Sunday, April 1, 2007

തോട്ടരുകിലെ വീട്



ഇതെന്തു സ്ഥലം? ഈ ഭരതെട്ടന് ഇതെന്തു ഭ്രാന്താ?ഇവിടെയാണോ നമ്മള്‍ വീട് പണിയാന്‍ പോണേ? ഈശ്വരാ !!! ഈ വെള്ളതിലാണോ കുട്ടികള് കളിക്ക്യാ..?" നാലുപുറവും വെള്ളം കെട്ടിക്കിടക്കുന്ന നെല്പാടം കണ്ടു, അതിശയത്തോടെ രതി ചോദിച്ചു.പോരാത്തതിന് , തൊട്ട അയല്‍വക്കം സാമാന്യം നല്ല ഒഴുക്കുള്ള തോടും...."നീയൊന്നു പേടിക്കാതെ..മഴക്കാലം ആയതു കൊണ്ടാ വെള്ളം കെട്ടിക്കിടക്കുന്നത്.മഴ മാറിയാല്‍ ഈ വെള്ളം ഒന്നും ഉണ്ടാവില്ല.കുറച്ചുകാലം കഴിയട്ടെ,ഈ സ്ഥലം തന്നെ ആകെ മാറും.നോക്കിക്കോളൂ, നമ്മള് വീട് വച്ചു കഴിഞ്ഞാല്‍ പിന്നെ ആളുകള്‍ക്ക് ധൈര്യമായി.പിന്നെ,ഇതും ആള്‍ താമസം ഉള്ള സ്ഥലം ആണെന്നും പറഞ്ഞു ഇവിടെ നിറയെ വീടുകള്‍ കൊണ്ടു നിറയും,അന്ന് ആളുകള്‍ പറയും,അന്ന് ആദ്യമായി ഈ പാടത്ത് വീട് വയ്ക്കാന്‍ ധൈര്യം കാണിച്ചത് ഭരതനാണെന്ന് ".രതിയെ ആശ്വസിപ്പിച്ചു കൊണ്ടു ഭരതന്‍ പറഞ്ഞു."പിന്നെ, എന്ത് വന്നാലും നേരിടാന്‍ ഈ ഞാനില്ലേ കൂട്ടിനു...?''.....അവളെ ആശ്വസിപ്പിച്ചു കൊണ്ടു അയാള്‍ പറഞ്ഞു.
വീട് പണി മുഴുവനാകാതെ തന്നെ താമസിച്ചു തുടങ്ങിയപ്പോഴും രതിയുടെ പേടി മാറിയിരുന്നില്ല.പുതുമണ്ണില്‍ ആദ്യമായി നട്ട ചുവന്ന ചീര തൈകള്‍ക്ക് വെള്ളമോഴിക്കുംപോള്‍ അവള്‍ മോളോട്‌ പറഞ്ഞു."പാടത്തിലൊക്കെ ഓടിക്കളിക്കുംപോള്‍ സൂക്ഷിക്കണം കേട്ടോ."....പക്ഷെ,മോള്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.മീന്‍ പിടിക്കാനിരിക്കുന്ന ഒരു പോന്മാനില്‍ ആയിരുന്നു അവളുടെ ശ്രദ്ധ.തോട്ടുവക്കത് നട്ട തെങ്ങിന്‍ തൈയിന്റെ കൊച്ചു പട്ടയില്‍ ഇരിക്കുന്ന നീല പോന്മാനിനെ നോക്കിക്കൊണ്ടു അവള്‍ പറഞ്ഞു..."എന്ത് ഭങ്ങിയാ ആ കിളിയെ കാണാന്‍..അല്ലെ അമ്മേ? അച്ചമ്മേടെ വീട്ടില്‍ ഞാന്‍ ഇതു പോലത്തെ കിളിയെ കണ്ടിട്ടേ ഇല്ലല്ലോ..?" കണ്ണുകള്‍ വിടര്‍ത്തി കൌതുകത്തോടെ അവള്‍ അതിനെ പിന്നെയും പിന്നെയും നോക്കി.
