Tuesday, August 26, 2008

അച്ഛമ്മ

എല്ലാവരും ഗൂഗിള്‍ ചതിച്ചു,അഗ്ഗ്രെഗേറ്റില്‍ വന്നില്ല എന്നൊക്കെ പറയുമ്പോള്‍ ഇതു എന്ത് ഇടപാടാ എന്ന് ഓര്ത്തു കണ്ണ് മിഴിക്കാരുണ്ട്.ഇപ്പൊ മനസ്സിലായി...ഇങ്ങനെയാണ് എന്ന്.കഷ്ടപ്പെട്ടു ടൈപ്പ് ചെയ്തു "ഉണ്ട" ഉരുട്ടിയെടുതതാ...അങ്ങനെ ഞാന്‍ വിടമാട്ടെ....ഇതിലൂടെ ഒന്നു പോയി നോക്കൂ പ്ലീസ്...

Monday, August 25, 2008

അച്ഛമ്മലേഖയും(ചെറിയച്ഛന്റെ മകള്‍),ഞാനും കൂടി പ്ലാനിട്ടു,"ഇന്നു സുശീലേച്ചി നെല്ല് പുഴുങ്ങുന്നുണ്ട്.കൂടെ നമുക്കു പുളിങ്കുരു വറുക്കാം."അച്ഛമ്മ സമ്മതിച്ചില്ലെങ്കിലോ?" എനിക്ക് സംശയമായി.അവള്‍ പറഞ്ഞു,"സുശീലേച്ചി ഇല്ലേ സഹായിക്കാന്‍?നമുക്കു സമ്മതിപ്പിക്കാം."..കേട്ടപാടെ അച്ഛമ്മ പറഞ്ഞു, സുശീലക്ക്‌ തിരക്കുണ്ട്‌.അടുത്താഴ്ച വറുക്കാം" അതുകേട്ട് ഞാന്‍ പറഞ്ഞു,"അയ്യോ,അടുത്ത ശനിയാഴ്ച ഞാന്‍ വരില്ല. സ്കൂള്‍ഡേക്കുള്ള ബാന്ഡ്സെറ്റിന്‍റെ പ്രാക്ടീസ് ഉണ്ട്.പോരാത്തേന് സെക്കന്‍റ് സാറ്റര്‍ഡേയാ. അപ്പൊ,അമ്മ വീട്ടിലുണ്ടാവും. ലേഖ പറഞ്ഞു"അടുത്ത ശനിയാഴ്ച എനിക്ക് ട്യൂഷന്‍ ക്ലാസ്സില്‍ എക്സാമാ. അടുത്ത ആഴ്ച കുട്ടികള്‍ ഉണ്ടാവില്ല എന്ന് കേട്ടതേ അച്ഛമ്മയുടെ മുഖം വാടി. ജോലിക്കാരായ മക്കളും,മരുമക്കളും പോയാല്‍പിന്നെ സ്കൂളിന്‍റെ അവധിദിവസങ്ങളില്‍ ഞങ്ങള്‍ തറവാട്ടില്‍ എത്തിക്കോളണം.അതൊരു അലിഖിത നിയമം ആയിരുന്നു.ആ ദിനങ്ങള്‍ ഒരുപക്ഷെ,ഞങ്ങളെക്കാള്‍ കൂടുതല്‍ ആസ്വദിച്ചത് അച്ചമ്മയായിരുന്നു.ഞങ്ങളുടെ അതിര് കവിഞ്ഞ കുസൃതികള്‍ അച്ഛമ്മയ്ക്ക് തലവേദന ഉണ്ടാക്കാരുന്ടെങ്കിലും...അതുകൊണ്ട് തന്നെ ഇഷ്ടമില്ലെങ്കിലും പലതിനും,അച്ഛമ്മ കൂട്ട് നിന്നു.

അച്ഛമ്മ പറഞ്ഞു, സുശീലയെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല.അങ്ങനെയാണെങ്കില് തട്ടിന്‍പുറത്ത് കേറി കലം എടുത്തിട്ട് വന്നോളോ".ഇതു കേട്ടതും,ലാലു(ലേഖയുടെ അനിയന്‍) തട്ടിന്‍പുറത്തു ഓടിക്കയറി.പിന്നാലെ ഞങ്ങളും.അവന്‍ പോയ സ്പീഡില്‍ തന്നെ "ചട പടാ" ന്നു ഗോവണി ചാടിയിറങ്ങി ഞങ്ങളെ തട്ടി മറിച്ചിട്ട് ഓടി. കൂടെ ഉറക്കെ ഒരു നിലവിളിയും!!!"അയ്യോ..!! പൂച്ച!!!".അച്ഛമ്മ ഓടിവന്ന് ചോദിച്ചു.."എന്താ?എന്താണ്ടായെ?"അവന്‍ പറഞ്ഞു,"അച്ഛമ്മേ,അവിടെ വല്യേ ഒരു പൂച്ച!!".അച്ഛമ്മ അത് ശരി വച്ചു"ങാ,ഉവ്വ്,ശരിയാ,പൂച്ച പെറ്റു കിടക്കുവാന്നു തോന്നുണ്ട്.ഇടയ്ക്കെ പൂച്ച കുട്ട്യോള്‍ടെ കരച്ചില് കേള്ക്കാംകൊറച്ചു കഴിഞ്ഞു പോയാ മതി.അപ്പൊ തള്ള പൂച്ച പോയ്യീണ്ടാവും."

കുറച്ചു കഴിഞ്ഞു അച്ഛമ്മ തന്നെ സുശീലേച്ചിയോടു പറഞ്ഞു,"സുശീലേ,ഒന്നു തട്ടിമ്പുറത്തു കേറി ആ കലംഒന്നു ഇട്ത്തോളോ,കുട്ട്യോള്‍ക്ക് പുളിങ്കുരു വറുക്കണംന്നു പറയിണ്ട്. അവടെ പൂച്ച ഇണ്ട്ത്രെ.അവര്‍ക്കതിനെ പേടിയാ."സുശീലേച്ചി തട്ടിക്കയറി."ങും,ഇനീപ്പോ പുളിങ്കുരു വറക്കൂം കൂട്യേ വേണ്ടൂ.എനിക്കിന്ന് റേഷന്‍ കടേ പോണം.നെല്ല് പുഴിങ്ങി കഴിഞ്ഞിട്ട് പൂവാംന്നാ വിചാരിച്ചേ.അതും,ഇതും ഒക്കെ ചീയ്യാന്‍ നിന്നാ എനിക്ക് നേരം വൈകും."പതിവുപോലെ പരാതി പറഞ്ഞ് സുശീലേച്ചി തട്ടിമ്പുറത്തു കയറി.പിന്നാലെ ഞങ്ങള്‍ മൂവര്‍ പടയും. . തട്ടിന്‍പുറം എന്നും ഞങ്ങള്‍ക്ക് ഒരു ലഹരിയായിരുന്നു ഓടിനിടയില്‍ വച്ചിരിക്കുന്ന ചില്ലില്‍ കൂടി അരിച്ചിറങ്ങുന്ന വെയിലിനെ പിടിക്കാന്‍ എന്നും ഞങ്ങള്‍ പരസ്പരം മത്സരിച്ചിട്ടുണ്ട്ട്...പഴയ സാധനങ്ങളുടെ,ഓര്‍മകളുടെ കൂമ്പാരത്തിലേയ്ക്ക് എത്തി നോക്കാന്‍ എന്നും മനസ്സു വെമ്പിയിരുന്നു.

