ്ധിച്ചത്.ഒരു പാവം സുമോദ് എന്‍റെ "ഒര്കുടിലെ കള്ളനാണയം " എന്ന പോസ്റ്റ് അടിച്ച് മാറ്റിയിരിക്കുന്നു.ദാ ഇതു കണ്ടോ?.....എന്‍റെ ബ്ലോഗ് നെയിം അടക്കം മൂപ്പര് കിളച്ചു പറിച്ചോണ്ട് പോയി,ഇപ്പോള്‍ മൂപ്പര് അത് അക്സസ്സ് ചെയ്യുന്നത് റെസ്ട്രിക്ട് ചെയ്തിരിക്കുന്നു.കാരണം അന്വേഷിച്ചു തേടിപ്പിടിച്ചു ഒരു മെസ്സേജ് അയച്ച എനിക്ക് ഇങ്ങനെ ഒരു മറുപടി വന്നു."സോറി,ഇനി ചെയ്യില്ല.ഒരു നല്ല കാര്യമാണെന്ന് കരുതി ചെയ്തതാണ്" എന്ന്. മൂപ്പര് എന്താണ് ഉദേശിച്ചത്‌ എന്ന് മനസ്സിലായില്ല.


ഭാഗ്യം !!! എന്നെ തെറി വിളിച്ചു മറുപടി അയച്ചില്ലല്ലോ..അതില്‍ ഞാന്‍ സുമോദ് നോട് കടപ്പെട്ടിരിക്കുന്നു.മാത്രമല്ല മൂപ്പര് ആ ലിങ്ക് ഇപ്പോള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.ബൂലോകത്തിലെ മൊത്തം ബ്ലോഗ്ഗുകള്‍ അടിച്ച് മാറ്റുകയും,ചിലരുടെ പേരില്‍ അശ്ലീലം എഴുതി നിറക്കുകയും ചെയ്തത് വച്ചു നോക്കുമ്പോള്‍ എന്‍റെ ഈ കൊച്ചു പോസ്റ്റ് മോഷണം പോയത് ഒരു കാര്യമേയല്ല ...അല്ലെ?മോഷണം എന്നെ കൈയോടെ അറിയിച്ചതിനും,സുമോദ് നോട് കാര്യം അന്വേഷിക്കാന്‍ കൂടെ വന്നതിനും യാരിദ്‌ ചേട്ടനോട് "സ്പെഷ്യല്‍ താങ്ക്സ്‌"

Saturday, May 17, 2008

ഞാനും പോകുന്നു,നാട്ടിലേയ്ക്ക് ............


അങ്ങനെ അഞ്ചു മാസത്തിനു ശേഷം ഞാന്‍ വീണ്ടും നാട്ടിലേക്ക് പോകുന്നു...
ഒരുപാടുണ്ട് ചെയ്യാന്‍..
അമ്മയുടെ കൂടെ ഉറങ്ങണം,
ദൈവങ്ങളെ നേരില്‍ കാണണം,
അച്ഛനു ശ്രാദ്ധം ഊട്ടണം ,
ഫ്രണ്ട്സ് നെ കാണണം,
അണിഞ്ഞൊരുങ്ങി പോകാന്‍ കല്യാണമുണ്ട്,
സദ്യ ഉണ്ണണം,പാലട കുടിക്കണം,
വേനല്‍ക്കാലം തീരും മുന്പേ ചക്കയും മാങ്ങയും ഒക്കെ തിന്നണം,
എനിക്കെന്റെ, തോട്ടരുകിലെ വീട്ടിലെത്താന്‍ കൊതിയായി...

എനിക്ക് കിട്ടിയ ബാല്യമൊന്നും എന്റെ കുഞ്ഞിനു കിട്ടില്ല.അതെനിക്കു നന്നായറിയാം... എങ്കിലും,നാട്ടിലെ വേനല്‍ ചൂടും,ജൂണിലെ തോരാത്ത മഴയും എന്‍റെ മോള് കാണട്ടെ..പുതുമഴയ്ക്ക്,മണ്ണിന്‍റെ മണം ഉണ്ടെന്നു ഈ മരുഭൂമിയില്‍ കിടക്കുന്ന അവള്‍ക്ക്‌ അറിയില്ലല്ലോ..!!!

നമ്മുടെ നാട്ടിലെ കാക്കയെയും,പൂച്ചയേയും, തുമ്പിയെയും, പൂമ്പാറ്റയേയും, ഒച്ചിനെയും, തേരട്ടയെയും, ഞ്ഞണ്ടിനെയും, പാമ്പിനെയും, തവളയെയും, നനചീരുകളെയും, പശുവിനെയും,ആടിനെയും ഒക്കെ കാണട്ടെ..ദോഹയിലെ രാത്രികള്‍ക്ക് ഒരിക്കലും ഇരുട്ടിന്റെ കറുപ്പില്ല.എല്ലാ ലൈറ്റ്കളും ഒന്നിച്ചു തെളിയിച്ചു ഇരുട്ടിനെ പകലാക്കുന്ന ഈ നാട്ടില്‍ ജീവിക്കുന്ന എന്‍റെ കുഞ്ഞ്‌,നമ്മുടെ നാട്ടിലെ കണ്ണില്‍ കുത്തിയാല്‍ കാണാത്ത ഇരുട്ടും,പേടിയും ഒക്കെ കണ്ടു നേരില്‍ അനുഭവിക്കട്ടെ..!!!!

മുറ്റത്ത്‌ ഓടിക്കളിക്കട്ടെ,മണ്ണ് മാന്തട്ടെ..ഇവിടെ ഫ്ലാടിനെവിടെ മുറ്റം? മുറ്റതെവിടെ മണ്ണ്?അമ്പലത്തില്‍ പോയി തീര്‍ത്ഥം കുടിക്കണം ,ചന്ദനം തൊടീക്കണം, തൃമധുരം കഴിക്കണം,ആനയെ കാണിക്കണം.... ഭാണ്ടാരത്തില്‍ നാണയതുട്ടു വീഴുന്ന ഒച്ച കേട്ടു എനിക്കൊപ്പം എന്‍റെ കുഞ്ഞിന്‍റെ മനസ്സും നിറയട്ടെ..

അപ്പോള്‍ ഒരു മാസത്തേക്ക് ബ്ലോഗിങ്ങ്നു അവധി.തിരിച്ചു വന്നു ബാക്കി വിശേഷം...നേരില്‍ ..!!

Tuesday, May 13, 2008

ഓര്‍കുട്ടിലെ ഒരു കള്ളനാണയം



ഈ വിവരണത്തില്‍ പറഞ്ഞിരിക്കുന്ന സംഭവം തികച്ചും ഒരു സാങ്കല്പികം മാത്രമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല.കാരണം, അത് ശരിക്കും സംഭവിച്ചതാണ്.ഇതില്‍ പറയുന്ന ആളുകള്‍ ശരിക്കും ജീവിച്ചിരിപ്പുണ്ട്‌. പക്ഷെ, എനിക്ക് എന്‍റെ ശരീരത്തിനു അംഗവൈകല്യം വരുത്താന്‍ താത്പര്യം ഇല്ലാത്തതു കൊണ്ടു ചില ചില്ലറ സൂത്രപണികള്‍ നടത്തിയിട്ടുണ്ട്. അതായത്,പേരുകള്‍ മാറ്റിയിട്ടുണ്ട്. ഇതു ഇവിടെ ദോഹയില്‍ വച്ചു നടന്ന സംഭവം....പിന്നെ പറഞ്ഞു കേട്ടതായത് കൊണ്ടു ഇതില്‍ എത്രമാത്രം വള്ളി, പുള്ളി, എരിവ്, പുളി, മസാലകള്‍ ചേര്‍ന്നിട്ടുണ്ട് എന്നെനിക്കറിയില്ല. ഇതു നടന്ന സംഭവമാണ്. അത് സത്യം മാത്രം എനിക്കറിയാം, ഈ പോസ്റ്റ് വായിച്ചു എന്നെ പിച്ചികീറാന്‍ തോന്നുന്നവര്‍ ഉണ്ടാകും.എന്നാലും എനിക്ക് പറയാനുള്ളത് പറയട്ടെ..... ഓര്‍കുട്ടിലൂടെ പരിചയപ്പെട്ടു കൊലപാതകം വരെ നടത്തിയവര്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട്‌...!!! അപ്പോള്‍,പിന്നെ ഇതൊരു സംഭവമേ അല്ല..


