
ആഴ്ചാവസാനം കിട്ടിയ ഒരു അവധിദിനത്തില്‍ പതിവുപോലെ മടുപ്പിക്കുന്ന സ്വയം പരാതി പറച്ചിലിന് മുടക്ക് നല്കി മോള്‍ടെ കൂടെ കടംകഥ പറഞ്ഞു കളിക്കുന്നതിനിടയിലാണ് എനിക്കാദ്യമായി ആ സംശയം മനസ്സില്‍ മുള പൊട്ടിയത്. എനിക്ക് മറവിയുണ്ടോ? ഓര്‍മ്മക്കുറവുണ്ടോ? അതോ എല്ലായ്പ്പോഴത്തേയും പോലെ തോന്നലാണോ? ഞാന്‍ എന്റെ മകള്‍ക്ക് പഴമയുടെ മൂല്യം കൈമോശം വരാതെ പകര്‍ന്നു കൊടുക്കാനെന്ന മട്ടില്‍ എന്റെ അച്ഛമ്മയുടെ പഴയ കടംകഥ കളക്ഷനുമായി കളിക്കാനിരുന്നതാണ്. മോള് ഓര്‍മ്മിപ്പിച്ചു-അടുത്തത് അമ്മേടെ ടേണ്‍... ഞാന്‍ ചോദിച്ചു."കുത്തീട്ടാല്‍ മുളയ്ക്കില്ല.പക്ഷെ, വേലിയില്‍ പടരും.ന്താ?" എനിക്ക് ചോദ്യം ഓര്‍മ്മയുണ്ട്.പക്ഷെ,ഉത്തരം ഓര്‍മ്മയില്ല.അതെന്താ അങ്ങനെ? ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് തല പുകച്ച് തീ വന്നതല്ലാതെ ഉത്തരം വന്നില്ല.ആകെ വല്ലായ്മ തോന്നി. വിട്ടു കളഞ്ഞേക്കാം, ആദ്യം തോന്നി. അങ്ങനെ പറ്റില്ലല്ലോ..ഉത്തരം അറിയണ്ടേ?ഉത്തരം ഓര്‍ത്തെടുക്കാന്‍ കഴിയാതെ പരാജയമടഞ്ഞ് കനം തൂങ്ങിയ മനസ്സുമായി അമ്മയെ വിളിച്ചു ചോദിച്ചു. ഒറ്റ വാചകത്തില്‍ അമ്മ മറുപടി തന്നു. "അത് ചിതലല്ലേ?ഇത്ര ചെറുപ്പത്തിലേ മറവിയോ? നല്ല കാര്യായിപ്പോയി!!" ആ മറുപടി എന്റെ ചിന്തയ്ക്ക് ഭാരം കൂട്ടിയതല്ലാതെ തെല്ലും ആശ്വാസം നല്‍കിയില്ല.
ധൃതിയില്‍ സ്കൂളിലേയ്ക്കോടുമ്പോള്‍ വീടിന്റെ താക്കൊലെടുക്കാന്‍ മറന്നാല്‍, മോള്‍ടെ ബാഗില്‍ വാട്ടര്‍ ബോട്ടില്‍ വയ്ക്കാന്‍ മറന്നാല്‍, ക്ലാസ് ലോക്കറിന്റെ കീ അടങ്ങുന്ന എന്റെ പൌച് എടുക്കാന്‍ വിട്ടുപോയാല്‍ ഞാന്‍ വീണ്ടും,വീണ്ടും നടുങ്ങിപ്പോകും.ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാവുന്നതിലധികം തളര്‍ന്നു പോകും. മറവിയെപ്പേടിക്കാന്‍ തക്ക കാരണം എന്റെ മനസ്സിന്റെ ഉള്ളറയ്ക്കുള്ളില്‍ ഭദ്രം!!
