Thursday, July 22, 2010

സഞ്ചാരി

വേലായുധനെന്ന പേരു കേട്ട ബാര്‍ബര്‍ക്ക് 'സഞ്ചാരി'യെന്ന് പേരിട്ടത് ആരാണെന്നറിയില്ല, എങ്കിലും ആ പേര് നൂറ്‌ ശതമാനം അര്‍ത്ഥവത്തായിരുന്നു എന്നു മാത്രം ഞങ്ങള്‍ക്കറിയാം. മനുഷ്യ മനസ്സുകളുടെ അജ്ഞാത താഴ്വരകളില്‍ തേരോട്ടം നടത്തിയിരുന്ന അയാള്‍ തികച്ചും ഒരു സഞ്ചാരി തന്നെയായിരുന്നു. മാസങ്ങള്‍ കൂടുമ്പോഴുള്ള വരവില്‍ അയാളും ഞങ്ങളുടെ തറവാട്ടിലെ അംഗമായി മാറുക പതിവാണ്.സാര്‍വ്വത്രിക ജനപ്രീതി നേടിയ അയാളുടെ വരവില്‍ കുട്ടികള്‍ക്കെല്ലാം സന്തോഷം.മറ്റു ജോലിക്കാരെല്ലാം 'ഏറെ പ്രയാസകരം' എന്ന്‌ മുദ്ര കുത്തി ഒഴിച്ചിട്ട - ശ്രമപ്പെട്ട്‌ ചെയ്യേണ്ടുന്ന ജോലികളെല്ലാം സഞ്ചാരി പെട്ടെന്ന് ചെയ്തു തീര്‍ക്കുമ്പോള്‍ അച്ഛമ്മയുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിളക്കം.
സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്ന ഒരു പച്ച മനുഷ്യന്‍! പക്ഷെ,എന്തൊക്കെയോ ചില അസാധാരണത്വം ഉള്ള ഒരു വ്യക്തി.അയാളെ വിശേഷിപ്പിക്കാന്‍ അര്‍ത്ഥവത്തായ ഒരു വാക്ക് പരതി പലപ്പോഴും ഞാന്‍ ക്ഷീണിതയായി.


മറ്റ് മുടിവെട്ടുകാരില്‍ നിന്നും വ്യത്യസ്തനാക്കിയിരുന്ന, സഞ്ചാരിയുടെ വേഷവിധാനങ്ങളായ - നാട്ടുകാര്‍ സംഭാവന ചെയ്ത- ഫുള്‍ സ്ലീവ് ഷര്‍ട്ട്‌, പാന്‍റ്സ്, സണ്‍ഗ്ലാസ്, ഷൂ എന്നിവയില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ഒറ്റ തോര്‍ത്തിലേയ്ക്കോ, ലുങ്കിയിലേയ്ക്കോ ഉള്ള വേഷപ്പകര്‍ച്ച ഞങ്ങളില്‍ ചിരിയുണര്‍ത്തിയിരുന്നു. ഇനി,മുടിവെട്ട് കൂടാതെ തേങ്ങ പൊതിക്കുന്നത് മുതല്‍, വിറക് അട്ടത്ത് കയറ്റുന്നതിനു വരെ ഞാന്‍ തയ്യാര്‍ എന്ന മട്ടില്‍. അത്യാവശ്യം കല്യാണബ്രോക്കര്‍ പണിയും കൈയിലുള്ളത് കൊണ്ട്, കല്യാണ പ്രായമായ മക്കളുള്ള വീടിന്‍റെ വാതില്‍ അയാള്‍ക്ക്‌ മുന്നില്‍ എളുപ്പം തുറന്നു വച്ചു.


