Saturday, May 17, 2008

ഞാനും പോകുന്നു,നാട്ടിലേയ്ക്ക് ............


അങ്ങനെ അഞ്ചു മാസത്തിനു ശേഷം ഞാന്‍ വീണ്ടും നാട്ടിലേക്ക് പോകുന്നു...
ഒരുപാടുണ്ട് ചെയ്യാന്‍..
അമ്മയുടെ കൂടെ ഉറങ്ങണം,
ദൈവങ്ങളെ നേരില്‍ കാണണം,
അച്ഛനു ശ്രാദ്ധം ഊട്ടണം ,
ഫ്രണ്ട്സ് നെ കാണണം,
അണിഞ്ഞൊരുങ്ങി പോകാന്‍ കല്യാണമുണ്ട്,
സദ്യ ഉണ്ണണം,പാലട കുടിക്കണം,
വേനല്‍ക്കാലം തീരും മുന്പേ ചക്കയും മാങ്ങയും ഒക്കെ തിന്നണം,
എനിക്കെന്റെ, തോട്ടരുകിലെ വീട്ടിലെത്താന്‍ കൊതിയായി...

എനിക്ക് കിട്ടിയ ബാല്യമൊന്നും എന്റെ കുഞ്ഞിനു കിട്ടില്ല.അതെനിക്കു നന്നായറിയാം... എങ്കിലും,നാട്ടിലെ വേനല്‍ ചൂടും,ജൂണിലെ തോരാത്ത മഴയും എന്‍റെ മോള് കാണട്ടെ..പുതുമഴയ്ക്ക്,മണ്ണിന്‍റെ മണം ഉണ്ടെന്നു ഈ മരുഭൂമിയില്‍ കിടക്കുന്ന അവള്‍ക്ക്‌ അറിയില്ലല്ലോ..!!!

നമ്മുടെ നാട്ടിലെ കാക്കയെയും,പൂച്ചയേയും, തുമ്പിയെയും, പൂമ്പാറ്റയേയും, ഒച്ചിനെയും, തേരട്ടയെയും, ഞ്ഞണ്ടിനെയും, പാമ്പിനെയും, തവളയെയും, നനചീരുകളെയും, പശുവിനെയും,ആടിനെയും ഒക്കെ കാണട്ടെ..ദോഹയിലെ രാത്രികള്‍ക്ക് ഒരിക്കലും ഇരുട്ടിന്റെ കറുപ്പില്ല.എല്ലാ ലൈറ്റ്കളും ഒന്നിച്ചു തെളിയിച്ചു ഇരുട്ടിനെ പകലാക്കുന്ന ഈ നാട്ടില്‍ ജീവിക്കുന്ന എന്‍റെ കുഞ്ഞ്‌,നമ്മുടെ നാട്ടിലെ കണ്ണില്‍ കുത്തിയാല്‍ കാണാത്ത ഇരുട്ടും,പേടിയും ഒക്കെ കണ്ടു നേരില്‍ അനുഭവിക്കട്ടെ..!!!!

മുറ്റത്ത്‌ ഓടിക്കളിക്കട്ടെ,മണ്ണ് മാന്തട്ടെ..ഇവിടെ ഫ്ലാടിനെവിടെ മുറ്റം? മുറ്റതെവിടെ മണ്ണ്?അമ്പലത്തില്‍ പോയി തീര്‍ത്ഥം കുടിക്കണം ,ചന്ദനം തൊടീക്കണം, തൃമധുരം കഴിക്കണം,ആനയെ കാണിക്കണം.... ഭാണ്ടാരത്തില്‍ നാണയതുട്ടു വീഴുന്ന ഒച്ച കേട്ടു എനിക്കൊപ്പം എന്‍റെ കുഞ്ഞിന്‍റെ മനസ്സും നിറയട്ടെ..

അപ്പോള്‍ ഒരു മാസത്തേക്ക് ബ്ലോഗിങ്ങ്നു അവധി.തിരിച്ചു വന്നു ബാക്കി വിശേഷം...നേരില്‍ ..!!

Tuesday, May 13, 2008

ഓര്‍കുട്ടിലെ ഒരു കള്ളനാണയംഈ വിവരണത്തില്‍ പറഞ്ഞിരിക്കുന്ന സംഭവം തികച്ചും ഒരു സാങ്കല്പികം മാത്രമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല.കാരണം, അത് ശരിക്കും സംഭവിച്ചതാണ്.ഇതില്‍ പറയുന്ന ആളുകള്‍ ശരിക്കും ജീവിച്ചിരിപ്പുണ്ട്‌.പക്ഷെ, എനിക്ക് എന്‍റെ ശരീരത്തിനു അംഗവൈകല്യം വരുത്താന്‍ താത്പര്യം ഇല്ലാത്തതു കൊണ്ടു ചില ചില്ലറ സൂത്രപണികള്‍ നടത്തിയിട്ടുണ്ട്.അതായത്,പേരുകള്‍ മാറ്റിയിട്ടുണ്ട്.ഇതു ഇവിടെ ദോഹയില്‍ വച്ചു നടന്ന സംഭവം....പിന്നെ പറഞ്ഞു കേട്ടതായത് കൊണ്ടു ഇതില്‍ എത്രമാത്രം വള്ളി,പുള്ളി,എരിവ്,പുളി,മസാലകള്‍ ചേര്‍ന്നിട്ടുണ്ട് എന്നെനിക്കറിയില്ല.ഇതു നടന്ന സംഭവമാണ്. അത് സത്യം മാത്രം.എനിക്കറിയാം,ഈ പോസ്റ്റ് വായിച്ചു എന്നെ പിച്ചികീറാന്‍ തോന്നുന്നവര്‍ ഉണ്ടാകും.എന്നാലും എനിക്ക് പറയാനുള്ളത് പറയട്ടെ..... ഓര്‍കുട്ടിലൂടെ പരിചയപ്പെട്ടു കൊലപാതകം വരെ നടത്തിയവര്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട്‌...!!!അപ്പോള്‍,പിന്നെ ഇതൊരു സംഭവമേ അല്ല..


സംഭവം തുടങ്ങുന്നതിങ്ങനെ : രഹന കെട്ട്യോനും,കുട്ട്യോളും ഓഫീസിലും,സ്കൂളിലും പോയപ്പോള്‍ വീട്ടു ജോലികള്‍ കഴിഞ്ഞു പതിവു സമയം കൊല്ലലിലേക്ക് കടക്കുന്നു.ഓര്‍കുട്ടിംഗ്,ചാറ്റിംഗ്,മെയിലിംഗ്...എന്നിവ തകൃതിയായി നടക്കുന്നു.അല്ലാതെ ഇവിടെ ദോഹയില്‍ പറമ്പില്‍ പോയി തെങ്ങിന് വെള്ളമോഴിക്കാണോ,വാഴയ്ക്ക് പുതിയ കൂമ്പ്‌ വന്നോ എന്നൊന്നും നോക്കാന്‍ പറ്റില്ലല്ലോ..ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്തപ്പോള്‍ പുതിയ ഒരു "ഫ്രണ്ട് റിക്വസ്റ്റ് ".ഒരു ഗോപു...പ്രൊഫൈല്‍ വിശദമായി പഠിച്ചു.ഇല്ല,ഒരു രക്ഷയും ഇല്ല.ഒരു പിടിയും കിട്ടുന്നില്ല.സ്ക്രാപ്പ് ബുക്ക് തുറന്നപ്പോള്‍ ഒരു സ്ക്രാപ്പും."ഓയ്,ചേച്ചി..ഞാനും ദോഹയില്‍ എത്തിയ ഒരു എറണാകുളംകാരനാനേ.ഫ്രണ്ട്സ് ലിസ്റ്റില്‍ ഒന്നു ആഡ് ചെയ്യണേ..ഞാനൊരു പാവം അനിയന്‍.." വെറുതെയെന്തിനു പുലിവാല് പിടിക്കണം?ഉടനെ മറുപടി കൊടുത്തു."പരിചയം ഇല്ലാത്തവരെ എന്തിന് ആഡ് ചെയ്യണം? പോയി പണിനോക്കൂ മാഷേ"..ആ സ്ക്രാപ്പ് പോസ്റ്റ് ചെയ്ത ഉടന്‍ അവിടെ നിന്നും അടുത്ത റിപ്ലെ "എനിക്കും,അമ്മേം പെങ്ങളും ഒക്കെ ഉണ്ട്.അല്ലാതെ മാനത്ത്‌ നിന്നും പൊട്ടി വീണതൊന്നും അല്ല." അതില്‍ രഹ്ന വീഴുന്നു. ഇവന്‍ ആള് കൊള്ളാമല്ലോ.. ഫ്രണ്ട്സ് ലിസ്റ്റില്‍ ആഡ് ചെയ്യുന്നു.


