Thursday, December 16, 2010

വെറുതെ ഒരു പോസ്റ്റ്‌.

"ദേ, സ്കൂള് പൂട്ടി.നാട്ടില് പോകാന്‍ നാലഞ്ചു ദിവസം കൂടി.ബോറടി മാറ്റാന്‍ സിറ്റി സെന്‍റെറില്കൊണ്ട് വിടണം". അങ്കവും കാണാം, താളിയും ഒടിക്കാം എന്ന എന്‍റെ ഉള്ളിരിരിപ്പ് മനസ്സിലാക്കി മൂപ്പര് കൂലങ്കഷമായി ചിന്തിച്ചു. പേഴ്സ് കാലിയാക്കല്‍ എന്ന ചടങ്ങിനോട് വലിയ താല്പര്യമില്ലാത്തതുകൊണ്ട് എന്നോട് ഇങ്ങനെ മൊഴിഞ്ഞു,"എന്തുകൊണ്ട് നിനക്ക് വല്ലതും എഴുതാന്‍ ശ്രമിച്ചു കൂടാ? എത്ര നാളായി ഒരു പോസ്റ്റ്‌ ഇട്ടിട്ട്? നാട്ടില് പോണേനു മുന്‍പ് ഒരു പോസ്റെങ്കിലും ഇട്. " ഒരു നിമിഷത്തേയ്ക്ക് ഞാന്‍ അന്യഗ്രഹത്തിലാണോ എന്ന് പോലും തോന്നിപ്പോയി.ഇങ്ങനെ ഒക്കെ ആ വായീന്ന് കേള്‍ക്കുന്നത് അപൂര്‍വ്വം.വെറുതെ ഇരിക്കുമ്പോള്‍ ആള്‍ടെ തല തിന്നാന്‍ ചെന്നാലോ എന്ന് പേടിച്ച് സൂത്രത്തില്‍ എനിക്ക് തന്ന പണിയാണോ ആവോ?
പക്ഷെ,ചുമ്മാ ഡയറിയുമായി ഇരുന്നാല്‍ വരുന്നതാണോ പോസ്റ്റ്‌? ക്ലാസ്സിലെ തലതെറിച്ച മുപ്പത്തൊന്ന് പിള്ളേരും,അതിനെ വെല്ലുന്ന സ്വന്തം 'പിള്ളയും' , അവരെ മേയ്ക്കലും എല്ലാം കൂടി ഒരു ദിവസം ഇരുപത്തിനാല് മണിക്കൂര്‍ പോരാതെ വരുന്നു എന്ന പോലെ.ഒരു ദിവസം ഇരുപത്തിനാലില്‍ നിന്ന് മുപ്പത് മണിക്കൂറാക്കി മാറ്റാന്‍ ദൈവത്തിനൊരപേക്ഷ എഴുതി ഒപ്പിട്ടു കൊടുത്താലോ എന്ന ചിന്തയിലാണ്. പുതിയ പോസ്ടിടല്‍ പോയിട്ട് മെയില്‍ ചെക്ക് ചെയ്യുന്നത് തന്നെ അഞ്ചാറ് ദിവസം കൂടുമ്പോള്‍. ആകെ മുടങ്ങാതെ ചെയ്യുന്നത് സ്കൂള്‍ വെബ്‌ സൈറ്റില്‍ മുടങ്ങാതെ കേറി നിരങ്ങുന്നത് മാത്രം.വീകെന്റുകള്‍ക്ക് ഇവിടെ നീളം കുറവാണെന്ന് ഞാന്‍ മുന്നേ കണ്ടുപിടിച്ചതാ.അതുകൊണ്ട് വീകെന്റിലെയ്ക്ക് എടുത്തു വയ്ക്കുന്ന പണികള്‍ എപ്പോഴും എനിക്ക് പണി തന്നു കൊണ്ടേയിരിക്കുന്നു.

വെറുതെ ഇരുന്ന്, വെറുതെ കിടന്ന്, വെറുതെ തീര്‍ത്തു കളയാന് ഒരു ദിവസം എന്ന് കിട്ടും? കുക്കറി ഷോകളില്‍ ‍നിന്നും എഴുതിയെടുത്തു വച്ച പുതിയ ഐറ്റംസ് എന്ന് പരീക്ഷിക്കും? അതൊക്കെ പോട്ടെ, ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ ജീവിതം തീര്‍ന്നു പോകുമെന്ന് കരുതിയിരുന്ന ഞാന്‍ തുടര്‍ച്ചയായി ആറ് മണിക്കൂറെങ്കിലും എന്ന് ഉറങ്ങാനാ?


