Wednesday, December 31, 2008

അല്‍ - താനി ബില്‍ഡിംഗ്‌ നമ്പര്‍ വണ്‍


അല്‍ - താനി ബില്‍ഡിംഗ്‌ നമ്പര്‍ വണ്‍ .....ഇനി ഞങ്ങളുടെ ഓര്‍മ്മയിലേയ്ക്ക്.മൂന്നു വര്‍ഷം അഭയം തന്ന ഈ ബില്‍ഡിംഗില്‍ നിന്ന് ഞങ്ങള്‍ കുടിയൊഴിയുന്നു.പകരം മറ്റൊന്നിലേയ്ക്ക്..


"എവിടെയാ താമസം?" അതിന് മറുപടിയായി പറഞ്ഞു ശീലിച്ച വാക്കുകള്‍ക്കു പകരം ഇനി പുതിയത് തേടേണ്ടിയിരിക്കുന്നു.അടുക്കലും,പെറുക്കലും അവസാനിപ്പിച്ച്,പ്രിയപ്പെട്ടതെല്ലാം വാരിക്കൂട്ടി പുതിയൊരു കൂട്ടിലേയ്ക്ക്‌ ഞങ്ങള്‍ ചേക്കേറുന്നു.


പടിയിറങ്ങുമ്പോള്‍ ഉള്ള തിരിഞ്ഞു നോക്കലിന് ഇവിടെ പ്രസക്തിയില്ല.കാരണം,ഈ ഫ്ലാറ്റ് ഞങ്ങളുടെ സ്വന്തമല്ലല്ലോ.. ഇനിയുള്ളതും അങ്ങനെ തന്നെ.എല്ലാം വെറും ഇടത്താവളങ്ങള്‍ മാത്രം.എങ്കിലും,ദോഹയും,ഫ്ലാറ്റ് ജീവിതവും ഇഷ്ടപ്പെടാതിരുന്ന ഞാന്‍ ഇത്തരം ജീവിത താളക്രമങ്ങള്‍ ശീലിച്ചത് ഈ ഒമ്പതാം നമ്പര്‍ ഫ്ലാറ്റില്‍ ആണ്.എല്ലാവര്‍ക്കുമെന്ന പോലെ,ഈ ഇടത്താവളവും,എനിക്കെന്തൊക്കെയോ തന്നിട്ടുണ്ട്.ഇവിടെ എന്തൊക്കെയോ നഷ്ടപ്പെട്ടിട്ടും ഉണ്ട്.ലാഭ-നഷ്ടങ്ങളുടെ കണക്കെടുക്കാതെ, പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയലയുന്ന ഒരു പ്രവാസിയായി ഞാനും എണ്ണപ്പെടുന്നു. അത്,ഭാഗ്യമോ.. ദൗര്‍ഭാഗ്യമോ ..അറിയില്ല.


നാട്ടിലെ വിശേഷപ്പെട്ട ദിവസങ്ങള്‍ പ്രതീക്ഷയോടെ തിരയാറുള്ള രണ്ടായിരത്തിഎട്ടിലെ പഴയ കലണ്ടറും ഉപേക്ഷിച്ച്,ഞാന്‍ പടിയിറങ്ങുന്നു.ഒട്ടും ചെറുതല്ലാത്ത വേദനയോടെത്തന്നെ.ബ്രൌണ്‍ നിറത്തിലുള്ള കട്ടി ചട്ടയോടു കൂടിയ എന്റെ ഡയറിയോട് കിന്നരിക്കാന്‍ സ്ഥലം തന്നിരുന്ന ഈ വിശാലമായ അടുക്കള എന്നില്‍ തീര്‍ച്ചയായും നഷ്ട ബോധം ഉണര്‍ത്തും,ഉറപ്പ്..എന്റെ ഏകാന്തതയെ സമ്പന്നമാക്കിയതും ഈ ഊണ്‍തളം തന്നെ.


ഈ ഫ്ലാറ്റിലെ നഷ്ടങ്ങളുടെ പട്ടിക നിരത്തിയാല്‍ അടുത്ത അക്കമിട്ട് എഴുതേണ്ടത് എന്റെ "ഓപ്പണ്‍ ടെറസ്' ആണ്.ദോഹയിലെ ആകാശം ഒട്ടും ഭംഗി തോന്നിയിട്ടില്ല ഒരിയ്ക്കലും.ഒന്നുമില്ലാതതിനേക്കാള്‍ ഭേദം എന്നോര്‍മ്മിപ്പിച്ചു കൊണ്ടു,ഇടയ്ക്ക് നന്ദു ടെറസില്‍ നിന്ന് കൊണ്ടു മുകളിലേയ്ക്ക് നോക്കി പറയും"ഹായ് ആകാശത്ത്,ഇന്നു ടൂ-ത്രീ സ്റ്റാര്‍ ഉണ്ടല്ലോ"ഇനിമുതല്‍ ടെറസിലെ ആ കാഴ്ചയും നിന്നു.

നന്ദു, വണ്‍,ടൂ,ത്രീ കോറിയിട്ട ചുമരുകളുള്ള ഈ ഒമ്പതാം നമ്പര്‍ ഫ്ലാറ്റിനോട് "ഗുഡ് ബൈ " പറഞ്ഞു കൊണ്ട്,പുതുവര്‍ഷത്തെ ഞങ്ങളും വരവേല്‍ക്കുന്നു.കൂടുതല്‍ സന്തോഷവും,സ്നേഹവും,നന്മയും പ്രതീക്ഷിച്ചുകൊണ്ട്...
എല്ലാ ബൂലോകര്‍ക്കും സന്തോഷം നിറഞ്ഞ പുതുവല്‍സരാശംസകള്‍.

ചിത്രം : ഗൂഗിളില്‍ നിന്നു കിട്ടിയതാണ്.

Thursday, December 25, 2008

ബാന്‍ഡ്സെറ്റ് ചരിതം


തലക്കഷ്ണം : ലോകത്തിലെ എല്ലാ കന്യാസ്ത്രീകളും സിസ്റ്റര്‍ സെഫിമാരല്ല.


"സ്കൂള്‍ യൂത്ത് ഫെസ്റിവല്‍നോടനുബന്ധിച്ചുള്ള മലയാളം കഥാ രചനയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികള്‍ ഓപ്പണ്‍ സ്റ്റേജ്ന് സമീപം വരേണ്ടതാണ്." ഇങ്ങനെയൊരു അനൌണ്‍സ്മെന്റ് കേട്ടതും ക്ലാസ്സിലെ പകുതിയിലേറെപ്പേരും താഴേയ്ക്ക് "ചട പടാ"ന്നു ചാടിയിറങ്ങി."വേര്‍ ആര്‍ യു ഗോയിംഗ്?"ഈ റാലി കണ്ടു സൂസന്‍ ടീച്ചര്‍ ചോദിച്ചു." അത്..പിന്നെ...ഞങ്ങള് കഥയെഴുതാന്‍ പൂവ്വാ..."കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു." എനിക്ക് മനസ്സിലായി,ഈ പീരീഡ്‌ ഹിന്ദി 'പോയെം' ഞാന്‍ ചൊല്ലിക്കും. അത് ചൊല്ലാന്‍ പറ്റണോര് മാത്രം മാധവിക്കുട്ടിമാരായാല്‍ മതി."ടീച്ചര്‍ തറപ്പിച്ചു പറഞ്ഞു.ഇതാരും തീരെ പ്രതീക്ഷിച്ചില്ല.ഇളിഞ്ഞു പാളീസായി എല്ലാവരും ക്ലാസ്സില്‍ തിരിച്ചു കയറി.

ദൈവമേ,ഇനിയെന്ത് ? എന്ന് കണ്ണ് മിഴിച്ചു ഇരിക്കുമ്പോഴാണ് സ്കൂളിലെ ആയ മറിയാമ്മ ചേടത്തി ക്ലാസ്സിലെത്തി,"സ്മിതയെ വിളിക്കുന്നുണ്ട്,താഴേയ്ക്ക്" എന്നും പറഞ്ഞു പാഞ്ഞ് തിരിച്ചു പോയത്."സ്മിത എവിടെ?" സൂസന്‍ ടീച്ചര്‍ ചോദിച്ചു.ക്ലാസ്സിലെ ഏഴ് സ്മിതമാരും പ്രതീക്ഷയോടെ ചാടി എണീറ്റു. അത് വാസ്തവം !ഞങ്ങളുടെ ക്ലാസ്സില്‍ സ്മിതമാരെ തട്ടിമുട്ടി നടക്കാന്‍ സ്ഥലമില്ലായിരുന്നു.കൂടെ ഏഴ് സുനിത,അഞ്ചു അശ്വതി,ആറ് നിഷ,നാല് ബിന്ദു..ദീപമാരുടെ കാര്യം പിന്നെ പറയണ്ട.ഇതൊക്കെ പോരാതെ സ്കൂളില്‍ ലില്ലി ടീച്ചര്‍മാര്‍ നാലഞ്ചെണ്ണം വേറെ.

സ്മിതമാരുടെ മാര്‍ച്ച് താഴേയ്ക്ക്.അവിടെ ചെന്നപ്പോള്‍ മനസ്സിലായി,വിളിച്ചത് ബാന്‍ഡ് സെറ്റില്‍ ഉള്ള സ്മിതയെയാണ്.എന്ന്‍ വച്ചാല്‍ എന്നെ.ബാന്‍ഡ് ടീമിന് പുതിയ യൂണിഫോം തയ്പ്പിക്കാനുള്ള തയ്യാറെടുപ്പ്.ബാന്‍ഡ് കുട്ടികളുടെ "കലപില".മെറ്റീരിയല്‍ സെലക്റ്റ് ചെയ്യലും, അളവെടുപ്പിക്കാനുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നു.ഒരു ടെക്സ്ടൈല്‍ ഷോറൂമില് ഉള്ളതിനേക്കാള്‍ കൂടുതല്‍ "സ്റ്റഫ് " തുണികളും അതിനിടയില്‍ 'ബാന്‍ഡ് കുട്ടികളും',കന്യാസ്ത്രീകളും.ഞങ്ങളുടെ സ്കൂളില്‍ എന്നും ബാന്‍ഡ് സെറ്റ് കോണ്‍വെന്റ്ന്റെ പ്രൌഡിയുയര്‍ത്താന്‍ വേണ്ടി,കന്യാസ്ത്രീകള്‍ പണിപ്പെട്ട് നിലനിര്‍ത്തിപ്പോന്നിരുന്ന ഒരു സംഗതിയായിരുന്നു."നീണ്ട" അഞ്ചു വര്‍ഷം ഞാന്‍ ഞാന്‍ സ്കൂളിലെ ബാന്‍ഡ് സെറ്റില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സബ് ജില്ല,ജില്ല,സ്റ്റേറ്റ് യൂത്ത് ഫെസ്റിവലുകളില്‍ "എ" ഗ്രേഡ് അടക്കം അഞ്ചു പോയിന്റ് ലക്ഷ്യമിട്ട്കൊണ്ട് അധ്യയന വര്‍ഷാരംഭത്തില്‍തന്നെ ഞങ്ങള്‍ ഇരുപത്തിഒന്ന് പേര്‍ അടങ്ങുന്ന ടീം പ്രാക്ടീസ് തുടങ്ങും.ഐവി ടീച്ചെരുടെയും,മേഴ്സി ടീച്ചെരുടെയും മേല്‍നോട്ടത്തില്‍ പോലീസ് ബാന്‍ഡ് ടീം അംഗമായ വര്‍ഗ്ഗീസ് മാഷിന്റെ നേതൃത്വത്തില്‍ പരിശീലനം...എല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ബഹുരസം....


സ്കൂള്‍ ജീവിതത്തില്‍ 'മിസ്' ചെയ്യുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് എനിക്കീ ബാന്‍ഡ് സെറ്റ്.അതില്‍ നിന്നു ലഭിച്ച അച്ചടക്കവും,വിട്ടു വീഴ്ച്ചാ മനോഭാവങ്ങളും,സൌഹൃദങ്ങളും എന്നും വിലയേറിയതായി അനുഭവപ്പെട്ടിട്ടും ഉണ്ട്.ഞങ്ങളുടെ സ്കൂളിന്റെ - തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്ട്‌ കോണ്‍വെന്റ് ന്റെ - മുഖ്യഎതിരാളികള്‍ തൃശ്ശൂര്‍ ഹോളി ഫാമിലി കോണ്‍വെന്റ് ആയിരുന്നു.അതിന് പ്രധാന കാരണം,ആ സ്കൂളിന്റെ ബാന്‍ഡ് സെറ്റില്‍ നമ്മുടെ ബാന്‍ഡ് മാഷിന്റെ മോള് ഉണ്ട് എന്നത് തന്നെ. എത്ര വിശാല ഹൃദയനായാലും മാഷ്‌,മോള്‍ടെ സ്കൂളിന്റെ കാര്യത്തില്‍ സ്വാര്‍ഥനാകും.മൂപ്പര്,മറ്റേതു സ്കൂളില്‍ ബാന്‍ഡ് ട്രെയിനിംഗ് നല്‍കുന്നതിനേക്കാള്‍ രണ്ടോ-മൂന്നോ സ്പെഷ്യല്‍ ട്യൂണ്കളും ഫോര്‍മേഷന്‍സും ബാന്‍ഡ് ഡിസ്പ്ലയില്‍ ഹോളിഫാമിലിയെ മാത്രം പഠിപ്പിച്ചിരിക്കും.രസകരമായ മറ്റൊരു വസ്തുത ,മിക്കവാറും എല്ലാ സ്കൂളിന്റെയും ബാന്‍ഡ് മാഷ്‌ ഇതേ വര്‍ഗീസ്മാഷ്‌ തന്നെയായിരിക്കും.മൂപ്പര് എല്ലാ സ്കൂളിലും ഒരുപോലെ ഓടിനടന്നു ട്രെയിനിംഗ് നല്‍കിയിരുന്നത് എങ്ങനെയാണാവോ?


യൂത്ത് ഫെസ്ടിവലിലെ മറ്റേത് ഐറ്റത്തിനേക്കാളും കൂടുതല്‍ പ്രാക്ടീസും,പണച്ചിലവും കൂടുതല്‍ ഉള്ളത് കൊണ്ടാണോ ,പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണക്കൂടുതലോ ,പരിപാടിയുടെ ദൈര്‍ഘ്യമോ അതോ ബാന്‍ഡ് സെറ്റിന്റെ മേളക്കൊഴുപ്പ് കൊണ്ടാണോ ....ബാന്‍ഡ് സെറ്റിനു ഞങ്ങളുടെ സ്കൂളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കപ്പെട്ടിരുന്നത് എന്നെനിക്കറിയില്ല.സബ്-ജില്ലാ യുവജനോല്‍സവം വന്നാല്‍ ഞങ്ങളുടെ സ്കൂളില്‍ "ഗുരുകുല വിദ്യാഭ്യാസ" രീതിയായിരുന്നു.എന്ന്‍ വച്ചാല്‍ എല്ലാവരും സ്കൂളില്‍ തന്നെ നില്‍ക്കണം.രാത്രിയടക്കം പ്രാക്ടീസ്."യുവജനോല്‍സവക്കുട്ടികളുടെ" ബഹളം സ്കൂളില്‍ ഇരുപത്തിനാല് മണിക്കൂറും.രാത്രിയില്‍ പതിനൊന്നു മണി വരെ നീളുന്ന പ്രാക്ടീസും,സമ്മാനം വാങ്ങേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള നീണ്ട "ബ്രെയിന്‍ വാഷിംഗ്" വേറെയും

പാതിരാത്രിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍,ഞങ്ങള്‍ 'ബാന്‍ഡ് കുട്ടികള്‍' തകര്‍ത്ത്‌ പ്രാക്ടീസ്. സ്കൂള്‍ ഗ്രൌണ്ട്ന് തൊട്ടടുത്ത്‌ താമസിക്കുന്ന ഡോക്ടറും,സ്കൂളിലെ സിസ്റ്റെര്‍മാരും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ബാന്‍ഡ് പരിശീലനത്തെപ്പറ്റി വാക്തര്‍ക്കം.അതും ഫോണിലൂടെ.ഞങ്ങളുടെ സിസ്റെര്‍മാരെ വാക്ക് സാമര്‍ത്ഥ്യത്തില്‍ തോല്‍പ്പിക്കാന്‍ സാക്ഷാല്‍ അശ്വമേധം ഫെയിം ജി.എസ്.പ്രദീപ് വന്നാലും തോറ്റ് മടങ്ങും.പതിവുപോലെ ഡോക്ടര്‍ പത്തിമടക്കി നല്ല കുട്ടിയായി,ചെവിയില്‍ പഞ്ഞി തിരുകി കിടന്നുറങ്ങിയിട്ടുണ്ടാകും.


കുട്ടികളുടെ പ്രാക്ടീസ് സമയത്ത്,സിസ്റെര്‍മാരും കണ്ണില്‍ എണ്ണയൊഴിച്ചു കൂടെ കാവല്‍.കുട്ടികള്ക്ക് കിട്ടാന്‍ പോകുന്ന ഓരോ പോയിന്റും സ്കൂളിന്റെതാണ്‌.അതിന് പുറകിലെ അധ്യാപകരുടെ കഷ്ടപ്പാടുകളും എനിക്കോര്‍മ്മയുണ്ട്.പ്രാക്ടീസിന്റെ ബോറടി മാറ്റാന്‍ സിസ്റ്റര്‍മാര്‍ സ്പോണ്സര്‍ ചെയ്യുന്ന 'ട്രഷര്‍ ഹണ്ടിംഗ്' ആണ് മാസ്റെര്‍ പീസ്.തപ്പി തടഞ്ഞു,ഓടി ചാടി എത്തുന്നത്‌ പത്തു പൈസയുടെ മിഠായി പാക്കറ്റ്,സോപ്പ് പെട്ടി,യേശു-മാതാവ് - ജോസഫ് എന്നിവരുടെ ഫാമിലി ഫോട്ടോ ഇത്യാദി "നിധികള്‍" വേട്ടയാടാനായിരിക്കും. ക്ഷീണം തോന്നാതിരിക്കാന്‍ ഇടയ്ക്ക് നാരങ്ങാ വെള്ളം, ബിസ്കറ്റ് സപ്ലൈ എന്നിവ മുറയ്ക്ക്‌ ഉണ്ടാകും.അന്നൊക്കെ പക്ഷെ,ആ പ്രാക്ടീസെല്ലാം ഞങ്ങളെ സംബന്ധിച്ച് 'തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന രീതിയാണെന്ന്' തോന്നിയതെ ഇല്ല.


