Tuesday, November 18, 2008

കാലാഹരണപ്പെട്ട മാപ്പ്...അച്ഛാച്ചയോട്

മുന്‍പ് ആരോ കുറിച്ചു വച്ചു,"ചേര്‍ന്നിക്കുമ്പോള്‍ അല്ല ...പിരിഞ്ഞ് ചിതറിപ്പറിഞ്ഞു പോകുമ്പോഴാണ് സ്നേഹത്തിന്റെ ആഴം അറിയുന്നത്" എന്ന്.അതെ, ഇന്നെനിക്കോര്‍ക്കാന്‍ കഴിയുന്നു...അച്ഛന്റെ അച്ഛനെ ഞങ്ങള്‍ "അച്ഛാച്ച" യെന്നു വിളിച്ചു.പരുക്കനായ ആ അച്ഛാച്ച ജീവിച്ചിരിക്കുമ്പോള്‍ ആ സ്നേഹത്തിന്റെയോ വ്യക്തിപ്രഭാവത്തിന്റെയോ ആഴം ഒരിക്കലും ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല.പലപ്പോഴും തിലകനെന്ന ചലച്ചിത്രനടന്‍ പലവിധ ഭാവങ്ങളില്‍,രൂപങ്ങളില്‍ ടി.വിയിലോ,വെള്ളിത്തിരയിലോ മിന്നി മായുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ചിത്രം മദ്ധ്യാഹ്നങ്ങളില്‍ ഉമ്മറത്തെ ചാര് കസേരയില്‍ കിടന്നു മയങ്ങുന്ന അച്ഛാച്ഛയുടെതാണ്.ഒരു ചെറിയ ഒച്ചയോ,അനക്കമോ തന്റെ മയക്കത്തെ അലൊസരപ്പെടുത്തരുതെന്ന ദുര്‍ വാശിക്കാരനായ അച്ഛാച്ച.ആ മയക്കത്തെ ഏത് വിധേനെയും തടസ്സപ്പെടുത്തണം എന്ന വിചാരത്തില്‍ മുന്നേറുന്ന ഞാനടക്കമുള്ള പിള്ളേര്‍ സെറ്റ് - ഞാനും ,എന്റെ ചേട്ടനും,ചെറിയച്ഛന്റെ മക്കളായ ലേഖയും,ലാലുവും.



ഏതൊരു വീട്ടിലെയും പോലെ പലവിധ ശബ്ദങ്ങള്‍ കേട്ടുകൊണ്ടാണ് ഞങ്ങളുടെ തറവാട്ടിലെയും പ്രഭാതം ആരംഭിക്കുന്നത്.എല്ലാവരും,ഒരുമിച്ചൊരു വീട്ടില്‍..അതൊരു സുഖമായിരുന്നു.പലവിധ പൊരുത്തക്കേട്‌കള്‍ക്കിടയിലും മുന്നിട്ടു നിന്നിരുന്നത് എല്ലാവരുടെയും ഒത്തൊരുമ തന്നെയായിരുന്നു.സുശീലേച്ചിയുടെ മുറ്റമടിയ്ക്കലിന്റെ ശബ്ദവും,അടുക്കളയില്‍ കൂട്ടിമുട്ടുന്ന പാത്രങ്ങളും എല്ലാം സൂചിപ്പിച്ചിരുന്നത് മറ്റൊരു ദിവസത്തിന്റെ തുടക്കത്തെ തന്നെയാണ്.തണുത്ത പ്രഭാതത്തിലെ വിശേഷപ്പെട്ട മറ്റൊരു ശബ്ദം ഞങ്ങളുടെ വീട്ടിലെ കുളിമുറിയുടെ കരഞ്ഞു തുറക്കുന്ന വാതിലിന്റെതാണ്. ആ ശബ്ദം കേട്ടാല്‍ തുടര്‍ന്ന് മറ്റൊന്നും കൂടെ കേള്‍ക്കാം.വെള്ളം നിറച്ച കിണ്ടി പടിഞ്ഞാപ്പുറത്തെ തിണ്ണമേല്‍ വയ്ക്കുന്നത്.അതും കൂടി കേട്ടാല്‍ ഉറപ്പിക്കാം.അച്ഛാച്ചയുടെ കുളിയും,പ്രാര്‍ത്ഥനയും,ഭസ്മം തൊടലും കഴിഞ്ഞു എന്ന്.റിട്ടയര്‍മെന്റ് ജീവിതത്തിന്റെ താളക്രമങ്ങള്‍ ശീലിക്കാന്‍ അച്ഛാച്ചയും നിര്‍ബന്ധിതനായെങ്കിലും സ്വഭാവത്തിലെ പിടിവാശി എല്ലായിടത്തും ദൃശ്യമാണ്.മക്കള്‍ക്കും,മരുമക്കള്‍ക്കും ജോലിയ്ക്ക്‌ പോകണം,കുട്ടികള്ക്ക് സ്കൂളിലും.പക്ഷെ,അവരെക്കാള്‍ മുന്നേ എണീക്കലും,പ്രഭാതത്തെ ക്ഷണിക്കലും മൂപ്പര് തന്നെ.