തട്ടിമ്പുറത്തു കാണാന്‍ ഒരുപാടുണ്ട്. അച്ഛമ്മയുടെ "ആന്റിക് കളക്ഷന്‍സ്" ന്‍റെ ഒരു എക്സിബിഷന്‍ എന്ന് വേണമെന്കില്‍ പറയാം.ചെമ്പ് - ഓട്ടു പാത്രങ്ങള്‍,സൂപ്പ് വയ്ക്കുന്ന കലം മുതല്‍ മരം കൊണ്ടുള്ള ചക്രം പിടിപ്പിച്ച ഉന്തുവണ്ടി വരെ.ഞങ്ങള്‍ കുട്ടികള്ക്ക് വലിയ "ക്രേസ്" ആയിരുന്നു ആ ഉന്തുവണ്ടി.ഇപ്പോഴത്തെ സുപ്പെര്‍ മാര്‍ക്കറ്റിലൊക്കെ കാണുന്ന ട്രോളിയുടെ ഒരു പഴയ രൂപം.ഞങ്ങളുടെ തറവാട്ടിലെ കടിഞ്ഞൂല്‍ സന്താനത്തിനുവേണ്ടി ഉണ്ടാക്കിയ മഹത്തായ ഒരു സംരംഭം. എന്ന് വച്ചാല്‍ അച്ഛമ്മ-അച്ഛാച്ചന്‍ ദമ്പതികളുടെ മൂത്തമകളുടെ മൂത്തമകന് വേണ്ടി ഉണ്ടാക്കിയ ഒരു "സംഭവം".അതിനെ ആരാധനയോടെ നോക്കി നില്‍ക്കാറുണ്ട് എന്നല്ലാതെ അതില്‍ ഇരിക്കാനുള്ള ഭാഗ്യം എന്തുകൊണ്ടോ ഞങള്‍ക്ക് ലഭിച്ചിട്ടില്ല.

ഉന്തുവണ്ടി കണ്ടതും,കിട്ടിയ അവസരം പാഴാക്കാതെ ലാലു അതില്‍ ചാടിക്കയറി ഇരുന്നു.പറയാതെതന്നെ ഞങ്ങള്‍ രണ്ടുപേരും അത് തള്ളാന്‍ തുടങ്ങി.ചക്രം ഉരുളുമ്പോള്‍ തട്ടിന്‍പുറത്ത് ഭയങ്കര ശബ്ദം.താഴെ ചാരു കസേരയില്‍ പത്രവായനകഴിഞ്ഞു,റിട്ടയര്‍മെന്‍റ് ലൈഫ് പകലുറക്കത്തിലൂടെ ആസ്വദിക്കുന്ന അച്ഛാച്ചയ്ക്ക് ആ ശബ്ദം ഭയങ്കര കര്‍ണ്ണകഠോരമായി തോന്നി!! സ്വാഭാവികം!! മൂപ്പര് അവിടന്ന് ചാടിഎണീറ്റ് തട്ടിന്‍പുറത്തേക്ക്‌ കയറാനുള്ള ഗോവണിയുടെ താഴെ വന്നു നിന്നു.ഉച്ചത്തില്‍ അച്ഛമ്മയോടായി ചോദിച്ചു,"അതേയ്..എന്താവ്ടെ?ആ പിള്ളേര് തട്ടിമ്പുറത്തു കേറീട്ടുണ്ടാവുംലേ..."? അച്ഛാച്ചേടെ ശബ്ദം താഴെ കേട്ടതും,ഞങ്ങള്‍ "വണ്ടി ഉരുട്ടല്‍ പരിപാടി" നിര്ത്തി വച്ചു.ഒന്നുമറിയാത്തപോലെ താഴേയ്ക്ക് ഇറങ്ങി വന്നു.ഉറക്കം പാതി മുറിഞ്ഞ മുഴിവ് മാറ്റാനായി,അച്ഛാച്ചന്‍,അച്ഛമ്മയെ നീട്ടി വിളിച്ചു,"അതേയ്...ഇത്തിരി ജീരകവെള്ളം…..”

സുശീലേച്ചി സ്ഥിരമായി നെല്ല് പുഴുങ്ങാറുള്ള പുറത്തെ അടുപ്പിനടുത്ത് തെങ്ങിന്‍ പട്ടയും,ചകിരിയും കൊണ്ടുവന്നു ഇട്ടു,തീകത്തിച്ചു,ഞങ്ങളോട് പുളിങ്കുരു വറുത്തോളാന്‍ പറഞ്ഞു.പുളിങ്കുരു ഇട്ടു വറുത്തു തുടങ്ങി.അച്ഛമ്മ സൂപ്പര്‍വൈസിംഗ്ന് എത്തി.അച്ഛമ്മ പറഞ്ഞു,"പൊട്ടിത്തെറിച്ച് തുടങ്ങീലോ,വറവായ മണോം വരണുണ്ട്.ചട്ടി അടുപ്പത്തുന്നു വാങ്ങിക്കോളോ സുശീലേ.."ചട്ടി വാങ്ങി,പകരം ചെമ്പ് വച്ചു സുശീലേച്ചി വെള്ളമൊഴിച്ചു.വെള്ളം തിളയ്ക്കുംപോഴേക്കും പത്തായത്തില്‍നിന്ന്‌ നെല്ല് അളന്നെടുത്തു കൊണ്ടുവരണം.പത്തായത്തില്‍ നിന്ന്‌ നെല്ലെടുക്കുമ്പോള്‍ പിന്നാലെ വാലായി ഞങ്ങളും.


പുഴുങ്ങിയെടുത്ത നെല്ല് തട്ടിന്‍പുറത്ത് പരത്തി ഉണങ്ങാന്‍ ഇട്ടിട്ടുവേണം സുശീലെച്ചിക്ക് വീട്ടില്‍ പോവാന്‍. ഓരോ തവണ,പുഴുങ്ങിയ നെല്ല് കുട്ടയിലാക്കി,തലയില്‍ വച്ചു തട്ടിന്‍പുറത്തേക്ക് കയറുമ്പോഴും ഞങ്ങള്‍ പിന്നാലെ വച്ചു പിടിച്ചു. ഓരോ തവണ തട്ടിന്‍പുറത്ത് കയറുമ്പോഴും ഉന്തുവണ്ടിയില്‍ കയറി ഇരിക്കാനുള്ള ഞങ്ങളുടെ പൂതി കൂടിക്കൂടി വന്നു.അവസാനം ഗതികെട്ട് അച്ഛമ്മയോട്‌ തന്നെ ലാലു ചോദിച്ചു,"അച്ഛമ്മേ,ആ ഉന്തുവണ്ടി താഴേയ്ക്ക് കൊണ്ടുവരട്ടെ?".അച്ഛമ്മ കണ്ണുരുട്ടി."അതല്ലാണ്ടെ വേറെ ഒന്നൂല്യെ,നിങ്ങക്ക് കളിക്കാന്‍? അത്,വിനു ചെറിയ കുട്ട്യ്യാവുമ്പോ അച്ഛാച്ച അപ്പു അശാരീനെക്കൊണ്ട് ഉണ്ടാക്കിച്ചതാ.തേക്കിന്റ്യാ അത്.അതാ ഇത്ര നാളും കേടാവാണ്ടിരിക്കണേ..ആണിയൊക്കെ തുരുംബായീണ്ടാവും. അത് കൈയിലോ,കാലിലോ ഒക്കെ കേറും.പോരാത്തേന്,മുറ്റത്ത്‌ കളം പണിതിട്ടിരിക്യാ.താണിക്കുടത്തൂന്ന് ഭഗവതി പറ വരാറായി.അതുരുട്ടിയാ മുറ്റൊക്കെ കേടാവും. "വിനുവേട്ടന്‍റെ ഉന്തുവണ്ടി ഞങ്ങള്‍ ഉരുട്ടിയാല്‍ ഇപ്പൊ എന്താ ഇണ്ടാവ്വ?ഷാര്‍ജെന്നു മൂപ്പര് ഇതു അന്വേഷിച്ചു വരാന്‍ നില്‍ക്കാ ഇപ്പൊ?" ഞങ്ങള്‍ പിറുപിറുത്തു.