അച്ഛന്റെ കൈ പിടിച്ചു റെരസ്സില് കയറി സൂര്യോദയം കാണുമ്പോഴും,തോട്ടിലെ നീന്തി കളിക്കുന്ന പരല്‍ മീനിനെ കാണുമ്പോഴും അവളുടെ കണ്ണുകളില്‍ നിറയെ കൌതുകം ആയിരുന്നു.അവള്‍,ആ പാടത്തെ തോട്ടരുകിലെ വീടിനെ കൂടുതല്‍ കൂടുതല്‍ സ്നേഹിച്ചു.വേലിപ്പടര്‍പ്പില്‍ വിടര്‍ന്നു നില്ക്കുന്ന നീല ശംഖുപുഷ്പവും,അകലെ നീലാകാശ തെളിമയില്‍ നിറങ്ങള്‍ വിടര്‍ത്തിയ മഴവില്ലും,എല്ലാം ആദ്യമായി കാണുകയായിരുന്നു.സന്ധ്യാ നേരത്തെ ശോണിമ പരത്തിയ പടിഞ്ഞാറന്‍ ആകാശവും,മുരിങ്ങകായ തിന്നാന്‍ വരുന്ന തത്തകളെയും എല്ലാം അവള്‍ അവിടെ കണ്ടു.രാത്രിയെ പേടിച്ചിരുന്ന കുട്ടി പിന്നീട് രാത്രിയുടെ ,ഇരുട്ടിന്റെ ഭംഗിയും കാണാന്‍ തുടങ്ങി.രാത്രിയിലെ ചീവീടിന്റെ കരച്ചിലിനും,രാത്രി മഴക്കും ഒരു പ്രത്യേക താളം ഉണ്ടെന്നു അവള്‍ തിരിച്ചറിഞ്ഞതും ആ വീട്ടില്‍ വച്ചായിരുന്നു.നിശാഗന്ധി പൂ വിടരുന്നത്‌ കാണാന്‍ അവള്‍ പുലരുവോളം കാത്തിരുന്നു.
പാടത്ത് വരമ്പ്‌ കിളക്കാന്‍ വന്ന കോരന്‍ കുട്ടിയുടെ പിറകേ നടന്നു അവള്‍ ചോദിച്ചു."കോരന്‍ കുട്ടിയെന്താ ചെരുപ്പിടാതെ?കാലില് ചേര് ആവില്ലേ?"..."എനിയ്ക് ചെരിപ്പിട്ടു ശീലല്യാ കുട്ടിയെ...പിന്നെ, ഈ പാടത്തെ ചേര്‍ ,ചെരിപ്പിട്ടാലും കാലില് പറ്റും.കുട്ടി വരംബതൂന്നു ഇറങ്ങണ്ട.പാടത്തിലെ വെള്ളത്തില് നീര്‍ക്കൊലീണ്ടാവും,ചിലപ്പോ കാലിമ്മല് ഞണ്ട് ഇറുക്കും.കുട്ടി വീട്ടില്‍ക്ക് പോകുന്നതാ നല്ലത് ".കൈക്കോട്ട്‌ കൊണ്ടു കിളക്കുന്നതിനിടയില്‍ കോരന്‍ കുട്ടി അശ്രദ്ധമായി പറഞ്ഞു."ഇതെന്താ ഈ വെളുത്ത സാധനം..?വെളുത്ത കൊച്ചു ഗുളിക പോലെ?"..അവള്‍ പിന്നെയും ചോദിച്ചു." അത് ഞാവിഞ്ഞിയുടെ മുട്ടയാ." തല ഉയര്‍ത്താതെ തന്നെ കോരന്‍ കുട്ടി പറഞ്ഞു."ഈ ഞാവിന്ജീന്നു പറഞ്ഞാ എന്താ?" ....അവള്‍ പിന്നെയും ചോദിച്ചു."ആ തോട് കണ്ടില്ലേ,അതിനുള്ളില്‍ ഒരു ജീവി ഉണ്ട്.അതാ ഞാവിഞ്ഞി. അത് ആ തോടിന്നുള്ളിലാ ജീവിക്ക്യ." കോരന്‍ കുട്ടി അക്ഷമയോടെ പറഞ്ഞു."