Thursday, May 8, 2008

സഹാബ്ലോഗ്ഗെര്‍ക്ക് അന്ത്യാഞ്ജലി


ഫോണിലൂടെ കേട്ട ഭര്‍ത്താവിന്റെ ശബ്ദത്തില്‍ എന്തോ പന്തികേട്‌ !!! "എന്താ,പറയൂ.." ഞാന്‍ ചോദിച്ചു.." അത് പിന്നെ,നല്ല വാര്‍ത്തയല്ല..നമ്മുടെ മനുവേട്ടന്‍ പോയി.."മൂപ്പര് പറഞ്ഞു."അതെ,വിനി ചേച്ചി പറഞ്ഞിരുന്നു..മനുവേട്ടന്‍ വ്യാഴാഴ്ച നാട്ടില്‍ പോകും എന്ന്.." ഞാന്‍ പറഞ്ഞു.."അല്ല,ആള് മരിച്ചു.അതൊരു ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു.നാട്ടില്‍ വച്ചു മരിച്ചു"...മൂപ്പര് വീണ്ടും ഒരു വിധം പറഞ്ഞൊപ്പിച്ചു."എന്താ,വെറുതെ നുണ പറയല്ലേ.."ഞാന്‍ വിശ്വസിക്കാനാകാതെ പറഞ്ഞു.."ഇതു നുണ പറയാന്‍ പറ്റുന്ന കാര്യമാണോ?" എന്നോട് ദേഷ്യപ്പെട്ടു............................................ അതെ..മനുവേട്ടന്‍ പോയി..!! അത് ഇനി വിശ്വസിച്ചേ പറ്റൂ..എനിക്കിതു വിശ്വസിക്കാന്‍ വയ്യെങ്കില്‍ മനുവേട്ടന്റെ ഭാര്യ വിനിചേച്ചിയുടെ അവസ്ഥ..??? വിനി ചേച്ചിയും കുട്ടികളും ദോഹയില്‍ തന്നെ ഉണ്ട്..
ഭര്‍ത്താവ് എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു " എനിക്ക് വിനി ചേച്ചിയെ കാണണം"..അപ്പോള്‍,അദ്ദേഹം പറഞ്ഞു..."അതെങ്ങനെ പറ്റും? അവരോട് കാര്യം പറഞ്ഞിട്ടില്ല.ചെസ്റ്റ് പെയിന്‍ വന്നിട്ട് ഹോസ്പിറ്റലില്‍ അഡമിറ്റ്‌ ചെയ്തിരിക്കുന്നു എന്ന് മാത്രമെ പറഞ്ഞിട്ടുള്ളൂ.ഇനി,നമ്മള്‍ അവിടെ ചെന്നു വെറുതെ അഭിനയിക്കാനായി പോണ്ടേ?"...."പോണം, എനിക്ക് വിനി ചേച്ചിയെ കണ്ടേ പറ്റൂ.."
മനുവേട്ടന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്ന ആ ഫ്ലാറ്റില്‍ ചെന്നു കയറുമ്പോള്‍ ഉള്ളില്‍ പറഞ്ഞറിയിക്കാനാകാത്ത വികാരം ആയിരുന്നു.എന്തായിരിക്കും അവിടത്തെ അവസ്ഥ എന്ന്....കണ്ടയുടന്‍ അലറികരഞ്ഞുകൊണ്ട് വിനി ചേച്ചി പറഞ്ഞു, "എന്‍റെ മനുചേട്ടന്‍ എന്നെ വിട്ടു പോയ്കൊണ്ടിരിക്കുകയാ സ്മിതാ,പിടിച്ചിട്ടു കിട്ടുന്നില്ലെന്ന് പറയുന്നു.ഞാനെന്താ ചെയ്യാ? എനിക്ക് പേടിയാകുന്നു.എനിക്കെന്‍റെ മനുചേട്ടനെ തരണേ ഗുരുവായൂരപ്പാ..!!!"എന്ത് പറയണം എന്നറിയാതെ നിന്ന ഞാന്‍ കുട്ടികളെ കണ്ടു അമ്പരന്നു.അവര്‍ അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥനയിലാണ്.പൂജാ മുറിയില്‍ വിളക്ക് വച്ചു,മണിയടിച്ചു,എത്തമിട്ടു ,നാമങ്ങള്‍ ചൊല്ലി അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥക്കുന്നു.നാലിലും,ഒന്നിലും പഠിക്കുന്ന കുട്ടികള്‍ ഇതില്‍ കൂടുതലായി എന്ത് ചെയ്യാന്‍?
ഇതിനിടയില്‍,അധികം ആരെയും അറിയിക്കാതെ കൂടെ ഉള്ള സുഹൃത്തുക്കള്‍ ഫ്ലൈറ്റ് ടിക്കറ്റ് ബുകിംഗ്,പാകിംഗ് എല്ലാം ശരവേഗത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നു. മനുവേട്ടന്‍ ഇപ്പോഴും ഹോസ്പിറ്റലില്‍ സുഖമില്ലാതെ കിടക്കുകയാണ്,ആ ശരീരത്തില്‍ ജീവന്‍റെ തുടിപ്പ് ഇപ്പോഴും ബാക്കി നില്‍ക്കുന്നു എന്ന പ്രതീക്ഷയില്‍ ഓരോ അഞ്ചു മിനിട്ടു കൂടുമ്പോഴും വിനി ചേച്ചി നാട്ടിലേക്ക് വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുന്നു."അച്ഛാ ഇപ്പോള്‍ എങ്ങനെയുണ്ട്?അമ്മേ, എനിക്ക് എന്‍റെ മനുചേട്ടനെ വേണം.ഡോക്ടറോട് എന്തെങ്കിലും ചെയ്യാന്‍ പറയൂ പ്ലീസ്." സ്വന്തം മകള്‍ വിധവയായെന്നു അവര്ക്കു പറയാന്‍ കഴിയില്ലല്ലോ...പക്ഷെ,പറയാതിരിക്കുന്നത്‌ എങ്ങനെ?വാസ്തവത്തെ അന്ഗീകരിച്ചല്ലേ പറ്റൂ...അമ്മ പറഞ്ഞു"വിനീ,നീയെന്തും നേരിടാന്‍ തയ്യാറായി വരണം"... ആ വാചകത്തില്‍ എന്തോ പന്തികേട്‌ മണത്ത വിനിചേച്ചി എഴുന്നേറ്റു ,എന്‍റെ മനു ചേട്ടന്‍റെ ഹെയര്‍ ബ്രഷ്,വാച്ച്,ഷര്‍ട്ട് ....ഇങ്ങനെ പറഞ്ഞു ഓരോന്ന് പെറുക്കി എടുക്കുമ്പോഴും ഇതി കര്‍ത്താവ്യാ മൂഡരായി ഞങ്ങള്‍ അരികില്‍ നിന്നു.


