
ഇതൊരിക്കല്‍ പ്രസിദ്ധീകരിച്ചതാണ്.ഖത്തറിലെ സംഘടനയായ "സംസ്കൃതി"യുടെ മാഗസിന്‍ ആയ "മിഴി"യില്‍.രണ്ടായിരത്തിആറ് സെപ്തെംബറില്‍....എന്‍റെ പ്രിയ സ്നേഹിത വിനീതയ്ക്ക് വേണ്ടി ഇതൊരു പോസ്റ്റ് ആക്കുന്നു.കളഞ്ഞു പോയ വിലപിടിച്ച മുത്ത് തിരികെ കിട്ടിയത് പോലെയായിരുന്നു,വര്‍ഷങ്ങള്‍ക്കു ശേഷം അവളെപ്പറ്റിയുള്ള വിവരം ലഭിച്ചത്..
"ഇന്നു കുട്ടിക്ക് സ്കൂള്‍ അവധിയല്ലേ,എന്നെ ഒന്നു സഹായിച്ചാലെന്താ?" അടുക്കളയില്‍ നിന്നുള്ള അമ്മയുടെ ചോദ്യത്തില്‍ അമര്‍ഷമില്ലേന്നൊരു സംശയം."സ്കൂളിന് അവധിയുള്ളപ്പോ മുത്തശിടെ അടുത്ത് ചെല്ലണംന്നു പറഞ്ഞിട്ടുണ്ട്." ഞാന്‍ പറഞ്ഞു. ഓ,സ്കൂളെന്നു വച്ചാ,പേരിനല്ലേ ഈ സ്കൂളെന്നു പറയുന്നത്?പന്ത്രണ്ടാം ക്ലാസ്സ്ന്നു വച്ചാ പണ്ടത്തെ പ്രീഡിഗ്രിയാ.നിന്‍റെ ഈ പ്രായത്തില്,ഞാന്‍ ശ്രീനൂനെ പ്രസവിച്ചു. മുത്തശ്ശീടടുത്തു ചെന്നിട്ടു പഴമ്പുരാണം കേട്ടിരിക്കാനല്ലേ,അങ്ങനിപ്പോ പോണ്ട.എന്നെ ഒന്നു വന്നു സഹായിക്കനുണ്ടോ നീയ്?"
അമ്മ പറയുന്നതിലും കാര്യമില്ലാതില്ല.ഈ യൂണിഫോമും,ബാഗും...നാണക്കേട്!!"എന്‍റെ പരീക്ഷയാവാനായി, അത് കഴിഞ്ഞാപ്പിന്നെ എന്നെ അങ്ങ് കെട്ടിച്ചു വിട്ടേക്ക്.ഞാനും പ്രസവിക്കാന്‍ പറ്റ്വോന്ന് നോക്കാം." ഞാന്‍ തിരിച്ചടിച്ചു.അമ്മക്ക് ദേഷ്യം പിടിച്ചു."പ്രസവിക്കാനുള്ള പെണ്ണിന്‍റെ ഒരു പൂതിയേ..മര്യാദയ്ക്ക് സംസാരിച്ചോട്ടോ.അപ്പൊ,നീ ഡിഗ്രിക്ക് ചേരാനാ ഭാവം?എന്ട്രന്‍സ് കോച്ചിംഗ്നു പോണത് പിന്നെ എന്തിന്ന?കുട്ടീടെ ഉള്ളിളിരിപ്പോക്കെ എനിക്കസ്സലായിട്ടു അറിയാം.അതൊന്നും നടക്കാന്‍ പോണില്ല ഭാമേ..ഡിഗ്രിക്ക് ലിറ്ററേച്ചര്‍ എന്നും പറഞ്ഞു കണ്ണിക്കണ്ട പുസ്തകൊക്കെ വായിക്കാനല്ലേ നിന്റെ ഭാവം?"