എന്നും രാവിലെ രസകരമായ സ്ക്രാപ്പ് കണികള്‍.ശരിക്കും ഒരു സുഹൃത്ത്ബന്ധം ക്രമേണ ശക്തിപ്പെട്ടു.അതോ,ഒരു സഹോദര ബന്ധമോ?"ചേച്ചി" എന്ന് വിളിക്കുമ്പോള്‍ തന്നെ രണ്ടു ബക്കറ്റ് തേന്‍ മഴ!!ചേച്ചിക്കും അങ്ങനെ തന്നെ.ചുരുക്കി പറഞ്ഞാല്‍ രണ്ടുപേരും നല്ല ക്ലോസ് ഫ്രണ്ട്സ് ആയി.തമ്മില്‍ കണ്ടിട്ടില്ലെങ്കിലും ആത്മാര്‍ത്ഥത മുന്നിട്ടു മുഴച്ചു നിന്നു.വീട്ടിലെ കറി മുതല്‍ തലേ ദിവസം കണ്ട സിനിമ വരെ സ്ക്രാപ്പ്നു വിഷയങ്ങളായി.ചേച്ചിയുടെ കുട്ടികളെ സ്നേഹിക്കാനും,അവരുടെ കുസൃതികള്‍ അന്വേഷിക്കാനും ഗോപു കാണിച്ച ഒരു ശുഷ്കാന്തി!!! ഇടയ്ക്ക് ഗോപുവിന്റെ ഒരു ടെസ്ടിമോണിയലും!!!! "എന്‍റെ പ്രിയപ്പെട്ട ചേച്ചിക്ക് പിറക്കാതെ പോയ അനിയന്‍".... അതുകണ്ട്‌ രഹന യുടെ കണ്ണും,മനസ്സും ഒപ്പം നിറഞ്ഞു.അഭിമാനത്തോടെ ഭര്‍ത്താവ് ബഷീര്‍ ഇക്കയ്ക്ക് കാണിച്ചു കൊടുത്തു. ബഷീര്‍ മൊഴിഞ്ഞു."ചെക്കന്‍ നല്ല വാചക കസര്‍ത്ത് ആണല്ലോ..

"അതിനിടയില്‍ രഹ്നയുടെ മോന്റെ പിറന്നാള്‍ വരുന്നു. വീടും,അഡ്രസ്സും കൃത്യമായി പറഞ്ഞു കൊടുത്തുകൊണ്ട്‌ ബഷീര്‍ ഇക്കയുടെ സമ്മതത്തോടെ ഗോപു വിനെ പിറന്നാളിന് ക്ഷണിക്കുന്നു. "വരണം"."ഇല്ല,ഞാന്‍ വരില്ല.ഇങ്ങനെ നിങ്ങളുടെ കാണാമറയത് ഇരിക്കുന്ന അനിയനായാല്‍ മതി".ഒരു ഫോട്ടോ ഇടാത്തത് എന്താ?രഹന ചോദിച്ചു."ഈ പെണ്‍കുട്ടികളെ കൊണ്ടുള്ള ശല്യം. ഫോട്ടോ കണ്ടു അവരൊന്നും പുറകെന്നു മാറുന്നില്ല. " ഇതുകേട്ടു രഹന ചിരിച്ചു കുത്തി മറിഞ്ഞു. ഗോപു അവന്റെ ഫോട്ടോയ്ക്ക്‌ പകരം രജനീകാന്ത്ന്‍റെ ഫോട്ടോയും മറ്റും മാറി മാറി ഇട്ടു തുടങ്ങി... പ്രൊഫൈല്‍ നെയിം എന്നും സ്ഥിതി ഗതി,കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചു മാറ്റുന്നു.ചേച്ചി ചോദിച്ചപ്പോള്‍ പറഞ്ഞു,അതൊക്കെ ഒരു സ്റ്റൈല്‍ അല്ലെ,ചേച്ചീ. അങ്ങനെ ഗോപു പലപ്പോഴും സ്റ്റൈല്‍ മന്നനും,സൂപ്പര്‍സ്റ്റാര്‍ഉം ഒക്കെയായി ഓര്‍കുടില്‍ വിലസി..

ഒരുദിവസം രാത്രി പതിവില്ലാത്ത സമയത്തു രഹ്നയെ ഓണ്‍ ലൈനില്‍ കണ്ടപ്പോള്‍ ഗോപു ചോദിച്ചു.."ഇതെന്തു പറ്റി,ഈ സമയത്തു ഓണ്‍ലൈന്‍ വരാറില്ലല്ലോ..?".."ബഷീര്‍ ഇക്ക മസ്കറ്റില്‍ പോയിരിക്കുന്നു.ഒരു ഒഫീഷ്യല്‍ ട്രിപ്പ്‌.നാളെ കഴിഞ്ഞേ എത്തൂ."അവന്‍ തിരിച്ചു മൊഴിഞ്ഞു."ഓക്കേ,ബൈ ചേച്ചീ..പിന്നെ കാണാം." അര മണിക്കൂര്‍ കഴിഞ്ഞില്ല.അതിന് മുന്പേ രഹ്നയുടെ ഡോര്‍ ബെല്ലടിച്ച ശബ്ദം. ഗ്രോസെരിയില്‍ നിന്നു സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടായിരുന്നത് കൊണ്ടു സംശയം തോന്നിയില്ല.വാതില്‍ തുറക്കുന്നു.പല്ലു കാട്ടിചിരിച്ചു കൊണ്ടു ഒരു അപരിചിതന്‍!!! സംശയിച്ചു നില്‍ക്കുമ്പോള്‍ അയാള്‍ തന്നെ പരിചയപ്പെടുത്തി."മനസ്സിലായില്ലേ..ഞാനാ ഗോപു"."ഗോപു" ... രഹ്ന കുറച്ചു നേരം ആശയകുഴപ്പത്തിലായി.അവന്‍ തന്നെ സംശയം തീര്‍ത്തു."ചേച്ചീ...ഞാന്‍ ഒര്കുടിലെ ഗോപു".."ഓഹോ..നീയോ?വാ കടന്നിരിക്ക്.ഞാന്‍ വിചാരിച്ചു,ഗ്രോസെര്രി ബോയ്‌ ആയിരിക്കും എന്ന്.കുട്ടികളെ കാണണ്ടേ?".ഷംനയെയും അക്കുവിനെയും വിളിച്ചു മാമനെ കാണിക്കുന്ന തിരക്കില്‍ നമ്മുടെ ഗോപു,സ്നേഹം കാണിക്കുന്ന അനിയനില്‍ നിന്നും രൂപാന്തരം പ്രാപിച്ചു ഒരു വില്ലനിലേക്ക് എത്തിയിരുന്നു.അവന്‍,രഹ്നയെ എവിടെയോ കയറി പിടിച്ചു !!!!രഹ്ന പക്ഷെ,പിറക്കാതെ പോയ അനിയനില്‍ നിന്നും ഇതു തീരെ പ്രതീക്ഷിച്ചില്ലല്ലോ.കുട്ടികള്‍ പേടിക്കുന്നു,രഹ്ന ഞെട്ടിതെറിക്കുന്നു,കാര്യങ്ങള്‍ വഷലാകുന്നു.പ്രതികരണം അയാള്‍ ഫ്ലാറ്റുകളില്‍ കേള്‍ക്കുന്നു.അയല്‍ ഫ്ലാറ്റുകളില്‍ നിന്നും ആളുകള്‍ ഓടിയെത്തി കാരണം അന്വേഷിക്കുന്നു.


