Monday, March 16, 2009

വാര്‍ഷിക പോസ്റ്റ്.


അങ്ങനെ എന്‍റെ ബ്ലോഗിന്‍റെയും ഒന്നാം പിറന്നാളെത്തി. ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷമായിരിക്കുന്നു.ബൂലോഗത്തില്‍ ഇതൊരു വിഷയമേയല്ല,എന്നാലും,എന്‍റെ ബ്ലോഗ് അല്ലെ?എനിക്കാഘോഷിക്കണ്ടേ?ഒരിയ്ക്കലും കരുതിയതല്ല,ഞാനും ഒരു ബ്ലോഗുടമയാകും എന്ന്.എങ്ങനെയോ ബ്ലോഗുലകത്തില്‍ വന്നു പെട്ടു.അങ്ങനെ എന്‍റെ ഡയറിക്കുറിപ്പുകള്‍ വെളിച്ചം കാണാനും തുടങ്ങി.നിങ്ങള്‍ക്കിടയില്‍ ഒരാളായി കരുതി,എനിക്ക് തന്ന പ്രോല്‍സാഹനങ്ങള്‍ക്കെല്ലാം നന്ദി.നന്ദി പറച്ചിലില്‍ ആരുടേയും പേരെടുത്ത് പറയുന്നില്ല.എല്ലാവര്ക്കും ഒരുപോലെ നന്ദി.വാര്‍ഷിക പോസ്റ്റ് ആയി ഒരു കഥ ഇടണമെന്ന് കരുതിയതാണ്.പ്രാബ്ധങ്ങള്‍ കാരണം,ഇപ്പോഴും അത് പണിപ്പുരയില്‍ തന്നെ.പകരം,എന്‍റെ എല്ലാ പോസ്റ്റുകളിലും വച്ച്, എനിക്കേറ്റവും ഇഷ്ടപ്പെട്ടതൊന്ന് വീണ്ടും പോസ്റ്റ് ചെയ്യുന്നു.എന്‍റെ ആദ്യകാല പോസ്റ്റുകളില്‍ ഒന്നാണ് അത്.അധികം പേര്‍ വായിച്ചിരിക്കാന്‍ ഇടയില്ലാത്തത്.അതപ്പാടെ തന്നെ പോസ്റ്റ് ചെയ്യുന്നു.വായിച്ചവര്‍ പ്ലീസ് ഒന്ന് ക്ഷമിക്കൂ...ചിത്രങ്ങള്‍ : എല്ലാം ഗൂഗിളില്‍ നിന്ന് സെര്ച്ചിയത്.തോട്ടരുകിലെ വീട്