"ദേ,വിനൂന്‍റെ ഫോട്ടോ കണ്ടോ?ഇതെടുക്കുമ്പോ അവന് അഞ്ചു വയസ്സാ."കിഴക്കേ തളത്തില്‍ ചുമരില്‍ നിരനിരയായി തൂക്കിയിട്ട ചില്ലിട്ട ഫോട്ടോകള്‍ നോക്കി അച്ഛമ്മ പറഞ്ഞു.തറവാട്ടിലെ ചില്ലിട്ട ഫോടോകള്‍ക്കും ഉണ്ട് അവയുടേതായ പ്രത്യകതയും,കഥകളും..ആ ചിത്രങ്ങളിലൂടെ ഓര്‍മകളെ പിന്നോട്ട് പായിക്കുമ്പോള്‍ അച്ഛമ്മയുടെ കട്ടിക്കണ്ണടയുടെ പിന്നിലെ കണ്ണുകളുടെ ആ തിളക്കം ഞങ്ങള്‍ കണ്ടു.ഓര്‍മകളെപറ്റി പറയാന്‍ നൂറ്‌ നാവ്.അപ്പോള്‍,നെറ്റിയിലെ ഭസ്മക്കുറിയ്ക്കും കൂടുതല്‍ ഭംഗി തോന്നി. അന്ന്,എഴുപതുകളിലെതിയിട്ടും നരയ്ക്കാത്ത അച്ഛമ്മയുടെ മുടി ഞങ്ങള്‍ക്ക് കൌതുകമായിരുന്നു. അച്ഛമ്മയുടെ മക്കളുടെ സ്കൂള്‍ ലീവിംഗ് ഫോട്ടോകളും,വിവാഹ ഫോട്ടോകളും എല്ലാം ചില്ലിട്ട് നിരനിരയായി ചുമരില്‍ തൂക്കിയിട്ടിരുന്നു. ഓരോ മക്കളുടെയും,ആദ്യത്തെ കുട്ടി കമഴ്ന്നു തലപൊക്കിപിടിച്ചു കിടക്കുന്ന ഫോട്ടോയും.ഞാന്‍ വീട്ടിലെ രണ്ടാമത്തെ സന്താനമായതിനാല്‍ എന്‍റെ ഫോട്ടോയും,ലാലുവിന്‍റെ പോലെത്തന്നെ ഇക്കൂട്ടത്തില്‍ ഇല്ലായിരുന്നു.എല്ലാ ഫോട്ടോകളും തൃശ്ശൂരിലെ കൃഷ്ണന്‍നായര്‍ സ്റ്റുഡിയോയില്‍ എടുത്തു ചില്ലിടീപ്പിച്ചത്.

അച്ഛമ്മയുടെ മാത്രമല്ല,ഞങ്ങളുടെ മുഴുവന്‍ തറവാടിന്‍റെ സ്മരണകളാണ് ഈ ചില്ലിട്ട ഫോടോകളിലൂടെ മനസ്സിനുള്ളില്‍ ലാമിനേറ്റുചെയ്തു വച്ചിരിക്കുന്നത് എന്ന് അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അന്ന് വില തോന്നാതിരുന്ന മഞ്ഞ നിറം ബാധിച്ച ആ ചിത്രങ്ങള്‍ക്ക്,ഇപ്പോള്‍ മനസ്സിന്‍റെ അകത്തളങ്ങളില്‍ വിലമതിക്കാനാവാത്ത സ്വര്‍ണതിളക്കം ചാര്‍ത്തപ്പെട്ടിരിക്കുന്നു.കൂട്ടത്തില്‍ ചില്ലിട്ട വലിയ ഫോട്ടോ...മാലയിട്ട് വച്ചിരിക്കുന്നു.അതെന്‍റെ അച്ഛന്‍റെ - അച്ഛമ്മയുടെ മൂത്തമകന്‍റെ.ആ ഫോട്ടോയിലേയ്ക്കു നോക്കുമ്പോള്‍ മനസ്സിന്നുള്ളില്‍ തിങ്ങിയ വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞ്‌ എപ്പോഴും അച്ഛമ്മ വീര്‍പ്പുമുട്ടി."ഭരതന്‍" എന്ന വാക്ക് ഉച്ചരിക്കുമ്പോഴേ കണ്ണുകള്‍ നിറയുന്ന അച്ഛമ്മ..എന്‍റെ ഓര്‍മകളില്‍ അച്ഛമ്മയുടെ ചിത്രത്തില്‍ ഒരു തുള്ളി കണ്ണുനീര് കൂടെ ഉണ്ട് എപ്പോഴും.അച്ഛനും,അമ്മയും ജീവിച്ചിരിക്കുംപോഴുള്ള മകന്‍റെ ആയുസ്സ് എത്താതെ ഉള്ള മരണം..അതെപ്പോഴും,അച്ഛാച്ചയെക്കാള്‍ കൂടുതല്‍ വിഷമിപ്പിച്ചത് അച്ഛമ്മയെ തന്നെ.

അച്ഛമ്മ,പണ്ടത്തെ കാര്യങ്ങള്‍ പറഞ്ഞ്‌ കൂടുതല്‍ സങ്കടപ്പെടാന്‍ തുടങ്ങുന്നതിനുമുമ്പ് ഐസ്പെട്ടിക്കാരന്‍റെ നീണ്ട പീപി വിളി."പീ...പീ.."ലാലു ചോദിച്ചു,"ഞങ്ങള്‍ക്ക് ഐസ് വാങ്ങി തര്വോ?"...ഉന്തുവണ്ടി കളിക്കാന്‍ തരാത്തതിന്‍റെ "കോംപെന്‍സേഷന്‍" എന്ന നിലയില്‍ അച്ഛമ്മ പറഞ്ഞു,"അയാളെ ഇങ്കട്‌ വിളിക്കണ്ട.അച്ഛാച്ചയ്ക്ക് ദേഷ്യം വരും.വഴീകൂടെ കൊണ്ടുപോണ കണ്ണീകണ്ട സാധനങ്ങളൊക്കെ വാങ്ങിതിന്നാ അച്ഛാച്ചയ്ക്ക് ഇഷ്ടാവില്യ."അടുക്കളയില്‍ ജീരകചെപ്പിലാണ് അച്ഛമ്മ പൈസ ഇട്ടു വയ്ക്കുന്നത്.അച്ഛമ്മ തന്ന ജീരകത്തിന്‍റെ മണമുള്ള നാണയതുട്ടുകളുമായി ഞങ്ങള്‍ ഐസ്കാരന്‍റെ അടുത്തേക്കോടി.