രക്ഷപ്പെടാനായി ഗോപു പറയുന്നു,"ഇക്ക ഇല്ലാതോണ്ട് രഹ്ന ചേച്ചി വിളിച്ചിട്ട് വരാന്‍ പറഞ്ഞു! അങ്ങനെ വന്നതാണ്".... അന്ന് രഹ്ന ഉറപ്പിച്ചു,ഭൂമി കറങ്ങുന്നത് അതിവേഗത്തില്‍ തന്നെ എന്ന്.തന്‍റെ നിരപരാധിത്വം വെളിപ്പെടുതുന്നതിനു പലതും പറഞ്ഞു നോക്കുന്നു.അയല്‍ക്കാര്‍ എന്ത് വിശ്വസിക്കും?ഓര്‍കുട്ടില്‍നിന്നും പരിചയപ്പെട്ട "ഒരുത്തന്‍" വീട്ടില്‍ വന്നു,"മിസ്‌ബിഹെവ്" ചെയ്തു എന്ന ഒരു കാര്യം അവര്ക്കു തൊണ്ട തൊടാതെ വിഴുങ്ങാനായില്ല.അവര്‍ ബഷീറിന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുന്നു.തുടര്‍ നടപടികള്‍ക്കായി ശ്രമം തുടരുന്നു.

പരാതി പോലീസ് സ്റ്റേഷന്‍ വരെ എത്തുന്നു.ഫ്ലാറ്റിലെ സെക്യൂരിറ്റി യാണ് പോലീസ് നെ അറിയിച്ചത്.എന്തായാലും ബഷീര്‍ ഇക്ക വരാതെ ഒന്നും നടക്കില്ലെന്ന അവസ്ഥ.ഒരു സുഹൃത്ത് മസ്കറ്റില്കു വിളിക്കുന്നു." ഡാ , ബഷീരെ, നീയൊന്നു വേഗം വന്നേ !!!...കിട്ടുന്ന ഫ്ലൈറ്റ് പിടിച്ചു പോരെ,ഇവിടൊരു സംഭവം നടന്നു.നിന്‍റെ ഭാര്യയേയും ,ഒരു ചെക്കനേയും നിങ്ങള്‍ടെ ഫ്ലാറ്റില്‍ നിന്നു പിടിച്ചു !!! അയല്‍ക്കാരാ ഞങ്ങളെ അറിയിച്ചത്".എന്തായിരിക്കും ബഷീര്‍ ഇക്കയുടെ അവസ്ഥ എന്ന് പറയേണ്ടതില്ലല്ലോ....!!! മൂപ്പര് ഒരുകണക്കിന് ഏന്തി,വലിഞ്ഞു ഭാര്യയുടെ "ദുര്നടപ്പിനെ" പറ്റി ചിന്തിച്ചു സ്ഥലത്തെത്തി.

ഇനി പോലീസ് സ്റ്റേഷനിലെ കാഴ്ച : പറഞ്ഞു കേട്ടതായത് കൊണ്ടു അലങ്കാര പണികളൊക്കെ നടത്തി ഒന്നും കൂട്ടി എഴുതാന്‍ നിര്‍വാഹം ഇല്ല. വളരെ ചുരുക്കി പറയാം.ഖത്തര്‍ പോലീസിനു കാര്യം അറിഞ്ഞു പുച്ഛം!! എന്തുകൊണ്ട് ഇങ്ങനെ പെരുമാറി എന്ന ചോദ്യത്തിന് ഗോപുവിന്റെ ഉത്തരം ഇങ്ങനെ: "ഓ,അല്ലേലും എനിക്ക് പ്രായത്തില്‍ മൂത്തവരോടാ "ക്രേസ്". ഞാന്‍ സ്ക്രാപ്പ് ഇട്ടില്ലെങ്കിലും ഈ ചേച്ചി ഗുഡ്മോര്‍നിംഗ് പറഞ്ഞു ഇങ്ങോട്ട് മുട്ടാന്‍ വരാരുണ്ടല്ലോ"..രഹ്ന ഇതു കേട്ട്‌ നെറുകയില്‍ കൈ വച്ചു.ബഷീര്‍ നെഞ്ചത്തും.ബഷീറിന്റെ കൂട്ടുകാര്‍ മൂക്കത്ത്‌ വിരല്‍ വച്ചു.


കരച്ചില്‍,പിഴിച്ചില്‍,തെറി വിളി...എല്ലാം മുറയ്ക്ക് നടന്നു.ഗോപുവിന്റെ ബന്ധുക്കളില്‍ ചിലര്‍ ദോഹയില്‍ ഉണ്ടായിരുന്നു.അവര്‍ സാമാന്യം നന്നായി മുറുക്കെ തന്നെ ബഷീര്‍ ഇക്കയുടെ കാല് പിടിച്ചത് കൊണ്ടു സംഭവം "കോബ്രമൈസ് ടോക്ക്" ഇല്‍ ഒതുക്കി.വീട്ടില്‍ തിരിച്ചെത്തി എന്ത് സംഭവിചിരിക്കും എന്ന് നമുക്കു നമ്മുടെ ഭാവനാ സമ്പത്ത് പോലെ ഊഹിചെടുക്കാം.തല്‍ക്കാലം,ഭാര്യയുടെ ദുര്നടപ്പ് നിമിത്തം ബഷീറിക്ക,ഒന്നു പുറത്തു ഇറങ്ങണം എങ്കില്‍, സാമാന്യം നല്ല വീതിയും നീളവും ഉള്ള ഒരു തോര്‍ത്ത് മുണ്ട് തലയില്‍ ഇടേണ്ടി വന്നു.രഹ്ന ഓര്‍ക്കുട്ട് അക്കൌണ്ട് തന്നെ ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിതയായി.ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ തന്നെ ഓര്‍ക്കുട്ട് തുറന്നു.ഒന്നും സംഭവിക്കാത്ത മട്ടില്‍ ഗോപുവിന്റെ സ്ക്രാപ്പ് "ചേച്ചി,ഗുഡ്മോര്‍നിംഗ്.എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍?" !!!! എങ്ങനെയുണ്ട് അനിയന്റെ സ്നേഹം? മറുനാട്ടില്‍ എന്നും മലയാളിക്ക്‌ പാര മലയാളി തന്നെ എന്ന സത്യം ഇതിലൂടെ ഒന്നു കൂടി ഊട്ടി ഉറപ്പിക്കാം….

ഇനി ഇവിടെ എന്‍റെ വീട്ടില്‍ നടന്നത് : ഈ സംഭവം പാട്ടായത്തില്‍ പിന്നെ, എന്‍റെ ഭര്‍ത്താവ് ഒരു കൊച്ചു ക്രൂരനായി മാറി.എന്‍റെ ഓര്‍ക്കുട്ട് "പഞ്ചാരക്ക്' ഭീഷണിയായി അദ്ദേഹം നിലകൊള്ളും എന്ന ഒരു അവസ്ഥ.മൂപ്പര് എന്‍റെ ഫ്രണ്ട്സ് ലിസ്റ്റ് എടുത്തു വച്ചു ഒരു "പോസ്റ്റ്മോര്‍ട്ടം" തന്നെ നടത്തി - "ഇതാരാ?,അപ്പൊ പിന്നെ അതോ? " ഇത്തരം ചോദ്യങ്ങളില്‍ ഞാന്‍ വീര്‍പ്പുമുട്ടി.എനോക്കൊരു മുന്നറിയിപ്പ് പിന്നാലെ വന്നു."നാളെ തൊട്ടു ഒറ്റ പരിചയമില്ലാതവരും നിന്‍റെ ഫ്രണ്ട്സ് ലിസ്റ്റില്‍ വേണ്ട.എന്‍റെ തനി രൂപം നീയായിട്ടു പുറത്തു എടുപ്പിക്കരുത്."

