Saturday, July 16, 2011

മറവി




ആഴ്ചാവസാനം കിട്ടിയ ഒരു അവധിദിനത്തില്‍ പതിവുപോലെ മടുപ്പിക്കുന്ന സ്വയം പരാതി പറച്ചിലിന് മുടക്ക് നല്‍കി മോള്‍ടെ കൂടെ കടംകഥ പറഞ്ഞു കളിക്കുന്നതിനിടയിലാണ് എനിക്കാദ്യമായി ആ സംശയം മനസ്സില്‍ മുള പൊട്ടിയത്. എനിക്ക് മറവിയുണ്ടോ? ഓര്‍മ്മക്കുറവുണ്ടോ? അതോ എല്ലായ്പ്പോഴത്തേയും പോലെ തോന്നലാണോ? ഞാന്‍ എന്‍റെ മകള്‍ക്ക് പഴമയുടെ മൂല്യം കൈമോശം വരാതെ പകര്‍ന്നു കൊടുക്കാനെന്ന മട്ടില്‍ എന്‍റെ അച്ഛമ്മയുടെ പഴയ കടംകഥ കളക്ഷനുമായി കളിക്കാനിരുന്നതാണ്. മോള്‍ ഓര്‍മ്മിപ്പിച്ചു-അടുത്തത് അമ്മേടെ ടേണ്‍... ഞാന്‍ ചോദിച്ചു."കുത്തീട്ടാല്‍ മുളയ്ക്കില്ല.പക്ഷെ, വേലിയില്‍ പടരും.ന്താ?" എനിക്ക് ചോദ്യം ഓര്‍മ്മയുണ്ട്.പക്ഷെ,ഉത്തരം ഓര്‍മ്മയില്ല.അതെന്താ അങ്ങനെ? ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ തല പുകച്ച് തീ വന്നതല്ലാതെ ഉത്തരം വന്നില്ല.ആകെ വല്ലായ്മ തോന്നി. വിട്ടു കളഞ്ഞേക്കാം, ആദ്യം തോന്നി. അങ്ങനെ പറ്റില്ലല്ലോ..ഉത്തരം അറിയണ്ടേ?ഉത്തരം ഓര്‍ത്തെടുക്കാന്‍ കഴിയാതെ പരാജയമടഞ്ഞ് കനം തൂങ്ങിയ മനസ്സുമായി അമ്മയെ വിളിച്ചു ചോദിച്ചു. ഒറ്റ വാചകത്തില്‍ അമ്മ മറുപടി തന്നു. "അത് ചിതലല്ലേ?ഇത്ര ചെറുപ്പത്തിലേ മറവിയോ? നല്ല കാര്യായിപ്പോയി!!" ആ മറുപടി എന്‍റെ ചിന്തയ്ക്ക് ഭാരം കൂട്ടിയതല്ലാതെ തെല്ലും ആശ്വാസം നല്‍കിയില്ല.


ധൃതിയില്‍ സ്കൂളിലേയ്ക്കോടുമ്പോള്‍ വീടിന്റെ താക്കൊലെടുക്കാന്‍ മറന്നാല്‍, മോള്‍ടെ ബാഗില്‍ വാട്ടര്‍ ബോട്ടില്‍ വയ്ക്കാന്‍ മറന്നാല്‍, ക്ലാസ് ലോക്കറിന്റെ കീ അടങ്ങുന്ന എന്‍റെ പൌച് എടുക്കാന്‍ വിട്ടുപോയാല്‍ ഞാന്‍ വീണ്ടും,വീണ്ടും നടുങ്ങിപ്പോകും.ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാവുന്നതിലധികം തളര്‍ന്നു പോകും. മറവിയെപ്പേടിക്കാന്‍ തക്ക കാരണം എന്‍റെ മനസ്സിന്‍റെ ഉള്ളറയ്ക്കുള്ളില്‍ ഭദ്രം!!


അൽഷിമേഴ്സ് രോഗിയുടെ ജീവിതത്തെ വരച്ചു കാണിച്ച ബ്ലെസ്സിയുടെ 'തന്മാത്ര' എന്ന ചലച്ചിത്രം തീയറ്ററിലിരുന്ന് എങ്ങനെ കണ്ടു മുഴുമിപ്പിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല.ഞങളുടെ ജീവിതം അതേപടി സ്ക്രീനില്‍ കണ്ടപ്പോഴുണ്ടായ വികാരം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അതേ അവസ്ഥകള്‍ പിന്നിട്ട് ഞങ്ങളുടെ അച്ഛന്‍ ഓര്‍മ്മകളെ കുഴിച്ചിട്ട് മറവിയെന്ന മേലങ്കി എടുത്തണിഞ്ഞ് മരണത്തിനു മുന്നില്‍ കീഴടങ്ങിയത് വെറും നാല്പത്തിനാലാമത്തെ വയസ്സിലായിരുന്നു. ആ നടുക്കുന്ന ഓര്‍മ്മകളും,ഓര്‍മ്മക്കുറവുകളും ഇപ്പോഴും ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്നു. അൽഷിമേഴ്സ് ബാധിച്ച് മരിച്ച അച്ഛന്‍റെ മകള്‍ക്കും അൽഷിമേഴ്സ് പിടിപെടാം. ഈ ഒരു ധാരണ എന്‍റെ മനസ്സിലെങ്ങനെയോ അരക്കിട്ടുറച്ചുപോയി. അതുകൊണ്ട് തന്നെ, ഞാനൊന്നും ഒരിയ്ക്കലും മറന്നു കൂടാ. ഓര്‍മ്മ എന്നും തെളിഞ്ഞ് എന്തും ഞൊടിയിടയില്‍ മുന്നില്‍ സ്ക്രീനിലെന്ന പോലെ തെളിയണം.ഇല്ലെങ്കില്‍ ഞാന്‍ അസ്വസ്ഥയാകും.


ഒരിയ്ക്കല്‍ തിരക്കുപിടിച്ച മീറ്റിങ്ങിനിടയില്‍ കോളിംഗ് ബെല്ലടിച്ച് കാറ്റുപോലെ വേഗത്തില്‍ പാഞ്ഞു ചെന്ന് കൈകഴുകി ഉച്ചയൂണിന് സ്ഥാനം പിടിച്ച എന്‍റെ ഭര്‍ത്താവിനു മുന്നില്‍ ഞാന്‍ അവിയല്‍,പപ്പടം,പരിപ്പുകറി എന്നിവ വിളമ്പി വച്ചു. "ചോറെവിടെ"? മൂപ്പരുടെ അക്ഷമയോടെയുള്ള ചോദ്യം കേട്ട് ഞാന്‍ അടുക്കളയില്‍ ചെന്ന് പരതി. പറഞ്ഞപോലെ ചോറെവിടെ? ഇനി ഫ്രിഡ്ജില് ഉണ്ടാവ്വോ? ആകെ സംശയമായി. വയ്ക്കാത്ത ചോറ് എവിടന്ന് വരും? ഒരു ചെറിയ നടുക്കത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു. "ചോറ് വയ്ക്കാന്‍ മറന്നു പോയി".നിഷ്കളങ്കതയോടെ ഞാന്‍ പറഞ്ഞു. "ഹ്മം.. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ 'ചിദംബര സ്മരണ' ലഹരിപിടിച്ചിരുന്ന് വായിക്കുന്നത് കണ്ടപ്പഴേ ഞാന്‍ വിചാരിച്ചിരുന്നു ഇന്ന് എന്തെങ്കിലും മറന്നു പോകുംന്ന്". ഊണിനു പകരം രാവിലത്തെ ബാക്കിയുണ്ടായിരുന്ന പുട്ട് കഴിക്കുന്നതിനിടയില്‍ പരാതിയെന്ന ഭാവത്തിലല്ലാതെ മൂപ്പര് പറഞ്ഞു.