തര്‍ക്കത്തിനൊന്നും ഞാനില്ലേ..വേഗം എഴുന്നേറ്റു ചെന്നു അടുക്കളയിലേക്ക്."ഞാനിന്നൊരു ഉഗ്രന്‍ മോരുകൂട്ടാന്‍ വയ്ക്കാം കേട്ടോ"പിന്നെയും വന്നു ശകാരം."മോരുകൂട്ടാന്‍ വയ്ക്കാനാണോടീ ഈ തക്കാളീം,വേണ്ടക്കായേം നുറുക്കണേ?കടന്നു പോ ഇവിടന്ന്".ശ്ശൊ!രക്ഷപ്പെട്ടു."ഇനി അടിച്ച് വാരാന്‍ വേറെ എടുത്തു പറയണോ ഉര്‍വ്വശിയോട്?"..ചൂലെടുത്ത് നടക്കുമ്പോള്‍ വായ്ക്കകതെന്തോ പൊട്ടി മുളച്ചപോലെ.കണ്ണാടിയില്‍ എത്തി വലിഞ്ഞു വാ പൊളിച്ചു നോക്കി.അയ്യടാ!! ഒരു സുന്ദരന്‍ പല്ലു മുളച്ചുവരുന്നു.എണ്ണി നോക്കി.കൃത്യം മുപ്പതിയോന്നാമത്തെ പല്ല്.ശ്ശെ!! വേണ്ടായിരുന്നു.വായ്ക്കകത്ത് തീരെ സ്ഥലമില്ല.അല്ലെങ്കിലും,സ്കൂളില്‍ ചിലരൊക്കെ എന്നെ കട്ടപ്പല്ലീന്നു വിളിക്കുന്നുണ്ട്.
രാത്രി ഉറങ്ങാന്‍ കിടന്നപ്പോ വായ്ക്കകത്തുനിന്നു ഒരു "കിരുകിരാ" ശബ്ദം.ശരിക്കും ശ്രദ്ധിച്ചപ്പോള്‍ പല്ലുകള്‍ സംസാരിക്കുന്നു."ഊം...നോക്കിക്കോ,ഇനി നിങ്ങളെ കൊണ്ടു പറ്റാത്തത് ഞാന്‍ ചെയ്യും,ഞാനേയ് ഭാമേടെ ഭാഗ്യപ്പല്ലാ."ഒരു പല്ല് പറഞ്ഞു.അപ്പോള്‍,മറ്റൊന്ന് ഇടയില്‍ കയറി പറഞ്ഞു,"ലോകത്താര്‍ക്കും പല്ലില്ലാത്ത പോലെ.വെറുതെ പൊല്ലാപ്പിനു നില്‍ക്കണ്ട.പല്ലുകള്‍,പല്ലുകളുടെ ജോലി ചെയ്താ മതി.എന്ത് കിട്ടിയാലും ചവച്ചരക്കുക.വേറെ ഒന്നിലും ഇടപെടണ്ട."അപ്പോഴുണ്ട് മുന്‍വശത്തെ ഇത്തിരി കുഞ്ഞന്‍ പറയുന്നു,"നമ്മള്‍ പല്ലുകള്‍ക്കും,ചിലതൊക്കെ ചെയ്യാന്‍ പറ്റുംന്നു കാണിച്ചു കൊടുക്കണം കേട്ടോ."
