
Saturday, August 28, 2010
Thursday, July 22, 2010
സഞ്ചാരി
സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്ന ഒരു പച്ച മനുഷ്യന്‍! പക്ഷെ,എന്തൊക്കെയോ ചില അസാധാരണത്വം ഉള്ള ഒരു വ്യക്തി.അയാളെ വിശേഷിപ്പിക്കാന്‍ അര്‍ത്ഥവത്തായ ഒരു വാക്ക് പരതി പലപ്പോഴും ഞാന്‍ ക്ഷീണിതയായി.
മറ്റ് മുടിവെട്ടുകാരില്‍ നിന്നും വ്യത്യസ്തനാക്കിയിരുന്ന, സഞ്ചാരിയുടെ വേഷവിധാനങ്ങളായ - നാട്ടുകാര്‍ സംഭാവന ചെയ്ത- ഫുള്‍ സ്ലീവ് ഷര്‍ട്ട്, പാന്‍റ്സ്, സണ്‍ഗ്ലാസ്, ഷൂ എന്നിവയില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ഒറ്റ തോര്‍ത്തിലേയ്ക്കോ, ലുങ്കിയിലേയ്ക്കോ ഉള്ള വേഷപ്പകര്‍ച്ച ഞങ്ങളില്‍ ചിരിയുണര്‍ത്തിയിരുന്നു. ഇനി,മുടിവെട്ട് കൂടാതെ തേങ്ങ പൊതിക്കുന്നത് മുതല്‍, വിറക് അട്ടത്ത് കയറ്റുന്നതിനു വരെ ഞാന്‍ തയ്യാര്‍ എന്ന മട്ടില്‍. അത്യാവശ്യം കല്യാണബ്രോക്കര്‍ പണിയും കൈയിലുള്ളത് കൊണ്ട്, കല്യാണ പ്രായമായ മക്കളുള്ള വീടിന്‍റെ വാതില്‍ അയാള്‍ക്ക് മുന്നില്‍ എളുപ്പം തുറന്നു വച്ചു.
മുതിര്‍ന്നവരെ സംബന്ധിച്ച്, സഞ്ചാരിയില്‍ നിഷ്കളങ്കത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലെന്നു തന്നെ പറയാം.എങ്കിലും,ഞങള്‍ കുട്ടികള്‍ക്ക് ഒരുപാട് വിദ്യകള്‍ കൈമുതലാക്കിയിരുന്ന അയാളോട് തികഞ്ഞ ആരാധന.ഒരു പ്രത്യേക രീതിയില്‍ നാവിനു ബലം കൊടുത്ത് 'ടക്' എന്നുണ്ടാക്കുന്ന വലിയ ശബ്ദം അനുകരിക്കാന്‍ ശ്രമിച്ച് എന്നും ഞങ്ങള്‍ പരാജയപ്പെട്ടു.പടിഞ്ഞാപ്പുറത്ത് മുടി വെട്ടിക്കാനായി സ്റൂളിന്മേല്‍ തോര്‍ത്തും പുതപ്പിച്ച് കയറ്റി ഇരുത്തുമ്പോള്‍ അയാള്‍ ചോദിക്കും, "കഴുത്ത് ഞരിച്ച് ശബ്ദമുണ്ടാക്കി കാണിക്കട്ടെ?" ഈശ്വരാ! എന്ത് സംഭവിക്കും? എന്ന് പേടിയോടെ ഇരിക്കുമ്പോള്‍ കഴുത്തൊന്ന്‍ പതുക്കെ തിരിക്കും,പക്ഷേ വലിയൊരു യന്ത്രം കറങ്ങുന്ന തരത്തിലുള്ള ശബ്ദം കേള്‍ക്കാം.ഒരിയ്ക്കല്‍ സഞ്ചാരി ഞങ്ങള്‍ കുട്ടികളെ പറ്റിക്കുമ്പോള്‍ അച്ഛാച്ച പറഞ്ഞു, "അവനത് പല്ല് കടിച്ച് ശബ്ദമുണ്ടാക്കുന്നതാ."
മുറ്റത്തു വീണു കിടക്കുന്ന പ്ലാവില മടക്കി,ഈര്‍ക്കിലി കുത്തി പ്ലാവില കയില്‍ ആക്കുമ്പോഴേ മൂപ്പരുടെ ആരാധകര്‍ ചുറ്റും കൂടും.പടിഞ്ഞാപ്പുറത്തെ ഇറയത്തെ തിണ്ണയില്‍ ഇരിയ്ക്കുന്ന ഒരടുക്ക് നിറയെ ചോറും,മറ്റൊരു അടുക്ക് നിറയെ കൂട്ടാനും നിമിഷ നേരത്തിനുള്ളില്‍ അകത്താക്കി ഒന്നും സംഭവിക്കാത്തത് പോലെ മൂന്നാമതൊരു അടുക്ക് നിറയെ വെള്ളം കുടിയ്ക്കും.എന്നിട്ട് ഇടതു ചൂണ്ടു വിരല്‍ കൊണ്ട് ഇടത് ചെവിയിലെ ഓട്ട അടച്ച് എന്തിനോ തയ്യാറായി നില്‍ക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ കാണാം എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് കുടിച്ച വെള്ളം മുഴുവന്‍ ഹോസിലൂടെ ചീറ്റിക്കുന്നത് പോലെ വായിലൂടെ പുറത്തേയ്ക്ക് ചീറ്റിക്കും.കാണികളെ നിരാശരാക്കാതെ അടുത്ത ഐറ്റം ഉടന്‍ ഉണ്ടാകും.തന്‍റെ വയറില്‍ അവിടവിടായി മൂന്നാലിടത്ത് വിരലുകള്‍ കൊണ്ട് ഒരു പ്രത്യേക താളത്തില്‍ കൊട്ടുന്നു.പിന്നീട് കാണാം, വായ് തുറന്നു നാവിനടിയില്‍ നിന്ന് കൂട്ടാനൊഴിച്ച് ചോറുണ്ണുമ്പോള്‍ കൂട്ടത്തില്‍ അകത്താക്കിയ കറിവേപ്പിലകള്‍ എടുക്കുന്നു. ഇന്നാണ് ഇതെല്ലാം കാണിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും സഞ്ചാരിയും, അയാളുടെ വിക്രിയകളും കൈരളിയില്‍ ശ്രീരാമന്‍റെ 'വേറിട്ട കാഴ്ചകളില്‍' തിളങ്ങിയേനെ.