പണ്ട് ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട് ശനിയാഴ്ച്ചകള്‍ക്ക് നീളം കുറവാണെന്ന്.എന്നും,ശനിയാഴ്ചകളില്‍ കളിച്ചു മതിയാകാതെ തിരിച്ചു വീട്ടിലേയ്ക്ക്‌ പോകുമ്പൊള്‍ അറിഞ്ഞിരുന്നില്ല ഇനി വരുന്ന ശനിയാഴ്ചകള്‍ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ മാത്രമുള്ളതാണ് എന്ന്.വീട്ടില്‍ വേണ്ടപ്പെട്ടവര്‍ വന്നാല്‍ നമ്മള്‍ ചോദിക്കില്ലേ ,"ചായ കുടിച്ചില്ലേ?" എന്ന്..പക്ഷെ,തറവാട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ വീട്ടില്‍ വന്നവരോട് ചോദിക്കാരുണ്ട്,"അച്ഛമ്മ കെട്ടിപ്പിടിച്ചു ഉമ്മ തന്നില്ലേ" ന്ന്.ആ കളിയാക്കലിന്‍റെ രസത്തിനിടയില്‍ ഇപ്പോള്‍ വേര്പാടിന്‍റെ വേദന ഉടലെടുത്തിരിക്കുന്നു.തറവാടിന്‍റെ പടി കയറുമ്പോഴും,ഇറങ്ങുമ്പോഴും "പീതേ,(അച്ഛമ്മ എന്നെ അങ്ങനെയാ വിളിച്ചിരുന്നത്) അടുത്ത ശനിയാഴ്ച വരണംട്ടോ." എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു ഉമ്മ തരാന്‍ ഇന്നു അച്ഛമ്മയില്ല.ആ തറവാടും... തറവാട് അവിടെത്തന്നെ നില്‍പ്പുണ്ട്‌.പക്ഷെ,അച്ഛമ്മയില്ലാത്ത ആ വീട് എങ്ങനെ ഞങ്ങള്‍ക്ക് പഴയ തറവാടാകും????? ഓര്‍മകളുടെ ഭാണ്ഡം പേറുന്ന ആ തട്ടിന്‍പുറത്ത് ഇനിയെന്ന് കയറാനാകും......????????????

Saturday, August 16, 2008

നന്ദു കണ്ട ദോഹയിലെ മീന്‍ചന്ത - കോര്‍ണീഷ്

ഇന്നലെ രാത്രി, അച്ഛന്റേം,അമ്മേടേം കൂടെ വാവ കാറ്റു കൊള്ളാന്‍ പോയി.രാത്രി എട്ടര കഴിഞ്ഞു കാണും,കോര്‍ണീഷില്‍ പോകാം,അവിടെ ചൂടു കുറവാന്നു അമ്മ പറഞ്ഞു.ഞാന്‍ റെഡിയായി.
അവിടെ ചെന്നപ്പഴല്ലെ നല്ല രസം !!!സാധാരണയില്‍ കൂടുതല്‍ ആള്‍ക്കാര്.ഫ്രൈഡേ അല്ലെ,ഹോളിഡേ അല്ലെ,അതോണ്ടാവുംന്നാ ആദ്യം വിചാരിച്ചേ.പിന്നെയല്ലേ,മനസ്സിലായെ,അവിടെ നമ്മുടെ നാട്ടിലെ പോലെ മീന്‍ ചന്ത.


നമ്മുടെ നാട്ടില്,വാവേടെ വീടിന്‍റെ മുന്നില് സുകുമാരന്‍ ചേട്ടനും,ഷാജി ചേട്ടനും മോട്ടോര്‍ സൈക്കിളില് മീമി വിക്കാന്‍ വന്നപ്പോ,ആ മീന്‍ പെട്ടി വാവ കണ്ടിട്ടുണ്ട്.(അമ്മേടെ ചെറുപ്പതിലൊക്കെ അവര് സൈക്കിളിലാത്രേ വന്നിരുന്നത്.അതും,മീമിയൊക്കെ കുട്ടയിലാക്കീട്ട്) അവരുടെ പെട്ടീല് നിറച്ചും മീമിയാ.ഐസ് ഒക്കെ ഇട്ടിട്ട്.മീമി കേടാവാതിരിക്കാനാത്രേ അതിന്‍റെ കൂടെ ഐസ് ഇടണത്.ഈ സൂത്രം അമ്മമ്മ പറഞ്ഞു തന്നതാ.

പിന്നെ,വാവേടെ നാട്ടില് തൃശൂര് ശക്തന്‍ മാര്‍ക്കറ്റിലും,പാട്ടുരായ്ക്കലിലെ മീന്‍ മാര്‍ക്കറ്റിലും വാവ ഓരോ പ്രാവശ്യം സുധിമാമേടെ കൂടെ മീമി വാങ്ങാന്‍ പോയിട്ടുണ്ട്.അതുപക്ഷേ,സന്ധ്യയ്ക്ക്‌ ആയിരുന്നു.അവിടെ ആവശ്യള്ളോര്‍ക്ക് മീമി വൃത്തിയാക്കി പീസാക്കി കൊടുക്കുന്നുണ്ടായിരുന്നു.പെട്രോമാക്സിന്‍റെ വെളിച്ചത്തില് അവിടേം വാവ ഐസ് കണ്ടു.
പക്ഷെ,ഇവിടെ ദോഹേല് ഈ കോര്‍ണിഷില് കിട്ടണത് "ഫ്രെഷ് ഫിഷ്" ആണെന്നാ അച്ഛ പറഞ്ഞത്.ഐസ് ഒന്നും ഇട്ടിട്ടില്ല.അവര് പീസാക്കീം കൊടുക്കണില്ല.ഇപ്പൊ,തന്നെ പിടിച്ചു കൊണ്ടുവന്ന നല്ല പെടയ്ക്കണ മീനാത്ര.