സലിം കുമാര്‍ "കുഞ്ഞിക്കൂനന്‍"എന്ന സിനിമയില്‍ പറഞ്ഞതു പോലെ ഞാന്‍ പറഞ്ഞു,"എന്നെ ഇങ്ങനെ ഭീഷണിപ്പെടുതെണ്ട കാര്യം ഒന്നും ഇല്ല.(സലിം കുമാര്‍ പക്ഷെ പറഞ്ഞതു-എന്നെ തല്ലേണ്ട കാര്യം ഇല്ല എന്നായിരുന്നു).വെറുതെ ഒന്നു പേടിപ്പിച്ചാല്‍ മതി.ഞാന്‍ നന്നായിക്കോളും.". പിറ്റേ ദിവസം തന്നെ എന്‍റെ ഫ്രണ്ട്സ് ലിസ്റ്റില്‍ ഞാനും ഒരു ശുദ്ധികലശം നടത്തി.അങ്ങനെ ഞാന്‍‌ വലിയ ഹൃദയ വേദനയോടെ ഓര്‍ക്കുട്ടില്‍ നിന്നും കിട്ടിയ അഞ്ചു - ആറു പേരെ ഔട്ട് ആക്കി.കാരണം മറ്റൊരു രഹനയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഒരു ഭര്‍ത്താവും കേള്‍ക്കാന്‍ പാടില്ലാത്ത കാര്യം പോലീസ് സ്‌റ്റേഷനില്‍ വച്ചു - അതും കൂട്ടുകാരുടെ മുന്നില്‍ വച്ചു കേള്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.മുന്‍ പരിചയവും,അതിന്‍റെ സര്‍ട്ടിഫിക്കറ്റ്‌ വേരിഫികേഷന്‍ എല്ലാം കഴിഞ്ഞേ ഞാന്‍ ഇപ്പോള്‍ ഓര്‍കുടില്‍ ഫ്രണ്ട്സ് ആയി ആളെ എടുക്കുന്നുള്ളൂ.അങ്ങനെ ഞാനും നന്നായി.
Thursday, May 8, 2008

സഹാബ്ലോഗ്ഗെര്‍ക്ക് അന്ത്യാഞ്ജലി


ഫോണിലൂടെ കേട്ട ഭര്‍ത്താവിന്റെ ശബ്ദത്തില്‍ എന്തോ പന്തികേട്‌ !!! "എന്താ,പറയൂ.." ഞാന്‍ ചോദിച്ചു.." അത് പിന്നെ,നല്ല വാര്‍ത്തയല്ല..നമ്മുടെ മനുവേട്ടന്‍ പോയി.."മൂപ്പര് പറഞ്ഞു."അതെ,വിനി ചേച്ചി പറഞ്ഞിരുന്നു..മനുവേട്ടന്‍ വ്യാഴാഴ്ച നാട്ടില്‍ പോകും എന്ന്.." ഞാന്‍ പറഞ്ഞു.."അല്ല,ആള് മരിച്ചു.അതൊരു ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു.നാട്ടില്‍ വച്ചു മരിച്ചു"...മൂപ്പര് വീണ്ടും ഒരു വിധം പറഞ്ഞൊപ്പിച്ചു."എന്താ,വെറുതെ നുണ പറയല്ലേ.."ഞാന്‍ വിശ്വസിക്കാനാകാതെ പറഞ്ഞു.."ഇതു നുണ പറയാന്‍ പറ്റുന്ന കാര്യമാണോ?" എന്നോട് ദേഷ്യപ്പെട്ടു............................................ അതെ..മനുവേട്ടന്‍ പോയി..!! അത് ഇനി വിശ്വസിച്ചേ പറ്റൂ..എനിക്കിതു വിശ്വസിക്കാന്‍ വയ്യെങ്കില്‍ മനുവേട്ടന്റെ ഭാര്യ വിനിചേച്ചിയുടെ അവസ്ഥ..??? വിനി ചേച്ചിയും കുട്ടികളും ദോഹയില്‍ തന്നെ ഉണ്ട്..
ഭര്‍ത്താവ് എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു " എനിക്ക് വിനി ചേച്ചിയെ കാണണം"..അപ്പോള്‍,അദ്ദേഹം പറഞ്ഞു..."അതെങ്ങനെ പറ്റും? അവരോട് കാര്യം പറഞ്ഞിട്ടില്ല.ചെസ്റ്റ് പെയിന്‍ വന്നിട്ട് ഹോസ്പിറ്റലില്‍ അഡമിറ്റ്‌ ചെയ്തിരിക്കുന്നു എന്ന് മാത്രമെ പറഞ്ഞിട്ടുള്ളൂ.ഇനി,നമ്മള്‍ അവിടെ ചെന്നു വെറുതെ അഭിനയിക്കാനായി പോണ്ടേ?"...."പോണം, എനിക്ക് വിനി ചേച്ചിയെ കണ്ടേ പറ്റൂ.."
മനുവേട്ടന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്ന ആ ഫ്ലാറ്റില്‍ ചെന്നു കയറുമ്പോള്‍ ഉള്ളില്‍ പറഞ്ഞറിയിക്കാനാകാത്ത വികാരം ആയിരുന്നു.എന്തായിരിക്കും അവിടത്തെ അവസ്ഥ എന്ന്....കണ്ടയുടന്‍ അലറികരഞ്ഞുകൊണ്ട് വിനി ചേച്ചി പറഞ്ഞു, "എന്‍റെ മനുചേട്ടന്‍ എന്നെ വിട്ടു പോയ്കൊണ്ടിരിക്കുകയാ സ്മിതാ,പിടിച്ചിട്ടു കിട്ടുന്നില്ലെന്ന് പറയുന്നു.ഞാനെന്താ ചെയ്യാ? എനിക്ക് പേടിയാകുന്നു.എനിക്കെന്‍റെ മനുചേട്ടനെ തരണേ ഗുരുവായൂരപ്പാ..!!!"എന്ത് പറയണം എന്നറിയാതെ നിന്ന ഞാന്‍ കുട്ടികളെ കണ്ടു അമ്പരന്നു.അവര്‍ അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥനയിലാണ്.പൂജാ മുറിയില്‍ വിളക്ക് വച്ചു,മണിയടിച്ചു,എത്തമിട്ടു ,നാമങ്ങള്‍ ചൊല്ലി അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥക്കുന്നു.നാലിലും,ഒന്നിലും പഠിക്കുന്ന കുട്ടികള്‍ ഇതില്‍ കൂടുതലായി എന്ത് ചെയ്യാന്‍?
ഇതിനിടയില്‍,അധികം ആരെയും അറിയിക്കാതെ കൂടെ ഉള്ള സുഹൃത്തുക്കള്‍ ഫ്ലൈറ്റ് ടിക്കറ്റ് ബുകിംഗ്,പാകിംഗ് എല്ലാം ശരവേഗത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നു. മനുവേട്ടന്‍ ഇപ്പോഴും ഹോസ്പിറ്റലില്‍ സുഖമില്ലാതെ കിടക്കുകയാണ്,ആ ശരീരത്തില്‍ ജീവന്‍റെ തുടിപ്പ് ഇപ്പോഴും ബാക്കി നില്‍ക്കുന്നു എന്ന പ്രതീക്ഷയില്‍ ഓരോ അഞ്ചു മിനിട്ടു കൂടുമ്പോഴും വിനി ചേച്ചി നാട്ടിലേക്ക് വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുന്നു."അച്ഛാ ഇപ്പോള്‍ എങ്ങനെയുണ്ട്?അമ്മേ, എനിക്ക് എന്‍റെ മനുചേട്ടനെ വേണം.ഡോക്ടറോട് എന്തെങ്കിലും ചെയ്യാന്‍ പറയൂ പ്ലീസ്." സ്വന്തം മകള്‍ വിധവയായെന്നു അവര്ക്കു പറയാന്‍ കഴിയില്ലല്ലോ...പക്ഷെ,പറയാതിരിക്കുന്നത്‌ എങ്ങനെ?വാസ്തവത്തെ അന്ഗീകരിച്ചല്ലേ പറ്റൂ...അമ്മ പറഞ്ഞു"വിനീ,നീയെന്തും നേരിടാന്‍ തയ്യാറായി വരണം"... ആ വാചകത്തില്‍ എന്തോ പന്തികേട്‌ മണത്ത വിനിചേച്ചി എഴുന്നേറ്റു ,എന്‍റെ മനു ചേട്ടന്‍റെ ഹെയര്‍ ബ്രഷ്,വാച്ച്,ഷര്‍ട്ട് ....ഇങ്ങനെ പറഞ്ഞു ഓരോന്ന് പെറുക്കി എടുക്കുമ്പോഴും ഇതി കര്‍ത്താവ്യാ മൂഡരായി ഞങ്ങള്‍ അരികില്‍ നിന്നു.


