Thursday, April 5, 2018

സ്കൂള്‍ ബസിലെ കുട്ടിവെളുത്ത പൂക്കള്‍ നിറഞ്ഞ ഈ സ്ഥലത്ത് ചാര നിറമുള്ള മഞ്ഞ് പോലെ ഒഴുകിപ്പരന്നു നടക്കുന്ന എനിക്ക് ഒന്നും പറയാനില്ല....ആരോടും.. ഓര്‍ത്തെടുക്കാനേയുള്ളൂ.. അത് അന്ന് തന്നെയായിരുന്നു...എന്നെ പ്രസവിച്ച അമ്മ ശരീരം ശോഷിപ്പിച്ച് സൌന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി ജി.എം. ഡയറ്റ് പരീക്ഷിച്ചു തുടങ്ങിയതിന്‍റെ മൂന്നാം ദിവസം.. ജി.എം. ഡയറ്റ് - അതെന്താണെന്ന് കൃത്യമായി അറിയില്ല. ഒന്നാം ദിവസം ധാരാളം വെള്ളം കുടിക്കുന്നതിനോടൊപ്പം ഫ്രൂട്സ് മാത്രം കഴിക്കണം. രണ്ടാമത്തെ ദിവസം പച്ചക്കറികള്‍ മാത്രം. ഉപ്പ്, മുളക്, എണ്ണ എന്നിവ തൊടാതെ വേണമെങ്കില്‍ പുഴുങ്ങിയെടുക്കാം. അല്ലെങ്കില്‍ പച്ചയ്ക്ക് കഴിക്കാം, മൂന്നാം ദിവസം ഫ്രൂട്സും, പച്ചക്കറികളും മിക്സ്‌ ചെയ്തു കഴിക്കാം. പറയുമ്പോ എന്ത് രസം !!! എന്ത് വേഗം പണി തീര്‍ന്നു. പക്ഷെ, ബുദ്ധിമുട്ടാണെന്നു ചെയ്തു നോക്കിയപ്പോള്‍ പിടി കിട്ടിക്കാണും, അങ്ങനെ ബുദ്ധി മുട്ടുള്ള ഒരു ദിവസമാണ് 5 നു പകരം 10 മില്ലി സിര്‍റ്റെക് എന്റെ വായില്‍ നിര്‍ബന്ധിച്ച് ഒഴിച്ച് തന്ന് സ്കൂള്‍ ബസില്‍യറ്റി വിട്ടത്.


എക്സ്ടേണല്‍ എക്സാമിന്റെ മോഡല്‍ പേപ്പര്‍ എന്‍റെ മൂത്ത ചേട്ടനെ തല്ലിത്തിരുമ്മി, ഭീഷണിയോടെ പഠിപ്പിച്ചെടുക്കുമ്പോഴും അമ്മ ഓര്‍ത്തതേയില്ല കിട്ടാത്ത മാര്‍ക്കിനേക്കാള്‍ വിലയുണ്ട്‌ ഉള്ളിലേയ്ക്കെടുക്കാന്‍ കഴിയുന്ന ഒരു തണുത്ത ശ്വാസത്തിനെന്ന്. ഉമ്മറത്തിരുന്നാല്‍ കാണാമായിരുന്ന മഞ്ഞച്ച വിളഞ്ഞ നെല്‍പ്പാടത്തിന്റെ നാട്ടില്‍ നിന്ന് , ഇരുമ്പിന്‍റെ ഘനമുള്ള കല്ലിനെ കാച്ചി ഉരുക്കിയെടുക്കാന്‍ പോന്ന ചൂടുകാറ്റിന്‍റെ നാട്ടിലെത്തിയപ്പോള്‍ ഒരിയ്ക്കലും ഇഷ്ടം തോന്നിയില്ല ഈ നാടിനോട്. ആകെ ഇഷ്ടക്കേടായിരുന്നു എല്ലാത്തിനോടും.നേരം വെളുക്കുന്നതിന് മുന്‍പ് ഇത്ര വേഗത്തില്‍ സ്കൂള്‍ ബസ്‌ വരുന്നതെന്തിന് എന്നുള്ള ഇഷ്ടക്കേട് ആദ്യം. ഒരിയ്ക്കലും മതിയാവോളം ഉറങ്ങി എണീക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ജീവനായി മാറേണ്ട ജലകണികകള് തിളച്ച് മറിഞ്ഞ് ലാവാ പ്രവാഹമായി ടാപ്പിലൂടെ പതിക്കുന്നത് വേറൊരു ഇഷ്ടക്കേടായി. പ്രകൃതിയുടെ സ്വഭാവ വൈരുദ്ധ്യം!! ചൂടു കാറ്റേറ്റ് ഉഷ്ണിച്ചു തളര്‍ന്ന്, ഉപ്പ് രസമുള്ള മുഖവുമായി, പുഴുക്കത്തോടെ വീട്ടില്‍ വന്നു കയറുമ്പോള്‍ എനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന മറ്റൊരു കാര്യം ജനലുകളില്ലാത്ത വീട്ടിനുള്ളിലെ പുഴുക്ക മണമായിരുന്നു.