മുതിര്‍ന്നവരെ സംബന്ധിച്ച്, സഞ്ചാരിയില്‍ നിഷ്കളങ്കത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലെന്നു തന്നെ പറയാം.എങ്കിലും,ഞങള്‍ കുട്ടികള്‍ക്ക് ഒരുപാട് വിദ്യകള്‍ കൈമുതലാക്കിയിരുന്ന അയാളോട് തികഞ്ഞ ആരാധന.ഒരു പ്രത്യേക രീതിയില്‍ നാവിനു ബലം കൊടുത്ത് 'ടക്' എന്നുണ്ടാക്കുന്ന വലിയ ശബ്ദം അനുകരിക്കാന്‍ ശ്രമിച്ച് എന്നും ഞങ്ങള്‍ ‍ പരാജയപ്പെട്ടു.പടിഞ്ഞാപ്പുറത്ത് മുടി വെട്ടിക്കാനായി സ്റൂളിന്മേല്‍ തോര്‍ത്തും പുതപ്പിച്ച് കയറ്റി ഇരുത്തുമ്പോള്‍ അയാള്‍ ചോദിക്കും, "കഴുത്ത് ഞരിച്ച് ശബ്ദമുണ്ടാക്കി കാണിക്കട്ടെ?" ഈശ്വരാ! എന്ത് സംഭവിക്കും? എന്ന് പേടിയോടെ ഇരിക്കുമ്പോള്‍ കഴുത്തൊന്ന്‍ പതുക്കെ തിരിക്കും,പക്ഷേ വലിയൊരു യന്ത്രം കറങ്ങുന്ന തരത്തിലുള്ള ശബ്ദം കേള്‍ക്കാം.ഒരിയ്ക്കല്‍ സഞ്ചാരി ഞങ്ങള്‍ കുട്ടികളെ പറ്റിക്കുമ്പോള്‍ അച്ഛാച്ച പറഞ്ഞു, "അവനത്‌ പല്ല് കടിച്ച് ശബ്ദമുണ്ടാക്കുന്നതാ."


മുറ്റത്തു വീണു കിടക്കുന്ന പ്ലാവില മടക്കി,ഈര്‍ക്കിലി കുത്തി പ്ലാവില കയില്‍ ആക്കുമ്പോഴേ മൂപ്പരുടെ ആരാധകര്‍ ചുറ്റും കൂടും.പടിഞ്ഞാപ്പുറത്തെ ഇറയത്തെ തിണ്ണയില്‍ ഇരിയ്ക്കുന്ന ഒരടുക്ക്‌ നിറയെ ചോറും,മറ്റൊരു അടുക്ക്‌ നിറയെ കൂട്ടാനും നിമിഷ നേരത്തിനുള്ളില്‍ അകത്താക്കി ഒന്നും സംഭവിക്കാത്തത് പോലെ മൂന്നാമതൊരു അടുക്ക്‌ നിറയെ വെള്ളം കുടിയ്ക്കും.എന്നിട്ട് ഇടതു ചൂണ്ടു വിരല്‍ കൊണ്ട് ഇടത് ചെവിയിലെ ഓട്ട അടച്ച് എന്തിനോ തയ്യാറായി നില്‍ക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ കാണാം എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് കുടിച്ച വെള്ളം മുഴുവന്‍ ഹോസിലൂടെ ചീറ്റിക്കുന്നത് പോലെ വായിലൂടെ പുറത്തേയ്ക്ക് ചീറ്റിക്കും.കാണികളെ നിരാശരാക്കാതെ അടുത്ത ഐറ്റം ഉടന്‍ ഉണ്ടാകും.തന്‍റെ വയറില്‍ അവിടവിടായി മൂന്നാലിടത്ത് വിരലുകള്‍ കൊണ്ട് ഒരു പ്രത്യേക താളത്തില്‍ കൊട്ടുന്നു.പിന്നീട് കാണാം, വായ്‌ തുറന്നു നാവിനടിയില്‍ നിന്ന് കൂട്ടാനൊഴിച്ച് ചോറുണ്ണുമ്പോള്‍ കൂട്ടത്തില്‍ അകത്താക്കിയ കറിവേപ്പിലകള്‍ എടുക്കുന്നു. ഇന്നാണ് ഇതെല്ലാം കാണിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും സഞ്ചാരിയും, അയാളുടെ വിക്രിയകളും കൈരളിയില്‍ ശ്രീരാമന്‍റെ 'വേറിട്ട കാഴ്ചകളില്‍' തിളങ്ങിയേനെ.


"എല്ലാരുടെയും, മുടി വെട്ടണ സഞ്ചാരീടെ മുടി അപ്പടി വലുതായി.ഇതെന്താ വെട്ടാത്തേ?" എന്‍റെ ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് പലപ്പോഴും സഞ്ചാരി മുറുക്കാന്‍ കറ പടര്‍ന്ന പല്ല് കാട്ടി ഇളിച്ചതല്ലാതെ ഒരു മറുപടി എനിക്ക് തന്നിട്ടില്ല. "ഈ സഞ്ചാരിക്ക് ഒരു ബ്രാല് മീനിന്‍റെ ഛായയുണ്ട്. അതിന്‍റെ ചെകിള പോലെയാ സഞ്ചാരീടെ കവിള്". ഒരിയ്ക്കലെന്‍റെ കമന്റടി കേട്ട് സഞ്ചാരി എന്നെ ഇരുത്തി ഊഞ്ഞാലില്‍ ആനപ്പൊക്കത്തില്‍ ആട്ടാം എന്ന വ്യവസ്ഥയില്‍ നിന്നും പിന്മാറി.


