Thursday, July 22, 2010

സഞ്ചാരി

വേലായുധനെന്ന പേരു കേട്ട ബാര്‍ബര്‍ക്ക് 'സഞ്ചാരി'യെന്ന് പേരിട്ടത് ആരാണെന്നറിയില്ല, എങ്കിലും ആ പേര് നൂറ്‌ ശതമാനം അര്‍ത്ഥവത്തായിരുന്നു എന്നു മാത്രം ഞങ്ങള്‍ക്കറിയാം. മനുഷ്യ മനസ്സുകളുടെ അജ്ഞാത താഴ്വരകളില്‍ തേരോട്ടം നടത്തിയിരുന്ന അയാള്‍ തികച്ചും ഒരു സഞ്ചാരി തന്നെയായിരുന്നു. മാസങ്ങള്‍ കൂടുമ്പോഴുള്ള വരവില്‍ അയാളും ഞങ്ങളുടെ തറവാട്ടിലെ അംഗമായി മാറുക പതിവാണ്.സാര്‍വ്വത്രിക ജനപ്രീതി നേടിയ അയാളുടെ വരവില്‍ കുട്ടികള്‍ക്കെല്ലാം സന്തോഷം.മറ്റു ജോലിക്കാരെല്ലാം 'ഏറെ പ്രയാസകരം' എന്ന്‌ മുദ്ര കുത്തി ഒഴിച്ചിട്ട - ശ്രമപ്പെട്ട്‌ ചെയ്യേണ്ടുന്ന ജോലികളെല്ലാം സഞ്ചാരി പെട്ടെന്ന് ചെയ്തു തീര്‍ക്കുമ്പോള്‍ അച്ഛമ്മയുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിളക്കം.
സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്ന ഒരു പച്ച മനുഷ്യന്‍! പക്ഷെ,എന്തൊക്കെയോ ചില അസാധാരണത്വം ഉള്ള ഒരു വ്യക്തി.അയാളെ വിശേഷിപ്പിക്കാന്‍ അര്‍ത്ഥവത്തായ ഒരു വാക്ക് പരതി പലപ്പോഴും ഞാന്‍ ക്ഷീണിതയായി.


മറ്റ് മുടിവെട്ടുകാരില്‍ നിന്നും വ്യത്യസ്തനാക്കിയിരുന്ന, സഞ്ചാരിയുടെ വേഷവിധാനങ്ങളായ - നാട്ടുകാര്‍ സംഭാവന ചെയ്ത- ഫുള്‍ സ്ലീവ് ഷര്‍ട്ട്‌, പാന്‍റ്സ്, സണ്‍ഗ്ലാസ്, ഷൂ എന്നിവയില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു ഒറ്റ തോര്‍ത്തിലേയ്ക്കോ, ലുങ്കിയിലേയ്ക്കോ ഉള്ള വേഷപ്പകര്‍ച്ച ഞങ്ങളില്‍ ചിരിയുണര്‍ത്തിയിരുന്നു. ഇനി,മുടിവെട്ട് കൂടാതെ തേങ്ങ പൊതിക്കുന്നത് മുതല്‍, വിറക് അട്ടത്ത് കയറ്റുന്നതിനു വരെ ഞാന്‍ തയ്യാര്‍ എന്ന മട്ടില്‍. അത്യാവശ്യം കല്യാണബ്രോക്കര്‍ പണിയും കൈയിലുള്ളത് കൊണ്ട്, കല്യാണ പ്രായമായ മക്കളുള്ള വീടിന്‍റെ വാതില്‍ അയാള്‍ക്ക്‌ മുന്നില്‍ എളുപ്പം തുറന്നു വച്ചു.


മുതിര്‍ന്നവരെ സംബന്ധിച്ച്, സഞ്ചാരിയില്‍ നിഷ്കളങ്കത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലെന്നു തന്നെ പറയാം.എങ്കിലും,ഞങള്‍ കുട്ടികള്‍ക്ക് ഒരുപാട് വിദ്യകള്‍ കൈമുതലാക്കിയിരുന്ന അയാളോട് തികഞ്ഞ ആരാധന.ഒരു പ്രത്യേക രീതിയില്‍ നാവിനു ബലം കൊടുത്ത് 'ടക്' എന്നുണ്ടാക്കുന്ന വലിയ ശബ്ദം അനുകരിക്കാന്‍ ശ്രമിച്ച് എന്നും ഞങ്ങള്‍ ‍ പരാജയപ്പെട്ടു.പടിഞ്ഞാപ്പുറത്ത് മുടി വെട്ടിക്കാനായി സ്റൂളിന്മേല്‍ തോര്‍ത്തും പുതപ്പിച്ച് കയറ്റി ഇരുത്തുമ്പോള്‍ അയാള്‍ ചോദിക്കും, "കഴുത്ത് ഞരിച്ച് ശബ്ദമുണ്ടാക്കി കാണിക്കട്ടെ?" ഈശ്വരാ! എന്ത് സംഭവിക്കും? എന്ന് പേടിയോടെ ഇരിക്കുമ്പോള്‍ കഴുത്തൊന്ന്‍ പതുക്കെ തിരിക്കും,പക്ഷേ വലിയൊരു യന്ത്രം കറങ്ങുന്ന തരത്തിലുള്ള ശബ്ദം കേള്‍ക്കാം.ഒരിയ്ക്കല്‍ സഞ്ചാരി ഞങ്ങള്‍ കുട്ടികളെ പറ്റിക്കുമ്പോള്‍ അച്ഛാച്ച പറഞ്ഞു, "അവനത്‌ പല്ല് കടിച്ച് ശബ്ദമുണ്ടാക്കുന്നതാ."


മുറ്റത്തു വീണു കിടക്കുന്ന പ്ലാവില മടക്കി,ഈര്‍ക്കിലി കുത്തി പ്ലാവില കയില്‍ ആക്കുമ്പോഴേ മൂപ്പരുടെ ആരാധകര്‍ ചുറ്റും കൂടും.പടിഞ്ഞാപ്പുറത്തെ ഇറയത്തെ തിണ്ണയില്‍ ഇരിയ്ക്കുന്ന ഒരടുക്ക്‌ നിറയെ ചോറും,മറ്റൊരു അടുക്ക്‌ നിറയെ കൂട്ടാനും നിമിഷ നേരത്തിനുള്ളില്‍ അകത്താക്കി ഒന്നും സംഭവിക്കാത്തത് പോലെ മൂന്നാമതൊരു അടുക്ക്‌ നിറയെ വെള്ളം കുടിയ്ക്കും.എന്നിട്ട് ഇടതു ചൂണ്ടു വിരല്‍ കൊണ്ട് ഇടത് ചെവിയിലെ ഓട്ട അടച്ച് എന്തിനോ തയ്യാറായി നില്‍ക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ കാണാം എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് കുടിച്ച വെള്ളം മുഴുവന്‍ ഹോസിലൂടെ ചീറ്റിക്കുന്നത് പോലെ വായിലൂടെ പുറത്തേയ്ക്ക് ചീറ്റിക്കും.കാണികളെ നിരാശരാക്കാതെ അടുത്ത ഐറ്റം ഉടന്‍ ഉണ്ടാകും.തന്‍റെ വയറില്‍ അവിടവിടായി മൂന്നാലിടത്ത് വിരലുകള്‍ കൊണ്ട് ഒരു പ്രത്യേക താളത്തില്‍ കൊട്ടുന്നു.പിന്നീട് കാണാം, വായ്‌ തുറന്നു നാവിനടിയില്‍ നിന്ന് കൂട്ടാനൊഴിച്ച് ചോറുണ്ണുമ്പോള്‍ കൂട്ടത്തില്‍ അകത്താക്കിയ കറിവേപ്പിലകള്‍ എടുക്കുന്നു. ഇന്നാണ് ഇതെല്ലാം കാണിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും സഞ്ചാരിയും, അയാളുടെ വിക്രിയകളും കൈരളിയില്‍ ശ്രീരാമന്‍റെ 'വേറിട്ട കാഴ്ചകളില്‍' തിളങ്ങിയേനെ.