രാവിലെ അഞ്ച് മണിയ്ക്ക് തുടങ്ങുന്ന ഗുസ്തി രാത്രി പത്തരയ്ക്കെങ്കിലും തീര്‍ക്കണമെന്ന ആഗ്രഹം വ്യാമോഹമായി അവശേഷിക്കുന്നു.സ്കൂളില്‍ നിന്ന് കൊണ്ട് വന്ന അസൈന്‍മെന്‍റ് ഷീറ്റുകളും വീക്ക്‌ലി ടെസ്റ്റ്‌ പേപ്പറുകളും അപ്പോഴും നോക്കി പല്ലിളിക്കും.ടീച്ചര്‍ പണിയ്ക്ക് മാത്രേ ഈ ബുദ്ധിമുട്ട് ഉള്ളൂ എന്ന് ചിലപ്പോഴെങ്കിലും ഓര്‍ക്കാറുണ്ട്. ഇന്ന് ഫ്ലവര്‍ ഷേപ്പില്‍ ഉണ്ടാക്കിയ ദോശയെങ്കിലും ബാക്കി വയ്ക്കരുത്ട്ടോ എന്ന് വീട്ടിലെ ജൂനിയറെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തിരിച്ചു മറുപടി : " അയ്യേ! ഫ്ലവര്‍ ഷേപ്പിലുള്ള ദോശ ഒരു ടേസ്റ്റും ഇല്ല.ഇന്ന് ഹാര്‍ട്ട്‌ ഷേപ്പ് മതി." എന്ന് തിരിച്ചു കല്‍പ്പന.എടീ ഹാര്‍ട്ട്‌ ഇല്ലാത്തവളെ, മര്യാദയ്ക്ക് തിന്നോ,ഇല്ലെങ്കി നിന്റെ ബോഡീടെ ഷേപ്പ് ഞാന്‍ മാറ്റും എന്നുള്ള എന്‍റെ ഉള്ളിലെ മറുപടി വെറും നെടുവീര്‍പ്പായി മാറും.


ഇനി സ്കൂളില്‍ ചെന്നാലോ, "നിന്‍റെ തലേലെഴുത്ത് എനിക്ക് വായിക്കാന്‍ പറ്റുന്നില്ല." എന്നത് ഭാഷയും,വ്യാകരണവും,ശൈലിയും മാറ്റി,മനോജിനോട് ഇങ്ങനെ പറയും,"മൈ ഡിയര്‍...എന്നും ഹാന്‍ഡ്‌ റൈറ്റിംഗ് പ്രാക്ടീസ് ചെയ്യണം". ഉടനെ വരും ഉരുളയ്ക്കുപ്പേരി!! "ദിസ് ഈസ്‌ ദി എയ്ജ് ഓഫ് ലാപ്ടോപ്സ്.സൊ,നോ നീഡ്‌ ടു ഡു ദാറ്റ്‌." തൃപ്തിയായി മനോജേ,തൃപ്തിയായി..ബ്രഹ്മാവ്‌ സൃഷ്ടി കര്‍മ്മം നടത്തുമ്പോള്‍ എന്തിനാണാവോ എല്ലാവര്ക്കും ഇത്ര മൂര്‍ച്ചയേറിയ ജിഹ്വകള്‍ പ്രദാനം ചെയ്യുന്നത്?കൂടെ നമ്മളും നാക്കിനു മൂര്‍ച്ച കൂട്ടി,കൂട്ടി അത് എന്നാണാവോ തേഞ്ഞ് പൊട്ടിപ്പോകുന്നത്? ആകെ കൂടിയുള്ള പിടി വള്ളിയാ.ഇവരെയൊക്കെ ആവശ്യത്തില്‍ കൂടുതല്‍ മര്യാദ പഠിപ്പിക്കാന്‍ പോയാല്‍ യഥാര്‍ത്ഥ മര്യാദക്കാര്‍ - പാരെന്റ്സ്- യുദ്ധത്തിന് കച്ച കെട്ടിയിറങ്ങും.ഞാനൊരു സമാധാനപ്രിയയായത് കൊണ്ട് "എന്‍റെ മോനെ ----- കുട്ടി സ്വിമ്മിംഗ്പൂളില്‍ വച്ച് ഉന്തിയിട്ടു." എന്നുള്ള പരാതിയ്ക്ക് അങ്ങനെ വലുതായൊന്നും ഉന്തിയില്ല. നിങ്ങടെ മോനാ ശരിയായ പ്രശ്നക്കാരന്‍. ഞങ്ങള് നാല് ടീച്ചേര്‍സ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. പിന്നെ, "പ്രയാസി'നും ഈയ്യിടെ കുറുമ്പ് ഇത്തിരി കൂടുതലാ. പക്ഷെ, ടാലന്റ് ഹണ്ടിന് അവന്‍ ചെയ്ത 'സോളോ ഡാന്‍സ്' സാക്ഷാല്‍ മൈക്കിള്‍ ജാക്സനെ വരെ കടത്തി വെട്ടി... എന്നാക്കി മാറ്റി അവതരിപ്പിച്ച് പാരെന്റ്സ്ന്‍റെ കണ്ണിലുണ്ണിയായ ടീച്ചര്‍ ആകാന്‍ മാക്സിമം പയറ്റിക്കൊണ്ടിരിക്കുന്നു. "പ്രയാസ്" പക്ഷെ,സ്കൂളിലെ എല്ലാവര്ക്കും അങ്ങേയറ്റം പ്രയാസം ഉണ്ടാക്കുന്നു എന്ന വസ്തുത തീരെ മറച്ചു പിടിക്കാന്‍ പറ്റിയ ഒന്നല്ല.ആരാണാവോ ആ കുട്ടിയ്ക്ക് 'പ്രയാസ്' എന്ന പേരിട്ടത്? ‌

