
ദോഹയില്‍ എത്തിയതും ഫ്ലാറ്റില്‍ കയറി മോള് മച്ചിലേക്ക് നോക്കി... മുകളിലേക്ക് നോക്കുംതോറും,അവളുടെ മുഖത്ത് ഗൌരവം കൂടിക്കൂടി വന്നു.ഒപ്പം പരമ പ്രധാനമായ പുച്ഛവും!!! "ഊം ... എന്താ വാവ നോക്കണേ?" ഞാന്‍ ചോദിച്ചു..അവള് ഒരു മറു ചോദ്യം ചോദിച്ചു."ഇവിടെന്താ ഫാനില്ലേ?" സംഗതി പിടികിട്ടി.ജനിച്ചപ്പോ തൊട്ടു കിടക്കയില്‍ മലര്‍ന്നു കിടന്നു മുകളിലേക്ക് നോക്കുമ്പോള്‍ കാണുന്ന ഏക സംഭവം.കറങ്ങുന്ന ഫാന്‍ !! കുട്ടിക്കതു കണ്ടു ശീലമായി പോയി..വയസ്സ് രണ്ടാകാന്‍ പോകുന്നു.കണ്ടു ശീലിച്ചത് പെട്ടെന്നെങ്ങനെ മറക്കും?അവള് പിന്നേം ചോദിച്ചു..."ഫാനെന്താ ഇല്ലാത്തെ?"
ഇതിനിപ്പോ,ഞാന്‍ എന്താ മറുപടി പറയ്യാ? ഫാന്‍ നമ്മുടെ നാട്ടിലല്ലേ?ഇവിടൊക്കെ എ.സി.യാ..ഫാനില്‍ നിന്നും കിട്ടുന്ന കാറ്റു പോര,ഇവിടത്തെ ഉഷ്ണം മാറാന്‍.കിട്ടിയ ചാന്‍സ് കളയാതെ ഞാന്‍ വീണ്ടും ഒരു ടീച്ചര്‍ ആകാന്‍ നോക്കി.വിശദീകരണം അല്പം കൂടിപ്പോയത് കൊണ്ടു അവള്‍ മൂട് തിരിഞ്ഞിരുന്നു.ദോഹയില്‍, ഏത് വീട്ടില്‍ പോയാലും അവള്‍ പ്രതീക്ഷയോടെ ഫാന്‍ തിരഞ്ഞു.ഒടുവിലവള്‍ ആ ഭീകരസത്യം തിരിച്ചറിഞ്ഞു."ഇവിടെ ബാത്രൂമില് മാത്രേ ഫാനുള്ളൂ." അവള്‍ കണ്ടുപിടിച്ചത് എക്സ്ഹോസ്റ്റ് ഫാനായിരുന്നു !!!!
ഫാനില്ലെന്ന പരാതിക്ക് കൂട്ടുപിടിച്ചു അതിന്റെ പിന്നാലെ ഒരു പരാതിക്കെട്ടു തന്നെ അവള്‍ അഴിച്ചുവിട്ടു.ഇവിടെ ഊഞ്ഞാലില്ല,കാക്കയില്ല,ഓട്ടോറിക്ഷയില്ല,ഉമ്മറം ഇല്ല,പശൂമ്പയില്ല.... എല്ലാത്തിനും പുറമെ,അമ്മമ്മയില്ല.പക്ഷെ,പൂച്ചയില്ലെന്നു മാത്രം അവള്‍ പറഞ്ഞില്ല..കാരണം ദോഹയിലെ മനുഷ്യരുടെ അത്ര തന്നെ പൂച്ചകളും ഉണ്ടായിരുന്നു.നല്ല ആരോഗ്യമുള്ള കൊഴുത്തു തടിച്ച പൂച്ചകള്‍. ഈ പൂച്ചകളൊക്കെ സുമോ ഗുസ്തിക്കാരാണോ എന്ന് വരെ നമ്മള്‍ ചോദിച്ചു പോകും അവരുടെ ആരോഗ്യം കണ്ടാല്‍.. .എനിക്കും പരാതികളുണ്ടായിരുന്നു...ചുമ്മാ കൊച്ചു വര്ത്തമാനം പറയാന്‍ ആരും ഇല്ല എന്നതായിരുന്നു പ്രധാനപ്പെട്ടത്.പരദൂഷണം തിനോന്നും അല്ല,കേട്ടോ.