"എല്ലാരുടെയും, മുടി വെട്ടണ സഞ്ചാരീടെ മുടി അപ്പടി വലുതായി.ഇതെന്താ വെട്ടാത്തേ?" എന്‍റെ ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് പലപ്പോഴും സഞ്ചാരി മുറുക്കാന്‍ കറ പടര്‍ന്ന പല്ല് കാട്ടി ഇളിച്ചതല്ലാതെ ഒരു മറുപടി എനിക്ക് തന്നിട്ടില്ല. "ഈ സഞ്ചാരിക്ക് ഒരു ബ്രാല് മീനിന്‍റെ ഛായയുണ്ട്. അതിന്‍റെ ചെകിള പോലെയാ സഞ്ചാരീടെ കവിള്". ഒരിയ്ക്കലെന്‍റെ കമന്റടി കേട്ട് സഞ്ചാരി എന്നെ ഇരുത്തി ഊഞ്ഞാലില്‍ ആനപ്പൊക്കത്തില്‍ ആട്ടാം എന്ന വ്യവസ്ഥയില്‍ നിന്നും പിന്മാറി.


കാഴ്ചയില്‍ കൗതുകം ഉണര്‍ത്തുന്ന എന്തും അതിന്‍റെ ഉടമസ്ഥനോട് ചോദിച്ചു വാങ്ങുക സഞ്ചാരിയുടെ കൌശലങ്ങളില്‍ ഒന്നായിരുന്നു. അച്ഛന്‍റെ മരണ ശേഷം അദ്ദേഹത്തിന്‍റെ റാഡോ വാച്ച് നിധി പോലെ സൂക്ഷിച്ചിരുന്ന മൂന്നാം ക്ലാസ്സുകാരിയായ എന്നോട് സഞ്ചാരി അത് വേണമെന്നാവശ്യപ്പെട്ട് എന്നോട് വഴക്കിട്ടു. ഞാന്‍ മൂര്‍ച്ഛയേറിയ വാക്കുകളില്‍ പറഞ്ഞു. "വീട്ടില്‍ വരണോര്‍ക്കും, പോണോര്‍ക്കും കൊടുക്കാനുള്ളതല്ല എന്‍റെ അച്ഛേടെ വാച്ച്.ഓര്‍മ്മയ്ക്കായി സൂക്ഷിച്ചു വയ്ക്കാന്‍ അതെനിക്ക് വേണം." മറുപടിയായി പുതുമയാര്‍ന്ന ഒരു ജീവിത തത്വമെന്ന മട്ടില്‍ എന്‍റെ മുമ്പില്‍ വിളമ്പിയ ഡയലോഗ് ഇങ്ങനെ "മറ്റുള്ളോര് എന്താഗ്രഹിച്ച് ചോദിച്ചാലും കൊടുക്കണം.ഇല്ലെങ്കില് നമ്മള്‍ മരിച്ചു കഴിഞ്ഞാ നരകത്തീ പോകും."


ഇടയ്ക്കാരെങ്കിലും, എന്തെങ്കിലും അത്യാവശ്യത്തിന് സഞ്ചാരിയെ പരസ്പരം അന്വേഷിക്കുമ്പോള്‍ 'സഞ്ചാരിയെവിടെ' എന്ന ചോദ്യത്തിന് ആരുടെ കൈയിലും കൃത്യമായ ഒരു മറുപടിയുണ്ടാവില്ല. 'എങ്ങോട്ട് പോകുന്നു? ഇത്ര നാളും എന്താ കാണാഞ്ഞേ?" ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ദുരൂഹതകള്‍ മാത്രം.ജീവിത പ്രാരാബ്ധങ്ങളില്‍ നിന്ന് ഓടിയകലാനാണോ, അതോ ഉത്തരവാദിത്ത്വങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണോ അയാള്‍ ഈ സഞ്ചാരിയുടെ മേലങ്കിയെടുത്തണിഞ്ഞതെന്ന് എനിക്കറിയില്ല. "നീയിങ്ങനെ ബാര്‍ബര്‍ ഷാപ്പ്‌ അടച്ചിട്ടിട്ട് കല്യാണ ബ്രോക്കറാണെന്നും പറഞ്ഞ് ലോകം മുഴുവന്‍ ചുറ്റി നടന്നാ എങ്ങന്യാ ശരിയാവ്വാ?" നാട്ടുകാരുടെ ചോദ്യത്തിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി വരും. "ചെക്കന് പത്തിരുപത് വയസ്സായില്ലേ? ഇനി കട അവന്‍ നോക്കട്ടെ"



പെരുമാറ്റത്തിലെ മാന്ത്രികതയോ, വാക്ചാതുര്യമോ, എന്ത് ജോലിയും ചെയ്യാനുള്ള സന്നദ്ധതയോ അയാളെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കിത്തീര്‍ത്തിരുന്നു. "നമ്മടെ പറമ്പ്, നമ്മടെ മാവ്, നമ്മടെ വീട്... " നാട്ടുകാരുടെ വസ്തു വകകളെല്ലാം അയാള്‍ക്ക്‌ "നമ്മടെ" ആയിരുന്നു. സഞ്ചാരിയെ ഒരിയ്ക്കലും പ്രാധാന്യമേറിയ വ്യക്തിത്വമായി കണക്കാക്കാനില്ലെങ്കിലും ഗ്രാമീണതയുടെ നിഷ്കളങ്കത മൂലമായിരിക്കാം അയാളില്‍ ഒരു കുറ്റമാരോപിക്കാനോ, അയാളെ നിഷേധിക്കാനോ ആരും തയ്യാറായതുമില്ല. അയാളങ്ങനെ യാതൊരു അതിര്‍ത്തി ലംഘനങ്ങളും നേരിടാതെ ഒരു പൊതു സ്വത്തായി വിലസി. 'സഞ്ചാരി'യെന്നല്ലാതെ വേലായുധനെന്നു ആ മധ്യവയസ്കനെ ആരും സംബോധന ചെയ്തു കേട്ടിട്ടുമില്ല. തലമുറകളുടെ വിട വാങ്ങലുകള്‍ക്കിടയില്‍ ആരുമല്ലാഞ്ഞിട്ടും ആരൊക്കെയോ ആയിത്തീര്‍ന്ന ഇത്തരം ആളുകള്‍ വീടുകളുടെ പൂമുഖങ്ങളില്‍ നിന്ന് കാലക്രമേണ അപ്രത്യക്ഷരായിത്തീര്‍ന്നിരിക്കുന്നു.