പിന്നെയും,പിന്നെയും ചിലയ്ക്കലുകള്‍ തന്നെ.പക്ഷെ,അവറ്റകളുടെ സംസാരവിഷയങ്ങള്‍ അനവധി...തൂവല്‍ പോലെ നനുത്ത പ്രണയവും,ഹ്യൂമനിസത്തിന്റെ പ്രത്യേകതകളും,സ്ത്രീ മനസ്സുകളുടെ ചപല മോഹങ്ങളും മോഹഭംഗങ്ങളും,പ്രത്യയശാസ്ത്ര വീക്ഷണങ്ങളും,ഉത്തരാധുനിക കവിതകളും,സര്‍ക്കാര്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളിലെ അഴിമതിയും എല്ലാം ചര്‍ച്ചാവിഷയങ്ങള്‍ ആയിത്തീര്‍ന്നു.ഞാനോര്‍ത്തു,ഒരു കൌമാരക്കാരിയുടെ മനസ്സിന്‍റെ അഗാധതലത്തില്‍ ഒന്നു സ്പര്‍ശിക്കുകപോലും ചെയ്യാത്ത കാര്യങ്ങള്‍!!ഈ പല്ലുകള്‍ സംസാരിക്കുന്നതേയ്...എന്‍റെ ദൈവമേ..എന്‍റെ വായിലെ പല്ലുകള്‍ സര്‍വവിജ്ഞാനകോശങ്ങളാണോ? എന്തൊരു ശല്യം ?ഈ കിരുകിരാ ശബ്ദം ശല്യമായിരിക്കുന്നു.ഞാനൊരു മുട്ടന്‍ ചീത്ത വിളിച്ചു."ഒന്നു നിര്‍ത്ത്വോ?"ഞാന്‍ പല്ല് കടിച്ചു.വേദനെയെടുക്കട്ടെ അവറ്റക്ക്..
"ഭാമേ,ഉറക്കത്തില് പല്ല് കടിക്കണ സ്വഭാവം ഇനീം നിന്നില്ലേ?അനങ്ങാണ്ടെ കെടക്കണ്ണ്ടോ നീയ്?നാളെ കൊറച്ചു മരുന്നുകൂടി തരാം.ഞാന്‍ തന്നത് മുഴുവന്‍ കഴിച്ചു കഴിഞ്ഞോ?"ഗൌരിയേടത്തി വിളിച്ചു ചോദിച്ചു.അല്ലെങ്കിലും,ഇവള് ഈ വീട്ടില്‍ തിരിച്ചു വന്നേപ്പിന്നെ ഒരു സ്വൈര്യവും ഉണ്ടായിട്ടില്ല,മനുഷ്യന്.പ്രസവിക്കാന്‍ ഏഴാം മാസം തന്നെ പെണ്ണിന്‍റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന ഈ ഏര്‍പ്പാട് ആരാ ഉണ്ടാക്കീത് ആവോ?പ്രസവിക്കാന്‍ വന്നവര് ആര്ക്കും ശല്യണ്ടാക്കാണ്ടേ പ്രസവം കഴിഞ്ഞു തിരിച്ചുപോണം.അല്ലാണ്ടെ ഡോക്ടര്‍ ആണെന്ന്വച്ചു ഇതൊരു ഹോസ്പിറ്റല്‍ ആക്കാന്‍ നോക്കണ്ട.ഇതെന്‍റെ മുറിയാ.ഇവിടെ ആരോട് ചോദിച്ചിട്ടാ ഈ മുറി നീ കന്‍സല്‍ടിംഗ് റൂംആക്കിയത്? കാശിനോടുള്ള ആര്‍ത്തി മാറീല്ലാലെ?നീ എന്നെ ഭരിക്കാന്‍ വരണ്ട.ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യും.നീയാരാടീ ചോദിക്കാന്‍?എണീറ്റ് ഇതൊക്കെ അവളുടെ മുഖത്ത്നോക്കി ചോദിക്കണംന്നുണ്ടായിരുന്നു.പിന്നെ,ധൈര്യമില്ലാതതുകൊണ്ട് വേണ്ടെന്നു വച്ചു.പല്ലുകളുടെ സംസാരം നിലച്ചിരിക്കുന്നു.എങ്ങനെയോ ഉറങ്ങിപ്പോയ.
പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ സംഭവബഹുലം തന്നെയായിരുന്നു.എന്തൊക്കെ മാറ്റങ്ങളാ സംഭവിച്ചത്?പല്ലുകളുടെ സംസാരം ആകെ ശല്യമായിരിക്കുന്നു.ശരിക്കും,ഞാന്‍ പേടിച്ചു പോകുന്നു,ചിലപ്പോഴൊക്കെ.ആരെങ്കിലും കേട്ടാല്‍ എന്താ വിചാരിക്ക്യാ?അതുകൊണ്ട് ഞാന്‍ തന്നെ ഒരുപരിഹാരം കണ്ടെത്തി.പല്ലുകള്‍ക്കെപ്പോഴും ജോലി കൊടുക്കുക.ജോലി ഇല്ലാതെ വെറുതെ ഇരിക്കുമ്പോഴല്ലേ ഈ സംസാരം.എപ്പോഴും എന്തെങ്കിലും തിന്നു കൊണ്ടേയിരിക്കും.പിന്നെ വേറൊരു വഴിയുണ്ട്.ഒന്നും പറ്റിയില്ലെങ്കില്‍ അതും ഞാന്‍ പരീക്ഷിക്കും.മുത്തശ്ശീടെ കൈയീന്ന് കുറച്ചു മുറുക്കാന്‍ അടിച്ചുമാറ്റി മുറുക്കുക തന്നെ.
ഗത്യന്തരമില്ലാതെ മുത്തശ്ശീടെ അടുത്തെത്തി.കാര്യം അവതരിപ്പിച്ചു.പല്ലുകള്‍ സംസാരിക്കുന്നതോന്നും പറഞ്ഞില്ല.വട്ടാണെന്ന് പറഞ്ഞാലോ..പുതിയ പല്ലുവന്നത് മാത്രം പറഞ്ഞു.മുത്തശ്ശി പറഞ്ഞു,"ചിങ്ങത്തിലെ ആയില്യം ഞാറ്റുവേല ആരംഭത്തിലാ ഭാമ ജനിച്ചതേയ്.ഒരു പ്രായമെത്തിയാ മാണിക്യം കിട്ടുംന്നാ വേലുക്കണിയാര് അന്ന് ഗണിച്ചു പറഞ്ഞത്.ഇതിപ്പോ,മുപ്പതിയോന്നാമത്തെ പല്ലല്ലേ?ഭാഗ്യപ്പല്ലാ കുട്ട്യേ.എനിക്കും ഇങ്ങനെ തന്നെ ആയിരുന്നൂട്ടോ,കല്യാണം കഴിഞ്ഞു കൊല്ലം കൊറേ കഴിഞ്ഞിട്ടും കുട്ട്യോളില്ലാണ്ടിരുന്ന ഞാന്‍ മുപ്പതോന്നാമത്തെ പല്ലു മുളച്ചേപ്പിന്ന്യാ നിന്‍റെ അച്ഛമ്മേനെ പെറ്റത്.പിന്നങ്ങോട്ട് കുട്ടീടെ മുത്തശ്ശന് വെച്ചടി,വെച്ചടി കേറ്റായിരുന്നൂട്ടോ.ങാ...പിന്നെ,നിന്‍റെ അച്ഛമ്മ നിന്‍റെ അച്ഛനെ പെറ്റതും അവള്‍ടെ മുപ്പതോന്നാമത്തെ പല്ലിന്‍റെ വരവിന് ശേഷാ".