അൽഷിമേഴ്സ് രോഗിയുടെ ജീവിതത്തെ വരച്ചു കാണിച്ച ബ്ലെസ്സിയുടെ 'തന്മാത്ര' എന്ന ചലച്ചിത്രം തീയറ്ററിലിരുന്ന് എങ്ങനെ കണ്ടു മുഴുമിപ്പിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല.ഞങളുടെ ജീവിതം അതേപടി സ്ക്രീനില്‍ കണ്ടപ്പോഴുണ്ടായ വികാരം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അതേ അവസ്ഥകള്‍ പിന്നിട്ട് ഞങ്ങളുടെ അച്ഛന് ഓര്‍മ്മകളെ കുഴിച്ചിട്ട് മറവിയെന്ന മേലങ്കി എടുത്തണിഞ്ഞ് മരണത്തിനു മുന്നില്‍ കീഴടങ്ങിയത് വെറും നാല്പത്തിനാലാമത്തെ വയസ്സിലായിരുന്നു. ആ നടുക്കുന്ന ഓര്‍മ്മകളും,ഓര്‍മ്മക്കുറവുകളും ഇപ്പോഴും ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്നു. അൽഷിമേഴ്സ് ബാധിച്ച് മരിച്ച അച്ഛന്റെ മകള്‍ക്കും അൽഷിമേഴ്സ് പിടിപെടാം. ഈ ഒരു ധാരണ എന്റെ മനസ്സിലെങ്ങനെയോ അരക്കിട്ടുറച്ചുപോയി. അതുകൊണ്ട് തന്നെ, ഞാനൊന്നും ഒരിയ്ക്കലും മറന്നു കൂടാ. ഓര്‍മ്മ എന്നും തെളിഞ്ഞ് എന്തും ഞൊടിയിടയില്‍ മുന്നില്‍ സ്ക്രീനിലെന്ന പോലെ തെളിയണം.ഇല്ലെങ്കില്‍ ഞാന്‍ അസ്വസ്ഥയാകും.
ഒരിയ്ക്കല്‍ തിരക്കുപിടിച്ച മീറ്റിങ്ങിനിടയില്‍ കോളിംഗ് ബെല്ലടിച്ച് കാറ്റുപോലെ വേഗത്തില്‍ പാഞ്ഞു ചെന്ന് കൈകഴുകി ഉച്ചയൂണിന് സ്ഥാനം പിടിച്ച എന്റെ ഭര്‍ത്താവിനു മുന്നില്‍ ഞാന്‍ അവിയല്‍,പപ്പടം,പരിപ്പുകറി എന്നിവ വിളമ്പി വച്ചു. "ചോറെവിടെ"? മൂപ്പരുടെ അക്ഷമയോടെയുള്ള ചോദ്യം കേട്ട് ഞാന്‍ അടുക്കളയില്‍ ചെന്ന് പരതി. പറഞ്ഞപോലെ ചോറെവിടെ? ഇനി ഫ്രിഡ്ജില്‍ ഉണ്ടാവ്വോ? ആകെ സംശയമായി. വയ്ക്കാത്ത ചോറ് എവിടന്ന് വരും? ഒരു ചെറിയ നടുക്കത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു. "ചോറ് വയ്ക്കാന്‍ മറന്നു പോയി".നിഷ്കളങ്കതയോടെ ഞാന്‍ പറഞ്ഞു. "ഹ്മം.. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ' ലഹരിപിടിച്ചിരുന്ന് വായിക്കുന്നത് കണ്ടപ്പഴേ ഞാന്‍ വിചാരിച്ചിരുന്നു ഇന്ന് എന്തെങ്കിലും മറന്നു പോകുംന്ന്". ഊണിനു പകരം രാവിലത്തെ ബാക്കിയുണ്ടായിരുന്ന പുട്ട് കഴിക്കുന്നതിനിടയില്‍ പരാതിയെന്ന ഭാവത്തിലല്ലാതെ മൂപ്പര് പറഞ്ഞു.