ഇതൊരു രണ്ടു കൊല്ലം മുന്‍പത്തെ കാര്യമാണ്.ഈ ബില്‍ഡിംഗ്, മൊത്തത്തില്‍ പന്ത്രണ്ട് ഫ്ലാറ്റ്.ഞങ്ങള്‍ മൂന്നാമത്തെ നിലയില്‍ ഒമ്ബതാമത്തെ ഫ്ലാറ്റില്‍.ആദ്യമേ പറയാം.. ലിഫ്റ്റ് ഇല്ല.ഇങ്ങോട്ട് കയറി വരുമ്പോള്‍,സ്റ്റെപ്പ് കയറി നടുവോടിയാതിരുന്നാല്‍ ഭാഗ്യം.ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഒരു ചൈനാകാരി . ഭര്‍ത്താവ് ഒരു തെലുങ്കന്‍.കുട്ടികള്‍ മനുഷ്യ വിഭാഗത്തില്‍ പെട്ടിരുന്നു.സ്വര്‍ണ തലമുടിയുള്ള ആ കുട്ടികളുടെ അച്ഛന്‍ തെലുങ്കനല്ല എന്നൊരു കിംവദന്തി പരന്നിരുന്നു.എന്തായാലും,ഈ പോസ്റ്റ് എഴുതാനും,വായിക്കാനും ഒരു ഡി.എന്‍.എ.ടെസ്റ്റ് ന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.മാത്രമല്ല,അവര് ഈ ഫ്ലാറ്റില്‍ നിന്നും താമസം മാറി.തൊട്ടടുത്ത പത്താമത്തെ ഫ്ലാറ്റില്‍ സീമ ദീതി യും,ഭര്‍ത്താവ് അജയ് ചൌദരിയും.ഇപ്പുറത്തു,ഹേനാ ദീതിയും കുടുംബവും.താഴെ,ഒരു ഫ്ലാറ്റില്‍ മലയാളിയായി ഒരു പ്രിയന്‍ ചേട്ടന്‍.ഒറ്റക്ക്,ഒരു ത്രീ ബെഡ്രൂം ഫ്ലാടില് എന്ത് കാണിക്കുന്നോ ആവോ?
അതെ നിലയില്‍ തന്നെ തിവാരി സാറും,തിവാരി ആന്റി യും താമസിച്ചിരുന്നു.ഇവര്‍ക്കിടയിലാണ് നമ്മുടെ കഥാനായകനായ അറബിയും ഫാമിലി യും താമസിച്ചിരുന്നത്.താഴെ,വീണ്ടും ഒരു മലയാളി കുടുംബം.എന്ത് വന്നാലും,ആരോടും മിണ്ടില്ലെന്നു അവര്‍ പ്രതിന്ഞ എടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.അവരുടെ കുഞ്ഞു വാവ ഇടയ്ക്കെപ്പോഴോ മലയാളത്തില്‍ കരയുന്നതു കേട്ടാണ് അവര് മലയാളി ആണ് ഈനു മനസ്സിലാക്കിയെടുത്തത്.അവരെ കൂടാതെ,രണ്ടു നോര്‍ത്ത് ഇന്ത്യന്‍സ് ഉം ,ഒരു ബംഗ്ലാദേശ് കാരനും താഴത്തെ നിലയില്‍ താമസിച്ചിരുന്നു.
