Monday, August 10, 2009

അനന്ദിത പറഞ്ഞത്...

"നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍...തുളസിക്കതിരില ചൂടി.." ടി.വി.യിലെ ഏതോ ചാനലില്‍ നിന്നും ഉയര്‍ന്നുകേട്ട പഴയ ഗാനത്തിനിടയില്‍ അവള്‍ നീട്ടി വിളിച്ചു ചോദിച്ചു."ദേ, നോക്കൂ ഞാന്‍ പറയാന്‍ പോണത് കേള്‍ക്കണുണ്ടോ?" ആ ചോദ്യത്തിന് കളിയായി അയാള്‍ ഇങ്ങനെ മറുപടി പറഞ്ഞു,"നീ പറയാന്‍ പോണത് എനിക്കെങ്ങനെയാ കേള്‍ക്കാന്‍ പറ്റ്വാ? പറഞ്ഞു കഴിഞ്ഞാലല്ലേ കേക്കാമ്പറ്റൂ".'ഊം..ഊം..അത് ശരിയാ,എന്നാല് ഞാന്‍ പറയണത് കേള്‍ക്കൂ പ്ലീസ്‌.".."അങ്ങനെ തെളിച്ചു പറയ്" അയാള്‍ പറഞ്ഞു."ഇന്ന് അനന്ദിത പറയ്വാണേയ്...അനന്ദിതയെ അറിയില്ലേ?എന്‍റെ കൂടെ വര്‍ക്ക്‌ ചെയ്യണ, വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ആ കുട്ടി...ശ്ശൊ! ഞാന്‍ പറയാറില്ലേ,മൂക്കിന്‍റെ ഇടതു വശത്ത് ഒരു വലിയ കാക്കപ്പുള്ളീള്ള ആ കുട്ടി....." അയാള്‍ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി."അനന്ദിതേടെ മൂക്കിന്‍റെ ഏതു വശത്താ ഈ കാക്കപുള്ളി?എനിക്ക് ശരിക്കും മനസ്സിലായില്ല."


അയാളുടെ ചോദ്യത്തിലെ കളിയാക്കലിന്റെ രുചി തിരിച്ചറിഞ്ഞ അവള്‍ തെല്ലിട മിണ്ടാതിരുന്നു.കളിയാക്കലിലെ ഇഷ്ടപ്പെടായ്ക അവള്‍ മെല്ലെ ഉള്ളിലൊതുക്കി.അല്ലെങ്കിലും അങ്ങനെ തന്നെ.ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് വെറും കളി....അവള്‍ കരുതി.അടുക്കളയില്‍ നിന്നും പച്ചപ്പിടിയുള്ള കത്തിയെടുത്ത് ടി.വി.യ്ക്ക് മുന്നില്‍ വന്നു ചമ്രം പടിഞ്ഞിരുന്ന് പച്ചക്കറി നുറുക്കാന്‍ തുടങ്ങി.ചോപ്പിംഗ് ബോര്‍ഡില്‍ കത്തി തട്ടുമ്പോള്‍ ഉള്ള 'ടക്..ടക്..' ശബ്ദം അയാളെ അലോസരപ്പെടുത്തുന്നുണ്ട് എന്നുള്ളത് അവളില്‍ ഗൂഡമായ ഒരു സന്തോഷം ഉളവാക്കി.അവള്‍ പച്ചക്കറി നുറുക്കലിന്റെ വേഗത തെല്ല് കൂട്ടി.