എന്റെ ഒന്നാം ക്ലാസ്സിലെ ദിനങ്ങള്‍ പ്രധാനമായും ആരംഭിച്ചിരുന്നത് അമ്മയുടെ സാരി മാറലിലാണ്.വീട്ടിലെ വേഷത്തില്‍ നിന്ന് ധൃതിയില്‍ പുറത്തു പോകാനുള്ള സാരിയെടുത്ത് ഉടുക്കുന്നതിനിടയില്‍ അച്ഛനെയും വേഷം മാറ്റിക്കും. തത്രപ്പെട്ട് എന്നെ വേഗം സ്കൂളിലേയ്ക്ക് അയക്കുന്നതിന്റെ ലക്ഷ്യം അച്ഛനെ പുതിയ ഡോക്ടറെ കാണിക്കലാണ്. ഞാന്‍ സ്നേഹത്തോടെ അച്ഛയെന്നു വിളിക്കുന്ന അച്ഛന്റെ പ്രധാന അസുഖം മറവി. വീട്ടിലെ മറ്റു അംഗങ്ങളുടെ ബ്രഷെടുത്ത് പല്ല് തേയ്ക്കുന്ന അച്ഛയ്ക്ക് ഓഫീസില്‍ രജിസ്റ്ററിലെ കോളം തെറ്റി മറ്റുള്ളവരുടെ പേരിനു നേരെ ഒപ്പിട്ട ആരോപണവും കൂടിയാകുമ്പോള്‍ നില്ക്കക്കള്ളിയില്ലാതാകുന്നു. ഉള്ളിലെ അസ്വസ്ഥതയുടെ അഗ്നിപര്‍വ്വതം പൊട്ടി വിഷമതകളുടെ ലാവാ പ്രവാഹമാണ് പിന്നീട്. ഒന്നും കയ്യൊതുക്കത്തോടെ ചെയ്യാനാകുന്നില്ലെന്ന നിസ്സഹായതയ്ക്ക് മുന്നില്‍ അമ്മയുടെ മനസ്സും വെന്തു തുടങ്ങി. മെഴുകുതിരി വാങ്ങാന്‍ പോയ അച്ഛ തിരിച്ചു വരുന്നത് മീന്‍ വാങ്ങിയായിരിക്കും.അതും,തന്റെ വീട് ഇത് തന്നെയോ എന്ന് സംശയിച്ച്.. പതിയെ,പതിയെ അമ്മയ്ക്ക് ഭയമായി.വീട്ടില്‍ നിന്നും പോയ ആള് വഴി തെറ്റി തിരിച്ചു വന്നില്ലെങ്കിലോ, അതുകൊണ്ട് അച്ഛയുടെ വീടിനു പുറത്തേയ്ക്കുള്ള യാത്രകള്‍ സിഗരറ്റ് വാങ്ങാന്‍ വേണ്ടി മാത്രമുള്ളതായി ഒതുങ്ങി. കൂടെ ഞാനും പോകും.എന്റെ ലക്ഷ്യം യൂണിയന് ഓഫീസിന്റെ അടുത്തുള്ള പരമേട്ടന്റെ കടയിലെ ബബിള്‍ ഗം ആയിരുന്നു.
തിരുവനന്തപുരത്തെ ശ്രീചിത്തിരാ ഹോസ്പിറ്റലില്‍ പോയി വന്നതിനു ശേഷം അച്ഛ പിന്നീടു ഓഫീസില്‍ പോയിട്ടേ ഇല്ല.അന്ന് മുതല്‍ ഞാനെന്ന അഞ്ചു വയസ്സുകാരി എന്റെ അച്ഛയുടെ ടീച്ചറായി. മറന്നു പോയ കാര്യങ്ങള്‍ ഞാന്‍ പഠിപ്പിച്ചിട്ടേ ഉള്ളു ബാക്കി കാര്യം എന്ന മട്ടില്‍. പഠിപ്പിച്ചതോന്നും ഓര്‍മ്മയില്‍ വയ്ക്കാത്ത 'ശിഷ്യനെ'പ്പറ്റി അമ്മയോട് ഞാനെന്നും പരാതി പറഞ്ഞു. "കട്ടിയുള്ള പുറന്തോടുള്ള ജീവിയേത്?" എന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ മിഴിച്ചിരുന്ന അച്ഛയെ ഞാന്‍ കൈത്തണ്ടയില്‍ നുള്ളി. ഇലെക്ട്രിസിറ്റി ബോര്‍ഡില്‍ സബ്എഞ്ചിനീയര് ആയിരുന്ന അച്ഛയ്ക്ക് ഞാന്‍ എടുത്തിരുന്ന ഡിക്റ്റെഷന് ബാലികേറാമലയായിത്തോന്നി. 'ഒട്ടകം, ഓല, ഔഷധം' എന്നീ വാക്കുകള്‍ എഴുതാനറിയാതെ അച്ഛ കുഴങ്ങി. ഇതുകണ്ട് അമ്മയുടെ ഉള്ളിലെ തീക്കനലിന്റെ ചൂട് തട്ടി ഞാനും തേങ്ങിക്കരഞ്ഞു. കാഴ്ചയില്‍ സുന്ദരനായിരുന്ന അച്ഛയുടെ താടി രോമങ്ങള്‍ വളര്‍ന്നത് ഇഷ്ടമാകാതെ പതിനൊന്നു വയസ്സുള്ള എന്റെ ചേട്ടന് അച്ഛയെ ഷേവ് ചെയ്തു വൃത്തിയാക്കി. അൽഷിമേഴ്സ് എന്ന അസുഖത്തെപ്പറ്റി കേട്ടുകേള്‍വി
പോലും ഇല്ലാതിരുന്ന കാലത്ത് അച്ഛയുടെ ഓര്മ്മക്കുറവിനെക്കുറിച്ചും, ഓര്മ്മക്കുറവിനോട് പൊരുത്തപ്പെടാനാകാതെ ദേഷ്യപ്പെട്ടതിനെക്കുറിച്ചും, വയസ്സായവര്ക്ക്ച മാത്രം വരുന്ന ഓര്‍മ്മക്കുറവ് എങ്ങനെ ഇയാള്‍ക്ക് ഇത്ര ചെറുപ്പത്തില്‍ വന്നു എന്ന്ആകുലപ്പെട്ടും നാട്ടുകാര്‍ ചര്‍ച്ച ചെയ്ത് ഊതിപ്പെരുപ്പിച്ചു.