സ്മോള്‍ ലെറ്റര്‍ 'ബി' യ്ക്കും സ്മോള്‍ ലെറ്റര്‍ 'ഡി'യ്ക്കും ഉള്ള സമാനതയില്‍ അത്ഭുതം കൂറുന്നതിനിടയില്‍ ടി.വി.യിലെ ഫോണ്‍ ഇന്‍ പ്രോഗ്രാമ്മിലെ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ഞാന്ന്‍ ശ്രദ്ധിച്ചു. വീണ്ടും അതെ കണ്ണുകളോട് കൂടിയ ഒരു ചേട്ടനെ പിറ്റേ ദിവസം സ്കൂള്‍ ബസില്‍ കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു. ബോയ്സ്ന് ഇത്രേം കണ്പീലികള്‍ ഉണ്ടാക്വോ? അതിനുത്തരം കണ്ടെത്തുമ്പോഴേയ്ക്കും പലപ്പോഴും വാട്ടര്‍ ബോട്ടില്‍ കഴുത്തില്‍ത്തന്നെ തൂക്കിയിട്ടു പാതി മയക്കത്തിലായിട്ടുണ്ടാകും ഞാന്‍. നീണ്ട കണ്‍പീലികളുള്ള ചേട്ടന്‍ തോളിലിട്ട ബാഗ് സഹിതം എന്നെ എടുത്തുയര്‍ത്തി ബസ്സിനകത്ത് വയ്ക്കുമ്പോഴെയ്ക്കും കഴുത്തിലെ ചരടില്‍ തൂക്കിയിട്ട വിസില്‍ ഇരു ചുണ്ടുകള്‍ക്കിടയില്‍ തിരുകി വച്ച് നീളത്തില്‍ ഊതി ശബ്ദമുണ്ടാക്കുന്ന ചേട്ടനെ ഞാന്‍ സാകൂതം വീക്ഷിച്ചു. ഇടയ്ക്കെപ്പോഴോ അടുത്തിരിയ്ക്കാറുള്ള... വെളുത്തു സുന്ദരിയായ ടീച്ചറുടെ മേല്‍ ചാരിയിരുന്ന് ഉറങ്ങാനും തുടങ്ങും. ഇടയ്ക്കെപ്പോഴോ സുന്ദരി ടീച്ചര്‍ എന്നെ ഉറക്കത്തില്‍ നിന്നെണീപ്പിച്ച് സ്നേഹവായ്പ്പോടെ കൈ പിടിച്ച് ക്ലാസ്സില്‍ കൊണ്ട് പോയിരുന്നു.