ഞങ്ങള്ക്ക് ചിലപ്പോ ട്യൂഷന്‍ ക്ലാസ്സില്‍ നിന്നൊക്കെ 'ലീക്കായി' ചില ന്യൂസ് കിട്ടും.അതായത്,ഹോളിഫാമിലി കുട്ടികള്‍ വൈകുന്നേരം തൊട്ടു പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്നൊക്കെ.ഞങ്ങള്‍ വഴി,അതറിഞ്ഞ സിസ്റെര്മാര്‍ ഞങ്ങള്ക്ക് ഉച്ച തൊട്ടേ സേക്രഡ്ഹാര്‍ട്ട്‌നു പ്രാക്ടീസ് പ്രഖ്യാപിക്കും.വന്ന് വന്ന് സേക്രഡ് ഹാര്‍ട്ട് - ഹോളി ഫാമിലി യുവജനോല്‍സവ തയ്യാറെടുപ്പ് ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം പോലെയായി ഞങ്ങള്ക്ക്. സിസ്റെര്മാരെ സംബന്ധിച്ചും അങ്ങനെ തന്നെ.ഒരുപക്ഷെ,ഞങ്ങളെക്കാള്‍ കൂടുതല്‍ ഉഷാറ് അവര്‍ക്ക്‌.സ്പിരിറ്റ് കൂടിക്കൂടി ബാന്ഡ് മാഷിനു പകരം അവര്‍ രംഗത്ത് ഇറങ്ങും..മാഷിനെക്കേറി ഭരിക്കാന്‍ തുടങ്ങുന്നു.."ഈ കൌണ്ടര്‍ മാര്‍ച്ച് വേണ്ട,പകരം ടു ലൈന്‍ ഫോര്‍മേഷന്‍ മതി.കഴിഞ്ഞ കൊല്ലാതെ പോലെ 'വന്ദേമാതരം' വേണ്ട,പകരം 'ഓം ജയ് ജഗദീശ് ഹരേ'..മതി."എന്നൊക്കെ നിര്‍ദ്ദേശം വരികയായി.ഇതൊക്കെ കേട്ട്‌ ചൂടായ ബാന്‍ഡ് മാഷ്‌ ,"എന്നാ പിന്നെ,നിങ്ങള്ക്ക് പഠിപ്പിച്ചാ പോരെ?എന്നെ എന്തിനാ വിളിച്ചേ?ദേ,സിസ്റെരെ ,ഇങ്ങനെ ബുദ്ധിമുട്ടിച്ചാ ഞാന്‍ എന്റെ പാട്ടിനു പൂവ്വും ട്ടാ..." .ആ ഭീഷണിയില്‍ പാവം സിസ്റെര്മാര്‍ ഒതുങ്ങും.


സിസ്റെര്മാര്‍ വേണ്ടതിനും,വേണ്ടാത്തതിനും ഇടപെട്ട് മാക്സിമം 'കുളങ്ങള്‍' കുഴിച്ചിടും.അന്നങ്ങനെ ഞങ്ങള്ക്ക് തോന്നിയിരുന്നു.പക്ഷെ,കാലം കടന്ന് ഞാനുമൊരു അധ്യാപികയായപ്പോള്‍,ഇത്തരം 'ഡെഡിക്കെഷന്‍' ഒരു ചുമതലാ ബോധമായി കാണാന്‍ കഴിയുന്നു...എങ്കിലും,ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന രസകരമായ ചിലത് കൂടി പറയട്ടെ.. പകല്‍ സമയത്ത്,ബാന്‍ഡ് പ്രാക്ടീസ് ചെയ്യുന്ന ശബ്ദം കേട്ടാല്‍ അപ്പോള്‍ തന്നെ, അത് കാണാന്‍ തൊട്ടടുത്ത മോഡല്‍ ബോയ്സ് ലെ 'ചേട്ടന്മാര്‍' ചുറ്റുമുള്ള മതിലില്‍ കയറിയിരിക്കും.അവരെ ഓടിക്കാന്‍ സിസ്റെര്മാര്‍ ചൂരലും പിടിച്ചു മതിലിനു ചുറ്റും ഓട്ടം തന്നെ ഓട്ടം!!മല്‍സരത്തിന്‌ ഏകദേശം രണ്ടു ദിവസം മുന്‍പ് മാത്രമായിരിക്കും സിസ്റ്റര്‍ ഫൈനല്‍ പര്‍ച്ചെയ്സ് ലിസ്റ്റ് തരിക. അത് പരമ രഹസ്യമായിരിക്കും,.ആരോടും പറയരുത്.എതിര്‍ സ്കൂളുകാര്‍ എങ്ങാനും മണത്തറിഞ്ഞാല്‍ കോപ്പിയടിച്ചാലോ.യൂണിഫോംനെപ്പറ്റി ഒരു കുട്ടി പോലും ജീവന്‍ പോയാലും പുറത്തു പറയാനേ പാടില്ല. .മിക്കവാറും ആ ലിസ്റ്റ് ഇങ്ങനെയായിരിക്കും : വൈറ്റ് കാന്‍വാസ് ഷൂ, വൈറ്റ് റിബ്ബണ്‍, വൈറ്റ് ഗ്ലൌസ്, വൈറ്റ് സോക്സ്‌...ഇങ്ങനെ ആകെ വൈറ്റ് മയം..സിസ്റ്റര്‍ തന്ന ലിസ്റ്റും കൊണ്ടു വീട്ടില്‍ ചെല്ലുമ്പോള്‍,എല്ലാ 'ബാന്‍ഡ് കുട്ടികളുടെയും' വീട്ടില്‍ നിന്നു ഒരേ പ്രതികരണം : "ഈ മൊട്ടച്ചികള് ഈ തലേ ദിവസമാണോ ഈ ലിസ്റ്റ് കൊടുത്തയക്കുന്നത്?ഇനി ഇതു കിട്ട്വോ ആവോ?" ഞങ്ങളാ പ്രതികരണം അപ്പാടെ ബാന്‍ഡ് സിസ്റെരോട് അറിയിക്കും.ബാന്‍ഡ് സിസ്റ്റെര്‍ ഓടി നടന്നു എണ്ണം എടുത്ത്‌,തൃശ്ശൂര്‍ ടൌണിലെ സകല കടകളിലും കയറിയിറങ്ങി,തപ്പി പിടിച്ചു സാധനങ്ങള്‍ സംഘടിപ്പിച്ചിരിക്കും. ബാന്‍ഡ് ഇന്‍സ്ട്രുമെന്റ്സ് പോളിഷിംഗ് ചെയ്യല്‍,യൂണിഫോം തയ്പ്പിക്കല്‍ എല്ലാം ഭംഗിയായി വേറൊരു വശത്ത് നടന്നിട്ടുണ്ടാകും.യൂത്ത്ഫെസ്ടിവലിലെ ഓരോ ഇനത്തിനും ഓരോ ടീച്ചര്‍മാര്‍ക്ക് ചാര്‍ജ് ഉണ്ടാകും.നമ്മുടെ ബാന്‍ഡ് സെറ്റിനു മാത്രം സിസ്റ്റര്‍മാര്‍.ഇവിടെ ടീച്ചര്‍മാര്‍ വെറും മേല്‍നോട്ടക്കാര്‍.

പ്രാക്ടീസെല്ലാം കഴിഞ്ഞു,പുതിയതായി തയ്പ്പിച്ച ഡ്രസ്സ് ഒക്കെ ഇട്ടു ഞങ്ങള്‍ ഒരു പോക്കുണ്ട്.അതിന് മുന്‍പായി ഹെഡ്മിസ്ട്രെസ്സ് ന്റെ നേതൃത്വത്തില്‍ ഒരു കൂട്ടായ പ്രാര്‍ഥനയും.."ഓ,മൈ ജീസസ് , മൈ ഗേള്‍സ് ആര്‍ ഗോയിംഗ്" .. എന്ന് തുടങ്ങുന്ന സിസ്റ്റര്‍ടെ ഒരു 'സ്വയം കൃതി' പ്രാര്‍ത്ഥന. അത് കഴിഞ്ഞാണ് ' അഡ്വൈസ് സെഷന്‍ '.അതിങ്ങനെ തുടങ്ങും..'' ഇന്‍സ്ട്രുമെന്റ്സ്ന്റെ കനം സാരല്യ..ആകെ ഇരുപതു മിനിറ്റല്ലേ വേണ്ടോ,പിന്നെ,അവിടെ ഒരുപാട് വായ് നോക്കി ആമ്പിള്ളാര് ഉണ്ടാവും,അവരോടൊന്നും,ചിരിക്കാനും,കൊഴയാനും നിക്കണ്ടാ ട്ടാ.കഴിഞ്ഞ കൊല്ലത്തെ റിപബ്ലിക്‌ഡേ പരേഡ്നു പോയിട്ട് ജാസ്മിന്‍ ചെക്കമ്മാരോട് ചിരിച്ചു മറിന്ഞത് ഞാന്‍ കണ്ടുണ്ടാര്‍ന്നു. അത് ഇത്തവണ വേണ്ടാ ട്ടാ."

സിസ്റ്റെര്‍ടെ വാണിംഗ് ന് ജാസ്മിന്‍ന്റെ മറുപടി," അത് പിന്നെ സിസ്റ്റെരെ,നമ്മള് ഒരു സ്ഥലത്തു 'ഹോള്‍ട്ട്' ചെയ്തപ്പോ ഒരാള്,അയാള്‍ടെ കുട്ടീനെ എടുത്ത്‌ പൊക്കീട്ടു,എന്റെ സാക്സഫോണിന്റെ സ്പീക്കരില്‍ക്ക് കാണിച്ചിട്ട് പറയ്വാ..''ഈ കോളാംമ്പി ക്കൂടെപോയാ ആ ചേച്ചീടെ വായില് എത്തുംന്നു.''.ഇതു കേട്ടാ ആരായാലും ചിരിക്കില്ല്യെ?"അവള്‍ നയം വ്യക്തമാക്കി.അപ്പൊ,പിന്നെ സുജ ചിരിച്ചതോ?ഐവി ടീചര്‍ പറഞ്ഞല്ലോ..സുജ ഒരു കൊല്ലമായി അടക്കിപിടിച്ചു വച്ചിരിക്കുന്ന ആ ഭീകരസത്യം പുറത്തു വിട്ടു,"എന്റെ ട്യൂ ഷന്‍ ക്ലാസ്സിലെ വിനു എന്നെ കണ്ടപ്പോ, അടുത്ത് വന്നു ചോദിച്ചു,"ഈ പെണ്‍ഗ്വിന്‍ ആണോ നിന്റെ സിസ്റ്റെര്‍ എന്ന്.അപ്പൊ, എനിക്ക് ചിരി വന്നു.സിസ്റ്റെര്‍ടെ വെളുത്ത ഉടുപ്പിന്റെ കൂടെ ഉള്ള തലേലെ ഈ തുണി കറുപ്പല്ലേ..അതോണ്ടാ അങ്ങനെ ചോദിച്ചേ"....സിസ്റ്റെര്‍ വീണ്ടും,വീണ്ടും ഉറപ്പിച്ചു പറഞ്ഞു," അത് തന്നെയാ പറഞ്ഞെ,നമ്മള് ഒരു കോണ്‍വെന്റ് ലെ കുട്ടികളാ .അതിന്റേതായ അടക്കോം,ഒതുക്കോം ,സംസ്കാരോം,അന്തസ്സും എവിടെ ചെന്നാലും കാണിക്കണം. അത് ആരും മറക്കണ്ട."


മിക്കവാറും എല്ലാ കൊല്ലത്തെയും യൂത്ത്ഫെസ്റിവലുകള്‍ പതിവുപോലെ അധ്യാപകരുടെ "കടിപിടി'യിലാണ് അവസാനിക്കാറ്. ഭരത നാട്യത്തിന്‌ 'എ' ഗ്രേഡ് അല്ലേ ഞങ്ങള്ക്ക് കിട്ടിയത്,അപ്പൊ പിന്നെ 'ഗ്രൂപ്പ് ഡാന്‍സ്' നും 'എ' ഗ്രേഡ് വാങ്ങാന്‍ ഞങ്ങള്ക്ക് അറിയാം നിങ്ങളൊക്കെ കോടതി ഉത്തരവ് വാങ്ങിയിട്ടല്ലേ,ഈ അര്‍ഹതയില്ലാത്ത സമ്മാനം വാങ്ങാന്‍ വന്നിരിക്കുന്നത്?. എരിതീയില്‍ എണ്ണ ഒഴിക്കാന്‍ അച്ഛനമ്മമാരും,ഡാന്‍സ് മാഷ്-ടീച്ചര്‍ മാരും.പരസ്യമായ വെല്ലുവിളി എവിടെയും കേള്‍ക്കാം.കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്ന അധ്യാപകരുടെ യഥാര്‍ത്ഥ അച്ചടക്കം നമ്മള്‍ക്കവിടെ കാണാം. ഇതിനിടയില്‍ മിഴിച്ചു നില്ക്കുന്ന കുട്ടികള്‍..!ഇങ്ങനെ വളരെയധികം അച്ചടക്കത്തോടെ ''കാക്കയില്‍ നിന്നും,പരുന്തില്‍ നിന്നും കാക്കുന്ന കോഴിയമ്മയെ' പോലെ ഞങ്ങളെ മല്‍സര വേദിയായ ഗ്രൌണ്ട്ന് സമീപം ഏതെങ്കിലും ഒരു വണ്ടിയില്‍ ഇരുത്തി പുറത്തു സിസ്റ്റെര്മാര്‍ കാവല്‍ നില്ക്കും.എല്ലാവരെയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ചെസ്റ്റ് നമ്പര്‍ ആകുമ്പോഴേ പുറത്തിറങ്ങൂ..


യുവജനോല്‍സവത്തില്‍ ബാന്‍ഡ് സെറ്റിന്റെ പെര്‍ഫോമന്‍സ് ടൈം കൃത്യം ഇരുപതു മിനിട്ട്.അതില്‍ 'കടുകിട' വ്യത്യാസം വരാന്‍ പാടില്ല.ഒന്നോ-രണ്ടോ സെക്കന്റുകളില്‍ എങ്ങാനും ചില്ലറ ഏറ്റക്കുറച്ചില്‍ വന്നാല്‍ പിന്നെ കഴിഞ്ഞു കഥ !!!പിന്നെ,ഞങ്ങള്‍ ബാന്‍ഡ് കുട്ടികള്‍ ആ ഡിസ്ട്രിക്ട് വിടണം.ഇല്ലെങ്കില്‍,സ്കൂളിലെ സകല ടീച്ചര്‍മാരും,സിസ്റ്റെര്‍മാരും കൂടി ഞങ്ങളെ വളഞ്ഞു 'ചീത്തപറച്ചില്‍ സെഷന്‍' ആരഭിക്കും.പ്രൈസ് കിട്ടിയാല്‍ പിന്നെ പറയണ്ട....ഞങ്ങളെ അങ്ങ്,സ്നേഹിച്ചു,പുകഴ്ത്തി,മാനം മുട്ടിച്ചു കൊല്ലും...പിന്നെ,എടുത്ത്‌ പൊക്കലായി,ഫോട്ടോ എടുക്കലായി...തിരിച്ചു സ്കൂളില്‍ വന്നു ഓപ്പണ്‍ അസംബ്ലി വിളിച്ചു കൂട്ടി ഞങ്ങളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കലായി..ഒരുവിധം എല്ലാ സ്കൂളുകളിലും ഇങ്ങനെയൊക്കെ തന്നെയാണ് യുവജനോല്‍സവങ്ങള്‍ ഇപ്പോഴും 'കൊണ്ടാടുന്നത്' എന്ന് എനിക്ക് തോന്നുന്നു.


ഈ ബാന്‍ഡ് ടീം കൊണ്ടു എനിക്കുണ്ടായ വേറൊരു ഗുണം ഞാന്‍ സ്കൂളില്‍ "ബാന്‍ഡ് സ്മിത' എന്നറിയപ്പെട്ടു എന്നതാണ്.ബാക്കി സ്മിതമാരൊക്കെ,"കുട്ടി സ്മിത, സോഡാ ഗ്ലാസ് ,സില്‍ക്ക് " എന്നൊക്കെ അറിയപ്പെട്ടപ്പോള്‍ ഞാന്‍ ബാന്‍ഡ് സ്മിതയായി വിലസി.വെറുതെയിരിക്കുമ്പോള്‍,ഇടയ്ക്കെങ്കിലും അന്ന് പ്രാക്ടീസ് സമയത്ത് കാണിച്ചു കൂട്ടിയ "കോപ്രായങ്ങള്‍" ഓര്‍ക്കുമ്പോള്‍ എനിക്കാ പഴയ 'ബാന്‍ഡ് സ്മിത'യാകാന്‍ ഒരു പൂതി! "ബാന്‍ഡ് റെഡി" എന്ന കമാന്‍ഡ് കേള്‍ക്കുമ്പോള്‍ ആ പഴയ 'ബാന്‍ഡ് കുട്ടി'യാകാന്‍ ഒരു കൊതി!