അച്ഛാച്ചയോടൊന്നിച്ചു ചിലവിട്ട സമയങ്ങള്‍ അപൂര്‍വ്വം.എങ്കിലും,തറവാടിനു പുറകിലത്തെ അമ്പലത്തിലേയ്ക്ക് അച്ഛാച്ചയോടൊന്നിച്ചുള്ള യാത്രകള്‍ ഇപ്പോഴും തെളിഞ്ഞ പകല്‍പോലെ ഞാന്‍ ഓര്‍മ്മിക്കുന്നു.ശരിയായ റോഡിലൂടെ ആയിരുന്നില്ല ഞങ്ങളുടെ ശ്രീ തേന്‍ കുളങ്ങര ദേവി ക്ഷേത്രത്തിലേയ്ക്കുള്ള പോക്ക്.പിന്നിലെ പറമ്പിലൂടെ കടന്നു,ചണ്ടി നിറഞ്ഞു കിടക്കുന്ന അമ്പലക്കുളത്തിനോട് ചേര്‍ന്നുള്ള ഒറ്റയടി പാതയിലൂടെ നടന്നു ഞങ്ങള്‍ അമ്പലത്തില്‍ പാല്പായാസ നിവേദ്യം കഴിക്കാന്‍ അച്ഛാച്ചയോടൊന്നിച്ചു പോയിരുന്നു.വെള്ള മുണ്ടുടുത്ത് ,ഒറ്റ തോര്‍ത്ത്‌ ചുമലിലിട്ട് അച്ഛാച്ച മുന്നില്‍ നടക്കും.പാല്‍പായസം വയ്ക്കാനുള്ള സാധനങ്ങളും നമ്മള്‍ തന്നെ കൊണ്ടു പോണം.വിറകും, അരിയും ,പാലും,പഞ്ചസാരയും എല്ലാം കൊണ്ടുള്ള അമ്പലത്തിലെയ്ക്കുള്ള ആ യാത്ര ഞങ്ങള്ക്ക് ഒരു ഹരമായിരുന്നു.