"എല്ലാരുടെയും, മുടി വെട്ടണ സഞ്ചാരീടെ മുടി അപ്പടി വലുതായി.ഇതെന്താ വെട്ടാത്തേ?" എന്‍റെ ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് പലപ്പോഴും സഞ്ചാരി മുറുക്കാന്‍ കറ പടര്‍ന്ന പല്ല് കാട്ടി ഇളിച്ചതല്ലാതെ ഒരു മറുപടി എനിക്ക് തന്നിട്ടില്ല. "ഈ സഞ്ചാരിക്ക് ഒരു ബ്രാല് മീനിന്‍റെ ഛായയുണ്ട്. അതിന്‍റെ ചെകിള പോലെയാ സഞ്ചാരീടെ കവിള്". ഒരിയ്ക്കലെന്‍റെ കമന്റടി കേട്ട് സഞ്ചാരി എന്നെ ഇരുത്തി ഊഞ്ഞാലില്‍ ആനപ്പൊക്കത്തില്‍ ആട്ടാം എന്ന വ്യവസ്ഥയില്‍ നിന്നും പിന്മാറി.
കാഴ്ചയില്‍ കൗതുകം ഉണര്‍ത്തുന്ന എന്തും അതിന്‍റെ ഉടമസ്ഥനോട് ചോദിച്ചു വാങ്ങുക സഞ്ചാരിയുടെ കൌശലങ്ങളില്‍ ഒന്നായിരുന്നു. അച്ഛന്‍റെ മരണ ശേഷം അദ്ദേഹത്തിന്‍റെ റാഡോ വാച്ച് നിധി പോലെ സൂക്ഷിച്ചിരുന്ന മൂന്നാം ക്ലാസ്സുകാരിയായ എന്നോട് സഞ്ചാരി അത് വേണമെന്നാവശ്യപ്പെട്ട് എന്നോട് വഴക്കിട്ടു. ഞാന്‍ മൂര്‍ച്ഛയേറിയ വാക്കുകളില്‍ പറഞ്ഞു. "വീട്ടില്‍ വരണോര്‍ക്കും, പോണോര്‍ക്കും കൊടുക്കാനുള്ളതല്ല എന്‍റെ അച്ഛേടെ വാച്ച്.ഓര്‍മ്മയ്ക്കായി സൂക്ഷിച്ചു വയ്ക്കാന്‍ അതെനിക്ക് വേണം." മറുപടിയായി പുതുമയാര്‍ന്ന ഒരു ജീവിത തത്വമെന്ന മട്ടില്‍ എന്‍റെ മുമ്പില്‍ വിളമ്പിയ ഡയലോഗ് ഇങ്ങനെ "മറ്റുള്ളോര് എന്താഗ്രഹിച്ച് ചോദിച്ചാലും കൊടുക്കണം.ഇല്ലെങ്കില് നമ്മള്‍ മരിച്ചു കഴിഞ്ഞാ നരകത്തീ പോകും."
ഇടയ്ക്കാരെങ്കിലും, എന്തെങ്കിലും അത്യാവശ്യത്തിന് സഞ്ചാരിയെ പരസ്പരം അന്വേഷിക്കുമ്പോള്‍ 'സഞ്ചാരിയെവിടെ' എന്ന ചോദ്യത്തിന് ആരുടെ കൈയിലും കൃത്യമായ ഒരു മറുപടിയുണ്ടാവില്ല. 'എങ്ങോട്ട് പോകുന്നു? ഇത്ര നാളും എന്താ കാണാഞ്ഞേ?" ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ദുരൂഹതകള്‍ മാത്രം.ജീവിത പ്രാരാബ്ധങ്ങളില്‍ നിന്ന് ഓടിയകലാനാണോ, അതോ ഉത്തരവാദിത്ത്വങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണോ അയാള്‍ ഈ സഞ്ചാരിയുടെ മേലങ്കിയെടുത്തണിഞ്ഞതെന്ന് എനിക്കറിയില്ല. "നീയിങ്ങനെ ബാര്‍ബര്‍ ഷാപ്പ് അടച്ചിട്ടിട്ട് കല്യാണ ബ്രോക്കറാണെന്നും പറഞ്ഞ് ലോകം മുഴുവന്‍ ചുറ്റി നടന്നാ എങ്ങന്യാ ശരിയാവ്വാ?" നാട്ടുകാരുടെ ചോദ്യത്തിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി വരും. "ചെക്കന് പത്തിരുപത് വയസ്സായില്ലേ? ഇനി കട അവന്‍ നോക്കട്ടെ"
