Saturday, May 2, 2009

മൂഷികസ്ത്രീ വീണ്ടും ...



ലോകത്തെവിടെയായാലും സ്കൂള്,സ്കൂള് തന്നെ.അതില്‍ വലിയ മാറ്റമൊന്നും നമുക്ക് പ്രതീക്ഷിക്കാനില്ല.എങ്കിലും കണ്ടു ശീലിച്ചതും,പറഞ്ഞു ശീലിച്ചതും,ചെയ്തു ശീലിച്ചതും മാറ്റി വേറെ ചിലതെല്ലാം സ്വായത്തമാക്കണമെന്ന് ഞാന്‍ കുറേശ്ശെ,കുറേശ്ശെ ശീലിച്ചു വരുന്നു.കുറേക്കാലമായി പൊട്ടക്കുളത്തിലെ തവളയായി കിടന്നതുകൊണ്ട് ഒരു 'സ്റ്റാര്‍ടിംഗ് ട്രബിള്‍ '.സംഭവിച്ച മാറ്റങ്ങള്‍ പലതും പുതുമയോടെയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുള്ളൂ..

ഒന്നും പിടികിട്ടിയില്ല അല്ലെ...?ഞാന്‍ പിന്നേം 'ആക്റ്റീവ്' ടീച്ചര്‍ ആയി.വീണ്ടും പിള്ളേരോട് 'ഗുസ്തി' പിടിക്കാന്‍ പോയി തുടങ്ങി.ഇവിടെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ടീച്ചര്‍ ആയി ജോയിന്‍ ചെയ്തു.നേരെ പോയി മോള്‍ക്കും അതെ സ്കൂളില്‍ തന്നെ അഡ്മിഷന്‍ എടുത്തു.ഏത് സ്കൂളാന്ന് തല പോയാലും ഞാന്‍ പറയില്ല.എന്നെ ഓടിച്ചിട്ട്‌ തല്ലാനല്ലേ?എന്‍റെ ഭാഗ്യത്തിന് ആ സ്കൂളിലെ ഒരു പൂച്ചക്കുട്ടി പോലും മലയാളം ബ്ലോഗ്‌ വായിക്കണുണ്ടാവില്ല.എന്താ ഭാഗ്യം ല്ലേ?മലയാളം ബ്ലോഗ്‌ പോയിട്ട്,'ബ്ലോഗ്‌' എന്നൊരു സംഗതി ഉണ്ടെന്ന് പോലും അവര്‍ക്കറിയുംന്ന് തോന്നുന്നില്ല.അപ്പൊ,തീരെ പേടിക്കാനില്ല.

വിദൂര ഭൂതകാലത്തിലെ എന്‍റെ പ്രധാന സ്വപ്നങ്ങളില്‍ ഒന്നായിരുന്നു,കോട്ടണ്‍ സാരിയുടുത്ത് സ്കൂളില്‍ പോകുന്ന ഒരു ടീച്ചര്‍ ആകുക എന്നത്.ഇപ്പോഴത്തെ സാഹചര്യത്തില്‍ തല്‍ക്കാലം,ഈ പറഞ്ഞ 'സംഭവത്തിനെ' മടക്കി,അലമാരയില്‍ തന്നെ നമുക്ക് സ്വസ്ഥമായി നിക്ഷേപിക്കാം.'വാട്ടര്‍ ഫൌണ്ടനെ' വെല്ലുന്ന രീതിയിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നവരുടെ ഇടയിലാണ് ഞാനിപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത്.അവര്‍ക്കിടയിലെ ഞാനെന്ന 'ബാര്‍ബേറിയന്‍' രാവിലെ ആറരയ്ക്കുള്ള സ്കൂള്‍ ബസില്‍ കയറി,കുട്ടികളുടെ 'മില്‍സ്‌ & ബൂണ്‍സ്' വായന കണ്ടില്ലെന്നു നടിച്ച്,ദോഹയിലെ പ്രകൃതിഭംഗി(???) കണ്ടുകൊണ്ടു സ്കൂളില്‍ പോകാന്‍ ശീലിച്ചു‌ തുടങ്ങിയിരിക്കുന്നു.