കാഴ്ചയില്‍ കൗതുകം ഉണര്‍ത്തുന്ന എന്തും അതിന്‍റെ ഉടമസ്ഥനോട് ചോദിച്ചു വാങ്ങുക സഞ്ചാരിയുടെ കൌശലങ്ങളില്‍ ഒന്നായിരുന്നു. അച്ഛന്‍റെ മരണ ശേഷം അദ്ദേഹത്തിന്‍റെ റാഡോ വാച്ച് നിധി പോലെ സൂക്ഷിച്ചിരുന്ന മൂന്നാം ക്ലാസ്സുകാരിയായ എന്നോട് സഞ്ചാരി അത് വേണമെന്നാവശ്യപ്പെട്ട് എന്നോട് വഴക്കിട്ടു. ഞാന്‍ മൂര്‍ച്ഛയേറിയ വാക്കുകളില്‍ പറഞ്ഞു. "വീട്ടില്‍ വരണോര്‍ക്കും, പോണോര്‍ക്കും കൊടുക്കാനുള്ളതല്ല എന്‍റെ അച്ഛേടെ വാച്ച്.ഓര്‍മ്മയ്ക്കായി സൂക്ഷിച്ചു വയ്ക്കാന്‍ അതെനിക്ക് വേണം." മറുപടിയായി പുതുമയാര്‍ന്ന ഒരു ജീവിത തത്വമെന്ന മട്ടില്‍ എന്‍റെ മുമ്പില്‍ വിളമ്പിയ ഡയലോഗ് ഇങ്ങനെ "മറ്റുള്ളോര് എന്താഗ്രഹിച്ച് ചോദിച്ചാലും കൊടുക്കണം.ഇല്ലെങ്കില് നമ്മള്‍ മരിച്ചു കഴിഞ്ഞാ നരകത്തീ പോകും."


ഇടയ്ക്കാരെങ്കിലും, എന്തെങ്കിലും അത്യാവശ്യത്തിന് സഞ്ചാരിയെ പരസ്പരം അന്വേഷിക്കുമ്പോള്‍ 'സഞ്ചാരിയെവിടെ' എന്ന ചോദ്യത്തിന് ആരുടെ കൈയിലും കൃത്യമായ ഒരു മറുപടിയുണ്ടാവില്ല. 'എങ്ങോട്ട് പോകുന്നു? ഇത്ര നാളും എന്താ കാണാഞ്ഞേ?" ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ദുരൂഹതകള്‍ മാത്രം.ജീവിത പ്രാരാബ്ധങ്ങളില്‍ നിന്ന് ഓടിയകലാനാണോ, അതോ ഉത്തരവാദിത്ത്വങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണോ അയാള്‍ ഈ സഞ്ചാരിയുടെ മേലങ്കിയെടുത്തണിഞ്ഞതെന്ന് എനിക്കറിയില്ല. "നീയിങ്ങനെ ബാര്‍ബര്‍ ഷാപ്പ്‌ അടച്ചിട്ടിട്ട് കല്യാണ ബ്രോക്കറാണെന്നും പറഞ്ഞ് ലോകം മുഴുവന്‍ ചുറ്റി നടന്നാ എങ്ങന്യാ ശരിയാവ്വാ?" നാട്ടുകാരുടെ ചോദ്യത്തിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി വരും. "ചെക്കന് പത്തിരുപത് വയസ്സായില്ലേ? ഇനി കട അവന്‍ നോക്കട്ടെ"