പെരുമാറ്റത്തിലെ മാന്ത്രികതയോ, വാക്ചാതുര്യമോ, എന്ത് ജോലിയും ചെയ്യാനുള്ള സന്നദ്ധതയോ അയാളെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കിത്തീര്‍ത്തിരുന്നു. "നമ്മടെ പറമ്പ്, നമ്മടെ മാവ്, നമ്മടെ വീട്... " നാട്ടുകാരുടെ വസ്തു വകകളെല്ലാം അയാള്‍ക്ക് "നമ്മടെ" ആയിരുന്നു. സഞ്ചാരിയെ ഒരിയ്ക്കലും പ്രാധാന്യമേറിയ വ്യക്തിത്വമായി കണക്കാക്കാനില്ലെങ്കിലും ഗ്രാമീണതയുടെ നിഷ്കളങ്കത മൂലമായിരിക്കാം അയാളില്‍ ഒരു കുറ്റമാരോപിക്കാനോ, അയാളെ നിഷേധിക്കാനോ ആരും തയ്യാറായതുമില്ല. അയാളങ്ങനെ യാതൊരു അതിര്‍ത്തി ലംഘനങ്ങളും നേരിടാതെ ഒരു പൊതു സ്വത്തായി വിലസി. 'സഞ്ചാരി'യെന്നല്ലാതെ വേലായുധനെന്നു ആ മധ്യവയസ്കനെ ആരും സംബോധന ചെയ്തു കേട്ടിട്ടുമില്ല. തലമുറകളുടെ വിട വാങ്ങലുകള്‍ക്കിടയില്‍ ആരുമല്ലാഞ്ഞിട്ടും ആരൊക്കെയോ ആയിത്തീര്‍ന്ന ഇത്തരം ആളുകള്‍ വീടുകളുടെ പൂമുഖങ്ങളില്‍ നിന്ന് കാലക്രമേണ അപ്രത്യക്ഷരായിത്തീര്‍ന്നിരിക്കുന്നു.
കൃത്യം ഒരു വര്‍ഷം മുന്‍പ് തിരുവോണനാളില്‍ ഉണ്ണാനിരിക്കുമ്പോള്‍ മഴയുടെ ഇരമ്പലിനോടൊപ്പം വന്ന ഏട്ടന്‍റെ കോള്‍ സഞ്ചാരിയുടെ മരണ വാര്‍ത്തയായിരുന്നു. "സഞ്ചാരി മരിച്ചു, ഇന്നത്തെ മാതൃഭൂമീലുണ്ട്. നീ നോക്ക്." സദ്യയുടെ തിരക്കിനിടയിലും പത്രം നോക്കാതിരിക്കാനായില്ല. "ദുരൂഹ സാഹചര്യത്തില്‍ കിണറില്‍ വീണു മരിച്ചു". ചരമക്കോളത്തിലെ തലക്കെട്ട് അതായിരുന്നു.എന്നും ഒരുപാട് ദുരൂഹതകള്‍ കൈമുതലാക്കിയ സഞ്ചാരി മരണത്തിലും ആ ദുരൂഹത കാത്തു സൂക്ഷിച്ചു.
ബാര്‍ബര്‍ ഷോപ്പുകള്‍, ജെന്റ്സ് ബ്യൂട്ടി പാരലറുകളായി പരിണമിച്ചതും, കല്യാണ ബ്രോക്കര്‍മാരുടെ റോള്‍ മാട്രിമോണിയലുകള്‍ കൈവശപ്പെടുത്തിയതും ഫുള്‍ സ്കാപ് ഫോട്ടോകളും, അഡ്രെസ്സുകളും, ജാതകക്കുറിപ്പുകളും കുത്തി നിറച്ച ഡയറിയും, ന്യൂസ് പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കത്രികയും,ഷേവിംഗ് സെറ്റും,ചീപ്പുകളും കക്ഷത്ത് കൊണ്ട് നടന്നിരുന്ന സഞ്ചാരിയെപ്പോലുള്ളവരുടെ തൊഴിലവസരങ്ങള്‍ കുറയാന്‍ കാരണമായിരിക്കാം. സഞ്ചാരിയുടെ മരണം മനസ്സില്‍ തട്ടാന്‍ മാത്രം അടുപ്പമുള്ളവര്‍ ഞങ്ങള്‍ക്കിടയില്‍ വളരെ ചുരുങ്ങിപ്പോയി എന്നെനിക്കുതോന്നി. ഓര്‍മ്മകളുടെ കടലിരമ്പത്തില് സഞ്ചാരിയും ഒരു കൊച്ചു വള്ളത്തില്‍ കയറി കാതങ്ങള്‍ക്കപ്പുറത്തേയ്ക്ക് തുഴഞ്ഞു പോകുന്നു..
Saturday, February 6, 2010
ദോഹയിലെ ബ്ലോഗ്ഗര്‍ മീറ്റ്

അങ്ങനെ ഞാനും പോയി,ഒരു മീറ്റിന്. സംഭവം ഇന്നലെയായിരുന്നു.ദോഹയിലെ ''ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ " ല്‍ വച്ച്.ഉച്ചയ്ക്ക്.പോസ്റ്റുകളിലൂടെയും,കമന്റുകളിലൂടെയും മാത്രം പരിചയമുണ്ടായിരുന്ന പല പുലികളെയും നേരിട്ട് കണ്ടു.