അതെയോ?,അതിന്റെ ആ തോട് മുറുക്കിന്റെ പോലെ ഉണ്ട്.വട്ടത്തില്.ഇതു ഒച്ചിനെ പോലെ ഉണ്ടല്ലോ..അപ്പൊ,ഈ മീമിയെന്താ ഇങ്ങനെ?"ചേറില്‍ പുതഞ്ഞു നീന്തി നടക്കാന്‍ പ്രയാസപ്പെടുന്ന ഒരു കൊച്ചു ആമ കുട്ടിയെ നോക്കി അവള്‍ ചോദിച്ചു."ഈ മീമിക്ക് കാലുണ്ടോ?കൊരന്കുട്ടിയെന്താ മിണ്ടാതെ?"അവള്‍ നിഷ്കളങ്കതയോടെ ചോദിച്ചു.കൈകോട്ടു താഴെ വച്ചു അയാള്‍ ഒന്നു നീട്ടി തുപ്പി.മുറുക്കാന്‍ കലര്‍ന്ന തുപ്പല്‍ പാടത്തിലെ ചെളി വെള്ളത്തില്‍ പടര്‍ന്നു.വെള്ളം ആകെ ചുവന്നു.തലയില്‍ കെട്ടിയ മുഷിഞ്ഞ തോര്‍ത്ത് അഴിച്ചു കുടഞ്ഞു തോളത്തിട്ടു കോരന്‍ കുട്ടി ഓടി വന്നു.ആമ ക്കുട്ടിയെ എടുത്തു നോക്കിക്കൊണ്ട്‌ പറഞ്ഞു,"ഇതു മീനല്ല,ഇതൊരു ആമ ക്കുട്ടിയാ."..."ആമക്കുട്ടിയോ?അയ്യോ,അതിന്റെ കാലോ?അതിന് നേരത്തെ കണ്ണ് ഉണ്ടായിരുന്നല്ലോ...?ഇതെന്താപ്പോ കല്ല് പോലെ?" അവള്‍ സംശയത്തോടെ ചോദിച്ചു."ങാ..ആമകള്‍ അങ്ങനെയാ....നമ്മള് അതിനെ തൊട്ടാല് അത് കൈയും ,കാലും ഉള്ളിലേക്ക് വലിക്കും.ഇതിനും ഉണ്ട് പുറന്തോട്‌.തോട്ടിലൂടെ ഒലിച്ചു വന്നതാവും.മോള് പോയി ഒരു ബക്കറ്റ് എടുത്തിട്ടു വാ..."കോരന്‍ കുട്ടി ഉത്സാഹത്തോടെ പറഞ്ഞു.
"വീടിന്റെ മുറ്റത്ത്‌ ഒരു ചെന്തെങ്ങിന്റെ തൈ നടുന്നത്‌ ഐശ്വര്യമാണ് രതി ഏടത്തിയെ....ഇതു നട്ടോളൂ"കണ്ണന്റെ ഒപ്പം കയറി വന്ന സരസ്വതി ചേച്ചി പറഞ്ഞു."ഈ താറാവ് മുട്ടയിട്ടോ?" സരസ്വതി ചേച്ചിടെ അനിയന്‍ കണ്ണന്‍ ചോദിച്ചു.."ഇല്ല്യന്നെ... അത് പൂവനാനെന്നാ തോന്നുന്നത്."അമ്മ പറഞ്ഞു....കുറച്ചു അകലെയാണ് എങ്കിലും പറയാന്‍ പറ്റിയ അയല്‍വക്കക്കാര്‍ അന്വേഷണം ആയി എത്തുന്നുണ്ട്.അമ്മക്ക് പരാതികള്‍ ഒഴിഞ്ഞു തുടങ്ങി.വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് പടര്ന്നു നില്ക്കുന്ന കയ്പ്പ പന്തല്‍ കണ്ടു സരസ്വതി ചേച്ചി പറഞ്ഞു"നിറയെ പൂവിട്ടല്ലോ അല്ലെ..".."പൂവ് മാത്രമല്ല മൂന്നു ,നാല് കയ്പയും തൂങ്ങി...നോക്കു..വലുതായി തുടങ്ങി.." അമ്മ സന്തോഷത്തോടെ പറഞ്ഞു.