കരച്ചിലിന്റെയും,പ്രാര്ത്ഥനയുടെയും നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫ്ലൈറ്റ്നു സമയം ആയി.വിനി ചേച്ചി ഒരുങ്ങിയിറങ്ങുന്നു.സാധാരണ കാണാറുള്ളതിനേക്കാള്‍ കൂടുതല്‍ സിന്ദൂരം , സീമന്തരേഖയില്‍ അണിഞ്ഞിരിക്കുന്നു.മനുവേട്ടന് വേണ്ടി ,ഇതു അവസാനത്തെ സിന്ദൂരം അണിയല്‍ ആണ് എന്ന് അറിയാതെ തന്നെ !!! മരണത്തെ നേരിടാനുള്ള യാത്ര !! അതിന് ഏറ്റവും ഭീകരമായ മുഖവും ഉണ്ട്.എവിടെയോ ഒരു നെഞ്ചിടിപ്പ് തന്‍റെ തന്‍റെ പ്രിയതമനില്‍ അവശേഷിക്കുന്നു എന്ന വിശ്വാസത്തില്‍ ആ അമ്മ, മക്കളെയും ചേര്ത്തു പിടിച്ചു വിമാനം കയറി.പ്രവാസികളുടെ ജീവിത ദുരന്തങ്ങളില്‍ ഒന്നു മാത്രം ഇത്.മോഹിച്ചു വാങ്ങിയ എല്‍.സി.ഡി - ടി.വി.യും, ഓരോ തവണ വാങ്ങിക്കൂട്ടിയ പല വിലപ്പെട്ട വീട്ടുപകരണങ്ങളും,ഫര്‍ണിച്ചര്‍കളും ആ വീട്ടില്‍ അവശേഷിപ്പിച്ചു കൊണ്ടു അവര്‍ യാത്രയായി.

വെറും രണ്ടു കൊല്ലം മുമ്പു പരിചയപ്പെട്ട മനുവേട്ടന്‍ !!ആദ്യം കണ്ടപ്പോള്‍ തോന്നി - "ഒരു ജാഡയുള്ള മനുഷ്യന്‍".ദോഹയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ജി.എച്ച് .ഡി.യില്‍ സീനിയര്‍ പ്രൊജക്റ്റ്സ് മാനേജരായ മൂപ്പര്‍ക്ക് സ്വല്‍പ്പം ജാടയൊക്കെ ആകാം.പക്ഷെ,പിന്നീട് അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായി , ബന്ധങ്ങള്‍ക്ക്‌ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ വില നല്കുന്ന സ്നേഹ സംബൂര്‍ണനായ പിതാവും,ഭര്‍ത്താവും ആയ മനുഷ്യനാണ് എന്ന്.മലയാളത്തെ സ്നേഹിക്കുന്ന,നാടിനെ സ്നേഹിക്കുന്ന,സൌഹൃദങ്ങള്‍ക്ക് വില നല്കുന്ന,അക്ഷരങ്ങളെ സ്നേഹിക്കുന്ന,ഒരുപാടു റൊമാന്റിക് ആയ,എല്ലാത്തിനുമുപരി ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന ഒരു ഏട്ടനായിരുന്നു അത്.
പ്രീതയുടെ ആവശ്യ പ്രകാരം ബ്ലോഗ് എഴുതിതുടങ്ങുംപോഴും ഉള്ളില്‍ ഒരുപാടു സംശയങ്ങള്‍ ഉണ്ടായിരുന്നു.പരദേശി യെന്ന പേരില്‍ വളരെ നാളുകള്‍ക്കു മുന്പേ,ബ്ലോഗിങ്ങ് തുടങ്ങിയ മനുവേട്ടന്‍ ,ഓര്‍ക്കുട്ടില്‍ ഓരോ സ്ക്രാപ്പിലൂടെയും സംശയം തീര്‍ത്തു തന്നു.പരദേശിയുടെ ബ്ലോഗിലൂടെ ഒരു ഓട്ടപ്രദക്ഷിണം വച്ചപ്പോള്‍,അതില്‍ കുറെ ഫോട്ടോസ് മാത്രമെ കാണാന്‍ കഴിഞ്ഞുള്ളു.അക്ഷരങ്ങളെ സ്നേഹിക്കുന്ന പരദേശി എന്തെ എഴുതി തുടങ്ങാത്തത്‌ എന്നതിനുള്ള മറുപടി തമാശയായി അദ്ദേഹം പറഞ്ഞു,"ഒരുപാടു പിന്തിരിപ്പന്‍ ശക്തികള്‍ ഉണ്ട്.അവയെ ഒക്കെ ശക്തമായി വെല്ലുവിളിച്ചു ഞാനും എഴുതാന്‍ തുടങ്ങുന്നു." സ്ക്രാപ്പ് വായിച്ചു ,അധികം ആരും ശ്രദ്ധിക്കപ്പെടാത്ത ആ ബ്ലോഗിലെ പുതിയ പോസ്റ്റ് പ്രതീക്ഷാപൂര്‍വം ഞാന്‍ തിരഞ്ഞു.അതെ,ശരിയാണ്!! തുടങ്ങിയിരിക്കുന്നു.."കള്ളന്‍" എന്ന പേരില്‍ ഒരു കൊച്ചു സംഭാഷണ ശകലം. വായിച്ചപ്പോള്‍ ഒരുപാടു സന്തോഷം തോന്നി.
മരണത്തിന്റെ ശേഷിപ്പായി,ചേതനയറ്റ ആ ശരീരം വിനി ചേച്ചി എങ്ങനെ നോക്കി കാണും?യാധാര്ത്യത്തെ ഉള്‍ക്കൊണ്ടു ജീവിതയാത്രയില്‍ വഴിപിരിഞ്ഞു പോയ ആ പങ്കാളിയുടെ ഓര്‍മ തണലില്‍ വിശ്രമിച്ചു കൊണ്ടു ഇനിയും യാത്ര തുടരെണ്ടതില്ലേ?ആ പെണ്കുഞ്ഞുങ്ങള്‍ക്ക് ഇനി സംരക്ഷണം നല്‍കേണ്ട ആ ചിറകുകള്‍ ഒരിക്കലും കുഴയാതിരിക്കട്ടെ..നമുക്കും പ്രാര്‍ത്ഥിക്കാം..ആ കുടുംബത്തിന്‌ വേണ്ടി.ശുഭപ്രതീക്ഷകള്‍ക്ക് മങ്ങലെല്‍ക്കാതെ ,ഒരു യാത്രയും അവസാനിക്കുന്നില്ലെന്നു നമുക്കു മനസ്സിനെ പഠിപ്പിക്കാം.
മനുവേട്ടനെ കുറിച്ചുള്ള തെളിഞ്ഞ ഓര്‍മകള്‍ അക്കമിട്ടു നിരത്താന്‍ ഒരുപാടുണ്ട്.ഒന്നിച്ചുള്ള ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ ,ഡിന്നരുകള്‍,കുടുംബ യോഗങ്ങള്‍ ,തമാശ നിറഞ്ഞ സ്ക്രാപ്പുകള്‍,ഇ-മെയിലുകള്‍.....പക്ഷെ,അവയെല്ലാം..ഞങ്ങളുടെ ഓര്‍മകളില്‍ തന്നെ ഇരിക്കട്ടെ. അപരിചിതര്‍ക്ക് അതെല്ലാം വെറും അപ്രധാനമായ കാര്യങ്ങള്‍ മാത്രം..അതുകൊണ്ട് തന്നെ പകരം മനസ്സുകൊണ്ട് ഒരു ഉരുള ബലിചോറു ഞാന്‍ വേദനയുടെ നാക്കിലയില്‍ സമര്‍പ്പിക്കട്ടെ..എന്നും മനസ്സിന്റെ കോണില്‍ ഒരു സ്നേഹ സമ്പന്നനായ ഈ വൈകി കിട്ടിയ ഏട്ടന് ഒരു സ്ഥാനം ഉണ്ടാകും.ഒരു നല്ല ഇ-മെയില് വന്നാല്‍ ഫോര്‍വേഡ് ചെയ്യാന്‍ ഇനി,മനുവേട്ടന്‍ ഈ ലോകത്ത് ഇല്ല.
മുപ്പതോമ്പതാമത്തെ വയസ്സില്‍ ഈ ലോകത്ത് നിന്നു വിട പറഞ്ഞ മനുവേട്ടന്‍ എന്ന വ്യക്തിയില്‍ നിന്നു പരദേശിയെന്ന ബ്ലോഗ്ഗരിലേക്ക് എത്ര ദൂരം ഉണ്ട് എന്നെനിക്കറിയില്ല.തിരിച്ചു,പരദേശിയില്‍നിന്നും മനുവേട്ടന്‍ എന്ന വ്യക്തിയിലെക്കും..ഇനി,പക്ഷെ ആ ബ്ലോഗ്ഗര്‍ നമുക്കായി ഒന്നും എഴുതില്ല.ആ അക്ഷര സ്നേഹിയുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ടു..
പരദേശിയുടെ ബ്ലോഗ് നിങ്ങള്‍ക്കും സന്ദര്‍ശിക്കാം.. http://paradesy.blogspot.com ഇവിടെ നോക്കിയാല്‍ മതി..