സ്കൂളിലെയും,വീട്ടിലെയും തിരക്ക് കാരണം,മിക്കവാറും ബൂലോകത്തിലെ വിശേഷങ്ങള്‍ അറിയാറില്ല.എന്റെ പോസ്റ്റിങ്ങ് മിക്കവാറും നിന്ന മട്ടാണ്.എഴുത്ത് നിന്നിട്ടില്ല.പക്ഷെ,അത് ടൈപ്പ് ചെയ്തു പോസ്റ്റ് ആക്കാന്‍ സമയം കിട്ടുന്നില്ല.പക്ഷെ,ബ്ലോഗ് മീറ്റിനു പോയി പല ബ്ലോഗ്ഗെര്‍മാരെയും നേരിട്ട് കണ്ടപ്പോള്‍ നമ്മുടെ ബ്ലോഗും പൊടി തട്ടിയെടുത്താലോ എന്നൊരാശ.
പുതിയ പോസ്ടിടാന്‍ ഒരു 'മോട്ടിവേഷന്‍' ശരിക്കും കിട്ടി.ബ്ലോഗ് മീറ്റിനു പോയി എല്ലാവരെയും 'കത്തി' വച്ച് 'കൊന്നപ്പോള്‍' തന്നെ മനസ്സ് നിറഞ്ഞു.നീണ്ട അഞ്ചു മാസം ഞാന്‍ പോസ്ടിട്ടില്ലെങ്കിലും, ചിലരെങ്കിലും എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം തോന്നി..
ബ്ലോഗ് മീറ്റിന്റെ ചര്‍ച്ചയ്ക്കിടയില്‍ എന്നോട് ഒരു പ്രമുഖ ബ്ലോഗ്ഗര്‍ പറഞ്ഞത് ,എന്റെ ബ്ലോഗ് വായിച്ചു കണ്ണ് ഫ്യൂസായിപ്പോകും എന്ന് പേടിച്ച് മൂപ്പര് മുഴുവന്‍ വായിക്കാറില്ല എന്ന് !!!!! ഇനി ആരും ഈ ചതി എന്നോട് കാണിക്കരുത്.അത് കാര്യമായി പരിഗണിച്ച് ഞാന്‍ എന്റെ ടെമ്പ്ലേറ്റ് മാറ്റുന്നു.ആരും മുഴുവന്‍ വായിക്കാതെ പോണ്ട.മുഴുവനും ഹാപ്പിയായി വായിച്ചേ പോകാവൂ.മുകളില്‍ കാണുന്ന ഫോട്ടോ മുരളിയേട്ടന്റെ പോസ്റ്ടീന്നു അടിച്ചു മാറ്റിയതാണ്.മൂപ്പര്‍ക്കത് ശൈലെശേട്ടന്‍ കൊടുത്തതും.ഇനി,ഇവരൊക്കെ തല്ലുണ്ടാക്കാന്‍ പടയുണ്ടാക്കി വരുമോ ആവോ? ബ്ലോഗ് മീറ്റിനു പോകുമ്പോ,ഞാന്‍ ക്യാമറ കൊണ്ടുപോയില്ല.അതൊക്കെ നേരെച്ചൊവ്വെ എടുക്കാന്‍ അറിയുന്നവര് എടുത്തിട്ടുണ്ട്.നന്നായി പോസ്റ്റ് ആക്കിയിട്ടും ഉണ്ട്.അതുകൊണ്ട്,മീറ്റിനെപ്പറ്റിയുള്ള നല്ല പോസ്റ്റ് വായിക്കാനും,പടംസ് കാണാനും നേരെ ഇതിലെ പോണേ. അതില്‍ പങ്കെടുത്ത എല്ലാവരുടെയും ബ്ലോഗ് ലിങ്ക് കൊടുത്തിട്ടുണ്ട്..അപ്പൊ,ബാക്കി വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍..
Monday, August 10, 2009
അനന്ദിത പറഞ്ഞത്...
"നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍...തുളസിക്കതിരില ചൂടി.." ടി.വി.യിലെ ഏതോ ചാനലില്‍ നിന്നും ഉയര്‍ന്നുകേട്ട പഴയ ഗാനത്തിനിടയില്‍ അവള്‍ നീട്ടി വിളിച്ചു ചോദിച്ചു."ദേ, നോക്കൂ ഞാന്‍ പറയാന്‍ പോണത് കേള്‍ക്കണുണ്ടോ?" ആ ചോദ്യത്തിന് കളിയായി അയാള്‍ ഇങ്ങനെ മറുപടി പറഞ്ഞു,"നീ പറയാന്‍ പോണത് എനിക്കെങ്ങനെയാ കേള്‍ക്കാന്‍ പറ്റ്വാ? പറഞ്ഞു കഴിഞ്ഞാലല്ലേ കേക്കാമ്പറ്റൂ".'ഊം..ഊം..അത് ശരിയാ,എന്നാല് ഞാന്‍ പറയണത് കേള്‍ക്കൂ പ്ലീസ്.".."അങ്ങനെ തെളിച്ചു പറയ്" അയാള്‍ പറഞ്ഞു."ഇന്ന് അനന്ദിത പറയ്വാണേയ്...അനന്ദിതയെ അറിയില്ലേ?എന്‍റെ കൂടെ വര്‍ക്ക് ചെയ്യണ, വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ആ കുട്ടി...ശ്ശൊ! ഞാന്‍ പറയാറില്ലേ,മൂക്കിന്‍റെ ഇടതു വശത്ത് ഒരു വലിയ കാക്കപ്പുള്ളീള്ള ആ കുട്ടി....." അയാള്‍ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി."അനന്ദിതേടെ മൂക്കിന്‍റെ ഏതു വശത്താ ഈ കാക്കപുള്ളി?എനിക്ക് ശരിക്കും മനസ്സിലായില്ല."അയാളുടെ ചോദ്യത്തിലെ കളിയാക്കലിന്റെ രുചി തിരിച്ചറിഞ്ഞ അവള്‍ തെല്ലിട മിണ്ടാതിരുന്നു.കളിയാക്കലിലെ ഇഷ്ടപ്പെടായ്ക അവള്‍ മെല്ലെ ഉള്ളിലൊതുക്കി.അല്ലെങ്കിലും അങ്ങനെ തന്നെ.ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് വെറും കളി....അവള്‍ കരുതി.അടുക്കളയില്‍ നിന്നും പച്ചപ്പിടിയുള്ള കത്തിയെടുത്ത് ടി.വി.യ്ക്ക് മുന്നില്‍ വന്നു ചമ്രം പടിഞ്ഞിരുന്ന് പച്ചക്കറി നുറുക്കാന്‍ തുടങ്ങി.ചോപ്പിംഗ് ബോര്‍ഡില്‍ കത്തി തട്ടുമ്പോള്‍ ഉള്ള 'ടക്..ടക്..' ശബ്ദം അയാളെ അലോസരപ്പെടുത്തുന്നുണ്ട് എന്നുള്ളത് അവളില്‍ ഗൂഡമായ ഒരു സന്തോഷം ഉളവാക്കി.അവള്‍ പച്ചക്കറി നുറുക്കലിന്റെ വേഗത തെല്ല് കൂട്ടി.