സംഭവം തുടങ്ങുന്നതിങ്ങനെ : രഹന കെട്ട്യോനും,കുട്ട്യോളും ഓഫീസിലും,സ്കൂളിലും പോയപ്പോള്‍ വീട്ടു ജോലികള്‍ കഴിഞ്ഞു പതിവു സമയം കൊല്ലലിലേക്ക് കടക്കുന്നു. ഓര്‍കുട്ടിംഗ്, ചാറ്റിംഗ്, മെയിലിംഗ്...എന്നിവ തകൃതിയായി നടക്കുന്നു. അല്ലാതെ ഇവിടെ ദോഹയില്‍ പറമ്പില്‍ പോയി തെങ്ങിന് വെള്ളമൊഴിക്കാനോ, വാഴയ്ക്ക് പുതിയ കൂമ്പ്‌ വന്നോ എന്നൊന്നും നോക്കാന്‍ പറ്റില്ലല്ലോ..ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്തപ്പോള്‍ പുതിയ ഒരു "ഫ്രണ്ട് റിക്വസ്റ്റ് ". ഒരു ഗോപു...പ്രൊഫൈല്‍ വിശദമായി പഠിച്ചു. ഇല്ല, ഒരു രക്ഷയും ഇല്ല. ഒരു പിടിയും കിട്ടുന്നില്ല. സ്ക്രാപ്പ് ബുക്ക് തുറന്നപ്പോള്‍ ഒരു സ്ക്രാപ്പും. "ഓയ്,ചേച്ചി..ഞാനും ദോഹയില്‍ എത്തിയ ഒരു എറണാകുളംകാരനാണെ. ഫ്രണ്ട്സ് ലിസ്റ്റില്‍ ഒന്നു ആഡ് ചെയ്യണേ.. ഞാനൊരു പാവം അനിയന്‍.." വെറുതെയെന്തിനു പുലിവാല് പിടിക്കണം?ഉടനെ മറുപടി കൊടുത്തു."പരിചയം ഇല്ലാത്തവരെ എന്തിന് ആഡ് ചെയ്യണം? പോയി പണിനോക്കൂ മാഷേ"..ആ സ്ക്രാപ്പ് പോസ്റ്റ് ചെയ്ത ഉടന്‍ അവിടെ നിന്നും അടുത്ത റിപ്ലെ "എനിക്കും,അമ്മേം പെങ്ങളും ഒക്കെ ഉണ്ട്. അല്ലാതെ മാനത്ത്‌ നിന്നും പൊട്ടി വീണതൊന്നും അല്ല." അതില്‍ രഹ്ന വീഴുന്നു. ഇവന്‍ ആള് കൊള്ളാമല്ലോ.. ഫ്രണ്ട്സ് ലിസ്റ്റില്‍ ആഡ് ചെയ്യുന്നു.


എന്നും രാവിലെ രസകരമായ സ്ക്രാപ്പ് കണികള്‍. ശരിക്കും ഒരു സുഹൃത്ത്ബന്ധം ക്രമേണ ശക്തിപ്പെട്ടു. അതോ,ഒരു സഹോദര ബന്ധമോ?"ചേച്ചി" എന്ന് വിളിക്കുമ്പോള്‍ തന്നെ രണ്ടു ബക്കറ്റ് തേന്‍ മഴ!!ചേച്ചിക്കും അങ്ങനെ തന്നെ.ചുരുക്കി പറഞ്ഞാല്‍ രണ്ടുപേരും നല്ല ക്ലോസ് ഫ്രണ്ട്സ് ആയി. തമ്മില്‍ കണ്ടിട്ടില്ലെങ്കിലും ആത്മാര്‍ത്ഥത മുന്നിട്ടു മുഴച്ചു നിന്നു. വീട്ടിലെ കറി മുതല്‍ തലേ ദിവസം കണ്ട സിനിമ വരെ സ്ക്രാപ്പ്നു വിഷയങ്ങളായി. ചേച്ചിയുടെ കുട്ടികളെ സ്നേഹിക്കാനും, അവരുടെ കുസൃതികള്‍ അന്വേഷിക്കാനും ഗോപു കാണിച്ച ഒരു ശുഷ്കാന്തി!!! ഇടയ്ക്ക് ഗോപുവിന്റെ ഒരു ടെസ്ടിമോണിയലും!!!! "എന്‍റെ പ്രിയപ്പെട്ട ചേച്ചിക്ക് പിറക്കാതെ പോയ അനിയന്‍".... അതുകണ്ട്‌ രഹന യുടെ കണ്ണും,മനസ്സും ഒപ്പം നിറഞ്ഞു. അഭിമാനത്തോടെ ഭര്‍ത്താവ് ബഷീര്‍ ഇക്കയ്ക്ക് കാണിച്ചു കൊടുത്തു. ബഷീര്‍ മൊഴിഞ്ഞു."ചെക്കന്‍ നല്ല വാചക കസര്‍ത്ത് ആണല്ലോ..

"അതിനിടയില്‍ രഹ്നയുടെ മോന്റെ പിറന്നാള്‍ വരുന്നു. വീടും,അഡ്രസ്സും കൃത്യമായി പറഞ്ഞു കൊടുത്തുകൊണ്ട്‌ ബഷീര്‍ ഇക്കയുടെ സമ്മതത്തോടെ ഗോപു വിനെ പിറന്നാളിന് ക്ഷണിക്കുന്നു. "വരണം"."ഇല്ല, ഞാന്‍ വരില്ല. ഇങ്ങനെ നിങ്ങളുടെ കാണാമറയത് ഇരിക്കുന്ന അനിയനായാല്‍ മതി". ഒരു ഫോട്ടോ ഇടാത്തത് എന്താ? രഹന ചോദിച്ചു."ഈ പെണ്‍കുട്ടികളെ കൊണ്ടുള്ള ശല്യം. ഫോട്ടോ കണ്ടു അവരൊന്നും പുറകെന്നു മാറുന്നില്ല. " ഇതുകേട്ടു രഹന ചിരിച്ചു കുത്തി മറിഞ്ഞു. ഗോപു അവന്റെ ഫോട്ടോയ്ക്ക്‌ പകരം രജനീകാന്ത്ന്‍റെ ഫോട്ടോയും മറ്റും മാറി മാറി ഇട്ടു തുടങ്ങി... പ്രൊഫൈല്‍ നെയിം എന്നും സ്ഥിതി ഗതി,കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചു മാറ്റുന്നു.ചേച്ചി ചോദിച്ചപ്പോള്‍ പറഞ്ഞു, അതൊക്കെ ഒരു സ്റ്റൈല്‍ അല്ലെ, ചേച്ചീ. അങ്ങനെ ഗോപു പലപ്പോഴും സ്റ്റൈല്‍ മന്നനും, സൂപ്പര്‍സ്റ്റാറും  ഒക്കെയായി ഓര്‍ക്കുട്ടില്‍ വിലസി..