ഞരങ്ങി പ്രവര്‍ത്തിച്ച് ക്ഷീണിച്ച ചൂട് വായു മാത്രം മുറിയ്ക്കുള്ളില്‍ നിറയ്ക്കുന്ന എ.സി.യുടെ ശബ്ദം നാല് വയസ്സുകാരിയായ ഞാന്‍ തീരെ ശ്രദ്ധിച്ചില്ലെങ്കിലും മുറിയ്ക്ക് പുറത്തിറങ്ങുമ്പോള്‍ ചൂടുള്ള തന്തൂരി അടുപ്പിനടുത്ത് പോകുന്നതുപോലെ എന്ന് ഞാന്‍ അമ്മയോട് പരാതി പറഞ്ഞു. "നാട് മാറുമ്പോള്‍ കാലാവസ്ഥയും മാറും". മകളുടെ പരാതി ഗൌനിക്കാതെ അമ്മ എന്നോട് 'ഇ' ഫോര്‍ 'എഗ്ഗ്' പഠിയ്ക്കാന്‍ പറഞ്ഞു. വിസില് വിളി കേട്ടില്ലെങ്കിലും ബസ്സിന് മുന്നോട്ടു പോകാനാകും എന്നുള്ളത് എന്നെ രസിപ്പിച്ചു. വിസില് വിളിക്കുന്ന ചേട്ടന് പരീക്ഷയാത്രേ. അപ്പൊ,എന്നെപ്പോലെ ചേട്ടനും പഠിക്കാന്‍ പോകുന്നുണ്ടായിരിക്കും എന്ന് ഞാന്‍ ഓര്‍ത്തു.അമ്മയുടെ ഡയറ്റിന്‍റെ കൃത്യം മൂന്നാം ദിവസം ആ വെളുത്ത സുന്ദരിടീച്ചര്‍ ബസ്സിലുണ്ടായിരുന്നില്ല. എന്നെ അതിശയിപ്പിച്ച മറ്റൊരു വസ്തുത ബസ്‌ ഓടിക്കുന്ന അങ്കിള്‍നു പകരം വിസില്‍ വിളിക്കുന്ന ചേട്ടനാണ് അന്ന് രാവിലെ സ്കൂള്‍ ബസ്‌ ഓടിച്ചിരുന്നത് എന്നായിരുന്നു. പതിവ് പോലെ ജനലരികിലെ സീറ്റിലിരുന്ന് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ഉറക്കം തൂങ്ങി ചാരാന്‍ വെളുത്ത ടീച്ചറുടെ ചുമലുകള്‍ ഉണ്ടായിരുന്നില്ല. രക്തത്തിന് ജലത്തിനെക്കാള്‍ കൊഴുപ്പുണ്ടെങ്കിലും, രക്ത ബന്ധത്തിന് ആരുടേയും ഭാവി പ്രവചിക്കാനുള്ള കഴിവില്ലല്ലോ. ഉണ്ടെങ്കില്‍ എന്‍റെ അഞ്ചാം ക്ലാസ്സുകാരനായ ഏട്ടന്‍ പുറകിലെ വലിയ ഗ്ലാസ്സിനടുത്തുള്ള നീളം കൂടിയ സീറ്റില്‍ ഇരിയ്ക്കാന്‍ പോകില്ലല്ലോ.


സ്കൂള്‍ ബസ്സിലെ പതിവ് മയക്കത്തിലേയ്ക്കു വഴുതി വീഴുമ്പോള്‍ എനിക്കറിയില്ലായിരുന്നു പ്രാണവായുവിനുള്ള യുദ്ധം നടത്തി കുഴഞ്ഞു വീഴാനാണ് ഞാന്‍ പോകുന്നതെന്ന്. പതിവുകാരനല്ലാത്ത ഡ്രൈവര്‍ കുട്ടികളെ സ്കൂളിലിറക്കി തിരിച്ചു കൊണ്ടുപോയി വണ്ടി പാര്‍ക്ക് ചെയ്തപ്പോഴും മനസ്സിലാക്കിയില്ല ഞാന്‍ അതില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്ന്. വെളുത്ത സുന്ദരി ടീച്ചര്‍ ഉണ്ടായിരുന്നെങ്കില്‍ പതിവുപോലെ എന്നെ എണീപ്പിച്ചേനെ. ദയയുടെ ഉറവുകള്‍ ഇനിയും വറ്റാത്ത ഈ ലോകത്തിലേയ്ക്ക് പക്ഷെ ദൈവദൂതന്‍ വന്നു ഉയരം കൂടിയ സീറ്റുകള്‍ക്കിടയില് ഉറങ്ങുന്ന എന്നെ രക്ഷിക്കാനായി കൈകളില്‍ കോരിയെടുത്തില്ല.


ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത് മുതല്‍ എന്‍റെ ചൂടുള്ള ശരീരം കൂടുതല്‍ ചൂട് കയറിക്കയറി ഉണക്കമീന്‍ പോലെ വരണ്ടുണങ്ങിയത് വരെ എന്നില്‍ എങ്ങനെ എന്നില്‍ പ്രാണന്‍ അവശേഷിച്ചു? ഞാനനുഭവിച്ച ഭയം, ഭയാനകമായ എന്‍റെ സ്വരത്തിന്റെ തന്നെ പ്രതിധ്വനി, ദാഹിച്ചു വരണ്ട എന്‍റെ തൊണ്ടയിലെ ആര്‍ത്തനാദം ... ഇതൊന്നും ആരും കേട്ടില്ല.ആരെയും കുറ്റപ്പെടുത്താനില്ല.ആരും മനപൂര്‍വ്വം ചെയ്തതല്ലല്ലോ.. പറഞ്ഞുകേട്ട കഥകളിലെ പാതാളത്തിലെ അകക്കറുപ്പ് ഞാന്‍ കണ്ടു. തൊണ്ട ഉണങ്ങി, വറ്റി വരണ്ട് ...എന്‍റെ കഴുത്തിലെ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളമെടുത്തു കുടിയ്ക്കാന്‍ അറിയാതെ ...ഞാന്‍ അങ്ങനെ ദാഹിച്ചു മരിച്ചു. ‌