കരച്ചിലിന്റെയും,പ്രാര്ത്ഥനയുടെയും നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫ്ലൈറ്റ്നു സമയം ആയി.വിനി ചേച്ചി ഒരുങ്ങിയിറങ്ങുന്നു.സാധാരണ കാണാറുള്ളതിനേക്കാള്‍ കൂടുതല്‍ സിന്ദൂരം , സീമന്തരേഖയില്‍ അണിഞ്ഞിരിക്കുന്നു.മനുവേട്ടന് വേണ്ടി ,ഇതു അവസാനത്തെ സിന്ദൂരം അണിയല്‍ ആണ് എന്ന് അറിയാതെ തന്നെ !!! മരണത്തെ നേരിടാനുള്ള യാത്ര !! അതിന് ഏറ്റവും ഭീകരമായ മുഖവും ഉണ്ട്.എവിടെയോ ഒരു നെഞ്ചിടിപ്പ് തന്‍റെ തന്‍റെ പ്രിയതമനില്‍ അവശേഷിക്കുന്നു എന്ന വിശ്വാസത്തില്‍ ആ അമ്മ, മക്കളെയും ചേര്ത്തു പിടിച്ചു വിമാനം കയറി.പ്രവാസികളുടെ ജീവിത ദുരന്തങ്ങളില്‍ ഒന്നു മാത്രം ഇത്.മോഹിച്ചു വാങ്ങിയ എല്‍.സി.ഡി - ടി.വി.യും, ഓരോ തവണ വാങ്ങിക്കൂട്ടിയ പല വിലപ്പെട്ട വീട്ടുപകരണങ്ങളും,ഫര്‍ണിച്ചര്‍കളും ആ വീട്ടില്‍ അവശേഷിപ്പിച്ചു കൊണ്ടു അവര്‍ യാത്രയായി.