ഇതെന്തു സ്ഥലം? ഈ ഭരതേട്ടന് ഇതെന്തു ഭ്രാന്താ?ഇവിടെയാണോ നമ്മള്‍ വീട് പണിയാന്‍ പോണേ? ഈശ്വരാ !!! ഈ വെള്ളത്തിലാണോ കുട്ടികള് കളിക്ക്യാ..?" നാലുപുറവും വെള്ളം കെട്ടിക്കിടക്കുന്ന നെല്‍പാടം കണ്ടു, അതിശയത്തോടെ രതി ചോദിച്ചു.പോരാത്തതിന് , തൊട്ട അയല്‍വക്കം സാമാന്യം നല്ല ഒഴുക്കുള്ള തോടും...."നീയൊന്നു പേടിക്കാതെ..മഴക്കാലം ആയതു കൊണ്ടാ വെള്ളം കെട്ടിക്കിടക്കുന്നത്.മഴ മാറിയാല്‍ ഈ വെള്ളം ഒന്നും ഉണ്ടാവില്ല.കുറച്ചുകാലം കഴിയട്ടെ,ഈ സ്ഥലം തന്നെ ആകെ മാറും.നോക്കിക്കോളൂ, നമ്മള് വീട് വച്ചു കഴിഞ്ഞാല്‍ പിന്നെ ആളുകള്‍ക്ക് ധൈര്യമായി.പിന്നെ,ഇതും ആള്‍ താമസം ഉള്ള സ്ഥലം ആണെന്നും പറഞ്ഞു ഇവിടെ നിറയെ വീടുകള്‍ കൊണ്ടു നിറയും,അന്ന് ആളുകള്‍ പറയും,അന്ന് ആദ്യമായി ഈ പാടത്ത് വീട് വയ്ക്കാന്‍ ധൈര്യം കാണിച്ചത് ഭരതനാണെന്ന് ".രതിയെ ആശ്വസിപ്പിച്ചു കൊണ്ടു ഭരതന്‍ പറഞ്ഞു."പിന്നെ, എന്ത് വന്നാലും നേരിടാന്‍ ഈ ഞാനില്ലേ കൂട്ടിന്...?''.....അവളെ ആശ്വസിപ്പിച്ചു കൊണ്ടു അയാള്‍ പറഞ്ഞു.
വീട് പണി മുഴുവനാകാതെ തന്നെ താമസിച്ചു തുടങ്ങിയപ്പോഴും രതിയുടെ പേടി മാറിയിരുന്നില്ല.പുതുമണ്ണില്‍ ആദ്യമായി നട്ട ചുവന്ന ചീര തൈകള്‍ക്ക് വെള്ളമൊഴിക്കുമ്പോള്‍ അവള്‍ മോളോട്‌ പറഞ്ഞു."പാടത്തിലൊക്കെ ഓടിക്കളിക്കുമ്പോള്‍ സൂക്ഷിക്കണം കേട്ടോ."....പക്ഷെ,മോള്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.മീന്‍ പിടിക്കാനിരിക്കുന്ന ഒരു പൊന്മാനില്‍ ആയിരുന്നു അവളുടെ ശ്രദ്ധ.തോട്ടുവക്കത്ത് നട്ട തെങ്ങിന്‍ തൈയിന്‍റെ കൊച്ചു പട്ടയില്‍ ഇരിക്കുന്ന നീല പൊന്‍മാനിനെ നോക്കിക്കൊണ്ടു അവള്‍ പറഞ്ഞു..."എന്ത് ഭംഗിയാ ആ കിളിയെ കാണാന്‍..അല്ലെ അമ്മേ? അച്ഛമ്മേടെ വീട്ടില്‍ ഞാന്‍ ഇതു പോലത്തെ കിളിയെ കണ്ടിട്ടേ ഇല്ലല്ലോ..?" കണ്ണുകള്‍ വിടര്‍ത്തി കൌതുകത്തോടെ അവള്‍ അതിനെ പിന്നെയും പിന്നെയും നോക്കി.