ശ്വാസോച്ച്വാസം ചെയ്യാന്‍ കഴിയാതെ ഞാന്‍ പിടഞ്ഞു. പുറത്തുള്ളതിനേക്കാള്‍ പൊള്ളുന്ന മരുഭൂമിയിലെ ചൂട് ബസ്സിനകത്തുണ്ടെന്ന് എനിക്കറിയാതെ പോയി. ഭയന്ന്, മരവിച്ച്....ഒപ്പം ദാഹിച്ച് എന്റെ സ്വരം പലപ്പോഴും പുറത്തു വരാതെ, ഒരു സഹായമഭ്യര്‍ത്ഥിക്കാന്‍ കഴിയാതെ..... ബസ്സിന്‍റെ ഡോര്‍ തുറക്കാന്‍ ഒരു പാഴ് ശ്രമം പോലും നടത്താതെ കുഴഞ്ഞു വീണ ഞാന്‍ ചര്‍ദ്ദിച്ചത് ചോരയായിരുന്നോ?... അല്ല, അത് അതിരാവിലെ കുടിച്ച ഹോര്‍ലിക്സ് ആയിരുന്നു. ചോര വന്നത് പക്ഷെ, മൂക്കില്‍ കൂടിയായിരുന്നു. പ്രാണന്‍ പോകുമ്പോഴുണ്ടാകുന്ന വേദന ഞാനെന്ന നാല് വയസ്സുകാരിയ്ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. മേല് മുഴുവന്‍ പൊള്ളി, ഒപ്പം ശ്വാസം മുട്ടി, ഉള്ളിലെ നീറ്റല്‍ പറയാനാകാതെ ഞെരങ്ങി ബസ്സിലെ നിലത്ത് വീണ് .... കരയാതെ കരഞ്ഞപ്പോള്‍ എന്‍റെ പിങ്ക് നിറമുള്ള ചുണ്ടുകള്‍ കറുത്ത് തുടങ്ങിയിരുന്നു. നീണ്ട ഒന്നര മണിക്കൂര്‍ നേരത്തെ ആ വെപ്രാളം ആരും അനുഭവിക്കരുത്. ആരും കാണരുത്..ഉള്ളം പൊള്ളിക്കുന്ന വേദനാജനകമായ കാഴ്ചയാകും അത്.


ഇനി,പറഞ്ഞു തീര്‍ത്ത...... തീര്‍ക്കാത്ത വിടവുകള്‍ എനിക്കിനി നികത്താനാവില്ല.എന്‍റെ കിണുങ്ങലും, ചിണുങ്ങലും നിന്നിട്ട് കൃത്യം പത്താം മാസം ചിറകില്ലാത്ത മറ്റൊരു മാലാഖ എന്‍റെ അമ്മയ്ക്ക് കുഞ്ഞായി പിറന്നു.ചിറകു മുളച്ച് ....മാലാഖയായി ...ഞാന്‍ പറന്നു കൊണ്ടേയിരിക്കുന്നു. ആരോടും പരിഭവിക്കാതെ..എല്ലാം ഓര്‍ത്തു വച്ച്. ഉള്ളം പൊള്ളിക്കുന്ന ഓര്‍മ്മകളുമായി... മുത്തശ്ശിയുടെ മൃത്യുഞ്ജയ മന്ത്രങ്ങളൊന്നും വിലപ്പോയില്ലെന്ന പരാതിയില്ലാതെ ഞാന്‍ ലക്ഷ്യമില്ലാതെ ഇങ്ങനെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു..വിധിയെന്ന വാള്‍ തല നാരിഴയില്‍ തൂങ്ങി എല്ലാവരുടെയും തലയ്ക്കു മുകളില്‍ക്കിടന്നാടുന്നു.. ഉഷ്ണിപ്പിച്ച്, ദാഹിപ്പിച്ച്, വിശപ്പ്‌ കയറ്റി, പൊള്ളിപ്പിച്ച്, വേദനിപ്പിച്ച്,ഉള്ളം നീറ്റി മറ്റു ചിലപ്പോള്‍ ശ്വാസം മുട്ടിച്ച് ആരുടെയൊക്കെയോ മനസ്സിനെ ഭ്രാന്ത് പിടിപ്പിച്ച് വിധിയുടെ നാടകം തകര്‍ത്താടിക്കൊണ്ടിരിക്കുന്നു.