വെറും രണ്ടു കൊല്ലം മുമ്പു പരിചയപ്പെട്ട മനുവേട്ടന്‍ !!ആദ്യം കണ്ടപ്പോള്‍ തോന്നി - "ഒരു ജാഡയുള്ള മനുഷ്യന്‍".ദോഹയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ജി.എച്ച് .ഡി.യില്‍ സീനിയര്‍ പ്രൊജക്റ്റ്സ് മാനേജരായ മൂപ്പര്‍ക്ക് സ്വല്‍പ്പം ജാടയൊക്കെ ആകാം.പക്ഷെ,പിന്നീട് അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായി , ബന്ധങ്ങള്‍ക്ക്‌ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ വില നല്കുന്ന സ്നേഹ സംബൂര്‍ണനായ പിതാവും,ഭര്‍ത്താവും ആയ മനുഷ്യനാണ് എന്ന്.മലയാളത്തെ സ്നേഹിക്കുന്ന,നാടിനെ സ്നേഹിക്കുന്ന,സൌഹൃദങ്ങള്‍ക്ക് വില നല്കുന്ന,അക്ഷരങ്ങളെ സ്നേഹിക്കുന്ന,ഒരുപാടു റൊമാന്റിക് ആയ,എല്ലാത്തിനുമുപരി ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന ഒരു ഏട്ടനായിരുന്നു അത്.
പ്രീതയുടെ ആവശ്യ പ്രകാരം ബ്ലോഗ് എഴുതിതുടങ്ങുംപോഴും ഉള്ളില്‍ ഒരുപാടു സംശയങ്ങള്‍ ഉണ്ടായിരുന്നു.പരദേശി യെന്ന പേരില്‍ വളരെ നാളുകള്‍ക്കു മുന്പേ,ബ്ലോഗിങ്ങ് തുടങ്ങിയ മനുവേട്ടന്‍ ,ഓര്‍ക്കുട്ടില്‍ ഓരോ സ്ക്രാപ്പിലൂടെയും സംശയം തീര്‍ത്തു തന്നു.പരദേശിയുടെ ബ്ലോഗിലൂടെ ഒരു ഓട്ടപ്രദക്ഷിണം വച്ചപ്പോള്‍,അതില്‍ കുറെ ഫോട്ടോസ് മാത്രമെ കാണാന്‍ കഴിഞ്ഞുള്ളു.അക്ഷരങ്ങളെ സ്നേഹിക്കുന്ന പരദേശി എന്തെ എഴുതി തുടങ്ങാത്തത്‌ എന്നതിനുള്ള മറുപടി തമാശയായി അദ്ദേഹം പറഞ്ഞു,"ഒരുപാടു പിന്തിരിപ്പന്‍ ശക്തികള്‍ ഉണ്ട്.അവയെ ഒക്കെ ശക്തമായി വെല്ലുവിളിച്ചു ഞാനും എഴുതാന്‍ തുടങ്ങുന്നു." സ്ക്രാപ്പ് വായിച്ചു ,അധികം ആരും ശ്രദ്ധിക്കപ്പെടാത്ത ആ ബ്ലോഗിലെ പുതിയ പോസ്റ്റ് പ്രതീക്ഷാപൂര്‍വം ഞാന്‍ തിരഞ്ഞു.അതെ,ശരിയാണ്!! തുടങ്ങിയിരിക്കുന്നു.."കള്ളന്‍" എന്ന പേരില്‍ ഒരു കൊച്ചു സംഭാഷണ ശകലം. വായിച്ചപ്പോള്‍ ഒരുപാടു സന്തോഷം തോന്നി.
മരണത്തിന്റെ ശേഷിപ്പായി,ചേതനയറ്റ ആ ശരീരം വിനി ചേച്ചി എങ്ങനെ നോക്കി കാണും?യാധാര്ത്യത്തെ ഉള്‍ക്കൊണ്ടു ജീവിതയാത്രയില്‍ വഴിപിരിഞ്ഞു പോയ ആ പങ്കാളിയുടെ ഓര്‍മ തണലില്‍ വിശ്രമിച്ചു കൊണ്ടു ഇനിയും യാത്ര തുടരെണ്ടതില്ലേ?ആ പെണ്കുഞ്ഞുങ്ങള്‍ക്ക് ഇനി സംരക്ഷണം നല്‍കേണ്ട ആ ചിറകുകള്‍ ഒരിക്കലും കുഴയാതിരിക്കട്ടെ..നമുക്കും പ്രാര്‍ത്ഥിക്കാം..ആ കുടുംബത്തിന്‌ വേണ്ടി.ശുഭപ്രതീക്ഷകള്‍ക്ക് മങ്ങലെല്‍ക്കാതെ ,ഒരു യാത്രയും അവസാനിക്കുന്നില്ലെന്നു നമുക്കു മനസ്സിനെ പഠിപ്പിക്കാം.
മനുവേട്ടനെ കുറിച്ചുള്ള തെളിഞ്ഞ ഓര്‍മകള്‍ അക്കമിട്ടു നിരത്താന്‍ ഒരുപാടുണ്ട്.ഒന്നിച്ചുള്ള ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ ,ഡിന്നരുകള്‍,കുടുംബ യോഗങ്ങള്‍ ,തമാശ നിറഞ്ഞ സ്ക്രാപ്പുകള്‍,ഇ-മെയിലുകള്‍.....പക്ഷെ,അവയെല്ലാം..ഞങ്ങളുടെ ഓര്‍മകളില്‍ തന്നെ ഇരിക്കട്ടെ. അപരിചിതര്‍ക്ക് അതെല്ലാം വെറും അപ്രധാനമായ കാര്യങ്ങള്‍ മാത്രം..അതുകൊണ്ട് തന്നെ പകരം മനസ്സുകൊണ്ട് ഒരു ഉരുള ബലിചോറു ഞാന്‍ വേദനയുടെ നാക്കിലയില്‍ സമര്‍പ്പിക്കട്ടെ..എന്നും മനസ്സിന്റെ കോണില്‍ ഒരു സ്നേഹ സമ്പന്നനായ ഈ വൈകി കിട്ടിയ ഏട്ടന് ഒരു സ്ഥാനം ഉണ്ടാകും.ഒരു നല്ല ഇ-മെയില് വന്നാല്‍ ഫോര്‍വേഡ് ചെയ്യാന്‍ ഇനി,മനുവേട്ടന്‍ ഈ ലോകത്ത് ഇല്ല.
മുപ്പതോമ്പതാമത്തെ വയസ്സില്‍ ഈ ലോകത്ത് നിന്നു വിട പറഞ്ഞ മനുവേട്ടന്‍ എന്ന വ്യക്തിയില്‍ നിന്നു പരദേശിയെന്ന ബ്ലോഗ്ഗരിലേക്ക് എത്ര ദൂരം ഉണ്ട് എന്നെനിക്കറിയില്ല.തിരിച്ചു,പരദേശിയില്‍നിന്നും മനുവേട്ടന്‍ എന്ന വ്യക്തിയിലെക്കും..ഇനി,പക്ഷെ ആ ബ്ലോഗ്ഗര്‍ നമുക്കായി ഒന്നും എഴുതില്ല.ആ അക്ഷര സ്നേഹിയുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ടു..
പരദേശിയുടെ ബ്ലോഗ് നിങ്ങള്‍ക്കും സന്ദര്‍ശിക്കാം.. http://paradesy.blogspot.com ഇവിടെ നോക്കിയാല്‍ മതി..

89 comments:

smitha adharsh said...

ഞങ്ങളുടെ family friend ആയിരുന്ന മനോജ് പ്രഭാകര്‍ ഒരു ബ്ലോഗറും ആയിരുന്നു.ഈ ലോകത്ത് നിന്നും വിട പറഞ്ഞ അദ്ദേഹത്തിനു ആദരാഞ്ജലികള്‍..!!!

പാമരന്‍ said...

ദുഃഖത്തില്‍ പങ്കു ചേരുന്നു.

പാമരന്‍ said...

ദുഃഖത്തില്‍ പങ്കു ചേരുന്നു.

Inji Pennu said...

:(

ചിതല്‍ said...

അവര്‍ക്ക് സമാധാനം നല്‍കണോ... ദൈവമേ,,,,
ശരിക്കും മനസ്സ് വിങ്ങുന്നു... വെറും 39 വയസ്സ്..
എത്ര പെട്ടെന്നായിരിക്കും നമ്മുടെ ബ്ലോഗ്ഗുകള്‍ക്കും അഡ്മിനിയെ നഷ്ടപെടാന്‍ പോകുന്നത്.. അറിയില്ല..

evuraan said...

പ്രാര്‍ത്ഥനാപൂര്‍വ്വം, ആദരാഞ്ജലികള്‍..!

Anonymous said...

