
ഓര്‍മകളുടെ വസന്തകാലത്തില്‍ എന്നും കുറെ പൂക്കള്‍ കൊഴിയാതെ വിടര്‍ന്നു നില്‍ക്കുന്നുണ്ട് മനസ്സില്‍...അതിലൊരു കൊച്ചു പൂവാണ് "ഹരി".അച്ഛന്റെ ഏറ്റവും ചെറിയ അനിയന്റെ മകന്..'ഹരിക്കുട്ടന്' എന്ന അവന്റെ വിളിപ്പേര് ചൊല്ലുമ്പോള്‍ എന്നും മുന്നിട്ടു നിന്നത് വാല്‍സല്യം തന്നെയായിരുന്നു. അച്ഛന്റെ തൊട്ടു താഴെയുള്ള അനിയന്റെ മക്കള്‍ എനിക്ക് കളിക്കൂട്ടുകാരായിരുന്നെങ്കില്,ഹരിക്ക് അനിയന്റെ സ്ഥാനത്തേക്കാള്‍ മനസ്സു കല്പിച്ചരുളിയ ബന്ധം ഒരു മകന്റെതാണോ?അറിയില്ല.ഒരുപക്ഷെ,ആയിരിക്കാം.അതായിരിക്കാം എവിടെയെങ്കിലും,"മകന്" എന്ന വാക്കു അര്‍ത്ഥപൂര്‍ണതയോടെ ശ്രവിക്കുമ്പോള്‍, മനസ്സില്‍ ഓടിയെത്തുന്നത് അവന്റെ രൂപം തന്നെ.അതില്‍ത്തന്നെ പെണ് കുട്ടികളുടെത് പോലത്തെ നീണ്ട പീലികളുള്ള ആ വിടര്‍ന്ന കണ്ണുകളും,ആ കണ്ണുകള്‍ക്ക് താഴെയുള്ള മറുകും...
അവന്റെ ശൈശവത്തില്‍ ഞാന്‍ കൌമാരദശയില്‍ എത്തിപ്പെട്ടതുകൊണ്ടാണോ എന്നും അവനെ ഒരു വാല്‍സല്യത്തോടെ ഞാന്‍ നോക്കി കണ്ടിരുന്നത്?അതോ, എനിക്ക് താഴെ എന്റെ സ്വന്തമെന്നു പറയാന്‍ ഒരു അനിയനോ,അനിയത്തിയോ ഇല്ലാതിരുന്നത്കൊണ്ടോ?അതും എനിക്കറിയില്ല. ഇന്നവന് വളര്‍ന്നിരിക്കുന്നു.കഴിഞ്ഞ തവണത്തെ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ അവനെ കണ്ടപ്പോള്‍,ആദ്യം തോന്നി....ഉയരം കൂടിയിരിക്കുന്നു.കനപ്പെട്ടു തുടങ്ങിയ അവന്റെ ശബ്ദം എന്നെ അത്ഭുതപ്പെടുത്തി.കാലികമായ മാറ്റങ്ങള്‍ അവനും ഉള്‍ക്കൊണ്ടു തുടങ്ങിയിരിക്കുന്നു.കമ്പ്യൂട്ടറിന് മുന്നിലുള്ള അവന്റെ ഇരിപ്പ് എനിക്ക് ഉള്‍കൊള്ളാനാകാത്തത് പോലെ.അവന് കൊച്ചു കുട്ടിയല്ലെന്ന നേര് എവിടെയോ എന്നെ വേദനിപ്പിക്കുന്നു.പണ്ടത്തെപോലെ അവനെ എടുത്ത് മുകളിലേയ്ക്ക് എറിയാനാകില്ലെന്ന തിരിച്ചറിവില്‍ എന്റെ മനസ്സു പകയ്ക്കുന്നു.