ആ യാത്രയ്ക്കിടയില്‍ അമ്പലത്തിലെയ്ക്കാനെന്നു മറന്നു അച്ഛാച്ച ചിലപ്പോള്‍,തെങ്ങിന്‍ കടയ്ക്കലെ പുല്ലു പറിയ്ക്കാന്‍ ഇരിക്കും,അക്ഷമയോടെ ഞങ്ങള്‍ വിളിക്കും,"അമ്പലത്തീ പോണ്ടേ അച്ഛാച്ചേ?"..മറുപടി ഒരു നീട്ടിമൂളല്‍ മാത്രം.ഇടചാലിലെ വെള്ളത്തില്‍ കൈകഴുകി വീണ്ടും നടന്നു അമ്പലത്തിലേയ്ക്ക്.പായസം വച്ചു ദേവിയ്ക്ക് നിവേദിച്ചു ചൂടോടെ കൈയില്‍ തരുന്ന ആ പായസത്തിന്റെ രുചി ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്.നേദിച്ച പായസത്തിനു മുകളില്‍ പാറിക്കിടന്നിരുന്ന തുളസിയിലയും ,ചുവന്ന തെച്ചിപ്പൂക്കളും...ഇന്നലെയെന്നപോലെ ഞാന്‍ അതെല്ലാം ഓര്‍ക്കുന്നു.

ഞങ്ങള്‍ കുട്ടികളുടെ ഭാഷയില്‍ പരുക്കനും,മുരടനും ആയിരുന്ന അച്ഛാച്ച എന്നും,ഞങ്ങളില്‍ നിന്നു ഒരു കൈയകലം സൂക്ഷിച്ചിരുന്നു.രാപകലില്ലാതെ വര്‍ഷങ്ങളോളം അധ്വാനിച്ചിരുന്ന ആ കാരണവര്‍ക്ക്‌ ഞങ്ങള്‍ കുട്ടികള്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തിരുന്നോ ?അറിയില്ല.ഞങ്ങളുടെ കളിചിരി സന്തോഷങ്ങളിലോ,കൊച്ചു വഴക്കുകളിലോ,പിണക്കങ്ങളിലോ ഒരിക്കലും അച്ഛമ്മയെപ്പോലെ അച്ഛാച്ച തല്പരനായിരുന്നില്ലെന്നു വേണം പറയാന്‍.


മോനേട്ടനെന്ന ഞങ്ങളുടെ ചെറിയച്ഛന്‍,തൃശ്ശൂരിലെ പോളിക്ലിനിക്കില്‍ നിന്നും അവിടത്തെ ലാബ് ജീവനക്കാരനെ,ബൈക്കില്‍ കയറ്റി കൊണ്ടു വന്ന് അച്ഛാച്ചയുടെ രക്തം എടുപ്പിക്കാറുള്ളത്,ഞങ്ങളില്‍ താത്പര്യം ഉണര്‍ത്തുന്ന കാഴ്ചയായിരുന്നു.ബ്ലഡ്‌ ടെസ്റ്റിന്റെ റിസള്‍ട്ട് ഒരിക്കലും ഞങ്ങള്‍ ആശങ്കാപൂര്‍വ്വം ആരാഞ്ഞിട്ടില്ല.പകരം അച്ഛാച്ചയുടെ ബ്ലഡ്‌ എടുത്തു കുപ്പിയിലാക്കിയത്തിനു ശേഷം,അയാള്‍ സിറിഞ്ച് ചൂടു വെള്ളത്തില്‍ കഴുകുന്ന ആ കാഴ്ച നോക്കി രസിച്ചു.ആ കാഴ്ച്ചയുടെ "സീരിയസ്നെസ് " ഞങ്ങള്‍ കുട്ടികള്ക്ക് പിടി കിട്ടാഞ്ഞിട്ടാകാം.കുട്ടികളുടെ വിവരക്കേടാകാം.പക്ഷെ..


