
പലഭാഗത്തു നിന്നും നൂറു സംശയങ്ങളും,ചോദ്യങ്ങളും ഒരുപോലെ ഉയര്‍ന്നു വന്നു."ഇവന് ജന്മനാ ഒറ്റക്കാലനാണോ?അതോ,രണ്ടു കാലിലൊന്ന് പോയതാണോ?ഒറ്റക്കാലുള്ള പക്ഷിയുണ്ടോ?ഇവനെന്തിന് ഇങ്ങോട്ട് വന്നു?"....ഇങ്ങനെ നീണ്ടു പോയി ചോദ്യ ശരങ്ങള്‍...ചുരുക്കിപ്പറഞ്ഞാല്‍ ആ കാട്ടിലെ ആര്‍ക്കും,ആ ഒറ്റക്കാലനെ പിടിച്ചില്ല.ആരും,അവനെ കൂടെ കൂട്ടിയില്ല.ഒറ്റക്കാലനെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തന്ത്രം മെനഞ്ഞു.
പക്ഷെ,പക്ഷിത്തലവന്റെ മകള്‍ വാനമ്പാടിയ്ക്ക് മാത്രം ഒറ്റക്കാലന് പക്ഷിയോട് അലിവു തോന്നി.അവളുടെ കൗതുകമുണര്‍ത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവില്‍,ഒറ്റക്കാലനാണെങ്കിലും,ആ പേരറിയാപക്ഷിയോട് അവള്‍ക്കൊരു സ്നേഹം തോന്നി.പക്ഷെ,ഒറ്റക്കാലന് പക്ഷിയുടെ ചിരിക്കാനുള്ള വിമുഖത,ഉരുക്ക് മുഷ്ടി തുടങ്ങിയ ഭാവങ്ങള്‍ അവളെ തന്റെ ആഗ്രഹത്തില്‍ നിന്നും ഉള്‍വലിയിച്ചു.
തന്റെ ആളുകളുടെ കാലുഷ്യങ്ങളും,മനസ്സുകളുടെ സംഘര്‍ഷാവസ്ഥയും അവള്‍ക്കറിയാമായിരുന്നു.എന്നിട്ടും,വാനമ്പാടിയുടെ മനസ്സ് തീവ്രമായ വൈയക്തികദുഖങ്ങളില്‍ മുങ്ങിത്താഴാതെ ഒറ്റക്കാലന് പക്ഷിയുടെ, ഏതോതരത്തിലുള്ള "വ്യക്തി പ്രഭാവത്തില്‍" അലിഞ്ഞു ചേര്‍ന്നു.അവളുടെ കാത്തിരിപ്പിനുള്ള മറുപടിയെന്നപോലെ.... വാനമ്പാടിയുടെ ജീവിതത്തിലെ പുറത്തുകാണുന്ന പകിട്ടിനുമപ്പുറം, മനസ്സിനുള്ളിലെ ഇളനീര് മധുരത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള സ്നേഹത്തെ ഒറ്റക്കാലനും തിരിച്ചറിഞ്ഞു. അവരുടെ ബന്ധത്തിന്റെ വികാര തീവ്രതയുടെ സ്വാഭാവിക നൈരന്തര്യവും,ഒഴുക്കും ഭാവിയിലെ പല കാര്യങ്ങള്‍ക്കും വേണ്ട തീരുമാനങ്ങള്‍ ഒന്നിച്ചെടുക്കാന്‍ അവരെ പ്രേരിപ്പിച്ചു.
ഒന്നു ചേരണമെന്നും,ഒരുപാടുകാലം ഒന്നിച്ചു ജീവിക്കണമെന്നും അവര്‍ രണ്ടു പേരും ഒരുപോലെ ആഗ്രഹിച്ചു.ആത്മ സാക്ഷാത്കാര നിര്‍വൃതി അനുഭവിച്ച ഒരു സന്യാസി അവരുടെ സ്നേഹബന്ധം കാണാനിടയായി.ആത്മാര്‍ഥത നിറഞ്ഞ ആ ബന്ധത്തിന്റെ ആഴം അറിഞ്ഞ അദ്ദേഹം വാനമ്പാടിയെ ഇങ്ങനെ അനുഗ്രഹിച്ചു, " ആത്മാവിനെ തട്ടിയുണര്‍ത്തുന്ന തരത്തിലുള്ള ഏതെങ്കിലും ഒരു മോഹം സാധ്യമാകട്ടെ" എന്ന്.