കറുപ്പില്‍ മഞ്ഞ വരകളുള്ള പുറന്തോട്‌ ഉള്ള ആ ആമ കുട്ടി ,ചുവന്ന ബക്കറ്റ് ലെ വെള്ളത്തില്‍ നീന്തികളിച്ചു.അതിലേക്ക് എത്തി നോക്കി ചോറു ഇട്ടു കൊടുക്കുന്ന മോളെ നോക്കി അമ്മ പറഞ്ഞു"എന്താ ഈ കാട്ടനെ...? അത് ചോറോന്നും ഉണ്ണില്ല.തോട്ടില് കിടക്കണ ജീവിയെ പിടിച്ചു ഇവള്‍ ബക്കറ്റ് ഇല് ഇട്ടു വച്ചിരിക്ക്യാ.ഭരതെട്ടനിത് കണ്ടോ?"അമ്മ പരാതി പറഞ്ഞു.നെറുകയില്‍ തലോടിക്കൊണ്ട്‌ മോളെ പൊക്കിയെടുത്തു കൊണ്ടു അച്ഛന്‍ പറഞ്ഞു."അതിനെ നമുക്കു വിട്ടേക്കാം.അതിന് ബക്കറ്റ് ല് ജീവിക്കാന്‍ പറ്റില്ല."അല്ലെങ്കിലും ഈ പാടത്ത് നിറച്ചും ഇഴ ജന്തുക്കള്‍ മാത്രമെ ഉള്ളു"അമ്മ പറഞ്ഞു."ഈ അമ്മക്കെന്താ ഇങ്ങനെ തോന്നാന്‍?എനിക്കീ വീട് ഒത്തിരി ഇഷ്ടായി.ഇവിടത്തെ സീനിയ പൂവുകളൊക്കെ എന്ത് ഭങ്ങിയാ?പക്ഷെ,ഒരു കാര്യം മാത്രം ഇഷ്ടല്ല്യ." മോള് പറഞ്ഞു."എന്താ എന്റെ മോള്‍ക്ക്‌ ഇവിടെ ഇഷ്ടല്ല്യാത്തത്? ഈ വീടിന്റെ പണി മുഴുവന്‍ തീരാത്തത് കൊണ്ടാ?" അച്ഛന്‍ സ്നേഹത്തോടെ ചോദിച്ചു."പറയട്ടെ..അച്ഛക്ക് സങ്കടാവുമോ?" അവള്‍ ചോദിച്ചു. "ഇല്ല്യ,മോള് പറഞ്ഞോളൂ." അച്ഛന്‍ ധൈര്യം കൊടുത്തു."ആ വേലി പ്പടര്‍പ്പിലെ മൈലാഞ്ചി പൂവില്ലേ..മഞ്ഞ നിരതിലുള്ളത് ....അതിന്റെ മണം മാത്രം മോള്ക്കിഷ്ടല്ല്യ." മോള് പറഞ്ഞു."അത്രക്കെ ഉള്ളൂ,അച്ഛന്‍ വേരെന്തോക്കെയോ വിചാരിച്ചു., അത് അച്ഛ വെട്ടിക്കളയാം....പിന്നെ,അമ്മക്ക് ഈ വീട് ഇഷ്ടമില്ലാതെ ഇവിടെ പൂന്തോട്ടം ഉണ്ടാക്കുമോ?നമ്മളിവിടെ താമസിക്കുമോ? അമ്മയ്ക്കും ഈ വീട് നല്ല ഇഷ്ടാ.." കുട്ടിയെ തോളില്‍ കിടത്തി കൊണ്ടു അച്ഛന്‍ പറഞ്ഞു.എന്ത് പറഞ്ഞാലും സാധിച്ചു തരുന്ന അച്ഛന്റെ തോളില്‍ കിടന്നു ഉറങ്ങുമ്പോള്‍ അവളുടെ അടഞ്ഞ കണ്ണുകള്‍ ,പാട വരമ്പിലൂടെ ഓടിനടന്ന് തുമ്പിയെ പിടിക്കുന്ന സ്വപ്നം കാണുകയായിരുന്നു....

Sunday, March 19, 2006

എന്തൊരു രസമാണെന്നോ????? ഈ ലോകം ഡയറിമില്‍ക്ക് ന്റെതാനെന്നോ???????