ഒരുദിവസം രാത്രി പതിവില്ലാത്ത സമയത്തു രഹ്നയെ ഓണ്‍ ലൈനില്‍ കണ്ടപ്പോള്‍ ഗോപു ചോദിച്ചു.."ഇതെന്തു പറ്റി, ഈ സമയത്തു ഓണ്‍ലൈന്‍ വരാറില്ലല്ലോ..?".. "ബഷീര്‍ ഇക്ക മസ്കറ്റില്‍ പോയിരിക്കുന്നു. ഒരു ഒഫീഷ്യല്‍ ട്രിപ്പ്‌. നാളെ കഴിഞ്ഞേ എത്തൂ."അവന്‍ തിരിച്ചു മൊഴിഞ്ഞു."ഓക്കേ,ബൈ ചേച്ചീ..പിന്നെ കാണാം." അര മണിക്കൂര്‍ കഴിഞ്ഞില്ല. അതിന് മുന്പേ രഹ്നയുടെ ഡോര്‍ ബെല്ലടിച്ച ശബ്ദം. ഗ്രോസറിയില്‍ നിന്നു സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടായിരുന്നത് കൊണ്ടു സംശയം തോന്നിയില്ല.വാതില്‍ തുറക്കുന്നു. പല്ലു കാട്ടിചിരിച്ചു കൊണ്ടു ഒരു അപരിചിതന്‍!!! സംശയിച്ചു നില്‍ക്കുമ്പോള്‍ അയാള്‍ തന്നെ പരിചയപ്പെടുത്തി."മനസ്സിലായില്ലേ..ഞാനാ ഗോപു"."ഗോപു" ... രഹ്ന കുറച്ചു നേരം ആശയകുഴപ്പത്തിലായി. അവന്‍ തന്നെ സംശയം തീര്‍ത്തു."ചേച്ചീ...ഞാന്‍ ഓർക്കുട്ടിലെ  ഗോപു".."ഓഹോ..നീയോ? വാ കടന്നിരിക്ക്. ഞാന്‍ വിചാരിച്ചു, ഗ്രോസറി ബോയ്‌ ആയിരിക്കും എന്ന്. കുട്ടികളെ കാണണ്ടേ?". ഷംനയെയും അക്കുവിനെയും വിളിച്ചു മാമനെ കാണിക്കുന്ന തിരക്കില്‍ നമ്മുടെ ഗോപു, സ്നേഹം കാണിക്കുന്ന അനിയനില്‍ നിന്നും രൂപാന്തരം പ്രാപിച്ചു ഒരു വില്ലനിലേക്ക് എത്തിയിരുന്നു. അവന്‍,രഹ്നയെ എവിടെയോ കയറി പിടിച്ചു !!!! രഹ്ന പക്ഷെ, പിറക്കാതെ പോയ അനിയനില്‍ നിന്നും ഇതു തീരെ പ്രതീക്ഷിച്ചില്ലല്ലോ. കുട്ടികള്‍ പേടിക്കുന്നു, രഹ്ന ഞെട്ടിതെറിക്കുന്നു, കാര്യങ്ങള്‍ വഷളാകുന്നു.പ്രതികരണം അയൽ ഫ്ലാറ്റുകളില്‍ കേള്‍ക്കുന്നു. അയല്‍ ഫ്ലാറ്റുകളില്‍ നിന്നും ആളുകള്‍ ഓടിയെത്തി കാരണം അന്വേഷിക്കുന്നു.


രക്ഷപ്പെടാനായി ഗോപു പറയുന്നു,"ഇക്ക ഇല്ലാത്തോണ്ട് രഹ്ന ചേച്ചി വിളിച്ചിട്ട് വരാന്‍ പറഞ്ഞു! അങ്ങനെ വന്നതാണ്".... അന്ന് രഹ്ന ഉറപ്പിച്ചു, ഭൂമി കറങ്ങുന്നത് അതിവേഗത്തില്‍ തന്നെ എന്ന്. തന്‍റെ നിരപരാധിത്വം വെളിപ്പെടുതുന്നതിനു പലതും പറഞ്ഞു നോക്കുന്നു. അയല്‍ക്കാര്‍ എന്ത് വിശ്വസിക്കും? ഓര്‍കുട്ടില്‍നിന്നും പരിചയപ്പെട്ട "ഒരുത്തന്‍" വീട്ടില്‍ വന്നു,"മിസ്‌ബിഹെവ്" ചെയ്തു എന്ന ഒരു കാര്യം അവര്ക്കു തൊണ്ട തൊടാതെ വിഴുങ്ങാനായില്ല. അവര്‍ ബഷീറിന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുന്നു. തുടര്‍ നടപടികള്‍ക്കായി ശ്രമം തുടരുന്നു.

പരാതി പോലീസ് സ്റ്റേഷന്‍ വരെ എത്തുന്നു. ഫ്ലാറ്റിലെ സെക്യൂരിറ്റിയാണ് പോലീസ് നെ അറിയിച്ചത്. എന്തായാലും ബഷീര്‍ ഇക്ക വരാതെ ഒന്നും നടക്കില്ലെന്ന അവസ്ഥ. ഒരു സുഹൃത്ത് മസ്കറ്റില്കു വിളിക്കുന്നു." ഡാ , ബഷീറേ, നീയൊന്നു വേഗം വന്നേ !!!...കിട്ടുന്ന ഫ്ലൈറ്റ് പിടിച്ചു പോരെ, ഇവിടൊരു സംഭവം നടന്നു. നിന്‍റെ ഭാര്യയേയും ,ഒരു ചെക്കനേയും നിങ്ങള്‍ടെ ഫ്ലാറ്റില്‍ നിന്നു പിടിച്ചു !!! അയല്‍ക്കാരാ ഞങ്ങളെ അറിയിച്ചത്". എന്തായിരിക്കും ബഷീര്‍ ഇക്കയുടെ അവസ്ഥ എന്ന് പറയേണ്ടതില്ലല്ലോ....!!! മൂപ്പര് ഒരുകണക്കിന് ഏന്തി, വലിഞ്ഞു ഭാര്യയുടെ "ദുര്നടപ്പിനെ" പറ്റി ചിന്തിച്ചു സ്ഥലത്തെത്തി.

ഇനി പോലീസ് സ്റ്റേഷനിലെ കാഴ്ച : പറഞ്ഞു കേട്ടതായത് കൊണ്ടു അലങ്കാര പണികളൊക്കെ നടത്തി ഒന്നും കൂട്ടി എഴുതാന്‍ നിര്‍വാഹം ഇല്ല. വളരെ ചുരുക്കി പറയാം. ഖത്തര്‍ പോലീസിനു കാര്യം അറിഞ്ഞു പുച്ഛം!! എന്തുകൊണ്ട് ഇങ്ങനെ പെരുമാറി എന്ന ചോദ്യത്തിന് ഗോപുവിന്റെ ഉത്തരം ഇങ്ങനെ: "ഓ,അല്ലേലും എനിക്ക് പ്രായത്തില്‍ മൂത്തവരോടാ "ക്രേസ്". ഞാന്‍ സ്ക്രാപ്പ് ഇട്ടില്ലെങ്കിലും ഈ ചേച്ചി ഗുഡ്മോര്‍ണിഗ് പറഞ്ഞു ഇങ്ങോട്ട് മുട്ടാന്‍ വരാറുണ്ടല്ലോ"..രഹ്ന ഇതു കേട്ട്‌ നെറുകയില്‍ കൈ വച്ചു. ബഷീര്‍ നെഞ്ചത്തും. ബഷീറിന്റെ കൂട്ടുകാര്‍ മൂക്കത്ത്‌ വിരല്‍ വച്ചു.


