Sunday, March 19, 2006

എന്തൊരു രസമാണെന്നോ????? ഈ ലോകം ഡയറിമില്‍ക്ക് ന്റെതാനെന്നോ???????







സ്കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി ഗൌരി നടത്തുന്ന പതിവുള്ള യുദ്ധം കുറച്ചു നീണ്ടു. ഒടുവില്‍ ഗൌരി തന്നെ പരാജയം സമ്മതിച്ചു. ഗൌരിയെ പിടിച്ചു വലിച്ചു ദാസ് ,അവളെ കാരിനുള്ളിലാക്കി ബാക്ക് ഡോര്‍ അടച്ചു. വീങ്ങിക്കെട്ടിയുള്ള അവളുടെ മുഖം കണ്ടു, ഗൌരിയോട് ദാസിനു സഹതാപം തോന്നി. പണ്ട്, താനും ഇങ്ങനെ ആയിരുന്നില്ലേ...ദാസ് ഓര്ത്തു.സ്കൂള്‍ ബസ്സ് വരാറായി എന്ന് തോന്നുമ്പോഴാണ് അമ്മയോട് എന്നും ജീരകവെള്ളം കുടിക്കണം എന്ന് പറയാറുള്ളത്.അന്ന്,പക്ഷെ, തനിക്കരിയില്ലായിരുന്നു, ജീരകവെള്ളം കുടിക്കാന്‍ അധികം സമയമൊന്നും വേണ്ടെന്നു....വെള്ളം കുടിക്കുന്ന സമയത്തിനുള്ളില്‍ ബസ്സ് പൊയ്ക്കോട്ടേ എന്ന് തന്നെയായിരുന്നു അന്ന് തന്റെ ഉള്ളിലിരിപ്പ്‌... ഇപ്പോള്‍ എല്ലാം ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു...സ്കൂള്‍ അവധി ആണെന്ന് കേട്ടാല്‍ തുള്ളിചാടരുമുണ്ട്.
അവളെ ഒന്നു സോപ്പ് ഇട്ടു തണുപ്പിക്കാന്‍ ദാസ് തീരുമാനിച്ചു."നമുക്കിന്നു ന്യൂ ഇന്ഡ്യന്‍ സുപെര്‍മര്‍കെട്ട് വഴി സ്കൂളിലേക്ക്‌ പോകാം.വാവയ്ക്ക് ഒരു പാക്കറ്റ് ചീട്ടോസ് വാങ്ങാം." ദാസ് പറഞ്ഞു. അവള്ക്ക് ഏറ്റവും ഇഷ്ടമുള്ള ചിപ്സ് ആണ് അത്.കേട്ട പാതി, കേല്‍ക്കാത്ത പാതി , അവള്‍ ഉത്സാത്തോടെ ഒരുങ്ങിയിരുന്നു.സുപെര്മാര്‍കെട്ട്ലെ ചോക്ലറെ വിഭാഗത്തില്‍ പതിവില്‍ കവിഞ്ഞ സാമര്ത്യതോടെ അവള്‍ ഓടി നടന്നു.
വേഗം ഒരു മുട്ടന്‍ ബോക്സ് എടുതുപിടിച്ചു .ദാസ് ഒന്നു നടുങ്ങി!!!! എന്റമ്മേ... ഇവളെ ഇങ്ങോട്ട് കൊണ്ടു വന്നത് കുരിശായോ?എന്തെന്കിലുമാവട്ടെ എന്ന് കരുതി നടക്കുമ്പോഴാണ്‌ അടുത്ത ലീലാവിലാസം!!! കൈയിലെ ബോക്സ് അവിടെ തന്നെ വച്ചു മറ്റൊരു വലിയ പാക്കറ്റ് എടുത്തു പിടിച്ചു. വീണ്ടും ആശയ കുഴപ്പം ...അത് അവിടെ വച്ചു, ആദ്യത്തേത് തന്നെ എടുത്തു. ഏയ്..ഇതു വേണ്ട..അത് അവിടെ ഇട്ടു.വേറെ ഒന്നെടുത്തു.ഒടുവില്‍ വേറൊന്ന് എടുത്തു....അവള്ക്ക് താങ്ങി നടക്കാന്‍ കഴിയുന്നതിനും അപ്പുറത്ത് ഉള്ള ഒന്നു.ഒരു മുട്ടന്‍ പാക്കറ്റ്.ദാസ് പതുക്കെ പാകെടിലേക്ക് ഒന്നു പാളി നോക്കി.സാമാന്യം നന്നായി ഒന്നു ഞെട്ടി.വെറും നാല്പതു റിയാല്.എന്ന് വച്ചാല്‍ നമ്മുടെ നാനൂറു രൂപയിലധികം.ഈ സുപെര്മാര്‍കെട്ട് സന്ദര്‍ശനം വേണ്ടായിരുന്നു, എന്ന് തോന്നി.ഒരു ദിവസം സ്കൂളില്‍ പോകാന്‍ അവള്ക്ക് കൈക്കൂലി നാനൂറു രൂപയുടെ മിട്ടായി.ദാസ് പറഞ്ഞു..."അത് വേണ്ട ഗൌരി,ആ ബോക്സ് മതി."...."ഏയ്.. ഇന്ച്ചു അത് വേണ്ട വാവച്ചു ഇതാ ഇട്ടം.ഇതു മതി." ഗൌരി നിഷ്കളങ്ങതയോടെ പറഞ്ഞു.വീണ്ടും ഒന്നു മയത്തില്‍ പറഞ്ഞു നോക്കി..."അച്ഛന്റെ കൈയില്‍ കാശില്ല കേട്ടോ."..."സാരല്ല്യ.. നമുക്കിത് ബില്ലിടണ്ട.അപ്പൊ, കൊയപ്പം ഇല്ല്യാലോ.." പാക്കെട്ടും താങ്ങി പിടിച്ചു അവള്‍ വിജയ ഭാവത്തില്‍ മുന്നോട്ടു നടന്നു.ഇടയ്ക്ക് പാക്കറ്റ് പൊട്ടിച്ചു തീറ്റയും തുടങ്ങി. എന്ത് വേഗതിലാ പ്രശ്നം പരിഹരിച്ചത്....??????? ടിവിയില്‍ കണ്ട പരസ്യത്തിലെ പാട്ടും ഒപ്പം വന്നു.എന്തൊരു രസമാണെന്നോ...ലോകം ഡയറി മില്‍ക്ക് ന്റെ താനെന്നോ....!!!!!!!!