മനസ്സിനെപ്പിടിച്ചുലയ്ക്കുന്ന ഒരു സൌന്ദര്യപ്പിണക്കത്തിലേയ്ക്ക് ഈ "കാക്കപ്പുള്ളിപ്രശ്നം" വഴി തെളിയ്ക്കും എന്ന് അയാള്‍ ഊഹിച്ചു.ഉണ്ടാകാന്‍ പോകുന്ന പ്രശ്നത്തെ കരുതലോടെ ഒഴിവാക്കാന്‍ ശ്രമിച്ചു കൊണ്ട് അയാള്‍ ചോദിച്ചു,"അനന്ദിത എന്താ പറഞ്ഞത്? കേള്‍ക്കട്ടെ..!" അയാളുടെ ഈ ചോദ്യത്തിനായി കൊതിച്ചുകൊണ്ടിരുന്ന അവള്‍ പെട്ടെന്ന് പറഞ്ഞു,"അവരുടെ നാട്ടില് ദുര്‍ഗ്ഗാപൂജേടെ സമയത്ത് ദേവീടെ മൂര്‍ത്തി ഉണ്ടാക്കുംത്രേ.അതും മണ്ണ് കൊണ്ട്.അതിനു ചില പ്രത്യേകതകള്‍ ഉണ്ട്." ഇതിനിത്ര അതിശയിക്കാനെന്തിരിക്കുന്നു എന്ന മട്ടില്‍ അയാള്‍ തട്ടി വിട്ടു."നമ്മുടെ നാട്ടിലെ ഓണത്തിന് നമ്മള് മണ്ണ് കൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നില്ലേ?അതുപോലെയാവും ഇതും."
അവള്‍ സംശയലേശമെന്യേ ഇങ്ങനെ മറുപടി കൊടുത്തു,"അത് ഒരുപരിധി വരെ ശരിയാ.പക്ഷെ,അവരുടെ വിശ്വാസപ്രകാരം സ്വന്തം വീട്ടിലെ മാത്രം മണ്ണുകൊണ്ട് ഉണ്ടാക്കിയാല്‍ ആ മൂര്‍ത്തി ഉറയ്ക്കില്ലാത്രേ.അതുണ്ടാക്കാന്‍ കുറച്ച് മണ്ണ് അറിയപ്പെടുന്ന ഒരു വേശ്യ കൊടുക്കണംത്രേ!! ചില സ്ഥലങ്ങളില്‍ ഈ ദേവദാസികള്‍ എന്നും ഇവറ്റ അറിയപ്പെടുന്നുണ്ടല്ലോ.ഈ ദേവദാസികളും,ദുര്‍ഗ്ഗാ ദേവിയും തമ്മില്‍ ഏതോ ഒരു ഐതിഹ്യപ്രകാരം എന്തോ ഒരു കൊളാബ്രേഷന്‍ ഉണ്ട് പോലും !! അതുകൊണ്ടാത്രേ ഈ മൂര്‍ത്തി പണിയണ സമയത്ത് ഒരു പങ്കുമണ്ണ് കൊടുക്കാനുള്ള അവകാശം അവര്‍ക്ക് കിട്ടിയത്.അവര് കൊടുക്കുന്ന മണ്ണ് ചേര്‍ത്ത് പണിതാലേ മൂര്‍ത്തി ഉറയ്ക്കൂന്നാ വിശ്വാസം.പല നാട്ടിലും പല ഐതിഹ്യങ്ങളല്ലേ?ഇത് കേട്ടപ്പോ എനിക്ക് വല്ലാത്ത അതിശയമായീട്ടോ.നമ്മുടെ നാട്ടിലാണെങ്കില്‍ ആകെ കുഴഞ്ഞു പോയേനെ അല്ലെ?അറിയപ്പെടുന്ന വേശ്യ എന്നും പറഞ്ഞു നമ്മള് ആരോടാ മണ്ണ് ചോദിക്ക്യാ?ല്ലേ?അത് ഞാന്‍ അനന്ദിതയോട് ചോദിച്ചു,നിങ്ങള്‍ക്കങ്ങനെ മണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന്..അപ്പൊ,പറയ്വാ..ഈ പറയണ കൂട്ടര്‍ അവിടെ ഇഷ്ടം പോലെ ഉണ്ട്ന്ന്.അവര്‍ക്കത് പറയാന്‍ ഒരു നാണക്കേടും ഇല്യാന്ന്.ഈ ദുര്‍ഗ്ഗാ പൂജ കഴിയുമ്പോഴേയ്ക്കും ഈ മണ്ണ് ബിസിനസ് കൊണ്ട് അവര്‍ ഒരു നല്ല തുക സമ്പാദിക്കുംന്ന്."Saturday, May 2, 2009
മൂഷികസ്ത്രീ വീണ്ടും ...