ഫോട്ടോ : ഗൂഗിളില്‍ നിന്നു 'കഷ്ടപ്പെട്ട്' അടിച്ച് മാറ്റി,രൂപ പരിവര്‍ത്തനം ചെയ്തത്..ഷേപ്പ് മാറ്റാതെ ഇട്ടാല്‍ യഥാര്‍ത്ഥ അവകാശികള്‍ ചീത്ത വിളിച്ചാലോ എന്ന ഭയത്താലാണ് ഇങ്ങനെ ചെയ്തത്.ഞങ്ങളുടെ എല്ലാ കൊല്ലത്തെയും ഫോട്ടോസ് വീട്ടില്‍ ഭദ്രമായി ഇരിപ്പുണ്ട്. അത് ഇവിടെ എത്തിക്കാനും ,സ്കാന്‍ ചെയ്യാനും യാതൊരു മാര്‍ഗ്ഗവും കാണാത്തതിനാലാണ് ഈ കടും കൈ ചെയ്തത്.

Sunday, December 14, 2008

ഇതെന്താണെന്നു പറയാമോ?

ഇതെന്താണെന്നു പറയാമോ?
സൂക്ഷിച്ചു നോക്കിയാല്‍ പിടികിട്ടും.
പിടി കിട്ടിയോ?
അതെ... അത് തന്നെ...നല്ല അസ്സല്‍ "ആമ"ക്കുട്ടന്മാര്‍ !!!
വരിവരിയായി കിടക്കുന്നു."ചാച്ചി ഒറങ്ങാന്‍ " പൂവ്വാന്ന് തോന്നുണു...
ആദ്യം വിചാരിച്ചത് "കല്ല്‌" വരിവരിയായി വച്ചിരിക്ക്യാണെന്നാ ...
സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ പിടി കിട്ടിയത്..
ആമകള്‍ ആണ് എന്ന്.

ദോഹയിലെ 'മൃഗശാലയില്‍' നിന്നൊരു കാഴ്ച...

ചിത്രത്തില്‍ "ക്ലിക്കി'യാല്‍ വലുതായി കാണാം കേട്ടോ.

Sunday, November 30, 2008

അപ്പൂപ്പന്‍താടിയില്‍ നിന്ന് കീഴടങ്ങലിലേയ്ക്ക്...

എന്റെ ഒരു ഗതികേട്!ഒരു വികലാംഗനെയാണല്ലോ ഞാന്‍ കല്യാണം കഴിച്ചത്.എത്ര നാള് ഇങ്ങനെ ഞാന് ജീവിക്കേണ്ടി വരും?" ദീപ ആരോടെന്നില്ലാതെ എണ്ണിപ്പെറുക്കി."ശരീരത്തിന് അംഗഭംഗം വന്നവരെ വിഗലാംഗര്‍ എന്ന് വിളിക്കും.പക്ഷെ,എന്നെ നീ എന്ത് അടിസ്ഥാനത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നു?" ചൂടു കാപ്പി വലിച്ച് കുടിച്ച്‌ കൊണ്ടു ,വായിച്ചു കൊണ്ടിരിക്കുന്ന മാഗസിനില്‍ നിന്നും കണ്ണെടുക്കാതെ അരുണ്‍ ചോദിച്ചു.അടക്കാനാവാത്ത ദേഷ്യത്തോടെ അവള്‍ പറഞ്ഞു,"കൈയോ,കാലോ ഇല്ലെങ്കിലും മനുഷ്യന് നല്ല അന്തസ്സായി ജീവിക്കാം.പക്ഷെ,നട്ടെല്ലില്ലാത്തത് പുരുഷന്മാര്‍ക്ക് അംഗവൈകല്യം തന്നെയാണ്.ആണായാല്‍ നിവര്‍ന്നു നില്‍ക്കാന്‍ നട്ടെല്ല് വേണം.അല്ലാതെ,സ്വന്തം കഴിവ് കേടിനെ മറ്റുള്ളവരുടെ തലയില്‍ വച്ചു കെട്ടാന്‍ നോക്കരുത്".ദേഷ്യം കൊണ്ടു ചുവന്ന അവളുടെ മൂക്കില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു.

"നീയിങ്ങനെ ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കാതെ!..നമുക്കു പരിഹാരമുണ്ടാക്കാം."അരുണ്‍ രമ്യതയോടെ പറഞ്ഞു.അവള്‍ പക്ഷെ,വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല."എന്തിനാ അരുണ്‍,നമ്മളിങ്ങനെ എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ വേണ്ടാന്നു വയ്ക്കുന്നത്?ഞാനത്രയേ ചോദിക്കുന്നുള്ളൂ..ഇനി മറ്റൊരു തരത്തില്‍ ജീവിക്കാന്‍ നമുക്കു വേറൊരു ജീവിതമില്ല.ഈ ഒരു ലൈഫ് ! അതെ,നമ്മുടെ മുന്നില്‍ ഉള്ളൂ. എന്ന് വച്ചു,നമ്മള്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ ഒരിയ്ക്കലും ചെയ്യണ്ട എന്ന് ഞാന്‍ പറയുന്നില്ലല്ലോ..എന്റെ ഓഫീസില്‍ നിന്നുള്ള ഈ ടൂറ് പോക്ക് പറഞ്ഞപ്പോഴല്ലേ,നിന്റമ്മയ്ക്ക് ഗുരുവായൂര് ഭജനം ഇരിയ്ക്കാന്‍ പോണംന്ന് തോന്നീത്?എന്നെ എപ്പോഴും ഒരു വിഡ്ഢിയാക്കാന്‍ നോക്കണ്ട.എനിയ്ക്കും എന്റേതായ വ്യക്തിത്വം ഉണ്ട്." വാദിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു


. അരുണ്‍ സ്നേഹത്തോടെ വീണ്ടും പറഞ്ഞു,"നോക്ക് ദീപാ,നീയിങ്ങനെ രോഷം കൊള്ളാന്‍ മാത്രം ഒന്നൂല്യ.നമുക്കു എല്ലാവര്‍ക്കും ഒന്നിച്ചു ഗുരുവായൂര്‍ക്ക് പോകാം.നിന്റെ ഓഫീസില്‍ നിന്നു ഡിസൈഡ് ചെയ്ത സ്ഥലത്തേയ്ക്ക് നമ്മളും പോകുന്നു,പോരെ?"..."പോര !!എന്നും,നീ വിചാരിച്ചതുപോലെ മാത്രേ എന്നെ ജീവിക്കാന്‍ സമ്മതിക്കൂ..ഞാന്‍..എനിക്കും എന്റേതായ കാഴ്ച്ചപ്പാടുകളുണ്ട്.ഇതറിഞ്ഞിരുന്നെങ്കില്‍ ഞാനൊരു കല്യാണമേ കഴിക്കില്ലായിരുന്നു."ഹെയര്‍ ബ്രഷ് കൈയില്‍ പിടിച്ചുകൊണ്ട് അവള്‍ ഉറക്കെ പറഞ്ഞു.


സങ്കല്പ്പത്തിന്റെയും യാഥാര്‍ത്യത്തിന്റെയും കൂടിച്ചേരലുകള്‍ക്കിടയില്‍ ജീവിതത്തിന്റെ നിറം കെട്ട് വെറും "ബ്ലാക്ക് & വൈറ്റ്" ആകുന്നത് അവള്‍ തിരിച്ചറിഞ്ഞു.കാലങ്ങളായുള്ള പെണ്ണിന്റെ കീഴടങ്ങല്‍ - അതിനെന്നെ കിട്ടില്ല.പരസ്പരം വാരിയെറിയുന്ന ഈ ചെളി പറ്റിപ്പിടിക്കുന്നത് മനസ്സില്‍ തന്നെയാണ്.ഈ വിഴുപ്പലക്കലുകള്‍ ജീവിതം വെളുപ്പിച്ച്‌ വീണ്ടും അവയില്‍ വര്‍ണ്ണപ്പൂക്കള്‍ തുന്നിപ്പിടിപ്പിക്കാന്‍ ഉപകരിക്കുന്നുമില്ല.എന്തൊക്കെ സങ്കല്‍പ്പങ്ങളായിരുന്നു കല്യാണത്തിന് മുന്‍പ്...ഇപ്പോള്‍ മനസ്സിലായി,അതെല്ലാം ഫ്രണ്ട്സ്നോട് വീരവാദം മുഴക്കാന്‍ മാത്രം ഉപകരിക്കുന്നവ ആണെന്ന്.അപ്പൂപ്പന്‍താടിപോലെയായിരിക്കണം ജീവിതം എന്ന് എപ്പോഴും താന്‍ ആഗ്രഹിച്ചിരുന്നില്ലേ?യാതൊരു കേട്ടുപാടുകളുമില്ലാതെ ....സ്വതന്ത്രമായി കാറ്റില്‍ പറന്നു നടക്കുന്ന അപ്പൂപ്പന്‍ താടി.ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക്..വെളുത്തു മൃദുലമായ ആ അപ്പൂപ്പന്‍താടി എന്നും അതിന്റെ സഞ്ചാരം തന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു.ഇഷ്ടമുള്ള സിനിമ കാണാനും,അരുണിന്റെ കൈയും പിടിച്ചു കടല്‍ കാറ്റേറ്റ് നടക്കാനും,വരാനുള്ള ലൈഫ്നെ മുന്‍കൂട്ടി കണ്ടു പ്ലാന്‍ ചെയ്യാനും ഒക്കെ ആഗ്രഹിക്കുന്നത് തെറ്റാണോ?മറ്റുള്ളവര്‍ക്ക് കീഴടങ്ങി ജീവിക്കുന്നത് എന്തൊരു ശ്വാസം മുട്ടലാണ് !!ജനാലയ്ക്ക് പുറത്തെ വള്ളിച്ചെടിയിലെ വെളുത്ത പൂക്കളെ നോക്കി നില്‍ക്കുമ്പോള്‍ തന്നില്‍നിന്നും ഉയര്‍ന്ന ദീര്‍ഘനിശ്വാസം, അത് തന്നെ തന്നെ പൊള്ളിച്ചതായി അവള്‍ക്ക് തോന്നി.

കിട്ടിയതെല്ലാം കെട്ടിപ്പൂട്ടി നീല നിറമുള്ള ബാഗില്‍ ഭദ്രമാക്കുമ്പോള്‍ ദീപ പറഞ്ഞു,"ഇനിയൊരു തിരിച്ചു വരവില്ല. എനിക്ക് വയ്യ,കാലുകെട്ടിയ കോഴിയെപ്പോലെ ഇങ്ങനെ ജീവിക്കാന്‍.അരുണ്‍ അച്ഛന്റെയും,അമ്മയുടെയും ഇഷ്ടത്തിനൊത്ത് ജീവിച്ചോളൂ..സ്വാതന്ത്ര്യം ഇല്ലെന്നതോ പോട്ടെ,എന്റെ മനസ്സിനെക്കൂടി പണയം വയ്ക്കാന്‍ എനിക്ക് വയ്യ.എന്നെ തിരിച്ചു വിളിയ്ക്കാന്‍ വരികയും വേണ്ട."...ഓഫീസില്‍ നിന്നു ടൂറ് പോകുന്നതാണോ ജീവിതം?അതോ, അത് വേണ്ടെന്നു വച്ചു ഗുരുവായൂരില്‍ ചെന്നു ഭജനമിരിയ്ക്കുന്നതോ?എല്ലാം കൂടി ചിന്തിച്ചു ആവിയായിപ്പോകുന്ന അവസ്ഥ!കെട്ടഴിഞ്ഞ പട്ടം കണക്കെ പറന്നു നടക്കണം എന്നൊന്നും തനിക്കില്ല.പക്ഷെ,പ്രതീക്ഷകളും,മോഹങ്ങളും എല്ലാം ഉരുകിയൊലിക്കുന്നത്‌ കാണുമ്പോള്‍ സങ്കടം അടക്കാനാകുന്നില്ല.


വീട്ടില്‍ ചെന്നപ്പോള്‍,പതിവു ആശങ്കകളോടെ അമ്മയും,അച്ഛനും."നിന്നോടിങ്ങനെ ഇറങ്ങി വരരുതു എന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു?അച്ചടക്കത്തോടെ വളര്‍ത്തിയില്ലെന്ന പരാതി ഞങ്ങള്‍ക്കാവും"....അമ്മ അച്ഛന്‍ കേള്‍ക്കാതെ രഹസ്യമായി ഒന്നുകൂടി ഓര്‍മ്മപ്പെടുത്തി."രണ്ട് കൈയും ഒന്നിച്ചു കൊട്ടിയാലേ ശബ്ദമുണ്ടാകൂ."അവള്‍ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു,"ഞാനവരുടെ വീട്ടില്‍ കൈ കൊട്ടാനും,പാട്ടുപാടാനും ഒന്നും പോണില്ല.ശരിയ്ക്കു ഒന്നു ജീവിച്ചാ മതി.ഒരു കാര്യോം ഇഷ്ടത്തിന് ചെയ്യാനുള്ള സ്വാതന്ത്ര്യം ആ വീട്ടില്‍ ഇല്ല.എനിക്കറിയാം,അമ്മ അടുത്തതായി പറയാന്‍ പോകുന്ന പഴഞ്ചൊല്ല് .."തീയില്ലാതെ പുകയുണ്ടാവില്ലെന്നതല്ലേ? അത് ഞാന്‍ കേട്ട് മടുത്തു.ഇനി പുതിയതൊരെണ്ണം പറയ്" "അതെല്ലാം നിനക്ക് തോന്നുന്നതാ ദീപാ.." അമ്മ മടിയില്‍ കിടക്കുന്ന ദീപയുടെ തലമുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു.അമ്മ അവളെ തണുപ്പിച്ച് ബന്ധങ്ങളുടെ ഇടക്കണ്ണിയാകാന്‍ ഒരു ശ്രമം നടത്തി.


അവള്‍ അടുത്ത വാദം നിരത്തി."ഞാനെന്താ പച്ചമുളകും,വെളിച്ചെണ്ണയും കാണാതെ കിടക്കുകയായിരുന്നോ ഇവിടെ?ഞാനെന്തെടുത്ത് കറി വയ്ക്കാന്‍ നോക്കിയാലും അവര് സമ്മതിക്കില്ല.അതീന്ന് നുള്ളിപ്പറിച്ചു കുറച്ചു തിരിച്ചെടുത്തു വയ്ക്കണം.ഞാന്‍ എല്ലാ സാധനങ്ങളും അധികം ചിലവാക്കുന്നു പോലും!വാഷിംഗ്‌ മെഷീന്‍ തൊടരുത്,ഫാന്‍ ഫുള്‍ ടൈം ഇട്ടാല്‍ കുറ്റം,പകല്‍ ഉറങ്ങാന്‍ പാടില്ല,അവര് വയ്ക്കുന്ന ചാനലേ കാണാന്‍ പാടൂ...അവിയലിന് തേങ്ങ അമ്മിയില്‍ തന്നെ അരയ്ക്കണം,മിക്സിയില്‍ അരച്ചാല്‍ എന്താ അത് തൊണ്ടേന്ന് ഇറങ്ങില്ലേ?വിറകടുപ്പില്‍ വച്ചാലേ അരി വേവൂ.കുക്കറില്‍ വേവ് കൂടും.ചെയ്യുന്ന പണിക്കൊന്നും സ്പീഡ് പോരാ.ഇങ്ങനെ ഒരു നൂറായിരം പരാതി.ഇതിനിടയില്‍ ഞാനെങ്ങനെ സ്വസ്ഥമായി ജീവിക്കും?വീക്ക്‌ എന്‍ഡില്‍ വീട്ടില്‍ പൊയ്ക്കൂടാ..എപ്പോഴും വീട്ടില്‍ പോയാല്‍ ഒരു വിലയും ഉണ്ടാവില്ലാത്രേ.പോരാത്തതിന്,എന്റെ ഫ്രണ്ട്സ്നു ഇത്രമാത്രം ഫോണില്‍ സംസാരിക്കാന്‍ എന്താ?കമ്പ്യൂട്ടറിന് മുന്നില്‍ സമയം പാഴാക്കുന്നു..രാത്രി വൈകി വീട്ടില്‍ വന്നുകൂടാ..അവരെ പേടിച്ചു നല്ല ഫുഡ് പോലും ഹോട്ടലില്‍ നിന്നു കഴിക്കാന്‍ പാടില്ല.എന്റെ ശമ്പളം ഞാന്‍ ഡ്രസ്സ് എടുത്തു കൂട്ടുന്നു..എന്നെപ്പറ്റി അവര്ക്കു പരാതികള്‍ മാത്രം.അവര്ക്കു ആ വീട്ടില്‍ മകന് ഒരു ഭാര്യയല്ല ഒരു അടിമയെ ആണ് ആവശ്യം എന്ന് തോന്നുന്നു.നേരം വൈകി എണീക്കാനും,ഫ്രണ്ട്സ്ന്റെ കൂടെ ചുറ്റാനും,ഒറ്റയ്ക്ക് പുറത്തു പോകാനും അരുണിന് സ്വാതന്ത്ര്യം ഉണ്ട്.എനിക്കെല്ലാത്തിനും എസ്കോര്‍ട്ട് !പെണ്ണായിപ്പോയത് എന്റെ കുറ്റമാണോ? ദീപ ചോദിച്ചു.