കരച്ചില്‍, പിഴിച്ചില്‍, തെറി വിളി...എല്ലാം മുറയ്ക്ക് നടന്നു. ഗോപുവിന്റെ ബന്ധുക്കളില്‍ ചിലര്‍ ദോഹയില്‍ ഉണ്ടായിരുന്നു.അവര്‍ സാമാന്യം നന്നായി മുറുക്കെ തന്നെ ബഷീര്‍ ഇക്കയുടെ കാല് പിടിച്ചത് കൊണ്ടു സംഭവം "കോംബ്രമൈസ്  ടോക്ക്" ഇല്‍ ഒതുക്കി. വീട്ടില്‍ തിരിച്ചെത്തി എന്ത് സംഭവിചിരിക്കും എന്ന് നമുക്കു നമ്മുടെ ഭാവനാ സമ്പത്ത് പോലെ ഊഹിച്ചെടുക്കാം. തല്‍ക്കാലം,ഭാര്യയുടെ ദുര്നടപ്പ് നിമിത്തം ബഷീറിക്ക, ഒന്നു പുറത്തു ഇറങ്ങണം എങ്കില്‍, സാമാന്യം നല്ല വീതിയും നീളവും ഉള്ള ഒരു തോര്‍ത്ത് മുണ്ട് തലയില്‍ ഇടേണ്ടി വന്നു. രഹ്ന ഓര്‍ക്കുട്ട് അക്കൌണ്ട് തന്നെ ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിതയായി. ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ തന്നെ ഓര്‍ക്കുട്ട് തുറന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ ഗോപുവിന്റെ സ്ക്രാപ്പ് "ചേച്ചി,ഗുഡ്മോര്‍നിംഗ്.എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍?" !!!! എങ്ങനെയുണ്ട് അനിയന്റെ സ്നേഹം? മറുനാട്ടില്‍ എന്നും മലയാളിക്ക്‌ പാര മലയാളി തന്നെ എന്ന സത്യവും കൂടെ  ഇതിലൂടെ  ഊട്ടി ഉറപ്പിക്കാം….

ഇനി ഇവിടെ എന്‍റെ വീട്ടില്‍ നടന്നത് :  പിറ്റേ ദിവസം തന്നെ എന്‍റെ ഫ്രണ്ട്സ് ലിസ്റ്റില്‍ ഞാനും ഒരു ശുദ്ധികലശം നടത്തി. അങ്ങനെ ഞാന്‍‌ വലിയ ഹൃദയ വേദനയോടെ ഓര്‍ക്കുട്ടില്‍ നിന്നും കിട്ടിയ അഞ്ചു - ആറു പേരെ ഔട്ട് ആക്കി.കാരണം മറ്റൊരു രഹനയാവാന്‍ ഞാനും  ആഗ്രഹിക്കുന്നില്ല. ഒരു ഭര്‍ത്താവും കേള്‍ക്കാന്‍ പാടില്ലാത്ത കാര്യം പോലീസ് സ്‌റ്റേഷനില്‍ വച്ചു - അതും കൂട്ടുകാരുടെ മുന്നില്‍ വച്ചു മൂപ്പരെ കേള്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മുന്‍ പരിചയവും,അതിന്‍റെ സര്‍ട്ടിഫിക്കറ്റ്‌ വേരിഫിക്കേഷന്‍ എല്ലാം കഴിഞ്ഞേ ഞാന്‍ ഇപ്പോള്‍ ഓര്‍കുട്ടില്‍ ഫ്രണ്ട്സ് ആയി ആളെ എടുക്കുന്നുള്ളൂ.അങ്ങനെ ഞാനും നന്നായി.





Thursday, May 8, 2008

സഹാബ്ലോഗ്ഗെര്‍ക്ക് അന്ത്യാഞ്ജലി


ഫോണിലൂടെ കേട്ട ഭര്‍ത്താവിന്റെ ശബ്ദത്തില്‍ എന്തോ പന്തികേട്‌ !!! "എന്താ,പറയൂ.." ഞാന്‍ ചോദിച്ചു.." അത് പിന്നെ,നല്ല വാര്‍ത്തയല്ല..നമ്മുടെ മനുവേട്ടന്‍ പോയി.."മൂപ്പര് പറഞ്ഞു."അതെ,വിനി ചേച്ചി പറഞ്ഞിരുന്നു..മനുവേട്ടന്‍ വ്യാഴാഴ്ച നാട്ടില്‍ പോകും എന്ന്.." ഞാന്‍ പറഞ്ഞു.."അല്ല,ആള് മരിച്ചു.അതൊരു ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു.നാട്ടില്‍ വച്ചു മരിച്ചു"...മൂപ്പര് വീണ്ടും ഒരു വിധം പറഞ്ഞൊപ്പിച്ചു."എന്താ,വെറുതെ നുണ പറയല്ലേ.."ഞാന്‍ വിശ്വസിക്കാനാകാതെ പറഞ്ഞു.."ഇതു നുണ പറയാന്‍ പറ്റുന്ന കാര്യമാണോ?" എന്നോട് ദേഷ്യപ്പെട്ടു............................................ അതെ..മനുവേട്ടന്‍ പോയി..!! അത് ഇനി വിശ്വസിച്ചേ പറ്റൂ..എനിക്കിതു വിശ്വസിക്കാന്‍ വയ്യെങ്കില്‍ മനുവേട്ടന്റെ ഭാര്യ വിനിചേച്ചിയുടെ അവസ്ഥ..??? വിനി ചേച്ചിയും കുട്ടികളും ദോഹയില്‍ തന്നെ ഉണ്ട്..
ഭര്‍ത്താവ് എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു " എനിക്ക് വിനി ചേച്ചിയെ കാണണം"..അപ്പോള്‍,അദ്ദേഹം പറഞ്ഞു..."അതെങ്ങനെ പറ്റും? അവരോട് കാര്യം പറഞ്ഞിട്ടില്ല.ചെസ്റ്റ് പെയിന്‍ വന്നിട്ട് ഹോസ്പിറ്റലില്‍ അഡമിറ്റ്‌ ചെയ്തിരിക്കുന്നു എന്ന് മാത്രമെ പറഞ്ഞിട്ടുള്ളൂ.ഇനി,നമ്മള്‍ അവിടെ ചെന്നു വെറുതെ അഭിനയിക്കാനായി പോണ്ടേ?"...."പോണം, എനിക്ക് വിനി ചേച്ചിയെ കണ്ടേ പറ്റൂ.."
മനുവേട്ടന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്ന ആ ഫ്ലാറ്റില്‍ ചെന്നു കയറുമ്പോള്‍ ഉള്ളില്‍ പറഞ്ഞറിയിക്കാനാകാത്ത വികാരം ആയിരുന്നു.എന്തായിരിക്കും അവിടത്തെ അവസ്ഥ എന്ന്....കണ്ടയുടന്‍ അലറികരഞ്ഞുകൊണ്ട് വിനി ചേച്ചി പറഞ്ഞു, "എന്‍റെ മനുചേട്ടന്‍ എന്നെ വിട്ടു പോയ്കൊണ്ടിരിക്കുകയാ സ്മിതാ,പിടിച്ചിട്ടു കിട്ടുന്നില്ലെന്ന് പറയുന്നു.ഞാനെന്താ ചെയ്യാ? എനിക്ക് പേടിയാകുന്നു.എനിക്കെന്‍റെ മനുചേട്ടനെ തരണേ ഗുരുവായൂരപ്പാ..!!!"എന്ത് പറയണം എന്നറിയാതെ നിന്ന ഞാന്‍ കുട്ടികളെ കണ്ടു അമ്പരന്നു.അവര്‍ അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥനയിലാണ്.പൂജാ മുറിയില്‍ വിളക്ക് വച്ചു,മണിയടിച്ചു,എത്തമിട്ടു ,നാമങ്ങള്‍ ചൊല്ലി അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥക്കുന്നു.നാലിലും,ഒന്നിലും പഠിക്കുന്ന കുട്ടികള്‍ ഇതില്‍ കൂടുതലായി എന്ത് ചെയ്യാന്‍?
ഇതിനിടയില്‍,അധികം ആരെയും അറിയിക്കാതെ കൂടെ ഉള്ള സുഹൃത്തുക്കള്‍ ഫ്ലൈറ്റ് ടിക്കറ്റ് ബുകിംഗ്,പാകിംഗ് എല്ലാം ശരവേഗത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നു. മനുവേട്ടന്‍ ഇപ്പോഴും ഹോസ്പിറ്റലില്‍ സുഖമില്ലാതെ കിടക്കുകയാണ്,ആ ശരീരത്തില്‍ ജീവന്‍റെ തുടിപ്പ് ഇപ്പോഴും ബാക്കി നില്‍ക്കുന്നു എന്ന പ്രതീക്ഷയില്‍ ഓരോ അഞ്ചു മിനിട്ടു കൂടുമ്പോഴും വിനി ചേച്ചി നാട്ടിലേക്ക് വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുന്നു."അച്ഛാ ഇപ്പോള്‍ എങ്ങനെയുണ്ട്?അമ്മേ, എനിക്ക് എന്‍റെ മനുചേട്ടനെ വേണം.ഡോക്ടറോട് എന്തെങ്കിലും ചെയ്യാന്‍ പറയൂ പ്ലീസ്." സ്വന്തം മകള്‍ വിധവയായെന്നു അവര്ക്കു പറയാന്‍ കഴിയില്ലല്ലോ...പക്ഷെ,പറയാതിരിക്കുന്നത്‌ എങ്ങനെ?വാസ്തവത്തെ അന്ഗീകരിച്ചല്ലേ പറ്റൂ...അമ്മ പറഞ്ഞു"വിനീ,നീയെന്തും നേരിടാന്‍ തയ്യാറായി വരണം"... ആ വാചകത്തില്‍ എന്തോ പന്തികേട്‌ മണത്ത വിനിചേച്ചി എഴുന്നേറ്റു ,എന്‍റെ മനു ചേട്ടന്‍റെ ഹെയര്‍ ബ്രഷ്,വാച്ച്,ഷര്‍ട്ട് ....ഇങ്ങനെ പറഞ്ഞു ഓരോന്ന് പെറുക്കി എടുക്കുമ്പോഴും ഇതി കര്‍ത്താവ്യാ മൂഡരായി ഞങ്ങള്‍ അരികില്‍ നിന്നു.