ലോകത്തെവിടെയായാലും സ്കൂള്,സ്കൂള് തന്നെ.അതില്‍ വലിയ മാറ്റമൊന്നും നമുക്ക് പ്രതീക്ഷിക്കാനില്ല.എങ്കിലും കണ്ടു ശീലിച്ചതും,പറഞ്ഞു ശീലിച്ചതും,ചെയ്തു ശീലിച്ചതും മാറ്റി വേറെ ചിലതെല്ലാം സ്വായത്തമാക്കണമെന്ന് ഞാന്‍ കുറേശ്ശെ,കുറേശ്ശെ ശീലിച്ചു വരുന്നു.കുറേക്കാലമായി പൊട്ടക്കുളത്തിലെ തവളയായി കിടന്നതുകൊണ്ട് ഒരു 'സ്റ്റാര്‍ടിംഗ് ട്രബിള്‍ '.സംഭവിച്ച മാറ്റങ്ങള്‍ പലതും പുതുമയോടെയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുള്ളൂ..
ഒന്നും പിടികിട്ടിയില്ല അല്ലെ...?ഞാന്‍ പിന്നേം 'ആക്റ്റീവ്' ടീച്ചര്‍ ആയി.വീണ്ടും പിള്ളേരോട് 'ഗുസ്തി' പിടിക്കാന്‍ പോയി തുടങ്ങി.ഇവിടെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ടീച്ചര്‍ ആയി ജോയിന്‍ ചെയ്തു.നേരെ പോയി മോള്‍ക്കും അതെ സ്കൂളില്‍ തന്നെ അഡ്മിഷന്‍ എടുത്തു.ഏത് സ്കൂളാന്ന് തല പോയാലും ഞാന്‍ പറയില്ല.എന്നെ ഓടിച്ചിട്ട് തല്ലാനല്ലേ?എന്‍റെ ഭാഗ്യത്തിന് ആ സ്കൂളിലെ ഒരു പൂച്ചക്കുട്ടി പോലും മലയാളം ബ്ലോഗ് വായിക്കണുണ്ടാവില്ല.എന്താ ഭാഗ്യം ല്ലേ?മലയാളം ബ്ലോഗ് പോയിട്ട്,'ബ്ലോഗ്' എന്നൊരു സംഗതി ഉണ്ടെന്ന് പോലും അവര്‍ക്കറിയുംന്ന് തോന്നുന്നില്ല.അപ്പൊ,തീരെ പേടിക്കാനില്ല.
വിദൂര ഭൂതകാലത്തിലെ എന്‍റെ പ്രധാന സ്വപ്നങ്ങളില്‍ ഒന്നായിരുന്നു,കോട്ടണ്‍ സാരിയുടുത്ത് സ്കൂളില്‍ പോകുന്ന ഒരു ടീച്ചര്‍ ആകുക എന്നത്.ഇപ്പോഴത്തെ സാഹചര്യത്തില്‍ തല്‍ക്കാലം,ഈ പറഞ്ഞ 'സംഭവത്തിനെ' മടക്കി,അലമാരയില്‍ തന്നെ നമുക്ക് സ്വസ്ഥമായി നിക്ഷേപിക്കാം.'വാട്ടര്‍ ഫൌണ്ടനെ' വെല്ലുന്ന രീതിയിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നവരുടെ ഇടയിലാണ് ഞാനിപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത്.അവര്‍ക്കിടയിലെ ഞാനെന്ന 'ബാര്‍ബേറിയന്‍' രാവിലെ ആറരയ്ക്കുള്ള സ്കൂള്‍ ബസില്‍ കയറി,കുട്ടികളുടെ 'മില്‍സ് & ബൂണ്‍സ്' വായന കണ്ടില്ലെന്നു നടിച്ച്,ദോഹയിലെ പ്രകൃതിഭംഗി(???) കണ്ടുകൊണ്ടു സ്കൂളില്‍ പോകാന്‍ ശീലിച്ചു തുടങ്ങിയിരിക്കുന്നു.
"ആത്മകഥയ്ക്ക് ഒരാമുഖം" എന്ന തന്‍റെ കൃതിയില്‍ ലളിതാംബിക അന്തര്‍ജ്ജനം ഇങ്ങനെ എഴുതിയിരുന്നു,"മുത്തശ്ശിക്കഥകളില്‍ യക്ഷിയും,ഗന്ധര്‍വ്വനും,രാക്ഷസന്മാരും,പറക്കുന്ന ചിറകുകളുള്ള മാലാഖമാരും എല്ലാം വേണം" എന്ന്...പക്ഷെ,ഇവിടത്തെ കുട്ടികള്‍ക്ക് ഇതെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു.ഇവിടത്തെയെന്നല്ല,നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് പോലും ഇതൊന്നും പരിചിതമല്ലെന്നു തോന്നുന്നു.എങ്കിലും,എന്‍റെ മകള്‍ അടക്കം ,ഇവിടത്തെ കുട്ടികളുടെ ചിന്താഗതിയെല്ലാം അല്പം വ്യത്യസ്തമാണെന്ന് എനിക്ക് തോന്നുന്നു.