എല്ലാം സമാധാനപൂര്‍വ്വം കേട്ട് അമ്മ അവളെ സമാധാനിപ്പിക്കാന്‍ തിരിച്ചൊരു ശ്രമം നടത്തി."നോക്കൂ ദീപാ,ഇന്നത്തെ അമ്മമാരെല്ലാം ഒരുകാലത്ത് മകളും,പിന്നീട് മരുമകളും ആയവരാണ്‌.ഞാനടക്കം അവരെല്ലാം നിങ്ങളുടെ പ്രായം കടന്നു തന്നെയാ ഇന്നത്തെ സ്ഥിതിയിലേയ്ക്ക് വന്നത്.അന്നത്തെ കാലത്ത് അവരും ഒരുപാട് "സഫര്‍ " ചെയ്തിട്ടുണ്ട്.അതെല്ലാം പ്രകൃതി നിയമങ്ങളല്ലേ?ജീവിതം അഡ്ജസ്റ്റ്മെന്റ്കള്‍ ഉണ്ടെങ്കിലേ മുന്നോട്ട് നീങ്ങൂ.അതിനായി,പല പരാതികളും കണ്ടില്ലെന്നും,കേട്ടില്ലെന്നും വയ്ക്കണം.അതെവിടെ ആയാലും അങ്ങനെ തന്നെ.നിന്റെ പ്രായത്തിന്റെ പക്വതക്കുറവ് കൊണ്ടാണ് ഇതെല്ലാം വലിയ പ്രശ്നങ്ങളായി തോന്നുന്നത്.ഈ പ്രപഞ്ചത്തെ നിയന്ത്രിക്കാന്‍ ഒരു ഈശ്വരന്‍ ഇല്ലെങ്കില്‍ ഇതിനെന്തെങ്കിലും നിലനില്‍പ്പുണ്ടോ?നീയിവിടെ ആയൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു.ഇഷ്ടമുള്ള ചാനലും കണ്ടു,ഇഷ്ടമുള്ള ഡ്രെസ്സും ഇട്ട്‌ ജീവിച്ചത് കൊണ്ടാണ് അതൊക്കെ സ്വാതന്ത്ര്യക്കുറവായി തോന്നുന്നത്.എല്ലാവരും,ഓരോരോ പ്രായത്തിനനുസരിച്ച് മാറിയേ തീരൂ.ചിട്ടയായി ജീവിയ്ക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഒക്കെ ആവശ്യമാണ്‌."അമ്മ പറഞ്ഞുകൊണ്ടേ ഇരുന്നു.രണ്ട് ദിവസത്തിന് ശേഷം ദീപ ഒന്നുംസന്ഭവിക്കാത്ത മട്ടില്‍ അരുണിന്റെ വീട്ടിലെത്തി.അത്ഭുതം ഒട്ടുമില്ലാതെ അരുണ്‍ ചോദിച്ചു,"ഇനി തിരിച്ചില്ലെന്ന് പറഞ്ഞിട്ട്?"ദീപ പറഞ്ഞു,"ഋതു പകര്ച്ചകള്‍ക്കിടയില്‍,സ്നേഹത്തിന്റെ പരിപൂര്‍ണ്ണതയ്ക്കായി ഞാനെന്റെ സ്ത്രൈണാംശത്തെ മൂര്‍ച്ച കൂട്ടാന്‍ തീരുമാനിച്ചു.ഇത്തവണ അരുണിന് ജിഞ്നാസ ഏറി."നീയെന്താ മലയാളം ഡിക്ഷ്ണരി ജ്യൂസ് അടിച്ച് കുടിച്ചോ?"...."ഇല്ല".വളരെ സംയമനത്തോടെ ദീപ പറഞ്ഞു."അപ്പൊ,നീയെങ്ങനെ അമ്മയുടെ കൂടെ ജീവിക്കും?"ഞാന്‍ അഭിനയിക്കാന്‍ തീരുമാനിച്ചു.വെറുതെയാണോ, എനിക്ക് കോളേജില്‍ 'ബെസ്റ്റ് അക്ട്രെസ്സ്' കിട്ടിയത്?"ഞാനാണ് ഏറ്റവും വലിയ സൂത്രക്കാരിയെന്ന മട്ടില്‍ അവള്‍ ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ടു പറഞ്ഞു."എന്തിനാ നിനക്ക് ഇഷ്ടമില്ലാതെ ഇങ്ങനെ അമ്മയെ സ്നേഹിക്കാന്‍ ശ്രമിക്കുന്നത്?" അരുണിന്റെ സംശയം തീരുന്നേയില്ല.സ്നേഹത്തോടെ അരുണിന്റെ ചുണ്ടിലൊരുമ്മ സമ്മാനിച്ചു കൊണ്ടവള്‍ പറഞ്ഞു,"കാരണം, എനിക്ക് നിന്നെ അത്രയ്ക്കിഷ്ടമായത് കൊണ്ട്. എനിക്ക് നിന്നെ വേണം അരുണ്‍..നീയെനിക്കിപ്പോ ഒരു "ഹാബിറ്റ്‌" ആയി മാറി.നീയില്ലാതെ എനിക്ക് പറ്റില്ലെന്നേ...അപ്പൊ,പിന്നെ ഞാന്‍ എന്തും അഡ്ജസ്റ്റ് ചെയ്യാംന്ന് വച്ചു"...അയാള്‍ കണ്ണ് മിഴിച്ചിരിക്കുമ്പോള്‍ ദീപ പതുക്കെ അടുക്കളയില്‍ കയറുന്നു."അമ്മ ചേന നുറുക്കണ്ട കേട്ടോ,കൈ ചൊറിയും.ഞാന്‍ നുറുക്കി തരാം.അച്ഛന് ഫില്‍റ്റര്‍ കോഫി അല്ലെ ഇഷ്ടം?മധുരം കുറച്ചു ഞാന്‍ ഇട്ടോളാം.ദീപയുടെ അടക്കവും,ഒതുക്കവും മുന്നിട്ടു നിന്ന ശൈലിയില്‍ ഉള്ള പറച്ചില്‍ കേട്ട് അരുണ്‍ ഉള്ളില്‍ ഊറിച്ചിരിച്ചു.
ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നു കിട്ടിയതാണേ.


Tuesday, November 18, 2008

കാലാഹരണപ്പെട്ട മാപ്പ്...അച്ഛാച്ചയോട്

മുന്‍പ് ആരോ കുറിച്ചു വച്ചു,"ചേര്‍ന്നിക്കുമ്പോള്‍ അല്ല ...പിരിഞ്ഞ് ചിതറിപ്പറിഞ്ഞു പോകുമ്പോഴാണ് സ്നേഹത്തിന്റെ ആഴം അറിയുന്നത്" എന്ന്.അതെ, ഇന്നെനിക്കോര്‍ക്കാന്‍ കഴിയുന്നു...അച്ഛന്റെ അച്ഛനെ ഞങ്ങള്‍ "അച്ഛാച്ച" യെന്നു വിളിച്ചു.പരുക്കനായ ആ അച്ഛാച്ച ജീവിച്ചിരിക്കുമ്പോള്‍ ആ സ്നേഹത്തിന്റെയോ വ്യക്തിപ്രഭാവത്തിന്റെയോ ആഴം ഒരിക്കലും ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല.പലപ്പോഴും തിലകനെന്ന ചലച്ചിത്രനടന്‍ പലവിധ ഭാവങ്ങളില്‍,രൂപങ്ങളില്‍ ടി.വിയിലോ,വെള്ളിത്തിരയിലോ മിന്നി മായുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ചിത്രം മദ്ധ്യാഹ്നങ്ങളില്‍ ഉമ്മറത്തെ ചാര് കസേരയില്‍ കിടന്നു മയങ്ങുന്ന അച്ഛാച്ഛയുടെതാണ്.ഒരു ചെറിയ ഒച്ചയോ,അനക്കമോ തന്റെ മയക്കത്തെ അലൊസരപ്പെടുത്തരുതെന്ന ദുര്‍ വാശിക്കാരനായ അച്ഛാച്ച.ആ മയക്കത്തെ ഏത് വിധേനെയും തടസ്സപ്പെടുത്തണം എന്ന വിചാരത്തില്‍ മുന്നേറുന്ന ഞാനടക്കമുള്ള പിള്ളേര്‍ സെറ്റ് - ഞാനും ,എന്റെ ചേട്ടനും,ചെറിയച്ഛന്റെ മക്കളായ ലേഖയും,ലാലുവും.ഏതൊരു വീട്ടിലെയും പോലെ പലവിധ ശബ്ദങ്ങള്‍ കേട്ടുകൊണ്ടാണ് ഞങ്ങളുടെ തറവാട്ടിലെയും പ്രഭാതം ആരംഭിക്കുന്നത്.എല്ലാവരും,ഒരുമിച്ചൊരു വീട്ടില്‍..അതൊരു സുഖമായിരുന്നു.പലവിധ പൊരുത്തക്കേട്‌കള്‍ക്കിടയിലും മുന്നിട്ടു നിന്നിരുന്നത് എല്ലാവരുടെയും ഒത്തൊരുമ തന്നെയായിരുന്നു.സുശീലേച്ചിയുടെ മുറ്റമടിയ്ക്കലിന്റെ ശബ്ദവും,അടുക്കളയില്‍ കൂട്ടിമുട്ടുന്ന പാത്രങ്ങളും എല്ലാം സൂചിപ്പിച്ചിരുന്നത് മറ്റൊരു ദിവസത്തിന്റെ തുടക്കത്തെ തന്നെയാണ്.തണുത്ത പ്രഭാതത്തിലെ വിശേഷപ്പെട്ട മറ്റൊരു ശബ്ദം ഞങ്ങളുടെ വീട്ടിലെ കുളിമുറിയുടെ കരഞ്ഞു തുറക്കുന്ന വാതിലിന്റെതാണ്. ആ ശബ്ദം കേട്ടാല്‍ തുടര്‍ന്ന് മറ്റൊന്നും കൂടെ കേള്‍ക്കാം.വെള്ളം നിറച്ച കിണ്ടി പടിഞ്ഞാപ്പുറത്തെ തിണ്ണമേല്‍ വയ്ക്കുന്നത്.അതും കൂടി കേട്ടാല്‍ ഉറപ്പിക്കാം.അച്ഛാച്ചയുടെ കുളിയും,പ്രാര്‍ത്ഥനയും,ഭസ്മം തൊടലും കഴിഞ്ഞു എന്ന്.റിട്ടയര്‍മെന്റ് ജീവിതത്തിന്റെ താളക്രമങ്ങള്‍ ശീലിക്കാന്‍ അച്ഛാച്ചയും നിര്‍ബന്ധിതനായെങ്കിലും സ്വഭാവത്തിലെ പിടിവാശി എല്ലായിടത്തും ദൃശ്യമാണ്.മക്കള്‍ക്കും,മരുമക്കള്‍ക്കും ജോലിയ്ക്ക്‌ പോകണം,കുട്ടികള്ക്ക് സ്കൂളിലും.പക്ഷെ,അവരെക്കാള്‍ മുന്നേ എണീക്കലും,പ്രഭാതത്തെ ക്ഷണിക്കലും മൂപ്പര് തന്നെ.അച്ഛാച്ചയോടൊന്നിച്ചു ചിലവിട്ട സമയങ്ങള്‍ അപൂര്‍വ്വം.എങ്കിലും,തറവാടിനു പുറകിലത്തെ അമ്പലത്തിലേയ്ക്ക് അച്ഛാച്ചയോടൊന്നിച്ചുള്ള യാത്രകള്‍ ഇപ്പോഴും തെളിഞ്ഞ പകല്‍പോലെ ഞാന്‍ ഓര്‍മ്മിക്കുന്നു.ശരിയായ റോഡിലൂടെ ആയിരുന്നില്ല ഞങ്ങളുടെ ശ്രീ തേന്‍ കുളങ്ങര ദേവി ക്ഷേത്രത്തിലേയ്ക്കുള്ള പോക്ക്.പിന്നിലെ പറമ്പിലൂടെ കടന്നു,ചണ്ടി നിറഞ്ഞു കിടക്കുന്ന അമ്പലക്കുളത്തിനോട് ചേര്‍ന്നുള്ള ഒറ്റയടി പാതയിലൂടെ നടന്നു ഞങ്ങള്‍ അമ്പലത്തില്‍ പാല്പായാസ നിവേദ്യം കഴിക്കാന്‍ അച്ഛാച്ചയോടൊന്നിച്ചു പോയിരുന്നു.വെള്ള മുണ്ടുടുത്ത് ,ഒറ്റ തോര്‍ത്ത്‌ ചുമലിലിട്ട് അച്ഛാച്ച മുന്നില്‍ നടക്കും.പാല്‍പായസം വയ്ക്കാനുള്ള സാധനങ്ങളും നമ്മള്‍ തന്നെ കൊണ്ടു പോണം.വിറകും, അരിയും ,പാലും,പഞ്ചസാരയും എല്ലാം കൊണ്ടുള്ള അമ്പലത്തിലെയ്ക്കുള്ള ആ യാത്ര ഞങ്ങള്ക്ക് ഒരു ഹരമായിരുന്നു.


ആ യാത്രയ്ക്കിടയില്‍ അമ്പലത്തിലെയ്ക്കാനെന്നു മറന്നു അച്ഛാച്ച ചിലപ്പോള്‍,തെങ്ങിന്‍ കടയ്ക്കലെ പുല്ലു പറിയ്ക്കാന്‍ ഇരിക്കും,അക്ഷമയോടെ ഞങ്ങള്‍ വിളിക്കും,"അമ്പലത്തീ പോണ്ടേ അച്ഛാച്ചേ?"..മറുപടി ഒരു നീട്ടിമൂളല്‍ മാത്രം.ഇടചാലിലെ വെള്ളത്തില്‍ കൈകഴുകി വീണ്ടും നടന്നു അമ്പലത്തിലേയ്ക്ക്.പായസം വച്ചു ദേവിയ്ക്ക് നിവേദിച്ചു ചൂടോടെ കൈയില്‍ തരുന്ന ആ പായസത്തിന്റെ രുചി ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്.നേദിച്ച പായസത്തിനു മുകളില്‍ പാറിക്കിടന്നിരുന്ന തുളസിയിലയും ,ചുവന്ന തെച്ചിപ്പൂക്കളും...ഇന്നലെയെന്നപോലെ ഞാന്‍ അതെല്ലാം ഓര്‍ക്കുന്നു.

ഞങ്ങള്‍ കുട്ടികളുടെ ഭാഷയില്‍ പരുക്കനും,മുരടനും ആയിരുന്ന അച്ഛാച്ച എന്നും,ഞങ്ങളില്‍ നിന്നു ഒരു കൈയകലം സൂക്ഷിച്ചിരുന്നു.രാപകലില്ലാതെ വര്‍ഷങ്ങളോളം അധ്വാനിച്ചിരുന്ന ആ കാരണവര്‍ക്ക്‌ ഞങ്ങള്‍ കുട്ടികള്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തിരുന്നോ ?അറിയില്ല.ഞങ്ങളുടെ കളിചിരി സന്തോഷങ്ങളിലോ,കൊച്ചു വഴക്കുകളിലോ,പിണക്കങ്ങളിലോ ഒരിക്കലും അച്ഛമ്മയെപ്പോലെ അച്ഛാച്ച തല്പരനായിരുന്നില്ലെന്നു വേണം പറയാന്‍.


മോനേട്ടനെന്ന ഞങ്ങളുടെ ചെറിയച്ഛന്‍,തൃശ്ശൂരിലെ പോളിക്ലിനിക്കില്‍ നിന്നും അവിടത്തെ ലാബ് ജീവനക്കാരനെ,ബൈക്കില്‍ കയറ്റി കൊണ്ടു വന്ന് അച്ഛാച്ചയുടെ രക്തം എടുപ്പിക്കാറുള്ളത്,ഞങ്ങളില്‍ താത്പര്യം ഉണര്‍ത്തുന്ന കാഴ്ചയായിരുന്നു.ബ്ലഡ്‌ ടെസ്റ്റിന്റെ റിസള്‍ട്ട് ഒരിക്കലും ഞങ്ങള്‍ ആശങ്കാപൂര്‍വ്വം ആരാഞ്ഞിട്ടില്ല.പകരം അച്ഛാച്ചയുടെ ബ്ലഡ്‌ എടുത്തു കുപ്പിയിലാക്കിയത്തിനു ശേഷം,അയാള്‍ സിറിഞ്ച് ചൂടു വെള്ളത്തില്‍ കഴുകുന്ന ആ കാഴ്ച നോക്കി രസിച്ചു.ആ കാഴ്ച്ചയുടെ "സീരിയസ്നെസ് " ഞങ്ങള്‍ കുട്ടികള്ക്ക് പിടി കിട്ടാഞ്ഞിട്ടാകാം.കുട്ടികളുടെ വിവരക്കേടാകാം.പക്ഷെ..