അച്ഛന്‍റെ കൈ പിടിച്ചു ടെറസ്സില്‍ കയറി സൂര്യോദയം കാണുമ്പോഴും,തോട്ടിലെ നീന്തി കളിക്കുന്ന പരല്‍ മീനിനെ കാണുമ്പോഴും അവളുടെ കണ്ണുകളില്‍ നിറയെ കൌതുകം ആയിരുന്നു.അവള്‍,ആ പാടത്തെ തോട്ടരുകിലെ വീടിനെ കൂടുതല്‍ കൂടുതല്‍ സ്നേഹിച്ചു.വേലിപ്പടര്‍പ്പില്‍ വിടര്‍ന്നു നില്ക്കുന്ന നീല ശംഖുപുഷ്പവും,അകലെ നീലാകാശ തെളിമയില്‍ നിറങ്ങള്‍ വിടര്‍ത്തിയ മഴവില്ലും,എല്ലാം ആദ്യമായി കാണുകയായിരുന്നു.സന്ധ്യാ നേരത്തെ ശോണിമ പരത്തിയ പടിഞ്ഞാറന്‍ ആകാശവും,മുരിങ്ങകായ തിന്നാന്‍ വരുന്ന തത്തകളെയും എല്ലാം അവള്‍ അവിടെ കണ്ടു.രാത്രിയെ പേടിച്ചിരുന്ന കുട്ടി പിന്നീട് രാത്രിയുടെ ,ഇരുട്ടിന്‍റെ ഭംഗിയും കാണാന്‍ തുടങ്ങി.രാത്രിയിലെ ചീവീടിന്‍റെ കരച്ചിലിനും,രാത്രി മഴക്കും ഒരു പ്രത്യേക താളം ഉണ്ടെന്നു അവള്‍ തിരിച്ചറിഞ്ഞതും ആ വീട്ടില്‍ വച്ചായിരുന്നു.നിശാഗന്ധി പൂ വിടരുന്നത്‌ കാണാന്‍ അവള്‍ പുലരുവോളം കാത്തിരുന്നു.
പാടത്ത് വരമ്പ്‌ കിളയ്ക്കാന്‍ വന്ന കോരന്‍ കുട്ടിയുടെ പിറകേ നടന്നു അവള്‍ ചോദിച്ചു."കോരന്‍ കുട്ടിയെന്താ ചെരുപ്പിടാതെ?കാലില് ചേറ് ആവില്ലേ?"..."എനിയ്ക്ക് ചെരിപ്പിട്ടു ശീലല്യാ കുട്ടിയെ...പിന്നെ, ഈ പാടത്തെ ചേറ് ,ചെരിപ്പിട്ടാലും കാലില് പറ്റും.കുട്ടി വരമ്പത്തൂന്ന് ഇറങ്ങണ്ട.പാടത്തിലെ വെള്ളത്തില് നീര്‍ക്കൊലീണ്ടാവും,ചിലപ്പോ കാലിമ്മല് ഞണ്ട് ഇറുക്കും.കുട്ടി വീട്ടില്‍ക്ക് പോകുന്നതാ നല്ലത് ".കൈക്കോട്ട്‌ കൊണ്ടു കിളക്കുന്നതിനിടയില്‍ കോരന്‍ കുട്ടി അശ്രദ്ധമായി പറഞ്ഞു.

