
പറഞ്ഞു പഴകിയ ഒരു കാര്യം..."പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍" എന്ന് വേണമെന്കില് പറയാം..
****** ****** ****** ****** ******* ******* ******* ******* ******* ******
പ്രതീക്ഷയോടെ കലണ്ടറിലെ ദിവസങ്ങള്‍ വീണ്ടും അവള് എണ്ണിക്കൂട്ടി.പതിനെട്ട്,പത്തൊമ്പത്,ഇരുപത്....വീണ്ടും മാസത്തിലെ ആ ദിനങ്ങള്‍ വരുന്നു.നാട്ടില്‍ നിന്നു അമ്മമാര്‍ വിളിക്കുമ്പോള്‍ എന്ത് പറയും?ദൈവമേ,ഇത്തവണയെങ്കിലും കൈവിടല്ലേ..എത്ര നാളായി ഇങ്ങനെ ഈ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിന്നു കലണ്ടറിലെ പേജുകള്‍ എണ്ണി തുടങ്ങിയിട്ട്?ഇതു കൃത്യം എട്ടാമത്തെ വര്‍ഷം.എട്ടുവര്‍ഷമായി,താന്‍ വായുവില്‍ വിരല്‍ കൊണ്ടു എഴുതിയും,മായ്ച്ചും,അതെ വിരലുകള്‍ നിവര്‍ത്തിയും,മടക്കിയും ഓരോ മാസത്തെയും ആ ദിനങ്ങളെ പ്രതീക്ഷയോടെ എണ്ണുന്നത്. പ്രായമാണെങ്കില്‍ കൂടി വരുന്നു...കാലികമായ മാറ്റങ്ങളെ എന്നും അംഗീകരിച്ചേ തീരൂ..എങ്കിലും...
"മടുത്തോ തനിക്ക്?" അയാള്‍ ചോദിച്ചു."ഇല്ല, എങ്കിലും....." ആ 'എങ്കിലും' പിന്നീടുള്ള അവരുടെ സംഭാഷണത്തെ എവിടെയോ മുറിച്ചു.മനസ്സിന്റെ ഇടുങ്ങിയ അകത്തളങ്ങളില്‍, അവയുടെ മൂലകളില്‍ മാറാല പിടിച്ചു തുടങ്ങിയിരിക്കുന്നു എന്നത് സത്യം തന്നെ.തിങ്കളാഴ്ച വീണ്ടും ഡോക്ടറെ കാണണം.എന്നും ഒരേ വാചകങ്ങള്‍ തന്നെ.."പ്രതീക്ഷ കൈവിടണ്ട.രണ്ടാള്‍ക്കും ഒരു കുഴപ്പവും ഇല്ല.നമ്മള് മാത്രം വിചാരിച്ചാല്‍ പോരല്ലോ,ദൈവം എല്ലാം നിശ്ചയിച്ചു വച്ചിട്ടുണ്ടാകും." ചിരിക്കാനുള്ള വിമുഖത,ഡോക്ടറുടെ മുഖത്ത് പ്രകടമായിരുന്നു എന്നും...
പതിവുപോലെ അയാളുടെ അമ്മ വിളിച്ചു."പാരമ്പര്യമായി,ഈ തറവാട്ടില്‍ ആര്‍ക്കും കുട്ടികളില്ലാതില്ല.അതിപ്പോ,എന്റെ തറവാട്ടിലും,അവന്റെ അച്ഛന്റെ തറവാട്ടിലും പ്രസവിക്കാത്ത പെണ്ണുങ്ങള് ഇല്ല.എന്താപ്പോ ചെയ്യ്വാ?ഡോക്ടറെ കണ്ടോ നീയ്?എന്താ പറഞ്ഞെ?" എന്നത്തേയും പോലെ,അവളെ അവര്‍ സംസാരിക്കാന്‍ അനുവദിക്കാതെ,ഉള്ളിലുള്ള പരിഭവം മുഴുവന്‍ എണ്ണിതീര്ത്തു ഫോണ്‍ വെച്ചു.