ഇതാ മീന്‍ പിടിക്കാന്‍ പോണ ബോട്ടുകള്..കാണണ്ടേ?ദാ, കണ്ടോ..മീമീടെ പേരൊന്നും വാവയ്ക്ക് അറീല്യ.പക്ഷെ,നല്ല വില കുറവില് കിട്ടുംന്ന് അച്ഛ പറഞ്ഞു.ദെ,കണ്ടോ, മീമീടെ കൂടെ ഞണ്ടും ഉണ്ട് ട്ടോ.അതിനൊക്കെ ജീവനും ഉണ്ട്.അമ്മേടെ മൊബൈലില്‍ എടുത്ത ഫോട്ടോസാ


ഇവര് എമെജന്‍സി യാ ലൈറ്റ്‌നു വേണ്ടി വച്ചിരിക്കുന്നെ..ദാ,കണ്ടില്ലേ?s


പറയാന്‍ വിട്ടു,ഇങ്ങനെ മീന്‍ പിടിക്കാന്‍ പോയി,മീമി കൊണ്ടു വന്നു വില്ക്കുന്നവര് എല്ലാരും മലയാളി മാമാന്മാരാണ് ട്ടോ.അതില്,ഒരു മാമന്‍ തിരക്കിലാനെന്കിലും വാവയോട് വര്‍ത്തമാനോം പറഞ്ഞുഅങ്ങനെ വാവ ഇവിടെ ദോഹയിലെ രാത്രീലെ മീന്‍ ചന്തയും കണ്ടു.Sunday, August 10, 2008

കുഞ്ഞു ബോംബിനു പിറന്നാള്‍


അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷം...എനിക്കറിയില്ല,എന്‍റെ ഉള്ളില്‍ എന്ത് വികാരമായിരുന്നു, എന്ന്.സന്തോഷമോ,സംതൃപ്തിയോ..? അതില്‍ കുറഞ്ഞതൊന്നും ആയിരുന്നില്ലെന്ന് മാത്രം അറിയാം.പക്ഷെ,ഇടയ്ക്കെപ്പോഴോ പൊടിഞ്ഞ ചോര ... അത് ആശങ്കകളുടെ മുള്‍മുനയിലെത്തിച്ചു.ഉടനെ അച്ഛമ്മയെ ഫോണില്‍ വിളിച്ചു.അച്ഛമ്മ ഒട്ടും മറയില്ലാതെ പറഞ്ഞു,"അതിനെ നിനക്കു ചിലപ്പോ കിട്ടില്ല.ഇനീപ്പോ എന്തെങ്കിലും സംഭവിച്ചാ തന്നെ സങ്കടാവണ്ട.ദൈവം തരാന്ന് വച്ചിട്ടുണ്ടെങ്കില്‍ അതിനെ തന്നിരിക്കും."ഉള്ളില്‍ വന്ന ഭയം ഭര്‍ത്താവിനോട് പങ്കു വച്ചു."നമ്മുടെ കുഞ്ഞു വാവയ്ക്ക് എന്തെങ്കിലും പറ്റുമോ?എനിക്കെന്തായാലും കുഞ്ഞു വാവ വേണം".മൂപ്പര് പറഞ്ഞു,"ഏയ്,ഒന്നും പറ്റില്ലെന്നെ.നമ്മുടെ വാവ നല്ല ഉഷാറായി വരും.പേടിക്കണ്ട." കൂടെ സ്കാന്നിംഗ് റിപ്പോര്‍ട്ടും പ്രതീക്ഷ തന്നു.ഇടയില്‍,മൂപ്പര്‍ക്ക്,ദോഹയില്‍ നിന്നും വിസ വന്നു.കക്ഷി സ്ഥലം വിട്ടു.ഒടുവില്‍ കാത്തിരുന്ന ദിവസം വന്നെത്തി.അച്ഛമ്മ പറഞ്ഞതുപോലെ ദൈവം അവളെ എനിക്ക് തരാം എന്ന് വച്ചിട്ടുണ്ടായിരുന്നു.പ്രസവം കഴിഞ്ഞു ,ലേബര്‍ റൂമില്‍ വേദനയുടെ ആലസ്യത്തില്‍ കിടക്കുമ്പോള്‍ ഡോക്ടര്‍ ചോദിച്ചു,"സ്മിതാ,മോളെ കാണണ്ടേ"?ഞാന്‍ പതിയെ കണ്ണ് തുറന്നു നോക്കി.ഡോക്ടറുടെ കൈയില്‍ എന്‍റെ മോള്.വെളുത്ത ടവലില്‍ പൊതിഞ്ഞു അവളെ എന്‍റെ അരികില്‍ കിടത്തിയിരിക്കുന്നു.അവള്‍ കണ്ണ് വിടര്‍ത്തി എന്നെ നോക്കുന്നു."അയ്യേ,ഇതെന്താ ഇത്ര നേരായിട്ടും എണീക്കാത്തെ"?അവളെന്നോട് കണ്ണുകള്‍ കൊണ്ടു ചോദിച്ചു.ഞാന്‍ പതുക്കെ ആ കവിളില്‍ തൊട്ടു,ഒരു ഉമ്മ കൊടുത്തു.അവളുടെ ചുരുട്ടി പിടിച്ചിരിക്കുന്ന കൈവിരലുകള്‍ പതിയെ നിവര്‍ത്തി. നല്ല നീളമുള്ള വിരലുകളും,നീണ്ട നഖവും.ഞാനോര്‍ത്തു."ഫുള്‍ സെറ്റപ്പിലാ കക്ഷി പോന്നിരിക്കുന്നത്."ആ നഖം തന്നെ അവള്‍ടെ മെയിന്‍ ആയുധം ആയിമാറി പിന്നീട്.ഈയിടെ മോള്‍ടെ കുറുമ്പ് കണ്ടു അവള്‍ടെ അച്ഛന്‍ പറഞ്ഞു,എല്ലാവര്ക്കും ഉണ്ടായി കുഞ്ഞു വാവ.നമുക്കു മാത്രം ഉണ്ടായി ഒരു "കുഞ്ഞു ബോംബ്.".....ഇന്നു ഞങ്ങളുടെ കുഞ്ഞു ബോംബിന്‍റെ നാലാം പിറന്നാള്‍...

Monday, August 4, 2008

മുപ്പതിയൊന്നാമതെ പല്ല്ഇതൊരിക്കല്‍ പ്രസിദ്ധീകരിച്ചതാണ്.ഖത്തറിലെ സംഘടനയായ "സംസ്കൃതി"യുടെ മാഗസിന്‍ ആയ "മിഴി"യില്‍.രണ്ടായിരത്തിആറ് സെപ്തെംബറില്‍....എന്‍റെ പ്രിയ സ്നേഹിത വിനീതയ്ക്ക് വേണ്ടി ഇതൊരു പോസ്റ്റ് ആക്കുന്നു.കളഞ്ഞു പോയ വിലപിടിച്ച മുത്ത്‌ തിരികെ കിട്ടിയത് പോലെയായിരുന്നു,വര്‍ഷങ്ങള്‍ക്കു ശേഷം അവളെപ്പറ്റിയുള്ള വിവരം ലഭിച്ചത്..

"ഇന്നു കുട്ടിക്ക് സ്കൂള്‍ അവധിയല്ലേ,എന്നെ ഒന്നു സഹായിച്ചാലെന്താ?" അടുക്കളയില്‍ നിന്നുള്ള അമ്മയുടെ ചോദ്യത്തില്‍ അമര്‍ഷമില്ലേന്നൊരു സംശയം."സ്കൂളിന് അവധിയുള്ളപ്പോ മുത്തശിടെ അടുത്ത് ചെല്ലണംന്നു പറഞ്ഞിട്ടുണ്ട്." ഞാന്‍ പറഞ്ഞു. ഓ,സ്കൂളെന്നു വച്ചാ,പേരിനല്ലേ ഈ സ്കൂളെന്നു പറയുന്നത്?പന്ത്രണ്ടാം ക്ലാസ്സ്ന്നു വച്ചാ പണ്ടത്തെ പ്രീഡിഗ്രിയാ.നിന്‍റെ ഈ പ്രായത്തില്,ഞാന്‍ ശ്രീനൂനെ പ്രസവിച്ചു. മുത്തശ്ശീടടുത്തു ചെന്നിട്ടു പഴമ്പുരാണം കേട്ടിരിക്കാനല്ലേ,അങ്ങനിപ്പോ പോണ്ട.എന്നെ ഒന്നു വന്നു സഹായിക്കനുണ്ടോ നീയ്?"