എവിടെ ചെന്നാലും,വേര് പിടിക്കാന്‍ സമയമെടുക്കാറുള്ള ഞാന്‍ ഇവിടെയും വ്യത്യസ്തത പുലര്‍ത്തിയില്ല."എന്റേത്" എന്ന് മനസ്സിനെ പഠിപ്പിച്ചെടുക്കാന്‍ തന്നെ കുറെയധികം സമയമെടുക്കുന്നത് പോലെ."ഇല്ലായ്മ" എന്തെന്ന് ഭാവനയില്‍ പോലും കണ്ടിട്ടില്ലാത്ത കുട്ടികളല്ലേ ഇപ്പോള്‍ ശിഷ്യരായി ഉള്ളത്.എന്തിനും,ഏതിനും ഇല്ലാത്ത കാരണമുണ്ടാക്കി സ്കൂളിനെയും,ടീച്ചര്‍മാരെയും ഭരിക്കാന്‍ വരുന്ന 'പാരെന്റ്സും" അടങ്ങുന്ന ഇവിടത്തെ സ്കൂളില്‍ ഞാനും,അങ്ങനെ അതിന്റെ ഒരു ഭാഗമായിക്കൊണ്ടിരിക്കുന്നു.വിജ്ഞാനദാഹികള്‍ മാത്രമായ ശിഷ്യരെ നമുക്കിവിടെ പ്രതീക്ഷിക്കേണ്ട കാര്യമേയില്ല.പൊങ്ങച്ച സംസ്കാരത്തിന്‍റെ ബാക്കിപത്രങ്ങളായ എന്‍.ആര്‍.ഐ.കുട്ടികളില്‍ ഇവിടെ മലയാളികള്‍ വെറും ന്യൂനപക്ഷര്‍.മലയാളി ടീച്ചര്‍മാര്‍ അതിലും ന്യൂനപക്ഷര്‍.മലയാളി ടീച്ചര്‍മാരെ ഒരിയ്ക്കല്‍ പോലും തങ്ങളുടെ കുട്ടികളുടെ അധ്യാപകരാകാന്‍ ഇവിടത്തെ മലയാളികളായ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നേയില്ല.ആദ്യത്തെ ടീച്ചേര്‍സ് മീറ്റിങ്ങില്‍ പ്രിന്‍സിപ്പാള്‍ വെളിപ്പെടുത്തിയ ഈ കയ്പ്പേറിയ സത്യം കേട്ട് ഞാന്‍ ഒന്ന് ചെറുതായി നടുങ്ങി.മലയാളി ആയിപ്പോയെന്ന് വച്ച് ഞാനൊരു ടീച്ചര്‍ അല്ലാതാവ്വോ?അല്ലെങ്കിലും,മലയാളികള്‍ എവിടെ ചെന്നാലും മലയാളിയ്ക്ക് പാരയാ..
അങ്ങനെ വിട്ടു കൊടുക്കാമോ?ഇവിടെ 'പേടിപ്പിച്ച്' പിള്ളേരെ പഠിപ്പിക്കാന്‍ തീരെ പറ്റില്ല.നമ്മുടെ നിലനില്‍പ്പിനു നേരെ ഒരു ചോദ്യ ചിഹ്നം അത് ഉയര്‍ത്തും.ഏത് അസ്വാഭാവികതയിലും മുഖത്തൊരു ചിരി 'ഫിറ്റ്' ചെയ്ത് നമ്മളൊരു 'ഹാപ്പി' ടീച്ചര്‍ ആയി കുട്ടികളുടെ മുന്നില്‍ അവതരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ചുരുക്കിപ്പറഞ്ഞാല്‍ ഇവിടത്തെ പിള്ളേരെ പഠിപ്പിച്ചു,പഠിപ്പിച്ചു മുടിപ്പിക്കാന്‍ ഞാനങ്ങ് തീരുമാനിച്ചു.കാരണം ന്താന്ന് അറിയ്വോ?ഈ ടീച്ചര്‍ പണി 'എനിക്കിശ്ശി' ഇഷ്ടാനേയ്.ദിവസത്തിന്‍റെ അവസാനത്തില്‍ ഓര്‍ത്തെടുക്കാന്‍ എന്തെങ്കിലും ഒക്കെ ഉണ്ട് ഇപ്പോള്‍.ഞാനെന്തൊക്കെയോ ചെയ്തല്ലോ എന്ന സംതൃപ്തി.എന്തൊക്കെ പറഞ്ഞാലും,ജീവനില്ലാത്ത കമ്പ്യൂട്ടരിനോടും,തിരിച്ചു പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ഫയലുകളോടും അല്ലല്ലോ ഞാന്‍ മല്ലടിക്കുന്നത്.''ടുഡേ യു ആര്‍ ലുക്കിംഗ് സൊ ഗുഡ്'' എന്ന് സോപ്പിട്ട് ചങ്ങാത്തം കൂടാന്‍ വരുന്ന എന്‍റെ ഡിയര്‍ സ്റ്റുഡന്റ്സ്നോടല്ലേ?ഞാനീ പണി ആസ്വദിച്ചങ്ങ് ചെയ്യാന്‍ തീരുമാനിച്ചു.