ഇനി അടുത്ത ഊഴം തന്റെ അമ്മയ്ക്കാണ്."പിന്നെ,ഇന്നലെ ഭഗവതീടെ അമ്പലത്തില്‍ തൊട്ടിലു കെട്ടി.മുപ്പെട്ടു വെള്ളീടന്നു വീണ്ടും ഉരുളി കമഴ്ത്തി.അവന് ഇനി എന്നാ ലീവ്?ഇനി വരുമ്പോ,ഗുരുവായൂര്‍ ശയനപ്രദക്ഷിണം ചെയ്യിക്കാംന്നു നേര്ന്നുണ്ട്.ശിവന്റെ അമ്പലത്തിലെ നെയ്യ് ദിവസോം കഴിക്കണില്ലേ?മുടങ്ങാന്ടെ 'സന്താനഗോപാലം' ജപിച്ചോളൂ...നീയ് വിഷമിക്യൊന്നും വേണ്ട.കല്യാണം കഴിഞ്ഞു ,പത്തും,ഇരുപതും കൊല്ലം കഴിഞ്ഞട്ട് കുട്ടികളുണ്ടായിരിക്കുന്നൂന്ന് എത്രടത്ത് വായിച്ചിരിക്കുണൂ”
ജോമോനും ഡെയിസിയും ഡിന്നറിനു വന്നപ്പോള്‍ പറഞ്ഞ ആ വാചകം അവളുടെ മനസ്സിനുള്ളില്‍ മാറ്റൊലി കൊള്ളിച്ചു. ലോ വെയിസ്റ്റ് ജീന്‍സും,ശരീരത്തിലെ അവയവ മുഴുപ്പ് കാണിക്കുന്ന ടോപ്പും ഇട്ടു വന്ന അവള് തികച്ചും സന്തോഷവതിയായിരുന്നു.പക്ഷെ,അതിനിടയില്‍ ഡെയിസിക്കും ,തന്നെപോലെ ചില കുറവുകള്‍ ഉണ്ടെന്നു കണ്ടുപിടിച്ചത് വെറും മണ്ടത്തരം.ഇടയ്ക്കെപ്പോഴോ അവള് ഡെയിസിയോട് പറഞ്ഞു,"ഒരുകണക്കിന് നമ്മള് തുല്യ ദു:ഖിതരാ അല്ലെ?സാരല്യ,ദൈവം എപ്പോഴും അത്ഭുതങ്ങള്‍ കാണിക്കുന്ന ആളല്ലേ?"...ചക്രവാള സീമയിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അവള് കുലുങ്ങി ചിരിച്ചു.ചിരി അമര്‍ത്തിക്കൊണ്ടു അവള് പറഞ്ഞു,"നീയിത്ര പൊട്ടിയായി പോയല്ലോ,ഞങ്ങള്‍ പ്ലാനിങ്ങിലാ.ഇത്ര ചെറുപ്പത്തിലെ ഒരു കുട്ടി!!! ഞങ്ങളതിനെ കുറിച്ചു ചിന്തിച്ചിട്ട് പോലും ഇല്ല,മെന്റലി ഒരു കുഞ്ഞിന്റെ പാരെന്റ്സ് ആവാന്‍ ഞങ്ങള്‍ പ്രീപ്പേര്‍ ചെയ്തിട്ടില്ല." ഇത്ര ചെറുപ്പമോ?മുപ്പതു വയസ്സ് ഒരു ചെറുപ്പമാണോ?ഒരു അമ്മയാവാന്‍ മുപ്പതു വയസ്സ് പോരെ?തന്റെ കളിക്കൂട്ടുകാരിയും,അവളുടെ ഭര്‍ത്താവും ഇത്ര പച്ചപരിഷ്കാരികളായത് അറിഞ്ഞതേയില്ല. പരിഹാസമായോ,അതോ അഹങ്കാരമായോ ഏത് ഭാവത്തിലാണ് ആ ചിരി തന്റെ കാതുകളില്‍ അലച്ചതെന്നു അപ്പോള്‍ അവള്‍ക്ക് മനസ്സിലായില്ല.
അവളുടെ കവിള്‍ത്തടത്തില്‍ മൃദുവായി തലോടിക്കൊണ്ട് അയാള്‍ പറഞ്ഞു,"സാരല്യ,നമ്മള് എന്നും ഒരു ബിന്ദുവിനെ കേന്ദ്രമാക്കികൊണ്ട് മാത്രമാ ചിന്തിക്കുന്നതും,ജീവിക്കുന്നതും,ശ്വസിക്കുന്നത് പോലും..അതല്ലേ അങ്ങനെ പറഞ്ഞതു?നമുക്കൊന്ന് നാട്ടില്‍ പോകാം,ഒന്നു ഫ്രെഷ് ആയി വരാം"..."ഇല്ല,ഞാനില്ല.നാട്ടുകാരുടെയും,വീട്ടുകാരുടെയും മുന്നില്‍ ഞാനൊരു വലിയ ചോദ്യ ചിഹ്നമായി നില്‍ക്കണ്ടേ?വയ്യ,എന്റെ ഉള്ളിലെ തീയണയ്ക്കാന്‍ ഒന്നിനും ആവില്ലെന്ന് തോന്നുന്നു."അവള് നിരാശയോടെ പറഞ്ഞു. "അതൊന്നും സാരല്യ. നമ്മളെന്തായാലും പോണൂ.ക്ലൈമറ്റ് ചേഞ്ച് നല്ലതാണെന്ന് ഡോക്ടറും പറഞ്ഞതല്ലേ?" അയാള്‍ അവളെ ആശ്വസിപ്പിച്ചു.