ഒരു വ്യാഴാഴ്ച സന്ധ്യയ്ക്ക്‌ ശേഷം അച്ഛാച്ച കണ്ണടച്ചു.അപ്പോള്‍,ഞങള്‍ കുട്ടികള്‍ അടക്കം പറഞ്ഞു,"എന്തിനാ അച്ഛമ്മ ഇത്ര ഉച്ചത്തില്‍ കരയുന്നത്?അച്ഛാച്ച വയസ്സായിട്ടല്ലേ മരിച്ചേ?"ഇന്നെനിക്കളക്കാന്‍ കഴിയുന്നു,ആ ദുഖത്തിന്റെ ആഴം.അമ്പതു വര്‍ഷത്തിലേറെ ഒരുമിച്ചുള്ള ജീവിതയാത്രയില്‍ തന്നെ ഒറ്റയ്ക്കാക്കിപ്പോയതിലുള്ള ദുഖം ഇന്നെനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. അന്ന് പക്ഷെ,അച്ഛാച്ച മരിച്ചപ്പോള്‍ ഞങ്ങള്‍ കുട്ടികള്ക്ക് തോന്നിയത്,രണ്ടാഴ്ചത്തേയ്ക്ക് ക്രിക്കറ്റ് കളിയില്ല,ചിത്രഹാറും,ചിത്രഗീതവും കാണാന്‍ കഴിയില്ല.. എന്ന് മാത്രം.



അച്ഛാച്ചയെ വെള്ള പുതപ്പിച്ച്‌ തളത്തില്‍ കിടത്തിയിരിക്കുന്നു.ഉടച്ചു വച്ച നാളികേരത്തില്‍ എണ്ണ നിറച്ചു തിരി കത്തിച്ചു വച്ചിരിക്കുന്നു,ചന്ദനത്തിരിയുടെ മണം ചുറ്റും തങ്ങി നിന്നു.രാത്രിയില്‍ ഉറങ്ങാതെ അച്ഛാച്ചയെ കിടത്തിയത്തിനു ചുറ്റും വിരിച്ചിരിക്കുന്ന പുല്ലുപായയില്‍ ഇരിയ്ക്കാന്‍ അമ്മ "ഓര്‍ഡര്‍"ഇട്ടു.മുതിര്‍ന്നവരുടെ കരച്ചിലുകള്‍ക്കിടയില്‍ ഞാനും,ലേഖയും(ചെറിയച്ഛന്റെ മകള്‍) ശ്രദ്ധിച്ചത്,കൂട്ടത്തില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന പ്രായമേറിയ ചെറിയമ്മയെയാണ്.സ്ഥലകാല ബോധമില്ലാതെ ഞാനും,അവളും ശബ്ദമുണ്ടാക്കാതെ വായ്പൊത്തി ചിരിച്ചു.ലേഖയുടെ മമ്മി അത്കണ്ടു,ഞങ്ങളെ നുള്ളി എണീപ്പിച്ചു വിട്ടു.അകത്തെ മുറിയില്‍ വച്ചു എന്റെ അമ്മയുടെയും,ലേഖയുടെ മമ്മിയുടെയും ഭീഷണി,"ഇതു കുട്ടിക്കളിയ്ക്കുള്ള സമയമല്ല".ഞാന്‍ നിഷ്കളങ്കയായി ചോദിച്ചു,"എളേമയ്ക്കു ഉറക്കം വന്നിട്ടാ അവിടിരുന്നു തൂങ്ങുന്നത്.അവര്ക്കു പോയി കിടന്ന് ഉറങ്ങിക്കൂടെ?"പിറ്റേദിവസത്തെ "മാതൃഭൂമിയില്‍" ചരമക്കോളത്തില്‍ കണ്ട അച്ഛാച്ചയുടെ ഫോട്ടോ നോക്കി ഞങ്ങള്‍ അഭിമാനിച്ചു.സ്കൂളില്‍ പോകാന്‍ കഴിയാത്തതില്‍ വിഷമം തോന്നി.പോയിരുന്നെന്കില്‍ ഫ്രണ്ട്സ് നോട് പറയാമായിരുന്നു.