Saturday, May 3, 2008

ഫ്ലാറ്റിലെ അറബി


ദോഹയില്‍ എത്തിയതും ഫ്ലാറ്റില്‍ കയറി മോള് മച്ചിലേക്ക് നോക്കി... മുകളിലേക്ക് നോക്കുംതോറും,അവളുടെ മുഖത്ത് ഗൌരവം കൂടിക്കൂടി വന്നു.ഒപ്പം പരമ പ്രധാനമായ പുച്ഛവും!!! "ഊം ... എന്താ വാവ നോക്കണേ?" ഞാന്‍ ചോദിച്ചു..അവള് ഒരു മറു ചോദ്യം ചോദിച്ചു."ഇവിടെന്താ ഫാനില്ലേ?" സംഗതി പിടികിട്ടി.ജനിച്ചപ്പോ തൊട്ടു കിടക്കയില്‍ മലര്‍ന്നു കിടന്നു മുകളിലേക്ക് നോക്കുമ്പോള്‍ കാണുന്ന ഏക സംഭവം.കറങ്ങുന്ന ഫാന്‍ !! കുട്ടിക്കതു കണ്ടു ശീലമായി പോയി..വയസ്സ് രണ്ടാകാന്‍ പോകുന്നു.കണ്ടു ശീലിച്ചത് പെട്ടെന്നെങ്ങനെ മറക്കും?അവള് പിന്നേം ചോദിച്ചു..."ഫാനെന്താ ഇല്ലാത്തെ?"
ഇതിനിപ്പോ,ഞാന്‍ എന്താ മറുപടി പറയ്യാ? ഫാന്‍ നമ്മുടെ നാട്ടിലല്ലേ?ഇവിടൊക്കെ എ.സി.യാ..ഫാനില്‍ നിന്നും കിട്ടുന്ന കാറ്റു പോര,ഇവിടത്തെ ഉഷ്ണം മാറാന്‍.കിട്ടിയ ചാന്‍സ് കളയാതെ ഞാന്‍ വീണ്ടും ഒരു ടീച്ചര്‍ ആകാന്‍ നോക്കി.വിശദീകരണം അല്പം കൂടിപ്പോയത് കൊണ്ടു അവള്‍ മൂട് തിരിഞ്ഞിരുന്നു.ദോഹയില്‍, ഏത് വീട്ടില്‍ പോയാലും അവള്‍ പ്രതീക്ഷയോടെ ഫാന്‍ തിരഞ്ഞു.ഒടുവിലവള്‍ ആ ഭീകരസത്യം തിരിച്ചറിഞ്ഞു."ഇവിടെ ബാത്രൂമില് മാത്രേ ഫാനുള്ളൂ." അവള്‍ കണ്ടുപിടിച്ചത് എക്സ്ഹോസ്റ്റ് ഫാനായിരുന്നു !!!!
ഫാനില്ലെന്ന പരാതിക്ക് കൂട്ടുപിടിച്ചു അതിന്റെ പിന്നാലെ ഒരു പരാതിക്കെട്ടു തന്നെ അവള്‍ അഴിച്ചുവിട്ടു.ഇവിടെ ഊഞ്ഞാലില്ല,കാക്കയില്ല,ഓട്ടോറിക്ഷയില്ല,ഉമ്മറം ഇല്ല,പശൂമ്പയില്ല.... എല്ലാത്തിനും പുറമെ,അമ്മമ്മയില്ല.പക്ഷെ,പൂച്ചയില്ലെന്നു മാത്രം അവള്‍ പറഞ്ഞില്ല..കാരണം ദോഹയിലെ മനുഷ്യരുടെ അത്ര തന്നെ പൂച്ചകളും ഉണ്ടായിരുന്നു.നല്ല ആരോഗ്യമുള്ള കൊഴുത്തു തടിച്ച പൂച്ചകള്‍. ഈ പൂച്ചകളൊക്കെ സുമോ ഗുസ്തിക്കാരാണോ എന്ന് വരെ നമ്മള്‍ ചോദിച്ചു പോകും അവരുടെ ആരോഗ്യം കണ്ടാല്‍.. .എനിക്കും പരാതികളുണ്ടായിരുന്നു...ചുമ്മാ കൊച്ചു വര്ത്തമാനം പറയാന്‍ ആരും ഇല്ല എന്നതായിരുന്നു പ്രധാനപ്പെട്ടത്‌.പരദൂഷണം തിനോന്നും അല്ല,കേട്ടോ.
ഇതൊരു രണ്ടു കൊല്ലം മുന്‍പത്തെ കാര്യമാണ്.ഈ ബില്‍ഡിംഗ്, മൊത്തത്തില്‍ പന്ത്രണ്ട് ഫ്ലാറ്റ്‌.ഞങ്ങള്‍ മൂന്നാമത്തെ നിലയില്‍ ഒമ്ബതാമത്തെ ഫ്ലാറ്റില്‍.ആദ്യമേ പറയാം.. ലിഫ്റ്റ് ഇല്ല.ഇങ്ങോട്ട് കയറി വരുമ്പോള്‍,സ്റ്റെപ്പ് കയറി നടുവോടിയാതിരുന്നാല്‍ ഭാഗ്യം.ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഒരു ചൈനാകാരി . ഭര്‍ത്താവ് ഒരു തെലുങ്കന്‍.കുട്ടികള്‍ മനുഷ്യ വിഭാഗത്തില്‍ പെട്ടിരുന്നു.സ്വര്‍ണ തലമുടിയുള്ള ആ കുട്ടികളുടെ അച്ഛന്‍ തെലുങ്കനല്ല എന്നൊരു കിംവദന്തി പരന്നിരുന്നു.എന്തായാലും,ഈ പോസ്റ്റ് എഴുതാനും,വായിക്കാനും ഒരു ഡി.എന്‍.എ.ടെസ്റ്റ് ന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.മാത്രമല്ല,അവര് ഈ ഫ്ലാറ്റില്‍ നിന്നും താമസം മാറി.തൊട്ടടുത്ത പത്താമത്തെ ഫ്ലാറ്റില്‍ സീമ ദീതി യും,ഭര്‍ത്താവ് അജയ് ചൌദരിയും.ഇപ്പുറത്തു,ഹേനാ ദീതിയും കുടുംബവും.താഴെ,ഒരു ഫ്ലാറ്റില്‍ മലയാളിയായി ഒരു പ്രിയന്‍ ചേട്ടന്‍.ഒറ്റക്ക്,ഒരു ത്രീ ബെഡ്രൂം ഫ്ലാടില് എന്ത് കാണിക്കുന്നോ ആവോ?
അതെ നിലയില്‍ തന്നെ തിവാരി സാറും,തിവാരി ആന്റി യും താമസിച്ചിരുന്നു.ഇവര്‍ക്കിടയിലാണ് നമ്മുടെ കഥാനായകനായ അറബിയും ഫാമിലി യും താമസിച്ചിരുന്നത്.താഴെ,വീണ്ടും ഒരു മലയാളി കുടുംബം.എന്ത് വന്നാലും,ആരോടും മിണ്ടില്ലെന്നു അവര്‍ പ്രതിന്ഞ എടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.അവരുടെ കുഞ്ഞു വാവ ഇടയ്ക്കെപ്പോഴോ മലയാളത്തില്‍ കരയുന്നതു കേട്ടാണ്‌ അവര് മലയാളി ആണ് ഈനു മനസ്സിലാക്കിയെടുത്തത്.അവരെ കൂടാതെ,രണ്ടു നോര്‍ത്ത് ഇന്ത്യന്‍സ് ഉം ,ഒരു ബംഗ്ലാദേശ് കാരനും താഴത്തെ നിലയില്‍ താമസിച്ചിരുന്നു.
ഭാഷക്കതീതമായി ഞങ്ങള്‍ നല്ലൊരു സൌഹൃദം ക്രമേണ വളര്‍ത്തിയെടുത്തു. എന്ന് വച്ചാല്‍,എവിടെ വച്ചു കണ്ടാലും വെളുക്കനെ ചിരിക്കുകയും,ഗുഡ്മോര്‍നിംഗ് പറയുകയും ചെയ്തു."ഹൌ ആര്‍ യു" എന്ന് ചോദിക്കാനും മറന്നില്ല.ആഴ്ചകള്‍ കടന്നു പോയതിനൊപ്പം ഞങ്ങള്‍ ഒത്തൊരുമയോടെ ഒരു ഭീകര സത്യം മനസ്സിലാക്കി.അതായത്..അറബിക്ക് ഞങ്ങളെല്ലാം ശല്യം!!! അതിനൊരു തെളിവ്‌ കിട്ടിയത് പൊടിക്കാറ്റ് നിറഞ്ഞ ഒരു വെള്ളിയാഴ്ചയായിരുന്നു.വെള്ളിയാഴ്ചകളിലെ,പതിവു കറക്കത്തിനു ഇറങ്ങിയപ്പോള്‍,പ്രിയന്‍ ചേട്ടന്റെ ഫ്ലാറ്റ്‌ ടൂറിനു പുറത്തു ഒരു വെളുത്ത പോസ്റ്റര്‍ !! അതില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ചുവന്ന മഷി കൊണ്ടു ഇങ്ങനെ എഴുതി വച്ചിരിക്കുന്നു..."പ്ലീസ് റെഡ്യൂസ് ദ വോള്യം ഓഫ് യുവര്‍ ടി.വി. ദാറ്റ് ഈസ് ഡിസ്ടര്ബിംഗ് അസ്‌."!!! അയ്യേ!!! ഇതെന്താപ്പോ ഇത്? ഇതാരോട്ടിച്ചു?ഇതിപ്പോ എല്ലാവരും കണ്ടിട്ടുണ്ടാവില്ലേ? നാണക്കേട്‌..!!! ഫ്ലാറ്റിലെ പെണ്ണുങ്ങളുടെ സി.ഐ.ഡി.പണിയില്‍നിന്നും ടി.വി.യുടെ ശബ്ദം കുറയ്ക്കണം എന്ന് പറഞ്ഞു പോസ്റ്റര്‍ ഒട്ടിച്ചത് അറബിയാണെന്ന് സംശയാതിതാമായി തെളിയിക്കപ്പെട്ടു.ദൈവമേ! എല്ലാവരെയും കാണിച്ചു വേണമായിരുന്നോ,ഈ പോസ്റ്റര്‍ ഒട്ടിക്കെണ്ടിയിരുന്നത്? ദുഷ്ടന്‍!!