ഭാഷക്കതീതമായി ഞങ്ങള്‍ നല്ലൊരു സൌഹൃദം ക്രമേണ വളര്‍ത്തിയെടുത്തു. എന്ന് വച്ചാല്‍,എവിടെ വച്ചു കണ്ടാലും വെളുക്കനെ ചിരിക്കുകയും,ഗുഡ്മോര്‍നിംഗ് പറയുകയും ചെയ്തു."ഹൌ ആര്‍ യു" എന്ന് ചോദിക്കാനും മറന്നില്ല.ആഴ്ചകള്‍ കടന്നു പോയതിനൊപ്പം ഞങ്ങള്‍ ഒത്തൊരുമയോടെ ഒരു ഭീകര സത്യം മനസ്സിലാക്കി.അതായത്..അറബിക്ക് ഞങ്ങളെല്ലാം ശല്യം!!! അതിനൊരു തെളിവ് കിട്ടിയത് പൊടിക്കാറ്റ് നിറഞ്ഞ ഒരു വെള്ളിയാഴ്ചയായിരുന്നു.വെള്ളിയാഴ്ചകളിലെ,പതിവു കറക്കത്തിനു ഇറങ്ങിയപ്പോള്‍,പ്രിയന്‍ ചേട്ടന്റെ ഫ്ലാറ്റ് ടൂറിനു പുറത്തു ഒരു വെളുത്ത പോസ്റ്റര്‍ !! അതില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ചുവന്ന മഷി കൊണ്ടു ഇങ്ങനെ എഴുതി വച്ചിരിക്കുന്നു..."പ്ലീസ് റെഡ്യൂസ് ദ വോള്യം ഓഫ് യുവര്‍ ടി.വി. ദാറ്റ് ഈസ് ഡിസ്ടര്ബിംഗ് അസ്."!!! അയ്യേ!!! ഇതെന്താപ്പോ ഇത്? ഇതാരോട്ടിച്ചു?ഇതിപ്പോ എല്ലാവരും കണ്ടിട്ടുണ്ടാവില്ലേ? നാണക്കേട്..!!! ഫ്ലാറ്റിലെ പെണ്ണുങ്ങളുടെ സി.ഐ.ഡി.പണിയില്‍നിന്നും ടി.വി.യുടെ ശബ്ദം കുറയ്ക്കണം എന്ന് പറഞ്ഞു പോസ്റ്റര്‍ ഒട്ടിച്ചത് അറബിയാണെന്ന് സംശയാതിതാമായി തെളിയിക്കപ്പെട്ടു.ദൈവമേ! എല്ലാവരെയും കാണിച്ചു വേണമായിരുന്നോ,ഈ പോസ്റ്റര്‍ ഒട്ടിക്കെണ്ടിയിരുന്നത്? ദുഷ്ടന്‍!!
മറ്റു പലര്‍ക്കും ചലന സ്വാതന്ത്ര്യം വിലക്കിക്കൊണ്ട് പിന്നേം പോസ്റ്ററുകള്‍ പല വാതിലുകളിലും പതിഞ്ഞു."ഡോണ്ട് ഫീഡ് ദ കാറ്റ്സ്" .പോസ്ടരുകളില്‍ ഒന്നു അങ്ങനെ ആയിരുന്നു.ശ്ശെ.!! നാണക്കേട്.ആരുടെയോ ജന്തു സ്നേഹതിനിട്ടു അയാള്‍ പാര പണിതിരിക്കുന്നു.ആരോ,പൂച്ചക്ക് ചോറു കൊടുത്തതിനു മൂപ്പര് പണി കൊടുത്തു !! പോസ്റ്റര്‍ കണ്ടവര്‍,കണ്ടവര്‍ കാണാതതവരെ വിളിച്ചു കാണിച്ചു. മൂപ്പരുടെ വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്ത് ആരെങ്കിലും കാര്‍ പാര്‍ക്ക് ചെയ്‌താല്‍, അയാള്‍ എല്ലാ ഫ്ലാറ്റിലും കയറിയിറങ്ങി കാളിംഗ് ബെല്ലടിച്ചു,വാതില്‍ തുറക്കുന്നവരെ ചീത്ത വിളിക്കുന്നത് ഒരു ഹോബിയായി വളര്‍ത്തിയെടുത്തു.മൂപ്പര് ഒരിക്കല്‍ എന്നെയും ഈ തെറി വിളിയില്‍ അഭിഷേകം ചെയ്തു.എനിക്കാകെ മനസ്സിലായത്,"മിട്സുബിഷി" എന്ന ഒരേ ഒരു വാക്ക്!! മിനിമം എന്‍റെ പിതാമഹനെ എങ്കിലും എന്തെങ്കിലും തെറി ഉറപ്പായും വിളിച്ചിരിക്കും.. അത് എനിക്ക് മനസ്സിലാകാതിരുന്നത് എത്ര നന്നായി??? വന്നു വന്നു,തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ട് സ്ഥാനം മാറ്റി,പുനര്‍നിര്‍മാണം നടത്തണം എന്ന് ഖത്തര്‍ ഗവണ്മെന്റ് നോട് പറയും എന്ന ഒരു അവസ്ഥ വരെ സംജാതമായി.
