
"ദേ, സ്കൂള്‍ പൂട്ടി.നാട്ടില്‍ പോകാന്‍ നാലഞ്ചു ദിവസം കൂടി.ബോറടി മാറ്റാന്‍ സിറ്റി സെന്റെറില്കൊണ്ട് വിടണം". അങ്കവും കാണാം, താളിയും ഒടിക്കാം എന്ന എന്റെ ഉള്ളിരിരിപ്പ് മനസ്സിലാക്കി മൂപ്പര് കൂലങ്കഷമായി ചിന്തിച്ചു. പേഴ്സ് കാലിയാക്കല്‍ എന്ന ചടങ്ങിനോട് വലിയ താല്പര്യമില്ലാത്തതുകൊണ്ട് എന്നോട് ഇങ്ങനെ മൊഴിഞ്ഞു,"എന്തുകൊണ്ട് നിനക്ക് വല്ലതും എഴുതാന്‍ ശ്രമിച്ചു കൂടാ? എത്ര നാളായി ഒരു പോസ്റ്റ് ഇട്ടിട്ട്? നാട്ടില്‍ പോണേനു മുന്‍പ് ഒരു പോസ്റെങ്കിലും ഇട്. " ഒരു നിമിഷത്തേയ്ക്ക് ഞാന്‍ അന്യഗ്രഹത്തിലാണോ എന്ന് പോലും തോന്നിപ്പോയി.ഇങ്ങനെ ഒക്കെ ആ വായീന്ന് കേള്‍ക്കുന്നത് അപൂര്‍വ്വം.വെറുതെ ഇരിക്കുമ്പോള്‍ ആള്‍ടെ തല തിന്നാന്‍ ചെന്നാലോ എന്ന് പേടിച്ച് സൂത്രത്തില്‍ എനിക്ക് തന്ന പണിയാണോ ആവോ?
പക്ഷെ,ചുമ്മാ ഡയറിയുമായി ഇരുന്നാല്‍ വരുന്നതാണോ പോസ്റ്റ്? ക്ലാസ്സിലെ തലതെറിച്ച മുപ്പത്തൊന്ന് പിള്ളേരും,അതിനെ വെല്ലുന്ന സ്വന്തം 'പിള്ളയും' , അവരെ മേയ്ക്കലും എല്ലാം കൂടി ഒരു ദിവസം ഇരുപത്തിനാല് മണിക്കൂര്‍ പോരാതെ വരുന്നു എന്ന പോലെ.ഒരു ദിവസം ഇരുപത്തിനാലില്‍ നിന്ന് മുപ്പത് മണിക്കൂറാക്കി മാറ്റാന്‍ ദൈവത്തിനൊരപേക്ഷ എഴുതി ഒപ്പിട്ടു കൊടുത്താലോ എന്ന ചിന്തയിലാണ്. പുതിയ പോസ്ടിടല്‍ പോയിട്ട് മെയില്‍ ചെക്ക് ചെയ്യുന്നത് തന്നെ അഞ്ചാറ് ദിവസം കൂടുമ്പോള്‍. ആകെ മുടങ്ങാതെ ചെയ്യുന്നത് സ്കൂള്‍ വെബ് സൈറ്റില്‍ മുടങ്ങാതെ കേറി നിരങ്ങുന്നത് മാത്രം.വീകെന്റുകള്‍ക്ക് ഇവിടെ നീളം കുറവാണെന്ന് ഞാന്‍ മുന്നേ കണ്ടുപിടിച്ചതാ.അതുകൊണ്ട് വീകെന്റിലെയ്ക്ക് എടുത്തു വയ്ക്കുന്ന പണികള്‍ എപ്പോഴും എനിക്ക് പണി തന്നു കൊണ്ടേയിരിക്കുന്നു.