എന്‍റെ ഒന്നാം ക്ലാസ്സിലെ ദിനങ്ങള്‍ പ്രധാനമായും ആരംഭിച്ചിരുന്നത് അമ്മയുടെ സാരി മാറലിലാണ്.വീട്ടിലെ വേഷത്തില്‍ നിന്ന് ധൃതിയില്‍ പുറത്തു പോകാനുള്ള സാരിയെടുത്ത് ഉടുക്കുന്നതിനിടയില്‍ അച്ഛനെയും വേഷം മാറ്റിക്കും. തത്രപ്പെട്ട് എന്നെ വേഗം സ്കൂളിലേയ്ക്ക് അയക്കുന്നതിന്റെ ലക്‌ഷ്യം അച്ഛനെ പുതിയ ഡോക്ടറെ കാണിക്കലാണ്. ഞാന്‍ സ്നേഹത്തോടെ അച്ഛയെന്നു വിളിക്കുന്ന അച്ഛന്‍റെ പ്രധാന അസുഖം മറവി. വീട്ടിലെ മറ്റു അംഗങ്ങളുടെ ബ്രഷെടുത്ത് പല്ല് തേയ്ക്കുന്ന അച്ഛയ്ക്ക് ഓഫീസില്‍ രജിസ്റ്ററിലെ കോളം തെറ്റി മറ്റുള്ളവരുടെ പേരിനു നേരെ ഒപ്പിട്ട ആരോപണവും കൂടിയാകുമ്പോള്‍ നില്ക്കക്കള്ളിയില്ലാതാകുന്നു. ഉള്ളിലെ അസ്വസ്ഥതയുടെ അഗ്നിപര്‍വ്വതം പൊട്ടി വിഷമതകളുടെ ലാവാ പ്രവാഹമാണ് പിന്നീട്. ഒന്നും കയ്യൊതുക്കത്തോടെ ചെയ്യാനാകുന്നില്ലെന്ന നിസ്സഹായതയ്ക്ക്‌ മുന്നില്‍ അമ്മയുടെ മനസ്സും വെന്തു തുടങ്ങി. മെഴുകുതിരി വാങ്ങാന്‍ പോയ അച്ഛ തിരിച്ചു വരുന്നത് മീന്‍ വാങ്ങിയായിരിക്കും.അതും,തന്‍റെ വീട് ഇത് തന്നെയോ എന്ന് സംശയിച്ച്.. പതിയെ,പതിയെ അമ്മയ്ക്ക് ഭയമായി.വീട്ടില്‍ നിന്നും പോയ ആള്‍ വഴി തെറ്റി തിരിച്ചു വന്നില്ലെങ്കിലോ, അതുകൊണ്ട് അച്ഛയുടെ വീടിനു പുറത്തേയ്ക്കുള്ള യാത്രകള്‍ സിഗരറ്റ് വാങ്ങാന്‍ വേണ്ടി മാത്രമുള്ളതായി ഒതുങ്ങി. കൂടെ ഞാനും പോകും.എന്‍റെ ലക്‌ഷ്യം യൂണിയന്‍ ഓഫീസിന്‍റെ അടുത്തുള്ള പരമേട്ടന്റെ കടയിലെ ബബിള്‍ ഗം ആയിരുന്നു.



തിരുവനന്തപുരത്തെ ശ്രീചിത്തിരാ ഹോസ്പിറ്റലില്‍ പോയി വന്നതിനു ശേഷം അച്ഛ പിന്നീടു ഓഫീസില്‍ പോയിട്ടേ ഇല്ല.അന്ന് മുതല്‍ ഞാനെന്ന അഞ്ചു വയസ്സുകാരി എന്‍റെ അച്ഛയുടെ ടീച്ചറായി. മറന്നു പോയ കാര്യങ്ങള്‍ ഞാന്‍ പഠിപ്പിച്ചിട്ടേ ഉള്ളു ബാക്കി കാര്യം എന്ന മട്ടില്‍. പഠിപ്പിച്ചതോന്നും ഓര്‍മ്മയില്‍ വയ്ക്കാത്ത 'ശിഷ്യനെ'പ്പറ്റി അമ്മയോട് ഞാനെന്നും പരാതി പറഞ്ഞു. "കട്ടിയുള്ള പുറന്തോടുള്ള ജീവിയേത്?" എന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ മിഴിച്ചിരുന്ന അച്ഛയെ ഞാന്‍ കൈത്തണ്ടയില്‍ നുള്ളി. ഇലെക്ട്രിസിറ്റി ബോര്‍ഡില്‍ സബ്എഞ്ചിനീയര് ആയിരുന്ന അച്ഛയ്ക്ക് ഞാന്‍ എടുത്തിരുന്ന ഡിക്റ്റെഷന്‍ ബാലികേറാമലയായിത്തോന്നി. 'ഒട്ടകം, ഓല, ഔഷധം' എന്നീ വാക്കുകള്‍ എഴുതാനറിയാതെ അച്ഛ കുഴങ്ങി. ഇതുകണ്ട് അമ്മയുടെ ഉള്ളിലെ തീക്കനലിന്റെ ചൂട് തട്ടി ഞാനും തേങ്ങിക്കരഞ്ഞു. കാഴ്ചയില്‍ സുന്ദരനായിരുന്ന അച്ഛയുടെ താടി രോമങ്ങള്‍ വളര്‍ന്നത്‌ ഇഷ്ടമാകാതെ പതിനൊന്നു വയസ്സുള്ള എന്‍റെ ചേട്ടന്‍ അച്ഛയെ ഷേവ് ചെയ്തു വൃത്തിയാക്കി. അൽഷിമേഴ്സ് എന്ന അസുഖത്തെപ്പറ്റി കേട്ടുകേള്‍വി
പോലും ഇല്ലാതിരുന്ന കാലത്ത് അച്ഛയുടെ ഓര്മ്മക്കുറവിനെക്കുറിച്ചും, ഓര്മ്മക്കുറവിനോട് പൊരുത്തപ്പെടാനാകാതെ ദേഷ്യപ്പെട്ടതിനെക്കുറിച്ചും, വയസ്സായവര്ക്ക്ച മാത്രം വരുന്ന ഓര്മ്മക്കുറവ് എങ്ങനെ ഇയാള്ക്ക് ഇത്ര ചെറുപ്പത്തില്‍ വന്നു എന്ന്ആകുലപ്പെട്ടും നാട്ടുകാര്‍ ചര്‍ച്ച ചെയ്ത് ഊതിപ്പെരുപ്പിച്ചു.


മനസ്സിന്‍റെ വിങ്ങലുകള്‍ മറച്ചു വച്ച് ഇടയ്ക്കെപ്പോഴോ കോരിച്ചൊരിയുന്ന മഴ മാറി ഓര്‍മ്മ തെളിഞ്ഞു വന്നപ്പോള്‍ അച്ഛ എനിയ്ക്ക് തന്‍റെ പ്രിയപ്പെട്ട ഒരു ഭക്തി ഗാനം പാടിത്തന്നു.
"വടക്കുംനാഥന് സുപ്രഭാതം പാടും
വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍.." ടേപ്പ്റെകോര്‍ഡറില്‍ കാസെറ്റുകള്‍ മാറി ഇട്ട് സംഗീതം ശ്രവിച്ചിരുന്ന അച്ഛന്‍ " ഇതിനോ ആദമേ, നിന്നെ ഞാന്‍ തോട്ടത്തിലാക്കി ...തോട്ടം,സൂക്ഷിപ്പാനോ... കായ്കനികള്‍ ഭക്ഷിപ്പാനോ..." എന്ന ഗാനം മൂളി നടന്നിരുന്നത് ഇപ്പോഴും എന്‍റെ കാതിലുണ്ട്. "അത് സിനിമാപ്പാട്ടാണോ? ഇതു സിനിമയിലെയാ? ആര് പാടിയതാ?" ഞാന്‍ ആവര്‍ത്തിച്ചുകൊണ്ട് ആരാഞ്ഞ ഈ ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് മറുപടി തരാന്‍ അച്ഛയ്ക്ക് കഴിഞ്ഞില്ല. മുത്തച്ഛന്‍ പാടാറുള്ളതെന്ന ലേബലില്‍ ഈ വരികള്‍ മോള്‍ക്ക്‌ പാടിക്കൊടുത്തപ്പോള്‍ അവളും അതെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഉത്തരത്തിനായി നെറ്റ് മുഴുവനും ,യു ട്യൂബും അരിച്ചു പെറുക്കിയിട്ടും ഒന്നും കിട്ടിയില്ല.



ഇത്ര നേരത്തെ സ്മൃതി നാശം സംഭവിക്കാന്‍ തക്ക കാരണം അന്വേഷിച്ച് ഡോക്ടര്‍മാര്‍ വലഞ്ഞു. മരുന്നില്ലാത്ത അസുഖമാണ് അതെന്ന് അറിയാതെ അച്ഛയെയും കൊണ്ട് ഒരു ഹോസ്പിറ്റലില് നിന്ന് മറ്റൊരു ഹോസ്പിറ്റലിലേയ്ക്കുള്ള സഞ്ചാരം ഒടുവില്‍ അവസാനിച്ചത്‌ മദ്രാസിലെ അപ്പോളോ ഹോസ്പിറ്റലില്‍ ആണ്.അവിടത്തെ പ്രശസ്തനായ ഡോക്ടര്‍ രാമമൂര്‍ത്തി ഒരു പരീക്ഷണമെന്ന നിലയില്‍ അച്ഛയുടെ ബ്രെയിന്‍ സര്‍ജറി ചെയ്തു. വീട്ടിലെത്തിയതിനുശേഷം അധികം താമസിയാതെ തലച്ചോറില്‍ ഇന്‍ഫെക്ഷന്‍ ആകുകയും തുടര്‍ന്ന് ശയ്യാവലംബിയായി മാസങ്ങള്‍ക്കുള്ളില്‍ അച്ഛയും,അച്ഛയുടെ നിസ്സഹായതയും ഞങ്ങള്‍ക്ക് ഓര്‍മ്മ മാത്രമാകുകയും ചെയ്തു. അതിനും എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ക്ക് തന്നെ അച്ഛയുടെ അസുഖം അൽഷിമേഴ്സ്ആണെന്ന് അറിവ് കിട്ടിയത് !!! ചിന്തിക്കാനുള്ള ശേഷി മനുഷ്യനുമാത്രം കൊടുത്ത ദൈവം ചിലപ്പോഴൊക്കെ മാറി നിന്ന് അതിലും ചില സൂത്രപ്പണികള്‍ ഒപ്പിക്കുന്നു.