ഒരു വ്യാഴാഴ്ച സന്ധ്യയ്ക്ക്‌ ശേഷം അച്ഛാച്ച കണ്ണടച്ചു.അപ്പോള്‍,ഞങള്‍ കുട്ടികള്‍ അടക്കം പറഞ്ഞു,"എന്തിനാ അച്ഛമ്മ ഇത്ര ഉച്ചത്തില്‍ കരയുന്നത്?അച്ഛാച്ച വയസ്സായിട്ടല്ലേ മരിച്ചേ?"ഇന്നെനിക്കളക്കാന്‍ കഴിയുന്നു,ആ ദുഖത്തിന്റെ ആഴം.അമ്പതു വര്‍ഷത്തിലേറെ ഒരുമിച്ചുള്ള ജീവിതയാത്രയില്‍ തന്നെ ഒറ്റയ്ക്കാക്കിപ്പോയതിലുള്ള ദുഖം ഇന്നെനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. അന്ന് പക്ഷെ,അച്ഛാച്ച മരിച്ചപ്പോള്‍ ഞങ്ങള്‍ കുട്ടികള്ക്ക് തോന്നിയത്,രണ്ടാഴ്ചത്തേയ്ക്ക് ക്രിക്കറ്റ് കളിയില്ല,ചിത്രഹാറും,ചിത്രഗീതവും കാണാന്‍ കഴിയില്ല.. എന്ന് മാത്രം.അച്ഛാച്ചയെ വെള്ള പുതപ്പിച്ച്‌ തളത്തില്‍ കിടത്തിയിരിക്കുന്നു.ഉടച്ചു വച്ച നാളികേരത്തില്‍ എണ്ണ നിറച്ചു തിരി കത്തിച്ചു വച്ചിരിക്കുന്നു,ചന്ദനത്തിരിയുടെ മണം ചുറ്റും തങ്ങി നിന്നു.രാത്രിയില്‍ ഉറങ്ങാതെ അച്ഛാച്ചയെ കിടത്തിയത്തിനു ചുറ്റും വിരിച്ചിരിക്കുന്ന പുല്ലുപായയില്‍ ഇരിയ്ക്കാന്‍ അമ്മ "ഓര്‍ഡര്‍"ഇട്ടു.മുതിര്‍ന്നവരുടെ കരച്ചിലുകള്‍ക്കിടയില്‍ ഞാനും,ലേഖയും(ചെറിയച്ഛന്റെ മകള്‍) ശ്രദ്ധിച്ചത്,കൂട്ടത്തില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന പ്രായമേറിയ ചെറിയമ്മയെയാണ്.സ്ഥലകാല ബോധമില്ലാതെ ഞാനും,അവളും ശബ്ദമുണ്ടാക്കാതെ വായ്പൊത്തി ചിരിച്ചു.ലേഖയുടെ മമ്മി അത്കണ്ടു,ഞങ്ങളെ നുള്ളി എണീപ്പിച്ചു വിട്ടു.അകത്തെ മുറിയില്‍ വച്ചു എന്റെ അമ്മയുടെയും,ലേഖയുടെ മമ്മിയുടെയും ഭീഷണി,"ഇതു കുട്ടിക്കളിയ്ക്കുള്ള സമയമല്ല".ഞാന്‍ നിഷ്കളങ്കയായി ചോദിച്ചു,"എളേമയ്ക്കു ഉറക്കം വന്നിട്ടാ അവിടിരുന്നു തൂങ്ങുന്നത്.അവര്ക്കു പോയി കിടന്ന് ഉറങ്ങിക്കൂടെ?"പിറ്റേദിവസത്തെ "മാതൃഭൂമിയില്‍" ചരമക്കോളത്തില്‍ കണ്ട അച്ഛാച്ചയുടെ ഫോട്ടോ നോക്കി ഞങ്ങള്‍ അഭിമാനിച്ചു.സ്കൂളില്‍ പോകാന്‍ കഴിയാത്തതില്‍ വിഷമം തോന്നി.പോയിരുന്നെന്കില്‍ ഫ്രണ്ട്സ് നോട് പറയാമായിരുന്നു.മരണാനന്തര ചടങ്ങുകള്‍ക്കായി എല്ലാവരും തരവാട്ടില്‍തന്നെയുണ്ട്‌.അച്ഛാച്ചയുടെ മക്കളുടെ മക്കള്‍ പത്തെണ്ണം കൂടി ഗംഭീര കളിചിരികള്‍.രണ്ടു-മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ച വീടെന്ന അവസ്ഥ മാറി.കുട്ടികളുടെ കളിചിരികള്‍ മുന്നിട്ടു നിന്നു.ഇടയ്ക്കെപ്പോഴോ ഉയര്‍ന്നുകേട്ട ചിരിയില്‍ അമര്‍ഷം പൂണ്ട് ഉമ്മറത്ത്‌ നിന്നു അനിയന്‍പാപ്പ ഓടിവന്ന് ഉറക്കെ ചീത്ത പറഞ്ഞു,"ഇതൊരു കല്യാണ വീടല്ല,മരണ വീടാണ്.അതാരും മറക്കണ്ട."അതെ,മരണ വീടുതന്നെ.പക്ഷെ,ഞങ്ങള്‍ കുട്ടികള്‍ പത്ത് - പന്ത്രണ്ട് ദിവസം ആഘോഷിച്ചു.മഴക്കാലമായതുകൊണ്ട്‌,ചടങ്ങുകള്‍ക്ക് വേണ്ടി മുറ്റത്ത്‌ വലിയൊരു പന്തലിട്ടു.പിള്ളേര്‍ സെറ്റിലെ ഏറ്റവും ചെറിയ കുട്ടിയായ രേഖ ചോദിച്ചു,"തൃശൂരച്ഛന്റെ കല്യാണമാണോ?" കോഴിക്കോട്ടുകാരിയായ അവള്ക്ക് തൃശ്ശൂരിലെ മുത്തച്ഛന്‍ "തൃശൂരച്ഛന്‍" ആയിരുന്നു.ചോദ്യം കേട്ട് മുതിര്‍ന്നവര്‍ ആരോ അവളുടെ കൈതണ്ടയില്‍ ഒരു നുള്ള് വച്ചു കൊടുത്തു.നിഷ്കളങ്കതയോടെ വീണ്ടും അവള്‍ ചോദിച്ചു,"എന്തിനാ എന്നെ നുള്ളിയെ?"അച്ഛാച്ചയുടെ ഫോട്ടോ എനലാര്ജ് ചെയ്തു ഫ്രെയിം ഇട്ടു കൊണ്ടുവന്നപ്പോഴും കുട്ടികളിലാരോ പറഞ്ഞു,"ഈ ഫോട്ടോ ഒരു ഭംഗീം ഇല്ല്യ,മിസ്റ്റര്‍.ഇന്‍ഡ്യയിലെ അമിരീഷ് പുരീടെ പുരികം പോലെ ഉണ്ട് ഇതിലും.ഒരു "ക്രൂരു ലുക്ക്".ആ കമന്റ് ആദ്യം മുതിര്‍ന്നവര്‍ക്കിടയില്‍ നീരസം ഉണ്ടാക്കിയെങ്കിലും മറ്റൊരു നല്ല ഫോട്ടോ ഫ്രെയിം ചെയ്യുന്നതിന് അത് കാരണമായി.അച്ഛാച്ചയുടെ മരണശേഷം എല്ലാ വര്‍ഷത്തിലും വരുന്ന ശ്രാദ്ധത്തിന് ആഴ്ചകള്‍ക്ക് മുന്നേ ഞങ്ങളുടെ തറവാടൊരുങ്ങും.ശ്രാദ്ധത്തിന്റെ ചടങ്ങുകള്‍ക്കുമപ്പുറം ബന്ധുക്കളുടെ കൂടിച്ചേരലുകളും,ആ കൂടിച്ചേരലുകളില്‍ നിന്നു ഊറുന്ന സ്നേഹ ബന്ധങ്ങളും തന്നെയാണ് ആ ശ്രാദ്ധമൂട്ടലുകള്‍ അര്‍ത്ഥ വത്താക്കിയിരുന്നത്. അന്ന് പക്ഷെ,അതിന്റെ വിലയൊന്നും മനസ്സിലായിരുന്നില്ല.കൂട്ടുകുടുംബ - ബന്ധങ്ങളുടെ പവിത്രതയും,വികാര വായ്പുകളുടെ തീവ്രതയും ഒന്നും വിലപിടിച്ചതായി തോന്നിയില്ല.ഇനിയൊരു മടക്കയാത്രയ്ക്ക് "സ്കോപ്പ്"ഇല്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ അതിന് മൂല്യം കൂടി. അന്ന്, അച്ഛാച്ച ഒരു കൈയകലത്തില്‍ നിന്നുകൊണ്ട്‌ ഒരുപാടു ജീവിതപാഠങ്ങള്‍ പഠിപ്പിച്ചു തന്നിരുന്നു എന്നെനിക്കു മനസ്സിലാകുന്നു.ചാരു കസേരയില്‍ കിടന്ന് പത്രവായനയിലൂടെ ലോകത്തിലെ സ്പന്ദനങ്ങള്‍ അറിഞ്ഞിരുന്ന അച്ഛാച്ച പരോക്ഷമായി ഞങ്ങളെ പഠിപ്പിച്ച ഒരു കാര്യമുണ്ട്.നന്നായി പഠിക്കണം,പഠിച്ചൊരു ജോലി നേടണം..അതും വെറും ജോലി പോരാ..പെന്‍ഷന്‍ കിട്ടുന്ന സര്‍ക്കാര്‍ ജോലി തന്നെ.ഇങ്ങനെയൊരു ചിന്തയുടെ വിത്ത് ചെറുപ്പത്തിലേ,ഞങ്ങളുടെ മനസ്സിനകത്ത് കുഴിച്ചിട്ട്,വെള്ളമൊഴിച്ച് വളര്‍ത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം എനിക്ക് അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ കിട്ടിയപ്പോള്‍ എന്തുകൊണ്ടോ ,പതിവില്ലാതെ ഞാന്‍ അച്ഛാച്ചയെ ഓര്‍ത്തു.വൈകിയിട്ടാണെങ്കിലും ചേട്ടന് ഗവണ്‍മെന്റ് ജോലി കിട്ടിയപ്പോള്‍ അവനും പറഞ്ഞു,"അച്ഛാച്ച പറയാറുള്ള പോലത്തെ ജോലി."
ഇങ്ങനെയൊരു ഓര്‍മ്മകളുടെ അയവിറക്കല്‍ എന്നിലുണ്ടാകും എന്ന് അന്നെനിക്ക് അറിയാമായിരുന്നെങ്കില്‍ അച്ഛാച്ചയോട് ഞാന്‍ കൂടുതല്‍ അടുത്തേനെ."കാരണവര്‍" എന്ന "വിലകൂടിയ സ്ഥാനം" കൊടുത്തു അദ്ദേഹത്തെ അകറ്റി നിര്‍ത്തില്ലായിരുന്നു. അന്ന് കാണിച്ച ആ 'അകല്‍ച്ച' തെറ്റായിപ്പോയി എന്നെനിക്കു ഇന്ന് തോന്നുന്നു.ആ തെറ്റിന് മാപ്പുണ്ടോ?അച്ഛാച്ചയുടെ കൂര്‍ക്കംവലി കേള്‍ക്കുമ്പോള്‍ വായ്പൊത്തി ചിരിച്ചിരുന്നതിനും എല്ലാം മാപ്പ് ! പഴയ ചാപല്യങ്ങള്‍ ,വിവരക്കേടുകള്‍..എല്ലാം പൊറുത്തുതരാന്‍ അദ്ദേഹം ഇന്നില്ലല്ലോ..അതുകൊണ്ട് തന്നെ ഈ മാപ്പും..കാലാഹരണപ്പെട്ടതല്ലേ ?

Monday, October 20, 2008

ചില ഡാന്‍സ് വിശേഷങ്ങള്‍

പുതിയൊരു പോസ്റ്റ് ഇട്ടിരുന്നു..ആഗ്ഗ്രി കണ്ട ഭാവം നടിച്ചില്ല..
ഒന്നു കൂടി നോക്കട്ടെ...പ്ലീസ്..ഇത്തവണ കൈവിടല്ലേ..
ഇതിലൂടെ ഒന്നു പോയി നോക്കണേ...

ചില ഡാന്‍സ് വിശേഷങ്ങള്‍.

നീ ഒരു ദിവസം എത്ര ഡംബെല്‍സ് എടുക്കും? ആദ്യത്തെ തവണത്തെ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍,ഞാന്‍ തടി വച്ചത് കണ്ടു ഒരു ഫ്രണ്ട് കളിയാക്കി ചോദിച്ചു..നന്ദി കെട്ടവന്‍!! ബി.എഡ്.ക്ലാസ്സില്‍ വച്ചു അവന്റെ എത്ര റെക്കോര്‍ഡ് എഴുതിക്കൊടുത്തതാ? മനുഷ്യനായാല്‍ അല്‍പ സ്വല്പം നന്ദി വേണം. തിരിച്ചു വന്നു,പുതിയൊരു ഐഡിയയ്ക്ക് തുടക്കമിട്ടു..തടി കുറച്ചിട്ട് തന്നെ കാര്യം..!യോഗ ചെയ്യാന്‍ മടി.സ്കിപ്പിംഗ് ആയാലോ?ആദര്‍ശ് പേടിപ്പിച്ചു,"എന്നിട്ട് വേണം, എനിക്ക് പണിയുണ്ടാക്കാന്‍..ആ അറബിയെ നന്നായി അറിയാലോ?"..എന്നാല്‍ നമുക്കൊരു ട്രെഡ് മില്‍ വാങ്ങാം.അങ്ങനെ,രണ്ടു കൊല്ലം മുന്ന് ഒരു ട്രെഡ് മില്‍ ഈ ഫ്ലാറ്റിലെത്തുന്നു.