43 comments:

smitha adharsh said...

മനസ്സിനെ സ്പര്‍ശിച്ച ഒരു സംഭവം. അത് എന്‍റെ വാക്കുകളിലൂടെ പകര്‍ത്തിയത്. ആരെയും മന:പൂര്‍വ്വം കുറ്റപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

Sreedevi .M. Menon said...

നന്നായിട്ടുണ്ട് സ്മിത.. ഇത് ഇന്നത്തെ അമ്മമാര്‍ക്കും, ബസ്‌ ജീവനക്കാര്‍ക്കും, സ്കൂള്‍ അധികൃതര്‍ക്കും എല്ലാമുള്ള ഒരു താക്കീതു തന്നെ.. ഇഷ്ടമായി........

ചിന്താക്രാന്തൻ said...

അഭിനന്ദനങ്ങള്‍ കഥ നന്നായിട്ടുണ്ട് .ഒന്ന് കൂടി ലളിതമായഭാഷയില്‍ പറയാമായിരുന്നു .പറയാനുള്ളത് തുറന്നെഴുതാത്തത് പോലെ തോന്നി .അതോ വായനക്കാര്‍ വായിച്ചു പൂരിപ്പിച്ചോട്ടെ എന്ന് മനപൂര്‍വ്വം കരുതിയതാണോ .

Manoraj said...

കഥക്കുപയോഗിച്ച തീമും ഭാഷയും എല്ലാം നന്നായെങ്കിലും അത് അവതരിപ്പിച്ചത് ഒരു നാലുവയസ്സുകാരിയായപ്പോള്‍ അവള്‍ക്ക് ഏല്‍ക്കേണ്ടി വന്ന കടുത്ത ഭാരം പോലെ ആ വാക്കുകളും ഒരു ഭാരമായി ഫീല്‍ ചെയ്യുന്നു. പക്ഷെ, തീം നന്നായിരിക്കുന്നു.

വല്ലപ്പോഴും ഇങ്ങിനെ ഓരോന്ന് കോറിയിട് ടീച്ചറേ:)

കൊച്ചുമുതലാളി said...

വിത്യസ്ഥമായ അവതരണ ശൈലി മനോഹരമായിരിയ്ക്കുന്നു. ആശംസകള്‍!

Anonymous said...

സ്മിതാ... കുറെ നാളുകള്‍ക്കു ശേഷം ഇട്ട പോസ്റ്റ്‌ ആയതു കൊണ്ടാവും വിഷയത്തിന് ഇത്ര കടുപ്പം. ഒരുപാട് അമ്മമ്മാരുടെ ഉറക്കം കളഞ്ഞ സംഭവം ഇത്ര ഭംഗിയായി എഴുതാന്‍ കഴിഞ്ഞ കഥാകാരിയ്ക്ക് അഭിനന്ദനങ്ങള്‍.ഓരോ വാചകവും എത്ര കണക്കു കൂട്ടി , ഭംഗിയായി തുന്നി ചേര്‍ത്തിരിക്കുന്നു.. വല്ലപ്പോഴും ഉള്ള ഈ പോസ്റ്റ്‌ അതി മധുരം. കാത്തിരിക്കുന്നു,അടുത്ത പോസ്ടിനായി.
Sheeba Manoj

Kalam said...

സ്മിതാ..
മനസ്സിനെ വല്ലാതെ നോവിപ്പിച്ച ഇത്തരം സംഭവങ്ങള്‍ ഈ അടുത്ത കാലത്തായി കേട്ടു.

ആ നോവിനെ കുറെ കൂടി തീവ്രമായി ഒന്നുകൂടി അനുഭവിപ്പിച്ചു.

Cm Shakeer said...