എന്‍റെ ഓരോ കൊച്ചു മറവിയും എന്‍റെ മനസ്സിന്‍റെ ഭാരം കൂട്ടി. അത് ഏതൊരാള്‍ക്കും എപ്പോഴും സംഭവിക്കാവുന്ന ഒരു ജീവിതക്രമം മാത്രമാണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ഒരു ദിവസം കൃത്യസമയത്ത് സ്കൂളിലെത്തിയ ഞാന്‍ അറ്റന്‍ഡന്‍സ് പഞ്ച് ചെയ്യാനായി പഞ്ചിംഗ് മെഷീനിന്റെ മുന്നില്‍ നിന്നതോര്‍മ്മയുണ്ട്‌.കൂടെ നിന്നവരോട് വായ്‌ തോരാതെ സംസാരിച്ച് പഞ്ച് ചെയ്യാതെ ക്ലാസ്സിലേയ്ക്ക് പോയി. പിറ്റേന്ന് അതറിഞ്ഞപ്പോള്‍ 'ഞാനെങ്ങനെ അത് മറന്നു' എന്നോര്‍ത്ത് കണ്ണ് നിറഞ്ഞു. അടുക്കളയിലെ പാചകത്തിനിടയില്‍ എന്തോ എടുക്കാന്‍ ഫ്രിഡ്ജ്‌ തുറന്ന് നിന്നു. എന്തിനു തുറന്നു? എന്തെടുക്കാനാ വന്നത്? ഹോ! എന്‍റെ നശിച്ച മറവി!! സ്വയം പ്രാകിക്കൊണ്ട്‌ തിരിച്ച് അടുക്കളയില്‍ ചെന്നപ്പോഴാണ് ഓ! കറിവേപ്പില എടുക്കാനാണ് ഫ്രിഡ്ജ്‌നടുത്തെയ്ക്ക് ഓടിയത് എന്ന് ഓര്‍മ്മ വന്നത്.മനസ്സില്‍ കണക്കുകൂട്ടി,ഇനി ബ്രഹ്മി കഴിച്ചു നോക്കിയാലോ? പ്രയോജനം ഉണ്ടാകുമോ? ഞാന്‍ ആലോചിച്ചു വിഷമിച്ചു.





മറവിയുടെ കാര്യത്തില്‍ താന്‍ ഒരു 'മിസ്സിസ് ഫോര്‍ഗെറ്റ്ഫുള്‍നെസ്' ആണെന്ന് എന്‍റെ ഒരു കൂട്ടുകാരി അവകാശപ്പെട്ടു. വാഷിംഗ് മഷീനില്‍ വെള്ളം തുറന്നിട്ട്‌ കിടന്നുറങ്ങി. വെള്ളം നിറഞ്ഞു കവിഞ്ഞ് താഴത്തെ ഫ്ലാറ്റുകളെക്കൂടി സ്വിമ്മിംഗ് പൂള്‍ ആക്കിയതിന്റെ ക്രെഡിറ്റ്‌ അവള്‍ക്കു ഒറ്റയ്ക്ക് അവകാശപ്പെട്ടത്. മറവിയെപ്പറ്റി അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞത് ഇങ്ങനെ : "ശ്രദ്ധക്കുറവു കൊണ്ടാ അങ്ങനെ വരുന്നത്. നീ യോഗയും, ധ്യാനവും മുടങ്ങാതെ ചെയ്യൂ" .


‍ എന്‍റെ ഭയാശങ്കകള്‍ മനസ്സിലിരിക്കാതെ കൂടെ ഉള്ള ടീച്ചറായ അര്ച്ചനയോട്‌ കാര്യം പറഞ്ഞു."ചിന്തിച്ച് പെരുപ്പിച്ച് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. ഞാനിത് ഈ ആഴ്ച എത്ര ദോശ കരിച്ചു കളഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല. അലാറം വയ്ക്കാന്‍ മറന്നിട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ വേറെ. എപ്പൊ ഷോപ്പിങ്ങ്നു പോയാലും പകുതി സാധനങ്ങള്‍ വാങ്ങാന്‍ മറന്നു പോകും. ചിന്തിച്ച് തുടങ്ങിയാല്‍ എനിക്കാണ് പ്രശ്നം.ഞാന്‍ അതൊന്നും ഓര്‍ക്കാറേയില്ല. നീ മിണ്ടാതിരിക്ക്‌.ഇത് എല്ലാവര്ക്കും ഉണ്ടാകുന്നത് സ്വാഭാവികം." അവള്‍ പറഞ്ഞത് എനിക്ക് ആശ്വാസമായി.




"എന്താടീ സിക്സിന്‍റെ ടേബിള്‍ നിനക്ക് ശരിക്കും അറിയാത്തെ?" മോളോട് എന്‍റെ പുലി ശൌര്യം പുറത്തെടുത്ത് ചോദിച്ചു. "അത് ശരി! അപ്പൊ,അമ്മയ്ക്ക് മാത്രേ മറക്കാന്‍ പാടുള്ളോ. ഞാന്‍ പഠിച്ചതാ. പക്ഷെ,മറന്നു പോയി".അവളുടെ കൂളായ മറുപടി എന്നെ എലിയാക്കി മാറ്റി. "മറവി" എന്നത് സര്‍വ്വലോകര്‍ക്കും അവകാശപ്പെട്ടതാണെന്ന തത്ത്വം അവള്‍ വളരെ ലളിതായി എന്നെ പഠിപ്പിച്ചു. എന്‍റെ മോളും,പ്രിയതമനും എന്‍റെ "മറവിപ്പരാതി"കളെ തമാശയാക്കിമാറ്റി എന്‍റെ ഓര്‍മ്മയെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റുന്നു. മറക്കാതെ ചെയ്യാനുള്ളതെന്തെങ്കിലും ഓര്‍മ്മപ്പെടുത്താനുള്ള ചെറുകുറിപ്പുകള്‍ എന്‍റെ കൈപ്പത്തിയ്ക്ക് മുകളില്‍ ചുവന്ന മഷി കൊണ്ടെഴുതുന്ന ശീലം കണ്ട് "സ്മിത മാഡം ഗജിനിയാവണ്ട. മാഡം ഒന്നും മറക്കാറെയില്ല " എന്ന് എന്‍റെ ശിഷ്യഗണങ്ങള്‍ എന്‍റെ ആകുലതകള്‍ മയപ്പെടുത്തുന്നു. എന്നെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞ കുശുമ്പും, കുന്നായ്മയും, കുത്തുവാക്കുകളും ഒന്നും ഒരിയ്ക്കലും മറന്നു പോകാത്തതു കൊണ്ട് പേടിക്കേണ്ടതില്ല എന്ന് എന്‍റെ ഭര്‍ത്താവ് എനിയ്ക്ക് ധൈര്യം തരുന്നു. കൌമാരത്തില്‍ എനിക്ക് കിട്ടിയ പ്രേമലേഖനങ്ങളിലെ വരികള്‍ ഇത്ര തെളിമയോടെ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് മൂപ്പരെന്നെ ഓര്‍മ്മിപ്പിക്കുന്നു.




എന്നെ വിവാഹം കഴിക്കാനിരുന്ന നാളുകളില്‍ എന്‍റെ ഭര്‍ത്താവിനോട് അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കളിലാരോ ഒരാള്‍ അടക്കം പറഞ്ഞു - മറവിരോഗം വന്നാണ് ആ കുട്ടീടെ അച്ഛന്‍ മരിച്ചത്. ഈ കാരണം പറഞ്ഞു, മൂപ്പരന്ന് ഈ വിവാഹത്തില്‍ നിന്നു പിന്മാറിയിരുന്നെങ്കില്‍ എന്നെ ഒരിയ്ക്കലും കുറ്റപ്പെടുത്താതെ ഞാന്‍ ഗ്യാസ് ഓഫ് ചെയ്തോ,അയേണ്‍ ബോക്സ് ഓണ്‍ അല്ലല്ലോ എന്നൊക്കെ ഞാനറിയാതെ ചെന്ന് ഉറപ്പുവരുത്താനും,നിനക്ക് ഞാനില്ലേ എന്ന് കൂടെക്കൂടെ പറയാനും വേറെ ആരുണ്ടാകുമായിരുന്നു? മറവിയെന്നത് ശാപമല്ല, അനുഗ്രഹമാണെന്ന് ഞാന്‍ മനസ്സിനെപ്പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

62 comments:

smitha adharsh said...

ഇടയ്ക്കെങ്കിലും ഓരോ പോസ്റ്റ്‌..ഈയ്യിടെ അതൊരു സ്വപ്നമാണ്.. ഇടയ്ക്കെങ്കിലും ഒരു സ്വപ്ന സാക്ഷാത്കാരം. ബൂലോകത്തിലെ പുതുമുഖങ്ങള്‍ എല്ലാവരും അപരിചിതര്‍..എങ്കിലും ഇടയ്ക്കൊരു സാന്നിധ്യം അറിയിക്കാന്‍..ഞാനും പോസ്റ്റുന്നു..

എന്‍റെ ഓര്‍മ്മകള്‍..

അനില്‍@ബ്ലോഗ് // anil said...