കൃത്യം ഒരു വര്‍ഷം മുന്‍പ് തിരുവോണനാളില്‍ ഉണ്ണാനിരിക്കുമ്പോള്‍ മഴയുടെ ഇരമ്പലിനോടൊപ്പം വന്ന ഏട്ടന്‍റെ കോള്‍ സഞ്ചാരിയുടെ മരണ വാര്‍ത്തയായിരുന്നു. "സഞ്ചാരി മരിച്ചു, ഇന്നത്തെ മാതൃഭൂമീലുണ്ട്. നീ നോക്ക്." സദ്യയുടെ തിരക്കിനിടയിലും പത്രം നോക്കാതിരിക്കാനായില്ല. "ദുരൂഹ സാഹചര്യത്തില്‍ കിണറില്‍ വീണു മരിച്ചു". ചരമക്കോളത്തിലെ തലക്കെട്ട്‌ അതായിരുന്നു.എന്നും ഒരുപാട് ദുരൂഹതകള്‍ കൈമുതലാക്കിയ സഞ്ചാരി മരണത്തിലും ആ ദുരൂഹത കാത്തു സൂക്ഷിച്ചു.



ബാര്‍ബര്‍ ഷോപ്പുകള്‍, ജെന്റ്സ് ബ്യൂട്ടി പാരലറുകളായി പരിണമിച്ചതും, കല്യാണ ബ്രോക്കര്‍മാരുടെ റോള്‍ മാട്രിമോണിയലുകള്‍ കൈവശപ്പെടുത്തിയതും ഫുള്‍ സ്കാപ് ഫോട്ടോകളും, അഡ്രെസ്സുകളും, ജാതകക്കുറിപ്പുകളും കുത്തി നിറച്ച ഡയറിയും, ന്യൂസ്‌ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കത്രികയും,ഷേവിംഗ് സെറ്റും,ചീപ്പുകളും കക്ഷത്ത്‌ കൊണ്ട് നടന്നിരുന്ന സഞ്ചാരിയെപ്പോലുള്ളവരുടെ തൊഴിലവസരങ്ങള്‍ കുറയാന്‍ കാരണമായിരിക്കാം. സഞ്ചാരിയുടെ മരണം മനസ്സില്‍ തട്ടാന്‍ മാത്രം അടുപ്പമുള്ളവര്‍ ഞങ്ങള്‍ക്കിടയില്‍ വളരെ ചുരുങ്ങിപ്പോയി എന്നെനിക്കുതോന്നി. ഓര്‍മ്മകളുടെ കടലിരമ്പത്തില് സഞ്ചാരിയും ഒരു കൊച്ചു വള്ളത്തില്‍ കയറി കാതങ്ങള്‍ക്കപ്പുറത്തേയ്ക്ക് തുഴഞ്ഞു പോകുന്നു..

73 comments:

smitha adharsh said...

സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്ന ഒരു പച്ച മനുഷ്യന്‍! പക്ഷെ,എന്തൊക്കെയോ ചില അസാധാരണത്വം ഉള്ള ഒരു വ്യക്തി.അയാളെ വിശേഷിപ്പിക്കാന്‍ അര്‍ത്ഥവത്തായ ഒരു വാക്ക് പരതി പലപ്പോഴും ഞാന്‍ ക്ഷീണിതയായി.
സഞ്ചാരിയെക്കുറിച്ച് ഒരു ഓര്‍മ്മക്കുറിപ്പ്‌.

karyadarshi said...

ഇങ്ങനെയുള്ള ചില പച്ച മനുഷ്യര്‍ ബാല്യത്തിലേക്ക്
മാടി വിളിച്ചു കൊണ്ട് നമ്മുടെയൊക്കെ ഉള്ളില്‍ എന്നും ജീവിക്കുന്നുണ്ട്.
അവരെയൊക്കെ ഓര്‍ക്കുന്നത് തന്നെ പുണ്യമാണ്. പ്രസക്തമായത്
ഓര്‍ത്തെടുത്തു എഴുതുക. ആശംസകള്‍.

suresh gopu said...

സ്മിതാ..അതി ഗംഭീരം.എഴുത്തിലെ മാജിക് ഇപ്പോഴും അതുപോലെ.ആളുകളെ പിടിച്ചിരുത്തി വായിപ്പിക്കുന്നു.ഇത്തവണ,പക്ഷെ ബന്ധപ്പെട്ട ചിത്രങ്ങള്‍ ഒന്നും കണ്ടില്ലല്ലോ? നിങ്ങള്‍ എഴുതുന്ന ഇത്രയും നീണ്ട വാചകങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു.എങ്ങനെ ഇത്രയും നീണ്ട വാചകങ്ങള്‍ അതി ഗംഭീരമായി എഴുതുന്നു?
ഒന്ന് തുറന്നു പറയുന്നതില്‍ പരിഭവം അരുത് : വളരെ മോശം.നിങ്ങള്‍ എഴുതാതിരിക്കുന്നത്.എന്തിനു ഇത്രയും നീണ്ട ഇടവേളകള്‍ എഴുത്തിനിടയ്ക്ക്?
തുടര്‍ന്നെഴുതുക.എല്ലാവരുടെയും മനസ്സില്‍ ഇനിയും സ്ഥാനം പിടിക്കുക.

ഉല്ലാസ് said...

നല്ല ഒരു ഓര്‍മ്മ കുറിപ്പ്‌...

Rare Rose said...

സ്മിതേച്ചീ.,പോസ്റ്റ് വായിച്ചപ്പോള്‍ സഞ്ചാരിയെപ്പോലെ കുട്ടിക്കാലത്ത് മനസ്സില്‍ പതിഞ്ഞു പോയ ചിലരെയൊക്കെ ഓര്‍ത്തു പോയി.മുതിര്‍ന്നവര്‍ക്ക് തീര്‍ത്തും സാധാരണരെന്നു തോന്നുന്നവര്‍ കുട്ടിക്കാലത്തെ നിഷ്കളങ്കതയ്ക്ക് മുന്നില്‍ എന്നും അമാനുഷരാണു അല്ലേ..

പ്രിയ കിരണ്‍ said...

നല്ല ഒരു ഓര്‍മ്മക്കുറിപ്പ്‌..സ്മിതയോടു അദ്ദേഹം പറഞ്ഞ ഫിലോസഫി എനിക്കിഷ്ടായി..ആഗ്രഹിച്ചു ചോദിച്ചിട്ട് കൊടുത്തില്ലെങ്കില്‍ നരകത്തില്‍ പോവുമെന്ന്..എന്നിട്ടും മൂന്നാം ക്ലാസ്സ്കാരി കൊടുത്തില്ലല്ലോ? എവടെ..:)

Manoraj said...