ട്രെഡ് മില്‍ ഇവിടെ എത്തിയതല്ലാതെ,അതില്‍ കാര്യമായ "ഗുസ്തി"യൊന്നും നടന്നില്ല.ഇടയ്ക്കെങ്ങാനും പണ്ടത്തെ ഫോട്ടോ കണ്ണില്‍ പെട്ടാല്‍..ഈശ്വരാ..എന്ത് അപാര ഫോമിലിരുന്ന ഞാനാ ഇപ്പൊ ഈ പരുവത്തില്‍ !! എന്ന് ഓര്‍ക്കുമ്പോള്‍,ഓടിച്ചെന്നു ട്രെഡ് മില്‍ ഓണാക്കി നടക്കാന്‍ ആരംഭിക്കും,. അതല്ലെങ്കില്‍,ഒരു പരിചയക്കാരന്‍ പറഞ്ഞതു പോലെ കുളി കഴിഞ്ഞു ധൃതിയില്‍ വന്നു തോര്‍ത്ത്‌ തോരയിടാന്‍ ഒരു "സാധനം"! മോള്‍ക്ക്‌ ടോയ്സ് കയറ്റി വച്ചു,തൂങ്ങി കളിക്കാനൊരു ഊഞ്ഞാല്‍..!അങ്ങനെയിരിക്കുമ്പോള്‍ ഒന്നൊരക്കൊല്ലം മുന്‍പ് ഒരു ദുബായ് യാത്ര.അവിടെ ചെന്നൊരു ഡെസ്സേര്‍ട്ട് സഫാരി.ദോഹയിലെ ഡെസ്സേര്‍ട്ട് ലോ സഫാരി ചെയ്തില്ല.ഇനി ദുബായില്‍ അതിന് പോയില്ലെങ്കില്‍ മോശമല്ലേ?ഒരു മുട്ടന്‍ മട്ടന്‍ ബിരിയാണി വെട്ടിവിഴുങ്ങി,മോളെ ഒക്കത്ത് വച്ചു ആദര്‍ശ് വണ്ടിയില്‍ കയറി.ഫിലിപ്പിനി ഡ്രൈവര്‍ കണ്ണുരുട്ടി ചോദിച്ചു,"ഈ കൊച്ചു കുട്ടികളെയും കൊണ്ടാണോ സഫാരി?"(ഒരു ഫ്രണ്ട്ന്റെ കുഞ്ഞു വാവയും ഉണ്ട്).ഇയാള്,ഇയാള്‍ടെ പണി നോക്ക്,ഭര്‍ത്താവും,ഫ്രണ്ടും പുറമെയ്ക്കൊരു പഞ്ചാരചിരി ഫിറ്റ് ചെയ്തു ഒരേ സ്വരത്തില്‍ ഡ്രൈവറെ വെല്ലുവിളിച്ചു.
വരിവരിയായി അഞ്ചു ഫോര്‍ വീലെറുകള്‍ ഒന്നിച്ച്.അഞ്ചാമതായി ഞങ്ങള്‍ കയറിയ വണ്ടിയും.പക്ഷെ,സഫാരി തുടങ്ങിയപ്പോള്‍ മനസ്സിലായി,ഇവര് പോകുന്നത് ഡെസ്സേര്‍ട്ട് ലേയ്ക്കല്ല,ചിലപ്പോ ചന്ദ്രനില്‍ വരെ എത്തുംന്ന്.മണല്‍ നിറഞ്ഞ സ്ഥലത്തു എത്തിയപ്പോള്‍,ഡ്രൈവര്‍ ഇറങ്ങി,ടയറിലെ പകുതി എയര്‍ കളഞ്ഞു,വണ്ടിയെ ഒരു യുദ്ധക്കളത്തിലേയ്ക്ക് എന്നപോലെ സജ്ജമാക്കി.ഇനി എന്തും ആകാലോ,ആര് ചോദിക്കാന്‍?ഉയര്‍ന്നു നില്ക്കുന്ന സാന്‍ഡ് ഡ്യൂണിലേയ്ക്ക് വണ്ടി സ്പീഡില്‍ ഓടിച്ചു കയറ്റി, മുകളില്‍ നിന്നും താഴേയ്ക്ക് സ്പീഡില്‍ ചാടിച്ചു ഇറക്കുന്നു.മുന്നില്‍ പോകുന്ന വണ്ടികള്‍ തലകുത്തി മറിയും എന്ന് തോന്നും!ഏതാണ്ട് കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മിക്സിയില്‍ പെട്ടുപോയ അവസ്ഥ!!വണ്ടി കുത്തി,കുടുക്കി മനുഷ്യന്റെ നട്ടെല്ലിന്റെ നട്ടും,ബോള്‍ട്ടും ഇളകിത്തുടങ്ങി. സീറ്റ് ബെല്‍റ്റ്‌ പോരാതെ,മുന്നിലത്തെ കമ്പിയില്‍ മുറുക്കിപ്പിടിച്ചിരുന്നു. ഓരോ സാന്‍ഡ് ഡ്യൂണിലേയ്ക്ക് വണ്ടി പാഞ്ഞു കയറുമ്പോഴും വിളിച്ചു,"കൃഷ്ണാ,രക്ഷിക്കണേ..".അവിടന്ന് ഫോര്‍ വീലര്‍ ചാടിച്ചു മണല്‍ കൂമ്പാരത്തിനടിയിലെയ്ക്ക് ലാന്‍ഡ് ചെയ്യുന്ന സമയത്ത് സത്യത്തില്‍ ശ്വാസമില്ലാത്ത അവസ്ഥ.ചുറ്റും പാറുന്ന മണല്‍ മാത്രം.ജീവന്‍ ആവിയായിപ്പോകുമ്പോള്‍ ചുറ്റും നടക്കുന്നത് കണ്ടില്ലെങ്കിലും ഒന്നും തോന്നില്ല. "ദുഷ്ടന്‍!വെറുതെയല്ല,ഇയാള്‍ പിള്ളേരെ വേണ്ടെന്നു പറഞ്ഞത്.കുട്ടികള്‍ വണ്ടിയിലുണ്ട് എന്നെങ്കിലും ഇയാള്ക്കൊന്നു വിചാരിച്ചൂടെ?ഒന്നു പതുക്കെ വിടടോ.." ക്ഷമ കെട്ട് കൂട്ടത്തിലൊരു കിളി ശബ്ദം പച്ച മലയാളത്തില്‍.."പ്ലാസ്റ്റിക് കവര്‍ ഉണ്ടോ?" ഈ ബിസി ചാട്ടതിനിടയില്‍ എന്റെ ഭര്‍ത്താവിന്റെ ദയനീയ ചോദ്യം!മുന്നിലത്തെ കമ്പിയില്‍ നിന്നു പിടിവിട്ടാല്‍ ചിലപ്പോ,ഈ മരുഭൂമിയില്‍ നിന്നു എന്നെ ഹെലികോപ്റ്ററില്‍ വന്നു ഹോസ്പിറ്റലില്‍ കൊണ്ടുപോകേണ്ടി വരും.അതോര്‍ത്തു ഞാന്‍ പറഞ്ഞു,"എന്റെ ബാഗിലെ സൈഡ് സിപ്പ് തുറന്നാല്‍ കിട്ടും,എന്തിനപ്പോ ഈ നേരത്ത് കവറ്?രണ്ടു കൈ കൊണ്ടും പിടിച്ചിരിയ്ക്ക് മനുഷ്യാ.."എനിക്കെവിടെയോ ഒരു ചര്‍ദ്ദി മണത്തു.മൂപ്പര് സംഭവം ഭംഗിയായി തുടങ്ങി. അത് തന്നെ,വാള് വയ്പ്പ്.ഭക്ഷണം കഴിച്ച ഉടനെ ഉള്ള കുത്തികുലുങ്ങിയുള്ള മറിച്ചിലല്ലേ?വാളിന്റെ ശബ്ദം കെട്ട് ഡ്രൈവര്‍ അവഞ്ജയോടെ തിരിഞ്ഞു നോക്കി.കൂട്ടത്തിലിരിക്കുന്ന കിളിക്കുട്ടി വീണ്ടും മൊഴിഞ്ഞു ,"വണ്ടിയിലിരുന്ന്,ചാടുകയും,ചര്‍ദ്ദിക്കുകയും....ആദര്‍ശിനെ സമ്മതിക്കണം,അപാര കപ്പാസിറ്റി.അയാള്‍ടെ സീറ്റിലോന്നും നമുക്കു ചര്‍ദ്ടിക്കണ്ട ആദര്ശെ.." കണ്ണില്‍ ചോരയില്ലാത്തവന്‍! ഡ്രൈവറെ എല്ലാവരും കൂടി ചീത്തവിളി തുടങ്ങി.ഒരാള് ചര്‍ദ്ടിക്കുംപോള്‍ എങ്കിലും അയാള്‍ക്ക്‌ വണ്ടി നിര്‍ത്തിക്കൂടെ?പക്ഷെ,അയാള്‍ വണ്ടി നിര്‍ത്താമാട്ടെ!ഒറ്റയ്ക്കൊരു വണ്ടി, മൈലുകളോളം പരന്നു കിടക്കുന്ന മരുഭൂമിയില്‍ വഴി തെറ്റിയാല്‍ പുറത്തു എത്താന്‍ പ്രയാസമാണ്.അതുകൊണ്ട്,മൂപ്പര് മുന്നേ പോകുന്ന വണ്ടിയുടെ പുറകെ ആണ് വണ്ടി ഓടിച്ചിരുന്നത്‌ എന്ന് തോന്നുന്നു. അതിനിടയില്‍,മറ്റൊരാള്‍"ടാ..നീയിതെങ്ങനെ,ഇങ്ങനെ കണ്ടിന്യുവസ് ആയി വാള് വയ്ക്കുന്നു?" എല്ലാവരും കൂടെ എന്റെ ഭര്‍ത്താവിന്റെ കഴിവിനെ കണ്ണിട്ടു നാശ കോശമാക്കി.കരിങ്കണ്ണ് ഫലിച്ചു.ചര്‍ദ്ദി നിന്നു.അതിന് മുന്നേ കുടലും,പണ്ടോം ഒന്നായി ഡെസ്സേര്‍ട്ട് സഫാരിയും തീര്ന്നു.
ഇനിയാണ്,ഈ ഡെസ്സേര്‍ട്ട് സഫാരിയും ട്രെഡ് മില്ലും ആയിട്ടുള്ള യഥാര്ത്ഥ കണക്ഷന്‍ വരുന്നത്.ക്ഷമിക്കൂ..കുറച്ചു കൂടി വായിക്കാനുണ്ട്,അതായത്,ഈ ഡെസ്സേര്‍ട്ട് സഫാരി കഴിഞ്ഞുള്ള മെയിന്‍ അട്രാക്ഷന്‍ ,ട്രഡീഷണല്‍ അറബിക് പവലിയനിലുള്ള "ബെല്ലി ഡാന്‍സ്" ആണ്. പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ ഇതുവരെ കണ്ടിട്ടില്ല.പവലിയനിലെ റെസ്ടിംഗ് പ്ലയ്സില്‍ ഛര്‍ദ്ദിച്ചു വയ്യാതെ റെസ്റ്റ് എടുക്കുന്ന എന്റെ ഭര്‍ത്താവ്.പാവം! മൂപ്പരോടെനിക്ക് സിമ്പതി തോന്നി.നാവും,കുടലും വരെ പുറത്തെത്തുന്ന ഒന്നൊന്നര ചര്ദ്ദിയായിരുന്നു.റെസ്റ്റെട്ടെ. ഞാനും വിചാരിച്ചു.പക്ഷെ,ബെല്ലി ഡാന്‍സ് തുടങ്ങിയതോടെ മൂപ്പര് ഉഷാറായി.ഞാനിത് ഒരിക്കലും പ്രതീക്ഷിച്ചില്ല!ബെല്ലി ഡാന്‍സര്‍ പേരിനെ ഡ്രസ്സ് ഇട്ടിട്ടുള്ളൂ.അതും,കാണികളായ ഞങ്ങള്‍ പെണ്ണുങ്ങളെ പേടിച്ചാനെന്നു തോന്നുന്നു,ഇട്ടിട്ടുള്ളത്.ഇതു ഒരു ഈജിപ്ഷ്യന്‍ ഡാന്‍സ് ഫോം ആണ് എന്ന് മാത്രമെ അറിയുമായിരുന്നുള്ളൂ.സംഭവം കൊള്ളാം.പക്ഷെ,എല്ലാ അവയവങ്ങളും ഒരേ സമയം ഇത്ര സ്ട്രെയിന്‍ കൊടുത്ത്‌ തുള്ളിപ്പിക്കേണ്ട വല്ല കാര്യവും ഉണ്ടോ?മാത്രമല്ല,കാണികളായ സകല മനുഷ്യരും ( പ്രത്യേകിച്ചും പുരുഷപ്രജകള്‍) ,അവള്ക്ക് ചുറ്റും ഡാന്‍സ്.അതല്ലേ,ബോധം കെട്ട് ഉറങ്ങിക്കിടന്ന എന്റെ ഭര്‍ത്താവ് പോലും ഈ ഉറഞ്ഞു തുള്ളല്‍ കാണാന്‍ വന്നത്?കൂടെ ഉണ്ടായിരുന്ന "ന്യൂ മാരീഡ് കപ്പിള്‍സ് " അവളുടെ കൂടെ തുള്ളാന്‍ പോയി..എന്റെ ഭര്‍ത്താവിനു വയ്യാത്തത് കൊണ്ടും,അതുകൊണ്ട് ഞാന്‍ ഒറ്റയ്ക്ക് പോകുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടും,ഞങ്ങളെ റെപ്രസെന്റ്റ് ചെയ്തു മൊട്ടേന്നു വിരിയാത്ത മോള് പോയി അവരുടെ ഡാന്‍സില്‍ പങ്കെടുത്തു.അന്നത്തോടെ,ഐശ്വര്യാ റായിയുടെ ബോഡി ഷേപ്പ് സ്വപ്നം കണ്ടു നടന്നിരുന്ന ഞാന്‍ ആ സ്വപ്നത്തെ ഒറ്റയടിക്ക് പണയം വച്ചു,പകരം ആ ബെല്ലി ഡാന്‍സരെ മനസ്സില്‍ കുടിയിരുത്തി.അങ്ങനെ വിട്ടാല്‍ പറ്റില്ല.ബെല്ലി ഡാന്‍സറുടെ ബോഡി ഷേപ്പ് വരുത്തിയിട്ട് തന്നെ കാര്യം.തിരിച്ചു ദോഹയില്‍ എത്തി,ഡൈനിങ്ങ്‌ ഹോളില്‍ നിന്നു ട്രെഡ് മില്‍ ഉന്തി,ടി.വി.റൂമില്‍ കൊണ്ടിട്ടു.ടി.വി.കണ്ടു കൊണ്ടു നടന്നാല്‍ സമയം പോകുന്നത് അറിയില്ല.സുഖമായി നടക്കാം,എളുപ്പത്തില്‍ സലിം ബ്യൂട്ടി ആകാം.
അങ്ങനെ എന്നും രാവിലെ അഞ്ചരയ്ക്ക് എണീറ്റ്‌ നടത്തം തുടങ്ങി.മനസ്സില്‍ ബെല്ലി ഡാന്‍സറും,ഐശ്വര്യാ റായിയും മാത്രം.ടി.വി.കണ്ടാലും നടക്കുന്നതു ഞാന്‍ തന്നെയല്ലേ?വിചാരിച്ചത്ര എളുപ്പവും,സുഖവും ഒന്നും ഇല്ല,ഈ കൊച്ചു വെളുപ്പാന്‍ കാലത്തെ നടപ്പിന്.ഇടയ്ക്ക് മടി തോന്നുമ്പോള്‍ ഒരു ഇന്‍സ്പിറേഷന് പഴയ ഫോട്ടോ എടുത്തു നോക്കും."അയ്യേ,ഇതെന്താ ഒരുമാതിരി കഴുത്തൊക്കെ നീണ്ട്...ഹ്മം..തടി വച്ചപ്പഴാ ശരിക്കും ഭംഗി വച്ചേ.. ട്രേഡ് മില്ലില്‍ ഗുസ്തി കൂടുന്നതിന്റെ പ്രാക്ടികല് ഡിഫിക്കല്‍റ്റി,എന്റെ ഉറക്കം ഇവയെ എല്ലാം കണക്കിലെടുത്ത് ഞാനൊന്ന് ഉഴപ്പി.
അഞ്ചാം പനി പിടിച്ചു കിടപ്പിലായ പോലത്തെ, എന്റെ വര്‍ഷങ്ങള്‍ക്കു മുന്നത്തെ ഫോട്ടോ പഴയ ഒരു ആല്‍ബത്തില്‍ നിന്നും ഒരു കസിന്‍ തപ്പിയെടുതിരിക്കുന്നു.കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒരു കല്യാണത്തിന് വച്ചു എടുത്ത ഫോട്ടോയും മൂപ്പര് കണ്ടു.ആ രണ്ടു ഫോട്ടോയും തമ്മിലുള്ള കംപാരിസ്സണ്‍ നടത്തി,എനിക്കൊരു സ്ക്രാപ്പ് അയച്ചിരിക്കുന്നു...മൂപ്പരത് ബ്ലോഗിലിടും എന്ന് ഭീഷണി..അതും,വിത്ത് കാപ്ഷന്‍.."ജീവന്‍ ടോണ്‍ കഴിക്കുന്നതിനു മുന്‍പും,ശേഷവും"..ഇവരെയൊക്കെ പേടിച്ചു ധൃതിയില്‍ ഇന്നലെ രാവിലെ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഡോര്‍ ബെല്‍.തുറന്നു നോക്കിയപ്പോ,അയല്‍ക്കാരി പൂര്‍ണിമാ ദീതി.സോപ്പിട്ടു പതപ്പിച്ച ചിരിയുമായി,കൊച്ചു വെളുപ്പാന്‍ കാലത്തു എക്സ്ട്രാ ഗ്യാസ് സിലിണ്ടര്‍ ഉണ്ടോന്ന്? കഴിഞ്ഞയാഴ്ച എന്റെ മുഖത്ത് നോക്കി,"സബി സൗത്ത്‌ ഇന്ത്യന്‍സ് കഞ്ചൂസ് ഹേ" എന്ന് പ്രഖ്യാപിച്ച കക്ഷിയാ.മൂപ്പരുടെ ലിവിംഗ് റൂമില്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ മലയാളികള്‍ പോകാത്തതില്‍ പ്രതിഷേധിച്ചു ഡയലോഗ് വിട്ടതാണ് അന്ന്.ഗ്യാസ് സിലിണ്ടര്‍ കൊടുക്കണോ?ഞാന്‍ കൂലംകഷമായി ചിന്തിച്ചു.പിന്നെ,സ്കൂളിലും,കോളേജിലും കഷ്ടപ്പെട്ട് ഹിന്ദി പഠിച്ചെങ്കിലും എന്റെ ഹിന്ദി വൊക്കാബുലറി വളരെ ശുഷ്കിച്ചു കിടന്നിരുന്നു.

ഹിന്ദി സിനിമ കണ്ടു സമ്പാദിച്ച ഇഷ്ക്, ശാദി ,മാശൂക് ,സാജന്‍ ,ഖയാമത്,ആഷിക്,സിന്ദഗി,ദില്‍,സസുരാല്‍ ,മോസം തുടങ്ങിയ വാക്കുകളില്‍ നിന്നു "ആപ് ബരാബര്‍ ഹിന്ദി ബോല്തി ഹെ" എന്ന നിലയിലേയ്ക്ക് എന്നെ എത്തിച്ചത് ഈ പൂര്‍ണിമാ ദീതിയാണ്.അതുകൊണ്ട് മാത്രം അവര്ക്കു ഗ്യാസ് സിലിണ്ടര്‍ കൊടുക്കാം എന്ന ധാരണയില്‍ ഞാന്‍ എത്തി.
ടി.വി.യില്‍ നമ്മുടെ സ്വന്തം മമ്മൂക്കയുടെ മായാ ബസാറിലെ ഡാന്‍സ്.പാവം,ഉളുക്ക് ബാധ ഉണ്ടായിട്ടും അതിനെ തൃണവല്ഗണിച്ചു കൊണ്ടെന്ന പോലെ ഉള്ള ആ ഡാന്‍സ് കണ്ടു പൂര്‍ണിമ ദീതി ചോദിക്കുന്നു,"ആപ് ഇത്നി സുബഹ് ഉട്കര്‍ ടി.വി. ദേഖ്‌ രഹാ ഹെ?" പിന്നെ..എനിക്കെന്താ ഇത്ര രാവിലെ എണീറ്റ്‌ ടി.വി.കാണാതെ?"അല്ല,ദീതി,ഞാന്‍ നടക്കുകയായിരുന്നു" ഗ്യാസ് സിലിണ്ടര്‍ കിട്ടിയിട്ടും,മൂപ്പര് സ്ഥലം വിട്ടൂടെ?അതില്ല,പാവം,മമ്മൂക്കയുടെ ഡാന്‍സ് ക്രിടിസൈസ് ചെയ്യാന്‍ വേണ്ടി നിന്നു.മലയാളികളുടെ,അല്ല..ഭാരതീയരുടെ അഭിമാന താരത്തെ മൂപ്പരെന്തോക്കെയോ പറയുന്നു?

ഹിന്ദിക്കാരി ചേച്ചിയ്ക്ക് മമ്മൂട്ടി സാബിനെ നല്ല പോലെ അറിയാം..ഭരത് അവാര്‍ഡ് ജീത്നെ വാലെ..തേങ്ങ,മാങ്ങ..കുന്തം..കൊടചക്രം..കൂടെ ധര്‍ത്തി പുത്രും..പോരെ..ഇനി,ഇതു മമ്മുട്ടി അല്ലെന്നു പറയുന്നതെങ്ങനെ? സ്മിതാ,ഹമാരി ബച്ചന്‍ സാബ്...അമിതാബ് ബച്ചന്‍ ആയിരിക്കണം..ഈ ബച്ചന്‍ സാബ് .മൂപ്പരുടെ ഡാന്‍സിനെ വാനോളം പുകഴ്ത്തി,ഇങ്ങനെ ഒരു വാചകം കൂടി ഫിറ്റ് ചെയ്തു ദീതി സിലിണ്ടറും കൊണ്ട് പോയി.."ഉസ്കി ഡാന്‍സ് ഇത്നി ബുരാ ഹെ,മുജ്കോ വോ ബതാനേ കേലിയെ വോര്‍ദ്സ് നഹി "..ഭാഗ്യം! മൂപ്പരടെ ഡാന്‍സ് വര്‍ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന്.റോബോട്ട് നടക്കുന്ന പോലത്തെ ഡാന്‍സ് കണ്ടു പൂര്‍ണിമാ ദീതി ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍?എന്നാലും,മമ്മൂക്കാ..സൗത്ത്‌ ഇന്ത്യന്‍സിനോട് ഇതു വേണമായിരുന്നോ?