"ആത്മകഥയ്ക്ക്‌ ഒരാമുഖം" എന്ന തന്‍റെ കൃതിയില്‍ ലളിതാംബിക അന്തര്‍ജ്ജനം ഇങ്ങനെ എഴുതിയിരുന്നു,"മുത്തശ്ശിക്കഥകളില്‍ യക്ഷിയും,ഗന്ധര്‍വ്വനും,രാക്ഷസന്മാരും,പറക്കുന്ന ചിറകുകളുള്ള മാലാഖമാരും എല്ലാം വേണം" എന്ന്...പക്ഷെ,ഇവിടത്തെ കുട്ടികള്‍ക്ക് ഇതെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു.ഇവിടത്തെയെന്നല്ല,നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് പോലും ഇതൊന്നും പരിചിതമല്ലെന്നു തോന്നുന്നു.എങ്കിലും,എന്‍റെ മകള്‍ അടക്കം ,ഇവിടത്തെ കുട്ടികളുടെ ചിന്താഗതിയെല്ലാം അല്പം വ്യത്യസ്തമാണെന്ന് എനിക്ക് തോന്നുന്നു.

എവിടെ ചെന്നാലും,വേര് പിടിക്കാന്‍ സമയമെടുക്കാറുള്ള ഞാന്‍ ഇവിടെയും വ്യത്യസ്തത പുലര്‍ത്തിയില്ല."എന്റേത്" എന്ന് മനസ്സിനെ പഠിപ്പിച്ചെടുക്കാന്‍ തന്നെ കുറെയധികം സമയമെടുക്കുന്നത് പോലെ."ഇല്ലായ്മ" എന്തെന്ന് ഭാവനയില്‍ പോലും കണ്ടിട്ടില്ലാത്ത കുട്ടികളല്ലേ ഇപ്പോള്‍ ശിഷ്യരായി ഉള്ളത്.എന്തിനും,ഏതിനും ഇല്ലാത്ത കാരണമുണ്ടാക്കി സ്കൂളിനെയും,ടീച്ചര്‍മാരെയും ഭരിക്കാന്‍ വരുന്ന 'പാരെന്റ്സും" അടങ്ങുന്ന ഇവിടത്തെ സ്കൂളില്‍ ഞാനും,അങ്ങനെ അതിന്റെ ഒരു ഭാഗമായിക്കൊണ്ടിരിക്കുന്നു.വിജ്ഞാനദാഹികള്‍ മാത്രമായ ശിഷ്യരെ നമുക്കിവിടെ പ്രതീക്ഷിക്കേണ്ട കാര്യമേയില്ല.പൊങ്ങച്ച സംസ്കാരത്തിന്‍റെ ബാക്കിപത്രങ്ങളായ എന്‍.ആര്‍.ഐ.കുട്ടികളില്‍ ഇവിടെ മലയാളികള്‍ വെറും ന്യൂനപക്ഷര്‍.മലയാളി ടീച്ചര്‍മാര്‍ അതിലും ന്യൂനപക്ഷര്‍.മലയാളി ടീച്ചര്‍മാരെ ഒരിയ്ക്കല്‍ പോലും തങ്ങളുടെ കുട്ടികളുടെ അധ്യാപകരാകാന്‍ ഇവിടത്തെ മലയാളികളായ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നേയില്ല.ആദ്യത്തെ ടീച്ചേര്‍സ് മീറ്റിങ്ങില്‍ പ്രിന്‍സിപ്പാള്‍ വെളിപ്പെടുത്തിയ ഈ കയ്പ്പേറിയ സത്യം കേട്ട് ഞാന്‍ ഒന്ന് ചെറുതായി നടുങ്ങി.മലയാളി ആയിപ്പോയെന്ന് വച്ച് ഞാനൊരു ടീച്ചര്‍ അല്ലാതാവ്വോ?അല്ലെങ്കിലും,മലയാളികള്‍ എവിടെ ചെന്നാലും മലയാളിയ്ക്ക് പാരയാ..