സ്മിതാ,
അഛന്റെ ചിത്രം വല്ലാതെ വിഷമിപ്പിക്കുന്നു.
എന്നിരുന്നാലും സ്വയം വേവലാതി കൂട്ടണ്ട. മറവി എല്ലാർക്കു ഉണ്ടാവുന്ന ഒന്നാണു. മറന്നു പോവാതിരിക്കാൻ ഒരോ കാര്യവും പോക്കറ്റ് ബുക്കിൽ കുറിച്ചിട്ടാണു ഞ്ഞാൻ ജീവിക്കുന്നത്. അതങ്ങിനെ കിടക്കും.
ഇടക്ക് ഇങ്ങനെ കാണാൻ പറ്റുന്നതിൽ സന്തോഷം.

രമേശ്‌ അരൂര്‍ said...

വല്ലപ്പോഴും പോസ്റ്റിടുന്നത് മറവി കൊണ്ടല്ലല്ലോ അല്ലെ :)
ബൂലോകം ഒരു സെറ്റ്‌ പോകുമ്പോള്‍ അടുത്ത സെറ്റ്‌ ഉണ്ടാകുന്നു ..എല്ലാവരും മുന്നോട്ടു ,,
ഇടയ്ക്ക് ഇടയ്ക്ക് എന്തെങ്കിലും കുറിച്ചാല്‍ കൊച്ചു കൊച്ചു വിശേഷങ്ങള്‍ ചുരുക്കി എഴുതാം :)

Anonymous said...

തന്മയത്തോടെ അവതരിപ്പിച്ചിരിയ്ക്കുന്നു സ്മിതേച്ചി ഈ കഥ. ഇത്തരത്തിലുള്ള മറവികള്‍ പലരുടേയും ദൈനംദിന ജീവിതത്തിലുണ്ടാകുന്നതാണ്.. ഡോറഡച്ച് കീ പോക്കറ്റിലിട്ടതിനുശേഷം പകുതി നടന്നതിനുശേഷം വാതിലടയ്ക്കാന്‍ മറന്നോ എന്ന് മനസ്സില്‍ ഒരുപാട് കാല്‍ക്കുലേഷന്‍സ് നടത്തി വീണ്ടും വീട്ടില്‍ വന്ന് കണ്‍ഫോം ചെയ്യാറുണ്ട് ഞാന്‍.. അതുപോലെ തന്നെ കഴുത്തില്‍ ഐഡന്റി കാര്‍ഡിട്ട് അതു വീണ്ടും പോക്കറ്റില്‍ തപ്പുന്ന പരിപാടി.. ഇങ്ങനെ സംഭവിയ്ക്കുന്നതിനുള്ള ഉത്തരം എനിയ്ക്ക് തന്നെ അറിയാം.. ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം ആലോചിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നതാണ് അല്ലാതെ അള്‍ഷിമേഷ്യസോ, ഷോര്‍ട്ട് ടേം മെമ്മറി ലോസ്സോ പിന്നെ ഇന്നലെയില്‍ ശോഭന പരിചയപ്പെടുത്തിയ ഇന്നസെന്റിന്റെ അമേഷ്യം ഒന്നുമല്ല.. ഇറ്റ് സ് ക്വയറ്റ് നാച്ച്വറല്‍..

അടുത്ത വീക്കില്‍ നാട്ടില്‍ വരികയാണെന്ന് ഞാനറിഞ്ഞു.. ഇപ്രാവശ്യം നാട്ടില്‍ വന്ന് എന്നെ വിളിയ്ക്കാതെ അമേഷ്യവും, അള്‍ഷ്യമേഷ്യസും, ഷോര്‍ട്ട് ടേം മെമ്മറി ലോസ്സൊക്കെയാണെന്ന് പറഞ്ഞാല്‍ ആ കാല് ഞാന്‍ തല്ലിയൊടിയ്ക്കും.. പറഞ്ഞേക്കാം..

എന്തായാലും ഇവിടെ ഒരു ബ്ലോഗിട്ടപ്പോള്‍ മറക്കാതെ അറിയിച്ചല്ലോ.. ഒത്തിരി സന്തോഷം തോന്നുന്നു...

എല്ലാ നന്മകളും നേരുന്നു.. സ്മിതേച്ചിയ്ക്കും, ആദര്‍ശേട്ടനും പിന്നെ നന്ദുമോള്‍ക്കും..

സ്നേഹത്തോടെ.. അനില്‍.

ശ്രീനാഥന്‍ said...

ഇത്ര കൃത്യമായി അച്ഛന്റെ അത്ഷിമേർസ് വിശദാംശങ്ങൾ ഓർക്കുന്ന ഒരാൾക്ക് അതില്ലെന്ന് ഉറപ്പിക്കാം. പിന്നെ മറവി മനസ്സിന്റെ ഒരാവശ്യം കൂടിയാണല്ലോ. അപ്പോ മാഡം, കഥ വളരെ നന്നായി. ഇനി ഇടയ്ക്കിടക്ക് പോസ്റ്റിടാൻ മറക്കണ്ട, ചിതലു കേറണ്ട ബ്ലോഗിൽ.

Vp Ahmed said...

തന്മാത്ര (കമന്റ് കോളത്തില്‍ വന്നപ്പോള്‍ ഫിലിമിന്റെ പേര്‍ കിട്ടാന്‍ വേണ്ടി തിരിച്ചു പോസ്റ്റിലേക്ക് പോയി വന്നതാ.) പൂര്‍ണമായി കാണാന്‍ മനസ്സ്‌ അനുവദിച്ചിരുന്നില്ല. അതൊരു അസ്വസ്ഥമാക്കുന്ന പടമായത് കൊണ്ട്. പുറത്തു പോകുമ്പോള്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ഒരു കുറിപ്പാക്കി പോക്കറ്റില്‍ സൂക്ഷിക്കുന്ന ഞാന്‍ കുറിപ്പ് നോക്കാന്‍ മറക്കുക പതിവാക്കിയിരിക്കുന്നു. സ്മിത ഇതിലൊക്കെ ഭേദമാ. എഴുത്ത് വളരെ നന്നായി. വായിക്കുന്നവര്‍ക്കൊക്കെ സ്വയം അല്പമൊന്നു സമാധാനിക്കുകയും ചെയ്യാം, ഈ അവസ്ഥ വളരെ നോര്‍മല്‍ ആണെന്ന്.

shajkumar said...

ആശംസകള്‍.

Panchamipavithran said...

വെക്കേഷന്‍ തുടങ്ങി അല്ലെ? വീണ്ടും പോസ്റ്റ്‌ കണ്ടപ്പോള്‍ മനസ്സിലായി.പോസ്റ്റ്‌ കലക്കി കേട്ടോ. കുന്നു സ്മിതയുടെ അനുഭവങ്ങള്‍ വായിച്ചപ്പോള്‍ വിഷമമായി. ഇപ്പോഴത്തെ മറവി വിശേഷഗല്‍ വായിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് സന്തോഷം തോന്നി. എനിക്കെന്തോ പ്രശ്നം ഉണ്ടെന്നു ഇന്നലെക്കൂടി വിചാരിച്ചതെ ഉള്ളൂ. ചെക്ക്‌ ബുക്ക്‌ എടുക്കാതെ ബാങ്കില്‍ പോകുന്നത് പതിവാണ്.അതും ഒരു ഞായറാഴ്ച.സെക്യൂരിട്ടിക്കാരന്‍ കണ്ണുരുട്ടി ഞാന്‍ ഏതോ ബാങ്ക് കൊള്ളയ്ക്ക് പോയ മട്ടില്‍ എന്നെ വിരട്ടി.മറ്റൊരിയ്ക്കല്‍ മീന്‍ വാങ്ങി വീട്ടില്‍കയറി സുഖമായി ഇരുന്നു ടി.വി. കണ്ടു.അയാള്‍ക്ക് പൈസ കൊടുക്കാതതുകൊണ്ട് ചേച്ചിയെ..എന്നും വിളിച്ചു കൂവലോട് കൂവല്‍. പൈസ കൊടുക്കാത്ത കാര്യം നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞു.ആകെ നാണക്കേടായി.അതുപോലെ,ഏതെങ്കിലും ഒരു ചാനല്‍ കാണാനിരുന്നാല്‍ ഇടയ്ക്ക് പരസ്യം വരുമ്പോള്‍ വേറെ ചാനല്‍ വയ്ക്കും.പിന്നീട് പഴയ ചാനലിലേയ്ക്ക് തിരിച്ചു പോകാന്‍ മറക്കും.അത് മനസ്സിലാകുമ്പോ തൊട്ടു ആകെ ഒരു വല്ലായ്മയാണ്.എന്റെ ഓര്‍മ്മയ്ക്കെന്തോ പ്രശ്നം ഉണ്ടെന്ന്.അടുക്കളയിലെ കാര്യം പറയാതിരിക്കുകയ ഭേദം. എന്തെങ്കിലും വയ്ക്കാന്‍ തുടങ്ങുമ്പോഴാകും പകുതി സാധനഗല്‍ തീര്ന്നുപോയിട്ടുന്ടെന്നു ഓര്‍മ്മ വരുന്നത്.അപ്പൊ,വല്ലാത്ത ടെന്‍ഷന്‍ ഒന്നും വേണ്ട.എല്ലാവര്ക്കു ഉള്ള ചില്ലറ പ്രശ്നങ്ങളെ നിനക്കും ഉള്ളൂ.പതിവുപോലെ പോസ്റ്റ്‌ നന്നായി.ഇതുപോലെ ആറുമാസം കൂടുംപോഴല്ലാതെ ഇടയ്ക്കൊക്കെ പോസ്റ്റ്‌ ചെയ്തൂടെ? ഇടയ്ക്കൊക്കെ ഇവിടെ വന്നു നോക്കാറുണ്ട്.അടുത്ത പോസ്റ്റ്‌ ഉടന്‍ ഉണ്ടാകും എന്നാ പ്രതീക്ഷയോടെ.