Tuesday, October 7, 2008

ഒരു പക്ഷിക്കഥ

കാടിന് ഒത്ത നടുവില്‍ പന്തലിച്ചു നിന്നിരുന്ന മഹാവൃക്ഷത്തില്‍ പുതിയൊരു ഒറ്റക്കാലന്‍ പക്ഷി ചേക്കേറി.കാട്ടിലെ മറ്റു പക്ഷികള്‍ക്ക് അതത്ര ദഹിച്ചില്ല.പുറമെ നിന്നൊരുത്തന്‍,നമ്മുടെ കാട്ടില്‍!!! അതും,ലക്ഷണം കെട്ട ഒരു ഒറ്റക്കാലന്‍!!പലഭാഗത്തു നിന്നും നൂറു സംശയങ്ങളും,ചോദ്യങ്ങളും ഒരുപോലെ ഉയര്‍ന്നു വന്നു."ഇവന്‍ ജന്മനാ ഒറ്റക്കാലനാണോ?അതോ,രണ്ടു കാലിലൊന്ന് പോയതാണോ?ഒറ്റക്കാലുള്ള പക്ഷിയുണ്ടോ?ഇവനെന്തിന് ഇങ്ങോട്ട് വന്നു?"....ഇങ്ങനെ നീണ്ടു പോയി ചോദ്യ ശരങ്ങള്‍...ചുരുക്കിപ്പറഞ്ഞാല്‍ ആ കാട്ടിലെ ആര്‍ക്കും,ആ ഒറ്റക്കാലനെ പിടിച്ചില്ല.ആരും,അവനെ കൂടെ കൂട്ടിയില്ല.ഒറ്റക്കാലനെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തന്ത്രം മെനഞ്ഞു.പക്ഷെ,പക്ഷിത്തലവന്റെ മകള്‍ വാനമ്പാടിയ്ക്ക് മാത്രം ഒറ്റക്കാലന്‍ പക്ഷിയോട് അലിവു തോന്നി.അവളുടെ കൗതുകമുണര്‍ത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവില്‍,ഒറ്റക്കാലനാണെങ്കിലും,ആ പേരറിയാപക്ഷിയോട് അവള്‍ക്കൊരു സ്നേഹം തോന്നി.പക്ഷെ,ഒറ്റക്കാലന്‍ പക്ഷിയുടെ ചിരിക്കാനുള്ള വിമുഖത,ഉരുക്ക് മുഷ്ടി തുടങ്ങിയ ഭാവങ്ങള്‍ അവളെ തന്റെ ആഗ്രഹത്തില്‍ നിന്നും ഉള്‍വലിയിച്ചു.തന്റെ ആളുകളുടെ കാലുഷ്യങ്ങളും,മനസ്സുകളുടെ സംഘര്‍ഷാവസ്ഥയും അവള്‍ക്കറിയാമായിരുന്നു.എന്നിട്ടും,വാനമ്പാടിയുടെ മനസ്സ് തീവ്രമായ വൈയക്തികദുഖങ്ങളില്‍ മുങ്ങിത്താഴാതെ ഒറ്റക്കാലന്‍ പക്ഷിയുടെ, ഏതോതരത്തിലുള്ള "വ്യക്തി പ്രഭാവത്തില്‍" അലിഞ്ഞു ചേര്‍ന്നു.അവളുടെ കാത്തിരിപ്പിനുള്ള മറുപടിയെന്നപോലെ.... വാനമ്പാടിയുടെ ജീവിതത്തിലെ പുറത്തുകാണുന്ന പകിട്ടിനുമപ്പുറം, മനസ്സിനുള്ളിലെ ഇളനീര്‍ മധുരത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള സ്നേഹത്തെ ഒറ്റക്കാലനും തിരിച്ചറിഞ്ഞു. അവരുടെ ബന്ധത്തിന്റെ വികാര തീവ്രതയുടെ സ്വാഭാവിക നൈരന്തര്യവും,ഒഴുക്കും ഭാവിയിലെ പല കാര്യങ്ങള്‍ക്കും വേണ്ട തീരുമാനങ്ങള്‍ ഒന്നിച്ചെടുക്കാന്‍ അവരെ പ്രേരിപ്പിച്ചു.ഒന്നു ചേരണമെന്നും,ഒരുപാടുകാലം ഒന്നിച്ചു ജീവിക്കണമെന്നും അവര്‍ രണ്ടു പേരും ഒരുപോലെ ആഗ്രഹിച്ചു.ആത്മ സാക്ഷാത്കാര നിര്‍വൃതി അനുഭവിച്ച ഒരു സന്യാസി അവരുടെ സ്നേഹബന്ധം കാണാനിടയായി.ആത്മാര്‍ഥത നിറഞ്ഞ ആ ബന്ധത്തിന്റെ ആഴം അറിഞ്ഞ അദ്ദേഹം വാനമ്പാടിയെ ഇങ്ങനെ അനുഗ്രഹിച്ചു, " ആത്മാവിനെ തട്ടിയുണര്‍ത്തുന്ന തരത്തിലുള്ള ഏതെങ്കിലും ഒരു മോഹം സാധ്യമാകട്ടെ" എന്ന്.വാനമ്പാടിയുടെ മുറച്ചെറുക്കന്റെ ആഗമനം .... അവരുടെ സ്നേഹബന്ധതിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു.ഞാനെന്ന ഭാവത്തിന്റെ കാഠിന്യം പേറുന്ന മനോഭാവം,ഒറ്റക്കാലന്‍ പക്ഷിയുടെ ശരീരഭാഷയോടുള്ള മുറച്ചെറുക്കന്റെ പുച്ഛം എന്നിവ ഒറ്റക്കാലനെ തീര്ത്തും വിഷമിപ്പിച്ചു.കൂടെ വളരുന്ന പുല്ല് പറിച്ചെറിയാതെ ചെടി വളരുകയില്ലെന്ന, കാലം ചെന്ന സത്യം മുറച്ചെറുക്കന്‍ പരീക്ഷിച്ചു വിജയിപ്പിക്കാന്‍ തീരുമാനിച്ചുഅവന്റെ വിഷലിപ്തമായ മനസ്സ് പക്ഷികള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.ഒടുവില്‍ എല്ലാ പക്ഷികളും ഒറ്റത്തീരുമാനത്തിലെത്തി.ഒറ്റക്കാലനെ തുരത്തുക!!!അങ്ങനെ അത് സംഭവിച്ചു.വാനംബാടിയോടു യാത്ര പോലും പറയാനാകാതെ ഒറ്റക്കാലന് ജീവനുംകൊണ്ടു ആ കാട്ടില്‍ നിന്നും രക്ഷപ്പെടെണ്ടി വന്നു.'ചിങ്ങനിലാവില്‍ കാണാം' എന്ന് വാനമ്പാടിയോട് പറഞ്ഞവാക്കു പോലും പൂര്‍ത്തിയാക്കാനാകാതെ ഒറ്റക്കാലന്‍ ആ കാട്ടില്‍ നിന്നും അപ്രത്യക്ഷനായി.
വാനമ്പാടി പക്ഷെ,തന്റെ മാനസേശ്വരനെ തേടി അലഞ്ഞു.ഒറ്റപ്പെടലിന്റെ ഏകാന്തതയില്‍ അവള്‍ വെന്തുരുകി.വിരഹ ദുഖം ഇത്ര തീവ്രമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.അധികം താമസിയാതെ സ്ത്രീയെന്ന പരിമിതിക്കുള്ളില്‍ പെട്ടത് കൊണ്ടു , അച്ഛന്റെയും,മുറച്ചെറുക്കന്റെയും തീരുമാനത്തിന് മുന്നില്‍ അവള്‍ക്ക് തല കുനിക്കേണ്ടി വന്നു.എങ്കിലും,ആപോഴും അവളുടെ ഉള്ളില്‍ ആ ഒറ്റക്കാലന്‍ മാത്രമായിരുന്നു.ഒറ്റക്കാലനോടോത്തുള്ള ജീവിതത്തില്‍ കവിഞ്ഞതൊന്നും അവള്‍ ആഗ്രഹിച്ചില്ലെന്നു വേണം പറയാന്‍.
ഏതൊരു സ്ത്രീ മനസ്സിനെയും പോലെ,അവളും വിവാഹാനന്തരം ഭര്‍ത്താവിനെ മാത്രം കേന്ദ്രീകരിച്ച് ജീവിതപന്ഥാവ് ഒരുക്കി. പക്ഷെ,വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക്‌ പിറവിയെടുത്ത കുഞ്ഞ് അവളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.കാരണം,അവര്‍ക്ക്‌ ജനിച്ച കുഞ്ഞ്...അതൊരു ഒറ്റക്കാലനായിരുന്നു!!!!!


കുഞ്ഞിനെക്കണ്ട് പക്ഷിത്തലവനടക്കം ഞെട്ടി!!മകളുടെ സ്വഭാവത്തെ സംശയിച്ചേക്കാവുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ മാത്രം എങ്ങും ഉടലെടുത്തു.വാനമ്പാടി മാത്രം മൗനം പാലിച്ചു. വാനമ്പാടിയുടെ ഭര്‍ത്താവ് രണ്ടും കല്‍പ്പിച്ച് ഭാര്യയുടെ പഴയ കാമുകനെത്തേടി - ആ ഒറ്റക്കാലന്‍ പക്ഷിയെത്തേടി - യാത്ര പുറപ്പെട്ടു.
ആരും,ഈ ഒറ്റക്കാലന്‍ പക്ഷിയെപ്പറ്റി കേട്ടിട്ടുപോലും ഇല്ല.ഒടുവില്‍ ആയിരം കാതങ്ങള്‍ക്കകലെയായി ഉണ്ടായിരുന്ന കീഴ്ക്കാം തൂക്കായ പാറക്കെട്ടുകല്‍ക്കിടയിലെ ഒരപൂര്‍വ്വ പക്ഷിക്ക് മാത്രം ഉത്തരം നല്‍കാനായി."മൂന്ന്‌ വര്‍ഷം മുന്നത്തെ ചിങ്ങനിലാവില്‍,ഒരു ഒറ്റക്കാലന്‍ പക്ഷി ഉറക്കെയുറക്കെ കേണുകൊണ്ട് പാറയില്‍ തലതല്ലി ചത്തെന്ന്‌" !!!
ചിത്രങ്ങള്‍ : അത് ഞാന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും ചൂണ്ടിയത്.

Tuesday, September 30, 2008

കൈമോശം വന്ന വാല്‍സല്യം


ഓര്‍മകളുടെ വസന്തകാലത്തില്‍ എന്നും കുറെ പൂക്കള്‍ കൊഴിയാതെ വിടര്‍ന്നു നില്‍ക്കുന്നുണ്ട്‌ മനസ്സില്‍...അതിലൊരു കൊച്ചു പൂവാണ് "ഹരി".അച്ഛന്‍റെ ഏറ്റവും ചെറിയ അനിയന്‍റെ മകന്‍..'ഹരിക്കുട്ടന്‍' എന്ന അവന്‍റെ വിളിപ്പേര് ചൊല്ലുമ്പോള്‍ എന്നും മുന്നിട്ടു നിന്നത് വാല്‍സല്യം തന്നെയായിരുന്നു. അച്ഛന്‍റെ തൊട്ടു താഴെയുള്ള അനിയന്‍റെ മക്കള്‍ എനിക്ക് കളിക്കൂട്ടുകാരായിരുന്നെങ്കില്‍,ഹരിക്ക് അനിയന്‍റെ സ്ഥാനത്തേക്കാള്‍ മനസ്സു കല്പിച്ചരുളിയ ബന്ധം ഒരു മകന്‍റെതാണോ?അറിയില്ല.ഒരുപക്ഷെ,ആയിരിക്കാം.അതായിരിക്കാം എവിടെയെങ്കിലും,"മകന്‍" എന്ന വാക്കു അര്‍ത്ഥപൂര്‍ണതയോടെ ശ്രവിക്കുമ്പോള്‍, മനസ്സില്‍ ഓടിയെത്തുന്നത് അവന്‍റെ രൂപം തന്നെ.അതില്‍ത്തന്നെ പെണ്‍ കുട്ടികളുടെത് പോലത്തെ നീണ്ട പീലികളുള്ള ആ വിടര്‍ന്ന കണ്ണുകളും,ആ കണ്ണുകള്‍ക്ക്‌ താഴെയുള്ള മറുകും...
അവന്‍റെ ശൈശവത്തില്‍ ഞാന്‍ കൌമാരദശയില്‍ എത്തിപ്പെട്ടതുകൊണ്ടാണോ എന്നും അവനെ ഒരു വാല്‍സല്യത്തോടെ ഞാന്‍ നോക്കി കണ്ടിരുന്നത്‌?അതോ, എനിക്ക് താഴെ എന്‍റെ സ്വന്തമെന്നു പറയാന്‍ ഒരു അനിയനോ,അനിയത്തിയോ ഇല്ലാതിരുന്നത്കൊണ്ടോ?അതും എനിക്കറിയില്ല. ഇന്നവന്‍ വളര്‍ന്നിരിക്കുന്നു.കഴിഞ്ഞ തവണത്തെ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ അവനെ കണ്ടപ്പോള്‍,ആദ്യം തോന്നി....ഉയരം കൂടിയിരിക്കുന്നു.കനപ്പെട്ടു തുടങ്ങിയ അവന്റെ ശബ്ദം എന്നെ അത്ഭുതപ്പെടുത്തി.കാലികമായ മാറ്റങ്ങള്‍ അവനും ഉള്‍ക്കൊണ്ടു തുടങ്ങിയിരിക്കുന്നു.കമ്പ്യൂട്ടറിന് മുന്നിലുള്ള അവന്റെ ഇരിപ്പ് എനിക്ക് ഉള്‍കൊള്ളാനാകാത്തത് പോലെ.അവന്‍ കൊച്ചു കുട്ടിയല്ലെന്ന നേര് എവിടെയോ എന്നെ വേദനിപ്പിക്കുന്നു.പണ്ടത്തെപോലെ അവനെ എടുത്ത് മുകളിലേയ്ക്ക് എറിയാനാകില്ലെന്ന തിരിച്ചറിവില്‍ എന്റെ മനസ്സു പകയ്ക്കുന്നു.
സ്കൂളിലേയ്ക്കുള്ള അവന്റെ ആദ്യ യാത്ര,അവന്റെ അമ്മയ്ക്കെന്ന പോലെ എനിക്കും ഉല്‍ക്കന് ഠ ഉളവാക്കിയിരുന്നു എന്ന് എനിക്കിപ്പോള്‍,ഓര്‍ത്തെടുക്കാന്‍ ആകുന്നു.എല്‍.കെ.ജി.യില്‍ പഠിക്കുമ്പോള്‍ ഒരിക്കലെന്നോ,പരീക്ഷ കഴിഞ്ഞ ഉടനെ അവന്‍ വന്നു പറഞ്ഞു, "പീത ചേച്ചീ... എനിക്ക് "സ" എന്ന് തുടങ്ങുന്ന ഒരു വാക്ക് മലയാളത്തില്‍ പറയാന്‍ പറ്റിയില്ല.".ഞാന്‍ ചോദിച്ചു."സ" യോ? എന്ത് "സ"?....അവന്‍ നിഷ്കളങ്കതയോടെ പറഞ്ഞു," ഈ,"സര്‍പ്പത്തി"ന്റെ "സ" ഇല്ലേ..ആ "സ" വച്ചു എനിക്ക് ഒരു വാക്ക് പറയാന്‍ പറ്റിയില്ല. പൊട്ടിച്ചിരിച്ചു കൊണ്ടു ഞാന്‍ ചോദിച്ചു,"അയ്യോടാ ചക്കരേ,"സര്‍പ്പം" എന്ന വാക്ക് "സ" ഉപയോഗിച്ചല്ലേ തുടങ്ങുന്നത്?അപ്പൊ,നിനക്കു "സര്‍പ്പം" ന്നു പറയായിരുന്നില്ലേ?" ... അതുകേട്ടതും,അവന് സങ്കടം വന്നു.ചുണ്ട് മലര്‍ത്തി,ചിണുങ്ങാന്‍ വെമ്പി നിന്ന അവനെ ഞാന്‍ മാറോടണച്ചു "സാരല്യ" എന്ന് പറഞ്ഞുവോ?അതെനിക്കോര്‍മ്മയില്ല.ഒന്നുമാത്രം ഇപ്പോഴും ഓര്‍മയുണ്ട്,മനസ്സുകൊണ്ട് ഞാനവന് ഒരു പുത്രസ്ഥാനം നല്‍കിയിരുന്നു.
ടി.വി.യില്‍ കാണുന്ന കൊച്ചുകുട്ടികള്‍ക്കെല്ലാം അവന്റെ ഛായ അന്നൊക്കെ എനിക്ക് തോന്നിയിരുന്നു.ഇപ്പോള്‍,ആ രൂപങ്ങളുമായി അവന് സാദൃശ്യം കുറഞ്ഞു വന്നിരിക്കുന്നു.അവരുടെ വീട് മാറ്റം ചെറിയതല്ലാത്ത ഒരു പങ്ക് ഞങ്ങളുടെ വേര്‍പിരിയലിന് കാരണമായിരുന്നിരിക്കും...കൂടാതെ,എന്റെ യൂനിവേര്സിടി പരീക്ഷകളാണോ,വിവാഹമാണോ അവനെ എന്നില്‍ നിന്നും പറിച്ചകറ്റിയത് എന്ന് കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല.അതിന്റെ മുഴുവന്‍ "ക്രെഡിറ്റും" കാലത്തിനു തന്നെ കൊടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
ഇപ്പോഴവനെ കാണുമ്പോള്‍ ചോദിക്കാന്‍ പുറത്തു വരുന്ന ആകാംക്ഷ നിറഞ്ഞ ആരായലുകള്‍ പലപ്പോഴും,ഞാന്‍ മനസ്സില്‍ത്തന്നെ പൂഴ്ത്തുന്നു.ഇതായിരിക്കാം "ജനറേഷന്‍ ഗാപ്പ് " എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്നത്.ഇത്തവണയും,എന്റെ മൊബൈലിലെ കാലാഹരണപ്പെട്ട റിങ്ങ് ടോണ്‍ കേട്ടപ്പോള്‍ അവന് ചിരിപൊട്ടി.അവയ്ക്ക് പകരം പുതിയ റിങ്ങ് ടോണുകള്‍ അവന്‍ ബ്ലൂ ടൂത്ത് വഴി എനിക്ക് സെന്റ് ചെയ്യുമ്പോഴും ഞാന്‍ ഓര്ത്തു,ഇവന്‍ വലുതായി.ഇപ്പോഴിവന്‍ പണ്ടത്തെ ആ "ഹരിക്കുട്ടന്‍" അല്ല.പക്ഷെ,ഒരു കൊച്ചുകുട്ടിയുടെ രൂപത്തില്‍ തന്നെ മനസ്സിന്റെ അറകള്‍ക്കുള്ളില്‍ അവനെ പൂട്ടിയിടാന്‍ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു...