മനസ്സിന്റെ വിങ്ങലുകള്‍ മറച്ചു വച്ച് ഇടയ്ക്കെപ്പോഴോ കോരിച്ചൊരിയുന്ന മഴ മാറി ഓര്‍മ്മ തെളിഞ്ഞു വന്നപ്പോള്‍ അച്ഛ എനിയ്ക്ക് തന്റെ പ്രിയപ്പെട്ട ഒരു ഭക്തി ഗാനം പാടിത്തന്നു.
"വടക്കുംനാഥന് സുപ്രഭാതം പാടും
വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍.." ടേപ്പ്റെകോര്‍ഡറില്‍ കാസെറ്റുകള്‍ മാറി ഇട്ട് സംഗീതം ശ്രവിച്ചിരുന്ന അച്ഛന് " ഇതിനോ ആദമേ, നിന്നെ ഞാന്‍ തോട്ടത്തിലാക്കി ...തോട്ടം,സൂക്ഷിപ്പാനോ... കായ്കനികള്‍ ഭക്ഷിപ്പാനോ..." എന്ന ഗാനം മൂളി നടന്നിരുന്നത് ഇപ്പോഴും എന്റെ കാതിലുണ്ട്. "അത് സിനിമാപ്പാട്ടാണോ? ഇതു സിനിമയിലെയാ? ആര് പാടിയതാ?" ഞാന്‍ ആവര്‍ത്തിച്ചുകൊണ്ട് ആരാഞ്ഞ ഈ ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് മറുപടി തരാന്‍ അച്ഛയ്ക്ക് കഴിഞ്ഞില്ല. മുത്തച്ഛന് പാടാറുള്ളതെന്ന ലേബലില്‍ ഈ വരികള്‍ മോള്‍ക്ക് പാടിക്കൊടുത്തപ്പോള്‍ അവളും അതെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഉത്തരത്തിനായി നെറ്റ് മുഴുവനും ,യു ട്യൂബും അരിച്ചു പെറുക്കിയിട്ടും ഒന്നും കിട്ടിയില്ല.
ഇത്ര നേരത്തെ സ്മൃതി നാശം സംഭവിക്കാന്‍ തക്ക കാരണം അന്വേഷിച്ച് ഡോക്ടര്‍മാര്‍ വലഞ്ഞു. മരുന്നില്ലാത്ത അസുഖമാണ് അതെന്ന് അറിയാതെ അച്ഛയെയും കൊണ്ട് ഒരു ഹോസ്പിറ്റലില്‍ നിന്ന് മറ്റൊരു ഹോസ്പിറ്റലിലേയ്ക്കുള്ള സഞ്ചാരം ഒടുവില്‍ അവസാനിച്ചത് മദ്രാസിലെ അപ്പോളോ ഹോസ്പിറ്റലില്‍ ആണ്.അവിടത്തെ പ്രശസ്തനായ ഡോക്ടര്‍ രാമമൂര്‍ത്തി ഒരു പരീക്ഷണമെന്ന നിലയില്‍ അച്ഛയുടെ ബ്രെയിന്‍ സര്‍ജറി ചെയ്തു. വീട്ടിലെത്തിയതിനുശേഷം അധികം താമസിയാതെ തലച്ചോറില്‍ ഇന്ഫെക്ഷന് ആകുകയും തുടര്‍ന്ന് ശയ്യാവലംബിയായി മാസങ്ങള്‍ക്കുള്ളില്‍ അച്ഛയും,അച്ഛയുടെ നിസ്സഹായതയും ഞങ്ങള്‍ക്ക് ഓര്‍മ്മ മാത്രമാകുകയും ചെയ്തു. അതിനും എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ക്ക് തന്നെ അച്ഛയുടെ അസുഖം അൽഷിമേഴ്സ്ആണെന്ന് അറിവ് കിട്ടിയത് !!! ചിന്തിക്കാനുള്ള ശേഷി മനുഷ്യനുമാത്രം കൊടുത്ത ദൈവം ചിലപ്പോഴൊക്കെ മാറി നിന്ന് അതിലും ചില സൂത്രപ്പണികള്‍ ഒപ്പിക്കുന്നു.