Sreedevi .M. Menon said...

സ്മിത..
വല്ലാത്തൊരു പോസ്റ്റ്‌ തന്നെ.. മനസ്സിന്റെ ഏതൊക്കെയോ കോണുകളില്‍ മെല്ലെ തൊട്ടു കൊണ്ട് ഒരു പോസ്റ്റ്‌..
അച്ഛന്റെ കഥകള്‍ കണ്ണുന നനയിച്ചു.. തന്മാത്ര എന്ന സിനിമ വെറും ഒരു സിനിമ അല്ല എന്ന സത്യം തിരിച്ചറിഞ്ഞു..
പിന്നെ മറവി.. കുറെ മരവിക്കാരെ കൂട്ട് കിട്ടി.. ഷോപ്പിങ്ങ്നു പോയാല്‍ ഞാന്‍ എന്നും ഏറ്റവും അത്യാവശ്യമുള്ളതു മറക്കും..
എന്നിട്ട് പിറ്റേന്ന് അതു വാങ്ങാന്‍ വീണ്ടും പോകും.. എന്നിട്ട് അതു മറക്കും.. ഫ്രിഡ്ജ്‌ തുറന്നു പിടിച്ചു ഞാനും നില്‍ക്കാറുണ്ട്. കരിവേപ്പിലയോ പച്ചമുളകോ എടുക്കണമെങ്കില്‍ ഫ്രിഡ്ജ്‌ വീണ്ടും തുറക്കണം.. കാരണം മറവി തന്നെ...

സ്മിത.. ഇനിയും എഴുതണം.. ഇനിയുമിനിയും എഴുതണം..

ആയിരങ്ങളിൽ ഒരുവൻ said...

പ്രവാസികളായ ഒരുപാട് പേർക്ക് ഇത്തരം മറവി സാധാരണയാ.. അതുകൊണ്ട് വേവലാതിപ്പെടണ്ട.. തുടർന്നും എഴുതുക.. ആശംസകൾ..

Manoraj said...

വളരെ ആകാംഷയോടെയാണ്‌ സ്മിതയുടെ പോസ്റ്റ് വായിക്കുവാന്‍ എത്തിയത്. കുറേ നാളുകള്‍ക്ക് ശേഷം ഒരു പോസ്റ്റ്. പക്ഷെ.. സ്മിത.. വേദനിപ്പിച്ചു കളഞ്ഞു. ആ അച്ഛന്റെ രൂപം മനസ്സില്‍ നിന്നും മായുന്നില്ല. വെറും മൂന്നോ നാലോ ദിവസങ്ങളേ ഹോസ്പിറ്റല്‍ മുറിയില്‍ മറവിയുമായി എന്റെ അച്ഛന്‍ കിടന്നുള്ളൂ. അതും ജീവിതത്തിന്റെ അവസാന മൂന്ന് നാലു ദിവസങ്ങള്‍. മരുന്നുകളുള്‍ ശരീരത്തോട് റിയാക്റ്റ് ചെയ്യാത്തതിന്റെ കുഴപ്പം കൊണ്ട് മാത്രം.. പക്ഷെ ആ മൂന്ന് ദിവസങ്ങള്‍ അച്ഛന്റെ അരികില്‍ പത്ത് നിമിഷം മാത്രമെങ്കില്‍ പോലും പിടിച്ചു നില്‍ക്കാന്‍ ഞാന്‍ പാടുപെട്ടിട്ടുണ്ട്. ഇവിടെയൊക്കെ ആരാ തീയിട്ടത്.. നീയാ മണ്ണെണ്ണ ഇങ്ങോട്ടെടുത്തേ ദേ ഇവിടെ മുഴുവന്‍ ഉറുമ്പാണ്‌.. എന്നൊക്കെ പറഞ്ഞ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ കിടന്ന അച്ഛന്റെ മുഖം വീണ്ടും മനസ്സില്‍ തികട്ടി വന്നു സ്മിത... അതിനേക്കാളുപരി മറ്റൊന്ന്.. മറവിയെന്ന നൂലാമായയില്‍ വെറുതെ ടെന്‍ഷന്‍ അടിക്കാതെ ടീച്ചറേ.. ആ പിള്ളാര്‍ക്ക് നല്ല നാലക്ഷരം പറഞ്ഞ് കൊട് :) മറവിയുടെ പേരിലെങ്കിലും ഒരു പോസ്റ്റിടാന്‍ ഓര്‍ത്തല്ലോ.. സന്തോഷം. :)

കുസുമം ആര്‍ പുന്നപ്ര said...

സ്മിതാ..ഞാനിവിടെ ആദ്യമായാണ്. ഒന്നാമത്.മെയിലുകിട്ടിയാല്‍ മാത്രം പോസ്റ്റു വായിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. അതുകൊണ്ട് എനിയ്ക്ക് മെയിലയക്കുകയാണെങ്കില്‍ ഞാന്‍ വന്നു വായിക്കാം. പിന്നെ ഈ മറവിയുടെ കാര്യം എല്ലാവര്‍ക്കുമുള്ളതാണ്. അതിന് പാരമ്പര്യവുമായി കൂട്ടിക്കുഴയ്ക്കേണ്ട. ഒക്കത്തു കൊച്ചിനെയും വെച്ചോണ്ട് കൊച്ചിനെക്കണ്ടില്ലെന്നു പറഞ്ഞ് തൊട്ടടുത്തു താമസിയ്ക്കുന്ന അമ്മയുടെ അടുക്കല്‍
കരഞ്ഞുംകൊണ്ട് കുട്ടിയെ കാണാനില്ലായെന്നു പറഞ്ഞ് ചെന്നപ്പോള്‍ നിന്‍റ ഒക്കത്തിരിക്കുന്നതെന്താണെന്നു ചോദിച്ച രസകരമായ ഒരു മറവി ഇപ്പോഴും പുള്ളിക്കാരിയെ കാണുമ്പോള്‍ ഞങ്ങളയവിറക്കി ചിരിയ്ക്കാറുണ്ട്. ഇപ്പോളാചേച്ചിക്ക് 65നോടടുത്തപ്രായം. ഒരു അള്‍ഷിമേഴ്സും ഇല്ല. അതുകൊണ്ട് വല്ലപ്പോഴുമൊക്കെ പോസ്റ്റുകളിടുക. ഇതേപോലെയുള്ള പഴയകാര്യങ്ങളൊക്കെ ഓര്‍മ്മിക്കുക. എല്ലാം ഒരാളിന് വിട്ടുകൊടുത്തുകൊണ്ട് മുന്നോട്ടുപോകുക. ഒരു പായ്ക്കപ്പലിനെ കൊണ്ടുപോകുന്നതുപോലെ നമ്മളെ കൊണ്ടുപോകട്ടെ ആ സര്‍വ്വേശ്വരന്‍!!!

BaijuKT said...

hello thanmathra kandappol sankadam vannu, lalinte abhinayam ugran ayirunnu...real lifil ingane undakunnath apoorvam anu....ur narration has the ability to touch human minds...may be because it is pure realistic literature which is based on a real life experience...really hope to read more............

Pranavam Ravikumar said...

നല്ലൊരു പോസ്റ്റ്‌.. ഇടയ്ക്ക് വീണ്ടും വരാം.. ആശംസകള്‍

G.MANU said...

good post

the man to walk with said...

ഓര്‍മകളും ഓര്‍മകളുടെ വേദനയും
മറവിയും ..
മറവിയുടെ വേദനയും ..
ആശംസകള്‍

മുകിൽ said...

മനസ്സില്‍ പലതരം ആവലാതികളുണ്ടെങ്കില്‍ തുരുതുരെ മറക്കും. ഉപ്പിനു പകരം പഞ്ചാര.പാലിനു പകരം മോര്. അല്ലെങ്കിലും മറക്കും. ഓടിച്ചെന്നു അലമാര തുറന്നിട്ടു അവിടെ നില്‍പ്പാണ്.എന്തിനാ വന്നതെന്നു ഓര്‍മ്മ വരണ്ടെ!
ഇതൊക്കെ സ്വാഭാവികം എന്നുതന്നെ ഞാനും കരുതുന്നു. എല്ലാവരും ഇത്തരം കാര്യങ്ങള്‍ പറയുന്നതു കേള്‍ക്കാം. അതുകൊണ്ടു ആവലാതിയില്ല.

പഞ്ചാരകുട്ടന്‍ -malarvadiclub said...