കരച്ചിലിന്റെയും,പ്രാര്ത്ഥനയുടെയും നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫ്ലൈറ്റ്നു സമയം ആയി.വിനി ചേച്ചി ഒരുങ്ങിയിറങ്ങുന്നു.സാധാരണ കാണാറുള്ളതിനേക്കാള്‍ കൂടുതല്‍ സിന്ദൂരം , സീമന്തരേഖയില്‍ അണിഞ്ഞിരിക്കുന്നു.മനുവേട്ടന് വേണ്ടി ,ഇതു അവസാനത്തെ സിന്ദൂരം അണിയല്‍ ആണ് എന്ന് അറിയാതെ തന്നെ !!! മരണത്തെ നേരിടാനുള്ള യാത്ര !! അതിന് ഏറ്റവും ഭീകരമായ മുഖവും ഉണ്ട്.എവിടെയോ ഒരു നെഞ്ചിടിപ്പ് തന്‍റെ തന്‍റെ പ്രിയതമനില്‍ അവശേഷിക്കുന്നു എന്ന വിശ്വാസത്തില്‍ ആ അമ്മ, മക്കളെയും ചേര്ത്തു പിടിച്ചു വിമാനം കയറി.പ്രവാസികളുടെ ജീവിത ദുരന്തങ്ങളില്‍ ഒന്നു മാത്രം ഇത്.മോഹിച്ചു വാങ്ങിയ എല്‍.സി.ഡി - ടി.വി.യും, ഓരോ തവണ വാങ്ങിക്കൂട്ടിയ പല വിലപ്പെട്ട വീട്ടുപകരണങ്ങളും,ഫര്‍ണിച്ചര്‍കളും ആ വീട്ടില്‍ അവശേഷിപ്പിച്ചു കൊണ്ടു അവര്‍ യാത്രയായി.

വെറും രണ്ടു കൊല്ലം മുമ്പു പരിചയപ്പെട്ട മനുവേട്ടന്‍ !!ആദ്യം കണ്ടപ്പോള്‍ തോന്നി - "ഒരു ജാഡയുള്ള മനുഷ്യന്‍".ദോഹയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ജി.എച്ച് .ഡി.യില്‍ സീനിയര്‍ പ്രൊജക്റ്റ്സ് മാനേജരായ മൂപ്പര്‍ക്ക് സ്വല്‍പ്പം ജാടയൊക്കെ ആകാം.പക്ഷെ,പിന്നീട് അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായി , ബന്ധങ്ങള്‍ക്ക്‌ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ വില നല്കുന്ന സ്നേഹ സംബൂര്‍ണനായ പിതാവും,ഭര്‍ത്താവും ആയ മനുഷ്യനാണ് എന്ന്.മലയാളത്തെ സ്നേഹിക്കുന്ന,നാടിനെ സ്നേഹിക്കുന്ന,സൌഹൃദങ്ങള്‍ക്ക് വില നല്കുന്ന,അക്ഷരങ്ങളെ സ്നേഹിക്കുന്ന,ഒരുപാടു റൊമാന്റിക് ആയ,എല്ലാത്തിനുമുപരി ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന ഒരു ഏട്ടനായിരുന്നു അത്.
പ്രീതയുടെ ആവശ്യ പ്രകാരം ബ്ലോഗ് എഴുതിതുടങ്ങുംപോഴും ഉള്ളില്‍ ഒരുപാടു സംശയങ്ങള്‍ ഉണ്ടായിരുന്നു.പരദേശി യെന്ന പേരില്‍ വളരെ നാളുകള്‍ക്കു മുന്പേ,ബ്ലോഗിങ്ങ് തുടങ്ങിയ മനുവേട്ടന്‍ ,ഓര്‍ക്കുട്ടില്‍ ഓരോ സ്ക്രാപ്പിലൂടെയും സംശയം തീര്‍ത്തു തന്നു.പരദേശിയുടെ ബ്ലോഗിലൂടെ ഒരു ഓട്ടപ്രദക്ഷിണം വച്ചപ്പോള്‍,അതില്‍ കുറെ ഫോട്ടോസ് മാത്രമെ കാണാന്‍ കഴിഞ്ഞുള്ളു.അക്ഷരങ്ങളെ സ്നേഹിക്കുന്ന പരദേശി എന്തെ എഴുതി തുടങ്ങാത്തത്‌ എന്നതിനുള്ള മറുപടി തമാശയായി അദ്ദേഹം പറഞ്ഞു,"ഒരുപാടു പിന്തിരിപ്പന്‍ ശക്തികള്‍ ഉണ്ട്.അവയെ ഒക്കെ ശക്തമായി വെല്ലുവിളിച്ചു ഞാനും എഴുതാന്‍ തുടങ്ങുന്നു." സ്ക്രാപ്പ് വായിച്ചു ,അധികം ആരും ശ്രദ്ധിക്കപ്പെടാത്ത ആ ബ്ലോഗിലെ പുതിയ പോസ്റ്റ് പ്രതീക്ഷാപൂര്‍വം ഞാന്‍ തിരഞ്ഞു.അതെ,ശരിയാണ്!! തുടങ്ങിയിരിക്കുന്നു.."കള്ളന്‍" എന്ന പേരില്‍ ഒരു കൊച്ചു സംഭാഷണ ശകലം. വായിച്ചപ്പോള്‍ ഒരുപാടു സന്തോഷം തോന്നി.
മരണത്തിന്റെ ശേഷിപ്പായി,ചേതനയറ്റ ആ ശരീരം വിനി ചേച്ചി എങ്ങനെ നോക്കി കാണും?യാധാര്ത്യത്തെ ഉള്‍ക്കൊണ്ടു ജീവിതയാത്രയില്‍ വഴിപിരിഞ്ഞു പോയ ആ പങ്കാളിയുടെ ഓര്‍മ തണലില്‍ വിശ്രമിച്ചു കൊണ്ടു ഇനിയും യാത്ര തുടരെണ്ടതില്ലേ?ആ പെണ്കുഞ്ഞുങ്ങള്‍ക്ക് ഇനി സംരക്ഷണം നല്‍കേണ്ട ആ ചിറകുകള്‍ ഒരിക്കലും കുഴയാതിരിക്കട്ടെ..നമുക്കും പ്രാര്‍ത്ഥിക്കാം..ആ കുടുംബത്തിന്‌ വേണ്ടി.ശുഭപ്രതീക്ഷകള്‍ക്ക് മങ്ങലെല്‍ക്കാതെ ,ഒരു യാത്രയും അവസാനിക്കുന്നില്ലെന്നു നമുക്കു മനസ്സിനെ പഠിപ്പിക്കാം.
മനുവേട്ടനെ കുറിച്ചുള്ള തെളിഞ്ഞ ഓര്‍മകള്‍ അക്കമിട്ടു നിരത്താന്‍ ഒരുപാടുണ്ട്.ഒന്നിച്ചുള്ള ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ ,ഡിന്നരുകള്‍,കുടുംബ യോഗങ്ങള്‍ ,തമാശ നിറഞ്ഞ സ്ക്രാപ്പുകള്‍,ഇ-മെയിലുകള്‍.....പക്ഷെ,അവയെല്ലാം..ഞങ്ങളുടെ ഓര്‍മകളില്‍ തന്നെ ഇരിക്കട്ടെ. അപരിചിതര്‍ക്ക് അതെല്ലാം വെറും അപ്രധാനമായ കാര്യങ്ങള്‍ മാത്രം..അതുകൊണ്ട് തന്നെ പകരം മനസ്സുകൊണ്ട് ഒരു ഉരുള ബലിചോറു ഞാന്‍ വേദനയുടെ നാക്കിലയില്‍ സമര്‍പ്പിക്കട്ടെ..എന്നും മനസ്സിന്റെ കോണില്‍ ഒരു സ്നേഹ സമ്പന്നനായ ഈ വൈകി കിട്ടിയ ഏട്ടന് ഒരു സ്ഥാനം ഉണ്ടാകും.ഒരു നല്ല ഇ-മെയില് വന്നാല്‍ ഫോര്‍വേഡ് ചെയ്യാന്‍ ഇനി,മനുവേട്ടന്‍ ഈ ലോകത്ത് ഇല്ല.
മുപ്പതോമ്പതാമത്തെ വയസ്സില്‍ ഈ ലോകത്ത് നിന്നു വിട പറഞ്ഞ മനുവേട്ടന്‍ എന്ന വ്യക്തിയില്‍ നിന്നു പരദേശിയെന്ന ബ്ലോഗ്ഗരിലേക്ക് എത്ര ദൂരം ഉണ്ട് എന്നെനിക്കറിയില്ല.തിരിച്ചു,പരദേശിയില്‍നിന്നും മനുവേട്ടന്‍ എന്ന വ്യക്തിയിലെക്കും..ഇനി,പക്ഷെ ആ ബ്ലോഗ്ഗര്‍ നമുക്കായി ഒന്നും എഴുതില്ല.ആ അക്ഷര സ്നേഹിയുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ടു..
പരദേശിയുടെ ബ്ലോഗ് നിങ്ങള്‍ക്കും സന്ദര്‍ശിക്കാം.. http://paradesy.blogspot.com ഇവിടെ നോക്കിയാല്‍ മതി..