."ഇതെന്താ ഈ വെളുത്ത സാധനം..?വെളുത്ത കൊച്ചു ഗുളിക പോലെ?"..അവള്‍ പിന്നെയും ചോദിച്ചു." അത് ഞവിഞ്ഞിയുടെ മുട്ടയാ." തല ഉയര്‍ത്താതെ തന്നെ കോരന്‍ കുട്ടി പറഞ്ഞു."ഈ ഞവിഞ്ഞിന്ന്‌ പറഞ്ഞാ എന്താ?" ....അവള്‍ പിന്നെയും ചോദിച്ചു."ആ തോട് കണ്ടില്ലേ,അതിനുള്ളില്‍ ഒരു ജീവി ഉണ്ട്.അതാ ഞവിഞ്ഞി . അത് ആ തോടിന്നുള്ളിലാ ജീവിക്ക്യ." കോരന്‍ കുട്ടി അക്ഷമയോടെ പറഞ്ഞു."അതെയോ?,അതിന്റെ ആ തോട് മുറുക്കിന്റെ പോലെ ഉണ്ട്.വട്ടത്തില്.ഇതു ഒച്ചിനെ പോലെ ഉണ്ടല്ലോ..അപ്പൊ,ഈ മീമിയെന്താ ഇങ്ങനെ?"ചേറില്‍ പുതഞ്ഞു നീന്തി നടക്കാന്‍ പ്രയാസപ്പെടുന്ന ഒരു കൊച്ചു ആമ കുട്ടിയെ നോക്കി അവള്‍ ചോദിച്ചു."ഈ മീമിക്ക് കാലുണ്ടോ?കോരന്‍കുട്ടിയെന്താ മിണ്ടാത്തെ?"അവള്‍ നിഷ്കളങ്കതയോടെ ചോദിച്ചു.കൈകോട്ടു താഴെ വച്ചു അയാള്‍ ഒന്നു നീട്ടി തുപ്പി.മുറുക്കാന്‍ കലര്‍ന്ന തുപ്പല്‍ പാടത്തിലെ ചെളി വെള്ളത്തില്‍ പടര്‍ന്നു.വെള്ളം ആകെ ചുവന്നു.
തലയില്‍ കെട്ടിയ മുഷിഞ്ഞ തോര്‍ത്ത് അഴിച്ചു കുടഞ്ഞ്‌ തോളത്തിട്ടു കോരന്‍ കുട്ടി ഓടി വന്നു.ആമ ക്കുട്ടിയെ എടുത്തു നോക്കിക്കൊണ്ട്‌ പറഞ്ഞു,"ഇതു മീനല്ല,ഇതൊരു ആമക്കുട്ടിയാ."..."ആമക്കുട്ടിയോ?അയ്യോ,അതിന്‍റെ കാലോ?അതിന് നേരത്തെ കണ്ണ് ഉണ്ടായിരുന്നല്ലോ...?ഇതെന്താപ്പോ കല്ല് പോലെ?" അവള്‍ സംശയത്തോടെ ചോദിച്ചു."ങാ..ആമകള്‍ അങ്ങനെയാ....നമ്മള് അതിനെ തൊട്ടാല് അത് കൈയും ,കാലും ഉള്ളിലേക്ക് വലിക്കും.ഇതിനും ഉണ്ട് പുറന്തോട്‌.തോട്ടിലൂടെ ഒലിച്ചു വന്നതാവും.മോള് പോയി ഒരു ബക്കറ്റ് എടുത്തിട്ടു വാ..."കോരന്‍ കുട്ടി ഉത്സാഹത്തോടെ പറഞ്ഞു.
"വീടിന്റെ മുറ്റത്ത്‌ ഒരു ചെന്തെങ്ങിന്‍റെ തൈ നടുന്നത്‌ ഐശ്വര്യമാണ് രതി ഏടത്തിയെ....ഇതു നട്ടോളൂ"കണ്ണന്‍ ചേട്ടന്‍റെ ഒപ്പം കയറി വന്ന സരസ്വതി ചേച്ചി പറഞ്ഞു."ഈ താറാവ് മുട്ടയിട്ടോ?" സരസ്വതി ചേച്ചിടെ അനിയന്‍ കണ്ണന്‍ ചോദിച്ചു.." ഇല്യാന്നെ ..... അത് പൂവനാന്നാ തോന്നുന്നത്."അമ്മ പറഞ്ഞു....കുറച്ചു അകലെയാണ് എങ്കിലും പറയാന്‍ പറ്റിയ അയല്‍വക്കക്കാര്‍ അന്വേഷണം ആയി എത്തുന്നുണ്ട്.അമ്മക്ക് പരാതികള്‍ ഒഴിഞ്ഞു തുടങ്ങി.വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് പടര്‍ന്നു നില്ക്കുന്ന കയ്പ്പ പന്തല്‍ കണ്ടു സരസ്വതി ചേച്ചി പറഞ്ഞു"നിറയെ പൂവിട്ടല്ലോ അല്ലെ..".."പൂവ് മാത്രമല്ല മൂന്നു ,നാല് കയ്പയും തൂങ്ങി...നോക്കു..വലുതായി തുടങ്ങി.." അമ്മ സന്തോഷത്തോടെ പറഞ്ഞു.