വെറുതെ ഇരുന്ന്, വെറുതെ കിടന്ന്, വെറുതെ തീര്‍ത്തു കളയാന്‍ ഒരു ദിവസം എന്ന് കിട്ടും? കുക്കറി ഷോകളില്‍ നിന്നും എഴുതിയെടുത്തു വച്ച പുതിയ ഐറ്റംസ് എന്ന് പരീക്ഷിക്കും? അതൊക്കെ പോട്ടെ, ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ ജീവിതം തീര്‍ന്നു പോകുമെന്ന് കരുതിയിരുന്ന ഞാന്‍ തുടര്‍ച്ചയായി ആറ് മണിക്കൂറെങ്കിലും എന്ന് ഉറങ്ങാനാ?
രാവിലെ അഞ്ച് മണിയ്ക്ക് തുടങ്ങുന്ന ഗുസ്തി രാത്രി പത്തരയ്ക്കെങ്കിലും തീര്‍ക്കണമെന്ന ആഗ്രഹം വ്യാമോഹമായി അവശേഷിക്കുന്നു.സ്കൂളില്‍ നിന്ന് കൊണ്ട് വന്ന അസൈന്മെന്റ് ഷീറ്റുകളും വീക്ക്ലി ടെസ്റ്റ് പേപ്പറുകളും അപ്പോഴും നോക്കി പല്ലിളിക്കും.ടീച്ചര്‍ പണിയ്ക്ക് മാത്രേ ഈ ബുദ്ധിമുട്ട് ഉള്ളൂ എന്ന് ചിലപ്പോഴെങ്കിലും ഓര്‍ക്കാറുണ്ട്. ഇന്ന് ഫ്ലവര്‍ ഷേപ്പില്‍ ഉണ്ടാക്കിയ ദോശയെങ്കിലും ബാക്കി വയ്ക്കരുത്ട്ടോ എന്ന് വീട്ടിലെ ജൂനിയറെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തിരിച്ചു മറുപടി : " അയ്യേ! ഫ്ലവര്‍ ഷേപ്പിലുള്ള ദോശ ഒരു ടേസ്റ്റും ഇല്ല.ഇന്ന് ഹാര്‍ട്ട് ഷേപ്പ് മതി." എന്ന് തിരിച്ചു കല്‍പ്പന.എടീ ഹാര്‍ട്ട് ഇല്ലാത്തവളെ, മര്യാദയ്ക്ക് തിന്നോ,ഇല്ലെങ്കി നിന്റെ ബോഡീടെ ഷേപ്പ് ഞാന്‍ മാറ്റും എന്നുള്ള എന്റെ ഉള്ളിലെ മറുപടി വെറും നെടുവീര്‍പ്പായി മാറും.
ഇനി സ്കൂളില്‍ ചെന്നാലോ, "നിന്റെ തലേലെഴുത്ത് എനിക്ക് വായിക്കാന്‍ പറ്റുന്നില്ല." എന്നത് ഭാഷയും,വ്യാകരണവും,ശൈലിയും മാറ്റി,മനോജിനോട് ഇങ്ങനെ പറയും,"മൈ ഡിയര്‍...എന്നും ഹാന്‍ഡ് റൈറ്റിംഗ് പ്രാക്ടീസ് ചെയ്യണം". ഉടനെ വരും ഉരുളയ്ക്കുപ്പേരി!! "ദിസ് ഈസ് ദി എയ്ജ് ഓഫ് ലാപ്ടോപ്സ്.സൊ,നോ നീഡ് ടു ഡു ദാറ്റ്." തൃപ്തിയായി മനോജേ,തൃപ്തിയായി..ബ്രഹ്മാവ് സൃഷ്ടി കര്‍മ്മം നടത്തുമ്പോള്‍ എന്തിനാണാവോ എല്ലാവര്ക്കും ഇത്ര മൂര്‍ച്ചയേറിയ ജിഹ്വകള്‍ പ്രദാനം ചെയ്യുന്നത്?