A star has been added up in heaven..twinkling and watching over you forever..look up and take heart..A loved one that has finished their life on earth is not dead, there life has just began. They are still with us in spirt. That you must beleive.

ഗുപ്തന്‍ said...

ആദരവും പ്രാര്‍ത്ഥനകളും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആദരാഞ്ജലികള്‍

നന്ദു said...

സ്മിതയുടെ പോസ്റ്റ് കണ്ട് അടുത്ത കഥയാ‍കുമെന്നു കരുതി ഓടി വന്നതാ....പക്ഷെ....!!

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ഒപ്പം കുടുംബത്തിന്റെ തീരാ ദു:ഖത്തിൽ പങ്കുചേരുന്നു..

അഞ്ചല്‍ക്കാരന്‍ said...

ഹോ....
ഇങ്ങിനെയൊരു പോസ്റ്റും അതിനൊരു കമന്റും ആദ്യമായാണ്. ഇന്നലെവരെ നമ്മോടൊപ്പം യാത്ര ചെയ്തിരുന്ന ഒരാ‍ള്‍ ഇന്നില്ല. ബ്ലോഗ് മാത്രം അവശേഷിപ്പിച്ച് ഈ സമൂഹത്തില്‍ നിന്നും യാത്രയായിരിക്കുന്നു....എന്നെന്നേക്കുമായി..ബ്ലോഗ് പൂട്ടുന്നു എന്ന കുറിപ്പില്ലാതെ...വിട വാങ്ങല്‍ ചടങ്ങുകളില്ലാതെ....

ആ ബ്ലോഗിലേക്ക് ഇപ്പോള്‍ കടക്കുമ്പോള്‍ മരണത്തിന്റെ തണുത്ത സ്പര്‍ശം അനുഭവിക്കുന്നത് പോലെ...

ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു. ഒപ്പം ഇന്നി ഒരു മടങ്ങി വരവില്ലാത്ത ലോകത്തേക്ക് യാത്രയായ പരദേശിയുടെ ആത്മാവിന് നിത്യ ശാന്തിയും നേരുന്നു.

പ്രാര്‍ത്ഥനയോടെ....ഒരു നിമിഷം!

അനില്‍ശ്രീ... said...

കൂടുതല്‍ ഒന്നുമറിയില്ലെങ്കിലും മനോജിന്റെ കുടുംബത്തിന് പിടിച്ച് നില്‍ക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു. അവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു.

കാപ്പിലാന്‍ said...

ദുഃഖത്തില്‍ പങ്കു ചേരുന്നു.

മയൂര said...

ആദരാഞ്ജലികള്‍...

JamesBright said...

മനോജിനെ അറിയില്ലെങ്കിലും ആ കുടുംബത്തിന്റെ വേദനയില്‍
ഞാനും പങ്കുചേരുന്നു. അവരെ ദൈവം കാത്തുകൊള്ളും!

കാന്താരിക്കുട്ടി said...

മനോജിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു..ഈ വേര്‍പാട് താങ്ങാന്‍ വിനിചേച്ചിക്കും മക്കള്‍ക്കും തമ്പുരാന്‍ ശക്തി നല്കട്ടെ..

ദസ്തക്കിര്‍ said...

ആദരാഞ്ജലികള്‍

rajesh said...

ആദരാഞ്ജലികള്‍.

നേരിട്ട്‌ പരിചയമില്ല പക്ഷേ.........

ഏതു നിമിഷവും ആര്‍ക്കും വരാവുന്ന ഒരു സ്ഥിതി.

സു | Su said...

:( ആദരാഞ്ജലികള്‍.

ശ്രീലാല്‍ said...

ആദരാഞ്ജലികള്‍.

കരീം മാഷ്‌ said...

പ്രാര്‍ത്ഥനാപൂര്‍വ്വം,
ആദരാഞ്ജലികള്‍..!

നാടന്‍ said...

:(

Nishedhi said...

ആദരാഞ്ജലികള്‍!

ഞാന്‍ ഇരിങ്ങല്‍ said...

ഒരാള്‍ പിരിഞ്ഞു പോയിരിക്കുന്നുവെന്ന് വിശ്വസിക്കാന്‍ എനിക്ക് എന്നും ബുദ്ധിമുട്ടാണ്. നന്ദു വാണ് ഈ പോസ്റ്റ് ലിങ്ക് തന്ന് വായിക്കാന്‍ പറഞ്ഞത്.
ഒരു സഹബ്ലോഗര്‍ എന്നതില്‍ കവിഞ്ഞ് എല്ലാ ബ്ലോഗറിനോടും സ്നേഹത്തിനന്‍റെ ഒരു അടുപ്പമുണ്ടെനിക്ക്. ഇതെനിക്ക് ശരിക്കും വേദന തന്നു.

അനാഥമായ ഒരു ബ്ലോഗ് അത് എനിക്ക് ആലോചിക്കാന്‍ വയ്യ.

കുടുംബത്തിന് എന്നും സര്‍വ്വശക്തന്‍ മനക്കരുത്ത് നല്‍കട്ടേ എന്ന് ആഗ്രഹിക്കുകയും മനോജിന്‍ റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

കുറുമാന്‍ said...

പരേതാത്മാവിനു ആദരാഞ്ജലികള്‍.

അദ്ദേഹത്തിന്റെ കുടുബത്തിന്, ഈ അവസരത്തിലും തുടര്‍ന്നുള്ള ജീവിത പ്രയാണത്തിലും സര്‍വ്വേശ്വരന്‍ തുണയായിരിക്കട്ടെ,ഒപ്പം നല്ലവരായ മനുഷ്യരും.

സി. കെ. ബാബു said...

ബന്ധുക്കളുടെയും മിത്രങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Preetha Nair said...

May Vinichechi find the courage and strength to face the reality...
May his soul rest in peace...
Valladaayipoyi vaayichitt...:( :(

annamma said...