വാനമ്പാടിയുടെ മുറച്ചെറുക്കന്റെ ആഗമനം .... അവരുടെ സ്നേഹബന്ധതിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു.ഞാനെന്ന ഭാവത്തിന്റെ കാഠിന്യം പേറുന്ന മനോഭാവം,ഒറ്റക്കാലന് പക്ഷിയുടെ ശരീരഭാഷയോടുള്ള മുറച്ചെറുക്കന്റെ പുച്ഛം എന്നിവ ഒറ്റക്കാലനെ തീര്‍ത്തും വിഷമിപ്പിച്ചു.കൂടെ വളരുന്ന പുല്ല് പറിച്ചെറിയാതെ ചെടി വളരുകയില്ലെന്ന, കാലം ചെന്ന സത്യം മുറച്ചെറുക്കന് പരീക്ഷിച്ചു വിജയിപ്പിക്കാന്‍ തീരുമാനിച്ചു
അവന്റെ വിഷലിപ്തമായ മനസ്സ് പക്ഷികള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.ഒടുവില്‍ എല്ലാ പക്ഷികളും ഒറ്റത്തീരുമാനത്തിലെത്തി.ഒറ്റക്കാലനെ തുരത്തുക!!!അങ്ങനെ അത് സംഭവിച്ചു.വാനംബാടിയോടു യാത്ര പോലും പറയാനാകാതെ ഒറ്റക്കാലന് ജീവനുംകൊണ്ടു ആ കാട്ടില്‍ നിന്നും രക്ഷപ്പെടെണ്ടി വന്നു.'ചിങ്ങനിലാവില്‍ കാണാം' എന്ന് വാനമ്പാടിയോട് പറഞ്ഞവാക്കു പോലും പൂര്‍ത്തിയാക്കാനാകാതെ ഒറ്റക്കാലന് ആ കാട്ടില്‍ നിന്നും അപ്രത്യക്ഷനായി.
വാനമ്പാടി പക്ഷെ,തന്റെ മാനസേശ്വരനെ തേടി അലഞ്ഞു.ഒറ്റപ്പെടലിന്റെ ഏകാന്തതയില്‍ അവള് വെന്തുരുകി.വിരഹ ദുഖം ഇത്ര തീവ്രമാണെന്ന് അവള് തിരിച്ചറിഞ്ഞു.അധികം താമസിയാതെ സ്ത്രീയെന്ന പരിമിതിക്കുള്ളില്‍ പെട്ടത് കൊണ്ടു , അച്ഛന്റെയും,മുറച്ചെറുക്കന്റെയും തീരുമാനത്തിന് മുന്നില്‍ അവള്‍ക്ക് തല കുനിക്കേണ്ടി വന്നു.എങ്കിലും,ആപോഴും അവളുടെ ഉള്ളില്‍ ആ ഒറ്റക്കാലന് മാത്രമായിരുന്നു.ഒറ്റക്കാലനോടോത്തുള്ള ജീവിതത്തില്‍ കവിഞ്ഞതൊന്നും അവള് ആഗ്രഹിച്ചില്ലെന്നു വേണം പറയാന്‍.
ഏതൊരു സ്ത്രീ മനസ്സിനെയും പോലെ,അവളും വിവാഹാനന്തരം ഭര്‍ത്താവിനെ മാത്രം കേന്ദ്രീകരിച്ച് ജീവിതപന്ഥാവ് ഒരുക്കി. പക്ഷെ,വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക് പിറവിയെടുത്ത കുഞ്ഞ് അവളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.കാരണം,അവര്‍ക്ക് ജനിച്ച കുഞ്ഞ്...അതൊരു ഒറ്റക്കാലനായിരുന്നു!!!!!
കുഞ്ഞിനെക്കണ്ട് പക്ഷിത്തലവനടക്കം ഞെട്ടി!!മകളുടെ സ്വഭാവത്തെ സംശയിച്ചേക്കാവുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ മാത്രം എങ്ങും ഉടലെടുത്തു.വാനമ്പാടി മാത്രം മൗനം പാലിച്ചു. വാനമ്പാടിയുടെ ഭര്‍ത്താവ് രണ്ടും കല്‍പ്പിച്ച് ഭാര്യയുടെ പഴയ കാമുകനെത്തേടി - ആ ഒറ്റക്കാലന് പക്ഷിയെത്തേടി - യാത്ര പുറപ്പെട്ടു.
ആരും,ഈ ഒറ്റക്കാലന് പക്ഷിയെപ്പറ്റി കേട്ടിട്ടുപോലും ഇല്ല.ഒടുവില്‍ ആയിരം കാതങ്ങള്‍ക്കകലെയായി ഉണ്ടായിരുന്ന കീഴ്ക്കാം തൂക്കായ പാറക്കെട്ടുകല്‍ക്കിടയിലെ ഒരപൂര്‍വ്വ പക്ഷിക്ക് മാത്രം ഉത്തരം നല്‍കാനായി."മൂന്ന് വര്‍ഷം മുന്നത്തെ ചിങ്ങനിലാവില്‍,ഒരു ഒറ്റക്കാലന് പക്ഷി ഉറക്കെയുറക്കെ കേണുകൊണ്ട് പാറയില്‍ തലതല്ലി ചത്തെന്ന്" !!!
ചിത്രങ്ങള്‍ : അത് ഞാന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും ചൂണ്ടിയത്.