ആഴ്ചയില്‍ മൂന്നു ദിവസം വീട്ടില്‍ സഹായത്തിന് വരുന്ന "ഋത്വിക് റോഷന്‍" അപ്രഖ്യാപിത ലീവ് എടുക്കുമ്പോള്‍ അവിടെയും നമ്മളാക്ടീവായേ പറ്റൂ."എന്‍റെ സൈക്കിള്‍ കേടാ.മൊബൈല്‍ റീ-ചാര്‍ജ് ചെയ്യണം,മോള്‍ടെ ബര്‍ത്ത്ഡേയ്ക്ക് സമ്മാനം വാങ്ങി അയക്കണം." ആവശ്യങ്ങളുടെ ലിസ്റ്റ് കൂടുമ്പോള്‍, ബംഗ്ലാദേശി ഋത്വിക്കിനെ കാത്തിരിക്കുന്ന ഈ ഫ്ലാറ്റിലെ ജോലിക്കാരായ മുഴുവന്‍ ഗൃഹലക്ഷ്മികളുടെയും ചങ്കിടിപ്പ് കൂടും.എന്‍റെ ഹിന്ദി കേള്‍ക്കാനുള്ള ശേഷി ഇല്ലാഞ്ഞിട്ടാണോ ഇനി അവന്‍ ലീവ് എടുക്കുന്നത് എന്നുള്ള ഗൃഹനാഥന്റെ സംശയം ഞാന്‍ മുളയിലെ നുള്ളേണ്ടതായിരുന്നു.

തിരക്കിനിടയില്‍ ട്രെഡ്‌മില്ലിലെ മല്‍പ്പിടുത്തം നിറുത്തി ഫ്ലാറ്റിനു പുറത്തുള്ള റോഡില്‍ ഈവനിംഗ് വോക്ക് തുടങ്ങിയത് ആരോഗ്യപരിപാലനത്തിന് മാത്രം. തണുപ്പ് വന്നത് കൊണ്ടും,കാല്‍മുതലായി ഉണ്ടായിരുന്ന പാദസരം ഒന്ന് കളഞ്ഞു പോയതുകൊണ്ടും,അതും അവസാനിപ്പിച്ചു.സ്വര്‍ണ്ണ വിലവര്‍ദ്ധനക്കാലത്ത് തന്നെ ഉണ്ടായ ഈ നഷ്ടത്തില്‍ പരിതപിച്ച് എന്‍റെ ശ്രദ്ധ ടി.വി.യില്‍ "അലാവുദ്ധീനും അത്ഭുതവിളക്കും" കാണലിലും, പച്ചക്കറി അരിയലിലും, ഫോണ്‍ വിളികളിലും കേന്ദ്രീകരിക്കുന്നു.സമീപ പ്രദേശത്ത് എന്ത് നടക്കുന്നു എന്നറിയാനുള്ള ആകാംഷ തീരെ ഇല്ലാത്തത് കൊണ്ട് മാത്രം അയല്‍ ഫ്ലാറ്റുകളിലേയ്ക്കു ഫോണ്‍ വിളികള്‍ നന്നേ കുറഞ്ഞു. അതുകൊണ്ട് മാത്രം അടുത്ത ഫ്ലാറ്റിലെ തമിഴന്‍ അങ്കിള്‍ തന്‍റെ തലയ്ക്കു മുകളില്‍ താമസിക്കുന്ന കൊളീഗിന് അയച്ച എസ്.എം.എസ് ഇതിവൃത്തം വളരെ വൈകി മാത്രമേ എനിക്ക് അറിയാനായുള്ളൂ.പാതിരാത്രിയ്ക്ക് അയച്ച എസ്.എം.എസ്. ഇങ്ങനെ "ഒന്നുകില്‍ താങ്കളുടെ മക്കളോട് രാത്രി പത്തര കഴിഞ്ഞുള്ള ഫുട്ബോള്‍ മാച്ച് വീട്ടിനകത്ത് നടത്തരുതെന്ന് പറയുക.അല്ലെങ്കില്‍ മൂന്നെണ്ണത്തിനും ഓരോ കത്തി കൊടുത്ത് ഇങ്ങോട്ട് പറഞ്ഞയച്ച് എന്നെ കൊല്ലാന്‍ പറയുക". സംഗതി ഏതായാലും ഏറ്റു.രണ്ടു മിനിട്ടിനുള്ളില്‍ തലയ്ക്കു മുകളിലെ ഭൂമികുലുക്കത്തിന്റെ ശബ്ദം നിന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തി.