മരണാനന്തര ചടങ്ങുകള്‍ക്കായി എല്ലാവരും തരവാട്ടില്‍തന്നെയുണ്ട്‌.അച്ഛാച്ചയുടെ മക്കളുടെ മക്കള്‍ പത്തെണ്ണം കൂടി ഗംഭീര കളിചിരികള്‍.രണ്ടു-മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ച വീടെന്ന അവസ്ഥ മാറി.കുട്ടികളുടെ കളിചിരികള്‍ മുന്നിട്ടു നിന്നു.ഇടയ്ക്കെപ്പോഴോ ഉയര്‍ന്നുകേട്ട ചിരിയില്‍ അമര്‍ഷം പൂണ്ട് ഉമ്മറത്ത്‌ നിന്നു അനിയന്‍പാപ്പ ഓടിവന്ന് ഉറക്കെ ചീത്ത പറഞ്ഞു,"ഇതൊരു കല്യാണ വീടല്ല,മരണ വീടാണ്.അതാരും മറക്കണ്ട."അതെ,മരണ വീടുതന്നെ.പക്ഷെ,ഞങ്ങള്‍ കുട്ടികള്‍ പത്ത് - പന്ത്രണ്ട് ദിവസം ആഘോഷിച്ചു.മഴക്കാലമായതുകൊണ്ട്‌,ചടങ്ങുകള്‍ക്ക് വേണ്ടി മുറ്റത്ത്‌ വലിയൊരു പന്തലിട്ടു.പിള്ളേര്‍ സെറ്റിലെ ഏറ്റവും ചെറിയ കുട്ടിയായ രേഖ ചോദിച്ചു,"തൃശൂരച്ഛന്റെ കല്യാണമാണോ?" കോഴിക്കോട്ടുകാരിയായ അവള്ക്ക് തൃശ്ശൂരിലെ മുത്തച്ഛന്‍ "തൃശൂരച്ഛന്‍" ആയിരുന്നു.ചോദ്യം കേട്ട് മുതിര്‍ന്നവര്‍ ആരോ അവളുടെ കൈതണ്ടയില്‍ ഒരു നുള്ള് വച്ചു കൊടുത്തു.നിഷ്കളങ്കതയോടെ വീണ്ടും അവള്‍ ചോദിച്ചു,"എന്തിനാ എന്നെ നുള്ളിയെ?"അച്ഛാച്ചയുടെ ഫോട്ടോ എനലാര്ജ് ചെയ്തു ഫ്രെയിം ഇട്ടു കൊണ്ടുവന്നപ്പോഴും കുട്ടികളിലാരോ പറഞ്ഞു,"ഈ ഫോട്ടോ ഒരു ഭംഗീം ഇല്ല്യ,മിസ്റ്റര്‍.ഇന്‍ഡ്യയിലെ അമിരീഷ് പുരീടെ പുരികം പോലെ ഉണ്ട് ഇതിലും.ഒരു "ക്രൂരു ലുക്ക്".ആ കമന്റ് ആദ്യം മുതിര്‍ന്നവര്‍ക്കിടയില്‍ നീരസം ഉണ്ടാക്കിയെങ്കിലും മറ്റൊരു നല്ല ഫോട്ടോ ഫ്രെയിം ചെയ്യുന്നതിന് അത് കാരണമായി.