കൂടെ നമ്മളും നാക്കിനു മൂര്‍ച്ച കൂട്ടി,കൂട്ടി അത് എന്നാണാവോ തേഞ്ഞ് പൊട്ടിപ്പോകുന്നത്? ആകെ കൂടിയുള്ള പിടി വള്ളിയാ.ഇവരെയൊക്കെ ആവശ്യത്തില്‍ കൂടുതല്‍ മര്യാദ പഠിപ്പിക്കാന്‍ പോയാല്‍ യഥാര്‍ത്ഥ മര്യാദക്കാര് - പാരെന്റ്സ്- യുദ്ധത്തിന് കച്ച കെട്ടിയിറങ്ങും.ഞാനൊരു സമാധാനപ്രിയയായത് കൊണ്ട് "എന്റെ മോനെ ----- കുട്ടി സ്വിമ്മിംഗ്പൂളില്‍ വച്ച് ഉന്തിയിട്ടു." എന്നുള്ള പരാതിയ്ക്ക് അങ്ങനെ വലുതായൊന്നും ഉന്തിയില്ല. നിങ്ങടെ മോനാ ശരിയായ പ്രശ്നക്കാരന്‍. ഞങ്ങള്‍ നാല് ടീച്ചേര്‍സ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. പിന്നെ, "പ്രയാസി'നും ഈയ്യിടെ കുറുമ്പ് ഇത്തിരി കൂടുതലാ. പക്ഷെ, ടാലന്റ് ഹണ്ടിന് അവന് ചെയ്ത 'സോളോ ഡാന്‍സ്' സാക്ഷാല്‍ മൈക്കിള്‍ ജാക്സനെ വരെ കടത്തി വെട്ടി... എന്നാക്കി മാറ്റി അവതരിപ്പിച്ച് പാരെന്റ്സ്ന്റെ കണ്ണിലുണ്ണിയായ ടീച്ചര്‍ ആകാന്‍ മാക്സിമം പയറ്റിക്കൊണ്ടിരിക്കുന്നു. "പ്രയാസ്" പക്ഷെ,സ്കൂളിലെ എല്ലാവര്ക്കും അങ്ങേയറ്റം പ്രയാസം ഉണ്ടാക്കുന്നു എന്ന വസ്തുത തീരെ മറച്ചു പിടിക്കാന്‍ പറ്റിയ ഒന്നല്ല.ആരാണാവോ ആ കുട്ടിയ്ക്ക് 'പ്രയാസ്' എന്ന പേരിട്ടത്?
ആഴ്ചയില്‍ മൂന്നു ദിവസം വീട്ടില്‍ സഹായത്തിന് വരുന്ന "ഋത്വിക് റോഷന്" അപ്രഖ്യാപിത ലീവ് എടുക്കുമ്പോള്‍ അവിടെയും നമ്മളാക്ടീവായേ പറ്റൂ."എന്റെ സൈക്കിള്‍ കേടാ.മൊബൈല്‍ റീ-ചാര്‍ജ് ചെയ്യണം,മോള്‍ടെ ബര്‍ത്ത്ഡേയ്ക്ക് സമ്മാനം വാങ്ങി അയക്കണം." ആവശ്യങ്ങളുടെ ലിസ്റ്റ് കൂടുമ്പോള്‍, ബംഗ്ലാദേശി ഋത്വിക്കിനെ കാത്തിരിക്കുന്ന ഈ ഫ്ലാറ്റിലെ ജോലിക്കാരായ മുഴുവന്‍ ഗൃഹലക്ഷ്മികളുടെയും ചങ്കിടിപ്പ് കൂടും.എന്റെ ഹിന്ദി കേള്‍ക്കാനുള്ള ശേഷി ഇല്ലാഞ്ഞിട്ടാണോ ഇനി അവന് ലീവ് എടുക്കുന്നത് എന്നുള്ള ഗൃഹനാഥന്റെ സംശയം ഞാന്‍ മുളയിലെ നുള്ളേണ്ടതായിരുന്നു.