സ്കൂളിലിരിക്കുമ്പോ വിചാരിക്കും, സ്കൂള്‍ പൂട്ടിയിട്ടു വേണം എവെരസ്റ്റ് മറിക്കാനെന്ന്. പക്ഷെ സ്കൂള് പൂട്ടിയപ്പോ വല്ലാത്ത വീര്‍പ്പുമുട്ടല്‍.സ്കൂളിലെ തിക്കും,തിരക്കും, കുട്ടികളുടെ ബഹളവും പരാതികളും, നാല്‍പ്പതിയഞ്ചു മിനിട്ട് കൂടുമ്പോഴുള്ള ബെല്ലടി ശബ്ദവും ഇല്ലാതെ ആകെ വല്ലാത്ത ഒരു അസ്വസ്ഥത.വന്നു,വന്ന് നിശ്ശബ്ദതയോട് ഒരു താല്പര്യക്കുറവ്.ഡാഷ് പോയ അണ്ണാന്റെ പോലെ.വാരികയിലെ മന:ശ്ശാസ്ത്രജ്ഞനോട് എഴുതി ചോദിക്കേണ്ടി വരുമോ ആവോ? ഇടയ്ക്ക് പോസ്ടിടാത്തത് കൊണ്ട് ഞാനെന്ന ബ്ലോഗിണിയേ ബൂലോകത്തെ പുതുമുഖങ്ങളില് എത്ര ‍പേര്‍ക്ക് അറിയുമോ ആവോ?

ചിത്രം: ഗൂഗിളില്‍ സെര്ച്ചിയപ്പോള്‍ കിട്ടിയത്.

Saturday, August 28, 2010

പകല്‍കിനാവ് "മാതൃഭൂമി - ബ്ലോഗ്ഗന"യില്‍...കൂട്ടുകാരേ, അങ്ങനെ എന്‍റെ "പകല്‍കിനാവ്" മാതൃഭൂമി ആഴ്ചപ്പതിപ്പിലെ "ബ്ലോഗ്ഗന"യില്‍..
എല്ലാവരും നോക്കണേ..
"മാതൃഭൂമി"യ്ക്കും , പിന്നെ അറിയപ്പെടാനാഗ്രഹിക്കാത്ത ഒരു നല്ല സുഹൃത്തിനും നന്ദി..

Thursday, July 22, 2010

സഞ്ചാരി

വേലായുധനെന്ന പേരു കേട്ട ബാര്‍ബര്‍ക്ക് 'സഞ്ചാരി'യെന്ന് പേരിട്ടത് ആരാണെന്നറിയില്ല, എങ്കിലും ആ പേര് നൂറ്‌ ശതമാനം അര്‍ത്ഥവത്തായിരുന്നു എന്നു മാത്രം ഞങ്ങള്‍ക്കറിയാം. മനുഷ്യ മനസ്സുകളുടെ അജ്ഞാത താഴ്വരകളില്‍ തേരോട്ടം നടത്തിയിരുന്ന അയാള്‍ തികച്ചും ഒരു സഞ്ചാരി തന്നെയായിരുന്നു. മാസങ്ങള്‍ കൂടുമ്പോഴുള്ള വരവില്‍ അയാളും ഞങ്ങളുടെ തറവാട്ടിലെ അംഗമായി മാറുക പതിവാണ്.സാര്‍വ്വത്രിക ജനപ്രീതി നേടിയ അയാളുടെ വരവില്‍ കുട്ടികള്‍ക്കെല്ലാം സന്തോഷം.മറ്റു ജോലിക്കാരെല്ലാം 'ഏറെ പ്രയാസകരം' എന്ന്‌ മുദ്ര കുത്തി ഒഴിച്ചിട്ട - ശ്രമപ്പെട്ട്‌ ചെയ്യേണ്ടുന്ന ജോലികളെല്ലാം സഞ്ചാരി പെട്ടെന്ന് ചെയ്തു തീര്‍ക്കുമ്പോള്‍ അച്ഛമ്മയുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിളക്കം.
സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്ന ഒരു പച്ച മനുഷ്യന്‍! പക്ഷെ,എന്തൊക്കെയോ ചില അസാധാരണത്വം ഉള്ള ഒരു വ്യക്തി.അയാളെ വിശേഷിപ്പിക്കാന്‍ അര്‍ത്ഥവത്തായ ഒരു വാക്ക് പരതി പലപ്പോഴും ഞാന്‍ ക്ഷീണിതയായി.