മറ്റു പലര്‍ക്കും ചലന സ്വാതന്ത്ര്യം വിലക്കിക്കൊണ്ട് പിന്നേം പോസ്റ്ററുകള്‍ പല വാതിലുകളിലും പതിഞ്ഞു."ഡോണ്ട് ഫീഡ് ദ കാറ്റ്സ്" .പോസ്ടരുകളില്‍ ഒന്നു അങ്ങനെ ആയിരുന്നു.ശ്ശെ.!! നാണക്കേട്‌.ആരുടെയോ ജന്തു സ്നേഹതിനിട്ടു അയാള്‍ പാര പണിതിരിക്കുന്നു.ആരോ,പൂച്ചക്ക് ചോറു കൊടുത്തതിനു മൂപ്പര് പണി കൊടുത്തു !! പോസ്റ്റര്‍ കണ്ടവര്‍,കണ്ടവര്‍ കാണാതതവരെ വിളിച്ചു കാണിച്ചു. മൂപ്പരുടെ വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്ത് ആരെങ്കിലും കാര്‍ പാര്‍ക്ക് ചെയ്‌താല്‍, അയാള്‍ എല്ലാ ഫ്ലാറ്റിലും കയറിയിറങ്ങി കാളിംഗ് ബെല്ലടിച്ചു,വാതില്‍ തുറക്കുന്നവരെ ചീത്ത വിളിക്കുന്നത് ഒരു ഹോബിയായി വളര്‍ത്തിയെടുത്തു.മൂപ്പര് ഒരിക്കല്‍ എന്നെയും ഈ തെറി വിളിയില്‍ അഭിഷേകം ചെയ്തു.എനിക്കാകെ മനസ്സിലായത്,"മിട്സുബിഷി" എന്ന ഒരേ ഒരു വാക്ക്‌!! മിനിമം എന്‍റെ പിതാമഹനെ എങ്കിലും എന്തെങ്കിലും തെറി ഉറപ്പായും വിളിച്ചിരിക്കും.. അത് എനിക്ക് മനസ്സിലാകാതിരുന്നത് എത്ര നന്നായി??? വന്നു വന്നു,തൊട്ടടുത്ത്‌ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ട് സ്ഥാനം മാറ്റി,പുനര്‍നിര്‍മാണം നടത്തണം എന്ന് ഖത്തര്‍ ഗവണ്മെന്റ് നോട് പറയും എന്ന ഒരു അവസ്ഥ വരെ സംജാതമായി.