ഇങ്ങനെ ഈ അറബിയെ പേടിച്ചു വളരെ പതുക്കെ മാത്രം സംസാരിക്കാനും,ജീവിക്കാനും പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ ഫ്ലാറ്റിലെ ഒരു എ.സി.പ്രശ്നക്കാരനായത്.ടി.വി.റൂമിലെ എ.സി.ക്ക് റോക്കറ്റ് പോകുന്ന തരത്തിലുള്ള ശബ്ദം.പോരാത്തതിന് ഞാന്‍ ഒരു സത്യം കൂടി കണ്ടു പിടിച്ചു.എ.സി.ക്ക് ലീക്ക് ഉണ്ട്.അതില്‍ നിന്നും ലീക്ക് ചെയ്യുന്ന വെള്ളം ഇറ്റിറ്റായി വീണു,താഴെ ഉള്ള കാര്‍പെറ്റ് നനയുന്നു.ഈ പ്രശ്നം ഭര്‍ത്താവിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.അദ്ദേഹം പറഞ്ഞു"എടീ,പൊട്ടി, അത് എ.സി.ലീക്ക് ചെയ്യുന്നതല്ല.വിന്‍ഡോ എ.സി. ആയതുകൊണ്ട് അതിലെ ഡ്രെയിന്‍ വാട്ടര്‍ വീഴുന്നതാ.വെള്ളം താഴെ വീഴുന്നത് ഒഴിവാക്കാന്‍ ഒരു ഹോസ് ഇട്ടു തരാം.ടെക്നിഷ്യന്‍ വരുന്നതു വരെ നീ തല്‍കാലം വെള്ളം വീഴുന്നിടത് ഒരു ബക്കറ്റ് വച്ചോളൂ.നിറയുമ്പോള്‍ എടുത്തു കളയാം." "വേഗം വേണം കേട്ടോ..ഇല്ലെങ്കില്‍ എ.സി ശബ്ദം കാരണം ഉറങ്ങാന്‍ പറ്റുന്നില്ലെന്നും പറഞ്ഞു ആ അറബി പോസ്റെറോട്ടിച്ചു മനുഷ്യനെ നാണം കെടുത്തും" ഭര്‍ത്താവിനു ഞാന്‍ മുന്നറിയിപ്പ് കൊടുത്തു.
ഇങ്ങനെ ഒരു വാഗ്ദാനം നടന്നതല്ലാതെ ഒരു ടെക്നിഷ്യന്‍ പോലും ഈ വഴി വന്നില്ല.അതുകൊണ്ട് തന്നെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കി. ഏകദേശം രണ്ടു ദിവസം ആകുമ്പോഴേക്കും ബക്കറ്റില്‍ വെള്ളം നിറയുന്നു. അത്,അവിടെ നിന്നു താങ്ങിപ്പിടിച്ച്,എടുത്തു കൊണ്ടുവന്ന് ബാത്രൂമില്‍ ഒഴിക്കേണ്ട ശ്രമകരമായ ദൌത്യം എന്‍റെ സ്നേഹമയനായ ഭര്‍ത്താവ് എന്‍റെ തലയില്‍ വച്ചു കെട്ടി.ഒരു കൊച്ചു വാതില്‍ തുറന്നു വേണം ആ ബക്കറ്റ് ഉള്ളിലെക്കെടുക്കാന്‍.അങ്ങനെ വാതില്‍ തുറക്കുമ്പോള്‍,സൈഡില്‍ വച്ചിരിക്കുന്ന നിലവിളക്ക്,ശ്രീകൃഷ്ണന്‍,ഗണപതി ഇവര്‍ക്കൊന്നും അനക്കം തട്ടരുത്.കൂടാതെ ഒട്ടും അകലെയല്ലാതെ വച്ചിരിക്കുന്ന ടീപോയില്‍ ബക്കറ്റ് തട്ടി വെള്ളം താഴെ പോവരുത്.അതിനടുതിരിക്കുന്ന മോള്‍ടെ സ്കൂട്ടര്‍ അനങ്ങുകയെ ചെയ്യരുത്.എന്നിങ്ങനെയുള്ള അലിഖിത നിയമങ്ങള്‍ പാലിച്ചു കൊണ്ടു മേലനങ്ങാന്‍ ഇഷ്ടമല്ലതിരുന്ന ഞാന്‍ ഈ ജോലി കൃത്യമായി നിര്‍വഹിച്ചു പോന്നു.