കറുപ്പില്‍ മഞ്ഞ വരകളുള്ള പുറന്തോട്‌ ഉള്ള ആ ആമക്കുട്ടി ,ചുവന്ന ബക്കറ്റ്ലെ വെള്ളത്തില്‍ നീന്തികളിച്ചു.അതിലേക്ക് എത്തി നോക്കി ചോറ് ഇട്ടു കൊടുക്കുന്ന മോളെ നോക്കി അമ്മ പറഞ്ഞു"എന്താ ഈ കാട്ടണേ...? അത് ചോറോന്നും ഉണ്ണില്ല.തോട്ടില് കിടക്കണ ജീവിയെ പിടിച്ചു ഇവള്‍ ബക്കറ്റ് ഇല് ഇട്ടു വച്ചിരിക്ക്യാ.ഭരതേട്ടനിത് കണ്ടോ?"അമ്മ പരാതി പറഞ്ഞു.നെറുകയില്‍ തലോടിക്കൊണ്ട്‌ മോളെ പൊക്കിയെടുത്തു കൊണ്ടു അച്ഛന്‍ പറഞ്ഞു."അതിനെ നമുക്കു വിട്ടേക്കാം.അതിന് ബക്കറ്റ് ല് ജീവിക്കാന്‍ പറ്റില്ല."അല്ലെങ്കിലും ഈ പാടത്ത് നിറച്ചും ഇഴ ജന്തുക്കള്‍ മാത്രമെ ഉള്ളു"അമ്മ പറഞ്ഞു."ഈ അമ്മക്കെന്താ ഇങ്ങനെ തോന്നാന്‍?എനിക്കീ വീട് ഒത്തിരി ഇഷ്ടായി.ഇവിടത്തെ സീനിയ പൂവുകളൊക്കെ എന്ത് ഭംഗിയാ ?പക്ഷെ,ഒരു കാര്യം മാത്രം ഇഷ്ടല്യ.." മോള് പറഞ്ഞു."എന്താ എന്‍റെ മോള്‍ക്ക്‌ ഇവിടെ ഇഷ്ടല്യാത്തത് ? ഈ വീടിന്‍റെ പണി മുഴുവന്‍ തീരാത്തത് കൊണ്ടാ?" അച്ഛന്‍ സ്നേഹത്തോടെ ചോദിച്ചു."പറയട്ടെ..അച്ഛക്ക് സങ്കടാവുമോ?" അവള്‍ ചോദിച്ചു. "ഇല്യ. ,മോള് പറഞ്ഞോളൂ." അച്ഛന്‍ ധൈര്യം കൊടുത്തു."ആ വേലിപ്പടര്‍പ്പിലെ മൈലാഞ്ചി പൂവില്ലേ..മഞ്ഞ നിറത്തിലുള്ളത് ....അതിന്‍റെ മണം മാത്രം മോള്‍ക്കിഷ്ടല്യ...." മോള് പറഞ്ഞു."അത്രക്കെ ഉള്ളൂ,അച്ഛന്‍ വേറെന്തൊക്കെയോ വിചാരിച്ചു., അത് അച്ഛ വെട്ടിക്കളയാം....പിന്നെ,അമ്മക്ക് ഈ വീട് ഇഷ്ടമില്ലാതെ ഇവിടെ പൂന്തോട്ടം ഉണ്ടാക്കുമോ?നമ്മളിവിടെ താമസിക്കുമോ? അമ്മയ്ക്കും ഈ വീട് നല്ല ഇഷ്ടാ.." കുട്ടിയെ തോളില്‍ കിടത്തി കൊണ്ടു അച്ഛന്‍ പറഞ്ഞു.എന്ത് പറഞ്ഞാലും സാധിച്ചു തരുന്ന അച്ഛന്‍റെ തോളില്‍ കിടന്നു ഉറങ്ങുമ്പോള്‍ അവളുടെ അടഞ്ഞ കണ്ണുകള്‍ ,പാട വരമ്പിലൂടെ ഓടിനടന്ന് തുമ്പിയെ പിടിക്കുന്ന സ്വപ്നം കാണുകയായിരുന്നു......