പെരുമാറ്റത്തിലെ മാന്ത്രികതയോ, വാക്ചാതുര്യമോ, എന്ത് ജോലിയും ചെയ്യാനുള്ള സന്നദ്ധതയോ അയാളെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കിത്തീര്‍ത്തിരുന്നു. "നമ്മടെ പറമ്പ്, നമ്മടെ മാവ്, നമ്മടെ വീട്... " നാട്ടുകാരുടെ വസ്തു വകകളെല്ലാം അയാള്‍ക്ക്‌ "നമ്മടെ" ആയിരുന്നു. സഞ്ചാരിയെ ഒരിയ്ക്കലും പ്രാധാന്യമേറിയ വ്യക്തിത്വമായി കണക്കാക്കാനില്ലെങ്കിലും ഗ്രാമീണതയുടെ നിഷ്കളങ്കത മൂലമായിരിക്കാം അയാളില്‍ ഒരു കുറ്റമാരോപിക്കാനോ, അയാളെ നിഷേധിക്കാനോ ആരും തയ്യാറായതുമില്ല. അയാളങ്ങനെ യാതൊരു അതിര്‍ത്തി ലംഘനങ്ങളും നേരിടാതെ ഒരു പൊതു സ്വത്തായി വിലസി. 'സഞ്ചാരി'യെന്നല്ലാതെ വേലായുധനെന്നു ആ മധ്യവയസ്കനെ ആരും സംബോധന ചെയ്തു കേട്ടിട്ടുമില്ല. തലമുറകളുടെ വിട വാങ്ങലുകള്‍ക്കിടയില്‍ ആരുമല്ലാഞ്ഞിട്ടും ആരൊക്കെയോ ആയിത്തീര്‍ന്ന ഇത്തരം ആളുകള്‍ വീടുകളുടെ പൂമുഖങ്ങളില്‍ നിന്ന് കാലക്രമേണ അപ്രത്യക്ഷരായിത്തീര്‍ന്നിരിക്കുന്നു.


കൃത്യം ഒരു വര്‍ഷം മുന്‍പ് തിരുവോണനാളില്‍ ഉണ്ണാനിരിക്കുമ്പോള്‍ മഴയുടെ ഇരമ്പലിനോടൊപ്പം വന്ന ഏട്ടന്‍റെ കോള്‍ സഞ്ചാരിയുടെ മരണ വാര്‍ത്തയായിരുന്നു. "സഞ്ചാരി മരിച്ചു, ഇന്നത്തെ മാതൃഭൂമീലുണ്ട്. നീ നോക്ക്." സദ്യയുടെ തിരക്കിനിടയിലും പത്രം നോക്കാതിരിക്കാനായില്ല. "ദുരൂഹ സാഹചര്യത്തില്‍ കിണറില്‍ വീണു മരിച്ചു". ചരമക്കോളത്തിലെ തലക്കെട്ട്‌ അതായിരുന്നു.എന്നും ഒരുപാട് ദുരൂഹതകള്‍ കൈമുതലാക്കിയ സഞ്ചാരി മരണത്തിലും ആ ദുരൂഹത കാത്തു സൂക്ഷിച്ചു.



ബാര്‍ബര്‍ ഷോപ്പുകള്‍, ജെന്റ്സ് ബ്യൂട്ടി പാരലറുകളായി പരിണമിച്ചതും, കല്യാണ ബ്രോക്കര്‍മാരുടെ റോള്‍ മാട്രിമോണിയലുകള്‍ കൈവശപ്പെടുത്തിയതും ഫുള്‍ സ്കാപ് ഫോട്ടോകളും, അഡ്രെസ്സുകളും, ജാതകക്കുറിപ്പുകളും കുത്തി നിറച്ച ഡയറിയും, ന്യൂസ്‌ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കത്രികയും,ഷേവിംഗ് സെറ്റും,ചീപ്പുകളും കക്ഷത്ത്‌ കൊണ്ട് നടന്നിരുന്ന സഞ്ചാരിയെപ്പോലുള്ളവരുടെ തൊഴിലവസരങ്ങള്‍ കുറയാന്‍ കാരണമായിരിക്കാം. സഞ്ചാരിയുടെ മരണം മനസ്സില്‍ തട്ടാന്‍ മാത്രം അടുപ്പമുള്ളവര്‍ ഞങ്ങള്‍ക്കിടയില്‍ വളരെ ചുരുങ്ങിപ്പോയി എന്നെനിക്കുതോന്നി. ഓര്‍മ്മകളുടെ കടലിരമ്പത്തില് സഞ്ചാരിയും ഒരു കൊച്ചു വള്ളത്തില്‍ കയറി കാതങ്ങള്‍ക്കപ്പുറത്തേയ്ക്ക് തുഴഞ്ഞു പോകുന്നു..