ഭാഗ്യപ്പല്ലിന്റെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മ തള്ളിയില്ലെന്നെയുള്ളൂ.അച്ഛനോട് തട്ടിക്കയറുന്നത് കേട്ടു."ദേ,നിങ്ങള്‍ടെ അമ്മമ്മക്കെന്തിന്റെ സൂക്കേടാ?കുട്ട്യോള്‍ക്ക് ഓരോന്ന് പറഞ്ഞു കൊടുക്കനതെയ്.സെഞ്ചുറി തികഞ്ഞിട്ടും ഓര്‍മ്മയ്ക്കൊരു കുറവൂല്യ. എന്നോട് വന്നു പറഞ്ഞു,"ഒന്നും പഠിക്കണ്ട.വായും പൊളിച്ചിരുന്നു പരീക്ഷയെഴുതിയാല്‍ മതി.നല്ല മാര്‍ക്ക് കിട്ടും,പിന്നെ എം.ബി.ബി.എസ്സിന് ചേര്വെ വേണ്ടൂ.പിന്നേയ്,പല്ലിനോട് ഇത്തിരി കാശും,സ്വര്‍ണോം തരാന്‍ പറയണം ട്ടോ.ഞങ്ങള്ക്ക് പിന്നെ വി.ആര്‍.എസ്.എടുക്കാലോ?അമ്മ മിടുക്കിയാ.കളിയാക്കിയതാനെന്കിലും മനസ്സിനെ നോവിക്കാതെ.പക്ഷെ,ഓരോന്നായി ആലോചിച്ചാല്‍ മുത്തശ്ശി പറഞ്ഞത് അക്ഷരം പ്രതി ശരിയാ.
ഈ പല്ല് മുളച്ചതില്‍ പിന്നെ ഒരുപാടു അത്ഭുതങ്ങള്‍ തീര്ച്ചയായും സംഭവിച്ചിട്ടുണ്ട്.അല്ലെങ്കില്‍ പിന്നെ തിരുവനന്തപുരത്തെ കൃഷ്ണമാമേം,അച്ച്വോളും വന്നപ്പോ ഒരു കാര്യോല്യാതെ എനിക്ക് ആ പാലയ്ക്കാമാല തര്വോ?പിന്നെ,അത്ര നന്നായിട്ടൊന്നും പാടാനറിയാത്ത എനിക്ക് കൈരളീലെ "സിംഗ് & വിന്‍"പ്രോഗ്രാമില്‍ പങ്കെടുത്തു രണ്ടായിരത്തിഅഞ്ഞൂറ് രൂപ കിട്ടീല്ലേ?അതുപോലെ പ്ലസ്ടു ഫെസ്റിവലില്‍ ചെറുകഥാ മല്‍സരത്തില്‍ ഒന്നാം സമ്മാനം കിട്ടീതോ?മറ്റു പലതും ഉണ്ടായീല്ലേ?മുത്തശ്ശി പറഞ്ഞത് വെളുംബിയുടെ ജീവിതത്തില്‍ ആദ്യമായിട്ടാ കഴിഞ്ഞ ആഴ്ച പശുക്കുട്ടീനെ പെറ്റതെന്നാ . ഇക്കാലമത്രയും മൂരിക്കുട്ടികളെ മാത്രേ അത് പെറ്റിട്ടുള്ളൂത്രേ.അപ്പൊ,എന്റെ ഭാഗ്യപ്പല്ല് എനിക്ക് മാത്രല്ല, എനിക്ക് വേണ്ടപ്പെട്ടവര്‍ക്കും ഭാഗ്യം തരും.തറവാട്ടിലെ സൌദാമിനി ചെറിയമ്മ എന്തായാലും സന്തോഷത്തിലാ.കുട്ടേട്ടന് ജോലി കിട്ടിയല്ലോ.പിന്നെ,പ്രേമചന്ദ്രന്‍ സര്‍ വി.ആര്‍.എസ്.എടുത്തത്‌കൊണ്ടാണെങ്കിലും,പ്രതീക്ഷിചിരിക്കാത്ത അവസരത്തിലല്ലേ അച്ഛന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയി പ്രമോഷന്‍ കിട്ടിയത്?അല്ലെങ്കില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയി റിട്ടയര്‍ ചെയ്യേണ്ടതല്ലേ?ഇതൊക്കെ ശരിക്കും പല്ല് തന്ന ഭാഗ്യം തന്നെയാ.ഇനീം പല്ലിനെക്കൊണ്ട് കുറച്ചു കാര്യങ്ങള്‍ കൂടിയുണ്ട്.ഊം..സമയമാവട്ടെ,ശരിയാക്കാം,പല്ലിനോട് പറയണം.പക്ഷെ,പല്ലുകള്‍ ഇപ്പൊ സംസാരിക്കുന്നെയില്ല.ദേഷ്യപ്പെട്ടത് കാരണം പിണക്കമാണോ..അതോ,പല്ല് കടിച്ചതോണ്ട് വേദനിച്ചിട്ടാണാവോ?വേണ്ടായിരുന്നു...