Saturday, May 3, 2008

ഫ്ലാറ്റിലെ അറബി


ദോഹയില്‍ എത്തിയതും ഫ്ലാറ്റില്‍ കയറി മോള് മച്ചിലേക്ക് നോക്കി... മുകളിലേക്ക് നോക്കുംതോറും,അവളുടെ മുഖത്ത് ഗൌരവം കൂടിക്കൂടി വന്നു.ഒപ്പം പരമ പ്രധാനമായ പുച്ഛവും!!! "ഊം ... എന്താ വാവ നോക്കണേ?" ഞാന്‍ ചോദിച്ചു..അവള് ഒരു മറു ചോദ്യം ചോദിച്ചു."ഇവിടെന്താ ഫാനില്ലേ?" സംഗതി പിടികിട്ടി.ജനിച്ചപ്പോ തൊട്ടു കിടക്കയില്‍ മലര്‍ന്നു കിടന്നു മുകളിലേക്ക് നോക്കുമ്പോള്‍ കാണുന്ന ഏക സംഭവം.കറങ്ങുന്ന ഫാന്‍ !! കുട്ടിക്കതു കണ്ടു ശീലമായി പോയി..വയസ്സ് രണ്ടാകാന്‍ പോകുന്നു.കണ്ടു ശീലിച്ചത് പെട്ടെന്നെങ്ങനെ മറക്കും?അവള് പിന്നേം ചോദിച്ചു..."ഫാനെന്താ ഇല്ലാത്തെ?"
ഇതിനിപ്പോ,ഞാന്‍ എന്താ മറുപടി പറയ്യാ? ഫാന്‍ നമ്മുടെ നാട്ടിലല്ലേ?ഇവിടൊക്കെ എ.സി.യാ..ഫാനില്‍ നിന്നും കിട്ടുന്ന കാറ്റു പോര,ഇവിടത്തെ ഉഷ്ണം മാറാന്‍.കിട്ടിയ ചാന്‍സ് കളയാതെ ഞാന്‍ വീണ്ടും ഒരു ടീച്ചര്‍ ആകാന്‍ നോക്കി.വിശദീകരണം അല്പം കൂടിപ്പോയത് കൊണ്ടു അവള്‍ മൂട് തിരിഞ്ഞിരുന്നു.ദോഹയില്‍, ഏത് വീട്ടില്‍ പോയാലും അവള്‍ പ്രതീക്ഷയോടെ ഫാന്‍ തിരഞ്ഞു.ഒടുവിലവള്‍ ആ ഭീകരസത്യം തിരിച്ചറിഞ്ഞു."ഇവിടെ ബാത്രൂമില് മാത്രേ ഫാനുള്ളൂ." അവള്‍ കണ്ടുപിടിച്ചത് എക്സ്ഹോസ്റ്റ് ഫാനായിരുന്നു !!!!
ഫാനില്ലെന്ന പരാതിക്ക് കൂട്ടുപിടിച്ചു അതിന്റെ പിന്നാലെ ഒരു പരാതിക്കെട്ടു തന്നെ അവള്‍ അഴിച്ചുവിട്ടു.ഇവിടെ ഊഞ്ഞാലില്ല,കാക്കയില്ല,ഓട്ടോറിക്ഷയില്ല,ഉമ്മറം ഇല്ല,പശൂമ്പയില്ല.... എല്ലാത്തിനും പുറമെ,അമ്മമ്മയില്ല.പക്ഷെ,പൂച്ചയില്ലെന്നു മാത്രം അവള്‍ പറഞ്ഞില്ല..കാരണം ദോഹയിലെ മനുഷ്യരുടെ അത്ര തന്നെ പൂച്ചകളും ഉണ്ടായിരുന്നു.നല്ല ആരോഗ്യമുള്ള കൊഴുത്തു തടിച്ച പൂച്ചകള്‍. ഈ പൂച്ചകളൊക്കെ സുമോ ഗുസ്തിക്കാരാണോ എന്ന് വരെ നമ്മള്‍ ചോദിച്ചു പോകും അവരുടെ ആരോഗ്യം കണ്ടാല്‍.. .എനിക്കും പരാതികളുണ്ടായിരുന്നു...ചുമ്മാ കൊച്ചു വര്ത്തമാനം പറയാന്‍ ആരും ഇല്ല എന്നതായിരുന്നു പ്രധാനപ്പെട്ടത്‌.പരദൂഷണം തിനോന്നും അല്ല,കേട്ടോ.
ഇതൊരു രണ്ടു കൊല്ലം മുന്‍പത്തെ കാര്യമാണ്.ഈ ബില്‍ഡിംഗ്, മൊത്തത്തില്‍ പന്ത്രണ്ട് ഫ്ലാറ്റ്‌.ഞങ്ങള്‍ മൂന്നാമത്തെ നിലയില്‍ ഒമ്ബതാമത്തെ ഫ്ലാറ്റില്‍.ആദ്യമേ പറയാം.. ലിഫ്റ്റ് ഇല്ല.ഇങ്ങോട്ട് കയറി വരുമ്പോള്‍,സ്റ്റെപ്പ് കയറി നടുവോടിയാതിരുന്നാല്‍ ഭാഗ്യം.ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഒരു ചൈനാകാരി . ഭര്‍ത്താവ് ഒരു തെലുങ്കന്‍.കുട്ടികള്‍ മനുഷ്യ വിഭാഗത്തില്‍ പെട്ടിരുന്നു.സ്വര്‍ണ തലമുടിയുള്ള ആ കുട്ടികളുടെ അച്ഛന്‍ തെലുങ്കനല്ല എന്നൊരു കിംവദന്തി പരന്നിരുന്നു.എന്തായാലും,ഈ പോസ്റ്റ് എഴുതാനും,വായിക്കാനും ഒരു ഡി.എന്‍.എ.ടെസ്റ്റ് ന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.മാത്രമല്ല,അവര് ഈ ഫ്ലാറ്റില്‍ നിന്നും താമസം മാറി.തൊട്ടടുത്ത പത്താമത്തെ ഫ്ലാറ്റില്‍ സീമ ദീതി യും,ഭര്‍ത്താവ് അജയ് ചൌദരിയും.ഇപ്പുറത്തു,ഹേനാ ദീതിയും കുടുംബവും.താഴെ,ഒരു ഫ്ലാറ്റില്‍ മലയാളിയായി ഒരു പ്രിയന്‍ ചേട്ടന്‍.ഒറ്റക്ക്,ഒരു ത്രീ ബെഡ്രൂം ഫ്ലാടില് എന്ത് കാണിക്കുന്നോ ആവോ?