എല്ലാ നാട്ടിലും ഉണ്ടാകും ഇത് പോലുള്ള ആരെങ്കിലുമൊക്കെ. ബാർബറുടെയും ചായക്കടക്കാരന്റെയോ മീന്വില്പനക്കാരന്റെയോ ഒക്കെ രൂപത്തിൽ. തിരിച്ച് വരവ് നൊസ്റ്റാൾജിയയിൽ പൊതിഞ്ഞാണലോ.. കൊള്ളാം. തുടക്കം ഭംഗിയായി. സഞ്ചാരിയുടെ ചിത്രം നന്നായി വായനക്കാരനിലേക്കെത്തിച്ചു.

പരീക്ഷയൊക്കെ കഴിഞ്ഞല്ലോ. ഇനി പുസ്തകത്താളുകളിൽ കോറിയിട്ട പോസ്റ്റുകൾ എല്ലാം പോരട്ടെ. സ്മിതയുടെ കഥകൾക്കായി കാത്തിരിക്കുന്നു ഞങ്ങൾ വായനക്കാർ കുറച്ചായിട്ട്. വെറുതെ പുകഴ്തിയതായി തെറ്റിദ്ദരിക്കരുതേ.. എനിക്ക് വിമർശിക്കാൻ ധൃതിയായിട്ടാ.. ഹി..ഹി:)

ശ്രീ said...

വേലായുധന്‍ എന്ന സഞ്ചാരിയെ വളരെ മനോഹരമായി വാക്കുകള്‍ കൊണ്ട് വരച്ചു വച്ചിരിയ്ക്കുന്നു. ചേച്ചി പറഞ്ഞത് ശരിയാണ്. ഇതു പോലെയുള്ള വ്യക്തികളെ ഇപ്പോള്‍ ഗ്രാമങ്ങളില്‍ പോലും കാണാന്‍ കിട്ടാതായിരിയ്ക്കുന്നു...

വളരെ നന്നായി, ഈ പോസ്റ്റ്

ഓ.ടോ: ആറുമാസത്തോളം സമയമെടുത്തല്ലോ എന്തെങ്കിലും എഴുതാന്‍...

Unknown said...

വളരെ നന്നായി ഈ ഓര്‍മ്മക്കുറിപ്പ്‌

oru mukkutti poovu said...

ഗംഭീരം .
സഞ്ചാരി വായിക്കുന്ന മനസ്സുകളെ കീഴ്പ്പെടുത്തും .

മുന്‍പത്തെക്കാള്‍ ശക്തമായ ഭാഷ.
ഇടവേളകളുടെ ആലസ്യം ഭാഷയില്‍ കണ്ടില്ല.

സഞ്ചാരിയെ ഒന്ന് കാണാന്‍ തോന്നി.

Fayas said...

നാടിനെ ഓര്‍ക്കുമ്പോള്‍ വേലായുധനെപൊലെയുള്ള കുറച്ചാളുകളെ എനിക്കും ഓര്‍മിക്കാനുണ്ട്. അതൊന്നുമില്ലെങ്കില്‍ എന്തോന്നെ നാട്......

ശ്രീനാഥന്‍ said...

നല്ലൊരു ചിത്രം തന്നു സഞ്ചാരിയുടെ, ഇതുപോലെ ഓർക്കാൻ കഴിയുന്നുണ്ടല്ലോ, അതു നമ്മളെ മനുഷ്യനിലേക്ക് കൂടുതൽ അടുപ്പിക്കും, കുട്ടികൾക്ക് മനുഷ്യരിൽ (പൂക്കളിൽ, പുലരികളിൽ, സർവ്വചരാചര ങ്ങളിലും) മുതിർന്നവരേക്കാൾ താത്പര്യമുണ്ട്, അതു പകർന്നതു നന്നായി.

അക്ഷരം said...

സഞ്ചാരിയുടെ ജീവിത സഞ്ചാരം വായനക്കാരന്റെ മനസ്സിലൂടെയും സഞ്ചരിയ്കുന്നു ......

SAJAN S said...

നല്ലഓര്‍മ്മക്കുറിപ്പ്‌....:)
ആശംസകള്‍...!

രസികന്‍ said...

സ്മിതാ ജീ :- നന്നായിരുന്നു വ്യത്യസ്ഥനാമൊരു സഞ്ചാരിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ ... ആശംസകള്‍

പാഥേയം ഡോട്ട് കോം said...

ഇടവേളക്ക് ശേഷം മടങ്ങിവന്ന സ്മിതക്ക് ആശംസകള്‍.നൊമ്പരത്തൊടെ വായിച്ചു തിര്‍ത്ത ഒരു നല്ല ഓര്‍മകുറിപ്പ്.തുടര്‍ന്നും ലൈവാകും എന്ന വിശ്വാസത്തില്‍ .

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
എഡിറ്റര്‍ ,പാഥേയം ഡോട്ട് കോം.
www.paadheyam.com

ഹംസ said...

ഇതു പോലത്തെ ഒരു കഥാപാത്രമാണു ഞങ്ങടെ നാട്ടിലെ വാസുക്കുട്ടന്‍ പ്രായം കുറെ ഉള്ള ആളാണെങ്കിലും ആരും വാസുക്കുട്ടനെ ഏട്ടന്‍ കൂട്ടി വിളിക്കില്ല കാരണം എല്ലാവര്‍ക്കും അയാള്‍ കൂട്ടുകാരനണ് കൊച്ചു കുട്ടികള്‍ പോലും വാസുക്കുട്ടാ എന്നാ വിളിക്കുക. എന്തെങ്കിലും ഒക്കെ കോപ്രായങ്ങളും മാജിക്കും ഒക്കെ കാണിച്ച് എല്ലാവരെയും ചിരിപ്പിക്കും ..അദ്ദേഹത്തിന്‍റെ ജീവിതവും ഒരുപാട് ദുരൂഹതകള്‍ നിറഞ്ഞതു തന്നെ. ഇത് വായിക്കുമ്പോള്‍ മനസ്സ് മുഴുവന്‍ അദ്ദേഹത്തിലായിരുന്നു.

ഓര്‍മകുറിപ്പ് നന്നായി എഴുതി സ്മിത.

പട്ടേപ്പാടം റാംജി said...

എല്ലാം പുതുമ തേടി പായുമ്പോള്‍ ഇത്തരം വേലായുധസഞ്ചാരിമാര്‍ പഴമുടെ ഓര്‍മ്മകളായി മനസ്സില്‍ പതുങ്ങിക്കിടക്കുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലും ഇത്തരം വ്യക്തികളെ നമുക്ക്‌ കണ്ടു മുട്ടാനാകും.
ഓര്‍മ്മകള്‍ ഉണര്‍ത്തിയ നല്ല പോസ്റ്റ്‌.