സ്കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി ഗൌരി നടത്തുന്ന പതിവുള്ള യുദ്ധം കുറച്ചു നീണ്ടു. ഒടുവില്‍ ഗൌരി തന്നെ പരാജയം സമ്മതിച്ചു. ഗൌരിയെ പിടിച്ചു വലിച്ചു ദാസ് ,അവളെ കാരിനുള്ളിലാക്കി ബാക്ക് ഡോര്‍ അടച്ചു. വീങ്ങിക്കെട്ടിയുള്ള അവളുടെ മുഖം കണ്ടു, ഗൌരിയോട് ദാസിനു സഹതാപം തോന്നി. പണ്ട്, താനും ഇങ്ങനെ ആയിരുന്നില്ലേ...ദാസ് ഓര്ത്തു.സ്കൂള്‍ ബസ്സ് വരാറായി എന്ന് തോന്നുമ്പോഴാണ് അമ്മയോട് എന്നും ജീരകവെള്ളം കുടിക്കണം എന്ന് പറയാറുള്ളത്.അന്ന്,പക്ഷെ, തനിക്കരിയില്ലായിരുന്നു, ജീരകവെള്ളം കുടിക്കാന്‍ അധികം സമയമൊന്നും വേണ്ടെന്നു....വെള്ളം കുടിക്കുന്ന സമയത്തിനുള്ളില്‍ ബസ്സ് പൊയ്ക്കോട്ടേ എന്ന് തന്നെയായിരുന്നു അന്ന് തന്റെ ഉള്ളിലിരിപ്പ്‌... ഇപ്പോള്‍ എല്ലാം ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു...സ്കൂള്‍ അവധി ആണെന്ന് കേട്ടാല്‍ തുള്ളിചാടരുമുണ്ട്.
അവളെ ഒന്നു സോപ്പ് ഇട്ടു തണുപ്പിക്കാന്‍ ദാസ് തീരുമാനിച്ചു."നമുക്കിന്നു ന്യൂ ഇന്ഡ്യന്‍ സുപെര്‍മര്‍കെട്ട് വഴി സ്കൂളിലേക്ക്‌ പോകാം.വാവയ്ക്ക് ഒരു പാക്കറ്റ് ചീട്ടോസ് വാങ്ങാം." ദാസ് പറഞ്ഞു. അവള്ക്ക് ഏറ്റവും ഇഷ്ടമുള്ള ചിപ്സ് ആണ് അത്.കേട്ട പാതി, കേല്‍ക്കാത്ത പാതി , അവള്‍ ഉത്സാത്തോടെ ഒരുങ്ങിയിരുന്നു.സുപെര്മാര്‍കെട്ട്ലെ ചോക്ലറെ വിഭാഗത്തില്‍ പതിവില്‍ കവിഞ്ഞ സാമര്ത്യതോടെ അവള്‍ ഓടി നടന്നു.
വേഗം ഒരു മുട്ടന്‍ ബോക്സ് എടുതുപിടിച്ചു .ദാസ് ഒന്നു നടുങ്ങി!!!! എന്റമ്മേ... ഇവളെ ഇങ്ങോട്ട് കൊണ്ടു വന്നത് കുരിശായോ?എന്തെന്കിലുമാവട്ടെ എന്ന് കരുതി നടക്കുമ്പോഴാണ്‌ അടുത്ത ലീലാവിലാസം!!! കൈയിലെ ബോക്സ് അവിടെ തന്നെ വച്ചു മറ്റൊരു വലിയ പാക്കറ്റ് എടുത്തു പിടിച്ചു. വീണ്ടും ആശയ കുഴപ്പം ...അത് അവിടെ വച്ചു, ആദ്യത്തേത് തന്നെ എടുത്തു. ഏയ്..ഇതു വേണ്ട..അത് അവിടെ ഇട്ടു.വേറെ ഒന്നെടുത്തു.ഒടുവില്‍ വേറൊന്ന് എടുത്തു....അവള്ക്ക് താങ്ങി നടക്കാന്‍ കഴിയുന്നതിനും അപ്പുറത്ത് ഉള്ള ഒന്നു.ഒരു മുട്ടന്‍ പാക്കറ്റ്.ദാസ് പതുക്കെ പാകെടിലേക്ക് ഒന്നു പാളി നോക്കി.സാമാന്യം നന്നായി ഒന്നു ഞെട്ടി.വെറും നാല്പതു റിയാല്.എന്ന് വച്ചാല്‍ നമ്മുടെ നാനൂറു രൂപയിലധികം.ഈ സുപെര്മാര്‍കെട്ട് സന്ദര്‍ശനം വേണ്ടായിരുന്നു, എന്ന് തോന്നി.ഒരു ദിവസം സ്കൂളില്‍ പോകാന്‍ അവള്ക്ക് കൈക്കൂലി നാനൂറു രൂപയുടെ മിട്ടായി.ദാസ് പറഞ്ഞു..."അത് വേണ്ട ഗൌരി,ആ ബോക്സ് മതി."