Thursday, March 16, 2006

ഓര്‍മകളുടെ ഗന്ധം

പ്ലാസ്റ്റിക് കവര്‍ തുറന്നു മാമ്പഴം എടുത്തപ്പോള്‍ ഉണ്ടായ ഗന്ധം അമ്മമ്മയെ ഓര്‍മിപ്പിച്ചു. എല്ലാം നഷ്ടപ്പെടുത്തിയ ഈ പ്രവാസ ജീവിതത്തിനിടയിലും ഇടക്കെങ്കിലും ഇനിയും ഓര്‍ക്കാനെന്കിലുംഒരുപാടു ഉണ്ട് എന്ന് ആ ഗന്ധം ഓര്‍മിപ്പിച്ചു. വെളുത്തു, ചുരുണ്ടമുടിയുള്ള അമ്മമ്മ . അമ്മമ്മയുടെ ചുവന്ന കല്ല് വച്ച മൂക്കുത്തി തൊട്ടു നോക്കിക്കൊണ്ടു ഒരിക്കല്‍ ഞാന്‍ ചോദിച്ചു, "ഇതെനിക്ക് തരുമോ? " .... "കുട്ടിക്ക് വേണെങ്കില്‍ വേറെ ഉണ്ടാക്കി തരാലോ...പക്ഷെ, ഇപ്പൊ വേണ്ട..പ്രയാവട്ടെ. ഒരു പെണ്ണായി കഴിഞ്ഞു നമുക്കു ആ നാരായണി തട്ടാത്തിയെ വിളിച്ചു കുട്ടീടെ മൂക്ക്‌ കുത്തിക്കാം . എന്നിട്ട് പുതിയതായി പണിയിച്ച മുക്കൂത്തിയിടാം.പോരെ?" ചിരിച്ചു കൊണ്ടു അമ്മമ്മ പറഞ്ഞു. "അപ്പൊ ഞാന്‍ പെണ്ണല്ലേ? ".....അമ്മമ്മ പറഞ്ഞു " നീ പെണ്ണ് ആയില്ലല്ലോ .ഇപ്പോള്‍ പെണ്‍കുട്ടിയല്ലേ?" " അപ്പോള്‍ ഞാന്‍ എപ്പോഴാ പെണ്ണ് ആവ്വാ??" " അതൊക്കെ ഉണ്ട് . വരൂ നമുക്കു മേലുകഴുകാന്‍ പോകാം. ആ തോര്‍ത്ത് മുണ്ട് എടുത്തോളൂ .""സൂക്ഷിച്ചു പടവ് ഇറങ്ങണം കേട്ടോ.." അമ്മമ്മ പറഞ്ഞു. കുളപ്പടവില്‍ മുളച്ചു വലുതായ വെള്ളതുമ്പപ്പൂ പൊട്ടിച്ചപ്പോള്‍ അമ്മമ്മ പറഞ്ഞു "അത് വെറുതെ പൊട്ടിച്ചു കളയല്ലേ കുട്ടീ, ആ തുമ്പ പൂവിനെ ഒന്നു നോക്കൂ......ശരിക്കും ഒരു കാല്പാദത്തിന്റെ ആകൃതി ഇല്ലേ അതിന്? ശ്രീ പാര്‍വതീ ദേവിയുടെ കാല്പാദം ആണ് അതെന്നാ സങ്കല്പം."...."എനിക്ക് തോന്നുന്നില്ല ." ഞാന്‍ ഒരു കുസൃതി പറഞ്ഞു."അതൊന്നു കമഴ്ത്തി വച്ചു നോക്കൂ കുട്ടിയെ..." അമ്മമ്മ പറഞ്ഞു." ശരിയാ. ശരിക്കും ഒരു കുഞ്ഞികാല് !!!!! എന്തൊരു ഭംഗിയാ ? " ..."വേഗം മേലുകഴുകി വന്നാല്‍ ഞാന്‍ മാമ്പഴം ചെത്തി തരാം. വന്നോളൂ."