ആദത്തെ സൃഷ്ടിച്ചുടൻ ഏദനിലാക്കി ദൈവം
ഏകനായ് ഇരിക്കാതെ സ്ത്രീവേണം കൂട്ടവനു്
നിദ്രയിലാദത്തിന്റെ അസ്ഥിയിലൊന്നെടുത്തു്
സ്ത്രീയാക്കി ചമച്ചവൻ ഹവ്വായെന്നു പേരുമിട്ടു
തോട്ടം സൂക്ഷിപ്പാനും കായ്‌കനികൾ ഭക്ഷിപ്പാനും
തോട്ടത്തിൻ നടുവിലവരെ കാവലുമാക്കിയ ദൈവം
തോട്ടത്തിൻ നടുവിൽ നിൽക്കും വൃക്ഷത്തിൻ ഫലം നിങ്ങൾ
തിന്നുന്ന നാളിൽ മരിക്കും നിശ്ചയം തന്നെ
ആദത്തെ വഞ്ചിപ്പാനായ് സാത്താനൊരു സൂത്രമെടുത്തു
സർപ്പത്തിൻ വായിൽ കയറി സാത്താൻ വശവുമായി
തോട്ടത്തിൻ നടുവിൽ നിൽക്കും വൃക്ഷത്തിൻ ഫലം നിങ്ങൾ
തിന്നുന്നനാളിൽ കണ്ണുതുറക്കുംനിങ്ങൾ
കണ്ണുതുറക്കും നിങ്ങൾ ദൈവത്തെ പോലെയാകും
നേരെന്നു വിശ്വസിച്ചു പഴംനാലവൾ പറിച്ചു
രണ്ടെണ്ണം തിന്നുവേഗം കൊണ്ടെ കൊടുത്തവന്
തിന്നപ്പോൾ ഇരുവരും നഗ്നരായ് ചമഞ്ഞല്ലോ
ആദത്തെ വിളിച്ചപ്പോൾ ഏദനിൽ കാണ്മാനില്ല
ഇതിനോ ആദമേ നിന്നെഞാൻ തോട്ടത്തിലാക്കി*
തോട്ടത്തിൽ നിന്നുമവരെ ആട്ടിവെളിയിലാക്കി


ഇത് നമ്മുടെ പഴയ പരിചമുട്ടുകളിയില്‍ പാടുന്ന പാട്ടാ .
ഞങ്ങളുടെ ഒക്കെ കാരണവന്‍മാര്‍ സാധാരണ വെള്ളമടിച്ച് കഴിയുമ്പോള്‍ പാടുന്നതാ ഇത്

Unknown said...

സമ്മിശ്രവികാരങ്ങള്‍ എന്ന പദപ്രയോഗം ഒരുപക്ഷെ അത്ര ശ്രദ്ധേയമല്ലെന്നാണെന്ന് തോന്നുന്നു.

അതേ വാക്ക് ഈ പോസ്റ്റിനെപ്പറ്റി ഞാനുപയൊഗിക്കുന്നത് ആദ്യം പറഞ്ഞ അര്‍ത്ഥത്തിലല്ല. പലയിടങ്ങളിലും സങ്കടം, വ്യാകുലത, ചിലയിടത്ത് രസകരമായ് തോന്നുന്നു-അവിടെയും വേദനയുടെ പൂക്കള്‍ വിടരുന്നുവെങ്കിലും.., ആകാംക്ഷ.., അങ്ങനെ ഒരുപാട് വികാരങ്ങള്‍..

ഇഷ്ടമായി ഈ എഴുത്തും. എന്ന് വെച്ചാല്‍ നമ്മള് പഴയ ആള്‍ തന്നെയെന്ന്, മുഖമൊന്നൊളിപ്പിച്ചൂ :)

അല്ലേലും 'ചിദംബരസ്മരണ' ഒരു ലഹരി തന്നെയായിരുന്നു, ഒറ്റയിരിപ്പിനാ വായിച്ച് തീര്‍ത്തതേയ്.. ഓര്‍മ്മപ്പടുത്തലിനു സന്തോഷം.

നാമൂസ് said...

ടീച്ചര്‍ക്ക് കാര്യമായ മറവിയൊന്നുമില്ല. ഇത് എന്‍റെ അഭിപ്രായം. കാരണം, കൃത്യം ഏഴു മാസം തികയുന്ന അന്നേക്ക് തന്നെ ഇവിടെ ഇങ്ങനെ ഒരെണ്ണം പതിക്കാന്‍ ഓര്‍ത്തുവല്ലോ..!!!!! അപ്പോള്‍, പൂര്‍ണ്ണമായും മറവിക്ക് ജയിക്കാന്‍ സാധിച്ചില്ലെന്നു സാരം.
പിന്നെ, മറവിയെ ജയിക്കുന്ന ഓര്‍മ്മകളാണ് നമ്മെ ജീവിപ്പിക്കുന്നതത്രേ..!!!

എഴുത്തിലെ കാര്യങ്ങള്‍.... അതത്രയും സ്നേഹമായി മനസ്സിലാക്കുന്നു.
ആശംസകള്‍.

Preetha Nair said...

Niceooo :) Keep Writing Smiths :)

Anonymous said...

nannayi ezhuthi-

Valare ishtamayi.
Murali Nair,
Dubai

പ്രിയ കിരണ്‍ said...

സ്മിതയുടെ പോസ്റ്റുകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്....കുറെ നാളായി എഴുതാതിന്റെ കുറവ് ഭാഷയില്‍ ഇല്ല, പകരം ഭംഗി കൂടിയിരിക്കുന്നു...വായിച്ചപ്പോള്‍ അനുഭവിച്ച ആത്മാര്‍ത്ഥതയില്‍ എഴുതുമ്പോള്‍ സ്മിത കരഞ്ഞിരിക്കാമെന്ന് തോന്നി......പിന്നെ, ഭര്‍ത്താവ് പറഞ്ഞില്ലേ കുശുമ്പും കുത്തുവാക്കും ഒര്തിരിക്കുന്നിടത്തോളം മറവിയെ പേടിക്കന്ടെന്നു? വളരെ സത്യം..ആ സമ്പാദ്യത്തിലേക്ക് ചെറിയ ചില സംഭാവനകള്‍ തരാന്‍ അടുത്ത ആഴ്ച ഞാന്‍ വിളിക്കുന്നുണ്ട്..( ഈ സംഭാവന എന്ന വാക്ക് ഓര്‍ത്തെടുക്കാന്‍ എത്ര നേരം എടുത്തെന്നോ? എന്റെ ആവലാതികള്‍ എണ്ണിപ്പറഞ്ഞു ഒരു പോസ്റ്റ്‌ ഇടണമെന്ന് വെച്ചിട്ട് അതും കാലങ്ങളായി മറന്നു പോവുന്നു..)

Jidhu Jose said...

ചിലപ്പോഴെല്ലാം മറവി ഒരു അനുഗ്രഹമാകുന്നുണ്ടല്ലോ. പിന്നെ മറവിയെ മറക്കാന്‍ ശ്രമിക്കുക

Unknown said...

സ്മിത,
ഈ പോസ്റ്റിലുടനീളം ഒരു കണ്ണീരിന്‍റെ നനവ്‌ ഞാന്‍ കാണുന്നു.
അങ്ങനെയല്ലാതെ ഒരു മകള്‍ക്കും ഇങ്ങനെയോന്നെഴുതാന്‍ കഴിയില്ലെന്നുറപ്പ്..!
മറവിയെ കുറിച്ച് ഭയം വേണ്ട.
ഡയറിയും തുണ്ട് കടലാസുകളും നിറഞ്ഞൊരു ജീവിതമാണെന്റെത്.
സര്‍വ്വം മറവി മയം..ഗൌരവമേറിയ ചില മറവികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുന്ടാക്കിയിട്ടുണ്ട്.ശകാരവര്‍ഷത്തില്‍ നനഞ്ഞു നില്‍ക്കെണ്ടിയും വന്നിട്ടുണ്ട്.
ഒക്കത്ത് വെച്ച കുട്ടിയെ മറന്നു തിരഞ്ഞു നടന്നത് ഒരു ചെരുപ്പ് കടയില്‍ വെച്ച്.ബ്ലോഗില്‍ എവിടെയോ ഞാനതെഴുതിയിട്ടുണ്ടെന്നു തോന്നുന്നു.
അഞ്ചു വര്‍ഷമായി ഞാന്‍ കൊണ്ട് നടക്കുന്ന ഈ മറവി കേള്‍ക്കുന്നവര്‍ക്ക് വെറും തമാശ.ഞാനും ഇപ്പോള്‍
മറവിയെ മറന്നു ജീവിക്കാന്‍ പഠിച്ചു.

Typist | എഴുത്തുകാരി said...

സ്മിതാ ഒരുപാട് നാളായല്ലോ കണ്ടിട്ട്. ഇതൊന്നും ഒരു മറവിയേയല്ല. ഇവിടെ കരിയാത്ത ഒരൊറ്റ പാത്രമില്ല. വെള്ളം തിളപ്പിക്കാൻ വച്ചിട്ട് മറന്നുപോയിട്ട്. അതുപോലെ എത്രയെത്ര കാര്യങ്ങൾ. എല്ലാവർക്കും ഉണ്ടാവുന്നതു തന്നെ.