വാല്‍ക്കഷ്ണം : പോസ്റ്റിന്റെ പേര് ഒരു കസിന്‍ എനിക്കയച്ച സ്ക്രാപ്പില്‍ നിന്ന് അടിച്ചുമാറ്റിയതാണ്.മൂപ്പര് ഞാന്‍ വീണ്ടും ടീച്ചര്‍ ആയതില്‍ പ്രതികരിച്ച് അയച്ച സ്ക്രാപ്പ് ആണത്.ബ്ലോഗ് അടച്ചു പൂട്ടാതെ ഇടയ്ക്കെങ്കിലും ഓരോ പോസ്റ്റ് ഇടണമെന്നുണ്ട്.തിരക്കിനിടയില്‍ ഞാന്‍ ഇതും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.പതിവായി വായിക്കുന്ന പല ബ്ലോഗുകളും വായിക്കാന്‍ സമയം കിട്ടുന്നില്ല എന്ന സങ്കടം കൂടെയുണ്ട് .
ചിത്രം : ഗൂഗിളില്‍ സെര്ച്ചിയപ്പോള്‍ കിട്ടിയത്.
Monday, March 16, 2009
വാര്‍ഷിക പോസ്റ്റ്.

അങ്ങനെ എന്‍റെ ബ്ലോഗിന്‍റെയും ഒന്നാം പിറന്നാളെത്തി. ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷമായിരിക്കുന്നു.ബൂലോഗത്തില്‍ ഇതൊരു വിഷയമേയല്ല,എന്നാലും,എന്‍റെ ബ്ലോഗ് അല്ലെ?എനിക്കാഘോഷിക്കണ്ടേ?ഒരിയ്ക്കലും കരുതിയതല്ല,ഞാനും ഒരു ബ്ലോഗുടമയാകും എന്ന്.എങ്ങനെയോ ബ്ലോഗുലകത്തില്‍ വന്നു പെട്ടു.അങ്ങനെ എന്‍റെ ഡയറിക്കുറിപ്പുകള്‍ വെളിച്ചം കാണാനും തുടങ്ങി.നിങ്ങള്‍ക്കിടയില്‍ ഒരാളായി കരുതി,എനിക്ക് തന്ന പ്രോല്‍സാഹനങ്ങള്‍ക്കെല്ലാം നന്ദി.നന്ദി പറച്ചിലില്‍ ആരുടേയും പേരെടുത്ത് പറയുന്നില്ല.എല്ലാവര്ക്കും ഒരുപോലെ നന്ദി.വാര്‍ഷിക പോസ്റ്റ് ആയി ഒരു കഥ ഇടണമെന്ന് കരുതിയതാണ്.പ്രാബ്ധങ്ങള്‍ കാരണം,ഇപ്പോഴും അത് പണിപ്പുരയില്‍ തന്നെ.പകരം,എന്‍റെ എല്ലാ പോസ്റ്റുകളിലും വച്ച്, എനിക്കേറ്റവും ഇഷ്ടപ്പെട്ടതൊന്ന് വീണ്ടും പോസ്റ്റ് ചെയ്യുന്നു.എന്‍റെ ആദ്യകാല പോസ്റ്റുകളില്‍ ഒന്നാണ് അത്.അധികം പേര്‍ വായിച്ചിരിക്കാന്‍ ഇടയില്ലാത്തത്.അതപ്പാടെ തന്നെ പോസ്റ്റ് ചെയ്യുന്നു.വായിച്ചവര്‍ പ്ലീസ് ഒന്ന് ക്ഷമിക്കൂ...ചിത്രങ്ങള്‍ : എല്ലാം ഗൂഗിളില്‍ നിന്ന് സെര്ച്ചിയത്.
തോട്ടരുകിലെ വീട്
."ഇതെന്താ ഈ വെളുത്ത സാധനം..?വെളുത്ത കൊച്ചു ഗുളിക പോലെ?"..അവള്‍ പിന്നെയും ചോദിച്ചു." അത് ഞവിഞ്ഞിയുടെ മുട്ടയാ." തല ഉയര്‍ത്താതെ തന്നെ കോരന്‍ കുട്ടി പറഞ്ഞു."ഈ ഞവിഞ്ഞിന്ന് പറഞ്ഞാ എന്താ?" ....അവള്‍ പിന്നെയും ചോദിച്ചു."ആ തോട് കണ്ടില്ലേ,അതിനുള്ളില്‍ ഒരു ജീവി ഉണ്ട്.അതാ ഞവിഞ്ഞി . അത് ആ തോടിന്നുള്ളിലാ ജീവിക്ക്യ." കോരന്‍ കുട്ടി അക്ഷമയോടെ പറഞ്ഞു."അതെയോ?,അതിന്റെ ആ തോട് മുറുക്കിന്റെ പോലെ ഉണ്ട്.വട്ടത്തില്.ഇതു ഒച്ചിനെ പോലെ ഉണ്ടല്ലോ..അപ്പൊ,ഈ മീമിയെന്താ ഇങ്ങനെ?"ചേറില്‍ പുതഞ്ഞു നീന്തി നടക്കാന്‍ പ്രയാസപ്പെടുന്ന ഒരു കൊച്ചു ആമ കുട്ടിയെ നോക്കി അവള്‍ ചോദിച്ചു."ഈ മീമിക്ക് കാലുണ്ടോ?കോരന്‍കുട്ടിയെന്താ മിണ്ടാത്തെ?"അവള്‍ നിഷ്കളങ്കതയോടെ ചോദിച്ചു.കൈകോട്ടു താഴെ വച്ചു അയാള്‍ ഒന്നു നീട്ടി തുപ്പി.മുറുക്കാന്‍ കലര്‍ന്ന തുപ്പല്‍ പാടത്തിലെ ചെളി വെള്ളത്തില്‍ പടര്‍ന്നു.വെള്ളം ആകെ ചുവന്നു.
















