തിരക്കിനിടയില്‍ ട്രെഡ്മില്ലിലെ മല്‍പ്പിടുത്തം നിറുത്തി ഫ്ലാറ്റിനു പുറത്തുള്ള റോഡില്‍ ഈവനിംഗ് വോക്ക് തുടങ്ങിയത് ആരോഗ്യപരിപാലനത്തിന് മാത്രം. തണുപ്പ് വന്നത് കൊണ്ടും,കാല്‍മുതലായി ഉണ്ടായിരുന്ന പാദസരം ഒന്ന് കളഞ്ഞു പോയതുകൊണ്ടും,അതും അവസാനിപ്പിച്ചു.സ്വര്‍ണ്ണ വിലവര്‍ദ്ധനക്കാലത്ത് തന്നെ ഉണ്ടായ ഈ നഷ്ടത്തില്‍ പരിതപിച്ച് എന്റെ ശ്രദ്ധ ടി.വി.യില്‍ "അലാവുദ്ധീനും അത്ഭുതവിളക്കും" കാണലിലും, പച്ചക്കറി അരിയലിലും, ഫോണ്‍ വിളികളിലും കേന്ദ്രീകരിക്കുന്നു.
സമീപ പ്രദേശത്ത് എന്ത് നടക്കുന്നു എന്നറിയാനുള്ള ആകാംഷ തീരെ ഇല്ലാത്തത് കൊണ്ട് മാത്രം അയല്‍ ഫ്ലാറ്റുകളിലേയ്ക്കു ഫോണ്‍ വിളികള്‍ നന്നേ കുറഞ്ഞു. അതുകൊണ്ട് മാത്രം അടുത്ത ഫ്ലാറ്റിലെ തമിഴന് അങ്കിള്‍ തന്റെ തലയ്ക്കു മുകളില്‍ താമസിക്കുന്ന കൊളീഗിന് അയച്ച എസ്.എം.എസ് ഇതിവൃത്തം വളരെ വൈകി മാത്രമേ എനിക്ക് അറിയാനായുള്ളൂ.പാതിരാത്രിയ്ക്ക് അയച്ച എസ്.എം.എസ്. ഇങ്ങനെ "ഒന്നുകില്‍ താങ്കളുടെ മക്കളോട് രാത്രി പത്തര കഴിഞ്ഞുള്ള ഫുട്ബോള്‍ മാച്ച് വീട്ടിനകത്ത് നടത്തരുതെന്ന് പറയുക.അല്ലെങ്കില്‍ മൂന്നെണ്ണത്തിനും ഓരോ കത്തി കൊടുത്ത് ഇങ്ങോട്ട് പറഞ്ഞയച്ച് എന്നെ കൊല്ലാന്‍ പറയുക". സംഗതി ഏതായാലും ഏറ്റു.രണ്ടു മിനിട്ടിനുള്ളില്‍ തലയ്ക്കു മുകളിലെ ഭൂമികുലുക്കത്തിന്റെ ശബ്ദം നിന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തി.
സ്കൂളിലിരിക്കുമ്പോ വിചാരിക്കും, സ്കൂള്‍ പൂട്ടിയിട്ടു വേണം എവെരസ്റ്റ് മറിക്കാനെന്ന്. പക്ഷെ സ്കൂള്‍ പൂട്ടിയപ്പോ വല്ലാത്ത വീര്‍പ്പുമുട്ടല്‍.സ്കൂളിലെ തിക്കും,തിരക്കും, കുട്ടികളുടെ ബഹളവും പരാതികളും, നാല്‍പ്പതിയഞ്ചു മിനിട്ട് കൂടുമ്പോഴുള്ള ബെല്ലടി ശബ്ദവും ഇല്ലാതെ ആകെ വല്ലാത്ത ഒരു അസ്വസ്ഥത.വന്നു,വന്ന് നിശ്ശബ്ദതയോട് ഒരു താല്പര്യക്കുറവ്.ഡാഷ് പോയ അണ്ണാന്റെ പോലെ.വാരികയിലെ മന:ശ്ശാസ്ത്രജ്ഞനോട് എഴുതി ചോദിക്കേണ്ടി വരുമോ ആവോ? ഇടയ്ക്ക് പോസ്ടിടാത്തത് കൊണ്ട് ഞാനെന്ന ബ്ലോഗിണിയേ ബൂലോകത്തെ പുതുമുഖങ്ങളില്‍ എത്ര പേര്‍ക്ക് അറിയുമോ ആവോ?
ചിത്രം: ഗൂഗിളില്‍ സെര്ച്ചിയപ്പോള് കിട്ടിയത്.