Thursday, March 12, 2009

ഫ്ലവര്‍ ഷോ

നാട്ടില്‍ പോയപ്പോള്‍ തൃശ്ശൂരില്‍ ഉണ്ടായ ഒരു പ്രധാന വിശേഷം ടൌണ്‍ ഹോളില്‍ വച്ചുണ്ടായ ഫ്ലവര്‍ ഷോ ആണ്.എല്ലാ കൊല്ലവും നാട്ടില്‍ ഫ്ലവര്‍ ഷോ നടക്കുന്നു എന്നറിഞ്ഞാല്‍ അതെനിക്ക് 'മിസ്' ചെയ്യുന്നല്ലോ എന്ന് തോന്നും.ഇക്കൊല്ലം അത് കാണാന്‍ പറ്റി.അപ്പൊ,എടുത്ത ഫോട്ടോസ് ആണേ.പിന്നെ,രണ്ട് മുന്‍‌കൂര്‍ ജാമ്യം.ഒന്ന് - ഫോട്ടോ എടുക്കുന്നതിന്‍റെ സാങ്കേതിക വശങ്ങള്‍ വല്യേ പിടി ഇല്ല.അത് വഴിയെ മനസ്സിലാകും.ഫോട്ടോ കണ്ടാ മതി.രണ്ട് -ഒരു മുക്കാല്‍ ഭാഗത്തോളമേ ഞങ്ങള്‍ ഫ്ലവര്‍ ഷോ കണ്ടുള്ളൂ.അതുകൊണ്ട്,ഫോട്ടോകള്‍ അപൂര്‍ണ്ണമാണ്‌.കാരണം...ഞങ്ങള്‍,രണ്ട്-മൂന്ന് കസിന്‍സും,എല്ലാരുടെയും പിള്ളേരും,ഞങ്ങള്‍ടെ അമ്മമാരും എല്ലാവരും സഹിതമാണ് ഫ്ലവര്‍ ഷോ കാണാന്‍ പോയത്.തുടക്കത്തില്‍ 'മഹാ മാന്യത' കാണിച്ചിരുന്ന 'കുട്ടിപ്പട്ടാളം' കുറച്ചു കഴിഞ്ഞപ്പോള്‍ 'മഹാ അലമ്പ്'.ഓരോന്നും ഒന്നിനൊന്നു മെച്ചം.ഫ്ലവര്‍ ഷോയിലാണെങ്കില്‍ തൃശൂര്‍ പൂരം എക്സിബിഷന്‍റെത് പോലെ ഒരുപാട് സ്റ്റോളുകള്‍ വേറെ.മുളകാബജീടെം,ഐസ്ക്രീംന്‍റെയും ടോയ്സ്ന്റേം ഒക്കെ സ്റ്റോളുകള്‍ ഇടയില്‍ വയ്ക്കേണ്ട വല്ല കാര്യോം ഉണ്ടോ?ധന നഷ്ടം,മാനഹാനി എന്നിവ ഭയന്ന് പകുതി വച്ച് ഞങ്ങള് മുങ്ങി.ഇനി പോസ്റ്റ് വായിച്ചു എല്ലാരും കൂടെ എന്നെ തല്ലാന്‍ വരണ്ട."കുട്ട്യോളല്ലേ..അവര്‍ക്ക് ആവശ്യമുള്ളതൊക്കെ വാങ്ങിക്കൊടുത്തൂടെ" എന്ന് ചോദിച്ച് !! ഫ്ലവര്‍ ഷോയില്‍ നിന്ന് മുങ്ങി ഞങ്ങള് പോയത് 'രാമദാസില്‍' സിനിമ കാണാനാ.മാറ്റിനി കാണാന്‍ സമയമായി.ടിക്കറ്റ് കിട്ടീല്യെങ്കില്‍ ഈ പിള്ളേര് തന്നെ നമ്മുടെ പണി തീര്‍ക്കും.പിന്നെ,ഈ സാധനങ്ങളൊക്കെ കെട്ടി വലിച്ച് തീയ്യറ്ററില്‍ ഇരിക്കണ്ടേ?അതും പാടാണ്‌.അമ്മമാര്‍ വട്ടം കൂടി ആലോചിച്ചപ്പോള്‍,ഐഡിയ കിട്ടി.മുങ്ങാം.അങ്ങനെ മുങ്ങി.അതാണ്‌ വില്‍ക്കാന്‍ വച്ച ചെടികളുടെയും മറ്റും ഫോട്ടോ കാണാത്തത്..ഇനി ഫോട്ടോ കണ്ടോളൂ..ചിലതിന്‍റെ ശരിയായ പേരും,നാളും ഒന്നും അറീല്യ.അതുകൊണ്ട് എല്ലാം നിങ്ങള്ക്ക് വിട്ടു തരുന്നു.

ഇനി കുറച്ചു ഫ്ലവര്‍ അറേഞ്ച്‌മെന്റ്സ് ആണ്


ഇനി കുറച്ചു വെജിറ്റബിള്‍ കാര്‍വിംഗ് ആണ് കേട്ടോ.ചേന കൊണ്ടും,കുമ്പളങ്ങ കൊണ്ടും,കാരറ്റ് കൊണ്ടും ഉണ്ടാക്കിയ ഭീമന്‍ "ഡ്രാഗണ്‍" നെ കണ്ടോ?ഞങ്ങള്‍ ചെന്നപ്പോഴെയ്ക്കും വെയില് കൊണ്ട് വാടി തുടങ്ങിയിരുന്നു.നാലഞ്ചു ദിവസം മുന്‍പ് ഉണ്ടാക്കിയതല്ലേ?Thursday, March 5, 2009

നാട്ടില്‍ നിന്നും കൊണ്ടു വന്നത്....

ബൂലോകരേ !!! ഞാന്‍ തിരിച്ചു വന്നു കേട്ടോ..

എത്തിയിട്ട് രണ്ടു ദിവസമാകുന്നു.

അടുക്കലും,പെറുക്കലും...കരച്ചിലും,പിഴിച്ചിലും തീര്‍ന്നില്ല.

അമ്മയെ വിട്ടുവന്നാല്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സങ്കടമാ..

എന്നാലും,ബൂലോക സഞ്ചാരം തുടങ്ങാന്‍ പോകുന്നു..

നാട്ടില്‍ നിന്നും,കൊണ്ട് വന്നതെല്ലാം തീരാറായി.

എന്റെ പ്രിയപ്പെട്ട ബൂലോകര്‍ക്കായി....തല്ലുണ്ടാക്കാതെ വീതിച്ചെടുക്കണം കേട്ടോ..