ആദ്യമായാണ് ഈ വഴി വന്ന്ത്.ദുഃഖത്തില്‍ പങ്കു ചേരുന്നു

വല്യമ്മായി said...

പരേതാത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം ഈ തീരാനഷ്ടം താങ്ങാനുള്ള ശക്തി ആ കുടുംബത്തിനു കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

തറവാടി,വല്യമ്മായി

Anonymous said...

പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

My......C..R..A..C..K........Words said...

manuchettanu aadaranjalikal

ഗുരുജി said...

ആദരാഞ്ജലികള്‍. പരദേശിയുടെ ബ്ലോഗ് പലതവണ കണ്ടിട്ടുണ്ട്‌..ഇനി ഒരു കമന്റ് അദ്ദേഹത്തിനു ആവശ്യമില്ല...ദു:ഖത്തില്‍ പങ്കുചേരുന്നു.

ശ്രീവല്ലഭന്‍. said...

ആദരാഞ്ജലികള്‍!

മനോജിന്റെ കുടുംബാംഗങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയട്ടെ. ഇപ്പോഴാണ് ബ്ലോഗ് ശ്രദ്ധിക്കുന്നത്‌.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഞാന്‍ വളരെ വൈകി ഇവിടെ എത്താന്‍ സാധാരണ സ്മിതയുടെ ബ്ലോഗില്‍ വരുമ്പോള്‍
എന്തെലും കഥയോ ഓര്‍മ്മകുറിപ്പുക്കളോ
ഒക്കെയാകും വായിക്കാന്‍ ഉണ്ടാകുക ഇതിപ്പോ
മനസിനു വലിയ ഭാരം പകരുന്നതു പോലെ .ഞാന്‍ ഇതുവരെ മനോജേട്ടന്റെ ബ്ലോഗില്‍
വന്നിട്ടില്ല എന്നിട്ടും ഏതോ ഒരു വലിയ ശുന്യത
നമ്മുടെ പ്രിയപെട്ടവര്‍ നമ്മേ വിട്ടു പിരിയുമ്പോഴുള്ള
വേദന
ഒരു പക്ഷെ അറിയുന്നവരും അറിയാത്തവരുമായ
ഒരു വലിയ സമൂഹത്തെ ബ്ലോഗ് ലോകത്തെ
ഇഷ്ട്പെടുന്നു കൊണ്ടാകാം
മനോജേട്ടന്റെ കുടുംബത്തിനു വേണ്ടി പ്രാതഥൈക്കുന്നു

MANOHAR said...

Normally, I write the so-called funny comments about your writings.
but this blog, Smitha , it was really a touching one …
“jeevitha naadakathil, rangabodhamillathe kadannu varunna komaaliyaanu maranam” ennu aaraanu paranjathu…. I read this in one MT’s work, but he was quoting some western writer.
“vini chechi ini enthu cheyyum” enna chodyam, bheethijanakamayi ippozhum muzhangunnu…. Did I foresee something tragic myself ?
I don’t know Manoj personally… but the vacuum he created in the mind of a co-blogger and an “aniyathi” itself gives a picture of his personality.
Well done smitha, for this small offering of his obituary.

സാദിഖ്‌ മുന്നൂര്‌ said...

smitha, valare nannayi hridayathil thattunna vidham ezhuthiyirikkunnu.
annu charam vartha edit cheyyanulla chumathala enikkayirunnu. pazhaya oru cricket tharathinte ormakalunarthunna aa perum Ojassulla aa mukhavum annathe charama kolathil verittu ninnirunnu. charama kolathile oru peru polum nammude manassil nilkkilla.. pakshe Manoj prabhakar enna perum aa mukhavum pettennu thirichariyaanakunnu.. ee post veendum oru nombaramayi marukayanu.. parichayamillenkilum viniyudeyum kuttikaludeyum dukhathil ee sahodaranum panku cherunuu.....

ഡാലി said...

ആദരാഞ്ജലികള്‍

താരകം said...

ദൈവമേ, വിനിക്കും മക്കള്‍ക്കും പിടിച്ചു നില്‍ക്കാനാവട്ടെ. മനസ്സു വല്ലാതെ വിങ്ങിപ്പോയി.

അതുല്യ said...

ഒറ്റയ്ക്കുള്ള യാത്രയില്‍ എന്നും കരുത്തുണ്ടാവട്ടെ എല്ലാ ഭീതികളേയും ഈ കുടുംബത്തിനു നേരിടുവാന്‍.

പതാലി said...

ആദരാഞ്ജലികള്‍

ദ്രൗപദി said...

ആദരാഞ്ജലികള്‍...

Thadhagadhan said...

അദരാഞ്ജലികള്‍

smitha adharsh said...

ശരിക്കും,ഒരു മരണ വീടായി തോന്നി,ഈ പോസ്റ്റും കമന്റ്സ് ഉം എല്ലാം ഒന്നു കൂടി വായിച്ചപ്പോള്‍...ഇവിടെ വന്നു പോസ്റ്റ് വായിച്ചു, വേദനയില്‍ ചേര്‍ന്നു ആശ്വസിപ്പിച്ചതിനു നന്ദി... എല്ലാവരുടെയും പ്രാര്ത്ഥനകള്‍ ആ കുടുംബത്തിനു ആശ്വാസം പകരട്ടെ...