അവതരണ ശൈലി ഇഷ്ട്ടമായി. എങ്കിലും കഥാപാത്രം തന്നെ കഥ പറയാതെ കഥാകാരി narrate ചെയ്യുന്ന രീതിയായിരുന്നെങ്കില്‍ കുറേ കൂടി യുക്തിഭദ്രമാകുമായിരുന്നു എന്നു തോന്നി. എഴുത്തിലുള്ള കൈയ്യടക്കത്തിന് അഭിനന്ദനങ്ങള്‍....

ശ്രീനാഥന്‍ said...

നന്നായിട്ടുണ്ട് കഥ, മനോരാജൊക്കെ സൂചിപ്പിച്ച പോലെ കൊച്ചുകുട്ടി പറയുന്നത്തിനേക്കാൾ കനമായി എന്നു മാത്രം

കാടോടിക്കാറ്റ്‌ said...

കഥയരങ്ങില്‍ കഥാകാരി തന്നെ വായിച്ചു കേട്ടു. പിന്നെ ഇപ്പോള്‍ വായിച്ചു.
‘ഇനി,പറഞ്ഞു തീര്‍ത്ത...... തീര്‍ക്കാത്ത വിടവുകള്‍ എനിക്കിനി നികത്താനാവില്ല ‘ കൂടുതല്‍ തുറന്നു പറയാന്‍ സാഹചര്യം സ്മിതയെ അനുവദിക്കില്ല എന്നറിയാം. ആ സംഭവം ഏല്പിച്ച നടുക്കം, വേദന എല്ലാം അനുഭവിപ്പിക്കുവാന്‍ കഥക്ക് കഴിഞ്ഞു. കുഞ്ഞു കഥ പറയുന്ന രീതിയും ഇഷ്ടമായി. അപ്പോള്‍ നാലു വയസ്സുകാരി കുഞ്ഞിന്‍റെ ഭാഷയില്‍ ആയിരുന്നെകില്‍ കഥ കൂടുതല്‍ നന്നായേനെ എന്നൊരു അഭിപ്രായം മാത്രം. ഇനിയും എഴുത്ത് ഇടയ്ക്കിടെ ആക്കാതെ തുടര്ച്ചയായ്‌ എഴുതൂ.. വശ്യമായ ഭാഷയുണ്ട് സ്മിതയ്ക്ക്.
ഹൃദയ പൂര്‍വം ആശംസകള്‍....

Artof Wave said...

നന്നായിരിക്കുന്നു സ്മിത

Saritha said...

ഒരു കരച്ചില്‍ തൊണ്ടയില്‍ കുരുങ്ങി. സത്യം

Sukanya said...

കുറെ കാലത്തിനുശേഷം വീണ്ടും പൊള്ളുന്ന കഥയുമായി എത്തിയതില്‍ സന്തോഷം.

Unknown said...

ഇത് ഖത്തറില്‍ നടന്ന സംഭവം അല്ലെ ?

ആ കുഞ്ഞിന്റെ ഭാവനയില്‍ വിവരിക്കുന്നു ,,,

നന്നായി എന്ന് പറയുന്നതിനെകാള്‍ നല്ലത് ഇത് പോലെ ഉള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് പോലെയുള്ള എഴുത്തുകള്‍ ഉപകാരപ്പെടും

Typist | എഴുത്തുകാരി said...

എന്താ പറയുക?ആ നേരത്ത് ആ കുഞ്ഞിന്റെ മനസ്സിൽ ഇതൊക്കെ തന്നെ ആയിരുന്നിരിക്കും ഇല്ലേ?

suresh gopu said...

ആ കുട്ടി ഒരു നൊമ്പരമായി മനസ്സില്‍ അവശേഷിക്കുന്നു. ഈ കഥയ്ക്ക്‌ അവാര്‍ഡ്‌ കിട്ടിയെന്നറിഞ്ഞു. അഭിനന്ദനങ്ങള്‍.. ഈ ഭാഷയ്ക്ക്,ഇത്തരം പുരസ്കാരങ്ങള്‍ കിട്ടിയില്ലെങ്കിലെ അത്ഭുതമുള്ളൂ..അത്രയും ശക്തമായ ഭാഷ.പിടിച്ചിരുത്തി വായിപ്പിച്ചു കളയുന്ന മാസ്മരിക ശക്തി.. ഗുഹയില്‍ പതുങ്ങിയിരുന്ന് വല്ലപ്പോഴും മാത്രം പുറത്തിറങ്ങുന്ന ആ രാജകീയത ഈ എഴുത്തുകാരിയ്ക്ക് സ്വന്തം.എഴുതി,എഴുതി ഇനിയും,ഇനിയും ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കട്ടെ.