മനസ്സിനെപ്പിടിച്ചുലയ്ക്കുന്ന ഒരു സൌന്ദര്യപ്പിണക്കത്തിലേയ്ക്ക് ഈ "കാക്കപ്പുള്ളിപ്രശ്നം" വഴി തെളിയ്ക്കും എന്ന് അയാള്‍ ഊഹിച്ചു.ഉണ്ടാകാന്‍ പോകുന്ന പ്രശ്നത്തെ കരുതലോടെ ഒഴിവാക്കാന്‍ ശ്രമിച്ചു കൊണ്ട് അയാള്‍ ചോദിച്ചു,"അനന്ദിത എന്താ പറഞ്ഞത്? കേള്‍ക്കട്ടെ..!" അയാളുടെ ഈ ചോദ്യത്തിനായി കൊതിച്ചുകൊണ്ടിരുന്ന അവള്‍ പെട്ടെന്ന് പറഞ്ഞു,"അവരുടെ നാട്ടില് ദുര്‍ഗ്ഗാപൂജേടെ സമയത്ത് ദേവീടെ മൂര്‍ത്തി ഉണ്ടാക്കുംത്രേ.അതും മണ്ണ് കൊണ്ട്.അതിനു ചില പ്രത്യേകതകള്‍ ഉണ്ട്." ഇതിനിത്ര അതിശയിക്കാനെന്തിരിക്കുന്നു എന്ന മട്ടില്‍ അയാള്‍ തട്ടി വിട്ടു."നമ്മുടെ നാട്ടിലെ ഓണത്തിന് നമ്മള് മണ്ണ് കൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നില്ലേ?അതുപോലെയാവും ഇതും."


അവള്‍ സംശയലേശമെന്യേ ഇങ്ങനെ മറുപടി കൊടുത്തു,"അത് ഒരുപരിധി വരെ ശരിയാ.പക്ഷെ,അവരുടെ വിശ്വാസപ്രകാരം സ്വന്തം വീട്ടിലെ മാത്രം മണ്ണുകൊണ്ട് ഉണ്ടാക്കിയാല്‍ ആ മൂര്‍ത്തി ഉറയ്ക്കില്ലാത്രേ.അതുണ്ടാക്കാന്‍ കുറച്ച് മണ്ണ് അറിയപ്പെടുന്ന ഒരു വേശ്യ കൊടുക്കണംത്രേ!! ചില സ്ഥലങ്ങളില്‍ ഈ ദേവദാസികള്‍ എന്നും ഇവറ്റ അറിയപ്പെടുന്നുണ്ടല്ലോ.ഈ ദേവദാസികളും,ദുര്‍ഗ്ഗാ ദേവിയും തമ്മില്‍ ഏതോ ഒരു ഐതിഹ്യപ്രകാരം എന്തോ ഒരു കൊളാബ്രേഷന്‍ ഉണ്ട് പോലും !! അതുകൊണ്ടാത്രേ ഈ മൂര്‍ത്തി പണിയണ സമയത്ത് ഒരു പങ്കുമണ്ണ് കൊടുക്കാനുള്ള അവകാശം അവര്‍ക്ക് കിട്ടിയത്.അവര് കൊടുക്കുന്ന മണ്ണ് ചേര്‍ത്ത് പണിതാലേ മൂര്‍ത്തി ഉറയ്ക്കൂന്നാ വിശ്വാസം.പല നാട്ടിലും പല ഐതിഹ്യങ്ങളല്ലേ?ഇത് കേട്ടപ്പോ എനിക്ക് വല്ലാത്ത അതിശയമായീട്ടോ.നമ്മുടെ നാട്ടിലാണെങ്കില്‍ ആകെ കുഴഞ്ഞു പോയേനെ അല്ലെ?അറിയപ്പെടുന്ന വേശ്യ എന്നും പറഞ്ഞു നമ്മള് ആരോടാ മണ്ണ് ചോദിക്ക്യാ?ല്ലേ?അത് ഞാന്‍ അനന്ദിതയോട് ചോദിച്ചു,നിങ്ങള്‍ക്കങ്ങനെ മണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന്..അപ്പൊ,പറയ്വാ..ഈ പറയണ കൂട്ടര്‍ അവിടെ ഇഷ്ടം പോലെ ഉണ്ട്ന്ന്.അവര്‍ക്കത് പറയാന്‍ ഒരു നാണക്കേടും ഇല്യാന്ന്.ഈ ദുര്‍ഗ്ഗാ പൂജ കഴിയുമ്പോഴേയ്ക്കും ഈ മണ്ണ് ബിസിനസ്‌ കൊണ്ട് അവര്‍ ഒരു നല്ല തുക സമ്പാദിക്കുംന്ന്‌."