ഈ പോസ്റ്റ് എന്‍റെ ഉള്ളില്‍ തട്ടി എഴുതിയതാണ്..ഒരു ഫ്രണ്ട് പറഞ്ഞു - മറ്റുള്ളവരുടെ വേദനകള്‍ ഇങ്ങനെ എഴുതിപ്പിടിപ്പിക്കരുത് , അത് അവരുടെ സ്വകാര്യ ദു:ഖം ആണ്...അതെല്ലാം,ബ്ലോഗ് എഴുതി പരസ്യമാകകാനുള്ളതല്ല എന്ന്.... ശരിയായിരിക്കാം... എന്നാലും,ഒരു ബ്ലോഗ്ഗര്‍ ഈ ലോകത്ത് നിന്നും പോയത് കുറച്ചു സ്നേഹിതര്‍ കൂടി അറിഞ്ഞിരിക്കണം എന്ന് തോന്നി.. എല്ലാവരുടെയും വികാരങ്ങള്‍ പല പേരിട്ടു,പോസ്റ്റ് ചെയ്യുമ്പോള്‍ എല്ലാവരും ഓടിയെത്തി വായിച്ചു കമന്റ് ഇടുന്നത്...നേരം പോക്ക് മാത്രമല്ല എന്നെനിക്കു തോന്നിയിരുന്നു. അത് വികാരങ്ങളുടെ ഒരു പങ്കുവയ്പ്പ് കൂടി അല്ലെ? ശരിയായാലും ഇല്ലെങ്കിലും,ഈ വേദന എനിക്ക് പങ്കു വക്കാന്‍ തോന്നി...നല്ലവരായ ഒരുപാടു പേര്‍ ഓടിവന്നു...നന്ദി..നന്ദി..നന്ദി..
എങ്കിലും,ഒന്നു കൂടി പറയട്ടെ.... ഈ പോസ്റ്റ് നു "വേദനയുടെ ഒരു തുറന്നു പറച്ചില്‍" ... അത് മാത്രമെ ഞാന്‍ അര്‍ത്ഥമാക്കിയിട്ടുള്ളൂ.മറിച്ചൊന്നും ധരിക്കരുത്...അങ്ങനെ മറിച്ച് ഒരു ധാരണ വന്നെന്കില്‍ മാപ്പ്.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ആദരാഞ്ജലികള്‍
മനുവേട്ടന്റെ വിയോഗം ശരിക്കും ഞെട്ടിച്ചു! മനുവേട്ടന് പ്രണാമം. ഈ ബ്ലോഗ് എന്നും നിലനില്‍ക്കും, പക്ഷെ, കമന്റെഴുതുമ്പോഴും ഈ ബ്ലോഗിന്റെ ഉടമ.. ഇന്ന് നമ്മോടൊപ്പം ഇല്ല! അങ്ങ് ദൂരെ എവിടെയെങ്കിലും എല്ലാം അറിഞ്ഞുകൊണ്ട് മനുവേട്ടന്‍ ഉണ്ടാവും.

ഇന്ന് രാവിലെ പ്രശസ്ത തിരക്കഥാകൃത്ത് ടി.എ.റസാഖ് സംഭാഷണമധ്യേ എന്നോട് പറഞ്ഞത് ഇവിടെ സൂചിപ്പിച്ചോട്ടെ: “എഴുത്ത് തുടരുക, അതെന്നും നിലനില്‍ക്കും കാലങ്ങളോളം, അഭിനേതാവിനെ പെട്ടെന്ന് മറന്നാലും എഴുത്തുകാരന്‍ എന്നും എഴുത്തിലൂടെ സ്മരിക്കപ്പെടും!”
ഒരുപാട് അതിനെക്കുറിച്ച് ആലോചിച്ച് ഇതും കൂടി അറിഞ്ഞപ്പോള്‍ ഷോക്കായി.

RaFeeQ said...

പ്രാര്‍ത്ഥനാപൂര്‍വ്വം, ആദരാഞ്ജലികള്‍..!

ഹരീഷ് തൊടുപുഴ said...

ആദരാഞ്ജലികള്‍...........

നന്ദു said...

സ്മിത, ആരെന്തു പറഞ്ഞാലും താങ്കൾ ചെയ്തത് ശരി തന്നെയാൺ. മരണം സ്വകാര്യ ദുഖം മാത്രമല്ല. അതു മരിച്ചയാളെ സ്നേഹിക്കുന്നവരുടെയും ദുഖം കൂടെയാൺ. ഇവിടെ വന്ന് കമന്റിട്ട ഭൂരിഭാഗം ആൾക്കാരും മനോജിനെ അറിയാത്തവരാൺ. പക്ഷെ ഒരു സഹബ്ലോഗർ എന്ന നിലയിൽ ആ വേറ്പാട് എല്ലാരെം ദുഖത്തിലാ‍ക്കി.

ഇതൊരു നല്ലകാര്യമായിട്ടെ എനിക്കു തോന്നിയുള്ളു...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

May his soul rest in peace. We share the sorrows of his family members.

Anonymous said...

Manoj ne valare aduthu ariyamenkilum ,maranam ariyan vaiki...athu ennaanu sambhavichathu ennu mathram arinjirunnilla...smitha ee blog ittathu nannayi...manoj nte blog nu comments idaan aarum thanne illayirunnu ,pakshe manoj ne kurichulla blog nu varunna comments theerchayayum Manoj kanunnundennu thanne njan viswassikkunnu...smitha cheythathu nalla karyam thanne...marana shesham aanenkil koodi kure adhikam bloggers ippol manoj ne ariyunnundallo,avarudeyellam prardhanakalum aa kudumbathinundallo...

ബിന്ദു said...

:(

മെലോഡിയസ് said...

പരേതാത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന് എപ്പോഴും ദൈവം തുണയായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുക്കുന്നു.

വാല്‍മീകി said...

പ്രാര്‍ത്ഥനാപൂര്‍വ്വം, ആദരാഞ്ജലികള്‍..!

saptavarnangal said...

:(

മുസാഫിര്‍ said...

ഇനിയങ്ങോട്ടുള്ള ജീവിതയാത്രയില്‍ മനോജിന്റെ അദൃശ്യ സാന്നിദ്ധ്യം വിനിക്ക് കരുത്ത് പകരട്ടെ.

kumar © said...

പരേതാത്മാവിനു ആദരാഞ്ജലികള്‍.

Visala Manaskan said...

:((

അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍. :(

വിഷ്ണു പ്രസാദ് said...