Mohanam said...

എനിക്കും ഇതേപോലെ ഒരാളിനെ അറിയാമായിരുന്നു, നാരായണന്‍

ഇപ്പോള്‍ എവിടെയാണെന്നുപോലും അറിയില്ല

poor-me/പാവം-ഞാന്‍ said...

and our sanchaari left for his eternal tour....

smitha adharsh said...

കാര്യദര്‍ശി : അതെ,ഭൂതകാല ഓര്‍മ്മകള്‍ പുണ്യം തന്നെ എന്ന് ഞാനും വിശ്വസിക്കുന്നു.
ആദ്യ കമന്റ്‌ നു നന്ദി

സുരേഷ്: ഇത്ര വിശദമായ കമന്റ്‌ നു നന്ദി. ചിത്രം ഞാന്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തതായിരുന്നു.മനസ്സില്‍ പിടിച്ചതൊന്നും കിട്ടിയില്ല.
എഴുതാതിരിക്കുന്നത് മോശമാണ് എന്നറിയാം.പക്ഷെ സമയക്കുറവ് കൊണ്ടാ എഴുതാത്തത്.ഇനി,തുടര്‍ച്ചയായി എഴുതണം എന്നുണ്ട്.

ചങ്കരന്‍ : നന്ദി

റോസ് :അതെ മുതിര്‍ന്നവര്‍ക്ക് സാധാരണക്കാരെന്നു തോന്നുന്നവര്‍ കുട്ടികള്‍ക്ക് പക്ഷെ പലപ്പോഴും അമാനുഷരായിരിക്കും.
നന്ദി,ഈ വരവിന്

പ്രിയ: ഇല്ല പ്രിയാ,ഞാന്‍ കൊടുത്തില്ല.
മൂപ്പര് പലകാര്യത്തിലും അതി ഭയങ്കര ഉപദേശം തരും

മനോരാജ് : നന്ദി,ഈ വായനയ്ക്കും,കമന്റ്‌ നും.
വിമര്‍ശിക്കാന്‍ ചാന്‍സ് തരാം ട്ടോ.പരീക്ഷയൊക്കെ കഴിഞ്ഞു,എന്താ കാര്യം? ഇനി ഓണത്തിനു നാട്ടില്‍ വരുന്ന തിരക്കായി.സമയം കിട്ടിയാല്‍ കഥ പുറത്തു വരും.അപ്പൊ,വീണ്ടും വരണേ..

ശ്രീ: സമയക്കുറവ് കൊണ്ടാ ശ്രീ ഈ പോസ്ടിടാന്‍ ആറ് മാസം എടുത്തത്. കമന്റ്‌ നു നന്ദി.

റ്റോംസ് : സന്തോഷം

മുക്കുറ്റി പൂവേ : സഞ്ചാരിയെ കാണാന്‍ തോന്നിയതില്‍ സന്തോഷം.ഇനിയും വരണം

smitha adharsh said...

ഫിലിം പൂക്കള്‍: അതെ,അതെ..ഇത്തരം ആളുകള്‍ ഇല്ലെങ്കില്‍ എന്തോന്ന് നാട്.

ശ്രീനാഥന്‍ : അതെ,കുട്ടിക്കാലത്തെ ഓര്‍മ്മല്‍ കൂടുതല്‍ തീക്ഷ്ണമാണ്.അന്ന് നമ്മുടെ 'ഒബ്സെര്‍വേഷന്‍' ലെവല്‍ വേറൊരു തരത്തിലല്ലേ..അതായിരിക്കും എന്റെ ഓര്‍മ്മകളില്‍ അതെല്ലാം തങ്ങി നില്‍ക്കുന്നത്

അക്ഷരം : നന്ദി,ഈ വരവിനും,അഭിപ്രായം പറച്ചിലിനും

സാജന്‍: നന്ദി,ഈ ആശംസയ്ക്ക്.

രസികന്‍ ജീ : സഞ്ചാരി വ്യത്യസ്തനായൊരു മനുഷ്യന്‍ തന്നെയായിരുന്നു.

സഗീര്‍ ഇക്കാ: നന്ദി,ആശംസകള്‍ക്ക്.
ഇനി ശരിക്കും ലൈവ് ആകണം എന്നുണ്ട്.നടക്കുമോ ആവോ?

ഹംസ : സഞ്ചാരിയും ആരും ഏട്ടാന്നൊന്നും വിളിച്ച് കേട്ടിട്ടില്ല.എല്ലാര്‍ക്കും സഞ്ചാരിയായിരുന്നു.

റാംജി : അതെ,നമുക്ക് എല്ലായിടത്തും കാണാം ഇത്തരം ആളുകളെ.
ഓര്‍മ്മകള്‍ ഉണര്‍ത്തി എന്നറിഞ്ഞതില്‍ സന്തോഷം

മോഹനം: അപ്പൊ,നാരായണനും ഇതുപോലെ ആയിരുന്നല്ലേ?
നന്ദി,ഇവിടെ വന്നതിനും കമന്റിയതിനും.

പാവം ഞാന്‍ : അതെ..അതെ..സഞ്ചാരി അങ്ങനെ എന്നെന്നേയ്ക്കുമായി യാത്ര പോയി.നന്ദി ഇവിടെ വന്നതിന്.

ചിതല്‍/chithal said...

നല്ല ഓർമ്മക്കുറിപ്പു്. എഴുത്തിൽ ആത്മാർത്ഥത നിറഞ്ഞുനിൽ‌പ്പുണ്ടു്. അഭിനന്ദനങ്ങൾ.
ഇടക്കെന്താ എഴുത്തു് നിന്നുപോയതു്? ബ്ലോഗ് മീറ്റ് പ്രചോദനം തന്നതല്ലേ? പോരെങ്കിൽ ഇനിയും തരാൻ ഞങ്ങളൊക്കെ ഇവിടെയില്ലേ?

ബഷീർ said...

കുറെ നാളുകൾക്ക് ശേഷം ഒരു നീണ്ട ഓർമ്മകുറിപ്പ് ഒട്ടും ബോറടിപ്പിക്കാതെ അവസാനം വരെ ആകാംക്ഷയോടെ വായിക്കാവുന്ന വിധത്തിൽ സമ്മാനിച്ചതിനു അഭിനന്ദനങ്ങൾ..

വ്യത്യസ്തനായ ബാർബറാം വേലായുധനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല അല്ലേ :)

എന്നാലും ആ ഉപമ (ബ്രാലിന്റെ ) കാരണം ഓഫറൊക്കെ നഷ്ടായില്ലേ.

ഇങ്ങീനെ ഓരോ കഥാപാത്രങ്ങൾ എല്ലാ ഗ്രാമങ്ങളിലുമുണ്ടായിരിക്കും. ചില അസാധാരണത്വങ്ങളും പേറി.

സൂത്രന്‍..!! said...

ഓര്‍മകള്‍ക്ക് മരണമില്ലേ ?

rafeeQ നടുവട്ടം said...