...."ഏയ്.. ഇന്ച്ചു അത് വേണ്ട വാവച്ചു ഇതാ ഇട്ടം.ഇതു മതി." ഗൌരി നിഷ്കളങ്ങതയോടെ പറഞ്ഞു.വീണ്ടും ഒന്നു മയത്തില്‍ പറഞ്ഞു നോക്കി..."അച്ഛന്റെ കൈയില്‍ കാശില്ല കേട്ടോ."..."സാരല്ല്യ.. നമുക്കിത് ബില്ലിടണ്ട.അപ്പൊ, കൊയപ്പം ഇല്ല്യാലോ.." പാക്കെട്ടും താങ്ങി പിടിച്ചു അവള്‍ വിജയ ഭാവത്തില്‍ മുന്നോട്ടു നടന്നു.ഇടയ്ക്ക് പാക്കറ്റ് പൊട്ടിച്ചു തീറ്റയും തുടങ്ങി. എന്ത് വേഗതിലാ പ്രശ്നം പരിഹരിച്ചത്....??????? ടിവിയില്‍ കണ്ട പരസ്യത്തിലെ പാട്ടും ഒപ്പം വന്നു.എന്തൊരു രസമാണെന്നോ...ലോകം ഡയറി മില്‍ക്ക് ന്റെ താനെന്നോ....!!!!!!!!

Thursday, March 16, 2006

ഓര്‍മകളുടെ ഗന്ധം

പ്ലാസ്റ്റിക് കവര്‍ തുറന്നു മാമ്പഴം എടുത്തപ്പോള്‍ ഉണ്ടായ ഗന്ധം അമ്മമ്മയെ ഓര്‍മിപ്പിച്ചു. എല്ലാം നഷ്ടപ്പെടുത്തിയ ഈ പ്രവാസ ജീവിതത്തിനിടയിലും ഇടക്കെങ്കിലും ഇനിയും ഓര്‍ക്കാനെന്കിലുംഒരുപാടു ഉണ്ട് എന്ന് ആ ഗന്ധം ഓര്‍മിപ്പിച്ചു. വെളുത്തു, ചുരുണ്ടമുടിയുള്ള അമ്മമ്മ . അമ്മമ്മയുടെ ചുവന്ന കല്ല് വച്ച മൂക്കുത്തി തൊട്ടു നോക്കിക്കൊണ്ടു ഒരിക്കല്‍ ഞാന്‍ ചോദിച്ചു, "ഇതെനിക്ക് തരുമോ? " .... "കുട്ടിക്ക് വേണെങ്കില്‍ വേറെ ഉണ്ടാക്കി തരാലോ...പക്ഷെ, ഇപ്പൊ വേണ്ട..പ്രയാവട്ടെ. ഒരു പെണ്ണായി കഴിഞ്ഞു നമുക്കു ആ നാരായണി തട്ടാത്തിയെ വിളിച്ചു കുട്ടീടെ മൂക്ക്‌ കുത്തിക്കാം . എന്നിട്ട് പുതിയതായി പണിയിച്ച മുക്കൂത്തിയിടാം.പോരെ?" ചിരിച്ചു കൊണ്ടു അമ്മമ്മ പറഞ്ഞു. "അപ്പൊ ഞാന്‍ പെണ്ണല്ലേ? ".....അമ്മമ്മ പറഞ്ഞു " നീ പെണ്ണ് ആയില്ലല്ലോ .ഇപ്പോള്‍ പെണ്‍കുട്ടിയല്ലേ?" " അപ്പോള്‍ ഞാന്‍ എപ്പോഴാ പെണ്ണ് ആവ്വാ??" " അതൊക്കെ ഉണ്ട് . വരൂ നമുക്കു മേലുകഴുകാന്‍ പോകാം. ആ തോര്‍ത്ത് മുണ്ട് എടുത്തോളൂ .""സൂക്ഷിച്ചു പടവ് ഇറങ്ങണം കേട്ടോ.." അമ്മമ്മ പറഞ്ഞു. കുളപ്പടവില്‍ മുളച്ചു വലുതായ വെള്ളതുമ്പപ്പൂ പൊട്ടിച്ചപ്പോള്‍ അമ്മമ്മ പറഞ്ഞു "അത് വെറുതെ പൊട്ടിച്ചു കളയല്ലേ കുട്ടീ, ആ തുമ്പ പൂവിനെ ഒന്നു നോക്കൂ......ശരിക്കും ഒരു കാല്പാദത്തിന്റെ ആകൃതി ഇല്ലേ അതിന്? ശ്രീ പാര്‍വതീ ദേവിയുടെ കാല്പാദം ആണ് അതെന്നാ സങ്കല്പം."...."എനിക്ക് തോന്നുന്നില്ല ." ഞാന്‍ ഒരു കുസൃതി പറഞ്ഞു."അതൊന്നു കമഴ്ത്തി വച്ചു നോക്കൂ കുട്ടിയെ..." അമ്മമ്മ പറഞ്ഞു." ശരിയാ. ശരിക്കും ഒരു കുഞ്ഞികാല് !!!!! എന്തൊരു ഭംഗിയാ ? " ..."വേഗം മേലുകഴുകി വന്നാല്‍ ഞാന്‍ മാമ്പഴം ചെത്തി തരാം. വന്നോളൂ."