അമ്മ പറയുന്നതിലും കാര്യമില്ലാതില്ല.ഈ യൂണിഫോമും,ബാഗും...നാണക്കേട്‌!!"എന്‍റെ പരീക്ഷയാവാനായി, അത് കഴിഞ്ഞാപ്പിന്നെ എന്നെ അങ്ങ് കെട്ടിച്ചു വിട്ടേക്ക്.ഞാനും പ്രസവിക്കാന്‍ പറ്റ്വോന്ന് നോക്കാം." ഞാന്‍ തിരിച്ചടിച്ചു.അമ്മക്ക് ദേഷ്യം പിടിച്ചു."പ്രസവിക്കാനുള്ള പെണ്ണിന്‍റെ ഒരു പൂതിയേ..മര്യാദയ്ക്ക് സംസാരിച്ചോട്ടോ.അപ്പൊ,നീ ഡിഗ്രിക്ക് ചേരാനാ ഭാവം?എന്ട്രന്‍സ് കോച്ചിംഗ്നു പോണത് പിന്നെ എന്തിന്ന?കുട്ടീടെ ഉള്ളിളിരിപ്പോക്കെ എനിക്കസ്സലായിട്ടു അറിയാം.അതൊന്നും നടക്കാന്‍ പോണില്ല ഭാമേ..ഡിഗ്രിക്ക് ലിറ്ററേച്ചര്‍ എന്നും പറഞ്ഞു കണ്ണിക്കണ്ട പുസ്തകൊക്കെ വായിക്കാനല്ലേ നിന്റെ ഭാവം?"

തര്‍ക്കത്തിനൊന്നും ഞാനില്ലേ..വേഗം എഴുന്നേറ്റു ചെന്നു അടുക്കളയിലേക്ക്."ഞാനിന്നൊരു ഉഗ്രന്‍ മോരുകൂട്ടാന്‍ വയ്ക്കാം കേട്ടോ"പിന്നെയും വന്നു ശകാരം."മോരുകൂട്ടാന്‍ വയ്ക്കാനാണോടീ ഈ തക്കാളീം,വേണ്ടക്കായേം നുറുക്കണേ?കടന്നു പോ ഇവിടന്ന്".ശ്ശൊ!രക്ഷപ്പെട്ടു."ഇനി അടിച്ച് വാരാന്‍ വേറെ എടുത്തു പറയണോ ഉര്‍വ്വശിയോട്?"..ചൂലെടുത്ത് നടക്കുമ്പോള്‍ വായ്ക്കകതെന്തോ പൊട്ടി മുളച്ചപോലെ.കണ്ണാടിയില്‍ എത്തി വലിഞ്ഞു വാ പൊളിച്ചു നോക്കി.അയ്യടാ!! ഒരു സുന്ദരന്‍ പല്ലു മുളച്ചുവരുന്നു.എണ്ണി നോക്കി.കൃത്യം മുപ്പതിയോന്നാമത്തെ പല്ല്.ശ്ശെ!! വേണ്ടായിരുന്നു.വായ്ക്കകത്ത് തീരെ സ്ഥലമില്ല.അല്ലെങ്കിലും,സ്കൂളില്‍ ചിലരൊക്കെ എന്നെ കട്ടപ്പല്ലീന്നു വിളിക്കുന്നുണ്ട്.

രാത്രി ഉറങ്ങാന്‍ കിടന്നപ്പോ വായ്ക്കകത്തുനിന്നു ഒരു "കിരുകിരാ" ശബ്ദം.ശരിക്കും ശ്രദ്ധിച്ചപ്പോള്‍ പല്ലുകള്‍ സംസാരിക്കുന്നു."ഊം...നോക്കിക്കോ,ഇനി നിങ്ങളെ കൊണ്ടു പറ്റാത്തത് ഞാന്‍ ചെയ്യും,ഞാനേയ് ഭാമേടെ ഭാഗ്യപ്പല്ലാ."ഒരു പല്ല് പറഞ്ഞു.അപ്പോള്‍,മറ്റൊന്ന് ഇടയില്‍ കയറി പറഞ്ഞു,"ലോകത്താര്‍ക്കും പല്ലില്ലാത്ത പോലെ.വെറുതെ പൊല്ലാപ്പിനു നില്‍ക്കണ്ട.പല്ലുകള്‍,പല്ലുകളുടെ ജോലി ചെയ്താ മതി.എന്ത് കിട്ടിയാലും ചവച്ചരക്കുക.വേറെ ഒന്നിലും ഇടപെടണ്ട."അപ്പോഴുണ്ട് മുന്‍വശത്തെ ഇത്തിരി കുഞ്ഞന്‍ പറയുന്നു,"നമ്മള്‍ പല്ലുകള്‍ക്കും,ചിലതൊക്കെ ചെയ്യാന്‍ പറ്റുംന്നു കാണിച്ചു കൊടുക്കണം കേട്ടോ."

പിന്നെയും,പിന്നെയും ചിലയ്ക്കലുകള്‍ തന്നെ.പക്ഷെ,അവറ്റകളുടെ സംസാരവിഷയങ്ങള്‍ അനവധി...തൂവല്‍ പോലെ നനുത്ത പ്രണയവും,ഹ്യൂമനിസത്തിന്റെ പ്രത്യേകതകളും,സ്ത്രീ മനസ്സുകളുടെ ചപല മോഹങ്ങളും മോഹഭംഗങ്ങളും,പ്രത്യയശാസ്ത്ര വീക്ഷണങ്ങളും,ഉത്തരാധുനിക കവിതകളും,സര്‍ക്കാര്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളിലെ അഴിമതിയും എല്ലാം ചര്‍ച്ചാവിഷയങ്ങള്‍ ആയിത്തീര്‍ന്നു.ഞാനോര്‍ത്തു,ഒരു കൌമാരക്കാരിയുടെ മനസ്സിന്‍റെ അഗാധതലത്തില്‍ ഒന്നു സ്പര്‍ശിക്കുകപോലും ചെയ്യാത്ത കാര്യങ്ങള്‍!!ഈ പല്ലുകള്‍ സംസാരിക്കുന്നതേയ്...എന്‍റെ ദൈവമേ..എന്‍റെ വായിലെ പല്ലുകള്‍ സര്‍വവിജ്ഞാനകോശങ്ങളാണോ? എന്തൊരു ശല്യം ?ഈ കിരുകിരാ ശബ്ദം ശല്യമായിരിക്കുന്നു.ഞാനൊരു മുട്ടന്‍ ചീത്ത വിളിച്ചു."ഒന്നു നിര്‍ത്ത്വോ?"ഞാന്‍ പല്ല് കടിച്ചു.വേദനെയെടുക്കട്ടെ അവറ്റക്ക്‌..