വേറിട്ട വിവരണങ്ങള്‍; ആകര്‍ഷകമായ ആഖ്യാനങ്ങള്‍.
എല്ലാം അസ്സലാകുന്നു. വീണ്ടും വരാം. പുതിയ പോസ്റ്റുകള്‍ മെയില്‍ ചെയ്യൂ..

lekshmi. lachu said...

നല്ല ഒരു ഓര്‍മ്മ കുറിപ്പ്‌...ആശംസകള്‍...!

Umesh Pilicode said...

ആശംസകള്‍

Anonymous said...

എനിക്കൊത്തിരി ഇഷ്ടായിട്ടോ
ഈ ഓരമ്മക്കുറിപ്പ് !
ഹൃദയം നിറഞ്ഞ ആശംസകള്‍.

ഒരു നുറുങ്ങ് said...

വേലായുധന് ഫിറ്റാണ്‍ സഞ്ചാരി..
ഇത്പോലെ ചേലൊത്ത സഞ്ചാരികള്‍
നാട്ടിന്‍പുറത്തെവിടെയെങ്കിലുമൊക്കെ
ബ്രാല്‍മീന്‍ പോലെ പായുന്നുണ്ടാവും!
നല്ല ഓര്‍മ്മക്കുറിപ്പ്,അനുമോദനങ്ങള്‍ !

Pranavam Ravikumar said...

Good! :-)

the man to walk with said...

ഓര്‍മകളുടെ സഞ്ചാര പദങ്ങളില്‍ കണ്ടുമുട്ടുന്ന ആ സാധാരണക്കാര്‍ എത്ര അസാധാരണത്വം ഉള്ളവര്‍ .
മാഞ്ഞു പോയ ഒരു കാലം ഓര്‍മ വന്നു . പോസ്റ്റ്‌ ഇഷ്ടായി

jayanEvoor said...

അതിമനോഹരമായ ഓർമ്മക്കുറിപ്പ്!
ശരിക്കും ഒരു റെയർ സ്പെസിമെൻ!
അഭിനന്ദനങ്ങൾ!

mayflowers said...

ആരാമം മാസിക വഴിയാണ് ഇവിടെയെത്തിയത്.
ഈ പോസ്റ്റ്‌ എന്നെ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്ന ''ഒസ്സാന്‍ മൂസ്സക്ക''യെ ഓര്‍മിപ്പിച്ചു.സൌമ്യനും സല്‍സ്വഭാവിയും ആയിരുന്നു അദ്ദേഹം.എന്നെ പ്രസവിച്ചപ്പോള്‍ എന്റെതും,പിന്നെ എന്‍റെ മോള്‍ടെ മുടി കളഞ്ഞതും മൂസ്സക്കയായിരുന്നു.
വ്യത്യസ്തമായ ഒരു വിഷയം അവതരിപ്പിച്ചതില്‍ അഭിനന്ദനങ്ങള്‍..

Anil cheleri kumaran said...

അസാധാരണക്കാരായ സാധാരണക്കാര്‍..

Unknown said...

സഞ്ചാരി ....ഇത് ഒരു കഥ അല്ല ..........നമ്മുടെ ഇടയില്‍ അല്ലെങ്കില്‍ അടുത്ത വീട്ടില്‍ ഇത് പോലെ ഉള്ള വേലായുധന്‍ ഉണ്ടാവും
എന്റെ നാട്ടില്‍ ഒരു കുമാരന്‍ ഉണ്ടായിരുന് ...ഡ്യൂപ്ലിക്കേറ്റ്‌ കുമാരന്‍ ........

ഞാന്‍ വായിക്കാന്‍ ലേറ്റ് ആയി

ഒരു യാത്രികന്‍ said...

സ്മിത പറയാതെ വയ്യ....എന്താ ഒരു ശൈലി....ഒരു സഞ്ചാരിയായ എനിക്കൊത്തിരി ഇഷ്ടമായി.....സസ്നേഹം

പകല്‍കിനാവന്‍ | daYdreaMer said...

! നന്നായിട്ടുണ്ട് സ്മിത

ഗീത said...

ഒരു നാട്ടിന്‍പുറവ്യക്തിത്വത്തെ പരിചയപ്പെടുത്തിയിരിക്കുന്നു. നന്നായിരിക്കുന്നു സ്മിത.
ആ റാഡോ വാച്ച് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടോ കയ്യില്‍?

Anonymous said...

നല്ല ഓര്‍മ്മക്കുറിപ്പ് സ്മിതാ. വേലായുധന്‍ alias സഞ്ചാരി മനസ്സില്‍ തട്ടി. ചുമതലകള്‍ ഏറ്റെടുക്കാന്‍ ഇഷ്ടമില്ലാതിരുന്ന, കഴിവില്ലാതിരുന്ന ആളായിരുന്നിരിക്കാം. off topic- മാദ്ധ്യമം പത്രത്തില്‍ ഒരു പരസ്യം കണ്ടല്ലോ, ആരാമം, പ്രവാസത്തിന്റെ പെണ്ണെഴുത്ത് എന്നോ മറ്റോ. അതില്‍ ഒരു സ്മിതാ ആദര്‍ശ് കണ്ടു. ആ സ്മിത തന്നെയാവും ഈ സ്മിത അല്ലേ? ഇനി എഴുത്ത് നിര്‍ത്തിക്കളയല്ലേ... be a weekend blogger at least.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഓര്‍മ്മക്കുറിപ്പുകള്‍ നന്നായീട്ടാ..

Bindhu Unny said...

ഇതുപോലുള്ളവര്‍ ഇപ്പോഴും നാട്ടിന്‍‌പുറങ്ങളിലുണ്ടാവുമോ? നല്ല ഓര്‍മ്മക്കുറിപ്പ്.

Sirjan said...

നന്നായി അവതരിപ്പിച്ചു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തിത്വങ്ങള്‍ ഇത് പൊലെ എല്ലാപെരുടെയും ജീവിതത്തില്‍ കാണും.

അനൂപ്‌ .ടി.എം. said...

ഇഷ്ട്ടപെട്ടു..
നല്ല ഭാഷ..
ആശംസകള്‍ ടീച്ചറെ..

Muralee Mukundan , ബിലാത്തിപട്ടണം said...

സാധാരനക്കാരിൽ സാധരണക്കാരനായ ഒരു സഞ്ചാരിയെ കുറിച്ചുള്ള സ്മരണക്കുറിപ്പ് മാത്രമല്ല ഇത് കേട്ടൊ ....സ്മിത .

ഓരോ നാട്ടിമ്പുറത്തിന്റേയും ഓരോരുത്തരുടേയും മനസ്സിനുള്ളിൽ പതിഞ്ഞിരിക്കുന്ന അനേകം ബാല്യകാല ചിന്തകൾ പുറത്തേക്ക് തികട്ടി വന്നൂ ഈ സുന്ദര ശൈലികളിലൂടെ.....