അതെ നിലയില്‍ തന്നെ തിവാരി സാറും,തിവാരി ആന്റി യും താമസിച്ചിരുന്നു.ഇവര്‍ക്കിടയിലാണ് നമ്മുടെ കഥാനായകനായ അറബിയും ഫാമിലി യും താമസിച്ചിരുന്നത്.താഴെ,വീണ്ടും ഒരു മലയാളി കുടുംബം.എന്ത് വന്നാലും,ആരോടും മിണ്ടില്ലെന്നു അവര്‍ പ്രതിന്ഞ എടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.അവരുടെ കുഞ്ഞു വാവ ഇടയ്ക്കെപ്പോഴോ മലയാളത്തില്‍ കരയുന്നതു കേട്ടാണ്‌ അവര് മലയാളി ആണ് ഈനു മനസ്സിലാക്കിയെടുത്തത്.അവരെ കൂടാതെ,രണ്ടു നോര്‍ത്ത് ഇന്ത്യന്‍സ് ഉം ,ഒരു ബംഗ്ലാദേശ് കാരനും താഴത്തെ നിലയില്‍ താമസിച്ചിരുന്നു.
ഭാഷക്കതീതമായി ഞങ്ങള്‍ നല്ലൊരു സൌഹൃദം ക്രമേണ വളര്‍ത്തിയെടുത്തു. എന്ന് വച്ചാല്‍,എവിടെ വച്ചു കണ്ടാലും വെളുക്കനെ ചിരിക്കുകയും,ഗുഡ്മോര്‍നിംഗ് പറയുകയും ചെയ്തു."ഹൌ ആര്‍ യു" എന്ന് ചോദിക്കാനും മറന്നില്ല.ആഴ്ചകള്‍ കടന്നു പോയതിനൊപ്പം ഞങ്ങള്‍ ഒത്തൊരുമയോടെ ഒരു ഭീകര സത്യം മനസ്സിലാക്കി.അതായത്..അറബിക്ക് ഞങ്ങളെല്ലാം ശല്യം!!! അതിനൊരു തെളിവ്‌ കിട്ടിയത് പൊടിക്കാറ്റ് നിറഞ്ഞ ഒരു വെള്ളിയാഴ്ചയായിരുന്നു.വെള്ളിയാഴ്ചകളിലെ,പതിവു കറക്കത്തിനു ഇറങ്ങിയപ്പോള്‍,പ്രിയന്‍ ചേട്ടന്റെ ഫ്ലാറ്റ്‌ ടൂറിനു പുറത്തു ഒരു വെളുത്ത പോസ്റ്റര്‍ !! അതില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ചുവന്ന മഷി കൊണ്ടു ഇങ്ങനെ എഴുതി വച്ചിരിക്കുന്നു..."പ്ലീസ് റെഡ്യൂസ് ദ വോള്യം ഓഫ് യുവര്‍ ടി.വി. ദാറ്റ് ഈസ് ഡിസ്ടര്ബിംഗ് അസ്‌."!!! അയ്യേ!!! ഇതെന്താപ്പോ ഇത്? ഇതാരോട്ടിച്ചു?ഇതിപ്പോ എല്ലാവരും കണ്ടിട്ടുണ്ടാവില്ലേ? നാണക്കേട്‌..!!! ഫ്ലാറ്റിലെ പെണ്ണുങ്ങളുടെ സി.ഐ.ഡി.പണിയില്‍നിന്നും ടി.വി.യുടെ ശബ്ദം കുറയ്ക്കണം എന്ന് പറഞ്ഞു പോസ്റ്റര്‍ ഒട്ടിച്ചത് അറബിയാണെന്ന് സംശയാതിതാമായി തെളിയിക്കപ്പെട്ടു.ദൈവമേ! എല്ലാവരെയും കാണിച്ചു വേണമായിരുന്നോ,ഈ പോസ്റ്റര്‍ ഒട്ടിക്കെണ്ടിയിരുന്നത്? ദുഷ്ടന്‍!!

മറ്റു പലര്‍ക്കും ചലന സ്വാതന്ത്ര്യം വിലക്കിക്കൊണ്ട് പിന്നേം പോസ്റ്ററുകള്‍ പല വാതിലുകളിലും പതിഞ്ഞു."ഡോണ്ട് ഫീഡ് ദ കാറ്റ്സ്" .പോസ്ടരുകളില്‍ ഒന്നു അങ്ങനെ ആയിരുന്നു.ശ്ശെ.!! നാണക്കേട്‌.ആരുടെയോ ജന്തു സ്നേഹതിനിട്ടു അയാള്‍ പാര പണിതിരിക്കുന്നു.ആരോ,പൂച്ചക്ക് ചോറു കൊടുത്തതിനു മൂപ്പര് പണി കൊടുത്തു !! പോസ്റ്റര്‍ കണ്ടവര്‍,കണ്ടവര്‍ കാണാതതവരെ വിളിച്ചു കാണിച്ചു. മൂപ്പരുടെ വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്ത് ആരെങ്കിലും കാര്‍ പാര്‍ക്ക് ചെയ്‌താല്‍, അയാള്‍ എല്ലാ ഫ്ലാറ്റിലും കയറിയിറങ്ങി കാളിംഗ് ബെല്ലടിച്ചു,വാതില്‍ തുറക്കുന്നവരെ ചീത്ത വിളിക്കുന്നത് ഒരു ഹോബിയായി വളര്‍ത്തിയെടുത്തു.മൂപ്പര് ഒരിക്കല്‍ എന്നെയും ഈ തെറി വിളിയില്‍ അഭിഷേകം ചെയ്തു.എനിക്കാകെ മനസ്സിലായത്,"മിട്സുബിഷി" എന്ന ഒരേ ഒരു വാക്ക്‌!! മിനിമം എന്‍റെ പിതാമഹനെ എങ്കിലും എന്തെങ്കിലും തെറി ഉറപ്പായും വിളിച്ചിരിക്കും.. അത് എനിക്ക് മനസ്സിലാകാതിരുന്നത് എത്ര നന്നായി??? വന്നു വന്നു,തൊട്ടടുത്ത്‌ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ട് സ്ഥാനം മാറ്റി,പുനര്‍നിര്‍മാണം നടത്തണം എന്ന് ഖത്തര്‍ ഗവണ്മെന്റ് നോട് പറയും എന്ന ഒരു അവസ്ഥ വരെ സംജാതമായി.