AMALFERMIS said...

മനസ്സിനെ തീവ്രമായി സ്പര്‍ശിച്ച സംഭവമാണെന്ന് വായികുംബോഴേ തോന്നി..........അത് വായനക്കാരെ കൂടി അനുഭവിച്ചപ്പോള്‍ കഥാകാരി വിജയിച്ചു...വായിക്കുന്നത് കുട്ടികള്‍ അല്ലല്ലോ..അത
കൊണ്ട ഭാഷ ഗഹനമാവുന്നതില്‍ തെറ്റില്ല...ഒത്തിരി ഇഷ്ടായി ...ടീച്ചര്‍ക്ക്‌ എല്ലാ ഭാവുകങ്ങളും..

Joy Varghese said...

remembering the news ..
nice attempt.Best wishes

Senu Eapen Thomas said...
This comment has been removed by the author.
chillujalakam thurannappol said...

smithaa..

Really it's heart touching one..

Senu Eapen Thomas, Poovathoor said...

കണ്ണീരിന്റെ നനവുള്ള പകൽ കിനാവിനെ എനിക്ക് ഇഷ്ടമല്ല. (ഇതു എന്റെ മാത്രം അഭിപ്രായമാണ്). ഈ വാർത്ത കേട്ടപ്പോൾ ഉണ്ടായതിലും വേദന ഈ പോസ്റ്റ് വായിച്ചപ്പോൾ ഉണ്ടായി എന്നത് സത്യം (ബിലീവ് ഇറ്റ് ഓർ നോട്ട്)

shajkumar said...

സ്മിത ഒരിക്കല്‍ കൂടി ..നന്നായി എഴുത്ത്

അനില്‍@ബ്ലോഗ് // anil said...

അയ്യോ സ്മിതാ...
ആകെ മനസ്സു കിടുങ്ങിയല്ലോ.
ഒരു വിഷമം.

നന്നായി എഴുതിയിരിക്കുന്നു.

Anil cheleri kumaran said...

നടന്ന സംഭവം എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു. കഥ നന്നായി.

നാമൂസ് said...

പുരസ്കാര ചടങ്ങില്‍ വെച്ച് ടീച്ചറിലൂടെ തന്നെ കേട്ട കഥ,
കേള്‍വിയെക്കാള്‍ സുഖം നല്‍കുന്നുണ്ട് വായനയിലെ കഥ,
അതിനും മുന്‍പേ ഇക്കഥ എന്നെയടക്കം പലരെയും നടുക്കിയിരുന്നതാണ്.
ആ കുട്ടിയിലൂടെ തന്നെ കഥ പറയാന്‍ ശ്രമിച്ച രീതി നന്നായിടുണ്ട്.
കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നമുക്കാവട്ടെ... ആശംസകള്‍..

{അക്കൂടെ, ടീച്ചറെ... ഇടക്കൊക്കെ പകല്‍ കിനാവിലും കിനാവ്‌ നിറയട്ടെ..}

Anonymous said...

smitha... it was a real & heart touching story...in ur story....i felt like it took me to the incident place. that much...reality was there in ur narration.

kavitha pradeep

panchami pavithran said...

ഹോ...ഭീകരം..എങ്ങനെ ഇങ്ങനെ മരണത്തെ മുന്നില്‍ കണ്ടത് പോലെ എഴുതാന്‍ കഴിഞ്ഞു? ഭാവന അതി ഗംഭീരം!! മനസ്സിനെ സ്പര്‍ശിക്കുന്ന ഭാഷ. നമുക്കൊരിയ്ക്കലും ഇങ്ങനെ ഒരു മരണം സംഭവിയ്ക്കും എന്ന് പോലും ചിന്തിക്കാന്‍ വയ്യ അല്ലെ..സ്മിതാ..എന്തിനാ എപ്പോഴും എഴുതുന്നത്‌? വല്ലപ്പോഴും ഇങ്ങനെ ഒന്ന് മതി..ധാരാളം. ഒന്ന് മാറ്റിപ്പറഞ്ഞാല്‍ "നന്ചെന്തിനു നന്നാഴി?"

Azeez Manjiyil said...