അച്ഛാച്ചയുടെ മരണശേഷം എല്ലാ വര്‍ഷത്തിലും വരുന്ന ശ്രാദ്ധത്തിന് ആഴ്ചകള്‍ക്ക് മുന്നേ ഞങ്ങളുടെ തറവാടൊരുങ്ങും.ശ്രാദ്ധത്തിന്റെ ചടങ്ങുകള്‍ക്കുമപ്പുറം ബന്ധുക്കളുടെ കൂടിച്ചേരലുകളും,ആ കൂടിച്ചേരലുകളില്‍ നിന്നു ഊറുന്ന സ്നേഹ ബന്ധങ്ങളും തന്നെയാണ് ആ ശ്രാദ്ധമൂട്ടലുകള്‍ അര്‍ത്ഥ വത്താക്കിയിരുന്നത്. അന്ന് പക്ഷെ,അതിന്റെ വിലയൊന്നും മനസ്സിലായിരുന്നില്ല.കൂട്ടുകുടുംബ - ബന്ധങ്ങളുടെ പവിത്രതയും,വികാര വായ്പുകളുടെ തീവ്രതയും ഒന്നും വിലപിടിച്ചതായി തോന്നിയില്ല.ഇനിയൊരു മടക്കയാത്രയ്ക്ക് "സ്കോപ്പ്"ഇല്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ അതിന് മൂല്യം കൂടി. അന്ന്, അച്ഛാച്ച ഒരു കൈയകലത്തില്‍ നിന്നുകൊണ്ട്‌ ഒരുപാടു ജീവിതപാഠങ്ങള്‍ പഠിപ്പിച്ചു തന്നിരുന്നു എന്നെനിക്കു മനസ്സിലാകുന്നു.ചാരു കസേരയില്‍ കിടന്ന് പത്രവായനയിലൂടെ ലോകത്തിലെ സ്പന്ദനങ്ങള്‍ അറിഞ്ഞിരുന്ന അച്ഛാച്ച പരോക്ഷമായി ഞങ്ങളെ പഠിപ്പിച്ച ഒരു കാര്യമുണ്ട്.നന്നായി പഠിക്കണം,പഠിച്ചൊരു ജോലി നേടണം..അതും വെറും ജോലി പോരാ..പെന്‍ഷന്‍ കിട്ടുന്ന സര്‍ക്കാര്‍ ജോലി തന്നെ.ഇങ്ങനെയൊരു ചിന്തയുടെ വിത്ത് ചെറുപ്പത്തിലേ,ഞങ്ങളുടെ മനസ്സിനകത്ത് കുഴിച്ചിട്ട്,വെള്ളമൊഴിച്ച് വളര്‍ത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം എനിക്ക് അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ കിട്ടിയപ്പോള്‍ എന്തുകൊണ്ടോ ,പതിവില്ലാതെ ഞാന്‍ അച്ഛാച്ചയെ ഓര്‍ത്തു.വൈകിയിട്ടാണെങ്കിലും ചേട്ടന് ഗവണ്‍മെന്റ് ജോലി കിട്ടിയപ്പോള്‍ അവനും പറഞ്ഞു,"അച്ഛാച്ച പറയാറുള്ള പോലത്തെ ജോലി."




ഇങ്ങനെയൊരു ഓര്‍മ്മകളുടെ അയവിറക്കല്‍ എന്നിലുണ്ടാകും എന്ന് അന്നെനിക്ക് അറിയാമായിരുന്നെങ്കില്‍ അച്ഛാച്ചയോട് ഞാന്‍ കൂടുതല്‍ അടുത്തേനെ."കാരണവര്‍" എന്ന "വിലകൂടിയ സ്ഥാനം" കൊടുത്തു അദ്ദേഹത്തെ അകറ്റി നിര്‍ത്തില്ലായിരുന്നു. അന്ന് കാണിച്ച ആ 'അകല്‍ച്ച' തെറ്റായിപ്പോയി എന്നെനിക്കു ഇന്ന് തോന്നുന്നു.ആ തെറ്റിന് മാപ്പുണ്ടോ?അച്ഛാച്ചയുടെ കൂര്‍ക്കംവലി കേള്‍ക്കുമ്പോള്‍ വായ്പൊത്തി ചിരിച്ചിരുന്നതിനും എല്ലാം മാപ്പ് ! പഴയ ചാപല്യങ്ങള്‍ ,വിവരക്കേടുകള്‍..എല്ലാം പൊറുത്തുതരാന്‍ അദ്ദേഹം ഇന്നില്ലല്ലോ..അതുകൊണ്ട് തന്നെ ഈ മാപ്പും..കാലാഹരണപ്പെട്ടതല്ലേ ?