എന്റെ ഓരോ കൊച്ചു മറവിയും എന്റെ മനസ്സിന്റെ ഭാരം കൂട്ടി. അത് ഏതൊരാള്‍ക്കും എപ്പോഴും സംഭവിക്കാവുന്ന ഒരു ജീവിതക്രമം മാത്രമാണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ഒരു ദിവസം കൃത്യസമയത്ത് സ്കൂളിലെത്തിയ ഞാന്‍ അറ്റന്‍ഡന്‍സ് പഞ്ച് ചെയ്യാനായി പഞ്ചിംഗ് മെഷീനിന്റെ മുന്നില്‍ നിന്നതോര്‍മ്മയുണ്ട്.കൂടെ നിന്നവരോട് വായ് തോരാതെ സംസാരിച്ച് പഞ്ച് ചെയ്യാതെ ക്ലാസ്സിലേയ്ക്ക് പോയി. പിറ്റേന്ന് അതറിഞ്ഞപ്പോള്‍ 'ഞാനെങ്ങനെ അത് മറന്നു' എന്നോര്‍ത്ത് കണ്ണ് നിറഞ്ഞു. അടുക്കളയിലെ പാചകത്തിനിടയില്‍ എന്തോ എടുക്കാന്‍ ഫ്രിഡ്ജ് തുറന്ന് നിന്നു. എന്തിനു തുറന്നു? എന്തെടുക്കാനാ വന്നത്? ഹോ! എന്റെ നശിച്ച മറവി!! സ്വയം പ്രാകിക്കൊണ്ട് തിരിച്ച് അടുക്കളയില്‍ ചെന്നപ്പോഴാണ് ഓ! കറിവേപ്പില എടുക്കാനാണ് ഫ്രിഡ്ജ്നടുത്തെയ്ക്ക് ഓടിയത് എന്ന് ഓര്‍മ്മ വന്നത്.മനസ്സില്‍ കണക്കുകൂട്ടി,ഇനി ബ്രഹ്മി കഴിച്ചു നോക്കിയാലോ? പ്രയോജനം ഉണ്ടാകുമോ? ഞാന്‍ ആലോചിച്ചു വിഷമിച്ചു.
മറവിയുടെ കാര്യത്തില്‍ താന്‍ ഒരു 'മിസ്സിസ് ഫോര്‍ഗെറ്റ്ഫുള്‍നെസ്' ആണെന്ന് എന്റെ ഒരു കൂട്ടുകാരി അവകാശപ്പെട്ടു. വാഷിംഗ് മഷീനില് വെള്ളം തുറന്നിട്ട് കിടന്നുറങ്ങി. വെള്ളം നിറഞ്ഞു കവിഞ്ഞ് താഴത്തെ ഫ്ലാറ്റുകളെക്കൂടി സ്വിമ്മിംഗ് പൂള് ആക്കിയതിന്റെ ക്രെഡിറ്റ് അവള്‍ക്കു ഒറ്റയ്ക്ക് അവകാശപ്പെട്ടത്. മറവിയെപ്പറ്റി അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞത് ഇങ്ങനെ : "ശ്രദ്ധക്കുറവു കൊണ്ടാ അങ്ങനെ വരുന്നത്. നീ യോഗയും, ധ്യാനവും മുടങ്ങാതെ ചെയ്യൂ" .