കാലം ഒരുപാടു പോയ്പോയെന്കിലും , ആ തെക്കിനിയിലെ പഴുത്ത പലതരം മാമ്പഴ്ങളുടെയും ഗന്ധം എനിക്കിപ്പോഴും അനുഭവപ്പെടുന്നു......ഒരുപാടു നാളുകള്‍ കഴിഞ്ഞാലും അതൊന്നും കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെടില്ലയിരിക്കും. അല്ലെങ്കിലും, ഗതകാല സ്മരണകള്‍ ഇല്ലെന്കില്‍ മനുഷ്യന് പിന്നെ നിലനില്പ്പില്ലല്ലോ....?
"ദേ........മാമ്പഴം വീഴുന്ന ശബ്ദം കേട്ടു. കുട്ടി ഒന്നു ചെന്നു അത് എടുത്തിട്ടു വരൂ." മാവിന്‍ ചുവട്ടിലേക്ക് നടക്കുമ്പോള്‍ എനിക്ക് ചിരി വന്നു. ഈ അമ്മമ്മയ്ക്ക് ഇത്ര വയസ്സായിട്ടും എന്തിഷ്ടമാണ് മാമ്പഴം? ഞാന്‍ അത്ഭുതപ്പെട്ടു. പക്ഷെ, കൊണ്ടു കൊടുത്തപ്പോള്‍ അമ്മമ്മ പറഞ്ഞു,"വേണ്ട,എനിക്ക് കഴിക്കാന്‍ പാടില്ലെന്ന് കോമളം പറഞ്ഞു.പഞ്ചസാരയുടെ അസുഖം ഉണ്ടെത്രെ എനിക്ക്. അതാത്രേ, കാലിലെ മുറിവ്‌ ഉണ്ങാതതേ ...കുട്ടി കഴിച്ചോളൂ. ".."അപ്പൊ അമ്മമ്മയ്ക്ക് ഇനി മാമ്പഴം കഴിക്കാന്‍ പറ്റില്ലേ? അമ്മമ്മ കഴിച്ചോളൂ... ഞാന്‍ ആരോടും പറയില്ല." അമ്മയുടെ കണ്ണ് നിറഞ്ഞത്‌ എനിക്ക് കാണാമായിരുന്നു.അമ്മമ്മയ്ക്ക് കഴിക്കാന്‍ പറ്റാത്തത്‌ ഞാന്‍ എങ്ങനെയാണ് കഴിക്കുന്നത്? ഒന്നരാടം കൊല്ലം കൂടുമ്പോള്‍ കായ്ക്കുന്ന ആ പുളിമാവ്‌ ഇനി ഒരിക്കലും കായ്കാതിരുന്നെന്കില്‍ എന്നെനിക്കു തോന്നി.
ഓര്‍മകളെ പിന്നോട്ട് പായിച്ചു , ഭൂത കാലങ്ങളിലേക്കു സഞ്ചരിക്കാനുള്ള മനുഷ്യനെ കഴിവിനെ ഓര്‍ത്തുകൊണ്ട്‌ മാമ്പഴം എടുത്തത്‌ പോലെ തന്നെ തിരിച്ചു പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജ്‌ ലേക്ക് എടുത്തു വച്ചു.