ഒരുദിവസം മാത്രം പറഞ്ഞു," എനിക്ക് വയ്യ ഇത്രേം കനമുള്ള ബക്കറ്റ് താങ്ങിപ്പിടിച്ച് കൊണ്ടുപോയി കളയാന്‍..ഇന്നു അതെടുത്ത് കളയണം ട്ടോ." മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.ബക്കറ്റ് പുറത്തേക്കെടുത്തു ബാത്രൂമില്‍ കൊണ്ടുപോയി വെള്ളം കളയുന്നതൊന്നും ഞാന്‍ കണ്ടില്ല.ചോദിച്ചപ്പോള്‍ പറഞ്ഞു,"കുഴി എണ്ണാന്‍ നിക്കണ്ട.അപ്പം തിന്നാല്‍ മതി." ഓഹ് !! ധാരാളം മതി..
പിറ്റേദിവസം ഭര്‍ത്താവ് ജോലിക്ക് പോകാനായി വാതില് തുറന്നപ്പോള്‍, വാതിലിന്മേല്‍ ഒരു വലിയ പോസ്റ്റര്‍!!! "ഡോണ്ട് പോര്‍ ദ വാട്ടര്‍ ത്രൂ ദ വിന്‍ഡോ.യു ആര്‍ ഡാമേജിംഗ് ഔര്‍ എ.സി." എന്ന് വച്ചാല്‍, ജനലിലൂടെ വെള്ളം പുറത്തേക്ക് ഒഴിക്കരുത്.നിങ്ങള്‍ ഞങ്ങളുടെ എ.സി.നശിപ്പിക്കുകയാണ് എന്ന്.അയ്യേ! നാണക്കേട്!!ആ അറബി മാമന്‍ പിന്നേം പണി പറ്റിച്ചു. വെള്ളം നിറച്ച ബക്കറ്റ് താങ്ങിയെടുക്കാന്‍ കൂട്ടാക്കാതെ എന്‍റെ ഭര്‍ത്താവ് ആ ബക്കറ്റ് എടുത്തു പൊക്കി,വിന്‍ഡോ യിലൂടെ പുറത്തേക്ക് വെള്ളം ഒഴിക്കുക മാത്രമെ ചെയ്തുള്ളൂ.അപ്പോള്‍,വെള്ളം "ചട പടാ " ന്നു അറബി മാമന്‍റെ എ.സി.ക്ക് പുറത്താണ് വീണത്. മുകളില്‍ നിന്നും കനമുള്ള എന്തെങ്കിലും താഴേക്ക് ഇട്ടാല്‍ അത് താഴേക്ക് വീഴും. അത് സ്വാഭാവികം!! അതിന് കാരണം ഗുരുത്വകര്ഷണ ബലം!! അല്ലാതെ,......പക്ഷെ,നമ്മുടെ അറബിയും സ്വത സിദ്ധമായ രീതിയില്‍ പ്രതികരിച്ചു.അത്രയേ ഉള്ളൂ.ഞങ്ങള്‍ മൂന്നാമത്തെ നിലയിലായത് ഭാഗ്യം!! കാരണം,താഴത്തെ നിലയില്‍ ഉള്ളവര്‍ ജോലിക്ക് പോകാനായി,ഇവിടേക്ക് ഇത്രയും സ്റ്റെപ്പ് കേറി വന്നു വീണ്ടും തിരിച്ചു ഇറങ്ങി പോകില്ലല്ലോ.... ഭര്‍ത്താവ്,പോസ്റ്റര്‍ കണ്ടു അല്പം അമര്‍ഷത്തോടെ അത് വലിച്ചു കീറി.എന്നിട്ട് എന്നോട് ചോദിച്ചു...."ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ?" ഞാന്‍ പറഞ്ഞു.."കുഴി എണ്ണാന്‍ നില്‍ക്കണ്ട..അപ്പം എന്തായാലും നന്നായിട്ടുണ്ട്"