"മുലപ്പാലുണ്ടാവാന്‍ മുരിന്നയിലത്തോരന്‍ നല്ലതാ.കുട്ടീ,ആ ടെറസ്സിലുകേറി കുറച്ചു മുരിങ്ങയില പൊട്ടിച്ചു കൊണ്ടു വര്വോ ഭാമേ?" അമ്മ ചോദിച്ചു."എടാ,കുഞ്ഞു വാവേ,നിന്നെ പ്രസവിക്കാനെന്നും പറഞ്ഞു നിന്‍റെ അമ്മ ഇവിടെ വന്നതുമുതല്‍ തുടങ്ങീതാ എന്നെ ബുദ്ധിമുട്ടിക്കാന്‍.ഞാനിപ്പോ മുരിങ്ങയില കൊണ്ടുവരാത്തത് കൊണ്ടു നിനക്കുകുടിക്കാന്‍ പാലില്ലാണ്ടിരിക്കണ്ട.ചിറ്റ ഇപ്പൊ വരാം.ഉറങ്ങരുത് ട്ടോ."ഞാന്‍ പറഞ്ഞു."മഴക്കാലമല്ലേ,വഴുക്കലുണ്ടാവും,സൂക്ഷിച്ചു കേറണം ട്ടോ".അമ്മ വിളിച്ചു പറഞ്ഞു.ടെറസ്സിലു കാല് വച്ചതേയുള്ളൂ..സ് സ് സ് സ് സ് സ് സ് ...... കാല് വഴുതി.ചന്തി കുത്തി,പുറം തല്ലി വീണു."അമ്മേ....."!!
"കാലിലെ ഓടിവോക്കെ ആറാഴ്ച കഴിഞ്ഞാ ഭേദാവും കുട്ട്യേ..മുത്തശ്ശി കാടാംബുഴേല് മുട്ടെറക്കാന്‍ തേങ്ങകൊടുത്തു വിട്ടിട്ടുണ്ട്ട്ടോ.പിന്നെ ധന്വന്തരി ക്ഷേത്രത്തില് വഴിപാടും.അസുഖങ്ങളൊക്കെ ധന്വന്തരിമൂര്‍ത്തി തഴുകി ഭേദാക്കുംന്നാ പറയ്വാ.പിന്നെ എന്താ ഈ വീഴ്ചാന്നാ വിചാരം?ന്‍റെ കുട്ടീടെ ഭാഗ്യപ്പല്ലിന്റെ ഭാഗ്യം തീര്‍ന്നു.കാരണംന്താന്നറിയ്വോ?ഭാമയ്ക്ക് മുപ്പത്തിരണ്ടാമത്തെ പല്ല് മുളച്ചു തുടങ്ങി.അപ്പൊ പിന്നെ മുപ്പതോന്നാമത്തെ പല്ലിന്‍റെ ശക്തി ക്ഷയിക്കും.ഇനി,അധ്വാനിക്കാതെ,ഭാഗ്യം കൊണ്ട് കാര്യങ്ങള് നടക്കില്ല. എന്ന് വച്ചു മുപ്പതിരണ്ടാമന്‍ ദോഷം ചെയ്യൂല്യ." മുത്തശ്ശി പറഞ്ഞു.
ഞാന്‍ നാവുകൊണ്ട് വായില്‍ തടവി നോക്കി.ശരിയാ,മുപ്പത്തിരണ്ടാമത്തെ പല്ല് മുളച്ചു തുടങ്ങിയിരിക്കുന്നു.ഈശ്വരാ, എന്‍റെ ഭാഗ്യം പോയോ?അപ്പൊ എന്‍റെ മറ്റേ കാര്യം... !!!