എന്റെ ഭയാശങ്കകള്‍ മനസ്സിലിരിക്കാതെ കൂടെ ഉള്ള ടീച്ചറായ അര്‍ച്ചനയോട് കാര്യം പറഞ്ഞു."ചിന്തിച്ച് പെരുപ്പിച്ച് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. ഞാനിത് ഈ ആഴ്ച എത്ര ദോശ കരിച്ചു കളഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല. അലാറം വയ്ക്കാന്‍ മറന്നിട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ വേറെ. എപ്പൊ ഷോപ്പിങ്ങ്നു പോയാലും പകുതി സാധനങ്ങള്‍ വാങ്ങാന്‍ മറന്നു പോകും. ചിന്തിച്ച് തുടങ്ങിയാല്‍ എനിക്കാണ് പ്രശ്നം.ഞാന്‍ അതൊന്നും ഓര്‍ക്കാറേയില്ല. നീ മിണ്ടാതിരിക്ക്.ഇത് എല്ലാവര്ക്കും ഉണ്ടാകുന്നത് സ്വാഭാവികം." അവള് പറഞ്ഞത് എനിക്ക് ആശ്വാസമായി.
"എന്താടീ സിക്സിന്റെ ടേബിള്‍ നിനക്ക് ശരിക്കും അറിയാത്തെ?" മോളോട് എന്റെ പുലി ശൌര്യം പുറത്തെടുത്ത് ചോദിച്ചു. "അത് ശരി! അപ്പൊ,അമ്മയ്ക്ക് മാത്രേ മറക്കാന്‍ പാടുള്ളോ. ഞാന്‍ പഠിച്ചതാ. പക്ഷെ,മറന്നു പോയി".അവളുടെ കൂളായ മറുപടി എന്നെ എലിയാക്കി മാറ്റി. "മറവി" എന്നത് സര്‍വ്വലോകര്‍ക്കും അവകാശപ്പെട്ടതാണെന്ന തത്ത്വം അവള് വളരെ ലളിതായി എന്നെ പഠിപ്പിച്ചു. എന്റെ മോളും,പ്രിയതമനും എന്റെ "മറവിപ്പരാതി"കളെ തമാശയാക്കിമാറ്റി എന്റെ ഓര്‍മ്മയെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റുന്നു. മറക്കാതെ ചെയ്യാനുള്ളതെന്തെങ്കിലും ഓര്‍മ്മപ്പെടുത്താനുള്ള ചെറുകുറിപ്പുകള്‍ എന്റെ കൈപ്പത്തിയ്ക്ക് മുകളില്‍ ചുവന്ന മഷി കൊണ്ടെഴുതുന്ന ശീലം കണ്ട് "സ്മിത മാഡം ഗജിനിയാവണ്ട. മാഡം ഒന്നും മറക്കാറെയില്ല " എന്ന് എന്റെ ശിഷ്യഗണങ്ങള്‍ എന്റെ ആകുലതകള്‍ മയപ്പെടുത്തുന്നു. എന്നെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞ കുശുമ്പും, കുന്നായ്മയും, കുത്തുവാക്കുകളും ഒന്നും ഒരിയ്ക്കലും മറന്നു പോകാത്തതു കൊണ്ട് പേടിക്കേണ്ടതില്ല എന്ന് എന്റെ ഭര്‍ത്താവ് എനിയ്ക്ക് ധൈര്യം തരുന്നു. കൌമാരത്തില്‍ എനിക്ക് കിട്ടിയ പ്രേമലേഖനങ്ങളിലെ വരികള്‍ ഇത്ര തെളിമയോടെ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് മൂപ്പരെന്നെ ഓര്‍മ്മിപ്പിക്കുന്നു.
എന്നെ വിവാഹം കഴിക്കാനിരുന്ന നാളുകളില്‍ എന്റെ ഭര്‍ത്താവിനോട് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളിലാരോ ഒരാള്‍ അടക്കം പറഞ്ഞു - മറവിരോഗം വന്നാണ് ആ കുട്ടീടെ അച്ഛന് മരിച്ചത്. ഈ കാരണം പറഞ്ഞു, മൂപ്പരന്ന് ഈ വിവാഹത്തില്‍ നിന്നു പിന്മാറിയിരുന്നെങ്കില് എന്നെ ഒരിയ്ക്കലും കുറ്റപ്പെടുത്താതെ ഞാന്‍ ഗ്യാസ് ഓഫ് ചെയ്തോ,അയേണ്‍ ബോക്സ് ഓണ്‍ അല്ലല്ലോ എന്നൊക്കെ ഞാനറിയാതെ ചെന്ന് ഉറപ്പുവരുത്താനും,നിനക്ക് ഞാനില്ലേ എന്ന് കൂടെക്കൂടെ പറയാനും വേറെ ആരുണ്ടാകുമായിരുന്നു? മറവിയെന്നത് ശാപമല്ല, അനുഗ്രഹമാണെന്ന് ഞാന്‍ മനസ്സിനെപ്പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.