മറ്റ് മുടിവെട്ടുകാരില്‍ നിന്നും വ്യത്യസ്തനാക്കിയിരുന്ന, സഞ്ചാരിയുടെ വേഷവിധാനങ്ങളായ - നാട്ടുകാര്‍ സംഭാവന ചെയ്ത- ഫുള്‍ സ്ലീവ് ഷര്‍ട്ട്‌, പാന്‍റ്സ്, സണ്‍ഗ്ലാസ്, ഷൂ എന്നിവയില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ഒറ്റ തോര്‍ത്തിലേയ്ക്കോ, ലുങ്കിയിലേയ്ക്കോ ഉള്ള വേഷപ്പകര്‍ച്ച ഞങ്ങളില്‍ ചിരിയുണര്‍ത്തിയിരുന്നു. ഇനി,മുടിവെട്ട് കൂടാതെ തേങ്ങ പൊതിക്കുന്നത് മുതല്‍, വിറക് അട്ടത്ത് കയറ്റുന്നതിനു വരെ ഞാന്‍ തയ്യാര്‍ എന്ന മട്ടില്‍. അത്യാവശ്യം കല്യാണബ്രോക്കര്‍ പണിയും കൈയിലുള്ളത് കൊണ്ട്, കല്യാണ പ്രായമായ മക്കളുള്ള വീടിന്‍റെ വാതില്‍ അയാള്‍ക്ക്‌ മുന്നില്‍ എളുപ്പം തുറന്നു വച്ചു.


മുതിര്‍ന്നവരെ സംബന്ധിച്ച്, സഞ്ചാരിയില്‍ നിഷ്കളങ്കത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലെന്നു തന്നെ പറയാം.എങ്കിലും,ഞങള്‍ കുട്ടികള്‍ക്ക് ഒരുപാട് വിദ്യകള്‍ കൈമുതലാക്കിയിരുന്ന അയാളോട് തികഞ്ഞ ആരാധന.ഒരു പ്രത്യേക രീതിയില്‍ നാവിനു ബലം കൊടുത്ത് 'ടക്' എന്നുണ്ടാക്കുന്ന വലിയ ശബ്ദം അനുകരിക്കാന്‍ ശ്രമിച്ച് എന്നും ഞങ്ങള്‍ ‍ പരാജയപ്പെട്ടു.പടിഞ്ഞാപ്പുറത്ത് മുടി വെട്ടിക്കാനായി സ്റൂളിന്മേല്‍ തോര്‍ത്തും പുതപ്പിച്ച് കയറ്റി ഇരുത്തുമ്പോള്‍ അയാള്‍ ചോദിക്കും, "കഴുത്ത് ഞരിച്ച് ശബ്ദമുണ്ടാക്കി കാണിക്കട്ടെ?" ഈശ്വരാ! എന്ത് സംഭവിക്കും? എന്ന് പേടിയോടെ ഇരിക്കുമ്പോള്‍ കഴുത്തൊന്ന്‍ പതുക്കെ തിരിക്കും,പക്ഷേ വലിയൊരു യന്ത്രം കറങ്ങുന്ന തരത്തിലുള്ള ശബ്ദം കേള്‍ക്കാം.ഒരിയ്ക്കല്‍ സഞ്ചാരി ഞങ്ങള്‍ കുട്ടികളെ പറ്റിക്കുമ്പോള്‍ അച്ഛാച്ച പറഞ്ഞു, "അവനത്‌ പല്ല് കടിച്ച് ശബ്ദമുണ്ടാക്കുന്നതാ."


മുറ്റത്തു വീണു കിടക്കുന്ന പ്ലാവില മടക്കി,ഈര്‍ക്കിലി കുത്തി പ്ലാവില കയില്‍ ആക്കുമ്പോഴേ മൂപ്പരുടെ ആരാധകര്‍ ചുറ്റും കൂടും.പടിഞ്ഞാപ്പുറത്തെ ഇറയത്തെ തിണ്ണയില്‍ ഇരിയ്ക്കുന്ന ഒരടുക്ക്‌ നിറയെ ചോറും,മറ്റൊരു അടുക്ക്‌ നിറയെ കൂട്ടാനും നിമിഷ നേരത്തിനുള്ളില്‍ അകത്താക്കി ഒന്നും സംഭവിക്കാത്തത് പോലെ മൂന്നാമതൊരു അടുക്ക്‌ നിറയെ വെള്ളം കുടിയ്ക്കും.എന്നിട്ട് ഇടതു ചൂണ്ടു വിരല്‍ കൊണ്ട് ഇടത് ചെവിയിലെ ഓട്ട അടച്ച് എന്തിനോ തയ്യാറായി നില്‍ക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ കാണാം എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് കുടിച്ച വെള്ളം മുഴുവന്‍ ഹോസിലൂടെ ചീറ്റിക്കുന്നത് പോലെ വായിലൂടെ പുറത്തേയ്ക്ക് ചീറ്റിക്കും.കാണികളെ നിരാശരാക്കാതെ അടുത്ത ഐറ്റം ഉടന്‍ ഉണ്ടാകും.തന്‍റെ വയറില്‍ അവിടവിടായി മൂന്നാലിടത്ത് വിരലുകള്‍ കൊണ്ട് ഒരു പ്രത്യേക താളത്തില്‍ കൊട്ടുന്നു.പിന്നീട് കാണാം, വായ്‌ തുറന്നു നാവിനടിയില്‍ നിന്ന് കൂട്ടാനൊഴിച്ച് ചോറുണ്ണുമ്പോള്‍ കൂട്ടത്തില്‍ അകത്താക്കിയ കറിവേപ്പിലകള്‍ എടുക്കുന്നു. ഇന്നാണ് ഇതെല്ലാം കാണിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും സഞ്ചാരിയും, അയാളുടെ വിക്രിയകളും കൈരളിയില്‍ ശ്രീരാമന്‍റെ 'വേറിട്ട കാഴ്ചകളില്‍' തിളങ്ങിയേനെ.