ബോധവത്കരണ പ്രാധാന്യമുള്ള ഒരു വിഷയം ക്രിയാത്മകമായി കൈകാര്യം ചെയ്യുന്ന രചന.സര്‍ഗാത്മകമായ കഥയായി പരിണമിച്ചിട്ടില്ലെന്ന്‌ തോന്നുന്നു.
ഭാവുകങ്ങള്‍ ..

Admin said...

സ്മിത.. നന്നായിട്ടുണ്ട്.. മനസ്സില്‍ കൊണ്ടു..

ആഷിക്ക് തിരൂര്‍ said...

സ്മിത ടീച്ചര്‍ ... അവതരണം ഒത്തിരി ഇഷ്ട്ടപെട്ടു ... വീണ്ടും വരാം .. സസ്നേഹം ..

വേണുഗോപാല്‍ said...

ഈ സംഭവം അറിഞ്ഞിരുന്നു ..

അതിനു കഥാ രൂപം പകര്‍ന്നത് നന്നായിട്ടുണ്ട് ..

തീക്ഷ്ണമായ ഒരു നോവ്‌ മനസ്സില്‍ ..
ചുറ്റിലും ചൂട്

Anonymous said...

good one..really touched the heart..I don't knw how u hv described the last moments of that child..
Srividya.Manoj

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...... blogil puthiya post..... SNEHA MAZHA ...... vaayikkane......

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഒരു നൊമ്പരമുണ്ടാക്കാന്‍ കഴിഞ്ഞു....

ഏറെ അഭിനന്ദനങ്ങള്‍!!

mayflowers said...

വായിച്ചു കഴിഞ്ഞപ്പോഴേക്കും എന്റെ ശ്വാസം പോയ പോലെയായി.
ഇത് പോലൊരു സംഭവം ഗള്‍ഫില്‍ നടന്നത് പത്രത്തില്‍ വായിച്ചിരുന്നു.
ഭാവുകങ്ങള്‍..

അനശ്വര said...

നല്ല കഥ...ഭാഷയുടെ മനോഹാരിതകൊണ്ട് പ്രത്യേക വായനാ സുഖം ലഭിച്ചു.

Unknown said...

ഇതു പോലെയുളള ഒരു പാട് വാര്‍ത്തകള്‍ വായിക്കാറുണ്ട്. സങ്കടം തോന്നാറുമുണ്ട്.. നല്ല പോസ്റ്റ്

Anonymous said...

nice post...

thanks

Hashiq said...

ഒരു മൂന്നു വര്‍ഷം മുമ്പാണ് എന്ന് തോന്നുന്നു. ഇവിടെ സൌദിയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായി.ആ കുഞ്ഞും ബസ്‌ ഓടിച്ചിരുന്ന ആളും മലയാളികള്‍ . സൗദി നിയമ പ്രകാരം കടുത്ത ശിക്ഷ ലഭിക്കുമായിരുന്നു ആ ഡ്രൈവര്‍ക്ക്.എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് മാതാവ് നേരിട്ടെത്തി മാപ്പ് കൊടുത്ത് ജയിലില്‍ നിന്നും മോചിപ്പിച്ചത് അന്ന് വാര്‍ത്തയായിരുന്നു.ആ വാര്‍ത്ത അന്ന് വായിച്ചപ്പോള്‍ തോന്നിയതിനേക്കാള്‍ തീവ്രമായി മനസിനെ സ്പര്‍ശിച്ചു സ്മിത ഇവിടെ വിവരിച്ച കാര്യങ്ങള്‍. പ്രത്യേകിച്ച് ആ നാലുവയസുകാരിയുടെ അന്ത്യനിമിഷങ്ങള്‍ .

ശ്രീ said...

നന്നായെഴുതി, ചേച്ചീ. നടന്ന സംഭവം കഥയാക്കിയതാണല്ലേ...


കുറേക്കാലം കൂടിയാണ് ഈ വഴി വന്നത്. സുഖം എന്ന് കരുതുന്നു.

തുമ്പി said...

നാല് വയസ്സുകാരിയിലൂടെ കഥ പറഞ്ഞരീതി ഇഷ്ട്ടമായി. ആ കുഞ്ഞനുഭവിച്ചതൊക്കെ വായനക്കാരേയും അനുഭവിപ്പിക്കുന്ന തരത്തിലുള്ള എഴുത്ത്. തുടരുക...

Unknown said...

Good.

yanmaneee said...

golden goose
christian louboutin
nike air max 95
cheap jordans
jordan shoes
nfl jerseys
balenciaga trainers
nike x off white
balenciaga
nike air max