ഉള്ളില്‍ ഊറിവന്ന ചിരി അടക്കാന്‍ പാടുപെടുന്ന അയാളെ സാകൂതം നിരീക്ഷിച്ചു കൊണ്ടവള്‍ പറഞ്ഞു, "മുഴുവന്‍ പറഞ്ഞു കഴിഞ്ഞില്ല.ബാക്കി കൂടി കേള്‍ക്കൂന്നേ."അക്ഷമയോടെ അവള്‍ തുടര്‍ന്നു"ദുര്‍ഗ്ഗാ ദേവീടെ പ്രതിമ ഉണ്ടാക്കി കഴിഞ്ഞാല്‍ ചായം കൊടുത്തു ഭംഗിയാക്കും.എല്ലാം കഴിഞ്ഞ് പൂജയ്ക്ക് തൊട്ടു മുന്പാത്രേ കണ്ണുകള്‍ വരയ്ക്കുന്നത് .കണ്ണ് വരച്ചാലേ മൂര്‍ത്തി പൂര്‍ണ്ണമാകൂ എന്നാ വിശ്വാസം.ഈ കണ്ണ് വരച്ചാല്‍ ആ പ്രതിമയില്‍ ദേവീ സാന്നിധ്യം ഉണ്ടാകും.ഇങ്ങനെ ദേവീ സാന്നിധ്യമുള്ള ഒരു ദുര്‍ഗ്ഗാ ദേവിയുടെ മൂര്‍ത്തിയ്ക്ക് ഉറങ്ങാനായി,അവരുടെ നാട്ടിലെ ഒരു സ്ത്രീ ഒരു മുറി മുഴുവനായി സജ്ജമാക്കിയെത്രേ.രാതി എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ അവര് എന്നും പുതിയ ബെഡ്ഷീറ്റ് ഒക്കെ വിരിച്ച് വീട്ടിലെ ഒരു മുറി മുഴുവന്‍ ഭംഗിയായി അലങ്കരിച്ച് ദേവിയ്ക്ക് ഉറങ്ങാനായി ആ മുറി ഒരുക്കി വയ്ക്കും.കുറച്ചു നാളുകള്‍ക്കു ശേഷം ആ മുറിയില്‍ നിന്ന് കൊലുസ്സിന്റെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയെന്ന്.അതുപോലെ,ഉറങ്ങി,ഉണര്‍ന്ന് എണീറ്റത് പോലെ ചുളിഞ്ഞ കിടക്ക വിരികളും കാണാന്‍ തുടങ്ങിയെന്ന്.ആ കൊലുസ്സിന്റെ ശബ്ദം ദേവിയുടെ കൊലുസ്സിന്റെതാണെന്ന് പരക്കെ വിശ്വസിക്കുന്നവര്‍ ഉണ്ട് പോലും.ആ ചുളിഞ്ഞ കിടക്ക വിരികള്‍ സൂചിപ്പിക്കുന്നത് ദേവി അവിടെ ഉറങ്ങാന്‍ കിടന്നു എന്നല്ലേ?ആ വീട്ടിലെ സ്ത്രീ എന്ത് ഭാഗ്യവതിയാല്ലേ?"