ഇങ്ങനെ ഈ അറബിയെ പേടിച്ചു വളരെ പതുക്കെ മാത്രം സംസാരിക്കാനും,ജീവിക്കാനും പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ ഫ്ലാറ്റിലെ ഒരു എ.സി.പ്രശ്നക്കാരനായത്.ടി.വി.റൂമിലെ എ.സി.ക്ക് റോക്കറ്റ് പോകുന്ന തരത്തിലുള്ള ശബ്ദം.പോരാത്തതിന് ഞാന്‍ ഒരു സത്യം കൂടി കണ്ടു പിടിച്ചു.എ.സി.ക്ക് ലീക്ക് ഉണ്ട്.അതില്‍ നിന്നും ലീക്ക് ചെയ്യുന്ന വെള്ളം ഇറ്റിറ്റായി വീണു,താഴെ ഉള്ള കാര്‍പെറ്റ്‌ നനയുന്നു.ഈ പ്രശ്നം ഭര്‍ത്താവിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.അദ്ദേഹം പറഞ്ഞു"എടീ,പൊട്ടി, അത് എ.സി.ലീക്ക് ചെയ്യുന്നതല്ല.വിന്‍ഡോ എ.സി. ആയതുകൊണ്ട് അതിലെ ഡ്രെയിന്‍ വാട്ടര്‍ വീഴുന്നതാ.വെള്ളം താഴെ വീഴുന്നത് ഒഴിവാക്കാന്‍ ഒരു ഹോസ് ഇട്ടു തരാം.ടെക്നിഷ്യന്‍ വരുന്നതു വരെ നീ തല്‍കാലം വെള്ളം വീഴുന്നിടത് ഒരു ബക്കറ്റ് വച്ചോളൂ.നിറയുമ്പോള്‍ എടുത്തു കളയാം." "വേഗം വേണം കേട്ടോ..ഇല്ലെങ്കില്‍ എ.സി ശബ്ദം കാരണം ഉറങ്ങാന്‍ പറ്റുന്നില്ലെന്നും പറഞ്ഞു ആ അറബി പോസ്റെറോട്ടിച്ചു മനുഷ്യനെ നാണം കെടുത്തും" ഭര്‍ത്താവിനു ഞാന്‍ മുന്നറിയിപ്പ് കൊടുത്തു.

ഇങ്ങനെ ഒരു വാഗ്ദാനം നടന്നതല്ലാതെ ഒരു ടെക്നിഷ്യന്‍ പോലും ഈ വഴി വന്നില്ല.അതുകൊണ്ട് തന്നെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കി. ഏകദേശം രണ്ടു ദിവസം ആകുമ്പോഴേക്കും ബക്കറ്റില്‍ വെള്ളം നിറയുന്നു. അത്,അവിടെ നിന്നു താങ്ങിപ്പിടിച്ച്‌,എടുത്തു കൊണ്ടുവന്ന് ബാത്രൂമില്‍ ഒഴിക്കേണ്ട ശ്രമകരമായ ദൌത്യം എന്‍റെ സ്നേഹമയനായ ഭര്‍ത്താവ് എന്‍റെ തലയില്‍ വച്ചു കെട്ടി.ഒരു കൊച്ചു വാതില്‍ തുറന്നു വേണം ആ ബക്കറ്റ് ഉള്ളിലെക്കെടുക്കാന്‍.അങ്ങനെ വാതില്‍ തുറക്കുമ്പോള്‍,സൈഡില്‍ വച്ചിരിക്കുന്ന നിലവിളക്ക്,ശ്രീകൃഷ്ണന്‍,ഗണപതി ഇവര്‍ക്കൊന്നും അനക്കം തട്ടരുത്.കൂടാതെ ഒട്ടും അകലെയല്ലാതെ വച്ചിരിക്കുന്ന ടീപോയില്‍ ബക്കറ്റ് തട്ടി വെള്ളം താഴെ പോവരുത്.അതിനടുതിരിക്കുന്ന മോള്‍ടെ സ്കൂട്ടര്‍ അനങ്ങുകയെ ചെയ്യരുത്.എന്നിങ്ങനെയുള്ള അലിഖിത നിയമങ്ങള്‍ പാലിച്ചു കൊണ്ടു മേലനങ്ങാന്‍ ഇഷ്ടമല്ലതിരുന്ന ഞാന്‍ ഈ ജോലി കൃത്യമായി നിര്‍വഹിച്ചു പോന്നു.
ഒരുദിവസം മാത്രം പറഞ്ഞു," എനിക്ക് വയ്യ ഇത്രേം കനമുള്ള ബക്കറ്റ് താങ്ങിപ്പിടിച്ച്‌ കൊണ്ടുപോയി കളയാന്‍..ഇന്നു അതെടുത്ത് കളയണം ട്ടോ." മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.ബക്കറ്റ് പുറത്തേക്കെടുത്തു ബാത്രൂമില്‍ കൊണ്ടുപോയി വെള്ളം കളയുന്നതൊന്നും ഞാന്‍ കണ്ടില്ല.ചോദിച്ചപ്പോള്‍ പറഞ്ഞു,"കുഴി എണ്ണാന്‍ നിക്കണ്ട.അപ്പം തിന്നാല്‍ മതി." ഓഹ് !! ധാരാളം മതി..
പിറ്റേദിവസം ഭര്‍ത്താവ് ജോലിക്ക് പോകാനായി വാതില് തുറന്നപ്പോള്‍, വാതിലിന്മേല്‍ ഒരു വലിയ പോസ്റ്റര്‍!!! "ഡോണ്ട് പോര്‍ ദ വാട്ടര്‍ ത്രൂ ദ വിന്‍ഡോ.യു ആര്‍ ഡാമേജിംഗ് ഔര്‍ എ.സി." എന്ന് വച്ചാല്‍, ജനലിലൂടെ വെള്ളം പുറത്തേക്ക് ഒഴിക്കരുത്.നിങ്ങള്‍ ഞങ്ങളുടെ എ.സി.നശിപ്പിക്കുകയാണ് എന്ന്.അയ്യേ! നാണക്കേട്!!ആ അറബി മാമന്‍ പിന്നേം പണി പറ്റിച്ചു. വെള്ളം നിറച്ച ബക്കറ്റ് താങ്ങിയെടുക്കാന്‍ കൂട്ടാക്കാതെ എന്‍റെ ഭര്‍ത്താവ് ആ ബക്കറ്റ് എടുത്തു പൊക്കി,വിന്‍ഡോ യിലൂടെ പുറത്തേക്ക് വെള്ളം ഒഴിക്കുക മാത്രമെ ചെയ്തുള്ളൂ.അപ്പോള്‍,വെള്ളം "ചട പടാ " ന്നു അറബി മാമന്‍റെ എ.സി.ക്ക് പുറത്താണ് വീണത്. മുകളില്‍ നിന്നും കനമുള്ള എന്തെങ്കിലും താഴേക്ക് ഇട്ടാല്‍ അത് താഴേക്ക് വീഴും. അത് സ്വാഭാവികം!! അതിന് കാരണം ഗുരുത്വകര്ഷണ ബലം!! അല്ലാതെ,......പക്ഷെ,നമ്മുടെ അറബിയും സ്വത സിദ്ധമായ രീതിയില്‍ പ്രതികരിച്ചു.അത്രയേ ഉള്ളൂ.ഞങ്ങള്‍ മൂന്നാമത്തെ നിലയിലായത് ഭാഗ്യം!! കാരണം,താഴത്തെ നിലയില്‍ ഉള്ളവര്‍ ജോലിക്ക് പോകാനായി,ഇവിടേക്ക്‌ ഇത്രയും സ്റ്റെപ്പ് കേറി വന്നു വീണ്ടും തിരിച്ചു ഇറങ്ങി പോകില്ലല്ലോ.... ഭര്‍ത്താവ്,പോസ്റ്റര്‍ കണ്ടു അല്പം അമര്‍ഷത്തോടെ അത് വലിച്ചു കീറി.എന്നിട്ട് എന്നോട് ചോദിച്ചു...."ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ?" ഞാന്‍ പറഞ്ഞു.."കുഴി എണ്ണാന്‍ നില്‍ക്കണ്ട..അപ്പം എന്തായാലും നന്നായിട്ടുണ്ട്"