കാലം ഒരുപാടു പോയ്പോയെന്കിലും , ആ തെക്കിനിയിലെ പഴുത്ത പലതരം മാമ്പഴ്ങളുടെയും ഗന്ധം എനിക്കിപ്പോഴും അനുഭവപ്പെടുന്നു......ഒരുപാടു നാളുകള്‍ കഴിഞ്ഞാലും അതൊന്നും കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെടില്ലയിരിക്കും. അല്ലെങ്കിലും, ഗതകാല സ്മരണകള്‍ ഇല്ലെന്കില്‍ മനുഷ്യന് പിന്നെ നിലനില്പ്പില്ലല്ലോ....?
"ദേ........മാമ്പഴം വീഴുന്ന ശബ്ദം കേട്ടു. കുട്ടി ഒന്നു ചെന്നു അത് എടുത്തിട്ടു വരൂ." മാവിന്‍ ചുവട്ടിലേക്ക് നടക്കുമ്പോള്‍ എനിക്ക് ചിരി വന്നു. ഈ അമ്മമ്മയ്ക്ക് ഇത്ര വയസ്സായിട്ടും എന്തിഷ്ടമാണ് മാമ്പഴം? ഞാന്‍ അത്ഭുതപ്പെട്ടു. പക്ഷെ, കൊണ്ടു കൊടുത്തപ്പോള്‍ അമ്മമ്മ പറഞ്ഞു,"വേണ്ട,എനിക്ക് കഴിക്കാന്‍ പാടില്ലെന്ന് കോമളം പറഞ്ഞു.പഞ്ചസാരയുടെ അസുഖം ഉണ്ടെത്രെ എനിക്ക്. അതാത്രേ, കാലിലെ മുറിവ്‌ ഉണ്ങാതതേ ...കുട്ടി കഴിച്ചോളൂ. ".."അപ്പൊ അമ്മമ്മയ്ക്ക് ഇനി മാമ്പഴം കഴിക്കാന്‍ പറ്റില്ലേ? അമ്മമ്മ കഴിച്ചോളൂ... ഞാന്‍ ആരോടും പറയില്ല." അമ്മയുടെ കണ്ണ് നിറഞ്ഞത്‌ എനിക്ക് കാണാമായിരുന്നു.അമ്മമ്മയ്ക്ക് കഴിക്കാന്‍ പറ്റാത്തത്‌ ഞാന്‍ എങ്ങനെയാണ് കഴിക്കുന്നത്? ഒന്നരാടം കൊല്ലം കൂടുമ്പോള്‍ കായ്ക്കുന്ന ആ പുളിമാവ്‌ ഇനി ഒരിക്കലും കായ്കാതിരുന്നെന്കില്‍ എന്നെനിക്കു തോന്നി.
ഓര്‍മകളെ പിന്നോട്ട് പായിച്ചു , ഭൂത കാലങ്ങളിലേക്കു സഞ്ചരിക്കാനുള്ള മനുഷ്യനെ കഴിവിനെ ഓര്‍ത്തുകൊണ്ട്‌ മാമ്പഴം എടുത്തത്‌ പോലെ തന്നെ തിരിച്ചു പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജ്‌ ലേക്ക് എടുത്തു വച്ചു.