Typist | എഴുത്തുകാരി said...

തന്മാത്ര കാണാൻ വിഷമിച്ചു എന്നു പറഞ്ഞതുപോലെ, ഞാനും മോളും ട്രാഫിക് കാണാൻ പോയിട്ട് കാണാൻ കഴിയാതെ ഇറങ്ങിപ്പോന്നു.

വീകെ said...

സ്മിതേച്ചി..
ഈ കമന്റുകളൊക്കെ വായിച്ചപ്പോൾ മനസ്സിലായില്ലേ... ചേച്ചിയുടെത് മറവിയേ അല്ലെന്ന്..
ഇത് എല്ലാവർക്കും ഉള്ളതാണെന്ന് ഇപ്പൊഴാ എനിക്കും മനസ്സിലായത്. കാരണം ഇന്നലെ രാത്രിയിൽ കഞ്ഞി കുടിക്കാൻ ഞാനും മറന്നു പോയി. ഈ ബ്ലോഗിൽ കയറിയാൽ പിന്നെ എല്ലാം മറക്കും...!!

നികു കേച്ചേരി said...

അങ്ങിനെ മറന്ന് മറന്ന്....നമ്മളും മറവിയിലേക്ക് മറക്കപെടുന്നു...
:))

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇതിപ്പോ കണ്ടപ്പോഴാ ഓര്‍ത്തത് ഞാന്‍ മുന്‍പ് വായിക്കാന്‍ വേണ്ടി തുറന്നു വച്ച് പിന്നെ വായിക്കാന്‍ മറന്നുപോയ പോസ്റ്റ്‌ ആണ് എന്ന് .

മാനം മര്യാദക്ക് നടന്നിരുന്ന പല മലയാളികളെയും സംശയരോഗികള്‍ ആക്കിയത് 'തന്മാത്ര'കണ്ടതിനു ശേഷമാണ് എന്ന് തോന്നിയിട്ടുണ്ട്.
അതുപോലെ ഇത് വായിച്ചപ്പോ എനിക്കും എന്നെപ്പറ്റി ഒരു സംശ്യം......
(എഴുത്ത് വളരെ നന്നായി)

രഞ്ജിത് വിശ്വം I ranji said...

ഇതിനോ ആദമേ നിനെ ഞാൻ തോട്റ്റത്തിലാക്കി എന്ന ഗാനം അട്ടീ ഏന്ന സിനിമിയിലെ ആണ് എന്നാണോർമ്മ.. ഓർമ്മയാണേ.. ശരിയാണോന്നറിയില്ല..

SUJITH KAYYUR said...

aashamsakal

kharaaksharangal.com said...

മറവിയെ വിട്ടേക്കൂ. ഓര്‍മ്മയെ പിന്തുടരാം. അപ്പോഴല്ലേ ഒരുപാട് എഴുതാന്‍ സാധിക്കുക.

smiley said...

ബാല്യം മുതല്‍ ഇതുവരെ എല്ലാം
ഒര്ത്തെടുതെങ്കില്‍
സ്മിതയുടെ ഓര്‍മ്മ അപാരം

Manoj vengola said...

വായിക്കാന്‍ വൈകി.
നന്നായി എഴുതിയിരിക്കുന്നു.
വേദനിപ്പിച്ചു.
നന്മകള്‍.

Rare Rose said...

സ്മിതേച്ചീ.,പോസ്റ്റ് മുന്നേ വന്ന് വായിച്ചിരുന്നു.പക്ഷേ എന്തോ കമന്റാന്‍ പറ്റിയില്ല.അച്ഛന്റെയോര്‍മ്മകളൊക്കെ വായിച്ച് സങ്കടായി..

പിന്നെ എല്ലാരും പറഞ്ഞ പോലെ ഇത്തരം കുഞ്ഞ്,കുഞ്ഞ് മറവികളെയൊക്കെയോര്‍ത്ത് ഒട്ടും വേവലാതിപ്പെടേണ്ട.എല്ലാര്‍ക്കുമുള്ളതാണെന്നേ ഇത്തരം മറവിപ്പരിപാടികള്‍..

എന്തെങ്കിലുമൊരു സാധനം തിരയുന്നതിനിടയില്‍,അതിന്റെ പേര് പറയാന്‍ കിട്ടാണ്ട് വരുമ്പോള്‍ “അത് കണ്ടോ?..ആ അതിന്റപ്പുറത്തെ ആ സാധനം കണ്ടോന്ന്?“ തുടങ്ങിയ പറച്ചിലുകള്‍ തൊട്ട് മറവിപുരാണങ്ങള്‍ടെ ഒരു ലിസ്റ്റ് തന്നെയുണ്ടാവും എന്റെ വീട്ടില്‍ എല്ലാരുടേം വകയായിട്ട്..സ്മിതേച്ചി അതിനെ പറ്റി കൂടുതല്‍ ബോധവതിയാവുന്നത് കൊണ്ടാണ് ഇതൊക്കെ വല്യ കാര്യമായിട്ട് തോന്നുന്നേ..

ഹാരിസ്‌ എടവന said...

ഓര്‍മ്മകള്‍ മാഞ്ഞൂപോവുന്നത് വല്ലാത്ത സങ്കടമാണു.എന്റെ അല്‍ ഷിമേഴ്സ എന്ന കവിതക്കു സ്മിത കമന്റിട്ടപ്പോള്‍ അതില്‍ അച്ചനെ സൂചിപ്പിച്ചിരുന്നു.പിന്നെ പലപ്പോഴും ചോദിക്കണമെന്നു കരുതിയിരുന്നു.തന്മാത്രയും പാര്‍വതി പവനന്റെ ഓര്‍മ്മക്കുറിപ്പായ പവനപര്‍വ്വവും വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.പല മറവിരോഗക്കാരേയും നേരിട്ടു കണ്ടിട്ടുണ്ട്.കുറിപ്പ് വായിച്ചപ്പോള്‍ ഉള്ളാലെ കരഞ്ഞിട്ടുണ്ട്...

,ഓര്‍മ്മകള്‍ക്കാണു മറവി
അസമയത്തു മുഖം കാണിച്ചു
സമയത്തു വരാന്‍ മടിച്ചു
ഓര്‍മ്മപെടുത്തരുതു
ഇനിയുമോര്‍മ്മിക്കാന്‍

മാംഗ്‌ said...

what ill wright good, beautiful, fantastic,realistic, i don't know... but full of feelings and life. after a long time i wright a comment on a blog its a reveling and remembrance, for me that i am still alive. thanks
for such a nice post

sorry no varmozi,no Malayalam font in this system

മാണിക്യം said...

ജൂലൈയില്‍ നാട്ടിലായിരുന്നു പോസ്റ്റുകള്‍ ഓരോന്നായി വായിച്ചു വരുന്നെയുള്ളു ഇന്നാണ് 'പകല്‍ കിനാവില്‍' എത്തിയത്.
മറവിയെ പറ്റി ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ ഒരന്തോം കുന്തോം ഇല്ല.
രാത്രി ഒരു അഞ്ചെട്ട് തവണ വാതില്‍ അടച്ചോന്ന് പോയി നോക്കും.
താക്കോല്‍ മറക്കുന്നത് ഒരു സ്ഥിരം ഏര്‍പ്പാടായി ഇപ്പോള്‍ കീചെയിന്‍ നീളം കൂട്ടി ബാഗില്‍ തളച്ചിട്ടു.
ഫോണ്‍ നമ്പര്‍ ഒന്നും ഓര്‍മ്മയില്ല, മക്കളുടേത് പോലും! അതുകൊണ്ട് ഫ്രിഡ്‌ജിന്റെ മുകളിലും ഹാന്‍ഡ് ബാഗിലും എഴുതി സൂക്ഷിച്ചിരിക്കുന്നു.
കടയില്‍ നിന്ന് വാങ്ങാനുള്ളത് ലിസ്റ്റ് എഴുതും പിന്നെ ലിസ്റ്റ് എടുക്കാന്‍ മറക്കും.
ഓരോ സംഗതി ചെയ്യാന്‍ നാല് തവണ എങ്കിലും ചെല്ലും എന്തിനാ അവിടെ ചെന്നത് എന്നങ്ങ് മറക്കും തിരികെ വരും.
ഇതിനെ പറ്റി ഒക്കെ ആലോചിക്കാന്‍ പോയാല്‍ പിന്നെ അതിനേ നേരം കാണൂ. അതു കൊണ്ട് വിട്ടുകള.
പിന്നെ ചെയ്യാനൊക്കുന്നത് ഇതാ ഇതുപോലെ ഒരു പോസ്റ്റ് ഇടുക അപ്പോള്‍"സീക്രട്ട്" ആയിട്ട് എത്ര പേരാ മറവി ആഘോഷിക്കുന്നത് എന്ന് അറിയാന്‍ പറ്റും.
എന്തു പ്രശ്നമായാലും പങ്കുവയ്ക്കുമ്പോള്‍ അത് ചെറുതാവുന്നു.:)

ഇതൊന്നും സാരമില്ലന്നേ!
************************
“ഇതിനോ ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി.
തോട്ടം സൂക്ഷിപ്പാനും കായ്‌കനികള്‍ ഭക്ഷിപ്പാനും...“
‘ഈനാട്‘ എന്ന മലയാള സിനിമയിലെ ഒരു പാട്ടിന്റെ ഇടയ്ക്ക് രണ്ട് വരിയായി ഉപയോഗിച്ചിട്ടുണ്ട്.