"ഭാമേ,ഉറക്കത്തില് പല്ല് കടിക്കണ സ്വഭാവം ഇനീം നിന്നില്ലേ?അനങ്ങാണ്ടെ കെടക്കണ്ണ്ടോ നീയ്?നാളെ കൊറച്ചു മരുന്നുകൂടി തരാം.ഞാന്‍ തന്നത് മുഴുവന്‍ കഴിച്ചു കഴിഞ്ഞോ?"ഗൌരിയേടത്തി വിളിച്ചു ചോദിച്ചു.അല്ലെങ്കിലും,ഇവള് ഈ വീട്ടില്‍ തിരിച്ചു വന്നേപ്പിന്നെ ഒരു സ്വൈര്യവും ഉണ്ടായിട്ടില്ല,മനുഷ്യന്.പ്രസവിക്കാന്‍ ഏഴാം മാസം തന്നെ പെണ്ണിന്‍റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന ഈ ഏര്‍പ്പാട് ആരാ ഉണ്ടാക്കീത്‌ ആവോ?പ്രസവിക്കാന്‍ വന്നവര് ആര്ക്കും ശല്യണ്ടാക്കാണ്ടേ പ്രസവം കഴിഞ്ഞു തിരിച്ചുപോണം.അല്ലാണ്ടെ ഡോക്ടര്‍ ആണെന്ന്വച്ചു ഇതൊരു ഹോസ്പിറ്റല്‍ ആക്കാന്‍ നോക്കണ്ട.ഇതെന്‍റെ മുറിയാ.ഇവിടെ ആരോട് ചോദിച്ചിട്ടാ ഈ മുറി നീ കന്‍സല്‍ടിംഗ് റൂംആക്കിയത്? കാശിനോടുള്ള ആര്‍ത്തി മാറീല്ലാലെ?നീ എന്നെ ഭരിക്കാന്‍ വരണ്ട.ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യും.നീയാരാടീ ചോദിക്കാന്‍?എണീറ്റ്‌ ഇതൊക്കെ അവളുടെ മുഖത്ത്നോക്കി ചോദിക്കണംന്നുണ്ടായിരുന്നു.പിന്നെ,ധൈര്യമില്ലാതതുകൊണ്ട് വേണ്ടെന്നു വച്ചു.പല്ലുകളുടെ സംസാരം നിലച്ചിരിക്കുന്നു.എങ്ങനെയോ ഉറങ്ങിപ്പോയ.

പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ സംഭവബഹുലം തന്നെയായിരുന്നു.എന്തൊക്കെ മാറ്റങ്ങളാ സംഭവിച്ചത്?പല്ലുകളുടെ സംസാരം ആകെ ശല്യമായിരിക്കുന്നു.ശരിക്കും,ഞാന്‍ പേടിച്ചു പോകുന്നു,ചിലപ്പോഴൊക്കെ.ആരെങ്കിലും കേട്ടാല്‍ എന്താ വിചാരിക്ക്യാ?അതുകൊണ്ട് ഞാന്‍ തന്നെ ഒരുപരിഹാരം കണ്ടെത്തി.പല്ലുകള്‍ക്കെപ്പോഴും ജോലി കൊടുക്കുക.ജോലി ഇല്ലാതെ വെറുതെ ഇരിക്കുമ്പോഴല്ലേ ഈ സംസാരം.എപ്പോഴും എന്തെങ്കിലും തിന്നു കൊണ്ടേയിരിക്കും.പിന്നെ വേറൊരു വഴിയുണ്ട്.ഒന്നും പറ്റിയില്ലെങ്കില്‍ അതും ഞാന്‍ പരീക്ഷിക്കും.മുത്തശ്ശീടെ കൈയീന്ന് കുറച്ചു മുറുക്കാന്‍ അടിച്ചുമാറ്റി മുറുക്കുക തന്നെ.

ഗത്യന്തരമില്ലാതെ മുത്തശ്ശീടെ അടുത്തെത്തി.കാര്യം അവതരിപ്പിച്ചു.പല്ലുകള്‍ സംസാരിക്കുന്നതോന്നും പറഞ്ഞില്ല.വട്ടാണെന്ന് പറഞ്ഞാലോ..പുതിയ പല്ലുവന്നത് മാത്രം പറഞ്ഞു.മുത്തശ്ശി പറഞ്ഞു,"ചിങ്ങത്തിലെ ആയില്യം ഞാറ്റുവേല ആരംഭത്തിലാ ഭാമ ജനിച്ചതേയ്.ഒരു പ്രായമെത്തിയാ മാണിക്യം കിട്ടുംന്നാ വേലുക്കണിയാര് അന്ന് ഗണിച്ചു പറഞ്ഞത്.ഇതിപ്പോ,മുപ്പതിയോന്നാമത്തെ പല്ലല്ലേ?ഭാഗ്യപ്പല്ലാ കുട്ട്യേ.എനിക്കും ഇങ്ങനെ തന്നെ ആയിരുന്നൂട്ടോ,കല്യാണം കഴിഞ്ഞു കൊല്ലം കൊറേ കഴിഞ്ഞിട്ടും കുട്ട്യോളില്ലാണ്ടിരുന്ന ഞാന്‍ മുപ്പതോന്നാമത്തെ പല്ലു മുളച്ചേപ്പിന്ന്യാ നിന്‍റെ അച്ഛമ്മേനെ പെറ്റത്.പിന്നങ്ങോട്ട് കുട്ടീടെ മുത്തശ്ശന് വെച്ചടി,വെച്ചടി കേറ്റായിരുന്നൂട്ടോ.ങാ...പിന്നെ,നിന്‍റെ അച്ഛമ്മ നിന്‍റെ അച്ഛനെ പെറ്റതും അവള്‍ടെ മുപ്പതോന്നാമത്തെ പല്ലിന്‍റെ വരവിന് ശേഷാ".

ഭാഗ്യപ്പല്ലിന്റെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മ തള്ളിയില്ലെന്നെയുള്ളൂ.അച്ഛനോട് തട്ടിക്കയറുന്നത്‌ കേട്ടു."ദേ,നിങ്ങള്‍ടെ അമ്മമ്മക്കെന്തിന്റെ സൂക്കേടാ?കുട്ട്യോള്‍ക്ക് ഓരോന്ന് പറഞ്ഞു കൊടുക്കനതെയ്.സെഞ്ചുറി തികഞ്ഞിട്ടും ഓര്‍മ്മയ്ക്കൊരു കുറവൂല്യ. എന്നോട് വന്നു പറഞ്ഞു,"ഒന്നും പഠിക്കണ്ട.വായും പൊളിച്ചിരുന്നു പരീക്ഷയെഴുതിയാല്‍ മതി.നല്ല മാര്‍ക്ക് കിട്ടും,പിന്നെ എം.ബി.ബി.എസ്സിന് ചേര്വെ വേണ്ടൂ.പിന്നേയ്,പല്ലിനോട് ഇത്തിരി കാശും,സ്വര്‍ണോം തരാന്‍ പറയണം ട്ടോ.ഞങ്ങള്ക്ക് പിന്നെ വി.ആര്‍.എസ്.എടുക്കാലോ?അമ്മ മിടുക്കിയാ.കളിയാക്കിയതാനെന്കിലും മനസ്സിനെ നോവിക്കാതെ.പക്ഷെ,ഓരോന്നായി ആലോചിച്ചാല്‍ മുത്തശ്ശി പറഞ്ഞത് അക്ഷരം പ്രതി ശരിയാ.