ഇങ്ങനെ ഈ അറബിയെ പേടിച്ചു വളരെ പതുക്കെ മാത്രം സംസാരിക്കാനും,ജീവിക്കാനും പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ ഫ്ലാറ്റിലെ ഒരു എ.സി.പ്രശ്നക്കാരനായത്.ടി.വി.റൂമിലെ എ.സി.ക്ക് റോക്കറ്റ് പോകുന്ന തരത്തിലുള്ള ശബ്ദം.പോരാത്തതിന് ഞാന്‍ ഒരു സത്യം കൂടി കണ്ടു പിടിച്ചു.എ.സി.ക്ക് ലീക്ക് ഉണ്ട്.അതില്‍ നിന്നും ലീക്ക് ചെയ്യുന്ന വെള്ളം ഇറ്റിറ്റായി വീണു,താഴെ ഉള്ള കാര്‍പെറ്റ്‌ നനയുന്നു.ഈ പ്രശ്നം ഭര്‍ത്താവിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.അദ്ദേഹം പറഞ്ഞു"എടീ,പൊട്ടി, അത് എ.സി.ലീക്ക് ചെയ്യുന്നതല്ല.വിന്‍ഡോ എ.സി. ആയതുകൊണ്ട് അതിലെ ഡ്രെയിന്‍ വാട്ടര്‍ വീഴുന്നതാ.വെള്ളം താഴെ വീഴുന്നത് ഒഴിവാക്കാന്‍ ഒരു ഹോസ് ഇട്ടു തരാം.ടെക്നിഷ്യന്‍ വരുന്നതു വരെ നീ തല്‍കാലം വെള്ളം വീഴുന്നിടത് ഒരു ബക്കറ്റ് വച്ചോളൂ.നിറയുമ്പോള്‍ എടുത്തു കളയാം." "വേഗം വേണം കേട്ടോ..ഇല്ലെങ്കില്‍ എ.സി ശബ്ദം കാരണം ഉറങ്ങാന്‍ പറ്റുന്നില്ലെന്നും പറഞ്ഞു ആ അറബി പോസ്റെറോട്ടിച്ചു മനുഷ്യനെ നാണം കെടുത്തും" ഭര്‍ത്താവിനു ഞാന്‍ മുന്നറിയിപ്പ് കൊടുത്തു.

ഇങ്ങനെ ഒരു വാഗ്ദാനം നടന്നതല്ലാതെ ഒരു ടെക്നിഷ്യന്‍ പോലും ഈ വഴി വന്നില്ല.അതുകൊണ്ട് തന്നെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കി. ഏകദേശം രണ്ടു ദിവസം ആകുമ്പോഴേക്കും ബക്കറ്റില്‍ വെള്ളം നിറയുന്നു. അത്,അവിടെ നിന്നു താങ്ങിപ്പിടിച്ച്‌,എടുത്തു കൊണ്ടുവന്ന് ബാത്രൂമില്‍ ഒഴിക്കേണ്ട ശ്രമകരമായ ദൌത്യം എന്‍റെ സ്നേഹമയനായ ഭര്‍ത്താവ് എന്‍റെ തലയില്‍ വച്ചു കെട്ടി.ഒരു കൊച്ചു വാതില്‍ തുറന്നു വേണം ആ ബക്കറ്റ് ഉള്ളിലെക്കെടുക്കാന്‍.അങ്ങനെ വാതില്‍ തുറക്കുമ്പോള്‍,സൈഡില്‍ വച്ചിരിക്കുന്ന നിലവിളക്ക്,ശ്രീകൃഷ്ണന്‍,ഗണപതി ഇവര്‍ക്കൊന്നും അനക്കം തട്ടരുത്.കൂടാതെ ഒട്ടും അകലെയല്ലാതെ വച്ചിരിക്കുന്ന ടീപോയില്‍ ബക്കറ്റ് തട്ടി വെള്ളം താഴെ പോവരുത്.അതിനടുതിരിക്കുന്ന മോള്‍ടെ സ്കൂട്ടര്‍ അനങ്ങുകയെ ചെയ്യരുത്.എന്നിങ്ങനെയുള്ള അലിഖിത നിയമങ്ങള്‍ പാലിച്ചു കൊണ്ടു മേലനങ്ങാന്‍ ഇഷ്ടമല്ലതിരുന്ന ഞാന്‍ ഈ ജോലി കൃത്യമായി നിര്‍വഹിച്ചു പോന്നു.
ഒരുദിവസം മാത്രം പറഞ്ഞു," എനിക്ക് വയ്യ ഇത്രേം കനമുള്ള ബക്കറ്റ് താങ്ങിപ്പിടിച്ച്‌ കൊണ്ടുപോയി കളയാന്‍..ഇന്നു അതെടുത്ത് കളയണം ട്ടോ." മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.ബക്കറ്റ് പുറത്തേക്കെടുത്തു ബാത്രൂമില്‍ കൊണ്ടുപോയി വെള്ളം കളയുന്നതൊന്നും ഞാന്‍ കണ്ടില്ല.ചോദിച്ചപ്പോള്‍ പറഞ്ഞു,"കുഴി എണ്ണാന്‍ നിക്കണ്ട.അപ്പം തിന്നാല്‍ മതി." ഓഹ് !! ധാരാളം മതി..
പിറ്റേദിവസം ഭര്‍ത്താവ് ജോലിക്ക് പോകാനായി വാതില് തുറന്നപ്പോള്‍, വാതിലിന്മേല്‍ ഒരു വലിയ പോസ്റ്റര്‍!!! "ഡോണ്ട് പോര്‍ ദ വാട്ടര്‍ ത്രൂ ദ വിന്‍ഡോ.യു ആര്‍ ഡാമേജിംഗ് ഔര്‍ എ.സി." എന്ന് വച്ചാല്‍, ജനലിലൂടെ വെള്ളം പുറത്തേക്ക് ഒഴിക്കരുത്.നിങ്ങള്‍ ഞങ്ങളുടെ എ.സി.നശിപ്പിക്കുകയാണ് എന്ന്.അയ്യേ! നാണക്കേട്!!ആ അറബി മാമന്‍ പിന്നേം പണി പറ്റിച്ചു. വെള്ളം നിറച്ച ബക്കറ്റ് താങ്ങിയെടുക്കാന്‍ കൂട്ടാക്കാതെ എന്‍റെ ഭര്‍ത്താവ് ആ ബക്കറ്റ് എടുത്തു പൊക്കി,വിന്‍ഡോ യിലൂടെ പുറത്തേക്ക് വെള്ളം ഒഴിക്കുക മാത്രമെ ചെയ്തുള്ളൂ.അപ്പോള്‍,വെള്ളം "ചട പടാ " ന്നു അറബി മാമന്‍റെ എ.സി.ക്ക് പുറത്താണ് വീണത്. മുകളില്‍ നിന്നും കനമുള്ള എന്തെങ്കിലും താഴേക്ക് ഇട്ടാല്‍ അത് താഴേക്ക് വീഴും. അത് സ്വാഭാവികം!! അതിന് കാരണം ഗുരുത്വകര്ഷണ ബലം!! അല്ലാതെ,......പക്ഷെ,നമ്മുടെ അറബിയും സ്വത സിദ്ധമായ രീതിയില്‍ പ്രതികരിച്ചു.അത്രയേ ഉള്ളൂ.ഞങ്ങള്‍ മൂന്നാമത്തെ നിലയിലായത് ഭാഗ്യം!! കാരണം,താഴത്തെ നിലയില്‍ ഉള്ളവര്‍ ജോലിക്ക് പോകാനായി,ഇവിടേക്ക്‌ ഇത്രയും സ്റ്റെപ്പ് കേറി വന്നു വീണ്ടും തിരിച്ചു ഇറങ്ങി പോകില്ലല്ലോ.... ഭര്‍ത്താവ്,പോസ്റ്റര്‍ കണ്ടു അല്പം അമര്‍ഷത്തോടെ അത് വലിച്ചു കീറി.എന്നിട്ട് എന്നോട് ചോദിച്ചു...."ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ?" ഞാന്‍ പറഞ്ഞു.."കുഴി എണ്ണാന്‍ നില്‍ക്കണ്ട..അപ്പം എന്തായാലും നന്നായിട്ടുണ്ട്"