പിന്നെ... പുസ്തകങ്ങളിൽ പകർത്തിവെച്ചിട്ടുള്ള ആ കുറിപ്പുകളെല്ലാം കുറെച്ചെങ്കിലും ബൂലോഗത്തും കൂടി പങ്കുവെക്കണേ ....കേട്ടൊ ഗെഡിച്ചി

.. said...

..
കുറച്ച് ദിവസം മുമ്പേ വന്നതാ, അന്ന് കമന്റാന്‍ പറ്റിയില്ല. എഴുത്ത് നന്നായിരിക്കുന്നു, സഞ്ചാരിയും..
..

Jishad Cronic said...

നല്ല ഒരു ഓര്‍മ്മക്കുറിപ്പ്‌...

മനോഹര്‍ കെവി said...

സ്മിതയുടെ പോസ്റ്റ്‌ ഇന്നാണ് കണ്ടത് .. നന്നായിരിക്കുന്നു.. ഹ്യുമര്‍ മാത്രെ എഴുതൂ എന്നാ വാശി ഉപേക്ഷിച്ചതും നന്നായി. അത് കൊണ്ട് തന്നെ ഭാഷയിലും, വാചകങ്ങളുടെ ശൈലിയിലും മാറ്റം കാണുന്നു. എം.എന്‍. വിജയന്‍ മാഷ്‌ പറഞ്ഞതാണ്‌ -- "ശരി,ഓരോ സന്ദര്‍ഭത്തിനും അതനുസരിച്ച ഭാഷ".
എന്റെ നാട്ടിലും ഇങ്ങനെ വീട്ടില്‍ വന്നു ഒരു തറവാട്ടിലെ എല്ലാവരുടെയും മുടി വെട്ടുന്ന ആളുണ്ടായിരുന്നു... നാണപ്പനും, സഹോദരി നാരായണിയും. വാഴതോപ്പില്‍ കൊണ്ടുപോയിട്ടാണ് വയസ്സായവരെ മുടി വെട്ടിയിരുന്നത്. വളരെ പുച്ഛത്തോടെ ഞങ്ങള്‍ കുട്ടികള്‍ പോലും അവരെ "അമ്പട്ടന്‍" എന്ന് കളിയാക്കി വിളിച്ചിരുന്നു. ഒരു വാഴയില നിറയെ ചോറ് കഴിക്കുന്നത്‌ നോക്കി നിന്ന് സ്ത്രീകളും കുട്ടികളും ചിരിച്ചു. അധികം ഊണ് കഴിക്കുന്നവരെ "വിളക്കത്ര നാരായണന്‍ കഴിക്കുന്ന പോലെ " എന്നൊരു ഫ്രേസ് തന്നെ ഉണ്ടായിരുന്നു.
ഈ വര്ഷം മാര്‍ച്ചില്‍ അച്ഛന്‍ മരിച്ചു. അടിയന്തിര ദിവസം അച്ഛന്റെ ഫോട്ടോ നോക്കി നാണപ്പന്‍ കരഞ്ഞത് ഓര്‍ക്കുന്നു. ചേട്ടന്‍ എന്തോ കൊടുക്കാന്‍ നോക്കിയത് നിഷേധിച്ചു, നാണപ്പന്‍ ശൂന്യതയിലേക്ക് നടന്നു. എന്തായിരിക്കും നാണപ്പന്‍ ഓര്‍ത്തിരിക്കുക ?.. സ്മിത ഇനിയും എഴുതുക.. നാട്ടിന്‍പുറത്തെ ആള്‍ക്കാരെ പോലെ ഇത്ര ജീവസ്സുറ്റ കഥാപാത്രങ്ങള്‍ വേറെ എവിടെയും കാണില്ല .
ഇപ്പൊ എവിടെയാണ്...നാട്ടിലാണോ.. ഈ ആഴ്ചയിലെ "മാതൃഭൂമി" വാരികയില്‍ എന്റെ ബ്ലോഗ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോക്കുമല്ലോ.

മനോഹര്‍ കെവി said...
This comment has been removed by the author.
മനോഹര്‍ കെവി said...
This comment has been removed by the author.
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ്..ആദ്യാമായാണിവിടെ വരുന്നത്..
നമ്മള്‍ ഒരേ നാട്ടുകാരായിട്ടും(നാട്ടില്‍ തൃശൂര്‍,ജോലി ഖത്തറില്‍) കണ്ടു മുട്ടാന്‍ വൈകി..സഞ്ചാരിയുടെ ചിത്രം മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു..ഇനിയൊരു ഫോട്ടോയുടെ ആവശ്യമില്ല.അല്ലാതെ തന്നെ വായനക്കാരുടെ മനസ്സിലേക്കു സഞ്ചാരിയുടെ ചിത്രം ആഴ്ന്നിറങ്ങിയിട്ടുണ്ടാകും..
അഭിനന്ദനങ്ങള്‍ നേരുന്നു..

എന്‍.ബി.സുരേഷ് said...

നാം കടന്നു പോയവരെത്ര നമ്മിലൂടെ കടന്നുപോയവരെത്ര? ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്ന മുഖങ്ങളെത്ര നാം മറന്നു പോകുന്ന ചിത്രങ്ങളെത്ര? തികച്ചും ഗ്രാമീണമായവ ഒക്കെയും അന്യം നിന്നു പോവുകയാണല്ലോ. ഈ ഓർമ്മപ്പെടുത്തലുകൾ നമ്മെ മറ്റൊരു ലോകത്തെ കുറിച്ച് ഓർമ്മപ്പെടുത്തുമോ?

OAB/ഒഎബി said...

ഇപ്പഴാ വായിക്കാനായത്. എല്ലാ നാട്ടിലും കാണും സഞ്ചാരിയെപ്പോലുള്ള കുറെ ആളുകളെ.
ഞങ്ങടെ നാട്ടിലെ ഒരു ഏനി എന്നയാളെ ഓര്‍ത്ത് പോയി. ബ്രോക്കറൊ ബാര്‍ബറൊ അല്ലായിരുന്നു. എല്ലാ ജോലിയും ചെയ്യും. പെണ്ണ് കെട്ടാന്‍ പെങ്ങന്മാര്‍ സമ്മതിച്ചില്ല.(സ്വത്ത് മോഹിച്ച്) കുട്ടികളെ ഇഷ്ടപ്പെടുമ്പോലെ ഇലക്ട്രിക്ക് സ്വിച്ചും(ഓണാക്കുക ഓഫാക്കുക) വളരെ ഇഷ്ടമായിരുന്നു.
ഏതായാലും ഇങ്ങനെയുള്ള ഓര്‍മപ്പെടുത്തലുകള്‍ നല്ലത് തന്നെ.

ഓണം < റമളാന്‍ ആശംസകളോടെ..

Echmukutty said...

ഞാൻ ആദ്യമായാണ് ഇവിടെ.
ഈയാഴ്ച്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ച് വന്നതാണ്.
ഇഷ്ടമായി എഴുത്ത്.അഭിനന്ദനങ്ങൾ.
ബ്ലോഗ് മുഴുവൻ വായിച്ചിട്ട് പിന്നെ വരാം.