ഈ പല്ല് മുളച്ചതില്‍ പിന്നെ ഒരുപാടു അത്ഭുതങ്ങള്‍ തീര്ച്ചയായും സംഭവിച്ചിട്ടുണ്ട്.അല്ലെങ്കില്‍ പിന്നെ തിരുവനന്തപുരത്തെ കൃഷ്ണമാമേം,അച്ച്വോളും വന്നപ്പോ ഒരു കാര്യോല്യാതെ എനിക്ക് ആ പാലയ്ക്കാമാല തര്വോ?പിന്നെ,അത്ര നന്നായിട്ടൊന്നും പാടാനറിയാത്ത എനിക്ക് കൈരളീലെ "സിംഗ് & വിന്‍"പ്രോഗ്രാമില്‍ പങ്കെടുത്തു രണ്ടായിരത്തിഅഞ്ഞൂറ് രൂപ കിട്ടീല്ലേ?അതുപോലെ പ്ലസ്ടു ഫെസ്റിവലില്‍ ചെറുകഥാ മല്‍സരത്തില്‍ ഒന്നാം സമ്മാനം കിട്ടീതോ?മറ്റു പലതും ഉണ്ടായീല്ലേ?മുത്തശ്ശി പറഞ്ഞത് വെളുംബിയുടെ ജീവിതത്തില്‍ ആദ്യമായിട്ടാ കഴിഞ്ഞ ആഴ്ച പശുക്കുട്ടീനെ പെറ്റതെന്നാ . ഇക്കാലമത്രയും മൂരിക്കുട്ടികളെ മാത്രേ അത് പെറ്റിട്ടുള്ളൂത്രേ.അപ്പൊ,എന്റെ ഭാഗ്യപ്പല്ല് എനിക്ക് മാത്രല്ല, എനിക്ക് വേണ്ടപ്പെട്ടവര്‍ക്കും ഭാഗ്യം തരും.തറവാട്ടിലെ സൌദാമിനി ചെറിയമ്മ എന്തായാലും സന്തോഷത്തിലാ.കുട്ടേട്ടന് ജോലി കിട്ടിയല്ലോ.പിന്നെ,പ്രേമചന്ദ്രന്‍ സര്‍ വി.ആര്‍.എസ്.എടുത്തത്‌കൊണ്ടാണെങ്കിലും,പ്രതീക്ഷിചിരിക്കാത്ത അവസരത്തിലല്ലേ അച്ഛന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയി പ്രമോഷന്‍ കിട്ടിയത്?അല്ലെങ്കില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയി റിട്ടയര്‍ ചെയ്യേണ്ടതല്ലേ?ഇതൊക്കെ ശരിക്കും പല്ല് തന്ന ഭാഗ്യം തന്നെയാ.ഇനീം പല്ലിനെക്കൊണ്ട് കുറച്ചു കാര്യങ്ങള്‍ കൂടിയുണ്ട്.ഊം..സമയമാവട്ടെ,ശരിയാക്കാം,പല്ലിനോട് പറയണം.പക്ഷെ,പല്ലുകള്‍ ഇപ്പൊ സംസാരിക്കുന്നെയില്ല.ദേഷ്യപ്പെട്ടത്‌ കാരണം പിണക്കമാണോ..അതോ,പല്ല് കടിച്ചതോണ്ട് വേദനിച്ചിട്ടാണാവോ?വേണ്ടായിരുന്നു...

"മുലപ്പാലുണ്ടാവാന്‍ മുരിന്നയിലത്തോരന്‍ നല്ലതാ.കുട്ടീ,ആ ടെറസ്സിലുകേറി കുറച്ചു മുരിങ്ങയില പൊട്ടിച്ചു കൊണ്ടു വര്വോ ഭാമേ?" അമ്മ ചോദിച്ചു."എടാ,കുഞ്ഞു വാവേ,നിന്നെ പ്രസവിക്കാനെന്നും പറഞ്ഞു നിന്‍റെ അമ്മ ഇവിടെ വന്നതുമുതല്‍ തുടങ്ങീതാ എന്നെ ബുദ്ധിമുട്ടിക്കാന്‍.ഞാനിപ്പോ മുരിങ്ങയില കൊണ്ടുവരാത്തത് കൊണ്ടു നിനക്കുകുടിക്കാന്‍ പാലില്ലാണ്ടിരിക്കണ്ട.ചിറ്റ ഇപ്പൊ വരാം.ഉറങ്ങരുത്‌ ട്ടോ."ഞാന്‍ പറഞ്ഞു."മഴക്കാലമല്ലേ,വഴുക്കലുണ്ടാവും,സൂക്ഷിച്ചു കേറണം ട്ടോ".അമ്മ വിളിച്ചു പറഞ്ഞു.ടെറസ്സിലു കാല് വച്ചതേയുള്ളൂ..സ് സ് സ് സ് സ് സ് സ് ...... കാല് വഴുതി.ചന്തി കുത്തി,പുറം തല്ലി വീണു."അമ്മേ....."!!

"കാലിലെ ഓടിവോക്കെ ആറാഴ്ച കഴിഞ്ഞാ ഭേദാവും കുട്ട്യേ..മുത്തശ്ശി കാടാംബുഴേല് മുട്ടെറക്കാന്‍ തേങ്ങകൊടുത്തു വിട്ടിട്ടുണ്ട്ട്ടോ.പിന്നെ ധന്വന്തരി ക്ഷേത്രത്തില് വഴിപാടും.അസുഖങ്ങളൊക്കെ ധന്വന്തരിമൂര്‍ത്തി തഴുകി ഭേദാക്കുംന്നാ പറയ്വാ.പിന്നെ എന്താ ഈ വീഴ്ചാന്നാ വിചാരം?ന്‍റെ കുട്ടീടെ ഭാഗ്യപ്പല്ലിന്റെ ഭാഗ്യം തീര്‍ന്നു.കാരണംന്താന്നറിയ്വോ?ഭാമയ്ക്ക് മുപ്പത്തിരണ്ടാമത്തെ പല്ല് മുളച്ചു തുടങ്ങി.അപ്പൊ പിന്നെ മുപ്പതോന്നാമത്തെ പല്ലിന്‍റെ ശക്തി ക്ഷയിക്കും.ഇനി,അധ്വാനിക്കാതെ,ഭാഗ്യം കൊണ്ട്‌ കാര്യങ്ങള് നടക്കില്ല. എന്ന് വച്ചു മുപ്പതിരണ്ടാമന്‍ ദോഷം ചെയ്യൂല്യ." മുത്തശ്ശി പറഞ്ഞു.

ഞാന്‍ നാവുകൊണ്ട് വായില്‍ തടവി നോക്കി.ശരിയാ,മുപ്പത്തിരണ്ടാമത്തെ പല്ല് മുളച്ചു തുടങ്ങിയിരിക്കുന്നു.ഈശ്വരാ, എന്‍റെ ഭാഗ്യം പോയോ?അപ്പൊ എന്‍റെ മറ്റേ കാര്യം... !!!