"എല്ലാരുടെയും, മുടി വെട്ടണ സഞ്ചാരീടെ മുടി അപ്പടി വലുതായി.ഇതെന്താ വെട്ടാത്തേ?" എന്‍റെ ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് പലപ്പോഴും സഞ്ചാരി മുറുക്കാന്‍ കറ പടര്‍ന്ന പല്ല് കാട്ടി ഇളിച്ചതല്ലാതെ ഒരു മറുപടി എനിക്ക് തന്നിട്ടില്ല. "ഈ സഞ്ചാരിക്ക് ഒരു ബ്രാല് മീനിന്‍റെ ഛായയുണ്ട്. അതിന്‍റെ ചെകിള പോലെയാ സഞ്ചാരീടെ കവിള്". ഒരിയ്ക്കലെന്‍റെ കമന്റടി കേട്ട് സഞ്ചാരി എന്നെ ഇരുത്തി ഊഞ്ഞാലില്‍ ആനപ്പൊക്കത്തില്‍ ആട്ടാം എന്ന വ്യവസ്ഥയില്‍ നിന്നും പിന്മാറി.


കാഴ്ചയില്‍ കൗതുകം ഉണര്‍ത്തുന്ന എന്തും അതിന്‍റെ ഉടമസ്ഥനോട് ചോദിച്ചു വാങ്ങുക സഞ്ചാരിയുടെ കൌശലങ്ങളില്‍ ഒന്നായിരുന്നു. അച്ഛന്‍റെ മരണ ശേഷം അദ്ദേഹത്തിന്‍റെ റാഡോ വാച്ച് നിധി പോലെ സൂക്ഷിച്ചിരുന്ന മൂന്നാം ക്ലാസ്സുകാരിയായ എന്നോട് സഞ്ചാരി അത് വേണമെന്നാവശ്യപ്പെട്ട് എന്നോട് വഴക്കിട്ടു. ഞാന്‍ മൂര്‍ച്ഛയേറിയ വാക്കുകളില്‍ പറഞ്ഞു. "വീട്ടില്‍ വരണോര്‍ക്കും, പോണോര്‍ക്കും കൊടുക്കാനുള്ളതല്ല എന്‍റെ അച്ഛേടെ വാച്ച്.ഓര്‍മ്മയ്ക്കായി സൂക്ഷിച്ചു വയ്ക്കാന്‍ അതെനിക്ക് വേണം." മറുപടിയായി പുതുമയാര്‍ന്ന ഒരു ജീവിത തത്വമെന്ന മട്ടില്‍ എന്‍റെ മുമ്പില്‍ വിളമ്പിയ ഡയലോഗ് ഇങ്ങനെ "മറ്റുള്ളോര് എന്താഗ്രഹിച്ച് ചോദിച്ചാലും കൊടുക്കണം.ഇല്ലെങ്കില് നമ്മള്‍ മരിച്ചു കഴിഞ്ഞാ നരകത്തീ പോകും."