ബഷീർ said...

ബ്ലോഗിൽ വന്നിട്ട് കുറെയായി. ഈ പോസ്റ്റ് കണ്ടിരുന്നില്ല. അല്ലാതെ വായിച്ചിട്ട് മറന്നതല്ല.. :)

Arun Kumar Pillai said...

നല്ല ഫീൽ തന്ന ഒരു കുറിപ്പ്....

Vipin K Manatt (വേനൽപക്ഷി) said...

ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ്‌...

Riya Shaji said...

Smitha,

enikkariyilla, enda parayendathennu. same aanu enteyum anubhavaam. prayameri varunnathinte aavum ennu alojikkan sramikkumbolum manasinte vingal njan anubhavikkukayannu. arodengilum parayumbo sradhayillaymayanu enna marupadi enne thripthipeduthunundo ariyilla.

Riya

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഞാന്‍ ആദ്യമായാണ് ഇവിടെ ..വന്നത് എക്സ് പ്രവാസിനി വഴി

ആദ്യം എല്ലാം ഒന്ന് വായിക്കട്ടെ ...........

ബഷീർ said...

OT
ടീച്ചറേ.. ഇങ്ങിനെ ഒരു ബ്ലോഗ് സ്വന്തമായുണ്ടേന്ന് മറന്നതല്ലല്ലോ :)

വേണുഗോപാല്‍ said...

സ്മിത ... എന്റെ ബ്ലോഗ്ഗില്‍ വന്നവരുടെ പുറകെ പോവുക എന്ന ഒരു സ്വഭാവം എനിക്കുണ്ട് . അങ്ങിനെ ഇവിടെയെത്തി . പോസ്റ്റുകള്‍ മുഴുവനും വായിക്കാന്‍ കഴിഞ്ഞില്ല രണ്ടെണ്ണം വായിച്ചു . വിശദമായ കമന്റ്‌ മുഴുവനും വായിച്ചു കഴിഞ്ഞു തരാം ടോ .... ഇത് പോലുള്ള അല്‍ഷിമെര്സ് എന്നിലും അല്പം ഉണ്ട് ... ആശംസകള്‍

Lipi Ranju said...

സങ്കടായല്ലോ... പിന്നെ ആ അവസാന വരികള്‍ ഒരുപാടിഷ്ടായി... ഇതുപോലെ കെയര്‍ ചെയ്യുന്ന കുടുംബവും ശിഷ്യകളും ഒക്കെ ഉള്ളപ്പോ വെറുതെ
മറവിയെന്നും പറഞ്ഞു ഉഴപ്പല്ലേട്ടോ ടീച്ചറെ... :)

RK said...

ഒരു കാര്യം ചെയ്യാന്‍ പോയിട്ട് മറന്നു പോയാല്‍,എവിടുന്നാണോ അത് ചെയ്യാന്‍ തീരുമാനിച്ചത് അവിടെ തന്നെ പോയാല്‍ മതി ഓര്മ വരും,(സ്ഥലം അടുത്താണെങ്കില്‍ മാത്രം) എന്റെ ഒരു ചെറിയ പൊടിക്കൈ ആണ്. അനുഭവം ഗുരു :)

Unknown said...

maravi illenkil manushyarundo teacherey...
njanum maravikkarananu.teacherudey vakkukal vayichappole marvikal marakkanullathanennu thonni..
namovaham!!!!1

madhu said...

പത്ത് വരി തികച്ചെഴുതാത്ത എനിയ്ക്കൊരഭിപ്രായം എഴുതാൻ യോഗ്യതയുണ്ടോയെന്നറിയില്ല.
ഇത്രയും അടക്കവും ഒതുക്കവുമുള്ള മനസ്സിൽ തട്ടുന്ന പകൽകിനാവിനു നന്ദി.

Muzafir said...

ishtaayi !!

vayal said...

ടീച്ചറെ , വല്ലാതെ നൊമ്പരപ്പെടുതുന്നൂ ഈ കുറിപ്പുകള്‍....സഹപ്രവര്‍ത്തക പറഞ്ഞത് പോലെ മറവിയെക്കുറിച്ച് അധികം വേവലാതിപ്പെടാതിരിക്കൂ....ഒരു സ്ത്രീ ആകുന്നതോടെ അതും ഉദ്യോഗസ്ഥ കൂടിയാകുന്നതോടെ വേവലാതിയും വിഹ്വലതയും സഹജമാണ്....സ്വാഭാവികതയോടെ മനസ്സിനെ ധ്യാനാത്മകമാക്കൂ......വായനയ്ക്കും എഴുത്തിനും കുറേക്കൂടി സമയം കണ്ടെത്തൂ.....നന്മാശംസകള്‍......

Manoj vengola said...
This comment has been removed by the author.
Anonymous said...

രസായിരിക്കുന്നു...., എന്റെ പുതിയ കവിത ഒന്നു നോക്കണെ..

കൈതപ്പുഴ said...

ആശംസകള്‍.

Admin said...

കഥ ഇത്തിരി നീളം കൂടിയതുകൊണ്ട് വായിക്കാന്‍ തോന്നിയില്ല ആദ്യം.. പിന്നെ വായിച്ചു തുടങ്ങിയപ്പോളങ്ങനെ ഇരുന്നു വായിച്ചുപോയി.. നന്നായിട്ടുണ്ട് സ്മിത.. ആശംസകള്‍..

തിര said...

മറക്കണം ...ഓര്‍മ്മിക്കണം

shujahsali said...

വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net

http://i.sasneham.net/main/authorization/signUp?

mayflowers said...

അല്‍ഷിമെഴ്സിന്റെ ഭീകരത നേരില്‍ കണ്ടിട്ടുണ്ട്.കരയാനോ ചിരിക്കാനോ പറ്റാതെ വെറുങ്ങലിച്ചു നിന്ന നിമിഷങ്ങളായിരുന്നു അവ.
ഇത്തരം മറവികളെ അതുമായി ബന്ധപ്പെടുത്തണ്ട.ഫ്രിഡ്ജ് തുറന്നു വെച്ചിട്ട് എന്തിനാണെന്നാലോചിക്കല്‍ ഇവിടെയും നിത്യ സംഭവമാണ്.മോള്‍ടെ സ്കൂളിലെ മീറ്റിംഗ് വരെ മറന്ന് വേറൊരു ദിവസം മാറിപ്പോയിട്ടുണ്ട്.
പേടിക്കേണ്ട,ധൃതി പിടിച്ച ജീവിതത്തിന്റെ ഓരോ സൈഡ് effect ആണിതൊക്കെ.

കൊച്ചുമുതലാളി said...

എഴുത്തു നിര്‍ത്തിയോ ചേച്ചി.. ? എല്ലാവര്‍ക്കും സുഖമല്ലേ?

RAGHU MENON said...

അടുത്ത ബന്ധു ഈ രോഗത്തിനു അടിമാപ്പെട്ടത്‌
കണ്ടത് കൊണ്ട് ആണ് ഈ ഭീതി -
എ. അയ്യപ്പന്‍ മരണത്തെ കുറിച്ച് പറഞ്ഞ പോലെ -
നമുക്ക് വേണ്ടപ്പെട്ടവരില്‍ കൂടുതലും അങ്ങേ ലോകത്തല്ലേ
പിന്നെ അങ്ങോട്ട്‌ പോകാന്‍ എന്തിനു ഭയം - എന്നപോലെ
മറവി ഒരനുഗ്രഹം കൂടി അല്ലെ
മറക്കാനായി ആളുകള്‍
എന്തൊക്കെ ചെയ്യുന്നു !! നല്ല എഴുത്ത്

Herrin said...

തന്മാത്ര (കമന്റ് കോളത്തില്‍ വന്നപ്പോള്‍ ഫിലിമിന്റെ പേര്‍ കിട്ടാന്‍ വേണ്ടി തിരിച്ചു പോസ്റ്റിലേക്ക് പോയി വന്നതാ.) പൂര്‍ണമായി കാണാന്‍ മനസ്സ്‌ അനുവദിച്ചിരുന്നില്ല. അതൊരു അസ്വസ്ഥമാക്കുന്ന പടമായത് കൊണ്ട്. പുറത്തു പോകുമ്പോള്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ഒരു കുറിപ്പാക്കി പോക്കറ്റില്‍ സൂക്ഷിക്കുന്ന ഞാന്‍ കുറിപ്പ് നോക്കാന്‍ മറക്കുക പതിവാക്കിയിരിക്കുന്നു. സ്മിത ഇതിലൊക്കെ ഭേദമാ. എഴുത്ത് വളരെ നന്നായി. വായിക്കുന്നവര്‍ക്കൊക്കെ സ്വയം അല്പമൊന്നു സമാധാനിക്കുകയും ചെയ്യാം, ഈ അവസ്ഥ വളരെ നോര്‍മല്‍ ആണെന്ന്.