വിചാരിച്ചതുപോലെ തന്നെ ഉത്തരമില്ലാത്ത ചോദ്യങ്ങളും,കീറാമുട്ടികളായ പ്രസ്താവനകളും അവരുടെ തലയ്ക്കു മുകളില്‍ ചിറകടിച്ചു പറന്നു."നിരാശപ്പെടണ്ട.വായ്ക്കരീടാനെന്കിലും ഒന്നിനെ ദൈവം തരാണ്ടിരിക്കില്യ....തലമുറ അന്യം നിന്നു പോയാ എന്താ ചെയയ്വ?...സഹതാപത്തിന്റെ നിലയില്ലാ കയങ്ങളില്‍ നില്‍ക്കകള്ളിയില്ലാതെ അവര്‍ മുങ്ങി താണു. "എനിക്ക് കുട്ടികളുണ്ടാവാഞ്ഞിട്ടാണോ?ആണും,പെണ്ണും ഒക്കെ ആയി എനിക്കും തന്നില്ലേ ഏഴ് എണ്ണത്തിനെ?എന്നിട്ടിപ്പോ എന്താ കാര്യണ്ടായെ?മരുന്നിനു പോലും ഒരെണ്ണം ഇവിടുണ്ടോ?എല്ലാരും പോയീല്യെ,അവരോരടെ പാടും നോക്കീട്ട്?മക്കളുണ്ടായാ മാത്രം പോര,അവറ്റെ കൊണ്ടു നമ്മക്ക് ഉപകാരംണ്ടാവും കൂടീം വേണം.എന്റെ അവസ്ഥ നീ നോക്ക്.നീയെന്തിനാ വെറുതെ വിഷമിക്കണേ?ഞാന്‍ പറയാച്ചാ,കുട്ട്യോളില്യാതേന് നീയിങ്ങനെ സങ്കടപ്പെടാന്‍ ഒന്നൂല്യ.നിനക്കു അവനും,അവന് നീയും ഇല്യേ?"..ചെറിയമ്മ നീട്ടിപരത്തി പറഞ്ഞതു ശരിയാണെന്ന് തോന്നി."അതെ,അങ്ങനെയൊക്കെ ചിന്തിച്ചു നമുക്കു ആശ്വസിക്കാം.പൊതുവായ നിരീക്ഷണത്തിലൂടെ കിട്ടിയ അറിവോടെ അയാള്‍ അവളോടെ പറഞ്ഞു.
അവളതോന്നും കേള്‍ക്കുന്നെയില്ലായിരുന്നു.എന്നും,എപ്പോഴും ബന്ധങ്ങളുടെ തീവ്രത രുചിച്ചറിഞ്ഞിരുന്നത് കൊണ്ടുതന്നെ ആ മാനസിക സംഘര്‍ഷാവസ്ഥയിലും അവള് തന്റെ ഉള്ളില്‍ ഒരു സ്നേഹ മര്മ്മരം കാത്തിരുന്നു.അവളുടെ ജീവിതത്തിന്റെ ഭാഗമായ ആ കലണ്ടറില്‍ കൂട്ടിയും,കിഴിച്ചും,എണ്ണിയും അക്കങ്ങള്‍ തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു, സ്വപ്നങ്ങുടെ ഗര്‍ഭഭാരത്തിനു താങ്ങാവുന്നതിനേക്കാള്‍ കനം കൂടുതലാണെന്ന് അവള്ക്കറിയാമായിരുന്നിട്ടും...... "സര്‍പ്പദോഷം ഉണ്ടെന്നാ ജ്യോല്സ്യര് പറഞ്ഞതു.അയാള്‍ പറഞ്ഞതുപോലെ ഒരു കളം നടത്താം.ഇനി അതിന്റെ ഒരു കുറവ് വേണ്ട.ലീവ് ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്." തലമുറയുടെ പുതു നാമ്പിനായി ,മരണശേഷം ആരും കൊതിക്കുന്ന ഒരു ഉരുള ബലി ചോറിനായി.....എന്ത് വിട്ടു വീഴ്ചയ്ക്കും അയാളും തയ്യാറായി.
പരസ്യമാണ് ....എന്നാലും ഇതൊന്നുhttp://chokklitales.blogspot.com/ നോക്കണേ പ്ലീസ്....