Mohanam said...

മാതൃഭൂമി ബ്ലോഗനയില്‍ വന്നല്ലോ

അഭിനന്ദനങ്ങള്‍

ഏറനാടന്‍ said...

അഭിനന്ദനങ്ങള്‍. ബ്ലോഗനയില്‍ വായിക്കുന്നുണ്ട് ഇനിയും. അടുത്ത ആഴ്ച ഇവിടെ ലഭിക്കും ആഴ്ചപ്പതിപ്പ്.

ചേച്ചിപ്പെണ്ണ്‍ said...

സ്മിത ...
കമന്റിടാന്‍ ആണു ഇവിടെ എത്തിയത് അല്ലാതെ വായിക്കാന്‍ അല്ല ..
കാരണം മനസ്സിലായിക്കാണുമല്ലോ ..
ബാര്‍ബര്‍ ചേട്ടന്റെ വിശേഷങ്ങള്‍ ഇന്നലെ മാത്രുഭൂമിയില്‍ വായിച്ചു .. ഇഷ്ടായി .. :)
അഭിനന്ദനങ്ങള്‍ ...
ഞാന്‍ ആദ്യയിട്ടാണ് മത്രുഭൂമില്‍ ബ്ലോഗനയില്‍ ഒരു പെണ്ണെഴുത്ത് കാണുന്നത് ..
( മുന്‍ ജാ - ഞാന്‍ ഒരു റെഗുലര്‍ മാതൃഭൂമി വായനക്കാരി അല്ല )

ഹാരിസ്‌ എടവന said...

ആരുമല്ലായിരുന്നിട്ടും
ആരുടെയൊക്കയോ ആരൊക്കെയോ
ആവുന്ന ചിലരെയെങ്കിലും
ഇങ്ങിനെ ആരെങ്കിലും ഓർമ്മപ്പെടുത്തുന്നുണ്ടല്ലോ

Anonymous said...

Dear Smitha,

Good one.It really brought back the memmories of our childhood days.Keep it up.

Best wishes
Brijesh,Deepa,Aryan & Avanthika

smitha adharsh said...

പോസ്റ്റ്‌ വായിച്ച എല്ലാവര്ക്കും നന്ദി..

shajkumar said...

ആശംസകള്‍.

മേഘമല്‍ഹാര്‍(സുധീര്‍) said...

ഞങ്ങളുടെ വിയ്യൂര്‍,ചേറൂര്‍ പ്രദേശത്തും ഉണ്ടായിരുന്നു ഒരു ബാര്‍ബര്‍ സഞ്ചാരി. സഞ്ചാരി എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിനു പ്രായം കുറെ ആയിട്ടുന്റെന്കിലും കണ്ടാല്‍ അങ്ങിനെ തോന്നുമായിരുന്നില്ല. 10-15 വര്‍ഷമായി കണ്ടിട്ടു.അദ്ദേഹം തന്നെ ഇദ്ദേഹം.എന്റെ മുടിയും എന്റെ അനന്തിരവന്റെ മുടിയും വെട്ടിയിട്ടുന്റ്റ്.

ചാണ്ടിച്ചൻ said...

നാട്ടിലായിരുന്നത് കൊണ്ട് വായിക്കാന്‍ വൈകി...
നല്ല ഓര്‍മ്മക്കുറിപ്പ്‌...
ബ്ലോഗനയില്‍ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്തതിനു അഭിനന്ദനങ്ങള്‍...

Kalam said...

മനോഹരമായി എഴുതി.

ബാല്യത്തിന്റെ കൌതുകങ്ങളെ, ഇങ്ങിനെ ഓര്‍മ്മകളുടെ പച്ചപ്പില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ആ മനസ്സിന്റെ നനവ്‌ വറ്റാതിരിക്കട്ടെ..

ഇങ്ങിനെ എല്ലാവരുടെയും ആരെങ്കിലുമൊക്കെ ആകുന്നവര്‍ എല്ലാ ഗ്രാമങ്ങളില്‍ നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്.

ദിയ കണ്ണന്‍ said...

very beautiful..made me remember some faces which I have seen years back ..

റശീദ് പുന്നശ്ശേരി said...

വീടുകളില്‍ വന്നു മുടി വെട്ടിയിരുന്നവരുടെ പിന്മുറക്കാരെ ഇപ്പോള്‍
ബ്യുടി സലൂനില്‍ പോയി ക്യൂ നിന്ന് കാണണം
അപൂര്‍വ്വം ചില "സഞ്ചാരികള്‍ " ഇപ്പോഴും ഉണ്ട് താനും

മേഘമല്‍ഹാര്‍(സുധീര്‍) said...

പരിചയപെട്ടിരുന്നു എങ്കിലും സ്മിതയുടെ വീട് ചേറൂര്‍ ആണെന്ന് അറിഞ്ഞിരുന്നില്ല. സഞ്ചാരി മരിച്ച കാര്യവും പത്രത്തില്‍ നിന്ന് അറിഞ്ഞിരുന്നു.എന്റെ രണ്ടര വയസ്സുകാരന്‍ മോന്റെ മുടി വെട്ടാന്‍ ഞാന്‍ നടത്തിയ ശ്രമം വിഫലമായപ്പോള്‍ ഞാന്‍ സഞാരിയെ ഓര്‍ത്തു.

അശ്വതി said...

നന്നായി എഴുതിയിരിക്കുന്നു .

വീകെ said...

ഇത്തരം ആളുകൾ എല്ലാ നാട്ടിലും ഉണ്ടായിരുന്നിരിക്കണം...
ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു ഒരു വ്യാഴാഴ്ച സന്യാസി....
എല്ലാ വ്യാഴാഴ്ചയും അയാൾ ഞങ്ങളുടെ ഇടവഴിയിലൂടെ കയറി വരും. മറ്റുള്ള ദിവസങ്ങളിൽ അയാൾ എവിടെ പോകുന്നുവെന്ന് ആർക്കും അറിയില്ല...
ചിലപ്പോൾ കുറേ അകലെ എവിടെയെങ്കിലും തിങ്കളാഴ്ച സന്യാസിയായൊ,ചൊവ്വാഴ്ച സന്യാസിയായൊ ഒക്കെ അയാൾ ജീവിക്കുന്നുണ്ടാവാം...
എന്റെ മനസ്സിൽ ഇപ്പോഴും ആ രൂപമുണ്ട്...!

ആശംസകൾ...

വീകെ said...
This comment has been removed by the author.
സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പരിചയമുള്ള ആരൊക്കെയോ സ്മരണകളില്‍ മിന്നി മറഞ്ഞു പോയ പോലെ ..നന്നായിട്ടുണ്ട് ടീച്ചറെ ..

joshy pulikkootil said...

kollaam valare nannayittundu ketto . congrats

Reeshma said...

Hello smitha...am reeshma, a magazine journalist...actually i read ur article which is published in mathrubhumi...i need ur email id ...cud u pls gimme ur mail id???

regards reeshma

my mail- reeshmahdamodar@gmail.com