ആദരാഞ്ജലികള്‍

sandoz said...

ആദരാഞ്ജലികള്‍......

ഡ്രിസില്‍ said...

:(

മിടുക്കന്‍ said...

ആദരാഞ്ജലികള്‍

JA said...

ആദരാഞ്‌ജലികള്‍..

kaavalaan said...

ആദരാഞ്ജലികള്‍

ദേവന്‍ said...

അദ്ദേഹത്തിന്‌ ആദരാഞ്ജലികള്‍. എന്റെ പ്രായമായിരുന്നു, എന്നെപ്പോലെ മലയാളത്തില്‍ ബ്ലോഗെഴുതുന്ന ഒരാളായിരുന്നു എന്നല്ലാതെ ഒന്നുമറിയില്ല, എങ്കിലും ഒരു കുടുംബാംഗത്തിന്റെ വിയോഗം പോലെ തന്നെ തോന്നുന്നു.
അദ്ദേഹത്തിന്‌ ആദരാഞ്ജലികള്‍. എന്റെ പ്രായമായിരുന്നു, എന്നെപ്പോലെ മലയാളത്തില്‍ ബ്ലോഗെഴുതുന്ന ഒരാളായിരുന്നു എന്നല്ലാതെ ഒന്നുമറിയില്ല, എങ്കിലും ഒരു കുടുംബാംഗത്തിന്റെ വിയോഗം പോലെ തന്നെ തോന്നുന്നു.

മറിയം ഒരിക്കല്‍ ബ്ലോഗിലെഴുതി. ഓരോ നിമിഷവും നമ്മള്‍ മരണത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നു- ഇടത്തോട്ട് മാറിയതുകൊണ്ട്, മരുന്നു കഴിച്ചതുകൊണ്ട്, മരുന്നു കഴിക്കാത്തതുകൊണ്ട്, ഒരു മിനുട്ട് താമസിച്ചതുകൊണ്ട്... ഒരൊഴിവു പിഴയ്ക്കുമ്പോള്‍, ഒരൊറ്റത്തവണ പിഴയ്ക്കുമ്പോള്‍ എല്ലാം കഴിഞ്ഞു.

വിചാരം said...

:(

വിചാരം said...

:(

വിചാരം said...

ഒരു മനുഷ്യന്റെ ഏറ്റവും വലിയ നേട്ടം അവന്‍ നന്മ നിറഞ്ഞ ഹൃദയധാരിയായിരുന്നുവെന്ന് മാലോകര്‍ പറയുമ്പോഴാണ്.അവനെ ഓര്‍ത്ത് ഒരിറ്റ് കണ്ണീര്‍ വീഴ്ത്തുമ്പോഴാണ്
ഇനിയും ഒത്തിരി കാലം ജീവിയ്ക്കാമെന്നുള്ള അഹങ്കാരത്തിലാണ് ഞാന്‍ ... അതല്ലാം വൃഥാ സ്വപ്നങ്ങളാണ് ഫാറൂഖ് എന്നുറക്കെ മനു വിളിച്ചു പറയുന്നു. ഞാന്‍ കാണാത്ത, ഞാന്‍ അറിയാത്ത മനുവിന്റെ വേര്‍പ്പാട് ഹൃദയത്തിലെവിടെയോ ഒരു നൊമ്പരമുണ്ടാക്കുന്നുവെങ്കില്‍ അവരുടെ ആശ്രിതരുടെ വേദന എത്രയായിരിക്കും ..

smitha adharsh said...

ഒരുപാടു വി.ഐ.പി. കള്‍ കമന്റ് ഇട്ട ഒരു പോസ്റ്റ്!!!!! എനിക്ക് പക്ഷെ,അങ്ങനെ അഭിമാനിക്കാനും വഴിയില്ലല്ലോ... കാരണം,എന്റെ സര്‍ഗാത്മകത ക്ക് കിട്ടിയ അംഗീകാരം അല്ലല്ലോ.. അത്..
എങ്കിലും,ആശ്വസിക്കാം...ഇത്രയും പേരുടെ പ്രാര്‍ത്ഥനകള്‍ മനുവേട്ടന്റെ ആത്മാവിനും,കുടുംബത്തിനും കിട്ടിയല്ലോ...നന്ദി...നന്ദി...നന്ദി...

തസ്കരവീരന്‍ said...

ആളിനെ എനിക്ക് മുന്‍പരിചയമില്ല -
ഈ കുറിപ്പ് മനസ്സില്‍ തൊട്ടു.
"എന്‍റെ മനു ചേട്ടന്‍റെ ഹെയര്‍ ബ്രഷ്,വാച്ച്,ഷര്‍ട്ട് ....ഇങ്ങനെ പറഞ്ഞു ഓരോന്ന് പെറുക്കി എടുക്കുമ്പോഴും ഇതി കര്‍ത്താവ്യാ മൂഡരായി ഞങ്ങള്‍ അരികില്‍ നിന്നു"
ആ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.

Ranjith chemmad said...

ആദരാഞ്ജലികള്‍..............

P.R said...

ആദരാഞ്ജലികള്‍..
കുടുമ്പത്തിനു എല്ലാ വിധ ശക്തിയും, ഊര്‍ജ്ജവും ഇനിയങ്ങോട്ടുണ്ടാകട്ടെ.. :(

അലിഫ് /alif said...

ആദരാഞ്ജലികള്‍..

ഉഗാണ്ട രണ്ടാമന്‍ said...

ആദരാഞ്ജലികള്‍..!

ഉഗാണ്ട രണ്ടാമന്‍ said...

ആദരാഞ്ജലികള്‍..!

ഭൂമിപുത്രി said...