അങ്ങനെ വിട്ടു കൊടുക്കാമോ?ഇവിടെ 'പേടിപ്പിച്ച്' പിള്ളേരെ പഠിപ്പിക്കാന്‍ തീരെ പറ്റില്ല.നമ്മുടെ നിലനില്‍പ്പിനു നേരെ ഒരു ചോദ്യ ചിഹ്നം അത് ഉയര്‍ത്തും.ഏത് അസ്വാഭാവികതയിലും മുഖത്തൊരു ചിരി 'ഫിറ്റ്' ചെയ്ത് നമ്മളൊരു 'ഹാപ്പി' ടീച്ചര്‍ ആയി കുട്ടികളുടെ മുന്നില്‍ അവതരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ചുരുക്കിപ്പറഞ്ഞാല്‍ ഇവിടത്തെ പിള്ളേരെ പഠിപ്പിച്ചു,പഠിപ്പിച്ചു മുടിപ്പിക്കാന്‍ ഞാനങ്ങ് തീരുമാനിച്ചു.കാരണം ന്താന്ന് അറിയ്വോ?ഈ ടീച്ചര്‍ പണി 'എനിക്കിശ്ശി' ഇഷ്ടാനേയ്‌.ദിവസത്തിന്‍റെ അവസാനത്തില്‍ ഓര്‍ത്തെടുക്കാന്‍ എന്തെങ്കിലും ഒക്കെ ഉണ്ട് ഇപ്പോള്‍.ഞാനെന്തൊക്കെയോ ചെയ്തല്ലോ എന്ന സംതൃപ്തി.എന്തൊക്കെ പറഞ്ഞാലും,ജീവനില്ലാത്ത കമ്പ്യൂട്ടരിനോടും,തിരിച്ചു പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ഫയലുകളോടും അല്ലല്ലോ ഞാന്‍ മല്ലടിക്കുന്നത്.''ടുഡേ യു ആര്‍ ലുക്കിംഗ് സൊ ഗുഡ്'' എന്ന് സോപ്പിട്ട് ചങ്ങാത്തം കൂടാന്‍ വരുന്ന എന്‍റെ ഡിയര്‍ സ്റ്റുഡന്റ്സ്നോടല്ലേ?ഞാനീ പണി ആസ്വദിച്ചങ്ങ്‌ ചെയ്യാന്‍ തീരുമാനിച്ചു.

വാല്‍ക്കഷ്ണം : പോസ്റ്റിന്റെ പേര് ഒരു കസിന്‍ എനിക്കയച്ച സ്ക്രാപ്പില്‍ നിന്ന് അടിച്ചുമാറ്റിയതാണ്.മൂപ്പര് ഞാന്‍ വീണ്ടും ടീച്ചര്‍ ആയതില്‍ പ്രതികരിച്ച് അയച്ച സ്ക്രാപ്പ് ആണത്.ബ്ലോഗ്‌ അടച്ചു പൂട്ടാതെ ഇടയ്ക്കെങ്കിലും ഓരോ പോസ്റ്റ്‌ ഇടണമെന്നുണ്ട്‌.തിരക്കിനിടയില്‍ ഞാന്‍ ഇതും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.പതിവായി വായിക്കുന്ന പല ബ്ലോഗുകളും വായിക്കാന്‍ സമയം കിട്ടുന്നില്ല എന്ന സങ്കടം കൂടെയുണ്ട് .

ചിത്രം : ഗൂഗിളില്‍ സെര്ച്ചിയപ്പോള്‍ കിട്ടിയത്.