സ്കൂളിലേയ്ക്കുള്ള അവന്റെ ആദ്യ യാത്ര,അവന്റെ അമ്മയ്ക്കെന്ന പോലെ എനിക്കും ഉല്ക്കന് ഠ ഉളവാക്കിയിരുന്നു എന്ന് എനിക്കിപ്പോള്‍,ഓര്‍ത്തെടുക്കാന്‍ ആകുന്നു.എല്‍.കെ.ജി.യില്‍ പഠിക്കുമ്പോള്‍ ഒരിക്കലെന്നോ,പരീക്ഷ കഴിഞ്ഞ ഉടനെ അവന് വന്നു പറഞ്ഞു, "പീത ചേച്ചീ... എനിക്ക് "സ" എന്ന് തുടങ്ങുന്ന ഒരു വാക്ക് മലയാളത്തില്‍ പറയാന്‍ പറ്റിയില്ല.".ഞാന്‍ ചോദിച്ചു."സ" യോ? എന്ത് "സ"?....അവന് നിഷ്കളങ്കതയോടെ പറഞ്ഞു," ഈ,"സര്‍പ്പത്തി"ന്റെ "സ" ഇല്ലേ..ആ "സ" വച്ചു എനിക്ക് ഒരു വാക്ക് പറയാന്‍ പറ്റിയില്ല. പൊട്ടിച്ചിരിച്ചു കൊണ്ടു ഞാന്‍ ചോദിച്ചു,"അയ്യോടാ ചക്കരേ,"സര്‍പ്പം" എന്ന വാക്ക് "സ" ഉപയോഗിച്ചല്ലേ തുടങ്ങുന്നത്?അപ്പൊ,നിനക്കു "സര്‍പ്പം" ന്നു പറയായിരുന്നില്ലേ?" ... അതുകേട്ടതും,അവന് സങ്കടം വന്നു.ചുണ്ട് മലര്‍ത്തി,ചിണുങ്ങാന്‍ വെമ്പി നിന്ന അവനെ ഞാന്‍ മാറോടണച്ചു "സാരല്യ" എന്ന് പറഞ്ഞുവോ?അതെനിക്കോര്‍മ്മയില്ല.ഒന്നുമാത്രം ഇപ്പോഴും ഓര്‍മയുണ്ട്,മനസ്സുകൊണ്ട് ഞാനവന് ഒരു പുത്രസ്ഥാനം നല്‍കിയിരുന്നു.
ടി.വി.യില്‍ കാണുന്ന കൊച്ചുകുട്ടികള്‍ക്കെല്ലാം അവന്റെ ഛായ അന്നൊക്കെ എനിക്ക് തോന്നിയിരുന്നു.ഇപ്പോള്‍,ആ രൂപങ്ങളുമായി അവന് സാദൃശ്യം കുറഞ്ഞു വന്നിരിക്കുന്നു.അവരുടെ വീട് മാറ്റം ചെറിയതല്ലാത്ത ഒരു പങ്ക് ഞങ്ങളുടെ വേര്‍പിരിയലിന് കാരണമായിരുന്നിരിക്കും...കൂടാതെ,എന്റെ യൂനിവേര്സിടി പരീക്ഷകളാണോ,വിവാഹമാണോ അവനെ എന്നില്‍ നിന്നും പറിച്ചകറ്റിയത് എന്ന് കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല.അതിന്റെ മുഴുവന്‍ "ക്രെഡിറ്റും" കാലത്തിനു തന്നെ കൊടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
ഇപ്പോഴവനെ കാണുമ്പോള്‍ ചോദിക്കാന്‍ പുറത്തു വരുന്ന ആകാംക്ഷ നിറഞ്ഞ ആരായലുകള്‍ പലപ്പോഴും,ഞാന്‍ മനസ്സില്‍ത്തന്നെ പൂഴ്ത്തുന്നു.ഇതായിരിക്കാം "ജനറേഷന് ഗാപ്പ് " എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്നത്.ഇത്തവണയും,എന്റെ മൊബൈലിലെ കാലാഹരണപ്പെട്ട റിങ്ങ് ടോണ്‍ കേട്ടപ്പോള്‍ അവന് ചിരിപൊട്ടി.അവയ്ക്ക് പകരം പുതിയ റിങ്ങ് ടോണുകള്‍ അവന് ബ്ലൂ ടൂത്ത് വഴി എനിക്ക് സെന്റ് ചെയ്യുമ്പോഴും ഞാന്‍ ഓര്‍ത്തു,ഇവന് വലുതായി.ഇപ്പോഴിവന് പണ്ടത്തെ ആ "ഹരിക്കുട്ടന്" അല്ല.പക്ഷെ,ഒരു കൊച്ചുകുട്ടിയുടെ രൂപത്തില്‍ തന്നെ മനസ്സിന്റെ അറകള്‍ക്കുള്ളില്‍ അവനെ പൂട്ടിയിടാന്‍ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു...
ചിത്രം: കടപ്പാട് ഗൂഗിളിന്.