ഇടയ്ക്കെപ്പോഴോ,പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രതയ്ക്കിടയില്‍ അയാളുടെ പ്രതികരണം പോലും ശ്രദ്ധിക്കാന്‍ അവള്‍ മറന്നു.അയാളുടെ മറുപടിയോ,വിശദീകരണമോ ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ അടുക്കളയിലെ പതിവ് ജോലികളില്‍ മുഴുകി.പതിവിലും വൈകി ഉറങ്ങാന്‍ കിടന്നിട്ടും തനിക്കെന്തേ ഉറങ്ങാന്‍ കഴിയാത്തത് എന്ന് അവള്‍ക്കതിശയമായി.ഇടയ്ക്കെപ്പോഴാണ് ഈ പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസമുള്ള ഒരു മാനസികാവാസ്ഥയ്ക്ക് താന്‍ അടിമപ്പെട്ടതെന്ന് അവള്‍ തന്നത്താന്‍ ആരാഞ്ഞുകൊണ്ടേ ഇരുന്നു.കറങ്ങുന്ന ഫാനിന്റെയും,ഒരു പ്രത്യേക താളക്രമത്തില്‍ കേള്‍ക്കാന്‍ കഴിയുന്ന അയാളുടെ കൂര്‍ക്കം വലിയുടെയും ശബ്ദത്തില്‍ നിന്ന് എത്രയും പെട്ടെന്ന് അവള്‍ക്കു രക്ഷപ്പെടണമെന്ന് തോന്നി. കനം തൂങ്ങുന്ന മനസ്സോടെ കിടപ്പുമുറിയില്‍ നിന്നും അവള്‍ പുറത്തിറങ്ങി.
മനസ്സിനകത്ത് താന്‍ അവാഹിച്ചെടുക്കാന്‍ പോകുന്ന ദേവിയുടെ തന്മയീ ഭാവം മാത്രമായിരുന്നു അപ്പോള്‍.മനസ്സിന്റെ അഗാധ ഉറവയില്‍ നിന്നും ഊറി വരുന്നത് ഭക്തി സാന്ദ്രമായ വികാരങ്ങളായിരുന്നു അതെന്ന് ഒരുമാത്ര അവള്‍ തിരിച്ചറിഞ്ഞു.
പതിവില്ലാതെ കേട്ട ഏതോ ഒരു കനത്ത ശബ്ദം അയാളെ ഉറക്കത്തില്‍ നിന്നും എണീപ്പിച്ചു.ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ അരികില്‍ അവളില്ലായിരുന്നു.നിശ്ശബ്ദതയുടെയും,ഇരുട്ടിന്റെയും കനത്ത ആവരണത്തിനിടയില്‍ എന്തിലോ കാലുടക്കി അയാള്‍ നിന്നു.അതെ! അതവള്‍ തന്നെ!എന്തിനീ പാതിരാത്രിയില്‍ ഇവിടെയിരിക്കുന്നു എന്നാ ചോദ്യത്തിന് അവള്‍ നേര്‍ത്ത ശബ്ദത്തില്‍ സ്ഫുടശുദ്ധമായി പറഞ്ഞു,"ശബ്ദമുണ്ടാക്കി,ശല്യപ്പെടുത്താതെ!ശരിക്കും ശ്രദ്ധിച്ചാല്‍ കേള്‍ക്കാം നമുക്കാ ദേവിയുടെ കാലിലെ കൊലുസ്സിന്റെ ശബ്ദം." വാതിലിനിടയിലൂടെ അരിച്ചിറങ്ങിയ വെളിച്ചത്തിലൂടെ അടുത്ത മുറി അയാള്‍ക്ക്‌ കാണാന്‍ കഴിഞ്ഞു.ദേവീ ചൈതന്യമുറങ്ങുന്ന ഒരു പ്രപഞ്ചമാക്കി അവളതിനെ തീര്‍ത്തിരിക്കുന്നു !!!
--------------------------------------------
സുഖമാണോ കൂട്ടുകാരെ????
ഇവിടെ സ്കൂളടച്ചിട്ടു കുറച്ചു ദിവസമായി.ഇവിടത്തെ വേനലവധിക്കാലം തന്നെ.പക്ഷെ,നമ്മുടെ നാട്ടിലെ പോലെ വിഷുവും,പൂരങ്ങളും,ചക്കയും,മാങ്ങയും ഒന്നുമില്ലാത്ത ഒരു വേനലവധിക്കാലം.പകരം ഓണമുണ്ട്.പക്ഷെ,എന്‍റെ ഓണം നാട്ടിലാണേ...ഓഗസ്റ്റ്‌ പതിനേഴിന് നാട്ടിലെത്തും.ബാക്കി വിശേഷങ്ങള്‍ പിന്നീട്...ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നല്ലാതെ വേറെവിടുന്നു കിട്ടാന്‍??