ഇടയ്ക്കാരെങ്കിലും, എന്തെങ്കിലും അത്യാവശ്യത്തിന് സഞ്ചാരിയെ പരസ്പരം അന്വേഷിക്കുമ്പോള്‍ 'സഞ്ചാരിയെവിടെ' എന്ന ചോദ്യത്തിന് ആരുടെ കൈയിലും കൃത്യമായ ഒരു മറുപടിയുണ്ടാവില്ല. 'എങ്ങോട്ട് പോകുന്നു? ഇത്ര നാളും എന്താ കാണാഞ്ഞേ?" ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ദുരൂഹതകള്‍ മാത്രം.ജീവിത പ്രാരാബ്ധങ്ങളില്‍ നിന്ന് ഓടിയകലാനാണോ, അതോ ഉത്തരവാദിത്ത്വങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണോ അയാള്‍ ഈ സഞ്ചാരിയുടെ മേലങ്കിയെടുത്തണിഞ്ഞതെന്ന് എനിക്കറിയില്ല. "നീയിങ്ങനെ ബാര്‍ബര്‍ ഷാപ്പ്‌ അടച്ചിട്ടിട്ട് കല്യാണ ബ്രോക്കറാണെന്നും പറഞ്ഞ് ലോകം മുഴുവന്‍ ചുറ്റി നടന്നാ എങ്ങന്യാ ശരിയാവ്വാ?" നാട്ടുകാരുടെ ചോദ്യത്തിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി വരും. "ചെക്കന് പത്തിരുപത് വയസ്സായില്ലേ? ഇനി കട അവന്‍ നോക്കട്ടെ"പെരുമാറ്റത്തിലെ മാന്ത്രികതയോ, വാക്ചാതുര്യമോ, എന്ത് ജോലിയും ചെയ്യാനുള്ള സന്നദ്ധതയോ അയാളെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കിത്തീര്‍ത്തിരുന്നു. "നമ്മടെ പറമ്പ്, നമ്മടെ മാവ്, നമ്മടെ വീട്... " നാട്ടുകാരുടെ വസ്തു വകകളെല്ലാം അയാള്‍ക്ക്‌ "നമ്മടെ" ആയിരുന്നു. സഞ്ചാരിയെ ഒരിയ്ക്കലും പ്രാധാന്യമേറിയ വ്യക്തിത്വമായി കണക്കാക്കാനില്ലെങ്കിലും ഗ്രാമീണതയുടെ നിഷ്കളങ്കത മൂലമായിരിക്കാം അയാളില്‍ ഒരു കുറ്റമാരോപിക്കാനോ, അയാളെ നിഷേധിക്കാനോ ആരും തയ്യാറായതുമില്ല. അയാളങ്ങനെ യാതൊരു അതിര്‍ത്തി ലംഘനങ്ങളും നേരിടാതെ ഒരു പൊതു സ്വത്തായി വിലസി. 'സഞ്ചാരി'യെന്നല്ലാതെ വേലായുധനെന്നു ആ മധ്യവയസ്കനെ ആരും സംബോധന ചെയ്തു കേട്ടിട്ടുമില്ല. തലമുറകളുടെ വിട വാങ്ങലുകള്‍ക്കിടയില്‍ ആരുമല്ലാഞ്ഞിട്ടും ആരൊക്കെയോ ആയിത്തീര്‍ന്ന ഇത്തരം ആളുകള്‍ വീടുകളുടെ പൂമുഖങ്ങളില്‍ നിന്ന് കാലക്രമേണ അപ്രത്യക്ഷരായിത്തീര്‍ന്നിരിക്കുന്നു.


കൃത്യം ഒരു വര്‍ഷം മുന്‍പ് തിരുവോണനാളില്‍ ഉണ്ണാനിരിക്കുമ്പോള്‍ മഴയുടെ ഇരമ്പലിനോടൊപ്പം വന്ന ഏട്ടന്‍റെ കോള്‍ സഞ്ചാരിയുടെ മരണ വാര്‍ത്തയായിരുന്നു. "സഞ്ചാരി മരിച്ചു, ഇന്നത്തെ മാതൃഭൂമീലുണ്ട്. നീ നോക്ക്." സദ്യയുടെ തിരക്കിനിടയിലും പത്രം നോക്കാതിരിക്കാനായില്ല. "ദുരൂഹ സാഹചര്യത്തില്‍ കിണറില്‍ വീണു മരിച്ചു". ചരമക്കോളത്തിലെ തലക്കെട്ട്‌ അതായിരുന്നു.എന്നും ഒരുപാട് ദുരൂഹതകള്‍ കൈമുതലാക്കിയ സഞ്ചാരി മരണത്തിലും ആ ദുരൂഹത കാത്തു സൂക്ഷിച്ചു.ബാര്‍ബര്‍ ഷോപ്പുകള്‍, ജെന്റ്സ് ബ്യൂട്ടി പാരലറുകളായി പരിണമിച്ചതും, കല്യാണ ബ്രോക്കര്‍മാരുടെ റോള്‍ മാട്രിമോണിയലുകള്‍ കൈവശപ്പെടുത്തിയതും ഫുള്‍ സ്കാപ് ഫോട്ടോകളും, അഡ്രെസ്സുകളും, ജാതകക്കുറിപ്പുകളും കുത്തി നിറച്ച ഡയറിയും, ന്യൂസ്‌ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കത്രികയും,ഷേവിംഗ് സെറ്റും,ചീപ്പുകളും കക്ഷത്ത്‌ കൊണ്ട് നടന്നിരുന്ന സഞ്ചാരിയെപ്പോലുള്ളവരുടെ തൊഴിലവസരങ്ങള്‍ കുറയാന്‍ കാരണമായിരിക്കാം. സഞ്ചാരിയുടെ മരണം മനസ്സില്‍ തട്ടാന്‍ മാത്രം അടുപ്പമുള്ളവര്‍ ഞങ്ങള്‍ക്കിടയില്‍ വളരെ ചുരുങ്ങിപ്പോയി എന്നെനിക്കുതോന്നി. ഓര്‍മ്മകളുടെ കടലിരമ്പത്തില് സഞ്ചാരിയും ഒരു കൊച്ചു വള്ളത്തില്‍ കയറി കാതങ്ങള്‍ക്കപ്പുറത്തേയ്ക്ക് തുഴഞ്ഞു പോകുന്നു..