സ്മിതാ,ഞാനിതു കാണാന്‍ വൈകി.
സ്മിത ആ വീട്ടില്‍ കണ്ടതൊക്കെ വിവരിച്ചപ്പോള്‍,മരണത്തിന്റെ
രുചി മറവിയില്‍നിന്ന് വീണ്ടും നാക്കിലെത്തിയപോലെ..
വിനിയ്ക്കും കുടുംബത്തിനും മനശാന്തി ആകുന്നതും വേഗം
തിരിച്ച്കിട്ടാന്‍ പ്രാറ്ത്ഥിയ്ക്കുന്നു.
മനോജിന്റെ ആത്മാവിന്‍സ്വസ്ഥിയും.

Anonymous said...

Ottakkayi pokunnathinte nombaram nannayi ariyunnathu kondu thanne ,ethrayum pettennu aa kudumbathinu verpaadu thangaan pattatte ennu prardhikkunnu...

M A N U . said...

condolence....

അനൂപ് തിരുവല്ല said...

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

smitha adharsh said...

ഒരിക്കല്‍ കൂടി ഇവിടെ വന്നു മനുവേട്ടന്റെ ആത്മാവിനായി പ്രാര്‍ത്ഥച എല്ലാവര്ക്കും നന്ദി...

Sharu.... said...

അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം ആ കുടുംബത്തിന് ഈ ദുരന്തം താങ്ങാനുള്ള കരുത്തുണ്ടാകണേ എന്നും.

Kiranz..!! said...

: ജോണ്‍സേ,കുറേ നാള്‍ ആയല്ലോടാ കണ്ടിട്ട്,ഭാര്യക്ക് ജോലിയായൊടാ ?
: മറുപടിയില്ല..!
: എന്തോന്നെഡേയ് വല്യ ദുബായിക്കാരനായി എംടെക്ക് കാരിയെ കല്യാണം കഴിച്ച് ദുബായില്‍ കൊണ്ടോയപ്പോ മിണ്ടാന്‍ ഒരു വൈക്ലബ്യം ?
കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം മറുപടിയെത്തി, Hi, Johns is no more since a week,I am his wify,just checking his messages n' mails..!

പ്രതികരിക്കാനറിയാതെ ആ ചാറ്റ് വിന്‍ഡോ തന്നെ ക്ലോസ്സ് ചെയ്ത് കമ്പ്യൂട്ടറും ഷട്ട് ഡൌണ്‍ചെയ്ത് ഇരിക്കുവാന്‍ തോന്നിപ്പോയി.ഒരു കൂട്ടുകാരന്റെ മരണവാര്‍ത്ത ഇങ്ങനെ അറിയേണ്ടി വന്നിട്ടധികകാലമായില്ല.വീണ്ടും ഒരു പ്രവാസത്തിനു ദോഹ തിരഞ്ഞെടുത്തപ്പോ ഒരിക്കലും പ്രതീക്ഷിച്ചതല്ല ഒരു ദോഹക്കാരന്‍ ബ്ലൊഗര്‍ കാലത്തിനപ്പുറമൊരു പരദേശിയായ്ത്തന്നെ ഓടി മറയുമെന്ന് .ആദരാഞ്ജലികള്‍ മനോജ് ഭായ്..! ഖത്തറിലെ നിയമങ്ങള്‍ അറിയാവുന്നത് കൊണ്ടു തന്നെ ആ കുടുംബത്തിന്റെ തീരാനഷ്ടത്തില്‍ പങ്കു ചേരുന്നു.

പോങ്ങുമ്മൂടന്‍ said...

:(

വാളൂരാന്‍ said...

ഹാ, ഈ ലിങ്ക് എനിക്കു കിട്ടിയില്ലായിരുന്നെങ്കില്‍ എന്നൊരു നിമിഷം ആഗ്രഹിച്ചുപോയി.... അറിയില്ല എന്തെഴുതണമെന്ന്..

Rafeek Manchayil said...

condolence....

ശ്രീ said...

നേരിട്ടറിയില്ലെങ്കിലും ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ, മനസ്സിനൊരു വിഷമം. ആ ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യ ശാന്തിയ്ക്കായി പ്രാര്‍ത്ഥിയ്ക്കുന്നു.

monu said...

...പ്രവാസികളുടെ ജീവിത ദുരന്തങ്ങളില്‍ ഒന്നു മാത്രം ഇത്....

True

:(

Anonymous said...

Kutti, hridaythil sparshichu vallathe. Manoj poyathinte vishamathil ninnu melle thirike varikayayurunnu. Appoyazhanu ee blog enikku kittiayathu. ravile muzhuvan vayikkan ayiilya. It was so touching and Smitha don't think you have done something wrong. Manojine ariyunnavar arum angine karithilya. Oru cheru punchiri ellavarukum aayi nalki poya manojum angine karuthilya.Enikku manoj ente friendinte annanayirunnu.

:(
mummiykum, vinikkum, makkalkum, annante aniyathikum, manojinte ella priyappatavarkum eeshwaran shakti nalkatte.

girish varma ...balussery.... said...

"അപരിചിതര്‍ക്ക് അതെല്ലാം വെറും അപ്രധാനമായ കാര്യങ്ങള്‍ മാത്രം " അല്ല സ്മിത മാഡം... വായിച്ചപ്പോള്‍ വല്ലാതായി.. പരിചിതനായ ഒരാളുടെ മരണം പോലെ തന്നെ.... ഞാനും പരേതാത്മാവിന് ആദരാജ്ഞലികള്‍ അര്‍പിക്കുന്നു

അക്കു അഗലാട് said...

ദുഃഖത്തില്‍ പങ്കു ചേരുന്നു.......

Satheerthyan said...

Orupaadu per othuchernnu oru pravaahamaay ozhukunnu.........
Jeevithathine ee yaathrayil parasparam pankuvechum,kalahichum kaivazhikalaay pirinjum vaandum othuchernnum naam anasyutham ozhukunnu....
Ee ozhukkinidayil verpirinja suhruthinu...
KANNEERPOOVUKAL!!!!!