ചിത്രം: കടപ്പാട് ഗൂഗിളിന്.

Sunday, September 21, 2008

മിഠായി വേണോ? ഓടി വരൂ..

ഒരു ടെക്സ്റ്റൈല്‍ ഷോപ്പിന്‍റെ പണ്ടത്തെ ഒരു പരസ്യം ഇല്ലേ...പുറമെ നിന്നു നോക്കിയാല്‍ വളരെ ചെറുത്‌..പക്ഷെ,ഉള്ളില്‍ കയറിയാലോ..എന്നൊക്കെ പറഞ്ഞ്..ഏതാണ്ട്,അതുപോലെ ഒരു ഷോപ്പ്..ഇവിടെ ദോഹയില്‍..പേര് "ഇറാന്‍ സ്വീട്സ് & നട്ട്സ്"..പേര് പോലെ നിറച്ചും,മിഠായികള്‍!!!!


മധുരം ഒരുപാടു ഇഷ്ടമുള്ളത് കൊണ്ടു വിചാരിക്കാറുണ്ട്..ഞാന്‍ മരിച്ചു പോയാലും,തൃശ്ശൂരിലെ എം.ജി.റോഡിലെ അറ്റത്തുള്ള നമ്മുടെ ആ "ശ്രീകൃഷ്ണ സ്വീട്സ്" ഇല്ലേ..അവിടെയൊക്കെ വെള്ള സാരിയും ഉടുത്തോണ്ട് ചൊവ്വാഴ്ചയും,വെള്ളിയാഴ്ചയും ഒക്കെ ചുറ്റി നടക്കും എന്ന്.. സാരിയുടുക്കാന്‍ വല്യേ ഇഷ്ടം ഒന്നും ഇല്ല..എന്നാലും,ആ നാട്ടു നടപ്പ് തെറ്റിക്കണ്ട എന്ന് വച്ചു.പക്ഷെ,തൃശൂര്‍ വിട്ടു ദോഹയില്‍ വന്നപ്പോ,കന്‍ഫ്യൂഷന്‍ ആയി.ഇവിടത്തെ "ഫാമിലി ഫുഡ് സെന്റെരിലും" ചുറ്റി കറങ്ങേണ്ടി വരുമല്ലോ എന്നോര്‍ത്ത്.ഇവിടെ പോയപ്പോ,കൂടുതല്‍ കന്‍ഫ്യൂഷന്‍ ആയി.അവസാനം ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി.ചൊവ്വാഴ്ച നാട്ടിലും,വെള്ളിയാഴ്ച്ച ഇവിടേം ചുറ്റി കറങ്ങാം എന്ന്..

വ്യാഴാഴ്ച അമ്മായിയച്ചന്‍ & അമ്മ വിളിക്കുന്നു.."ദോഹ സിനിമയുടെ ബാക്കില്‍ ഉണ്ട്.അങ്ങോട്ട് വരൂ.നാട്ടില്‍ പോകുമ്പൊള്‍ മിഠായി കൊണ്ടുപോണം. അത് വാങ്ങാനായി, ഞങ്ങള്‍ ഇറാന്‍ സ്വീട്സ് & നട്ട്സില്‍ ഉണ്ട്." മിഠായി എന്ന് കേട്ടപ്പോള്‍ ഉറപ്പിച്ചു,രണ്‍ജിത്തിന്‍റെ "തിരക്കഥ" കാണുന്നത്,മിഠായി കണ്ടതിനു ശേഷം..!!


ഇതാണ് നമ്മുടെ ഈ ഷോപ്പ്...ഇറാന്‍ സ്വീട്സ് & നട്ട്സ് ... ഒരു കൊച്ചു കട..പക്ഷെ,വിചാരിക്കുന്നത് പോലെ അല്ല കേട്ടോ...ഉള്ളിലിരിപ്പ് "ഫയങ്കരം"..

നമുക്കു ഒരറ്റത്ത് നിന്നു കണ്ടു തുടങ്ങാം..ഇവരുടെയൊന്നും പേരൊന്നും മുഴുവന്‍ എനിക്കറിയില്ല കേട്ടോ.

ഇതിന്‍റെ ഒക്കെ ഇടയില്‍ കിടന്നു മരിച്ചാലും വേണ്ടില്ല എന്ന് തോന്നിപ്പോയി


ഇതു ശരിക്കും ഒരു "പൂക്കൂട" പോലെ ഇല്ലേ..?ഇതാണ് പക്ഷെ,"മിഠായിക്കൂട".

കണ്ടോ, ഓരോ ലവന്മാര്‍ക്കു ഗിഫ്റ്റ് ആയി കൊടുക്കാന്‍ ചിലര് പറഞ്ഞേല്‍പ്പിച്ചത് പ്രകാരം "കെട്ടി പൊതിഞ്ഞു" വച്ചിരിക്കുന്നു!!
ഇതാണെന്ന് തോന്നുന്നു,ഇവര്‍ക്കിടയിലെ രാജാവ് !!! വില,ലേശം കൂടുതലാ

ഇതു,രാജാവിന്‍റെ "വൈഫ്‌" എന്ന് വച്ചാല്‍ രാജ്ഞി!!
ഇതു രാജകുമാരിയും..

അയ്യോ,തീര്‍ന്നിട്ടില്ല.. പോവല്ലേ..ഇനിയും ഉണ്ടേ?


ഇതു നമ്മുടെ ജീരക മിഠായി പോലെ തോന്നുന്നുണ്ടോ?പക്ഷെ,സംഭവം വേറെയാ..."ചോക്കലേറ്റ് കോട്ടെഡ് പിസ്ത" ആണ് ആശാന്‍.
ഇവരെ എവിടെയെങ്കിലും മുന്‍പ് കണ്ട പരിചയം ഉണ്ടോ?
കാണാത്തവര്‍ ഇതുവഴി ഒന്നു പോയി നോക്കിക്കോളൂ.
ഇതു ശരിക്കും ഗാലക്സിടെ "ജ്വല്‍സ്" തന്നെ...
ഇനി കുറച്ചു പലവക...


ഇതൊക്കെ "ഇറാന്‍ സ്വീട്സ്" ആണ് കേട്ടോ..

ഇതു,വറുത്ത് എടുത്താല്‍ നല്ല "ഫ്രെയിംസ്" ആയി.
ഇതാണ് കറുമുറെ തിന്നാനുള്ള നട്ട്സ് ....


പറയാന്‍ വിട്ടു,ഞാന്‍ ആഗ്രഹിച്ചപോലത്തെ ഒരു ജോലി കിട്ടി..ഒന്നാം തീയ്യതി മുതല്‍ പോയി തുടങ്ങി.അതിന്‍റെ ഒരു സന്തോഷത്തിനാ.... എല്ലാവരും,ഇഷ്ടമുള്ള മിഠായി കഴിച്ചേ പോകാവൂ കേട്ടോ.


Wednesday, September 10, 2008

കായ വറുത്താശംസകള്‍ !!!

പുതിയൊരു പോസ്റ്റ് ഇട്ടിരുന്നു...അത് അഗ്രി കണ്ട ഭാവം നടിച്ചില്ലെന്നുതോന്നുന്നു...
ഒന്നു നോക്കൂ..ഇതിലെ പോയി...നോക്കൂ..

കായ വറുത്താശംസകള്‍ !!!

ഓണമല്ലേ?കായ വറുത്താലോ?എന്‍റെ മോളാണെങ്കില്‍ ഇതു വരെ കായ വറുക്കുന്നത്‌ കണ്ടിട്ടില്ല.പാവം കുട്ടി..കായ വറുത്തിട്ട് തന്നെ കാര്യം ഞാനും വിചാരിച്ചു...അങ്ങനെ നാട്ടില്‍ നിന്നും ഇന്ത്യന്‍ എയര്‍വേയ്സ് കനിഞ്ഞത് കൊണ്ടുമാത്രം ഇവിടെ എത്തിയ കായ വാങ്ങി വറുത്തു..ശര്‍ക്കര വരട്ടിയും ഉണ്ടാക്കി.

ഈ കായ വറുക്കല്‍ ചടങ്ങില്‍ വെറും കാണിയായി സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ ഒറ്റയ്ക്ക് ഈ കടുംകൈ ചെയ്തത്...നാട്ടിലേയ്ക്ക് അമ്മയോട് വിളിച്ചു ചോദിച്ചു...എപ്പോഴാ ഉപ്പ് ചേര്‍ക്കണ്ടേ? ശര്‍ക്കര എങ്ങനെ ഉരുക്കാം എന്നീ വിദ്യകളൊന്നും ശാസ്ത്രീയമായി അത്ര വശമില്ലായിരുന്നേയ്... അങ്ങനെ ഫോണിലൂടെ കേട്ട നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ പണി തുടങ്ങിയതും,അവസാനിപ്പിച്ചതും..
ഇടയ്ക്ക് തോന്നി,ഇതൊക്കെ നിങ്ങളെ കൂടി കാണിച്ചാലോ എന്ന്....പണ്ടത്തെ ഓണ അനുഭവങ്ങള്‍ എഴുതിക്കൂട്ടി ഒരു ഓണം ആശംസിക്കുന്നതിലും നല്ലതല്ലേ,ഈ ചിത്രങ്ങള്‍ എന്നെനിക്കു തോന്നി...പക്ഷെ,എന്‍റെ "കത്തി" കൂടി സഹിച്ചാലെ ഫോട്ടോസ് കാണാന്‍ പറ്റൂ..

പറയാന്‍ വിട്ടു...ഫോട്ടോ എടുക്കാനുള്ള ഐഡിയ തോന്നിയപ്പോഴേക്കും കുറച്ചു കായയ്ക്ക് ഒക്കെ രൂപമാറ്റം വന്നു കഴിഞ്ഞിരുന്നു....അതുകൊണ്ട്,കിട്ടിയവരെ ഒക്കെ ഒന്നിച്ചു നി‌ര്‍ത്തി ഫോട്ടോ എടുത്തിട്ടുണ്ട്....ചിലപ്പോഴൊക്കെ ഫോട്ടോ എടുക്കാനും മറന്നു....കരിഞ്ഞാലോ,അടിപിടിച്ചാലോ തുടങ്ങിയുള്ള ഭയാശങ്കകള്‍ അത്യാവശ്യം ഉണ്ടായിരുന്നു താനും.ഒറ്റയ്ക്ക് ഒരു സാഹസം ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടതല്ലേ,ഒന്നും പുറത്തു കാണിക്കാന്‍ പറ്റില്ലല്ലോ...

ഞങ്ങളുടെ ചെറുപ്പത്തില്‍ കായ വറുത്തു തുടങ്ങുമ്പോഴേ,ഞങ്ങളൊക്കെ ഓരോ പ്ലേറ്റ് സംഘടിപ്പിച്ചു അടുക്കള തളത്തില്‍ (ഇന്നത്തെ വര്ക്ക് ഏരിയ എന്ന് വെണമെങ്കില്‍ പറയാം) ചുറ്റിപ്പറ്റി നടപ്പ് തുടങ്ങും..തിളച്ച വെളിച്ചെണ്ണയില്‍ ഉപ്പ് ഒഴിക്കുമ്പോള്‍,മഴ പെയ്യുന്നത് പോലെയുള്ള ആ ശബ്ദം കേള്‍ക്കാന്‍ എന്ത് ആകാംക്ഷയോടെ ആണെന്നോ കാത്തിരിക്കാറുള്ളത്? ഇവിടെ ഉപ്പ് കുറച്ചു വെള്ളത്തില്‍ കലക്കി,തിളച്ച വെളിച്ചെണ്ണയില്‍ ഒഴിച്ചപ്പോള്‍,ഈ പെണ്ണിന് "നോ,കൂസല്‍" !!! അല്ലെങ്കിലും പിള്ളേര്‍ക്കുള്ള ഒരു ഭാവനാ സമ്പത്ത് ഒന്നും എന്‍റെ മോള്‍ക്ക്‌ കിട്ടിയിട്ടില്ലെന്ന് തോന്നുന്നു..പിന്നെ,തോന്നി...അവള്‍ അതിന് ആര്‍ത്തിരമ്പി വരുന്ന മഴയുടെ ശബ്ദം കേട്ടിട്ടില്ലല്ലോ..പിന്നെ,അവള്ക്ക് എന്ത് തോന്നാന്‍..?

അപ്പൊ,ദാ കണ്ടോളൂ..നല്ല ഒന്നാന്തരം പച്ച നേന്ത്രക്കായ !!
പച്ച ഉടുപ്പ് ഊരിക്കളഞ്ഞപ്പോള്‍ ഈ രൂപത്തിലായി..
ഇനി,ഇതിനെ മഞ്ഞളും,ഉപ്പും ചേര്‍ത്ത വെള്ളത്തില്‍ കുറച്ചു നേരം ഇട്ടു വച്ചു..സുന്ദരികള്‍ ആയിക്കോട്ടെ എന്നുവച്ചു..ഇതില്‍ ചില കായകളെ കണ്ടാല്‍ തോന്നും,"ഐശ്വര്യാ റായി" ക്ക് പഠിക്കുകയായിരുന്നോ എന്ന്....അത്രേം "സലിം ബ്യൂട്ടീസ്"


ശര്‍ക്കര വരട്ടി ഉണ്ടാക്കാന്‍ ഇത്തിരി നീളം കൂട്ടി മുറിച്ചു.കാഴ്ച്ചയ്ക്കൊക്കെ ഇത്തിരി സുഖമൊക്കെ വേണ്ടേ?
ദാ..അവരൊക്കെ തിളച്ച എണ്ണയില്‍..കണ്ടോ?

വറുത്തുകോരി....."മാതൃഭൂമിയില്‍" നിരത്തി...ശര്‍ക്കര പുരട്ടുന്നതിനു മുന്പെടുത്തത്.
ഇതാണ് വട്ടത്തില്‍ നുറുക്കിയത്...
വറവിന്‍റെ അവസാന ഘട്ടംശര്‍ക്കര പുരട്ടിയത്തിനു ശേഷം,ശര്‍ക്കര വരട്ടിയും...ചൂടാറിയതിന് ശേഷം കായ വറുത്തതും ടിന്നില്‍ ഇടം പിടിച്ചു....
ഇതൊരു രണ്ടു മൂന്നു ദിവസത്തിന് മുന്‍പെടുത്ത ചിത്രം ആണ്..ഇപ്പോള്‍ അതൊക്കെ തീരാനായി..
അപ്പൊ,എല്ലാം പറഞ്ഞ പോലെ...എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

Thursday, September 4, 2008

ആറാം ഇന്ദ്രിയം

ടൈപ്പ് ചെയ്യാനൊരു മടി....അതുകൊണ്ട് പുതിയ പോസ്റ്റ് ഇടാന്‍ ഒന്നും ഒത്തില്ല....അപ്പൊ,പഴയത് ഒന്നു പൊടി തട്ടിയെടുത്തു....എന്‍റെ പഴയ ഒരു സൃഷ്ടി "സ്കാന്‍" ചെയ്തു ഒരു കുടുക്കയില്‍ സൂക്ഷിച്ചിരുന്നു....അതിനെ ഒരു പോസ്റ്റ് ആക്കിയിടുന്നു.ഓരോ ചെറിയ പേജിലും ക്ലിക്കിയാല്‍ വലുതായി കാണാം.... ഇതില്‍ ആദ്യം സ്കാന്‍ ചെയ്തു പോസ്റ്റ് ചെയ്ത ഓരോ പേജ്നും ഓരോ ചരിവ്...നമ്മുടെ രസികന്‍ ചേട്ടന്‍ അത് ശരിയാക്കി തന്നു..അതുകൊണ്ട്,ഇതൊന്നുകൂടെ എഡിറ്റ് ചെയ്തു പോസ്റ്റുന്നു..രസികന്‍ ചേട്ടനൊരു സ്പെഷ്യല്‍ താന്ക്സ്..