Saturday, February 6, 2010

ദോഹയിലെ ബ്ലോഗ്ഗര്‍ മീറ്റ്അങ്ങനെ ഞാനും പോയി,ഒരു മീറ്റിന്. സംഭവം ഇന്നലെയായിരുന്നു.ദോഹയിലെ ''ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ " ല്‍ വച്ച്.ഉച്ചയ്ക്ക്.പോസ്റ്റുകളിലൂടെയും,കമന്റുകളിലൂടെയും മാത്രം പരിചയമുണ്ടായിരുന്ന പല പുലികളെയും നേരിട്ട് കണ്ടു.

സ്കൂളിലെയും,വീട്ടിലെയും തിരക്ക് കാരണം,മിക്കവാറും ബൂലോകത്തിലെ വിശേഷങ്ങള്‍ അറിയാറില്ല.എന്റെ പോസ്റ്റിങ്ങ്‌ മിക്കവാറും നിന്ന മട്ടാണ്.എഴുത്ത് നിന്നിട്ടില്ല.പക്ഷെ,അത് ടൈപ്പ് ചെയ്തു പോസ്റ്റ്‌ ആക്കാന്‍ സമയം കിട്ടുന്നില്ല.പക്ഷെ,ബ്ലോഗ്‌ മീറ്റിനു പോയി പല ബ്ലോഗ്ഗെര്‍മാരെയും നേരിട്ട് കണ്ടപ്പോള്‍ നമ്മുടെ ബ്ലോഗും പൊടി തട്ടിയെടുത്താലോ എന്നൊരാശ.

പുതിയ പോസ്ടിടാന്‍ ഒരു 'മോട്ടിവേഷന്‍' ശരിക്കും കിട്ടി.ബ്ലോഗ്‌ മീറ്റിനു പോയി എല്ലാവരെയും 'കത്തി' വച്ച് 'കൊന്നപ്പോള്‍' തന്നെ മനസ്സ് നിറഞ്ഞു.നീണ്ട അഞ്ചു മാസം ഞാന്‍ പോസ്ടിട്ടില്ലെങ്കിലും, ചിലരെങ്കിലും എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം തോന്നി..

ബ്ലോഗ്‌ മീറ്റിന്റെ ചര്‍ച്ചയ്ക്കിടയില്‍ എന്നോട് ഒരു പ്രമുഖ ബ്ലോഗ്ഗര്‍ പറഞ്ഞത് ,എന്റെ ബ്ലോഗ്‌ വായിച്ചു കണ്ണ് ഫ്യൂസായിപ്പോകും എന്ന് പേടിച്ച് മൂപ്പര് മുഴുവന്‍ വായിക്കാറില്ല എന്ന് !!!!! ഇനി ആരും ഈ ചതി എന്നോട് കാണിക്കരുത്.അത് കാര്യമായി പരിഗണിച്ച് ഞാന്‍ എന്റെ ടെമ്പ്ലേറ്റ് മാറ്റുന്നു.ആരും മുഴുവന്‍ വായിക്കാതെ പോണ്ട.മുഴുവനും ഹാപ്പിയായി വായിച്ചേ പോകാവൂ.മുകളില്‍ കാണുന്ന ഫോട്ടോ മുരളിയേട്ടന്റെ പോസ്റ്ടീന്നു അടിച്ചു മാറ്റിയതാണ്.മൂപ്പര്‍ക്കത് ശൈലെശേട്ടന്‍ കൊടുത്തതും.ഇനി,ഇവരൊക്കെ തല്ലുണ്ടാക്കാന്‍ പടയുണ്ടാക്കി വരുമോ ആവോ? ബ്ലോഗ്‌ മീറ്റിനു പോകുമ്പോ,ഞാന്‍ ക്യാമറ കൊണ്ടുപോയില്ല.അതൊക്കെ നേരെച്ചൊവ്വെ എടുക്കാന്‍ അറിയുന്നവര് എടുത്തിട്ടുണ്ട്.നന്നായി പോസ്റ്റ്‌ ആക്കിയിട്ടും ഉണ്ട്.അതുകൊണ്ട്,മീറ്റിനെപ്പറ്റിയുള്ള നല്ല പോസ്റ്റ്‌ വായിക്കാനും,പടംസ് കാണാനും നേരെ ഇതിലെ പോണേ. അതില്‍ പങ്കെടുത്ത എല്ലാവരുടെയും ബ്ലോഗ്‌ ലിങ്ക് കൊടുത്തിട്ടുണ്ട്..അപ്പൊ,ബാക്കി വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍..